പിന്നിലെ നിഴലിനു നീളം വച്ചു. കാലടികളുടെ ശബ്‌ദം കനത്തു. നിലവിളക്കിന്റെ തിരിനാളത്തിൽ ഒരു വടിവാൾ തിളങ്ങി. ഓർക്കാപ്പുറത്തു ശത്രുഘ്നൻ വെട്ടിത്തിരിഞ്ഞു. അയാളുടെ മുഖം വടിവാളിന്റെ മുന്ന്ലേക്കു നീണ്ടു. നാലു കണ്ണുകൾ കൂട്ടിമുട്ടി തീപ്പൊരി ചിതറി.
പണ്ടത്തെ അതേ വടിവാൾ. പെരുമാളുടെ വടിവാൾ അല്ലേ?‘
പ്രഭു ശബ്‌ദിച്ചില്ല. ശത്രുഘ്‌നൻ തുടർന്നു.
’വിളക്കുകൾ കത്തിച്ചുവച്ചു ഞാൻ കാത്തിരുന്നത് നിങ്ങളെയല്ല. അനന്തപുരിയുടെ നിശ്വാസം പോലും നിയന്ത്രിക്കുന്ന സൂപ്പർ ക്രിമിനലിനെ. കരിമഠം പെരുമാൾ എന്ന ബാസ്‌റ്റഡിനെ. സാരമില്ല. പകരം വന്നിട്ടുള്ളത് അയാളുടെ വലംകൈ തന്നെയാണല്ലോ.‘
പ്രഭു വടിവാളിൽ മെല്ലെ തെരുപ്പിടിച്ചു.
ശത്രുഘ്‌നന്റെ ശബ്‌ദം ഉയർന്നു.
’കൊല്ലാനാണ് വന്നതെന്നറിയാം. പക്ഷേ അതിനുമുമ്പ് നിനക്ക് എന്നോടൊന്നും ചോദിക്കാനില്ലേ? ഭാർഗവരാമൻ ഈ ഭൂമിയിൽ നിന്നും കെട്ടുകെട്ടിയതിനെപ്പറ്റി. ബേബിച്ചായൻ കാർ ആക്‌സിഡന്റിൽ വഴിയൊഴിഞ്ഞുപോയതിനെപ്പറ്റി . അറ്റ്‌ലിസ്‌റ്റ് മരണത്തിന്റെ കാലൊച്ച ഇനി ആരുടെ പിന്നാലെയാണുള്ളതെന്നെങ്കിലും അറിയണ്ടേ നിനക്ക്? ചോദിക്ക്.
പ്രഭുവിന്റെ മുഖം വലിഞ്ഞുമുറുകി. അയാൾ വടിവാളിന്റെ പിടി കൈയ്യിലിട്ടു ഞെരിച്ചു.
ശത്രുഘ്‌നൻ സിഗററ്റ് ആഞ്ഞുവലിച്ചു കുറ്റി നടുമുറ്റത്തേക്കിട്ടു.
‘കൊല്ലാൻ മാത്രമറിയാവുന്ന നിങ്ങളൊക്കെ സ്വന്തം മരണത്തെപ്പറ്റി ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല. അതിപ്പോൾ നിന്റെ പിന്നിലുണ്ട്. വേട്ടപ്പട്ടിയെപ്പോലെ.’
ഓർക്കാപ്പുറത്തു പ്രഭു മുന്നോട്ടാഞ്ഞു.
ഒറ്റക്കുതിക്ക് അയാൾ ശത്രുഘ്‌നനെ കൂട്ടിപ്പിടിച്ചു. പിന്നെ ഇടിവെട്ടുന്നതുപോലെ ഗർജ്ജിച്ചു.
‘നീയാരാ? എന്തിനാ ഈ നാട്ടിൽ വന്നത്.? ആരാ നിന്റെ പിന്നിലുള്ളത്? പറയടാ, കൊല്ലാൻ വന്ന പ്രഭു കൊന്നിട്ടേ ഇവിടെനിന്നു പോകൂ. മരണം ഇപ്പോഴുള്ളത് എന്റെ പിന്നിലല്ല നിന്റെ പിന്നിൽ.’
