പന്ത്രണ്ട്‌

സൺഗ്ലാസിനുള്ളിൽ ശത്രുഘ്‌നന്റെ കണ്ണുകൾ വട്ടമൊന്നു പിടഞ്ഞു. രാജ്‌മോഹൻ അയാളുടെ മുഖത്തു നിന്നു കണ്ണുകളെടുത്തില്ല. ശത്രുഘ്‌നൻ കണ്ണുകൾകൊണ്ടു രാജ്‌മോഹനെ അടിമുടിയുഴിഞ്ഞു. പിന്നെ പല്ലുകൾക്കിടയിലിട്ടു സിഗരറ്റ്‌ ഞെരിച്ചുകൊണ്ടു നേർത്ത ശബ്‌ദത്തിൽ അയാൾ തിരക്കി.

‘ചോദ്യം? എനിക്കു മനസ്സിലായില്ല മിസ്‌റ്റർ കമ്മീഷണർ. വാട്ട്‌ ഡൂ മീൻ?’

രാജ്‌മോഹൻ പൊട്ടിത്തെറിച്ചു.

‘ഉരുണ്ടുകളിക്കണ്ട. എല്ലാമറിഞ്ഞിട്ടാണു ഞാൻ വന്നിരിക്കുന്നത്‌.’

ശത്രുഘ്‌നൻ അടക്കിച്ചിരിച്ചു. ‘മതിയായ തെളിവുകളില്ലാതെ ഒരു വി.ഐ.പി.യെ കസ്‌റ്റഡിയിലെടുത്തതിനാണ്‌ ജനാർദ്ദനൻ തമ്പി ഒരിക്കൽ നിങ്ങളുടെ കുപ്പായമൂരി വാങ്ങിയത്‌. വീണ്ടും അതേ തെറ്റ്‌. ആവർത്തിക്കാനൊരുങ്ങുകയുണു നിങ്ങൾ. സൂക്ഷിക്കണം മിസ്‌റ്റർ രാജ്‌മോഹൻ. ഈ കാക്കിക്ക്‌ സ്‌ഥിരമായി ആരുടെയും ദേഹത്തൊട്ടിക്കിടന്നു ശീലമില്ല. വമ്പന്മാരുടെ മൂക്കുവിയർക്കും പ്ലീസ്‌ മൈൻഡിറ്റ്‌.’

രാജ്‌മോഹന്റെ ശബ്‌ദമുയർന്നു. ഒളിച്ചു കളിക്കണ്ട. അച്ചുതൻകുട്ടിയെ നിങ്ങൾ ഭീഷണിപ്പെടുത്തിയില്ലേ? അയാൾക്കു മരണസമയം കുറിച്ചുകൊടുത്തില്ലേ? എട്ടുമണിക്കൂറിനുള്ളിൽ അയാൾ മരിക്കുമെന്നു ഭീഷണിപ്പെടുത്തിയില്ലേ?

ശത്രുഘ്‌നന്റെ ചുണ്ടിലെ ചിരി മാഞ്ഞില്ല.

ആരുടെയും മരണത്തെക്കുറിച്ചു പ്രവചിക്കാൻ ഞാനതിന്‌ ഈശ്വരനല്ല. നിങ്ങൾക്കു തെറ്റിയിരിക്കുന്നു. മിസ്‌റ്റർ കമ്മീഷണർ. ഇതു ചോദിക്കേണ്ടത്‌. എന്നോടല്ല. അച്ചുതൻകുട്ടിയുടെ ജാതകമെഴുതിയ ജോത്സ്യനോട്‌.‘

രാജ്‌മോഹൻ ശത്രുഘ്‌നനെ തുറിച്ചുനോക്കി ’പരിഹാസം എനിക്കു മനസ്സിലാവുന്നുണ്ട്‌.‘

മനസ്സിലാവാൻ വേണ്ടിയാണു പരിഹസിച്ചതും.

’യൂ….യൂ…..‘

ശത്രുഘ്‌നൻ തിളങ്ങുന്ന ചിരിയോടെ പറഞ്ഞു.

’ദേഷ്യപ്പെടേണ്ട. ഹ്യൂമർസെൻസില്ലാത്ത ഒരു കമ്മീഷണറാണു മുൻപിൽ നിൽക്കുന്നതെന്നു മനസ്സിലായില്ല. ആട്ടെ ആരാ ഈ അച്ചുതൻകുട്ടി? അയാൾക്കു ഞാനെന്തിനാ മരണസമയം കുറിച്ചുകൊടുത്തത്‌?‘

രാജ്‌മോഹൻ ശത്രുഘ്‌നന്റെ മുഖത്തുനിന്നു കണ്ണെടുത്തില്ല.

’അതറിയാതെയാണു വാലിനു തീപ്പിടിച്ചതുപോലെ നിങ്ങൾ ഇങ്ങോട്ടോടി വന്നത്‌? അല്ലേ, സാരമില്ല. ഇരിക്കു മിസ്‌റ്റർ രാജ്‌മോഹൻ. നമുക്ക്‌ ഇരുന്നു സംസാരിക്കാം. മനസ്സിന്റെ നന്മ കറുത്ത ശക്തികൾക്കു പണം വച്ചിട്ടില്ലാത്ത കരുത്തുള്ള പോലീസ്‌ ഉദ്യോഗസ്‌ഥൻമാരിൽ ഒരാളാണ്‌ നിങ്ങൾ. ഒരു പക്ഷേ പെരുമാളുടെ ശമ്പളം പറ്റിയിട്ടില്ലാത്ത ആദ്യത്തെ പോലീസ്‌ കമ്മീഷണറും.‘

’പെരുമാൾ! – പെരുമാളെ എങ്ങനെയറിയാം നിങ്ങൾക്ക്‌?‘

അയാളെ അറിയാത്തവരായി ഈ അനന്തപുരിയിൽ ആരെങ്കിലുമുണ്ടോ മിസ്‌റ്റർ രാജ്‌മോഹൻ?’

