കൈമൾ അറിയാതെ പിടഞ്ഞെണീറ്റു. നിമിഷനേരത്തേക്ക് അയാളുടെ ശ്വാസഗതി നിലച്ചു. ശത്രുവിന്റെ ഈ വരവ് പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ടാറ്റാ സിയെറാ കാർ നേരിൽ കണ്ടപ്പോൾ ഒരുൾക്കിടിലം. കാറിന്റെ ഡോർ തുറന്ന് ആദ്യമിറങ്ങിയത് അനന്തൻ. അയാളുടെ കൈയിൽ വലിയൊരു പുഷ്‌പചക്രം. തൊട്ടുപിന്നാലെ ഡ്രൈവിംഗ് സീറ്റിൽ നിന്നു. ശത്രുഘ്‌നനും ഇറങ്ങി. തുറന്നുകിടന്നിരുന്ന ഗെയ്‌റ്റിനുള്ളിലൂടെ അവർ അകത്തേക്കു വരുന്നത് ഭീതിയോടെ കൈമൾ കണ്ടു. കൈമൾ നാരായണക്കുറുപ്പിന്റെ മുന്നിലേക്കു ചെന്നു. അയാളും ശത്രുഘ്‌നനെ കണ്ടുകഴിഞ്ഞിരുന്നു. തെല്ലുദൂരെ മാറിനിന്നിരുന്ന അച്യുതൻകുട്ടിയും അവരുടെ സമീപത്തേക്കു ചെന്നു. മൂന്നുപേരും പരസ്‌പരം നോക്കി.
അച്യുതൻകുട്ടി രോക്ഷത്തോടെ പിറുപിറുത്തു.
‘ബാസ്‌റ്റഡ്’
ശത്രുഘ്‌നനും അനന്തനും ആരെയും ശ്രദ്ധിക്കാതെ ബേബിച്ചായന്റെ ശവശരീരത്തിനടുത്തേക്കു നടന്നു ചെന്നു. അനന്തന്റെ കൈയിൽ നിന്നു പുഷ്‌പചക്രം വാങ്ങി ശവശരീരത്തിൽ വച്ചു ശത്രുഘ്‌നൻ ഒരു നിമിഷം നിശ്‌ചലനായി നിന്നു. പിന്നെ അനന്തനോടു പറഞ്ഞു.
‘പോകാം.’
അനന്തനും ശത്രുഘനനും കാറിനടുത്തേക്കു തിരിച്ചു നടന്നു. അതു നോക്കിനിൽക്കുമ്പോൾ അച്യുതൻകുട്ടിയുടെ പല്ലുകൾ ഞെരിഞ്ഞു. കണ്ണുകളിൽ തീയാളി. അയാൾ മുന്നോട്ടു കുതിക്കാനാഞ്ഞു. കുറുപ്പും കൈമളും അച്യുതൻകുട്ടിയെ ബലമായി പിന്നോട്ടു വലിച്ചു.
പല്ലുകൾക്കിടയിൽ അച്യുതൻകുട്ടിയുടെ വാക്കുകൾ ഞെരിഞ്ഞു.
‘എനിക്കു സഹിക്കണില്ല കൈമളേ…. ആ പട്ടിയോടു രണ്ടു വാക്കു പറയാൻ എന്റെ നാവു തരിക്കണു…. വിടെന്നെ…. ആ കഴുവേറീടെ മോനെ ഇവിടെയിട്ടുതന്നെ തീർത്തുതരാം ഞാൻ. അങ്ങിനെയങ്കിലും ബേബിച്ചായന്റെ ആത്മാവിനു മോക്ഷം കിട്ടട്ടെ.’
കുറുപ്പ് അടക്കിയ ശബ്‌ദത്തിൽ പറഞ്ഞു.
‘ഇപ്പോൾ നമ്മളൊന്നും പറഞ്ഞുകൂടാ അച്യുതൻകുട്ടി. അതും ഇവിടെവച്ച്. ബേബിച്ചായന്റെ മരണം ഒരാക്‌സിഡന്റാണ്. മറിച്ചെന്തുപറഞ്ഞാലും ആരും വിശ്വസിക്കില്ല നമുക്കു കാത്തിരിക്കാം. അച്യുതൻകുട്ടീ. പെരുമാളു തമ്പിയും വരുന്നതുവരെ കാത്തിരിക്കാം..’
