ഡി.ജി.പി. അരവിന്ദ് ശർമ്മയുടെ ഓഫീസനു മുന്നിൽ പോലീസ് കമ്മീഷണർ രാജ്‌മോഹന്റെ മാരുതി ബ്രേക്കിട്ടുനിന്നു. ഡോർ തുറന്നു രാജ്‌മോഹൻ ഇറങ്ങി. വരാന്തയിലുണ്ടായിരുന്ന പാറാവുകാരൻ പെട്ടെന്ന് അറ്റൻഷനായി. ഹാഫ്‌ഡോർ തള്ളിത്തുറന്ന് അകത്തു കടന്ന രാജ്‌മോഹനെ കണ്ടപാടെ അരവിന്ദ് ശർമ്മ പൊട്ടിത്തെറിച്ചു.
‘നിങ്ങൾ സിറ്റി പോലീസ് കമ്മീഷണറോ അതോ ആരാച്ചരോ?’
അറ്റൻഷനായി നിന്നുകൊണ്ടു രാജ്‌മോഹൻ പറഞ്ഞു.
‘കമ്മീഷണറാണ് സാർ.’
അരവിന്ദ് ശർമ്മയുടെ മുഖം ചുവന്നു.
‘എനിക്കങ്ങനെ തോന്നുന്നില്ല മിസ്‌റ്റർ രാജ്‌മോഹൻ. കാക്കിയുടെ പിൻബലമുണ്ടെങ്കിൽ എന്തു തോന്നിവാസവും കാണിക്കാമെന്ന് നിങ്ങൾക്കാരാണു പറഞ്ഞുതന്നത്? തെളിവുകൾ കാത്തുവയ്‌ക്കാനാവില്ലെങ്കിൽ ഓവർ സ്‌മാർട്ടാവരുത്. തൊപ്പി മാത്രമല്ല തലയും കൂടെ തെറിക്കും.
രാജ്‌മോഹൻ മൃദുവായി ചിരിച്ചു.
’അറിയാം സാർ. പക്ഷേ ഇതെനിക്കു വൈകികിട്ടിയ വെളിപാട്. അനന്തപുരി ഒരു ക്ലീൻ സിറ്റിയാക്കാമെന്ന് അറിയാതെ വ്യാമോഹിച്ചുപോയി. ഈ നാട്ടിലെ രാഷ്‌ട്രീയക്കാർക്ക് അങ്ങനെയൊരു സിറ്റി വേണ്ടെന്നറിയാൻ ഒരുപാടുവൈകി. പെരുമാളേപ്പോലെയുള്ള ക്രിമിനലുകളെ പാലൂട്ടി വളർത്തുന്ന നാട്ടിലെ രാഷ്‌ട്രീയപ്പാർട്ടികൾക്കു കാക്കിയുടെ തിളക്കം അലർജിയാണു സാർ. വളരാൻ കൊല്ലം തോറും അവർക്കു രക്തസാക്ഷികൾ വേണം. പരസ്‌പരം കടിപിടികൂടുന്ന വിദ്യാർത്ഥി സംഘടനകൾ വേണം തമ്മിൽ വെട്ടിച്ചാവുന്ന അനുയായികൾ വേണം. കാമ്പസുകളിൽ അതിക്രമിച്ചു കയറുന്ന ക്രിമിനലുകൾ വേണം. ഭരിക്കുന്നത് കറതീർന്ന ക്രിമിനലുകളുടെ സംഘമാവുമ്പോൾ………..‘
അരവിന്ദ് ശർമ്മ ജ്വലിച്ചു.
’സ്‌റ്റോപ്പിറ്റ് ഫൂൾ. ഈ നാട്ടിലെ രാഷ്‌ട്രീയക്കാരെ മുഴുവൻ നന്നാക്കാൻ നിങ്ങളാരാ സത്യഹരിശ്‌ചന്ദ്രനോ? അതോ മഹാത്‌മാഗാന്ധിയോ?‘
’പൊളിറ്റീഷ്യൻസ് എന്നാൽ ക്രിമിനൽസ് എന്നുതന്നെയാണർത്ഥം. പാടിപ്പതിഞ്ഞതൊന്നും മാറ്റിയെഴുതാൻ ശ്രമിക്കണ്ട. ഇവിടെ ഏതു കക്ഷി ഭരിച്ചാലും. പോലീസിന് അവരോടൊപ്പം നിന്നേ തീരൂ. അത് അലിഖിതമായ നിയമം.