രാജ്‌മോഹൻ ശത്രുഘ്‌നനെ തുറിച്ചുനോക്കി.

‘പെരുമാളല്ലാതെ മറ്റാരെയൊക്കെയറിയാം നിങ്ങൾക്ക്‌?’

ശത്രുഘ്‌നൻ ആട്ടുകട്ടിലിലിരുന്നു.

‘അറിയേണ്ടവരെ മുഴുവൻ ഇൻക്‌ളൂഡിംഗ്‌ യൂ….’

‘എന്നെയോ? എങ്ങിനെ….എങ്ങിനെയറിയാം നിങ്ങൾക്ക്‌ ?

ശത്രുഘ്‌നൻ ആട്ടുകട്ടിലിലിരുന്നു മെല്ലെ ആടി.

പറയാം. പറയുന്നത്‌ ഇരുന്നുകൊണ്ട്‌ കേൾക്കാൻ വിഷമമുണ്ടാവില്ലല്ലോ നിങ്ങൾക്കു​‍്‌ ? ഇരിക്കു മിസ്‌റ്റർ രാജ്‌മോഹൻ. ഇപ്പോൾ നിങ്ങളെന്റെ അതിഥിയാണ്‌.’

രാജ്‌മോഹൻ ചൂരൽക്കസേരയിലേക്കു ചാഞ്ഞു. ശത്രുഘ്‌നൻ തലയണയ്‌ക്കടിയിൽ നിന്നും സിഗരറ്റു പായ്‌ക്കറ്റെടുത്തു രാജ്‌മോഹനു നീട്ടി.

‘സംശയിക്കണ്ട. നിങ്ങളുടെ ബ്രാൻഡുതന്നെ. ഹാവിറ്റ്‌.’

രാജ്‌മോഹൻ അത്ഭുതത്തോടെ ശത്രുഘ്‌നനെ നോക്കി.

ശത്രുഘ്‌നൻ പുഞ്ചിരിയോടെ പറഞ്ഞു. ‘നിങ്ങളുടെ ബ്രാൻഡ്‌ ഞാൻ എങ്ങിനെയറിഞ്ഞുവെന്നല്ലേ? എങ്കിലിതാ കുറേ വിവരങ്ങൾ കൂടി. നിങ്ങളുടെ ഭാര്യയുടെ പേര്‌ അർച്ചന. ഇതിനു മുൻപ്‌ നിങ്ങൾ എറണാകുളത്തായിരുന്നു. ഡെസിഗ്‌നേഷൻ ഇത്‌ തന്നെ. പക്ഷേ തൃശൂരിൽ നിങ്ങൾ എസ്‌.പി.പാലക്കാട്ട്‌ ക്രൈം ബ്രാഞ്ച്‌ ഡി.എസ്‌.പി. അതിനുമുൻപ്‌ ആലുവയിൽ റൂറൽ എസ്‌.പി. ഇതു സർവീസ്‌ റിക്കാർഡ്‌….. ഇനിയുമുണ്ടു പറയാൻ. നൗ യൂവർ വൈഫ്‌ ഈസ്‌ ക്യാരിയിംഗ്‌. ശേഷിക്കുന്നത്‌ ഏഴുമാസം. നിങ്ങൾ കാണുന്നത്‌ ഈ സിറ്റിയിലേ പ്രശസ്‌തയായ ഗൈനക്കോളജിസ്‌റ്റിനെ മിസ്സിസ്‌ അരുദ്ധതി മുകുന്ദനെ. ഇപ്പോൾ നിങ്ങൾ ഇങ്ങോട്ടു വരുന്നത്‌, അച്ചുതൻകുട്ടിയുടെ ബംഗ്ലാവിൽ നിന്ന്‌. കഷ്‌ടിച്ച്‌ ഒന്നര മണിക്കൂർ മുൻപാണ്‌ ഡി.ജി.പി. നിങ്ങളെ വളഞ്ഞുപിടിച്ച്‌ സി.എമ്മിന്റെ മുന്നിലെത്തിച്ചത്‌. അച്ചുതൻകുട്ടിയുടെ സംരക്ഷണച്ചുമതല നിങ്ങൾ ഏറ്റെടുക്കുമ്പോൾ സി.എമ്മിനെ കൂടാതെ ആ മുറിയിലുണ്ടായിരുന്നത്‌ അനന്തപുരിയിലെ കുപ്രസിദ്ധനായ ക്രിമിനൽ ലോയർ നാരായണക്കുറുപ്പ്‌.’

രാജ്‌മോഹൻ സ്‌തബ്‌ധനായി.

ശത്രുഘ്‌നൻ ചിരിക്കിടയിലൂടെ വീണ്ടും പറഞ്ഞു.