അച്യുതൻകുട്ടിയുടെ ശബ്‌ദമിടറി.
‘ജീവിച്ചിരുന്ന മനുഷ്യനെ കൊന്നു കൊലവിളിച്ചിട്ട് ഒന്നും സംഭവിക്കാത്തതുപോലെ ആ നായിന്റെ മോൻ റീത്തുവച്ചിട്ടു മടങ്ങിപ്പോണ കണ്ടില്ലേ കുറുപ്പേ. എന്റെ ചോര തിളക്കണുണ്ട്. ആ ബാസ്‌റ്റഡിനെ ഒടിച്ചുനുറുക്കി ബേബിച്ചായന്റെ ശവശരീരത്തിനടുത്തുതന്നെ കിടത്താൻ എന്റെ മനസ്സു പറയുന്നുണ്ട്. വിടൂ കുറുപ്പേ ഞാൻ -’
കുറുപ്പ് അച്യുതൻകുട്ടിയെ രൂക്ഷമായി നോക്കി. എന്നിട്ടുവേണം ആ കള്ളനായിന്റെ മോൻ കഴിഞ്ഞതെല്ലാം എല്ലാവരും കേൾക്കെ ഉറക്കെ വിളിച്ചു പറയാൻ, ഗോദവർമ്മയെയും കുടുംബത്തെയും മാത്രമല്ല ഭാർഗവരാമനെയും നമ്മളാണു കൊന്നതെന്നു ശത്രുഘ്‌നൻ വിളിച്ചു പറയും. പക്ഷേ ഒന്ന്. പിന്നെ ഉണ്ടാവാനുള്ളതെല്ലാം നീ ഒറ്റയ്‌ക്ക് അനുഭവിക്കേണ്ടിവരും. പറഞ്ഞില്ലെന്നുവേണ്ട. ചെല്ലെടാ ചെന്നുചോദിക്ക്….
അച്യുതൻകുട്ടി കൈവലിച്ചെടുത്തു. പിന്നെ മുഖം പൊത്തി കൊച്ചുകുഞ്ഞിനെപ്പോലെ വിതുമ്പിക്കരഞ്ഞു. ഗെയ്‌റ്റിനടുത്തെത്തിയ ശത്രുഘ്‌നൻ പൊടുന്നനെ തിരിഞ്ഞ് അച്യുതൻകുട്ടിയെ നോക്കി. പിന്നെ കനത്ത മുഖവുമായി അയാൾ അച്യുതൻകുട്ടിയുടെ അടുത്തേക്കു നടന്നുചെന്നു. കുറുപ്പ് കൈകൾ കൂട്ടിഞ്ഞെരിച്ചു. കൈമൾ ശത്രുഘ്‌നനെ തുറിച്ചുനോക്കി. അച്യുതൻകുട്ടി മുഖത്തുനിന്നും കൈകൾ അടർത്തിമാറ്റി.
തികഞ്ഞ ശാന്തതയോടെ ശത്രുഘ്‌നൻ പറഞ്ഞു. ‘മരണം രംഗബോധമില്ലാത്ത കോമാളിയാണ്. ഇന്നു കാണുന്നവരെ നാളെ കണ്ടെന്നുവരില്ല, അച്യുതൻകുട്ടി അതു പ്രകൃതി നിയമം. എത്ര ഉറക്കെ നിലവിളിച്ചാലും ബേബിച്ചായൻ ഇനിയതു കേൾക്കില്ല. കരഞ്ഞതുകൊണ്ടു മരിച്ചുപോയവർ തിരിച്ചുവന്ന ചരിത്രവുമില്ല. ഇവിടെയും ചരിത്രം മാറില്ല.’
നാരായണക്കുറുപ്പ് രോഷം കടിച്ചമർത്തി മെല്ലെ ചോദിച്ചു. ‘ഈ പുഷ്‌പചക്രവും നിങ്ങൾ നേരത്തേ ഓർഡർ ചെയ്‌തിരുന്നു അല്ലേ?’