അപ്പോഴും ശത്രുഘ്‌നന്റെ കണ്ണുകൾ പ്രഭുവിന്റെ മുഖത്തായിരുന്നു. അയാളുടെ ചുണ്ടിലെ ചിരിക്കു തിളക്കം കൂടി. പ്രത്യേകിച്ചൊന്നും സംഭവിക്കാത്തതുപോലെ ശത്രുഘ്‌നൻ ഷർട്ടിൽ നിന്നും പ്രഭുവിന്റെ വിരലുകൾ മെല്ലെ അടർത്തിയെടുത്തു. തികഞ്ഞ ശാന്തതയോടെ അയാൾ പറഞ്ഞു.
‘എന്റെ പിന്നിലുള്ളത് മച്ചിലെ കൊളുത്തിൽ നിന്റെ പെരുമാൾ ഉണ്ടാക്കിക്കൊടുത്ത ഊഞ്ഞാലിൽ ജീവനോടെ പിടയുന്ന ബാലത്തമ്പുരാട്ടി. കൈമളുടെ പിടിയിൽ ഞെരിഞ്ഞമർന്നു നിലവിളിക്കുന്ന ഗീതത്തമ്പൂരാട്ടി. ഉമ്മറത്തെ ആട്ടുകട്ടിലിൽ…’
പ്രഭു വടിവാളുമായി മുന്നോട്ടടുത്തു. അയാൾ ശത്രുഘ്‌നന്റെ ശബ്‌ദം മുറിച്ചുകൊണ്ട് ആക്രോശിച്ചു.
‘നീ ആരാ? പറയ്, പറയടാ നായിന്റെ മോനെ. ഇതൊക്കെ എങ്ങനെയറിയാം നിനക്ക്? കഴിഞ്ഞതൊക്കെ എണ്ണിപ്പറഞ്ഞു ഞങ്ങളെ ഭ്രാന്തു പിടിപ്പിക്കാൻ എവിടെ നിന്നാ നീ വന്നത്? പുഴയുടെ അടിത്തട്ടീന്നോ? കത്തിയെരിയുന്ന ചിതയ്‌ക്കുള്ളീന്നോ? അതോ ഏതെങ്കിലും ശവക്കുഴീന്നോ? പറയ് പറയെടാ’
പ്രഭു കിതച്ചു. ശത്രുഘ്‌നൻ നേരിയ ചിരിയോടെ അയാളെ നോക്കി.
‘കാലത്തിനപ്പുറത്തു പെരുമാളും കൂട്ടുകാരും ഒരു വൈക്കോൽ തുരുമ്പ് ബാക്കിയിട്ടു. അത് അവർക്ക് അറിയാതെ പറ്റിയ കൈത്തെറ്റ് മുന്നിൽ നിൽക്കുന്നത്.
ശത്രുഘ്‌നൻ ഒരടി മുന്നോട്ടു വച്ചു. പൊടുന്നനെ അയാൾ പ്രഭുവിന്റെ കൈയിൽ അമർത്തിപ്പിടിച്ചു. വടിവാൾ വിറച്ചു. ആസുരമായ കരുത്തു പിടിച്ചുലയ്‌ക്കാൻ തുടങ്ങുന്നതു പ്രഭുവറിഞ്ഞു. കൈയിലെ ഞരമ്പുകൾ കെട്ടുപിണഞ്ഞു. രക്തക്കുഴലുകൾ ഞെരിഞ്ഞു. വിരലുകൾ അറിയാതെ വിടർന്നു. വടിവാൾ താഴേക്കൂർന്നു. ശത്രുഘ്‌നൻ അതു ചവിട്ടിപ്പിടിച്ചു.