‘തിർന്നില്ല രാജ്‌മോഹൻ. ഇനിയുമുണ്ട്‌ ഒരുപാടു പറയാൻ. നിങ്ങളെപ്പറ്റി മാത്രമല്ല ഈ നാട്ടിലെ മുഴുവൻ വി.ഐ.പി.കളെക്കുറിച്ചും എനിക്ക്‌ ഇതുപോലെ പറയാനാവും. ഏറ്റു സെഡ്‌. എന്നെക്കുറിച്ച്‌ അറിയാൻ വന്ന നിങ്ങൾക്ക്‌ ഇപ്പോഴും എന്റെ പേരല്ലാതെ മറ്റൊന്നു മറിയില്ല.’

രാജ്‌മോഹൻ അത്ഭുതത്തോടെ ചോദിച്ചു. ‘ഇതെക്കെ എന്തിനാണു നിങ്ങൾക്ക്‌? ഇത്രയും ഇൻഫർമേഷൻ ആരു തന്നു?’

ശത്രുഘ്‌നൻ പറഞ്ഞു. ‘ആരും തന്നതല്ല. ഞാൻ കണ്ടെത്തിയതാണ്‌. ഷെർലക്ക്‌ ഹോംസിന്റെ നിരീക്ഷണപാടവം കടമെടുത്തുവെന്നു മാത്രം. ഒരു അഡ്‌വൈസുണ്ട്‌. അറിയേണ്ടവരെപ്പറ്റി അറിയാൻ നേരിൽ വരരുത്‌. അവരറിയാതെ നിരീക്ഷക്കുകയാണു വേണ്ടത്‌. എങ്കിലേ സത്യം കണ്ടെത്താനാവൂ. എന്നെപ്പറ്റിയും അങ്ങനെത്തന്നെയറിയണം. ചിലപ്പോൾ ഈ ശത്രുഘ്‌നൻ എന്ന പേരുപോലും നിങ്ങൾക്കു തിരുത്തേണ്ടിവന്നേക്കും.’

രാജ്‌മോഹൻ എഴുന്നേറ്റു

‘അച്ചുതൻകുട്ടി ഇതിനുമുൻപും പലപ്പോഴും ഈ നാലുകെട്ടിൽ വന്നിട്ടുണ്ടെന്നു പറഞ്ഞല്ലോ എന്തിനായിരുന്നു അത്‌?’

‘ആ ചോദ്യം നിങ്ങൾ എന്നോടല്ല ചോദിക്കേണ്ടത്‌. ഒന്നുകിൽ അച്ചുതൻകുട്ടിയോട്‌. അല്ലെങ്കിൽ ഈ നാലുകെട്ടിൽ അലഞ്ഞുതിരിയുന്ന പ്രേതാത്‌മാക്കളോട്‌. അവർ പലവട്ടം അയാളെ കണ്ടിട്ടുണ്ട്‌.’

‘അത്‌ നിങ്ങൾക്കെങ്ങനെയറിയാം മിസ്‌റ്റർ ശത്രുഘ്‌നൻ? നിങ്ങൾ ഒരു പ്രേതാത്‌മാവല്ലല്ലോ?’ ശത്രുഘ്‌നൻ പൊട്ടിച്ചിരിച്ചു.

‘നിങ്ങൾക്കു ഹ്യൂമർസെൻസില്ലെന്ന്‌ ആരുപറഞ്ഞു? വിശ്വസിച്ചോളൂ. ഞാൻ പ്രേതാത്‌മാവല്ല. നിങ്ങളെപ്പോലെതന്നെ ഒരു മനുഷ്യൻ.’

‘ചോദ്യത്തിന്‌ ഉത്തരം തന്നില്ല.’

‘ഉത്തരം മുൻപു പറഞ്ഞുകഴിഞ്ഞല്ലോ……. അന്വേഷിച്ചു കണ്ടെത്തി.’

‘നിങ്ങളെ എനിക്കിനിയും മനസ്സിലായിട്ടില്ല. എന്തിനാണ്‌ ഈ നാലുകെട്ടു വാങ്ങിയത്‌? ഹോട്ടലുകളിലൊന്നും താമസിക്കാതെ ഇവിടെത്തന്നെ താമസിക്കുന്നത്‌ എന്തെങ്കിലും ലക്ഷ്യം മനസ്സിൽ കാത്തുവച്ചിട്ടാണോ?’

‘പഴയതെല്ലാം എനിക്കിഷ്‌ടമാണ്‌. ഓർമ്മകൾപോലും ഞാൻ നഷ്‌ടപ്പെടുത്തില്ല.’

‘അവസാനമായി ഒരു ചോദ്യം കൂടിയുണ്ട്‌. നിങ്ങൾ പറഞ്ഞതുപോലെ അച്ചുതൻകുട്ടിക്കെന്തെങ്കിലും സംഭവിച്ചാൽ……?’

‘അതിനുത്തരവാദി നിങ്ങൾ മാത്രമായിരിക്കും മിസ്‌റ്റർ രാജ്‌മോഹൻ. കാരണം അയാളെ ഇനിയുള്ള അഞ്ചുമണിക്കൂർ ഭദ്രമായി കാത്തുവയ്‌ക്കേണ്ടതു നിങ്ങളാണ്‌.’

രാജ്‌മോഹൻ മെല്ലെ തിരിഞ്ഞു.

ശത്രുഘ്‌നൻ ഉറക്കെ വിളിച്ചു.

‘മിസ്‌റ്റർ കമ്മീഷണർ.’

വാതിലിനടുത്തെത്തിയ രാജ്‌മോഹൻ തിരിഞ്ഞു.

