നാല്‌

‘ഭാർഗ്ഗവ രാമാ നേതാവേ, ധീരതയോടെ നയിച്ചോളൂ ലക്ഷം ലക്ഷം പിന്നാലെ….’ കാതടപ്പിക്കുന്ന മുദ്രവാക്യങ്ങളുയർന്നു.

എയർപോർട്ടിൽ വച്ചു തന്നെ ഭാർഗ്ഗവരാമനെ പത്രക്കാർ വളഞ്ഞു. ഫ്‌ളാഷുകൾ പലവട്ടം മിന്നി. ചുണ്ടിലെ വാടാത്ത ചിരി ക്യാമറകൾ ഒപ്പിയെടുത്തു. എല്ലാവരോടുമായി തൊഴുകൈകളോടെ ഭാർഗ്ഗരാമൻ പറഞ്ഞു. ‘ ഇപ്പോൾ ഒരു ഇന്റർവ്യൂ തരാനുള്ള മൂഡിലല്ല ഞാൻ എല്ലാം വിശദമായി പിന്നീടു പറയാം.

ഒരു പത്രപ്രവർത്തകൻ തിരക്കി. ’പാർട്ടിയിലെ ഗ്രൂപ്പു വഴക്കുകൾ…..‘ ഭാർഗ്ഗവരാമൻ ചിരിച്ചു.

’പാർട്ടിയിൽ അതിനു ഗ്രൂപ്പുകളൊന്നുമില്ലല്ലോ? പിന്നെ എന്തു വഴക്ക്‌?

‘അങ്ങേയ്‌ക്ക്‌ പ്രധാനമന്ത്രിയെ കാണാൻ പറ്റിയില്ല എന്നൊരു റൂമർ…..

’റൂമറല്ലേ? സത്യമല്ലല്ലോ. പ്രധാനമന്ത്രിയും ഞാനും തനിച്ചിരുന്ന്‌ ഒരു മണിക്കൂർ സംസാരിച്ചു.‘

മറ്റൊരു പത്രക്കാരൻ കുസൃതിയോടെ തിരക്കി. ’ അങ്ങേയ്‌ക്കതിന്‌ ഹിന്ദി അറിയില്ലല്ലോ. പിന്നെങ്ങെനെ പ്രധാനമന്ത്രിയുമായി തനിച്ച്‌……..‘

’വികാരങ്ങൾ പ്രകടിപ്പിക്കാൻ ഭാഷ എന്തിനാണു സുഹൃത്തേ? മനസ്സിന്റെ കണ്ണാടിയാണു മുഖം…‘

പത്രക്കാരുടെ ഇടയിലൂടെ സമർത്ഥമായി വഴിയുണ്ടാക്കി ഭാർഗ്ഗവരാമൻ കാറിനടുത്തേക്കു നീങ്ങി. ഡോർ തുറന്നു കാറിനുള്ളിലേക്ക്‌ കയറി. കാർ മുന്നോട്ടു കുതിച്ചു നീങ്ങി. ഭാർഗ്ഗവരാമൻ പിന്നോട്ടു ചാഞ്ഞിരുന്നു. കാൽ മണിക്കൂറിനുള്ളിൽ കാർ ബംഗ്ലാവിനു മുന്നിലെത്തി. ഡോർ തുറന്നു പുറത്തിറങ്ങിയ ഭാർഗ്ഗവരാമൻ അറിയാതെ നടുങ്ങിപ്പോയി. ഗെയിറ്റിനു മുന്നിൽ ഒരു സംഘം പോലീസ്‌. ഗെയ്‌റ്റിനകത്ത്‌ മറ്റൊരു സംഘം. വേവലാതിയോടെ ഭാർഗ്ഗവരാമൻ അകത്തുകടന്നു. അയാൾ സ്വീകരണമുറിയുടെ വാതിലിനടുത്തെത്തി. സിറ്റൗട്ടിൽ സിറ്റി പോലീസ്‌ കമ്മീഷണർ രാജ്‌മോഹൻ.

ഗുഡ്‌മോണിംഗ്‌ മിസ്‌റ്റർ ഭാർഗ്ഗവരാമൻ.’

‘ഗുഡ്‌മോണിംഗ്‌ ’ ഭാർഗ്ഗവരാമെന്റെ ശബ്‌ദം വിറച്ചു.

‘ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം. നിങ്ങളിവിടെ അനധികൃതമായി കള്ളപ്പണം കാത്തു വച്ചിട്ടുണ്ടെന്ന്‌ ഞങ്ങൾക്കൊരു മെസേജു കിട്ടി. പ്ലീസ്‌ ഓപ്പൺ ദ ഡോർ.’

ഭാർഗ്ഗവരാമൻ രാജ്‌മോഹനനെ തറച്ചുനോക്കി.

