ആർക്കും യാതൊരു കാരണവും കണ്ടെത്താനാകാത്ത ഒരു രാവിലെയാണ് കത്തുവണ്ടി മലവളവിൽ ബ്രേക്ക്‌ഡൗണാകുന്നത്. മഞ്ഞുമൂടുന്ന രാവിലെകളിലൊന്നിൽ തന്നെ. രാവിലെ നേരം വെളുക്കും മുമ്പേ നഗരം വിട്ട ട്രാൻസ്‌പോർട്ട് ഓർഡിനറി ബസ്…. പതുക്കെ മലവളവ് കയറി, മഞ്ഞുവെളുപ്പിനെ വകഞ്ഞുമാറ്റി കയറിക്കൊണ്ടേ ഇരുന്നു. എട്ടാമത്തെ വളവിൽ വച്ചാണ്, കൃത്യമായി പറഞ്ഞാൽ ഒരു മഹീന്ദ്ര ജീപ്പ് മുന്നിൽ ഒരു ബസു വരുന്നുണ്ടെന്ന യാതൊരു ധാരണയുമില്ലാതെ വളച്ചെടുത്തപ്പോൾ മുതൽ എന്തോ ആക്‌സിലറേറ്ററിൽ എത്ര അമർത്തിച്ചവിട്ടിയിട്ടും ബസ് മുന്നോട്ടു പോകാതെ നിന്നു കിതച്ചു.
വർഷങ്ങൾ പലതു കഴിഞ്ഞു. രണ്ടു വർഷമായി ചുരുക്കം ചില ദിവസങ്ങളിലൊഴികെ എന്നും ഇതേ ബസ്സുതന്നെയാണ് കത്തു കൂമ്പാരവുമായി ഇതേ മലവളവുകൾ കയറിയിറങ്ങുന്നത്.
ഈ സംഭവത്തിന്റെ അന്നു മലമുകളിലേക്കുളള സകല പോസ്‌റ്റ് ഓഫീസുകളിലും തപാൽ വിതരണം തടസ്സപ്പെട്ടു. സത്യത്തിൽ അതൊരു നിമിത്തം മാത്രമായിരുന്നു. ഒരു ബസ് ബ്രേക്ക് ഡൗണാകുന്നതിത്ര വലിയ സംഭവമാണോ എന്ന ചോദ്യത്തിനപ്പുറം ഇത് സത്യത്തിൽ ഒരു സംഭവേ അല്ലായിരുന്നു. എന്നും രാവിലെകളിൽ പതിവു തെറ്റാതെ പത്രക്കാരനെന്നവണ്ണം, പാൽക്കാരനെന്നവണ്ണം എല്ലാ പോസ്‌റ്റ് ഓഫീസുകളിലേക്കുമുളള കത്തുസഞ്ചികൾ വലിച്ചെറിഞ്ഞ് മുരണ്ടു പോകാറുളള കത്തുവണ്ടി വഴിമുടങ്ങിക്കുടന്നതാണല്ലോ കാരണം. എന്നത്തെയും പോലെ എല്ലാ പോസ്‌റ്റ് ഓഫീസുകളിലെയും പോസ്‌റ്റ് മാസ്‌റ്റർമാരും പോസ്‌റ്റ്‌മാൻമാരും ഇ.ഡിമാരും കാത്തുനിന്നതു മാത്രം മിച്ചമായി. കത്തുവണ്ടി മാത്രം സമയത്തു വന്നില്ല. പോസ്‌റ്റ് ഓഫീസിനു മുന്നിൽ കാത്തുകെട്ടി കിടക്കാറുളള സഞ്ചി കാണാതെ എല്ലാവരും ഒരു മിനുട്ട് ഒന്നുമറിയാതെ നിന്നു.
അന്ന് മലവളവുകൾ കയറി മലമുകളിൽ രാവിലെ പിറന്നെന്നു വിവരം നൽകുന്ന കത്തുവണ്ടി വരാതിരുന്നത് മൂലം കത്തു വിതരണമൊന്നും നടന്നില്ല. വണ്ടി നന്നാക്കുന്ന ഗാരേജ് വാൻ മലകയറി വന്നപ്പോൾ സമയം ഉച്ചയായി.
എന്തായാലും മലമുകളിലേക്കുളള വഴിയിലെ പോസ്‌റ്റ് ഓഫീസുകൾ നിശബ്‌ദമായി സീലടി ഒച്ചകളില്ലാതെ ഒരുച്ചവരെ കടന്നുപോയി.