‘ഇത്രയും നാൾ ഞാൻ നിങ്ങളുടെ ഒരഭ്യുദയകാംക്ഷിയായിരുന്നു. ഇനിയങ്ങോട്ട്‌ എന്താവുമെന്നു പറയാനാവില്ല. പോകുന്നതിനു മുൻപ്‌ എത്ര അന്വേഷിച്ചാലും കണ്ടെത്താനിടയില്ലാത്ത ഒരിൻഫർമേഷൻ ഞാൻ നിങ്ങൾക്കു തരുന്നു. ഞാനാണ്‌ മിസ്‌റ്റർ എക്‌സ്‌.’

രാജ്‌മോഹൻ പിടഞ്ഞുണർന്നു.

‘കണ്ടെത്തിയ സുപ്രധാന വിവരങ്ങളെല്ലാം മിസ്‌റ്റർ എക്‌സ്‌ ഫോണിലൂടെ നിങ്ങൾക്കു കൈമാറിയിട്ടുണ്ട്‌. പാതിരാക്കു വിളിച്ചുണർത്തി പരിഹസിക്കുന്ന ആ ഇഡിയറ്റാണു നിങ്ങളുടെ മുമ്പിൽ ഇപ്പോഴുള്ള ശത്രുഘ്‌നൻ.’

രാജ്‌മോഹൻ അത്ഭുതത്തോടെ ശത്രുഘ്‌നനെ നോക്കി.

‘പാതിരായ്‌ക്കു ഫോണിലൂടെ ചീറിവന്ന അത്തരം മെസേജുകളാണ്‌ ഒരർത്ഥത്തിൽ നിങ്ങളുടെ തൊപ്പി തെറിപ്പിച്ചത്‌. അതുകൊണ്ട്‌ പുതിയതെന്തെങ്കിലും നിങ്ങൾക്കു പറഞ്ഞുതരാൻ എനിക്കു മടിയുണ്ട്‌.’

രാജ്‌മോഹൻ കൗതുകത്തോടെ ശത്രുഘ്‌നനെ നോക്കി.

ശത്രുഘ്‌നൻ തുടർന്നു.

‘ജനാർദ്ദനൻ തമ്പി ഇനിയും ഈ കുപ്പായമൂരിവാങ്ങുമെന്നു പേടിയില്ലെങ്കിൽ കണ്ണുതുറന്നു കാണാൻ ഒരു കാഴ്‌ചയുണ്ട്‌.’

രാജ്‌മോഹന്റെ കണ്ണുകൾ പലവട്ടം പിടച്ചു. അകത്തേക്കു നോക്കി ശത്രുഘ്‌നൻ പറഞ്ഞു.

‘അനന്താ, പോലീസ്‌ കമ്മീഷണർക്കു നമ്മൾ കാത്തുവച്ചിട്ടുള്ള സമ്മാനം.’

അനന്തൻ അകത്തുനിന്നും ചെറിയൊരു കവറുമായി പുറത്തുവന്നു.

‘കൊടുത്തേക്കു.’

അനന്തൻ കവർ രാജ്‌മോഹനെ ഏൽപ്പിച്ചു. ശത്രുഘ്‌നൻ മെല്ലെ പറഞ്ഞു.

‘ഞെട്ടരുത്‌. കവർ തുറക്കുമ്പോൾ അടിതെറ്റി വീഴരുത്‌.

രാജ്‌മോഹൻ അത്ഭുതത്തോടെ കവർ തുറന്നു. രാജ്‌മോഹൻ ഫോട്ടോകൾ പുറത്തെടുത്തു.

ശത്രുഘ്‌നൻ അടക്കിയ ശബ്‌ദത്തിൽ പറഞ്ഞു. ’ഒരു സൗഹൃദ സദസ്‌. അതിലൊരാൾ അനന്തപുരിയുടെ നിശ്വാസം നിയന്ത്രിക്കുന്ന സൂപ്പർ ക്രിമിനൽ. നിങ്ങൾക്കിതേവരെ നേരിൽ കാണാൻ ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത കരിമഠം പെരുമാൾ.‘

രാജ്‌മോഹൻ സ്‌തബ്‌ധനായി.

’മറ്റൊരാളെ നിങ്ങൾ ഇപ്പോൾ സംരക്ഷിക്കുന്നുണ്ട്‌. ഡി.വൈ.എസ്‌.പി. അച്ചുതൻകുട്ടി. പിന്നെയുള്ള രണ്ടു പേർ ആരാണെന്നു ഞാൻ പറഞ്ഞുതരേണ്ട കാര്യമില്ല. ഒന്നര മണിക്കൂർ മുൻപു നിങ്ങൾ അവരെ കണ്ടതേയുള്ളൂ. തമ്പിയും കുറുപ്പും….. ബാക്കിയുള്ളയാൾ രാമകൃഷ്‌ണക്കൈമൾ…..

രാജ്‌മോഹൻ അടിമുടി ഉലഞ്ഞു പോയി. അയാൾ പതറിയ സ്വരത്തിൽ പറഞ്ഞു.

‘ഇമ്പോസിബിൾ…..’

ശത്രുഘ്‌നൻ ചിരിച്ചു.