’നിന്നെ കൊല്ലണമെന്ന് ഈ നിമിഷവും ഞാൻ കരുതിയിട്ടില്ല. വടിവാൾ ഇവിടെ ഉപേക്ഷിച്ചിട്ടു മര്യാദയ്‌ക്കു തിരിച്ചുപൊയ്‌ക്കോ. ചെല്ല്, നടന്നതെല്ലാം വള്ളിപുള്ളി വിടാതെ പെരുമാളെ അറിയിക്ക്.
പ്രഭുവിന്റെ ചുരുട്ടിയ കൈത്തലം ശത്രുഘ്‌നന്റെ നെഞ്ചിനുനേരെ ഇടിമിന്നലായി ചീറി വന്നു. സമർത്ഥമായി ശത്രുഘ്‌നൻ പിന്നോട്ടു തെന്നിയൊഴിഞ്ഞു. അടുത്ത നിമിഷം ശത്രുഘ്‌നന്റെ ചുരുട്ടിയ കൈത്തലം പ്രഭുവിന്റെ മുഖത്തു ഒരിരിമ്പുകൂടമായി വന്നു വീണു. പ്രഭു പിടഞ്ഞു. അയാളുടെ മൂക്കിലൂടെ ചോരയൊഴുകി. പ്രഭു പൊടുന്നനെ താഴേക്കു കുനിഞ്ഞു. അയാൾ വടിവാളിലേക്കു പതിഞ്ഞമർന്നു. ശത്രുഘ്‌നൻ കാലുകൊണ്ട് പ്രഭുവിന്റെ കൈഞ്ഞെരിച്ചു. പ്രഭു വേദനയോടെ അലറി വിളിച്ചു. ശത്രുഘ്‌നൻ പൊടുന്നനെ വടിവാൾ തറയിൽ നിന്നും വലിച്ചെടുത്തു നിവർന്നു. ഞൊടിയിടയിൽ വടിവാൾ ഉയർന്നുതാണു. പ്രഭുവിന്റെ വലതുകൈ അറ്റ് താഴെ വീണു. പ്രഭു ദിഗന്തം പിളരുമാറ് അലറിവിളിച്ചു. ക്രൂരമായ ചിരിയോടെ ശത്രുഘ്‌നൻ തുടർന്നു.
‘ഈ വലം കൈ ഞാനെടുക്കുന്നു. ബാക്കിയുള്ളതെല്ലാം പെരുമാൾക്ക്.’
പ്രഭു വഴിനീളെ ചോരച്ചാലുകൾ തീർത്തു പടിപ്പുരയുടെ നേരേ ഓടി. അയാളുടെ നിലവിളികേട്ടു നാലുകെട്ടു വിറച്ചു. ഒന്നും സംഭവിക്കാത്തതുപോലെ ശത്രുഘ്‌നൻ പറഞ്ഞു. ‘ഈ വടിവാൾ സൂക്ഷിച്ചുവയ്‌ക്കണം. ഇനിയും ആവശ്യം വരും, അതിഥികൾ ഒരുപാടു വരാനുണ്ടല്ലോ. പിന്നെ നിലം തുടച്ചു വെടിപ്പാക്കണം….’
അനന്തൻ പേടിയോടെ തലയാട്ടി.
അപ്പോൾ രാമകൃഷ്‌ണകൈമളുടെ ബംഗ്ലാവിൽ ഗ്ലാസുകൾ പലവട്ടം നിറഞ്ഞൊഴിയുന്നുണ്ടായിരുന്നു. പെരുമാൾ അസ്വസഥനായി കൈകൾ പിന്നിൽ കെട്ടി മുറിയിൽ അങ്ങുമിങ്ങും നടന്നു. ഇടയ്‌ക്കിടയ്‌ക്ക് അയാൾ ജനലിനുള്ളിലൂടെ പുറത്തേക്കു നോക്കി.
തമ്പി പിറുപിറുക്കുന്നതുപോലെ പറഞ്ഞു.