ശത്രുഘ്‌നൻ ശാന്തതയോടെ പറഞ്ഞു ‘യെസ്’ യൂ വാർ റൈറ്റ്. ഈ നാട്ടിൽ പുതിയതായി എത്തിയ ആളാണു ഞാൻ. വി.ഐ.പി.കൾ മരിക്കുമ്പോൾ വെറും കൈയോടെ വരുന്നതു ശരിയല്ലല്ലോ. ഇനിയും ഇതുപോലെ ഒരഞ്ചാറെണ്ണം കൂടി വേണ്ടിവരുമെന്നു കടയിൽ പറഞ്ഞിട്ടുണ്ട്. വില അഡ്വാൻസായി കൊടുത്തും കഴിഞ്ഞു. ഇനി വാങ്ങാൻ ചെല്ലേണ്ട ബാധ്യതയേയുള്ളൂ.‘
കൈമൾ അറിയാതെ പിടഞ്ഞുപോയി. കുറുപ്പ് പതർച്ചയോടെ തിരിക്കി. ’എന്തിനാ നിങ്ങളിതെല്ലാം ചെയ്യുന്നത്? ആർക്കുവേണ്ടി ആരാ നിങ്ങളുടെ പിന്നിലുള്ളത്? ആ നാലുകെട്ടിനുള്ളിൽ നിങ്ങൾ എന്താണു ചെയ്യുന്നത്?‘
ശത്രുഘ്‌നൻ മെല്ലെ ചിരിച്ചു
പിന്നെ ശബ്‌ദം താഴ്‌ത്തിപ്പറഞ്ഞു. ’ഇന്നു രാത്രി പത്തുമണിക്കല്ലേ പെരുമാളും ജനാർദ്ദനൻ തമ്പിയും കൈമളുടെ ബംഗ്ലാവിൽ എത്തുന്നത്? നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം അവർ പറഞ്ഞുതരാതിരിക്കില്ല.‘
വെള്ളിടി വെട്ടിയതുപോലെ നാരായണക്കുറുപ്പ് നടുങ്ങി. അച്യുതൻകുട്ടിയും കൈമളും അടിമുടി വിറച്ചുകൊണ്ടു പരസ്‌പരം നോക്കി. ഒന്നും സംഭവിക്കാത്തതുപോലെ ശത്രുഘ്‌നൻ തിരിഞ്ഞു നടന്നു. ഗെയ്‌റ്റുകടന്ന് അയാൾ കാറിനടുത്തെത്തി. ആരോടൊന്നില്ലാതെ കൈമൾ പറഞ്ഞു. ’ദൈവമേ, ഇവൻ മനുഷ്യനല്ല. നമ്മുടെയൊക്കെ വിധി തിരുത്തിയെഴുതാൻ വന്ന പിശാച്. ഭ്രൂതകാലത്തിൽ നിന്ന് അടർന്നുവീണ തീപ്പൊട്ട്. ഗോദവർമ്മത്തമ്പുരാന്റെ രണ്ടാം ജന്മം ആ കണ്ണുകൾപോലും അതുപോലെ…… അതുപോലെ…
ആരോ വലിച്ചെറിഞ്ഞ തീപ്പന്തംപോലെ ടാറ്റാ സിയെറാ മുന്നോട്ടു കുതിച്ചു. കാറിനുള്ളിലിരുന്നു ശത്രുഘ്‌നൻ ചിരിച്ചു.
‘ജീവിച്ചിരുന്ന മനുഷ്യർ പൊടുന്നനെ ചത്തുശവമായി മാറുമ്പോൾ നിനക്കു പേടിയാണ് അല്ലേ അനന്താ?’
അനന്തൻ മിണ്ടിയില്ല.