‘ക്യാമറ നുണ പറയില്ല. കരിമഠം പെരുമാളെ ഈ നിമിഷവും സംരക്ഷിക്കുന്നതു സോഷ്യലിസ്‌റ്റു പാർട്ടിയിലെ കരുത്തന്മാർ. അയാൾക്കു ഓശാന പാടുന്നത്‌ നാടുഭരിക്കുന്ന മുഖ്യമന്ത്രി. പോലീസിന്റെ കണ്ണുകളിൽ മറയിടുന്നത്‌ ഡി.വൈ.എസ്‌.പി.യും. ക്രിമിനൽ ലോയറും. ആതിഥ്യമരുളുന്നത്‌ രാമകൃഷ്‌ണക്കൈമൾ. ഇനി പറയൂ മിസ്‌റ്റർ രാജ്‌മോഹൻ. അപകടകരമായ ഈ സൗഹൃദത്തിന്‌ അടിവരയിടുന്നതിനേക്കാൾ പ്രധാനമാണോ ക്രിമിനലുകൾക്കു വിടുപണി ചെയ്യുന്ന ഒരു പോലീസ്‌ ഉദ്യോഗസ്‌ഥന്റെ ജീവൻ അഞ്ചുമണിക്കൂർ കാത്തുവയ്‌ക്കുന്നത്‌?’

രാജ്‌മോഹൻ ആകെ പതറിപ്പോയിരുന്നു. എന്തുപറയണമെന്നറിയാതെ അയാൾ അനക്കമറ്റു നിന്നു.

‘തിടുക്കപ്പെട്ട്‌ എന്തെങ്കിലുമൊന്നു ചെയ്യാൻ ഇപ്പോഴും ഞാൻ പറയില്ല. കാരണം ഇവരൊക്കെ അത്രയ്‌ക്കും അപകടകാരികൾ. ഈ നാട്ടിലെ നീതിയും നിയമവും അനുസരിക്കാൻ ബാധ്യതയില്ലാത്ത ബാസ്‌റ്റഡ്‌സ്‌. തെളിവുകളില്ലാതെ നിങ്ങൾക്കവരെ നുള്ളിനോവിക്കാൻ പോലുമാവില്ല.’

രാജ്‌മോഹൻ ഫോട്ടോകൾ കവറിലിട്ടു. ‘താങ്ക്‌യു മിസ്‌റ്റർ ശത്രുഘ്‌നൻ, ഈ ഇൻഫർമേഷൻ എനിക്കേറെ വിലപ്പെട്ടതാണ്‌. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ അച്ചുതൻകുട്ടിയുടെ ജീവനേക്കാളേറെ. എന്നാലും ഒന്നുണ്ട്‌, നിയമം കൈയിലെടുക്കാൻ ഞാൻ ആരെയും അനുവദിക്കില്ല. അഞ്ചുമണിക്കൂർ കഴിഞ്ഞാലും അച്ചുതൻകുട്ടി ഈ ലോകത്തിൽ ബാക്കിവേണം. കരിമഠം പെരുമാളെ എനിക്കു ചൂണ്ടിക്കാട്ടിത്തന്നതിനു താങ്ക്‌സ്‌ ഏ ലോട്ട്‌. ഈ മുഖം ഞാനിനി മറക്കില്ല.’

ശത്രുഘ്‌നൻ ചിരിച്ചു.

‘ഒരിക്കൽ കണ്ട മുഖം ഇന്നോളം ഞാനും മറന്നിട്ടില്ല.’

‘വീണ്ടും കാണുമ്പോൾ ഈ മുഖത്തിന്‌ കൃത്യമായ ഒരു പേരുണ്ടായിരിക്കണം.’

‘ഒഫ്‌കോഴ്‌സ്‌. അപ്പോൾ നിങ്ങളുടെ മുന്നിലുള്ള ഈ മുഖം പെരുമാളേക്കാൾ ക്രൂരനായ ഒരു ക്രിമിനലിന്റേതല്ലെങ്കിൽ. ഒരു കാര്യം കൂടി. അച്ചുതൻകുട്ടിക്കു നിർഭാഗ്യവശാൽ അ​‍ാരുതാത്തതെന്തെങ്കിലും സംഭവിച്ചാൽ വിലങ്ങുമായി നിങ്ങൾ ഇങ്ങോട്ടോടി വരരുത്‌.’

രാജ്‌മോഹൻ പുഞ്ചിരിച്ചു. ശത്രുഘ്‌നനും.

ആ സമയം രാമകൃഷ്‌ണക്കൈമളുടെ ബംഗ്ലാവിൽ പേടിപ്പെടുത്തുന്ന നിശബ്‌ദത ചൂഴ്‌ന്നു നിൽക്കുന്നുണ്ടായിരുന്നു. കുറുപ്പും കൈമളും മുഖത്തോടുമുഖം നോക്കി ചലനമറ്റിരുന്നു. ഇടയ്‌ക്കിടക്ക്‌ അവർ ടെലഫോണിലേക്കു നോക്കി. ഫോണും ശബ്‌ദിച്ചില്ല. ഓർക്കാപ്പുറത്ത്‌ മുറിയിലെ ക്ലോക്ക്‌ ശബ്‌ദിച്ചു.

ഒരുവട്ടം. ഹിസ്‌റ്റീരിയ ബാധിച്ചവനെപ്പോലെകൈമൾ തുള്ളിവിറച്ചുകൊണ്ട്‌ എഴുന്നേറ്റു. അയാളാടെ കണ്ണുകൾ ക്ലോക്കിലേക്കു പാളിവീണു. മണി പത്തര. ഭീതിയോടെ കുറുപ്പിനെ നോക്കി കൈമൾ പിറുപിറുത്തു.