സത്യത്തിൽ ഇതിത്ര വലിയ സംഭവമാകുന്നത് വണ്ടിയുടെ ബ്രേക്ക് ഡൗണിനും മൂന്നാഴ്‌ച കഴിഞ്ഞാണ്.
രാവിലെ ബസ്‌സ്‌റ്റാൻഡിൽ നിന്നും കണ്ടീഷനായി ഇറക്കിയ ബസിനെന്തു പറ്റി (ഡ്രൈവർ സദാനന്ദൻ നായരുടെ വിശദീകരണം)
ബഹുമാനപ്പെട്ട ഡിസ്‌ട്രിക്‌ട് ട്രാൻസ്‌പോർട്ട് ഓഫീസർക്ക്
സർ,
അങ്ങ് നേരിൽ വിളിച്ച് എന്നോട് ചോദിച്ച കാര്യങ്ങളിൽ കവിഞ്ഞൊന്നും എനിക്കിപ്പോഴും പറയാനില്ല. അതിലൊന്നും കുറവു വരുത്താനും അമ്പതു വയസുകഴിഞ്ഞ എന്റെ മനഃസാക്ഷിക്കൊണ്ടു തോന്നുന്നില്ല.
എങ്കിലും സാർ ആവശ്യപ്പെട്ടതുകൊണ്ട് അന്ന് ഞാൻ സാറിന്റെ മുഖദാവിൽ അവതരിപ്പിച്ച കാര്യങ്ങൾ ഒന്നുകൂടി ഓർത്തെടുത്ത് എഴുതിത്തരികയാണ്. (സാർ എനിക്കു ജോലിയിൽ നിന്നു പിരിയാൻ ഇനി മൂന്നുമാസം കൂടിയേയുളളൂവെന്ന കാര്യം മറക്കരുത്. ഇത്രയും കാലം നാടായ നാടുകളിലൊക്കെ ഈ വണ്ടിയോടിച്ചിട്ടും സാർ എനിക്കിങ്ങനെയൊരബദ്ധം പറ്റിയിട്ടില്ല എന്നെഴുതണമെന്ന് സദാനന്ദൻ മനസ്സിൽ കരുതിയെങ്കിലും അവസാന നിമിഷം അതു വേണ്ടെന്നു വയ്‌ക്കുകയായിരുന്നു)
സത്യമായും സാർ ഞാൻ രാവിലെ നമ്മുടെ 789നാണ് സ്‌റ്റാൻഡിലെത്തിയത്. അപ്പോൾ സമയം മൂന്നരയായതേയുളളൂ. കാന്റീനിൽ നിന്ന് ഒരു കാപ്പിമാത്രം കുടിച്ച് കണ്ടക്‌ടറായിരുന്ന ജെറി സക്കറിയയെയും കൂട്ടി തന്നെയാണ് ഞാൻ ബസെടുത്തത്. ബസിന് യാതൊരു കുഴപ്പവും ഇല്ലായിരുന്നു. അല്ല സാറെ കുറെ വർഷായില്ലേ ഇവൻ തന്നെ ഈ വെളുപ്പാൻ കാലത്ത് ഈ റൂട്ടിൽ പോകാൻ തുടങ്ങിയിട്ട്. അല്ല ഈ റൂട്ടിൽ ഞാൻ കൊണ്ടുപോയിട്ടുളളതും ഈ 894 തന്നെയല്ലേ.
കൃത്യം 4.10നു തന്നെ ബസ് സ്‌റ്റാൻഡിൽ നിന്നും എടുത്തു. റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോൾ നാലേകാൽ. അവിടെ പതിവുപോലെ അരമണിക്കൂർ പോകുന്ന കാര്യം സാറിനറിയാമല്ലോ. പക്ഷെ സാറെ എനിക്കപ്പോഴും ഒരു കാപ്പി കുടിക്കാൻ തോന്നി. ബസ് ആർ.എം.എസിന്റെ മുമ്പിൽ നിർത്തിയിട്ട് ഞാനും ജെറിയും ഒരു കാപ്പി കുടിക്കാൻ തൊട്ടപ്പുറത്തു തന്നെയുളള തട്ടുകടയിൽ പോയി. ജെറിക്കു കാപ്പി വേണ്ടെന്നു പറഞ്ഞ് ഒരു സിഗരറ്റ് മാത്രം വലിച്ചു.