‘വാറണ്ടെവിടെ?’

രാജ്‌മോഹനൻ ചിരിച്ചു. ‘സെർച്ചിനു താങ്കൾ സമ്മതിച്ചാൽ പിന്നെയൊരു വാറണ്ടിന്റെ ആവശ്യമില്ലല്ലോ.’

‘നോ.’ ഭാർഗ്ഗവരാമൻ ജ്വലിച്ചു.

‘വാറണ്ടില്ലാതെ ഒരു നായിന്റെ മോനും അകത്തുകടക്കത്തില്ല ഞാൻ ക്ലിയറൗട്ട്‌’.

‘ വെറുതെ വാശിപിടിക്കരുത്‌. ഇപ്പോൾ നിങ്ങളൊരു ക്രിമിനലല്ല. വി.വി.ഐ.പി. യാണ്‌. ക്രിമിനലാവാൻ നോക്കരുത്‌.

രാജ്‌മോഹൻ റിവോൾവർ പുറത്തെടുത്തു. ഭാർഗ്ഗവരാമൻ പേടിയോടെ രാജ്‌മോഹനെ നോക്കി.

വാറണ്ട്‌ ഇതിനുള്ളിലുണ്ട്‌. തുറന്നു കാണിക്കണോ?

ഭാർഗ്ഗവരാമൻ മിണ്ടിയില്ല. പിന്നിലേക്കു തിരിഞ്ഞു. രാജ്‌മോഹൻ പറഞ്ഞു.

ഹരീന്ദ്ര സെർച്ച്‌.’

വിറയ്‌ക്കുന്ന കൈയോടെ ഭാർഗ്ഗവരാമൻ ഡോർ തുറന്നു. ഹരീന്ദ്രനും സംഘവും മുന്നോട്ടു നടന്നു. ഭാർഗ്ഗവരാമൻ ദൈന്യതയോടെ രാജ്‌മോഹനെ നോക്കി. അടക്കിയ ശബ്‌ദത്തിൽ അയാൾ പറഞ്ഞു. ‘ രക്ഷിക്കണം. പകരം എന്തു ചോദിച്ചാലും ഞാൻ തരും. ഇവിടെയുള്ള പോലീസുകാർക്ക്‌ വാരിക്കോരി കൊടുക്കുന്നതുപോലെ. നിമിഷങ്ങൾക്കുള്ളിൽ നിങ്ങളെ ഞാൻ ലക്ഷപ്രഭുവാക്കും.’

രാജ്‌മോഹൻ ഭാർഗവരാമനെ തുറിച്ചാനോക്കി. ‘രാഷ്‌ട്രീയക്കാരുടെ നാറിയ അടവുകളൊന്നും എന്നോടു വേണ്ട, പണം കൊടുത്താൽ നിങ്ങൾക്ക്‌ എം.എൽ.എ മാരെയും എം.പി. മാരെയും വിലയ്‌ക്കും കിട്ടിയെന്നിരിക്കും.

“അപ്പോൾ ഒരു വിട്ടുവീഴ്‌ചയ്‌ക്കും നിങ്ങൾ തയ്യാറല്ല.

’നോ‘

പിന്നിൽ കനത്ത കാലടിയൊച്ച കേട്ടു ഡി.വൈ.എസ്‌.പി. ഹരീന്ദ്രൻ ഓടിവരുന്നുണ്ടായിരുന്നു.

’ എന്താ ഹരീന്ദ്ര?

‘കിട്ടിയ ഇൻഫർമേഷൻ ശരിയാണു സാർ. സ്‌റ്റോർ റൂമിലെ തകരപ്പെട്ടിയിൽ…’

ഹരീന്ദ്രന്റെ പിന്നാലെ രാജ്‌മോഹൻ നടന്നു. തോളിലെ ഷാളെടുത്ത്‌ ഭാർഗവരാമൻ മുഖത്തെ വിയർപ്പുതുടച്ചു.

സ്‌റ്റോർറൂമിൽ കണ്ട കാഴ്‌ച ഞെട്ടിക്കുന്നതായിരുന്നു. തകരപ്പെട്ടികളിൽ അടുക്കുവച്ചിട്ടുള്ള അഞ്ഞൂറിന്റെയും നൂറിന്റെയും നോട്ടുകൾ…. നാലു ബാരലുകളിലായി വാറ്റിയെടുത്ത ചാരായം.

രാജ്‌മോഹൻ സ്വീകരണ മുറിയിലേക്ക്‌ നടന്നു. കൈകൾകൊണ്ട്‌ മുഖം പൊത്തി ഭാർഗവരാമൻ ഒരു സോഫയിലിരിക്കുന്നുണ്ടായിരുന്നു.