രാജ്‌മോഹൻ അടക്കിയ ശബ്‌ദത്തിൽ പറഞ്ഞു.
ക്രിമിനലുകൾ ഭരിക്കുന്ന അനന്തപുരിയിൽ ഡി.ജി.പി. അരവിന്ദ് ശർമ്മയ്‌ക്കും ഒരു ക്രിമിനലായേ തീരൂ പക്ഷേ എന്നെ അതിനു കിട്ടില്ല സാർ. ആ നിമിഷം ഞാൻ……..‘
അരവിന്ദ് ശർമ്മ ശബ്‌ദമുയർത്തിപ്പറഞ്ഞു.
’അതു പറയേണ്ടത് എന്നോടല്ല. നിങ്ങളെ കാത്തിരിക്കുന്ന ജനാർദ്ദനൻ തമ്പിയോട്. അവിടെയെത്തുമ്പോഴും ശബ്‌ദത്തിന് ഈ മുഴക്കമുണ്ടാവണം. ചെല്ല്. വീരശൂരപരാക്രമിയായ പോലീസ് കമ്മീഷണറെ മുഖ്യമന്ത്രി രാജോചിതമായി സൽക്കരിക്കാതിരില്ല.
‘താങ്ക്‌യൂ സാർ, മുഖ്യമന്ത്രി നേരിട്ടുകാണണമെന്നു പറയുന്നതുതന്നെ എനിക്കുള്ള കോംപ്ലിമെന്റാണ്. പേടിക്കണ്ട സാർ. ജീവനോടെ തന്നെ ഞാൻ തിരിച്ചെത്തിയേക്കും.’
രാജ്‌മോഹൻ അരവിന്ദ് ശരമ്മയെ സല്യൂട്ട് ചെയ്‌തു. പിന്നെ വെട്ടിത്തിരിഞ്ഞു പുറത്തേക്കു നടന്നു.
‘ക്ലീൻ ഹൗസിൽ’ മുഖ്യമന്ത്രി ജനാർദ്ദനൻതമ്പി അക്ഷമനായി രാജ്‌മോഹനനെ കാത്തിരിക്കുന്നുണ്ടായിരുന്നു. രാജ്‌മോഹന്റെ കാർ ക്ലീൻഹൗസിനു മുന്നിൽ വന്നുനിന്നു.
‘അകത്തേക്കു പൊയ്‌ക്കൊള്ളു. അദ്ദേഹം നിങ്ങളെ പ്രതിക്ഷിച്ചാണിരിക്കുന്നത്.’
മുഖ്യമന്ത്രിയുടെ സെക്രട്ടറി അറിയിച്ചു.
‘താങ്കസ്’.
രാജ്‌മോഹൻ അകത്തേക്കു നടന്നു. സോഫയിൽ ചാഞ്ഞിരുന്നു ജനാർദ്ദനൻ തമ്പി രാജ്‌മോഹനെ തറച്ചു നോക്കി.
രാജ്‌മോഹൻ അറ്റൻഷനായി.
തമ്പിയുടെ പല്ലുകൾ ഞെരിഞ്ഞു വാക്കുകളും.
‘കുറഞ്ഞ ദിവസംകൊണ്ട് ഒരുപാടു കാര്യങ്ങൾ ചെയ്‌തു അല്ലേ? മിടുക്കൻ.’
രാജ്‌മോഹൻ മെല്ലെ പറഞ്ഞു.
‘ഒരുപാടില്ല സാർ. കുറെയൊക്കെ.’
‘സമയം കിട്ടിയാൽ അനന്തപുരി തേച്ചുവെളുപ്പിക്കും. മുഖം നോക്കാതെ നീതി നടപ്പാക്കും. അല്ലേ കമ്മീഷണറേ?’
രാജ്‌മോഹൻ ശബ്‌ദിച്ചില്ല.
ജനാർദ്ദനൻ തമ്പി കൈകൾ കൂട്ടി ഞെരിച്ചു.