‘പ്രഭുവിനെ ഇനിയും കണ്ടില്ലല്ലോ പെരുമാളെ, ശത്രുഘ്‌നൻ ഇപ്പോഴും ഒരക്ഷരവും വിട്ടു പറഞ്ഞിട്ടില്ലെന്നു വരുമോ? അതോ പ്രഭുവിനെന്തെങ്കിലും.’
തമ്പി പൂർത്തിയാക്കിയില്ല അതിനുമുമ്പേ പെരുമാളുടെ കണ്ണുകളിൽ നിന്നും ചുട്ടുപൊള്ളിക്കുന്ന ഒരു നോട്ടം പറന്നു വന്നു കഴിഞ്ഞിരുന്നു. തമ്പി പിടഞ്ഞുപോയി. പിന്നെ പൊരുമാളോട് ആരും ഒന്നും ചോദിക്കാൻ ധൈര്യപ്പെട്ടില്ല.
പൊടുന്നനെ ഫോൺ ശബ്‌ദിച്ചു. വിറയ്‌ക്കുന്ന കൈകളോടെയാണു ഫോൺ എടുത്തത്. അങ്ങേത്തലയ്‌ക്കൽ പെരുമാളുടെ വിശ്വസ്‌തനായ അനുയായി ഡിസൂസ ആയിരുന്നു. പെരുമാൾ കൈമളുടെ കൈയിൽ നിന്നും റിസീവർ വാങ്ങി. ഡിസൂസയുടെ വാക്കുകൾകേട്ട് അയാൾ ചെറുതായൊന്നു വിറച്ചു. പെരുമാൾ ഒരക്ഷരം പോലും തിരിച്ചുപറഞ്ഞില്ല. ഡിസൂസ എല്ലാം പറഞ്ഞവസാനിപ്പിച്ചപ്പോൾ അയാൾ റിസീവർ ക്രാഡിലിലിട്ടു തിരിഞ്ഞു. എല്ലാ കണ്ണുകളും അപ്പോൾ പെരുമാളുടെ മുഖത്തായിരുന്നു.
തമ്പി വേവലാതിയോടെ ചോദിച്ചു.
‘എന്തായി’
പെരുമാൾ അടക്കിയ ശബ്‌ദത്തിൽ പറഞ്ഞു.
‘എനിക്കപ്പോഴേ സംശയമുണ്ടായിരുന്നു. അതു മറ്റാരുമല്ല…. ഉണ്ണിത്തമ്പുരാൻ.’
ഉണ്ണിത്തമ്പുരാൻ.‘
തമ്പിയുടെ ശബ്‌ദം വിറച്ചു.
’പക്ഷേ…… പക്ഷേ…. അവനെങ്ങനെ – ? പെരുമാളുടെ ശബ്‌ദം ഉയർന്നു.
‘നടന്നതെല്ലാം ഇത്രയും കൃത്യമായിട്ടു പറയണമെങ്കിൽ…. ബാലത്തമ്പുരാട്ടിയെ കെട്ടിത്തൂക്കിയ കൊളുത്തുപോലും ചൂണ്ടിക്കാട്ടിത്തരണമെങ്കിൽ…. അതേ തമ്പി സംശയിക്കാനില്ല. അതവൻതന്നെ…. പുതിയ രൂപത്തിൽ പുതിയ പേരിൽ.’
കൈമളും അച്യൂതൻകുട്ടിയും പരസ്‌പരം നോക്കി കൈമൾ പതറിയ ശബ്‌ദത്തിൽ പറഞ്ഞു.
‘എനിക്കും സംശയമുണ്ടായിരുന്നു. ആദ്യം കണ്ടപ്പോൾ തന്നെ സാദൃശ്യം തോന്നിയിരുന്നു. പക്ഷേ ചത്തുപോയ ഉണ്ണിത്തമ്പുരാൻ ….. എങ്ങനെ ജീവനോടെ….?
പെരുമാൾ അച്യുതൻകുട്ടിയുടെ നേരേ തിരിഞ്ഞു.