രാജ്‌മോഹൻ ഗർജ്ജിച്ചു. ‘കൊള്ളാം’ വളരെ വളരെ നന്നായിരിക്കുന്നു. ഒരു രാഷ്‌ട്രീയ നേതാവിന്റെ വീട്ടിൽ കണക്കില്ലാത്ത കള്ളപ്പണം മാത്രമല്ല വാറ്റു ചാരായം നിറച്ച ബാരലുകളും.‘

ഭാർഗവരാമൻ മുഖമുയർത്തി. കൈകൾ മുഖത്തു നിന്നും അടർത്തിമാറ്റി ഗർജ്ജിക്കുന്നതുപോലെ അയാൾ പറഞ്ഞു. ’ഇതൊക്കെ പറയാൻ നീയാരാ? എന്നെ തൊട്ടുകളിക്കുമ്പോൾ സൂക്ഷിക്കണം. കൂടെവരാൻ ഒരു പാടു പേരുണ്ടാവും. സി.എം.ഉൾപ്പെടെ ഈ നാട്ടിലെ രാഷ്‌ട്രീയക്കാരെ ഒന്നടങ്കം നിങ്ങൾക്കു ജയിലിലടയ്‌ക്കേണ്ടി വരും. അഴിമതി ഒരാഗോള പ്രതിഭാസമാണ്‌. അതു തുടച്ചു നീക്കാൻ നിങ്ങൾക്കൊരിക്കലും കഴിയില്ല. അതിലും എളുപ്പമാണ്‌ ഒരു കമ്മീഷണറെ തുടച്ചു നീക്കുന്നത്‌.‘

ഭാർഗവരാമൻ കണ്ണുകളിലേക്ക്‌ ഒരു തീപ്പൊട്ടു പറന്നു വീണു.

ഭാർഗവരാമനെ അറസ്‌റ്റ്‌ ചെയ്‌ത വാർത്ത പോലീസ്‌ പരമരഹസ്യമായി സൂക്ഷിച്ചിട്ടും അനന്തപുരി അതു മണത്തറിഞ്ഞു. അഭ്യൂഹങ്ങൾ കാട്ടുതീപോലെ പടർന്നു.

കെ.പി.എസ്‌..പിയുടെ സെക്രട്ടറി ഭാർഗവരാമന്റെ ബംഗ്ലാവിൽ റെയ്‌ഡ്‌. മറച്ചുവച്ചിരുന്ന കള്ളപ്പണത്തിന്റെ ഒരു ഭാഗം കണ്ടെടുത്തു.

ലോക്കറുകൾ തുറന്നു.

ഇനിയും വമ്പന്മാർ കുടുങ്ങും.

പാർട്ടിവൃത്തങ്ങളിൽ പരിഭ്രാന്തി പടർന്നു.

മന്ത്രിസഭ പ്രതിസന്ധിയിൽ.

ഭാർഗവരാമനെ സി.ബി.ഐ. ഏറ്റെടുക്കും.

കോടതി. നിർണ്ണായമായ നിമിഷങ്ങൾ. അത്ഭൂതപൂർവ്വമായ ഒരു ജനകൂട്ടമാണ്‌ കോടതിക്കു പുറത്തു തടിച്ചുകൂടിയത്‌. എല്ലാം കണ്ണുകളിലും അത്ഭുതവും ആകാംക്ഷയും പണവും സ്വാധീനവും ക്രിമിനൽ സ്വാഭാവവുമുള്ള ഒരു വി.വി.ഐ.പി.യെയാണു കമ്മീഷണർ ആരുമറിയാതെ കസ്‌റ്റ്‌ഡിയിലെടുത്തത്‌. ആശങ്കയും അസ്വസ്ഥതയും നിറഞ്ഞ നിമിഷങ്ങളിലേക്ക്‌ ചടുലമായ ചലനങ്ങളോടെ സിറ്റി കമ്മീഷണർ രാജ്‌മോഹൻ വന്നു. മുരുതിയുടെ പിൻസീറ്റിൽ ഭാർഗവരാമനുമുണ്ടായിരുന്നു. കാറിനു പിന്നിൽ ഒരു പോലീസ്‌ വാൻ. നിശ്ചലത. കൊടുങ്കാറ്റിനു മുൻപുള്ള ശാന്തത.