എന്നിട്ട് ഞങ്ങൾ കൃത്യം 4.48 നു തന്നെ ബസ് അവിടെനിന്നും എടുത്തിരുന്നു. അപ്പോൾ ബസിൽ ആകെ നാലുപേരെ ഉണ്ടായിരുന്നുളളൂ. ഒരാൾ നഗരത്തിലെ ഒരു പത്രത്തിൽ ജോലി ചെയ്യുന്നയാളാണ്. അയാൾ സ്ഥിരമായി ഈ ബസിൽ വരുന്നയാളുമാണ്. പരിചയമുണ്ടായിരുന്നതുകൊണ്ട് ഞാൻ അയാളുമായി സംസാരിച്ചിരുന്നുവെന്നത് ശരിയാണ്. ബസോടിക്കുമ്പോൾ യാത്രക്കാരുമായി സംസാരിക്കരുതെന്നുളള ചട്ടം ഞാൻ തെറ്റിച്ചു. ഞാൻ കുറ്റം ഏറ്റുപറയുകയാണ്. ഇതിന്റെ പേരിൽ എന്തു നടപടിയെടുത്താലും അതു സ്വീകരിക്കാൻ ഞാൻ തയ്യാറാണ്.
ബസ് കൃത്യം 5.20നു തന്നെ ആദ്യത്തെ സ്‌റ്റാൻഡിലെത്തി. ജെറിക്കൊരു സിഗരറ്റുകൂടി വലിക്കണമെന്നു പറഞ്ഞതിനാൽ അവിടെ അഞ്ചു മിനിട്ട് നിർത്തിയിട്ടു. പത്രത്തിൽ ജോലി ചെയ്യുന്നയാൾ ഇവിടെയാണിറങ്ങിയത്. അഞ്ചുമിനിട്ട് കഴിഞ്ഞപ്പോൾ തന്നെ ബസ് എടുത്തിരുന്നു. ഇതിനിടയിൽ ഇറക്കാനുളള സഞ്ചികളൊക്കെ ആർ.എം.എസിൽ നിന്നു കയറിയ തോമാച്ചൻ കൃത്യമായി ഇറക്കുന്നുണ്ടായിരുന്നു. എല്ലായിടത്തും തോമാച്ചന് സഞ്ചി ഇറക്കാനുളള തരത്തിൽ ഞാൻ വണ്ടിയുടെ സ്‌പീഡ് കുറച്ചും പിന്നെ കൂട്ടിയും ശ്രദ്ധിച്ചുകൊണ്ടിരുന്നു.
ഈ ഡിപ്പോയിലേക്ക് ട്രാൻസ്‌ഫറായി വന്നിട്ട് ഞാൻ ഏറ്റവും കൂടുതൽ പോയിട്ടുളളത് ഈ റൂട്ടിലാണല്ലോ സാറേ. അതുകൊണ്ട് എനിക്ക് എങ്ങനെ പോകണമെന്നത് കൃത്യമായി അറിയാമെന്നുളളത് സാറിനെ ഇനിയും ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ?
രണ്ടാമത്തെ ബസ് സ്‌റ്റാൻഡിലും കൃത്യസമയത്തുതന്നെയാണ് ബസ് എത്തിയത്. എവിടെനിന്ന് കുറച്ച് ആളുകൾ ബസിൽ കയറിയിരുന്നു. ആരോ ചില്ലറയുടെ പേരു പറഞ്ഞ് ജെറിയോട് കശപിശയുണ്ടാക്കുന്നത് ഞാൻ കേട്ടിരുന്നു. പോടാ മ… എന്നു ഞാൻ ഒരു തെറി പറഞ്ഞുവെന്നത് ശരിയാണ്. പക്ഷേ അത് ഒരു യാത്രക്കാരനും കേട്ടിട്ടില്ലെന്നത് എനിക്കുറപ്പാണ്. അതിന്റെ പേരിലും എന്തു നടപടിയുണ്ടായാലും അത് മനസാ സ്വീകരിക്കുകയാണ്.