’അതാണെനിക്കുമറിയേണ്ടത്.
‘അവനെങ്ങനെ ബാക്കിയായി?’
അച്യുതൻകുട്ടീ വിറച്ചുകൊണ്ട് എഴുന്നേറ്റു.
‘ഇല്ല പെരുമാളെ. ഉണ്ണിത്തമ്പുരാൻ ഒരിക്കലും രക്ഷപ്പെടില്ല….. അത്രയ്‌ക്കും ഉറപ്പുണ്ടെനിക്ക്. എല്ലാം ചെയ്‌തത് ഞാനാ….. ഞാൻ തന്നെയാ…..’
‘ഇല്ല, അച്യുതൻകുട്ടീ, നീ പറയുന്നതു ഞാൻ വിശ്വസിക്കില്ല. നിനക്കു കൈപ്പിഴ പറ്റിയിട്ടുണ്ട്. പറയ് അന്നുനടന്നതെല്ലാം ഒരക്ഷരം പോലും വിടാതെ പറയ്.
അച്യുതൻകുട്ടി പേടിയോടെ പെരുമാളെ നോക്കി. പിന്നെ തമ്പിയെ , കൈമളെ, കുറുപ്പിനെ. എല്ലാ കണ്ണുകളിലും അമ്പരപ്പായിരുന്നു. എല്ലാ കണ്ണുകളും അച്യുതൻകുട്ടിയുടെ മുഖത്തായിരുന്നു. അച്യുതൻകുട്ടി മെല്ലെ നിശ്വസിച്ചു.
അച്യുതൻകുട്ടി മനക്കണ്ണിൽ കാണുകയായിരുന്നു. വർഷങ്ങൾക്കുമുമ്പത്തെ ഒരു കരാളരാത്രി.
മച്ചിലെ കൊളുത്തിൽ തൂങ്ങിയാടുന്ന ബാലത്തമ്പുരാട്ടി. അതിനു കീഴിലിരുന്നു തേങ്ങിക്കരയുന്ന ഉണ്ണിത്തമ്പുരാൻ. ആട്ടുകട്ടിലിൽ ഗോദവർമ്മയുടെ ശവം. അടുത്തമുറികളിൽ ഗീതത്തമ്പുരാട്ടിയുടെയും സുധർമ്മത്തമ്പുരാട്ടിയുടെയും കുഞ്ഞിക്കുട്ടൻ തമ്പുരാന്റെയും ഭാഗിരഥിത്തമ്പുരാട്ടിയുടെയും ശവങ്ങൾ.
ഉണ്ണിത്തമ്പുരാനെ പുഴയോരത്തേക്കാണ് വലിച്ചിഴച്ചുകൊണ്ടുപോയത്. അവിടെവച്ചു കരിങ്കല്ലുകൊണ്ടു നെഞ്ചിടിച്ചുകലക്കി.
കല്ലുകെട്ടിയ അവന്റെശവം പുഴയിൽ വലിയ ഓളങ്ങൾ സൃഷ്‌ടിച്ചുകൊണ്ടു താണു പോകുന്നത് ഇപ്പോഴും കണ്ണിൽ കാണുന്നപോലെ അച്യുതൻകുട്ടിക്കു തോന്നി.
’എനിക്കുറപ്പുണ്ട് അവിടെവച്ച് അവൻ മരിച്ചിരുന്നു. അതുറപ്പുവരുത്തിയിട്ടാ കഴുത്തിൽ കല്ലുകെട്ടി തമ്പുരാനെ ഞാൻ പുഴയിലേക്കെറിഞ്ഞത്. അവൻ താഴ്‌ന്നുപോകുന്നതുവരെ ഞാൻ അവിടെത്തന്നെയുണ്ടായിരുന്നു.
അച്യുതൻകുട്ടി കിതപ്പോടെ നിർത്തി. ആരും ശബ്‌ദിച്ചില്ല. ഒന്നനങ്ങിയതുപോലുമില്ല. പെരുമാൾ അച്യുതൻകുട്ടിയുടെ മുഖത്തുനിന്നും കണ്ണുകൾ പറിച്ചെടുത്തു.