ഡോർ തുറന്നു പോലീസുകാർ കുതിച്ചിറങ്ങി. അവർ ആൾക്കൂട്ടത്തെ രണ്ടുവശത്തേക്കും വകഞ്ഞു​‍ാമാറ്റി. കാറിൽ നിന്നിറങ്ങിയ ഭാർഗവരാമൻ പോക്കറ്റിൽ നിന്നും ടവ്വലെടുത്ത്‌ മുഖം മറച്ചു. ഫ്‌ളാഷുകൾ തുടരെ മിന്നി. കാറിനു ചുറ്റും തടിച്ചുകൂടി നിന്നവരെ പോലീസ്‌ ലാത്തി വീശി അകറ്റി. രാജ്‌മോഹൻ ഭാർഗരാമന്റെ കൈയിൽ ബലമായി പിടിച്ചു മുന്നോട്ടു നടന്നു. പിന്നിൽ പോലീസ്‌ സംഘം കമ്മീഷണറും ഭാർഗവരാമന്റെ കൈയിൽ ബലമായി പിടിച്ചു മുന്നോട്ടു നടന്നു. പിന്നിൽ പോലീസ്‌ സംഘം കമ്മീഷണറും ഭാർഗവരാമനും അകത്തുകടന്നപ്പോൾ പോലീസ്‌ ഗേറ്റ്‌ വലിച്ചടച്ചു. രാജ്‌മോഹൻ ആരെയും ശ്രദ്ധിക്കാതെ മുന്നോട്ടു നടന്നു. അയാൾക്കെതിരെ കനത്ത ഒരു മുഖം വന്നു.

’ഹലോ മിസ്‌റ്റർ കമ്മീഷണർ‘

’ഹലോ‘

’മനസ്സിലായല്ലോ. ഞാനാണ്‌ ഭാർഗവരാമന്റെ അഡ്വക്കേറ്റ്‌ നാരായണക്കുറുപ്പ്‌‘.

’മനസ്സിലായി‘

’മിടുക്കനാണെന്ന്‌ അഹങ്കരിക്കണ്ട. എന്തു കാരണം കൊണ്ടായാലും ഭാർഗവരാമനെ അറസ്‌റ്റ്‌ ചെയ്‌ത വിവരം രഹസ്യമാക്കി വച്ചത്‌ നന്നായില്ല.

രാജ്‌മോഹൻ ശാന്തനായി പറഞ്ഞു. ഞാൻ പഠിച്ച നീതി എന്നോട്‌ അങ്ങനെയാണു പറഞ്ഞത്‌.‘

’ ആ നീതി ഞാൻ അനീതിയാക്കിക്കാട്ടിത്തരാം.‘

’അതാണല്ലോ നിങ്ങളുടെ ജോലി.‘ നാരായണക്കുറുപ്പ്‌ രാജ്‌മോഹനെ തറച്ചു നോക്കി. ’ജയിച്ചെന്നു കരുതണ്ട. തോൽക്കാൻ പോകുന്നതേയുള്ളൂ. രാജ്‌മോഹൻ പുഞ്ചിരിച്ചു.

‘ഇരുപത്തിനാലു മണിക്കൂർ തികച്ച്‌ ഞാനിയാളെ കസ്‌റ്റഡിയിൽ വച്ചിട്ടില്ല. ദേഹത്ത്‌ ഒരു പോറൽ പോലും ഏൽപ്പിച്ചിട്ടില്ല. അറസ്‌റ്റ്‌ ചെയ്യുമ്പോഴും ഇയാൾ ഇങ്ങനെ തന്നെയായിരുന്നു. ’അതൊക്കെ കോടതിയിൽ പറഞ്ഞാൽ മതി. പക്ഷേ ഒന്ന്‌ ഈ കറുത്ത കുപ്പായത്തോട്‌ അനാദരവ്‌ കാട്ടരുത്‌. ഈ കുപ്പായത്തിന്‌ നിങ്ങളുടെ കാക്കിയെ തളയ്‌ക്കാനുള്ള കരുത്തുണ്ട്‌. രാജ്‌മോഹൻ ചിരിച്ചതേയുള്ളു. നാരായണക്കുറുപ്പിന്റെ ശബ്‌ദമുയർന്നു. ‘വാറണ്ടില്ലാതെയല്ലേ നിങ്ങൾ ഭാർഗവരാമനെ അറസ്‌റ്റ്‌ ചെയ്‌തത്‌? നിലയും വലിയുള്ള ഒരു വി.വി.ഐ.പി.യുടെ ബംഗ്ലാവിൽ ആരുമറിയാതെ നിങ്ങൾ അതിക്രമിച്ചു കയറി. അതു ഭവനഭേദനം’.

രാജ്‌മോഹൻ ചിരിച്ചു.

‘ഇയാളുടെ വീട്ടിൽ നിന്ന്‌ ഞാൻ കോടിക്കണക്കിന്‌ കള്ളപ്പണം പിടിച്ചെടുത്തിക്കുണ്ട്‌. അതു മോഷണം. ഇനി കൊലപാതകശ്രമവും നിങ്ങൾക്കു ചാർജ്ജ്‌ ചെയ്യാം. അപ്പോൾ എന്റെ കൈയിലൊരു റിവോൾവറു മുണ്ടായിരുന്നു.