ബസ് എന്നും പോകുന്നതുപോലെ തന്നെയാണ് അന്നും ഓടിക്കൊണ്ടിരുന്നത്. കുറച്ച് ആളുകൾ കൂടുതലുണ്ടായിരുന്നുവെന്നതു ശരിതന്നെ. പക്ഷെ സർക്കാർ നമ്മുടെ വകുപ്പ് തന്നെ നടത്തിക്കൊണ്ടു പോകുന്നത് നമ്മുടെ നാട്ടിലെ സാധാരണക്കാരായ ആളുകൾക്ക് പോകാൻ വേണ്ടിയല്ലേ. വഴിയിൽ നിന്ന് ബസിനു കൈകാണിച്ചാൽ നിർത്താതിരിക്കാൻ തോന്നാറില്ല സാർ… ചിലപ്പോൾ അതുകൊണ്ടുതന്നെ ബസിൽ ആളുകളുടെ എണ്ണം കൂടാറുണ്ട്. ചിലരൊക്കെ ഞാൻ കളക്ഷൻ ബത്തയ്‌ക്കുവേണ്ടിയാണ് ഇങ്ങനെ വഴി മുഴുക്കെ ബസ് നിർത്തിക്കൊടുക്കുന്നതെന്നു പറയാറുണ്ട്. പക്ഷെ സാറെ ഇന്നുവരെ ഞാൻ വഴിക്കാരു കൈകാണിച്ചു നിർത്തുമ്പോഴും കളക്ഷൻ ബത്തയെക്കുറിച്ച് ആലോചിച്ചിട്ടു പോലുമില്ല.
ബസിൽ ആളുകൾ കൂടുതലുണ്ടായിരുന്നെങ്കിലും കത്തു നിറച്ച സഞ്ചികൾ കൃത്യമായി തന്നെ അതാതു സ്ഥലങ്ങളിൽ പുറത്തേക്കെറിയാനുളള സംവിധാനം ഒരുക്കിയിരുന്നു.
പക്ഷെ മലകയറിപ്പോകുമ്പോൾ ഇത്ര കാലമായിട്ടും 894 ഇങ്ങനെ വലിച്ചിട്ടില്ല. എട്ടാമത്തെ വളവിൽ വച്ച് പ്ലെയ്‌റ്റൊടിയുന്നതുപോലെ ഒരൊച്ച മാത്രമേ കേട്ടുളളൂ. മുമ്പിൽ അപ്പോൾ ഒരു ജീപ്പ് വായുഗുളിക വാങ്ങാൻ പോകുന്നതുപോലെ വേഗത്തിൽ വന്നത് മാത്രമേ എനിക്ക് കാണാനുണ്ടായിരുന്നുളളൂ. എന്തായാലും ഞാൻ വണ്ടി നിൽക്കുന്നതിനുമുമ്പ് സൈഡിലേക്കു ചേർത്തു നിർത്തി.
ഞാൻ പുറത്തിറങ്ങി നോക്കിയിട്ടും കാര്യമായി കുഴപ്പങ്ങളൊന്നും കണ്ടിരുന്നില്ല. പക്ഷെ ഞാൻ ചട്ടപ്പടി അടുത്ത ഡിപ്പോയിൽ വിവരമറിയിക്കാൻ അടുത്ത ടെലിഫോൺ ബൂത്ത് നോക്കി നടന്നു. ബസിൽ ഉണ്ടായിരുന്ന കുറെ കുട്ടികളുടെ കയ്യിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നിട്ടും ഞാൻ ചോദിച്ചിട്ടും അവർ അത് തന്നിരുന്നെങ്കിൽ ഫോൺ ചെയ്യാൻ അത്രയധികം വൈകില്ലായിരുന്നു. പക്ഷെ അവർ എന്നെ ചീത്ത വിളിക്കുകയല്ലാതെ ഫോൺ തന്നില്ല സാറെ.
പിന്നെ ഞാൻ നടന്ന് നാലു കിലോമീറ്റർ പോയിട്ടാണ് ഒരു ടെലിഫോൺ ബൂത്തു കണ്ടത്. അപ്പോഴേക്കും സാറെ ഒരു മണിക്കൂർ കഴിഞ്ഞിരുന്നു. ഞാൻ വിളിക്കുമ്പോൾ മറ്റെവിടെയോ ഒരു സൂപ്പർ ഫാസ്‌റ്റ് പഞ്ചറായിട്ട് അങ്ങോട്ടു പോയിരിക്കുകയാണെന്നായിരുന്നു ഡിപ്പോയിൽ നിന്നു പറഞ്ഞത്. സാർ, ഞാൻ പിന്നെ സ്ഥലം പറഞ്ഞു കൊടുത്തു തിരിച്ചു നടന്നു. അപ്പോഴും ഒരു മണിക്കൂർ. ഞാൻ തിരിച്ചു വണ്ടിക്കടുത്തെത്തുമ്പോഴേക്കും അതിലുണ്ടായിരുന്നവരൊക്കെ ജീപ്പുകളിൽ പോയിക്കഴിഞ്ഞിരുന്നു.