‘ഇനി….. ഇനി …. ശേഷിക്കുന്നത്‌…. നാലരമണിക്കൂർ എനിക്കു പേടിയാവുന്നു കുറുപ്പേ…. കൈയും കാലും വിറച്ചിട്ടു വയ്യ. അച്ചുതൻകുട്ടിക്ക്‌ എന്തെങ്കിലും സംഭവിച്ചാൽ…..’

കുറുപ്പ്‌ ആശ്വസിപ്പിക്കുന്നതുപോലെ പറഞ്ഞു.

‘ഒന്നും സംഭവിക്കില്ല. രാജ്‌മോഹൻ അയാളുടെ പ്രൊട്ടക്‌ഷൻ ഏറ്റെടുത്തുകഴിഞ്ഞു. അസി​‍്‌റ്റന്റ്‌ കമ്മീഷണറും ഡി.വൈ.എസ്‌.പിയുമെല്ലാം ജാഗരൂകരായി അവന്റെ ബംഗ്ലാവിനു മുന്നിലുണ്ട്‌. മരണം അത്ര വേഗം അങ്ങോട്ട്‌ അതിക്രമിച്ചു കടക്കില്ല കൈമളേ. ഇതു ശത്രുഘ്‌നന്‌ നമ്മൾ ആദ്യമായി കൊടുക്കുന്ന തിരിച്ചടി. ഡെഡ്‌ലൈൻ കഴിഞ്ഞാലും അച്ചുതൻകുട്ടിക്ക്‌ ഒന്നും സംഭവിക്കില്ല. രാജ്‌മോഹനെ നമുക്കു തീർത്തും വിശ്വസിക്കാം.

’ശത്രുഘ്‌നനെപ്പറ്റി അയാളോടു പറഞ്ഞിട്ടുണ്ടോ കുറുപ്പേ….‘

’ഇല്ല. പക്ഷെ രാജ്‌മോഹൻ ശത്രുവിനെ തിരിച്ചറിയും.. അത്രയ്‌ക്കു സ്‌മാർട്ടാണയാൾ. പെരുമാളെപ്പോലും ഒരു നിമിഷത്തേക്കു വിറപ്പിച്ച ചരിത്രം തിരുത്തിക്കുറിച്ചില്ലേ അവൻ? അതുകൊണ്ടാ അച്ചുതൻകുട്ടിയുടെ ജീവൻ സംരക്ഷിക്കാൻ അവൻതന്നെ വേണമെന്നു ഞാൻ തമ്പിയോടു തറപ്പിച്ചു പറഞ്ഞത്‌.‘

കൈമൾ മെല്ലെ നിശ്വസിച്ചു.

’എന്തൊക്കെപ്പറഞ്ഞിട്ടും എനിക്കു സമാധാനിക്കാൻ ആവണില്ല കുറുപ്പേ. എന്റെ മനസ്സിലിപ്പോഴുമുള്ളത്‌ ആ പുലിനഖമാലയും വലംപിരിശംഖും. അതു കിട്ടുന്നതുവരെ ശത്രുഘ്‌നൻ നമ്മുടെ ജീവനു വിലപേശിക്കൊണ്ടിരിക്കും.

‘വെറുതെ അതുമിതും പറയല്ലേ കൈമളേ ഞാനൊന്നു തമ്പിയെ വിളിക്കട്ടെ.’

കുറുപ്പ്‌ റിസീവറെടുത്ത്‌ തമ്പിയുടെ നമ്പർ ഡയൽ ചെയ്‌തു. ക്ലീൻഹൗസിൽ ബെൽ മുങ്ങി. തമ്പി ലൈനിൽ വന്നു.

‘ഇതു കുറുപ്പാണ്‌. അച്ചുതൻകുട്ടിയെ വിളിച്ചിട്ടു കിട്ടുന്നില്ല. അവിടെ പ്രത്വേകിച്ചൊന്നും……?’

തമ്പി ചിരിച്ചു.

‘ഒന്നുമില്ലെടോ…. താൻ ധൈര്യമായിട്ടിരിക്ക്‌ അവന്‌ ഒരു പുല്ലും സംഭവിക്കില്ല. രാജ്‌മോഹനും ഇന്ദ്രപാലും ഹരീന്ദ്രനുമൊക്കെ ഇപ്പൊ അവിടെയുണ്ട്‌. ഒരുറുമ്പിനു പോലും അതിക്രമിച്ചു കയറാനാവാത്തവിധം എല്ലാം ഭദ്രമാണ്‌ കുറുപ്പേ. വെറുതെ ആധിപിടിച്ച്‌ അച്ചുതൻകുട്ടിയേക്കാൾ മുൻപേ ചത്തുപോകണ്ട. ഇനി നാലരമണിക്കൂറല്ലേ ബാക്കിയുള്ളൂ. അല്ലെങ്കിൽ തന്നെ ഈ പട്ടാപകൽ എന്തു സംഭവിക്കാനാടോ?’

എന്നാലും ഇടയ്‌ക്കു വിളിക്കണം തമ്പി. കൈമളാണെങ്കിൽ മര്യാദയ്‌ക്കു വർത്തമാനം പറഞ്ഞിട്ട്‌ മണിക്കൂർ രണ്ടു മൂന്നായി. ചെലപ്പോൾ അച്ചുതൻകുട്ടിയേക്കാൾ മുൻപേ കൈമൾ കാഞ്ഞുപോയെന്നുവരും.