നാരായണക്കുറുപ്പിന്റെ ശബ്‌ദം കനത്തു. ’എന്തൊക്കെപ്പറഞ്ഞാലും നിങ്ങളുടെ ഈ തന്റേടം എനിക്കിഷ്‌ടമായി. പക്ഷേ ഒന്ന്‌, വീണ്ടും കാണുമ്പോഴും അതിന്റെ ഒരംശമെങ്കിലും നിങ്ങളിൽ ബാക്കിയുണ്ടാവണം.

ഗെയ്‌റ്റിനുപുറത്ത്‌ പൊടുന്നനെ ഒരു ജീപ്പ്‌ മുരൾച്ചയോടെ ബ്രേക്കിട്ടു നിന്നു. രാജ്‌മോഹനൻ മുഖമുയർത്തി. ഗെയ്‌റ്റ്‌ തള്ളിത്തുറന്ന്‌ ഡി.വൈ.എസ്‌.പി ഹരീന്ദ്രൻ ഓടിവരുന്നുണ്ടായിരുന്നു. അയാളുടെ വിവശമായ മുഖം കണ്ടപ്പോൾ രാജ്‌മോഹന്റെ ഉള്ളുപിടിഞ്ഞു. ഹരീന്ദ്രൻ രാജ്‌മോഹന്റെ മുന്നിലെത്തി അറ്റൻഷനായി

‘എന്താ ഹരീന്ദ്രാ?’

ഹരീന്ദ്രൻ ദൈന്യതയോടെ പറഞ്ഞു.

‘കസ്‌റ്റഡിയിലുണ്ടായിരുന്ന വാറ്റു ചാരയമടങ്ങിയ ബാരലുകൾ മുഴുവനും ആരോ വിദഗ്ദമായി മാറ്റിയിരിക്കുന്നു. ആരാണതു ചെയ്‌തതെന്ന്‌ കാണ്ടുപിടിക്കാൻ ഇപ്പോൾ സമയവുമില്ലല്ലോ ’.

നാരായണക്കുറുപ്പ്‌ അടക്കി ചിരിച്ചു. ‘ അപ്പോൾ എന്റെ കക്ഷി ബംഗ്ലാവിൽ അനധികൃതമായി വാറ്റുചാരായം സൂക്ഷിച്ചിട്ടില്ല. നിലനില്‌ക്കുന്നത്‌ ഒരേ ഒരാരോപണം മാത്രം കണക്കില്ലാത്ത കുറേ പണം ബംഗ്ലാവിൽ സൂക്ഷുച്ചുവച്ചു. അതു ഭാർഗവരാമന്റെ പണമല്ല. മിസ്‌റ്റർ രാജ്‌മോഹൻ സോഷ്യലിസ്‌റ്റ്‌ പാർട്ടി കോൺഗ്രസിനുവേണ്ടി ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത പണം.’

രാജ്‌മോഹൻ ഗർജ്ജിച്ചു.

‘നോ നിങ്ങൾ പറയുന്നതു നുണയാണ്‌’.

കുറുപ്പ്‌ വീണ്ടു ചിരിച്ചു.

രസീതുകുറ്റികൾ നുണപറയില്ല. സാക്ഷി പറയാൻ പാർട്ടി നേതൃത്വം മുഴുവനുമുണ്ട്‌. ഇനിയെങ്കിലും ഉയർന്ന പൊസിഷനിലുള്ള ഒരാളെ അറസ്‌റ്റ്‌ ചെയ്യാൻ തുനിയമ്പോൾ ഒരു വട്ടമല്ല മൂന്നുവട്ടം ചിന്തിക്കണം മിസ്‌റ്റർ കമ്മീഷണർ.

പക്ഷേ ഭാർഗവരാമന്റെ കുറ്റസമ്മതം ….‘

രാജ്‌മോഹൻ പൂർത്തിയാക്കിയില്ല. അതിനു മുൻപ്‌ ഒരു വെടിശബ്‌ദം കേട്ടു. നെഞ്ചു പൊത്തിപ്പിടിച്ച്‌ ഭാർഗവരാമൻ കിടിലം കൊള്ളിക്കുന്ന നിലവിളിയോടെ താഴേക്കൂർന്നു. ഒരു റിവോൾവർ രാജ്‌മോഹന്റെ മുന്നിലേക്കു വന്നു വീണു. ശബ്‌ദം നഷ്‌ടപ്പെട്ടു നടുങ്ങിനിൽക്കുമ്പോൾ ഗയ്‌റ്റ്‌ ചാടിക്കടന്നുപോകുന്ന കറുത്ത കുപ്പായമിട്ട ഒരാളെ രാജ്‌മോഹൻ കണ്ടു. അയാൾ ഒരടി മുന്നോട്ടുവച്ചു. പൊടുന്നനെ ചെവിക്കരികെ കുറുപ്പിന്റെ അടക്കിയ ശബ്‌ദം കേട്ടു.

