പത്തല്ലിരുപതും ഒന്നും ദിനങ്ങൾ ഞാൻ
അണ്ഡത്തിനുള്ളിൽ കഴിഞ്ഞുകൂടി
ചൂടൂള്ളൊരടിവയർ ചേർത്തുവെച്ചോരമ്മ
കാൽവിരൽ തുമ്പോട് ചേർത്തുവെച്ചൂ
കാക്കത്തൊള്ളായിരം പമ്പരം പോൽ ഞങ്ങൾ
അമ്മതൻ ചൂടും നുകർന്നു മേവി.
പെട്ടെന്നൊരു ദിനം മുട്ട പൊട്ടിച്ചു ഞാൻ
കണ്ണു തുറന്നു പുറത്തു വന്നൂ
തള്ളച്ചിറകിൻ തണലിൽ നടന്നു കൊ-
ണ്ടെത്രയോ കീടകൃമികൾ തിന്നൂ.
കാക്ക, പരുന്ത്, ഗരുഡൻ തുടങ്ങിയ
ശത്രുക്കളിൽ നിന്നും രക്ഷനേടീ.
അമ്മതൻ നോക്കെത്താ ദൂരത്തും പോയി ഞാൻ
എത്രയോ വാസരം തള്ളി നീക്കി
പിന്നെയൊരു ദിനം ഞാനിട്ട മുട്ടമേൽ
കുഞ്ഞിനെക്കിട്ടാനടയിരിക്കെ
കേട്ടു ഞാനമ്മതൻ ദീനമാം രോദനം
ദുഷ്ടനാം, മാനവൻ കത്തിവെച്ചോ?
Generated from archived content: poem1_july6_07.html Author: nn_ramankutty