ഉച്ചയായപ്പോൾ കൃത്യമായി സമയമൊന്നും എനിക്കോർമയില്ല സാറെ. വണ്ടി നന്നാക്കി പോകുന്നത് ഉച്ചകഴിഞ്ഞാണെന്നു മാത്രമേ സാറെ എനിക്കറിയൂ. അപ്പോഴും പിന്നെയും സഞ്ചികൾ ബാക്കിയുണ്ടായിരുന്നു. അതൊക്കെ ഓരോ സ്ഥലങ്ങളിൽ ഇറക്കിക്കൊടുത്തു. തോമാച്ചൻ വണ്ടി കേടായ സമയമത്രയും ഉറക്കം തന്നെയായിരുന്നു.
വൈകുന്നേരം തിരിച്ചിവിടെ വന്നു കഴിഞ്ഞപ്പോൾ പിന്നെയങ്ങോട്ട് പോകേണ്ടെന്ന് സാറുതന്നെയാണ് പറഞ്ഞത്.
എനിക്കിത്രയേ സാറിന്റെ മുന്നിൽ ബോധിപ്പിക്കാനുളളു. സാർ ഇതിന്റെ പേരിൽ എനിക്കു സങ്കടം അന്നത്തെ ദിവസം എത്രപേർക്കു കത്തു കിട്ടാതിരുന്നു എന്ന പേരിലാണ്. നമ്മുടെ 894 പിന്നെ എന്നെന്നേക്കുമായി ഗാരേജിൽ സ്‌റ്റാൻഡിന്റെ വലത്തേ മൂലയ്‌ക്ക് സ്ഥാനം പിടിച്ചതിൽ വലിയ വിഷമമുണ്ട്.
സാർ എന്റെ മൂന്നു മാസം മാത്രം ബാക്കിയുളള ഡ്രൈവർ ജീവിതത്തിൽ ഉണ്ടായ ഈ തെറ്റിന്റെ പേരിൽ ഞാൻ കോർപറേഷനോട് ആത്മാർത്ഥമായി മാപ്പ് അപേക്ഷിക്കുന്നു.
വിശ്വസ്തതയോടെ
സദാനന്ദൻ നായർ.
കണ്ടക്‌ടർ ജെറി സക്കറിയ നൽകിയ വിശദീകരണം
ബഹുമാനപ്പെട്ട ഡിസ്‌ട്രിക്‌ട് ട്രാൻസ്‌പോർട്ട് ഓഫീസർക്ക്
സാർ,
സ്ഥിരമായി പോകുന്ന അതേ രീതിയിൽ പോയ ബസ് വഴിയിൽ ബ്രേക്ക്‌ഡൗണായി എന്ന ഒറ്റ സംഭവത്തിന്റെ അടിസ്ഥാനത്തിൽ മൂന്നു മാസമായി ബസുകളിൽ ഡ്യൂട്ടിയില്ലാതെ നിൽക്കുന്നതിനാൽ തന്നെ ഞാൻ ഇന്നും അന്നത്തെ സംഭവങ്ങൾ മറന്നിട്ടില്ല. പക്ഷെ ഗാരേജിൽ നിന്ന് കുഴപ്പങ്ങളില്ലാതെ പുറത്തിറങ്ങിയ ബസ് എങ്ങനെയാണ് വഴിക്കു നിന്നതെന്നതിനെക്കുറിച്ച് വിശദീകരണം നൽകാൻ എനിക്കു സാധിക്കുകയില്ലെന്ന കാര്യം ഖേദപൂർവം അങ്ങയെ അറിയിക്കുകയാണ്.
സാർ എന്റെ പ്രൊബേഷൻ കാലം കഴിഞ്ഞിട്ടില്ല എന്ന കാര്യം സാറിനറിയാമല്ലോ… സാറും ഇക്കാര്യം എന്നോടു നേരിട്ടു പറഞ്ഞിട്ടുളളതാണ്. പക്ഷെ, ഇപ്പോൾ ഒരു ബസ് വഴിക്കു ബ്രേക്ക് ഡൗണായി എന്ന പേരിൽ എന്റെ ജോലി പോകുമെന്ന സ്ഥിതിയാണ്.