തമ്പി പൊട്ടിച്ചിരിച്ചു. ‘എങ്കിലയാൾക്കൊന്നുകൊടുക്ക്‌. ആ ശബ്‌ദമെങ്കിലും അവസാനമായി ഞാനൊന്നു കേട്ടോട്ടെ.’

കൈമൾ റിസീവർ വാങ്ങി.

‘അച്ചുതൻകുട്ടിക്കുവേണ്ടി ശത്രുഘ്‌നൻ വാങ്ങിവച്ചിട്ടുള്ള പുഷ്‌പചക്രം തന്റെ ശവത്തിൽ വയ്‌ക്കേണ്ടിവരുമല്ലോ കൈമളേ….. പേടിക്കേണ്ടെടോ…. അച്ചുതൻകുട്ടിയെ തൊട്ടുകളിക്കാൻ ശത്രുഘ്‌നൻ വളർന്നിട്ടില്ല. അവനെതിരേ ഇനി കളിക്കാൻ പോകുന്നതു നമ്മളാരുമല്ല. തീജ്വാലപോലെ നിന്നു കത്തുന്ന ആ നായിന്റെമോൻ രാജ്‌മോഹൻ. പന്ത്‌ ഇപ്പോൾ അവന്റെ കോർട്ടിലാ…. ഇനി നമ്മളൊക്കെ റഫറിമാര്‌…..ഫൗൾ പ്ലേ കണ്ടാൽ വിസിലൂതണം.. അത്രേയുള്ളൂ. ധൈര്യമായിട്ടിരിക്കെടോ…..’

ലൈൻ കട്ടായി.

കുറുപ്പ്‌ കൈമളെ നോക്കിച്ചിരിച്ചു. ‘അശ്വമുഖത്തുനിന്നുതന്നെ വിവരം കിട്ടിയല്ലോ. ഇനിയെങ്കിലും ഒന്നു ചിരിച്ചൂടേ കൈമളേ?.

റിസീവർ കൈയിൽ പിടി​‍്‌ച്ചു കൈമൾ മെല്ലെ ചരിച്ചു.

പ്രത്യേകിച്ചൊന്നും സംഭവിക്കാതെ ഒരു മണിക്കൂർ കടന്നുപോയി. അച്ചുതൻകുട്ടിയുടെ ബംഗ്ലാവിൽ സിറ്റൗട്ടിലിരുന്ന്‌ അസിസ്‌റ്റന്റ്‌ കമ്മീഷണർ ഇന്ദ്രപാൽ അലസമായി പത്രങ്ങൾ മറിച്ചു നോക്കി. ജോസ്‌ മാത്യുവും ഹരീന്ദ്രനും ബംഗ്‌ളാവിനു പുറത്ത്‌ എക്‌സറേ കണ്ണുകളുമായി കാത്തുനിന്നു. രാജ്‌മോഹൻ റോഡരികിൽ പാർക്കു ചെയ്‌തിരുന്ന മാരുതിയിൽ ചാരി നിന്നു സിഗററ്റ്‌ പുകച്ചു. അയാൾ വാച്ചിൽ നോക്കി. ഇനി മൂന്നര മണിക്കൂർ കൂടിയുണ്ട്‌. ഒന്നും സംഭവിക്കാനിടയില്ല. വെറുതെ അച്ചുതൻകുട്ടിയെ ഒന്നു പകപ്പിക്കാൻ വേണ്ടി ശത്രുഘ്‌നൻ ഡെഡ്‌ലൈൻ കൊടുത്തതാവണം. നാലുകെട്ടിനു മുന്നിൽ ശത്രുഘ്‌നന്റെ എല്ലാ നീക്കവും നിരീക്ഷിക്കാൻ രണ്ടു പോലീസുകാരെ കാവൽ നിർത്തിയിട്ടുണ്ട്‌. അവരുടെ കണ്ണു വെട്ടിച്ച്‌ അയാൾക്കു നാലുകെട്ടിനുള്ളിൽ നിന്നും പുറത്തു കടക്കാനാവില്ല.

പെരുമാളുടെ കാലുനക്കി നടക്കുന്ന ഒരു റാസ്‌ക്കലിനാണു താൻ കാവൽ നിൽക്കുന്നത്‌. അതും മുഖ്യമന്ത്രിയുടെ വേഷമിട്ട ബാസ്‌റ്റഡ്‌ പറഞ്ഞതുകൊണ്ട്‌. തെളിവുകളില്ലാതെ ആരുടെ നേർക്കും വിരൽ ചുണ്ടാനാവില്ല. തന്റെ മനസ്സാക്ഷക്കോടതി സത്യമെന്നു പറയുന്നതു ജുഡീഷ്യറി അംഗീകരിക്കില്ല. പ്രോട്ടോക്കോൾ മറികടന്നു ജനാർദ്ദനൻ തമ്പിയുടെ നേരേ വിരൽ ചൂണ്ടാനുമാവില്ല. എന്തുണ്ടു വഴി?

സിഗരറ്റ്‌ കാൽക്കീഴിലിട്ടു ഞെരിച്ചു രാജ്‌മോഹൻ ഗെയ്‌റ്റിനു നേരേ നടന്നു. സിറ്റൗട്ടിൽ നിന്ന്‌ ഇന്ദ്രപാൽ ചാടിയിറങ്ങി അറ്റൻഷനായി.