‘ആദ്യം തമ്മിൽ കണ്ടപ്പോൾ ഒരുപാടു പറഞ്ഞുതന്നിരുന്നല്ലോ ഞാൻ. കുറേ സുവിശേഷങ്ങള്. മറന്നുപോയതോ അതോ ഈ കള്ളനായിന്റെ മോൻ തമ്പി പറയുന്നതൊന്നും മുഖവിലയ്‌ക്കെടുക്കേണ്ട എന്നു കരുതിയതോ?’
‘ക്ഷമിക്കണം സാർ കുറ്റം ചെയ്‌തവരെ ശിക്ഷിക്കാനാണ് പോലീസ് അല്ലാതെ പാർട്ടിനോക്കി …. ’
രാജ്‌മോഹൻ പൂർത്തിയാക്കിയില്ല.
അതിനുമുൻപ്പേ ജനാർദ്ദനൻ തമ്പി ചാടിയെഴുന്നേറ്റു.
‘മിണ്ടരുത്’……. കൊന്നുകുഴിച്ചുമൂടും ഞാൻ. തമ്പി വെറുമൊരു ചെറ്റയാ. എല്ലാ വേലത്തരങ്ങളും പഠിച്ചിട്ടാ ഇതിനകത്തോട്ടു വന്നത്……‘
രാജ്‌മോഹന്റെ മുഖം ചുവന്നു.
“അങ്ങൊരു ചെറ്റയായിരിക്കും. പക്ഷെ ഞാനൊരു ഐ.പി.എസ്. ഓഫിസറാണ്. നാലാം ക്ലാസ്സും ഡ്രില്ലും പടിച്ചാൽ മന്ത്രിയാവാനൊക്കും. പക്ഷെ പോലീസോഫീസറവാനാവില്ല. സൊ, ഗിവ് റെസ്‌പെക്‌റ്റ് ആന്റ് ടേക്ക് റെസ്‌പെക്‌ട്”.
തമ്പി ജ്വലിച്ചു.
ഇംഗ്ലീഷ് പറഞ്ഞെന്നെ വെരട്ടല്ലെ കമ്മീഷണറെ. നാലാം ക്ലാസ്സും ഡ്രില്ലും പഠിച്ചുതന്നെയാ ഞാൻ മുഖ്യമന്ത്രിയായത്. കൂടെ തൊണ്ടപൊട്ടുമാറ് മുദ്രാവ്യക്യേം വിളിച്ചിട്ടുണ്ട്. അതുകൊണ്ടാ നീ ഇപ്പോഴെന്റെ മുന്നിൽ വന്ന് വടിപോലെ നിൽക്കുന്നേ……… ’
എക്‌സ്‌ക്യൂസ് മീ സാർ വിളിപ്പിച്ചത് എന്തിനാണെന്ന് പറഞ്ഞില്ല.
ജനാർദ്ദനൻ തമ്പി പുച്ഛിച്ചു ചിരിച്ചു.
‘ആ തിരുമുഖം ഒന്നു നേരിൽ കാണാൻ. കണ്ടു സായൂജ്യമണിയാൻ. സാറിനു പോകാൻ തിടുക്കമായോ? പൊയ്‌ക്കോ. ഓഫീസിലേക്കല്ല. വീട്ടിലേക്ക്. ആ കുപ്പായം ഇങ്ങോട്ടൂരിത്തന്നേക്ക്. ഇപ്പോ നീ കമ്മീഷണറല്ല. വെറും ഇസ്‌പേഡ് ഏഴാം കൂലി. ഇനിയുള്ളതൊക്കെ പിന്നാലെവരും.
രാജ്‌മോഹൻ ക്യാപ്പൂരി മേശപ്പുറത്തു വച്ചു.
’താങ്ക്‌യു സാർ.‘
തമ്പി ചിരിച്ചു.
രാജ്‌മോഹൻ തമ്പിയുടെ മുന്നിലെത്തി.
’മിസ്‌റ്റർ ജനാർദ്ദനൻ തമ്പീ..‘
തമ്പി ചെറുതായി നടുങ്ങി.