അച്യുതൻകുട്ടി തുടർന്നു.
‘ഉണ്ണിത്തമ്പുരാൻ ജീവനോടെയുണ്ടെന്ന് ആരു പറഞ്ഞാലും ഞാൻ സമ്മതിക്കില്ല. ഉണ്ണിത്തമ്പുരാനെ കൊന്നതു ഞാനാണ്. ഈ കൈകൾകൊണ്ട്….’ ആരോടെന്നില്ലാതെ കരിമഠം പെരുമാൾ ചോദിച്ചു.
‘അപ്പോൾ ഈ ശത്രുഘ്‌നൻ?’
ആരും ശബ്‌ദിച്ചില്ല.
മുറിയിൽ നിശ്വാസങ്ങൾ ചുട്ടുപഴുത്തു. അലസമായി കൈകൾ പിന്നിൽകെട്ടി മുറിയിൽ അങ്ങുമിങ്ങും നടന്നുകൊണ്ട് അടക്കിയ ശബ്‌ദത്തിൽ പെരുമാൾ പറഞ്ഞു.
‘അവൻ ഉണ്ണിതമ്പുരാനല്ല. കുഞ്ഞുക്കുട്ടനോ ഗോദവർമ്മയോ അല്ല. പിന്നെ?
ആരും ശബ്‌ദിച്ചില്ല. പെരുമാൾ തുടർന്നു.
അത്ഭുതമായിരിക്കുന്നു. നാലുകെട്ടുമായി ബന്ധമുള്ള ആരും അല്ലാതിരുന്നിട്ടും ശത്രുഘ്‌നൻ വർഷങ്ങൾക്കു മുമ്പ് നടന്നതെല്ലാം നേരിൽ കണ്ടിട്ടുള്ളതുപോലെ പറയുന്നു. മരിച്ചുപോയവർ മറ്റൊരു ജന്മമെടുത്തു തിരിച്ചുവരാറുള്ളതായി കഥകളിൽ മാത്രമേയുള്ളു. നമ്മളാരും ഇത്രയും കാലത്തിനിടയ്‌ക്ക് ഇതുപോലെയുള്ള ഒരു ഊരാക്കുടുക്കിലും ചെന്നുപെട്ടിട്ടില്ലല്ലോ തമ്പീ…. പെരുമാൾക്കു ശത്രുവിനെക്കുറിച്ചു രണ്ടാമതൊരിക്കൽകൂടി സംസാരിക്കേണ്ടിയും വന്നിട്ടില്ല.
നിങ്ങൾക്കറിയാമോ ശത്രുഘ്‌നൻ പ്രഭുവിന്റെ വലതുകൈ മുറിച്ചെടുത്തു. എന്റെ വടിവാളും ഇപ്പോൾ അവന്റെ പക്കലാണ്.’
തമ്പി വേവലാതിയോടെ പറഞ്ഞു.
‘ഇനിയും അവന്റെ ജാതകം നോക്കി സമയം വെറുതെ കളയണോ പെരുമാളേ? നോക്ക്. അവനെല്ലാമറിയാം. എല്ലാം…’
പെരുമാൾ തിരിഞ്ഞു തമ്പിയെ നോക്കി.
‘പക്ഷേ അതിനു മുമ്പ് അവൻ അരാണെന്നറിയണ്ടേ നമുക്ക്? തമ്പീ പറഞ്ഞു.
’അതെല്ലാം കണ്ടു പിടിക്കാൻ നിന്നാൽ ഇനി ഒരാൾക്കുകൂടി നറുക്കുവീഴും. നമ്മളിലൊരാളെ നിർദ്ദാക്ഷിണ്യം മരണം കൊത്തിയെടുക്കും. ജീവിച്ചു കൊതിതീർന്നില്ല പെരുമാളെ. രാഷ്‌ട്രീയം ഇപ്പോഴും എന്റെ ലഹരിയാണ്.‘ പെരുമാൾ പൊട്ടിച്ചിരിച്ചു.