’ശവത്തിന്റെ കുറ്റസമ്മതം ഇനി ആർക്കുവേണം മിസ്‌റ്റർ രാജ്‌മോഹനൻ.

* * *

പാർട്ടി ഓഫീസുകളിൽ പതാക പകുതിയോളം താഴേക്കൂർന്നിറങ്ങി. കറുത്ത കൊടികളുയർന്നു. ഭാർഗവരാമന്റെ ചില്ലിട്ട ഫോട്ടോയിൽ പൂമാല ചാർത്തി പ്രവർത്തകർ വിതുമ്പിക്കരഞ്ഞു. പരേതനോടുള്ള ബഹുമാനസൂചകമായി നാടൊട്ടുക്ക്‌ മൗനജാഥകൾ സംഘടിപ്പിക്കപ്പെട്ടു. അനൗദ്യോഗികമായി ഒരു ദിവസത്തെ ഉപവാസത്തിനും തീരുമാനമായി.

ദുഃഖം അണപൊട്ടി ഒഴുകുകയായിരുന്നു. പോസ്‌റ്റുമാർട്ടം കഴിഞ്ഞുകിട്ടിയ ഭാർഗവരാമന്റെ മൃതശരീരം ഇതിനിടെ പൊതുദർശനത്തിനു വച്ചുകഴിഞ്ഞിരുന്നു. സംയമനം പാലിക്കാൻ തുടരെത്തുടരെ നിർദ്ദേശം വന്നു. പോലീസ്‌ ജാഗരൂകരായി നിലയുറപ്പിച്ചു. റീത്തുകൾ ശവശരീരത്തിൽ കുമിഞ്ഞുകൂടി. ഫ്‌ളാഷുകൾ പലവട്ടംമിന്നി. തടിച്ചുകൂടിനിന്നവർ കണ്ണികളൊപ്പി. നിലവിളക്കിലെ തിരിനാളങ്ങൾ ഇടർച്ചയോടെ തുള്ളി വിറച്ചു. വി.ഐ.പി. കൾ ഓരോരുത്തരായി വന്നുകൊണ്ടിരുന്നു. ശവശരീരത്തിനരികെ നിറകണ്ണുകളോടെ ഒരു നിമിഷം നിന്നിട്ട്‌ അവരൊക്കെ തിരിച്ചു പോയി. തിരക്കുകളൊഴിഞ്ഞു. ഏതാനും സജീവ പ്രവർത്തകർ മാത്രം ബാക്കിയായി. അപ്പോഴാണു പോലീസ്‌ അകമ്പടിയോടെ മുഖ്യമന്ത്രി ജനാർദ്ദനൻ തമ്പി വന്നത്‌. കാറിൽ നിന്നിറങ്ങിയപ്പോൾ അദ്ദേഹത്തിന്റെ കാലിടറി. പ്രൈവറ്റ്‌ സെക്രട്ടറി അദ്ദേഹത്തെ താങ്ങപ്പിടിച്ച്‌ മൃതശരീരത്തിനടുത്തേക്കു കൊണ്ടുപോയി. കൈകൾ വല്ലാതെ വിറച്ചിരുന്നതുകൊണ്ട്‌ പ്രൈവറ്റ്‌ സെക്രട്ടറി തന്നെയാണു മുഖ്യമന്ത്രിക്കുവേണ്ടി ശവശരീരത്തിൽ റീത്തു സമർപ്പിച്ചത്‌. കൈലേസുകൊണ്ട്‌ കണ്ണുകളൊപ്പി ഗദ്‌ഗദത്തോടെ തമ്പി പറഞ്ഞു. നടുക്കം ഇപ്പോഴും മാറിയിട്ടില്ല. ഭാർഗവൻ കൊല്ലപ്പെട്ടുവെന്നു വിശ്വസിക്കാനേ കഴിയണില്ല. നിങ്ങൾക്കറിയോ അയാൾ പാർട്ടിയുടെ ശക്തിയും ചൈതന്യവുമായിരുന്നു. എന്തുചെയ്യാം. വിധി നടുക്കാനാവില്ലോ.‘