നിങ്ങളെ വിളിക്കേണ്ടത് ഇങ്ങനെയല്ലെന്ന് എനിക്കറിയാം. നാവിനുളുപ്പില്ലാത്ത നിങ്ങളോട് അതേ ഭാഷയിൽ സംസാരിക്കാൻ അറിയാഞ്ഞിട്ടല്ല. എന്റെ സംസ്‌ക്കാരം അതിനനുവദിക്കുന്നില്ല. കുറച്ചുകാര്യങ്ങൾ നിങ്ങളറിയണം തമ്പി. ഈ നാട്ടിലെ ആത്മാർത്ഥതയുള്ള ഓരോ പോലീസുകാരന്റെയും വിധിയാണ് ഇപ്പോൾ ഞാനേറ്റുവാങ്ങുന്നത്. ഭരിക്കുന്ന കക്ഷിയുടെ ചട്ടുകമാകാത്ത ഒരു പോലീസുകാരനും ഈ നാട്ടിൽ നേരെ ചൊവ്വേ കാക്കിയിടാനാവില്ല. ഇപ്പോഴും ഈ നാട് ഭരിക്കുന്നത് സായിപ്പുമാർ തന്നെ. നിങ്ങളെപ്പോലുള്ള വിവരമില്ലാത്ത നാടൻ സായിപ്പുമാർ. ബസിനു കല്ലെറിഞ്ഞു നാലു മുദ്രവാക്യം വിളിച്ചുകൊണ്ടു ചോര രാഷ്‌ട്രീയം കളിച്ചു മന്ത്രിമാരായ ഇഡിയറ്റ്‌സ്. അധികാരം കിട്ടി്ക്കഴിഞ്ഞാൽ നാട്ടിലെ ജനങ്ങളെ പുറംകാലുകൊണ്ട് ചവിട്ടിമെതിക്കുന്ന വൃത്തികെട്ട ജന്തുക്കൾ. നിങ്ങളുടെ ഭാഷ കടമെടുത്തു പറഞ്ഞാൽ, ബാസ്‌റ്റാർഡ്‌സ്.’
തമ്പി അലറി വിളിച്ചു.
‘കടന്നുപോടാ നായിന്റെ മോനേ.’
രാജ്‌മോഹന്റെ ശബ്‌ദമുയർന്നു.
‘ഉറക്കെ നിലവിളിച്ച് ക്ലീൻ ഹൗസ് നാറ്റിക്കണ്ട. പറയാനുള്ളതു മുഴുവൻ പറയാതെ ഞാൻ ഇവിടെ വിട്ടുപോവില്ല. ഇപ്പോൾ ഈനാടു ഭരിക്കുന്നതു നിങ്ങളല്ല തമ്പീ. കരിമഠം പെരുമാളും സംഘവും. കൂട്ടുനിന്നാൽ മാത്രമായി അധികാരത്തിലേറിയവർക്കു ക്രിമിനലുകളുടെ കാലുനക്കാൻ ഒട്ടും മടിയുണ്ടാവില്ല. ജയിച്ചെന്നു കരുതണ്ട. പരമാവാധി അഞ്ചു വർഷത്തേക്കു മാത്രമാണ് ഈ സിംഹാസനം. പിന്നെയും ഇളിഞ്ഞ ചിരിയുമായി നിങ്ങൾക്കു താഴേക്കു വരേണ്ടിവരും. അന്നു ചിലപ്പോൾ സോഷ്യലിസ്‌റ്റ് പാർട്ടിയുടെ കൊടി കാണണമെങ്കിൽ റെയിൽവേ സ്‌റ്റേഷനിൽ പോകേണ്ടിവരും. പണ്ടു മരിച്ചുപോയ നേതാക്കന്മാരുടെ പേരു പറഞ്ഞു ജനമധ്യത്തിലേക്കിറങ്ങി ചെല്ലുമ്പോൾ ജനങ്ങൾ തീഹാർ ജയിലിലുള്ള പുതിയ നേതാക്കന്മാരെപ്പറ്റി നിങ്ങൾക്കു പറഞ്ഞു തരും.’
ജനാർദ്ദനൻതമ്പി മേശപ്പുറത്തിരുന്ന കാളിംഗ് ബെല്ലിൽ തെരുതെരെ കൈയമർത്തി. വാതിൽക്കൽ സെക്രട്ടറി പരശുരാമനും ഗൺമാൻ തോമസുകുട്ടിയും വന്നു. തമ്പി ഗർജിച്ചു.
‘ഇവനെ പിടിച്ചു പുറത്താക്കടാ.’