‘പേടിക്കരുത്. അറിയാതെപോലും സഹതപിക്കരുത്. കനത്ത തുക ശമ്പളം തന്നു നിന്നെകൂടെ കൊണ്ടുനടക്കുന്നത് ഇതുപോലെ ഹരമുള്ള കാഴ്‌ചകൾ കാട്ടിത്തരാൻ. കുന്നുകൂടിക്കിടക്കുന്ന പുഷ്‌പചക്രങ്ങൾക്കിടയിൽ വിളറിവെളുത്ത് നിശ്‌ചലമായ കുറേ മുഖങ്ങൾ. വർഷങ്ങൾക്കുമുൻപ് ഞാൻ കണ്ടുതുടങ്ങിയ സ്വപ്‌നമാണത്. ഇപ്പോഴും കണ്ണടക്കുമ്പോഴൊക്കെ കാണുന്ന സ്വപ്‌നമാണത്. ഓരോ സ്വപ്‌നത്തിലും മുഖങ്ങൾ മാറിമാറിവരും. നിനക്കറിയാമോ അനന്താ ഒരിക്കൽ പണം വാരിയെറിഞ്ഞ് നീതിയുടെ കണ്ണുകെട്ടിയ കുറേ നരാധന്മാർ. ശൂന്യതയിൽ നിന്നും കണക്കില്ലാത്ത കനത്ത സമ്പത്തുകൾ കൊയ്‌തെടുത്ത അഭിനവരാഷ്‌ട്രീയ ചാണക്യന്മാർ, അവരെ മാത്രമേ എനിക്കുവേണ്ടൂ. മരിച്ചുപോയ ഗോദവർമ്മത്തമ്പുരാന്റെ ശവശരീരത്തിൽ ചവിട്ടിനിന്നാണ് ഈ പട്ടികളെല്ലാം ഉയരത്തിലേക്കു കുതിച്ചു ചാടിയത്. ആ ചോര വീണ മണ്ണിലാണ് സോഷ്യലിസ്‌റ്റ് പാർട്ടി തഴച്ചുവളർന്നത്. ഇന്നും തമ്പുരാന്റെ ചില്ലിട്ട ചിത്രത്തിൽ മാലചാർത്തിക്കൊണ്ടാണു പാർട്ടി ഓരോ കർമ്മപരിപാടിയും ആസൂത്രണം ചെയ്യുന്നത്. അപ്പോഴൊക്കെ ചില്ലിട്ട ചിത്രത്തിനുള്ളിൽ ഗോദവർമ്മത്തമ്പുരാൻ ഇടനെഞ്ചുപൊട്ടിക്കരയുന്നുണ്ടാവും. നിനക്കു വിശ്വസിക്കാം അനന്താ… നിരപരാധികൾ ശിക്ഷിക്കപ്പെടില്ല. എന്റെ സ്വപ്‌നത്തിൽ അങ്ങിനെയുള്ളവരുടെ മുഖങ്ങളില്ല. തിരിച്ചുപോകുന്നതിനു മുൻപ് ഒരു നിയോഗം കൂടിയുണ്ട് ശവങ്ങൾ നിരത്തിയിട്ട്, ചോരയിൽ കുതിർത്ത് കാലം വളർത്തിയെടുത്ത ഒരു ദേശീയ പാർട്ടിക്കു ശവങ്ങൾ കുന്നുകൂട്ടിക്കൊണ്ട് എനിക്ക് ആദരാജ്ഞലി
കളർപ്പിക്കണം. കള്ളനാണയങ്ങളെ ജനങ്ങളുടെ മുന്നിലേക്കിട്ടുകൊടുക്കണം. അവസാനത്തെ വിധിയെഴുത്തിനായി, അതുവരെ ഈ യുദ്ധം തുടരും അനന്താ.’
അനന്തൻ മെല്ലെ മുന്നോട്ടാഞ്ഞു ‘ക്ഷമിക്കണം മുതലാളി ആരാ? എന്തിനാ ഇതെല്ലാം ചെയ്യുന്നത്? മരിച്ചുപോയ ഗോദവർമ്മത്തമ്പുരാന്റെ……“
അനന്തന്റെ ശബ്‌ദം മുറിച്ചുകൊണ്ട് ശത്രുഘ്‌നൻ ചിരിച്ചു.
’ഈ ചോദ്യം ഞാൻ ഒരു പാടുതവണ കേട്ടു കഴിഞ്ഞു. മരണം തൊട്ടുപിന്നാലെയുള്ളവർ ഇപ്പോഴും പരസ്‌പരം ചോദിക്കുന്നത് ഇതേ ചോദ്യം. ഈ രാത്രി ജനാർദ്ദനൻ തമ്പിയും പെരുമാളും അവരെ വിളിച്ചുവരുത്തിയവരോട് ആദ്യം ചോദിക്കുന്നതും ഇതുതന്നെയായിരിക്കും….. ആരാ ഈ ശത്രുഘ്‌നൻ? എന്തിനാ അവൻ വന്നിരിക്കുന്നത്?