’ശർക്കരക്കുടത്തിൽ കൈയിട്ടു ശീലിച്ചുപോയാൽ പെട്ടെന്നൊന്നും കൈ പിൻവലിക്കാനാവില്ല തമ്പീ‘
തമ്പിയുടെ മുഖം വിളറി.
’നിങ്ങൾക്കെങ്ങനെയാ ഇപ്പോഴും ചിരിക്കാൻ കഴിയുന്നത്? ഞങ്ങളൊക്കെ ആധിപിടിച്ചു പാതിയായി. കണ്ണടച്ചാൽ അപ്പോ തെളിയുന്നത് ആ നായിന്റെ മോന്റെ രൂപം. എന്തെങ്കിലുമൊരു പരിഹാരം പറയ് പെരുമാളേ….‘
പെരുമാൾ ചിരി നിർത്തി തമ്പിയെ നോക്കി.’
‘വേണമെങ്കിൽ ഈ രാത്രിതന്നെ ഞാൻ ആ നാലുകെട്ട് ഇടിച്ചുനിരത്താം. ശത്രുഘ്‌നനെയും കൂടെയുള്ളവനെയും അതിനുള്ളിലിട്ടു തീ കൊളുത്താം.’
തമ്പി ആശ്വാസത്തോടെ ചോദിച്ചു.
‘എങ്കിൽ അതിപ്പോൾ തന്നെയായിക്കൂടെ പെരുമാളെ?’ പെരുമാൾ മെല്ലെ ചിരിച്ചു
‘അങ്ങനെ പെട്ടെന്നവനെ അവസാനിപ്പിച്ചാലും മനസ്സിൽ ഒരു കരടുടക്കിക്കിടക്കും. ശത്രുഘ്‌നൻ ആരായിരുന്നു എന്ന കരട്.
’അതിന്. അതിന് നമ്മളിനി എന്തു ചെയ്യണം ?
ഉത്തരമെന്നതുപോലെ പെരുമാൾ അച്യുതൻകുട്ടിയെനോക്കി. അച്യുതൻകുട്ടിയുടെ കണ്ണുകൾ പിടച്ചു.
തികഞ്ഞ ശാന്തയോടെ പെരുമാൾ പറഞ്ഞു.
ഇനി അങ്ങോട്ടു പോകേണ്ടത് നീയാണ് അച്യുതൻകുട്ടീ. ഉണ്ണിത്തമ്പുരാന്റെ ജീവൻ നിന്റെ കൈകൾക്കിടയിലൂടെയല്ലേ പറന്നുപോയത്? അതുകൊണ്ടു നിന്നെ കാണുമ്പോൾ അയാൾ പ്രതികരിക്കും. സത്യം തുറന്നു പറയാൻ നിർബന്ധിതനാവും. പിന്നെ എന്റെ ഊഴം.‘
അച്യുതൻകുട്ടിയുടെ ചുണ്ടിൽ ക്രൂരമായ ഒരു ചിരി വന്നു. തമ്പിയോടായി അയാൾ പറഞ്ഞു.
’ശരിയാണ്. ഇനി ഞാൻ തന്നെയാണങ്ങോട്ടു പോകേണ്ടത്. ശത്രുഘ്‌നൻ ഉണ്ണിത്തമ്പുരാനല്ലെന്ന് ഒരിക്കൽ കൂടി ഉറപ്പുവരുത്താൻ. പക്ഷേ ഒരു കാര്യം. ഞാനവനെ അവിടെ ഒരു പേപ്പട്ടിയെപ്പോലെ വെടിവച്ചിട്ടാൽ എന്നോട് ഒരു എക്‌സ്‌പ്ലനേഷനും ചോദിക്കരുത്.
Generated from archived content: anathapuri9.html Author: nk_sasidharan