രാജ്‌മോഹൻ ശബ്‌ദമുയർത്തിപ്പറഞ്ഞു.
‘ഭാർഗവരാമൻ എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട് അക്കൂട്ടത്തിൽ ലക്ഷങ്ങൾ കൊടുത്ത് എം.എൽ.എ.മാരെ വിലയ്‌ക്കുവാങ്ങി. അധികാരത്തിലെത്തിയ ജനാർദ്ദനൻ തമ്പി എന്ന ചെറ്റയുടെ കഥയുമുണ്ട്. പേടിക്കണ്ട. തൽക്കാലം നിങ്ങളെ വിലങ്ങിന്റെ കിലുക്കം കേൾപ്പിക്കാൻ ഭാർഗവരാമൻ ജീവൻവച്ചു തിരിച്ചുവരില്ല. നിങ്ങൾക്കെതിെരേ നാവനക്കുന്നവരെ മുഴുവൻ രക്‌തസാക്ഷിയാക്കാനാണുദ്ദേശ്യമെങ്കിൽ സോഷ്യലിസ്‌റ്റ് പാർട്ടിയിൽ നേതാക്കന്മാരുണ്ടാവില്ല തമ്പീ.
ഗൺമാൻ രാജ്‌മോഹനെ വട്ടം പിടിച്ചു. രാജ്‌മോഹൻ കുതറി. ഗൺമാന്റെ പിടിവിട്ടുപോയി.
’അവാസാനംവിജയം നിങ്ങൾ രാഷ്‌ട്രീയക്കാരുടേതല്ല. ഈ നാട്ടിലെ സാധാരണജനങ്ങളുടേതാണ് കോടതിമാത്രമല്ല ജനങ്ങളും ഉണർന്നുതുടങ്ങി കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞുതുടങ്ങി. മാറ്റത്തിന്റെ കാറ്റുവിശുമ്പോൾ ഇവിടെ ആരുമുണ്ടായിരിക്കില്ല. ഒന്നുമുണ്ടായിരിക്കില്ല. ഈ ക്ലീൻ ഹൗസ് പോലും.
ആ ശബ്‌ദം നഷ്‌ടപ്പെട്ടു ജനാർദ്ദനൻ തമ്പി പകച്ചു നിൽക്കുമ്പോൾ രാജ്‌മോഹൻതമ്പി തിടുക്കത്തിൽ പിൻതിരിഞ്ഞു പുറത്തേക്കു നടന്നു. അയാളുടെ കാലടി ശബ്‌ദം കേട്ട് ക്ലീൻ ഹൗസ് വിറച്ചു.
ആ സമയം രാമകൃഷ്‌ണ കൈമളുടെ ബംഗ്ലാവിൽ നിമിഷങ്ങൾ പോലും നടുങ്ങിനിൽക്കുകയായിരുന്നു. നിറഞ്ഞുനിന്ന നിശ്ശബ്‌ദത ഒരു നിശ്വാസം കൊണ്ടുപോലും മുറിക്കാൻ ആരും ധൈര്യപ്പെട്ടില്ല. നാരായണക്കുറുപ്പു സിഗററ്റ് തെരുതെരെ വലിച്ചുതള്ളി. അച്യുതൻകുട്ടി. മദ്യം മെല്ലെ മെല്ലെ സിപ്പു ചെയ്‌തു. ബേബിച്ചായൻ ഒന്നനങ്ങാൻപോലും കഴിയാതെ വിവശനായി സോഫയിൽ ചാരിയിരുന്നു. രാമകൃഷ്‌ണ കൈമൾ പേടിയോടെ പലവട്ടം കണ്ണുകൾ ചിമ്മിത്തുറന്നു. ഒടുവിൽ നിശ്ശബ്‌ദത പിളർന്നുകൊണ്ട് അച്യുതൻകുട്ടി തിരക്കി.
‘ആ പുലിനഖമാലയും വലംപിരിശംഖും ഇപ്പോൾ ആരുടെ കൈയിലാണുള്ളത്?’
ആരും മിണ്ടിയില്ല. കൈമൾ ദീനതയോടെ അച്യുതൻകുട്ടിയെ നോക്കി.