സ്‌റ്റിയറിംഗ് വീലിൽ മെല്ലെ തെരുപ്പിടിച്ചുകൊണ്ട് ശത്രുഘ്‌നൻ തുടർന്നു. ‘ഒരിക്കൽ പറഞ്ഞത് വീണ്ടും പറയാൻ എന്നെ നിർബന്ധിക്കരുത്്. ഞാൻ പറയുന്നതല്ലാതെ മറ്റൊന്നുമറിയാൻ ശ്രമിക്കരുത്. കാലം കാത്തുവച്ചിട്ടുള്ള ദുരൂഹതയാണു ശത്രുഘ്‌നൻ. ഉത്തരം കിട്ടാത്ത പ്രഹേളിക. നാലുകെട്ടിനുള്ളിൽ ശവങ്ങൾ കൂട്ടിയിട്ട് താണ്ഡവമാടിയവർക്കു രാപ്പകൽ മനസ്സിലിട്ടു നീറ്റാൻ ഒരു സമസ്യ……….
പിന്നെ അനന്തൻ മിണ്ടിയില്ല.
ടാറ്റാ സിയെറാ നാലുകെട്ടിനു നേരേ കുതിച്ചു പാഞ്ഞു.
പകൽ എരിഞ്ഞടങ്ങി. കറുത്തമുഖവുമായി രാത്രിവന്നു. രാമകൃഷ്‌ണക്കൈമളുടെ ബംഗ്ലാവിനുള്ളിൽ അസ്വസ്‌ഥമായ മനസുമായി അപ്പോൾ മൂന്നുപേരുണ്ടായിരുന്നു. കൈമൾ, അച്യുതൻകുട്ടി, നാരായണക്കുറുപ്പ്. ആരും ഒന്നും ശബ്‌ദിച്ചില്ല. ക്ലോക്കിലെ മിനിറ്റു സൂചി മെല്ലെ മെല്ലെ തെന്നിനീങ്ങി. പത്തുമണിയാകാൻ എട്ടുമിനിറ്റുകൂടി ബാക്കിയുണ്ടായിരുന്നു. പൊടുന്നനെ ഗേറ്റിനു മുന്നിൽ ഒരംബാസഡർ കാർ ബ്രേക്കിട്ടുനിന്നു. മൂന്നുപേരും കുതിച്ചെഴുന്നേറ്റ് പുറത്തേക്കു നീങ്ങി. കാറിൽ നിന്നിറങ്ങിയത് ജനാർദ്ദനൻ തമ്പിയായിരുന്നു. തമ്പി ഗെയ്‌റ്റ് തുറന്ന് അകത്തേക്കു വന്നു. മൂന്നുപേരും മാറി മാറി നോക്കി, തമ്പി ഉൽക്കണ്‌ഠയോടെ ചോദിച്ചു. ’എന്തിനാ എന്നെ വിളിച്ചത് കൈമളേ? നോക്ക് വല്ലാത്ത തിരക്കിലാ ഞാനിപ്പോൾ. ഇലക്‌ഷനാണെങ്കിൽ അടുത്തു വരുന്നു. ഇപ്പോഴേ തയ്യാറെടുത്തില്ലെങ്കിൽ വരുന്ന അസംബ്ലിയില് മരുന്നിനുപോലും സോഷ്യലിസ്‌റ്റു പാർട്ടിയുണ്ടാവില്ല, ഇത്തവണ ഇലക്‌ഷൻ ഫണ്ടിലേക്കു ബേബിച്ചായന്റെ സംഭാവന കിട്ടില്ല. മറ്റേതെങ്കിലും സോഴ്‌സിൽ നിന്നും ആ നഷ്‌ടം നികത്താൻ നോക്കണം. നിങ്ങളെല്ലാം ഇങ്ങനെ വെറുതെയിരുന്നാൽ പറ്റില്ല. ഗ്രൂപ്പ് വൈരവുമൊക്കെമറന്ന് നമ്മളെല്ലാം ഒന്നിക്കണം കൈമളേ…. അല്ലെങ്കിൽ തൂണും ചാരിനിന്നവൻ പെണ്ണുകൊണ്ടുപോകും.‘ ഒറ്റശ്വാസത്തിലാണു ജനാർദ്ദനൻ തമ്പി എല്ലാം പറഞ്ഞുകൊണ്ടിരുന്നത്. ആരും ഒരക്ഷരം പോലും ശബ്‌ദിച്ചില്ല. തമ്പിയെ തടയാൻ ശ്രമിച്ചുമില്ല. തമ്പി കുറുപ്പിനെയും കൈമളെയും മാറിമാറി നോക്കിക്കൊണ്ടു തുടർന്നു.