രാജ്‌മോഹൻ തിരക്കി. ’എനി പ്രോബ്‌ളം മിസ്‌റ്റർ ഇന്ദ്രപാൽ?‘

’നോ സാർ‘.

’അരുതാത്തതെങ്കിലും – ഐ മീൻ അച്ചുതൻകുട്ടി ഡ്രിങ്ക്‌സ്‌ വല്ലതും ആവശ്യപ്പെട്ടോ?‘

’ഇല്ല സാർ. അയാൾ നല്ലതുപോലെ സഹകരിക്കുന്നുണ്ട്‌.‘

നന്നായി. അയാൾ ആഹാരമെന്തെങ്കിലും കഴിച്ചോ?’

ഇല്ല സാർ. ഒന്നും കഴിക്കരുതെന്നു ഞങ്ങൾ വിലക്കിയിട്ടുണ്ട്‌.‘

’കാറിനുള്ളിൽ ഫ്രൂട്ട്‌സ്‌രിപ്പുണ്ട്‌. വേണമെങ്കിൽ കൊടുത്തേക്ക്‌.‘

ചോദിക്കാം സാർ.’

ഇന്ദ്രപാൽ അകത്തുകടന്നു.

രാജ്‌മോഹൻ കാറിനടുത്തേക്കു നീങ്ങി. പിൻ സീറ്റിൽ നിന്നു ഫ്രൂട്ട്‌സ്‌ എടുത്ത്‌ അയാൾ ഉറക്കെ വിളിച്ചു.

‘ഹരീന്ദ്രാ’.

ബംഗ്ലാവിനുള്ളിൽ നിന്നു പതറിയ ഒരു ശബ്‌ദമാണു മറുപടിയായി കേട്ടത്‌.

‘സാ…..ർ’

രാജ്‌മോഹൻ മുഖമുയർത്തി. വിളറിയ മുഖത്തോടെ സിറ്റൗട്ടിൽ നിന്ന്‌ ഇന്ദ്രപാൽ പുറത്തേക്കു കുതിച്ചിറങ്ങി വന്നു. രാജ്‌മോഹൻ അയാളെ നോക്കി.

‘എന്താ…. എന്തുപറ്റി…? എനിതിംഗ്‌ റോംഗ്‌?

ഇന്ദ്രപാലിനു ശബ്‌ദിക്കാനായില്ല. അയാൾ അതേ എന്ന അർത്ഥത്തിൽ തലയാട്ടി. ഗെയ്‌റ്റ്‌ തള്ളിത്തുറന്നു ഭീതിയോടെ രാജ്‌മോഹൻ അകത്തേക്കു കുതിച്ചു. പിന്നാലെ ഇന്ദ്രപാൽ, ഹരീന്ദ്രൻ, ജോസ്‌ മാത്യു. സ്വീകരണ മുറി കടന്നു രാജ്‌മോഹൻ ബഡ്‌റൂമിലെത്തി..

ബഡ്‌റൂമിൽ അച്ചുതൻകുട്ടിയുണ്ടായിരുന്നു. കണ്ണുകൾ തുറിച്ച്‌, വായിലൂടെ നുരയും പതയുമൊഴുക്കി കൈയിൽ ഒരു കടലാസുകഷ്‌ണം ഞെരിച്ചു. ജീവനറ്റ്‌.

കണ്ടതു വിശ്വസിക്കാനാവാതെ രാജ്‌മോഹൻ നടുങ്ങി നിന്നുപോയി.

Generated from archived content: anathapuri12.html Author: nk_sasidharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleആറ്‌
Next articleഏഴ്‌
1955 നവംബർ 25-ന്‌ കൊടുങ്ങല്ലൂരിൽ ജനിച്ചു. എൻ.കെ.സരോജിനിയമ്മയും ടി.ജി. നാരായണപ്പണിക്കരുമാണ്‌ മാതാപിതാക്കൾ. മലയാലസാഹിത്യം ഐച്ഛികമായെടുത്ത്‌ മാസ്‌റ്റർ ബിരുദം നേടി. പതിന്നാലു വർഷക്കാലം സിനിമാരംഗത്ത്‌ സഹസംവിധായകനായി പ്രവർത്തിച്ചു. ആദ്യചിത്രംഃ രാജപരമ്പര, ചുവന്ന അങ്കി, അഗ്‌നിശലഭങ്ങൾ, എന്നീ ചിത്രങ്ങൾക്ക്‌ തിരക്കഥയും സംഭാഷണവും ‘ചക്രവർത്തി’ എന്ന ചിത്രത്തിന്‌ സംഭാഷണവുമെഴുതി. ആകാശവാണി തൃശൂർ-കോഴിക്കോട്‌ നിലയങ്ങൾ നാടകങ്ങൾ പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്‌. ഇപ്പോൾ ആനുകാലികങ്ങളിൽ നോവലുകൾ എഴുതുന്നു. ചാവേർപ്പട, കർഫ്യൂ, കാശ്‌മീർ, മറൈൻ കിങ്ങ്‌, മർമ്മരങ്ങൾ, മരണമുദ്ര, ആദ്യത്തെ കൺമണി തുടങ്ങിയവയാണ്‌ കൃതികൾ. ഇതിൽ കർഫ്യൂ ചലച്ചിത്രമായി. വിലാസംഃ വാരണക്കുടത്ത്‌, ഇടനാട്‌ ചൊവ്വര - 683 571.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here