ഗേറ്റിനടുത്തുനിന്ന്‌ അടക്കിയ ഒരു നിലവിളികേട്ടു. അബ്‌കാരി കോൺട്രാക്‌ടർ ബേബിച്ചായൻ. തൊട്ടടുത്തു നിന്നു വിങ്ങിക്കരയുന്ന രാമകൃഷ്‌ണ കൈമൾ. പാർട്ടിയുടെ പുതിയ ഗ്രൂപ്പിന്റെ അനിഷേധ്യനായ നേതാവ്‌. തെല്ലുമാറി എസ്‌കോർട്ട്‌ ജീപ്പിനടുത്തായി മുഖം കുനിച്ചു നിൽക്കുന്ന ഡി.വൈ.എസ്‌.പി. അച്യൂതൻകുട്ടി. അഡ്വക്കേറ്റ്‌ നാരായണക്കുറുപ്പ്‌ കൈലേസ്‌ വായിൽ തിരുകി കരച്ചിലടക്കാൻ പാടുപെടുന്നുണ്ട്‌. തമ്പി ബേബിച്ചായന്റെ തൊട്ടടുത്തേക്കു നടന്നുചെന്ന്‌ മെല്ലെ തോളിൽ കൈവച്ചു. പിന്നെ കണ്ണുകളൊപ്പിക്കൊണ്ട്‌ കാറിനു നേരേ നടന്നു. അച്യുതൻകുട്ടി ജീപ്പിൽ ചാടിക്കയറി.

കാർ നീങ്ങി. ഒപ്പം ജീപ്പും. വന്നതിനേക്കാൾ വേഗത്തിൽ ജനാർദ്ദനൻ തമ്പി അപ്രത്യക്ഷനായി.

അഡ്വക്കേറ്റ്‌ നാരായണക്കുറുപ്പു ബേബിച്ചായന്റെ മുന്നിലേക്ക്‌ വന്നു. അയാളുടെ കാതിൽ ചുണ്ടു ചേർന്ന്‌ മന്ത്രിക്കുപോലെ പറഞ്ഞു.

’ഓവറാക്‌ട്‌ ചെയ്‌ത്‌ രംഗം വഷളാക്കണ്ട. കളികഴിഞ്ഞല്ലോ. സമർത്ഥമായ നീക്കത്തിലൂടെ പാർട്ടിക്ക്‌ ഒരു രക്തസാക്ഷിയേയും കിട്ടി. എല്ലാം ഈ കുറുപ്പിന്റെ മിടുക്ക്‌ കാര്യം കഴിഞ്ഞെന്നു കരുതി……..

കുറുപ്പിന്റെ വാക്കുകൾ മുറിച്ചുകൊണ്ട്‌ ഗേറ്റിനരികെ ടാറ്റാ സിയെറാ കാർ മുരൾച്ചയോടെ വന്നു നിന്നു. കറുപ്പും ബേബിച്ചായനും ഒരുപോലെ നടുങ്ങിത്തെറിച്ചു. കാറിന്റെ സൈഡ്‌ ഗ്ലാസ്‌ മെല്ലെ താഴാൻ തുടങ്ങിയിരുന്നു.

കുറുപ്പും ബേബിച്ചായനും നടുങ്ങിനിൽക്കേ ഡോർ തുറന്ന്‌ ശത്രുഘ്‌നൻ പുറത്തുവന്നു. അയാൾ പല്ലുകൾക്കിടയിൽ ഒരു സിഗററ്റ്‌ കടിച്ചുപിടിച്ചിരുന്നു. കുറുപ്പ്‌ പേടിയോടെ ഒരടി പിന്നോട്ടു വച്ചു. ശത്രുഘ്‌നൻ കുറുപ്പിന്റെ നേരെ നടന്നുചെന്നു. പിന്നെ ശബ്‌ദം താഴ്‌ത്തിത്തിരക്കി.

കൊന്നു അല്ലേ?

ഓർക്കാപ്പുറത്ത്‌ ഒരടിയേറ്റതുപോലെ നാരായണക്കുറുപ്പ്‌ പുളഞ്ഞു. പേടിയോടെ അയാൾ ചുറ്റും നോക്കി. ചെവിക്കരികെ വീണ്ടും മൂച്ചയുള്ള ശത്രുഘ്‌നന്റെ ശബ്‌ദം

‘സാരമില്ല തൽക്കാലം ഇതൊരുമറിയില്ല ഞാനും ആരോടും പറയില്ല കൊല്ലേണ്ടവരെ കൊല്ലേണ്ട സമയത്ത്‌ കൊല്ലണം. എന്നാലേ പാർട്ടി വളരൂ. വോട്ടുകളുടെ എണ്ണം കൂടൂ. ഭാർഗവരാമൻ ഇനി ഒന്നും പറയില്ല ആരോടും ഒരിക്കലും.

കുറുപ്പ്‌ എന്തോ പറയാനൂന്നി. അയാൾ തടഞ്ഞു.

’നോ…. അരുത്‌….. ഇവിടെ ഇപ്പോൾ ഞാൻ അഭിനയിക്കുന്നത്‌ ദുഃഖമറിയിക്കാനെത്തിയ പാർട്ടി പ്രവർത്തകന്റെ റോൾ.