ഇതുകൊണ്ടൊക്കെ തന്നെ ഞാൻ നൽകിയ വിശദീകരണം സത്യമായ കാര്യങ്ങൾ ബോധിപ്പിച്ചവയാണ്. അന്ന് ആ റൂട്ടിൽ എന്റെ മൂന്നാമത്തെ സർവീസുമാത്രമായിരുന്നു. ഞാനാണെങ്കിൽ സ്ഥലങ്ങൾ അത്ര കൃത്യമായി പഠിച്ചിട്ടുമുണ്ടായിരുന്നില്ല.
ബസിന്റെ മുൻഭാഗത്ത് നിറയെ ബാഗുകളായിരുന്നു. മലമുകളിലെ ഒരു കോളജിൽ പഠിക്കുന്ന കുറെ കുട്ടികൾ. ആൺകുട്ടികളും പെൺകുട്ടികളും ആയി കുറെ പേർ. സാർ ഞാൻ ഇടയ്‌ക്ക് അവരുടെ കുസൃതികൾ കണ്ടുകൊണ്ടിരുന്നുവെന്നത് ശരിയാണ്. ബസ് കേടാകുമ്പോൾ കുട്ടികൾ എല്ലാവരും വലിയ ബഹളത്തിലായിരുന്നു. അവരാരും മനഃപൂർവമായിരിക്കില്ല. എല്ലാവരും ശബ്‌ദമെടുത്തതാണ്. ബസിൽ നിന്നെന്തോ ശബ്‌ദം വന്നെന്നും പറയുന്നുണ്ടെങ്കിലും ഞാനത് കേട്ടിരുന്നില്ല. ബസ് മല കയറിയിറങ്ങുമ്പോൾ സാർ സത്യത്തിൽ ഞാൻ കാണരുതാത്ത കുറെ കാഴ്‌ചകൾ കണ്ടിരുന്നു. സത്യമായും സാർ ഞാൻ അതൊന്നും ഈ വിശദീകരണക്കുറിപ്പിൽ എഴുതരുതെന്നു കരുതുകയാണ്.
സാർ, എന്റെ അറിവിൽ മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വളരെ കൃത്യമാണ്. കുറെ കത്തുകളുമായി പോയ ബസിൽ അന്ന് പതിവിൽ കവിഞ്ഞ് ആളുകളുണ്ടായിരുന്നതിനാൽ സത്യമായും ഞാനും വല്ലാതെ അത്ഭുതപ്പെട്ടിരുന്നു. എന്തായാലും സാർ, അന്നു അവിടത്തെ കത്തു വിതരണം മുടങ്ങിയെന്നതു ശരിയാണ്. പക്ഷെ ബസിനു കുഴപ്പമുണ്ടാകുമെന്ന് ഞാനും ഡ്രൈവർ സദാനന്ദൻ നായരും കരുതിയിരുന്നില്ലല്ലോ?
ഇതിന്റെ പേരിൽ ഉണ്ടാകുന്ന എന്തു നടപടിയിലും മനുഷ്യത്വപരമായ സമീപനം ഉണ്ടാകണമെന്ന് സാറിനോട് ഞാൻ വിനീതമായി അപേക്ഷിക്കുന്നു.