കാാര്യങ്ങളൊക്കെ നമ്മൾ വിചാരിച്ചതിനെക്കാൾ സീരിയസാണ്. ശത്രുഘ്‌നൻ വന്നിട്ടുള്ളത് വർഷങ്ങൾക്കു പിന്നിൽ നിന്ന് ഒന്നുകിൽ എല്ലാം അവനറിയാമായിരിക്കും. അല്ലെങ്കിലവൻ അറിയാൻ ശ്രമിക്കുകയാവണം. ആ വലംപിരിശംഖും പുലിനഖമാലയും തിരിച്ചുകൊടുത്തുനമുക്കു പ്രശ്‌നങ്ങളെല്ലാം അവസാനിപ്പിച്ചുകൂടേ കൈമളേ?
അച്യുതൻകുട്ടി രാമകൃഷ്‌ണകൈമളെ നോക്കി.
ബേബിച്ചായൻ മുന്നോട്ടാഞ്ഞു.
‘അച്യുതൻകുട്ടി പറയുന്നതിലും കാര്യമുണ്ട്. രക്ഷപ്പെടാൻ അവശേഷിക്കുന്ന ഒരേയൊരു വഴി അത്രമാത്രമാണ് കൈമളേ. ശത്രുഘ്‌നന് ഇനി ആവശ്യമുള്ളത് ആ വലംപിരിശംഖും പുലിനഖമാലയും. നമുക്കതു തിരിച്ചു കൊടുത്തുകൂടേ? അങ്ങനെ നഷ്‌ടപ്പെട്ട മനസ്സമാധാനനം വീണ്ടെടുത്തുകൂടേ?’
കൈമൾ വിഹ്വലനായി പറഞ്ഞു.
‘പക്ഷേ …. പക്ഷേ….. പെരുമാൾ അതിനി നമുക്കു മടക്കിത്തരുമോ ബേബിച്ചായ? ഗോദവർമ്മയെ നിശബ്‌ദനാക്കുന്നതിനുപകരം അയാൾ ചോദിച്ചു വാങ്ങിയതാണ് അവ രണ്ടും. എന്തുകാരണംകൊണ്ടായാലും പെരുമാൾ അതിനി തിരിച്ചു തരില്ല. മറ്റാർക്കെങ്കിലുമയാൾ അതു കൈമാറിയിട്ടുണെങ്കിൽ…….’
നാരായണക്കുറുപ്പു മന്ത്രിക്കുന്നതുപോലെ പറഞ്ഞു.
‘അതു രണ്ടും കിട്ടിയാലും ശത്രുഘ്‌നൻ തിരിച്ചുപോകുമെന്ന് എനിക്കു വിശ്വാസമില്ല. നാലുകെട്ടിനുള്ളിൽ പിടഞ്ഞുതീർന്ന ചോരപുരണ്ട ഓർമ്മകളിലേക്ക് ഊളിയിട്ടിറങ്ങാതെ അവൻ മടങ്ങിപ്പോവില്ല. ഭാർഗവരാമന്റെ മരണം പോലും മുൻകൂട്ടി അറിഞ്ഞവനാണു ശത്രുഘ്‌നൻ അതുപോലെ നമ്മുടെ ഓരോരുത്തരുടെ മരണവും…….’
കൈമൾ ഇടക്കു കയറി പറഞ്ഞു.
‘അറംപറ്റുന്ന വാക്കുകൾ പറയല്ലേ കുറുപ്പേ. ഭാർഗവരാമന്റെ മരണത്തിനുപിന്നിൽ അവനല്ല നമ്മളാണ്. ജനനാർദ്ദനൻ തമ്പി പറഞ്ഞിട്ടാണു നമ്മളയാളെ….’
ബേബിച്ചാൻ മെല്ലെ നിശ്വസിച്ചു.
‘പക്ഷേ, ശത്രുഘ്‌നൻ പുഷ്‌പചക്രത്തിന് ഓഡർ കൊടുത്തതു തലേന്നു രാത്രി. ആറാമിന്ദ്രീയംകൊണ്ട് അവൻ എല്ലാമറിഞ്ഞുവെന്നു വിശ്വസിക്കുകയാണെങ്കിൽ… നമ്മൾ പേടിക്കണം കൈമളെ… ഇനിയുള്ള ഓരോ മരണവും അവൻ മുൻകൂട്ടിയറിയും.’
കൈമൾ വിറച്ചുപോയി.