പിന്നിലേക്കു നോക്കി അയാൾ ഉറക്കെ വിളിച്ചു. ‘അനന്ത’.

ഡോർ തുറന്ന്‌ അനന്തൻ പുറത്തുവന്നു. അയാളുടെ കൈയിൽ വലിയൊരു പുഷ്‌പചക്രമുണ്ടായിരുന്നു.

കുറുപ്പ്‌ ഭീതിയോടെ പിടഞ്ഞു വീണ്ടും ചെവിക്കരികെ കത്തുന്ന. ശബ്‌ദം.

‘പ്രത്യേകം പറഞ്ഞുണ്ടാക്കിച്ചതാ. ഇന്നലെ രാത്രി തന്നെ ഓർഡർ കൊടുത്തിരുന്നു.

ബേബിച്ചായൻ വിറച്ചുപോയി. ’ഇന്നലെ രാത്രിയോ? ഭാർഗവരാമൻ മരിച്ചത്‌ ഇന്നു രാവിലെയല്ലേ?

ബേബിച്ചായന്റെ മനസ്സു വായിച്ചതുപോലെ അയാൾ പറഞ്ഞു ‘സിക്‌സ്‌ത്ത്‌ സെൻസ്‌’ ആറാമിന്ദ്രീയത്തിന്റെ മുന്നറിയിപ്പ്‌. ഇന്നലെ രാത്രി മുതൽ മരണം ഭാർഗവരാമനോടൊപ്പമുണ്ടായിരുന്നു.

അനന്തൻ പുഷ്‌പചക്രവുമായി അകത്തുവന്നു. ശത്രുഘ്‌നൻ ഇതിനിടെ ശവശരീരത്തിനടുത്തെത്തിയിരുന്നു. അനന്തന്റെ കൈയിൽ നിന്നും പുഷ്‌പചക്രം വാങ്ങി ശവശരീരത്തിൽ വച്ച്‌ അയാൾ ഒരു നിമിഷം നിശ്ചലമായി നിന്നു. പിന്നെ കൊടുങ്കാറ്റുപോലെ വെട്ടിത്തിരിഞ്ഞു. ഗേറ്റിനു നേർക്ക്‌. ഗേറ്റ്‌ വലിച്ചു തുറന്നു പുറത്തേക്ക്‌. കാറ്റിനുള്ളിലേക്ക്‌….

തൊട്ടുപിന്നാലെ അനന്തനുമുണ്ടായിരുന്നു.

കുറുപ്പും കൈമളും പരസ്‌പരം നോക്കി. ബേബിച്ചായൻ പേടിയോടെ പിറുപിറുത്തു. ‘ ഈശോയെ, ഇനി ആരുടെ ഊഴം?’.

Generated from archived content: ananthapuri4.html Author: nk_sasidharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമൂന്ന്‌
Next articleഅഞ്ച്‌
1955 നവംബർ 25-ന്‌ കൊടുങ്ങല്ലൂരിൽ ജനിച്ചു. എൻ.കെ.സരോജിനിയമ്മയും ടി.ജി. നാരായണപ്പണിക്കരുമാണ്‌ മാതാപിതാക്കൾ. മലയാലസാഹിത്യം ഐച്ഛികമായെടുത്ത്‌ മാസ്‌റ്റർ ബിരുദം നേടി. പതിന്നാലു വർഷക്കാലം സിനിമാരംഗത്ത്‌ സഹസംവിധായകനായി പ്രവർത്തിച്ചു. ആദ്യചിത്രംഃ രാജപരമ്പര, ചുവന്ന അങ്കി, അഗ്‌നിശലഭങ്ങൾ, എന്നീ ചിത്രങ്ങൾക്ക്‌ തിരക്കഥയും സംഭാഷണവും ‘ചക്രവർത്തി’ എന്ന ചിത്രത്തിന്‌ സംഭാഷണവുമെഴുതി. ആകാശവാണി തൃശൂർ-കോഴിക്കോട്‌ നിലയങ്ങൾ നാടകങ്ങൾ പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്‌. ഇപ്പോൾ ആനുകാലികങ്ങളിൽ നോവലുകൾ എഴുതുന്നു. ചാവേർപ്പട, കർഫ്യൂ, കാശ്‌മീർ, മറൈൻ കിങ്ങ്‌, മർമ്മരങ്ങൾ, മരണമുദ്ര, ആദ്യത്തെ കൺമണി തുടങ്ങിയവയാണ്‌ കൃതികൾ. ഇതിൽ കർഫ്യൂ ചലച്ചിത്രമായി. വിലാസംഃ വാരണക്കുടത്ത്‌, ഇടനാട്‌ ചൊവ്വര - 683 571.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English