’എന്നെ മാറ്റി മറ്റവനെ കൊണ്ടുവരാൻ നിങ്ങൾ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുന്ന കാര്യം ഞാനറിഞ്ഞില്ലെന്നു കരുതണ്ട. അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ ഒന്നിനേയും ഞാൻ വെറുതെ വിടില്ല. ഒരുപാടു ചോരയൊഴുക്കീട്ടാ തമ്പീ ഈ കസേരയിലു വന്നത്. തെറിപ്പിക്കാൻ നോക്കല്ലേ….. അങ്ങനെയെന്തെങ്കിലും പറയാനാ എന്നെ വിളിച്ചുവരുത്തിയതെങ്കിൽ….‘ തമ്പിയുടെ ശബ്‌ദം പുറത്തു വന്നു നിന്ന ഒരു വാനിന്റെ ഇരമ്പലിൽ അമർന്നുപോയി. ഗേറ്റ് ശക്തിയായി തള്ളിത്തുറന്ന് ആരോ അകത്തേക്കു കയറിവന്നു. സംസാരം നിർത്തി തമ്പി കടന്നു വരുന്ന ആളെ ശ്രദ്ധിച്ചു. പൊടുന്നനെ തമ്പിയുടെ മുഖം വിവർണ്ണമായി. ചുണ്ടുകൾ അറിയാതെ ചലിച്ചു.
’പെരുമാൾ‘
മുറിയ്‌ലേക്കു കടന്നുവന്ന പെരുമാൾ കാലുകൊണ്ടു വാതിൽ തള്ളിയടച്ചു. പിന്നെ ചുണ്ടിൽ വിരൽ ചേർത്ത് അടക്കിയ ശബ്‌ദത്തിൽ പറഞ്ഞു.
’അരുത്. പറയരുത്.‘
തമ്പി നിശ്ശബ്‌ദനായി. പെരുമാൾ കൈമളെ നോക്കി.
’വർഷങ്ങൾക്കുശേഷം നമ്മളൊന്നിച്ച് ഇതുപോലെ കുടുന്നത് ആദ്യമാണല്ലോ കൈമളേ? എന്തുപറ്റി? അരുതാത്തതെന്തെങ്കിലും……?‘
ആരും ശബ്‌ദിച്ചില്ല. പെരുമാൾ ഓരോരുത്തരെയായി മാറി മാറി നോക്കി. എല്ലാ മുഖങ്ങളും വിളറിയിരിക്കുന്നത് അയാൾ ശ്രദ്ധിച്ചു..
’ആർക്കോ ചാവാൻ സമയമായിട്ടുണ്ട്. പറഞ്ഞോളൂ കൈമളേ…….. ആർക്കാ പെരുമാളുമായി ഉടനെ ഒരു മുഖമാമുഖം വേണ്ടത്?‘
കൈമൾ നടന്നതെല്ലാം പെരുമാളോടു വിസ്‌തരിച്ചു പറഞ്ഞു. എല്ലാം കേട്ടുനിന്ന തമ്പിയുടെ മുഖം വിവർണ്ണമായി. കൈമൾ പറഞ്ഞവസാനിപ്പിച്ചപ്പോൾ അത്ഭുതത്തോടെ പെരുമാൾ തിരക്കി.
’വർഷങ്ങൾക്കു പിന്നിൽ നമുക്കാർക്കും അങ്ങനെയൊരു കൈത്തെറ്റു പറ്റിയിട്ടില്ലല്ലോ തമ്പീ. ആരും ബാക്കിയായിട്ടില്ലല്ലോ. പിന്നെങ്ങനെ ഇവൻ-‘
തമ്പി വേവലാതിയോടെ പറഞ്ഞു. ’ഇല്ല പെരുമാളെ ആരും ബാക്കിയിായിട്ടില്ല. ശവങ്ങളെല്ലാം ഞാൻ ഈ കണ്ണുകൊണ്ടു കണ്ടതാ. ഞാൻ മാത്രമല്ല ഇവരും അതു കണ്ടിട്ടുണ്ട് നമുക്കല്ലാതെ ആർക്കും -‘
പെരുമാൾ ശാന്തതയോടെ പറഞ്ഞു.