‘ഇനി മരിക്കാനുള്ളവർ…’
ബേബിച്ചായൻ കൈമളെ നോക്കിയില്ല.
‘അതറിയണമെങ്കിൽ ഒരാൾകൂടി മരിക്കണം. നറുക്കു വീഴാനുള്ളത് ആർക്കാണെന്നറിയണം. ശേഷിക്കുന്ന ആറു പേരിൽ ഒരാൾക്കാണെങ്കിൽ പേടിക്കണം കൈമളേ… അവനും വലംപിരിശംഖും പുലിനഖമാലയും മാത്രം മതിയാവില്ല. നമ്മുടെ ജീവൻകൂടി വേണ്ടിവരും.’
അച്യുതൻകുട്ടി എല്ലാവരോടുമായി പറഞ്ഞു.
‘എന്നാലിനി സമയം കളയണ്ട. ആവശ്യമില്ലാത്തതൊക്കെ ചിന്തിച്ചു ടെൻഷൻ കൂട്ടണ്ട. നമുക്കു പെരുമാളെയും വിവരമറിയിക്കാം. എന്തു ചെയ്യണമെന്ന് അവർ തീരുമാനിക്കട്ടെ. എത്രയായാലും അവൻ ഒറ്റയാനല്ലേ ബേബിച്ചായ? നമ്മൾ ഒരു സംഘവും. ശത്രുഘ്‌നനെ ഈ ഭൂമിയിൽനിന്നു തുടച്ചുനീക്കാൻ പെരുമാൾക്ക് ഒരു നിമിഷാർധം പോലും വേണ്ടിവരില്ല.’
നാരായണക്കുറുപ്പ് അച്യുതൻ കുട്ടിയെ പിന്താങ്ങിക്കൊണ്ടുപറഞ്ഞു.
‘ഭാർഗവരാമനെ വകവരുത്തിയതു പാർട്ടിതന്നെയാണെന്നറിയാവുന്ന ഒരാൾ ബാക്കിയാവുന്നതു നല്ല കാര്യമല്ല. ശത്രുഘ്‌നൻ അതറിഞ്ഞു കഴിഞ്ഞു. അച്യുതൻകുട്ടി പറയുന്നതാണു ശരി. തമ്പിയെയും പെരുമാളിനെയും ഉടൻ വിവരമറിയിക്കണം ഒരാളെക്കൊന്നാലും പത്താളെ കൊന്നാലും ശിക്ഷ ഒന്നേയുള്ളൂ. തൂക്കുമരം അറച്ചുനിന്നിട്ടു കാര്യമില്ല. വേണ്ടതു വേണ്ടപ്പോൾ തന്നെ ചെയ്യണം.’
ബേബിച്ചായൻ വാതിൽ തുറന്നു പുറത്തുകടന്നു. കൈമൾ രണ്ടും കൽപ്പിച്ച് ടെലിഫോണിനു നേരെ നടന്നു. ഡയൽ തിരിഞ്ഞു. ക്ലീൻ ഹൗസിൽ ബെൽ മുഴങ്ങി. അങ്ങേത്തലയ്‌ക്കൽ ജനാർദ്ദനൻ തമ്പി ലൈനിൽ വന്നു.
‘സി.എം. ഹിയർ.’
ഇതിനിടെ ബേബിച്ചായൻ കാറിനടുത്തെത്തിയിരുന്നു.
അയാൾ ഡോർ തുറന്നു ഡ്രൈവിംഗ് സീറ്റിലെത്തി. പിന്നെ സ്വിച്ച് കീയിലേക്കു വിരൽ നീട്ടി. സർപ്പദംശനമേറ്റതുപോലെ അയാൾ നടുങ്ങിപ്പോയി.
സ്വിച്ച് കീയിൽ കരുങ്ങിക്കിടക്കുന്ന ഒരു റീത്തിന്റെ ചിത്രം… അതിനുള്ളിലെഴുതിയിരുന്നു.
ആർ. ഐ. പി.
റെസ്‌റ്റ് ഇൻ പീസ്.
വിറയ്‌ക്കുന്ന കൈയോടെ ബേബിച്ചായൻ ആ റീത്തിന്റെ ചിത്രം വലിച്ചെടുത്തു.
Generated from archived content: ananthapuri5.html Author: nk_sasidharan