വിശ്വസ്‌തതയോടെ
ജെറി സക്കറിയ
പിന്നീട് സംഭവിച്ചത്
894-ാം നമ്പർ ബസ് അന്നത്തെ സംഭവത്തിന് ശേഷം ഒരു ഷെഡ്യൂൾ പോലും ഓടാതെ ഡിപ്പോയുടെ വലതു വശത്തെ മൂലയ്‌ക്ക് സ്ഥാനം പിടിച്ചതാണ്. പിന്നീടുളള ദിവസങ്ങളിൽ ഡിപ്പോയിലെ പല പല ബസുകളിലാണ് കത്തുകൾ മല കയറി പോയത്. കത്തുവണ്ടികൾ പലപ്പോഴും സമയത്ത് സ്ഥലങ്ങളിലെത്താൻ ബുദ്ധിമുട്ടി. പലപ്പോഴായി 894 നമ്പർ ബസ് ഓപറേറ്റ് ചെയ്യാൻ വേണ്ടി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വിശദീകരണക്കുറിപ്പുകളിൽ മുടങ്ങിയ കത്തുവണ്ടിയെ തുടർന്നുളള നടപടികൾ മരിച്ചു വീണതിന്റെ പിറ്റേന്ന് സദാനന്ദനെതിരെയും ജറി സക്കറിയക്കെതിരെയും നടപടികളൊന്നുമില്ലെന്ന സർക്കാർ തപാൽ സ്ഥലം മാറി വന്ന പുതിയ ഡിസ്‌ട്രിക്‌ട് ട്രാൻസ്‌പോർട്ട് ഓഫീസർക്കു ലഭിച്ചു. അതിന്റെ പിറ്റേന്ന് രാവിലെ നാലരമാസങ്ങൾക്കുശേഷം സദാനന്ദൻ നായരും ജെറി സക്കറിയയും വീണ്ടും കത്തുവണ്ടിയുമായി മല കയറാൻ നിയോഗിക്കപ്പെട്ടു. അന്നും ഒരു തിങ്കളാഴ്‌ചയായിരുന്നു. നിറയെ മലമുകളിലെ കോളജിൽ പഠിക്കുന്ന കുട്ടികളുളള തിങ്കളാഴ്‌ച.
പഴയ 894 തലേന്നു നടത്തിയ ശ്രമങ്ങളിൽ വിജയിച്ച് രാവിലെ നാലിന് സദാനന്ദൻ നായർ വിജയകരമായി ഗാരേജിന്റെ മൂലയിൽനിന്ന് സ്‌റ്റാൻഡിന്റെ പ്ലാറ്റ് ഫോമിലേക്കു മാറ്റിയിട്ടു. നിറയെ ബാഗുകൾ മുന്നിൽ അട്ടിക്കയറ്റി. പിന്നെ കത്തുകൾ നിറച്ച് യാത്ര തുടങ്ങി. ജെറിയുടെ കണ്ണുകൾ അന്നും തൊട്ടുമുമ്പിലെ സീറ്റിലിരുന്ന പെൺകുട്ടിയിലും ആൺകുട്ടിയിലും തറച്ചു.
ബസ് സ്ഥലങ്ങൾ പിന്നിട്ട് മല കയറി തുടങ്ങി… ഓർമകളുടെ ഒതുക്കുകളിലൂടെ ജെറി മലമുകളിലെ കൊടുംവളവിൽ സദാനന്ദൻ നായർ ബസിന്റെ വേഗം കുറക്കുന്നത് ശ്രദ്ധിച്ചിരുന്നു. ഓർമകൾ മലമുകളിൽ നിന്ന് ജെറിയുടെ പ്രൊബേഷൻ കഴിയാത്ത മനസ്സിലേക്ക് കുത്തിക്കയറി…. മുൻസീറ്റിലെ പെൺകുട്ടി ആൺകുട്ടിയുടെ കൈകളിൽ പിടിച്ചുകൊണ്ട് ഒരു കടലാസു കൈമാറി… ബസ് കൊടുംവളവ് കടന്ന് പിന്നെയും വേഗത കൂട്ടി… സദാനന്ദൻ നായരുടെ ഓർമയിൽ വർഷങ്ങൾ പിന്നിടുന്ന സേവനകാലമായിരുന്നു. ജെറിയുടെ ഓർമകൾക്കു മീതെ സദാനന്ദൻ നായർ വർഷങ്ങളുടെ അകലത്തിൽ നിന്ന് ആദ്യമായി ട്രാൻസ്‌പോർട്ട് ബസ് വേഗത്തിൽ പായിച്ചപോലെ ആക്‌സിലറേറ്ററിൽ ആഞ്ഞു ചവിട്ടി.
ജെറിയുടെ കണ്ണുകളിൽ കൂടി തൊട്ടുമുന്നിലെ സീറ്റിലിരുന്ന് അവൾ അവന്റെ ചുമലിലേക്കു ചായുന്നത് യാത്രക്കാർ കണ്ടറിഞ്ഞു. സദാനന്ദൻ നായരുടെ ഓർമയിൽ നിന്നും സേവനകാലത്തിന്റെ അവസാനദിനവും കൊഴിയുന്നതറിയാതെ ജെറി ആ കാഴ്‌ചയിൽ അങ്ങനെ ലയിച്ചിരുന്നു.
Generated from archived content: story_july12_06.html Author: nm_unnikrishnan
Click this button or press Ctrl+G to toggle between Malayalam and English