’അതുകൊണ്ടു കാര്യമില്ല. ശത്രുഘ്‌നൻ വലംപിരിശംഖിനെപ്പറ്റിയും പുലിനഖമാലയെപ്പറ്റിയും അറിഞ്ഞിട്ടുണ്ട്. ഭാർഗ്ഗരാമന്റെയും ബേബിച്ചായന്റെയും മരണം മുൻകൂട്ടി അറിഞ്ഞിട്ടുണ്ട്. ആറാമിന്ദ്രീയം കൊണ്ടല്ല. അവർ മരിച്ചുകാണാൻ അവൻ ആഗ്രഹിച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ സംശയിക്കുന്നു. ബേബിച്ചായന്റെ മരണം ആക്‌സിഡന്റല്ല. പ്ലാൻഡ് മർഡർ.‘
കൈമൾ വിറച്ചുപോയി. നാരായണക്കുറുപ്പ് വിവശനായി ചോദിച്ചു.
’അപ്പോൾ നമ്മുടെ മരണവും അവൻ മുൻകൂട്ടി കണ്ടിട്ടുണ്ടാവില്ലേ? നാലുകെട്ടിലെ സംഭവങ്ങളുമായി നമുക്കു മാത്രമാണു ബന്ധമുള്ളത്. ആ നിലയ്‌ക്ക് അവൻ ഗോദവർമ്മത്തമ്പുരാന്റെ ആരെങ്കിലുമാവേണ്ടതല്ലേ?
പെരുമാൾ സോഫയിൽ നിന്നെഴുന്നേറ്റു. പിന്നെ കൈകൾ പിന്നിൽ കെട്ടി മുറിയിൽ അങ്ങുമിങ്ങും നടന്നു. കുറച്ചുനേരത്തേക്കു മുറിയിൽ കനത്ത നിശ്ശബ്‌ദത. പെരുമാൾ എന്താണാലോചിക്കുന്നതെന്ന് ആർക്കും മനസ്സിലായില്ല.
ചോദിച്ചറിയാൻ ആരും ധൈര്യപ്പെട്ടുമില്ല. നിമിഷങ്ങൾക്കുശേഷം പെരുമാൾ മെല്ലെ തിരിഞ്ഞു. തികഞ്ഞ ശാന്തതയോടെ പറഞ്ഞു.
‘ഈ രാത്രിതന്നെ നെല്ലുപതിരും തിരിച്ചറിയണം. സംശയങ്ങളെല്ലാം വേരോടെ പിഴുതെറിയണം. ഈ അനന്തപുരിയിൽ കൊല്ലാനുള്ള അധികാരം പെരുമാൾക്കു മാത്രമേയുള്ളൂ. അതുമറ്റൊരാൾക്കു വീതം വച്ചുകൊടുക്കാനാവില്ല. ശത്രുഘ്‌നൻ ശവക്കുഴിയിൽ നിന്നും ഉയർത്തെഴുന്നേറ്റു വന്നിട്ടുള്ള ശത്രുവാണെങ്കിൽപോലും പുലരുന്നതുനുമുൻപ് അവൻ എല്ലാം പറഞ്ഞുതരും. തത്ത പറയുന്നതുപോലെ പേടിക്കേണ്ട നാളെ പുലരുമ്പോൾ എല്ലാം പഴയതുപോലെയാവും. കഴിഞ്ഞതെല്ലാം ഓർമ്മിപ്പിക്കാൻ വന്നവൻ ചോരപുരണ്ട ഓർമ്മയായി മാറും. നിങ്ങളൊക്കെ ഒരുപാടു വൈകിപ്പോയി. സംശയം തോന്നിയപ്പോൾ തന്നെ എന്നെ അറിയിക്കേണ്ടതായിരുന്നു. സാരമില്ല. സമാധാനത്തോടെ ഇരുന്നോളൂ. ഇനി ഇവിടെ ഫോൺ ശബ്‌ദിക്കുന്നത് ശത്രുഘ്‌നന്റെ മരണവാർത്തപറയാൻ.
പെരുമാൾ വാതിൽ വലിച്ചു തുറന്നു. പിന്നെ പുറത്തേക്കു നോക്കി ഉറക്കെ വളിച്ചു.
പ്രഭൂ.’
കനത്ത ഇരുട്ടിൽ ഒരു നിഴൽ പിടച്ചു. അപ്പോൾ പെരുമാളുടെ ചുണ്ടിൽ ക്രൂരമായ ഒരു ചിരിയുണ്ടായിരുന്നു.
Generated from archived content: anathapuri7.html Author: nk_sasidharan