ശത്രുഘ്‌നൻ മുന്നോട്ടടുത്തു. രവീന്ദ്രവർമ്മയുടെ ഇരുതോളുകളിലും ശക്തിയായി പിടിച്ചുലച്ചുകൊണ്ടു തീപിടിച്ച ശബ്‌ദത്തിൽ അയാൾ പറഞ്ഞു. ‘പറയരുത്. ഞാൻ ഉണ്ണിത്തമ്പുരാനല്ലെന്ന് പറയരുത്. ഗോദവർമ്മത്തമ്പുരാനും സുധർമ്മതമ്പുരാട്ടിയും എന്റെ ആരുമായിരുന്നില്ലെന്നു പറയരുത്.’
വർമ്മാജി ദൈന്യതയോടെ ശത്രുഘ്‌നനെ നോക്കി.
‘പറയരുത് വർമ്മാജി. പറഞ്ഞാൽ എന്റെ അച്‌ഛനമ്മമാരുടെ ആത്‌മാവ് വർമ്മാജിക്ക് ഒരിക്കലും മാപ്പുതരില്ല.’
ജീവിതത്തിലാദ്യമായി ശത്രുഘ്‌നന്റെ മനസ്സിടറി. ഒന്നും മനസ്സിലാവാതെ അനന്തൻ ശത്രുഘ്‌നനെയും വർമ്മാജിയെയും മാറി മാറി നോക്കി.
വർമ്മാജി തോളിൽ നിന്നും ശത്രുഘ്‌നന്റെ കൈകൾ പറിച്ചുമാറ്റി. പിന്നെ ശബ്‌ദം താഴ്‌ത്തി പറഞ്ഞു. ‘പറയാതിരിക്കാം. അങ്ങിനെ ഗോദവർമ്മതമ്പുരാനുകൊടുത്ത വാക്കുപാലിക്കാം. ഞാൻ ഒന്നു മറിഞ്ഞിട്ടില്ലെന്നു മനസ്സാക്ഷിയെപ്പോലും വിശ്വസിപ്പിക്കാം. പക്ഷേ എന്റെ ഹൃദയത്തിന്റെ ഭാരം ഞാനെവിടെ ഇറക്കിവയ്‌ക്കും കുട്ടീ? ഇത്രയും കാലം ഞാനത് ആരുമറിയാതെ കൊണ്ടുനടന്നു. ഇനി വയ്യ…. എല്ലാം തുറന്നുപറഞ്ഞ് ഒന്നാശ്വാസിക്കാനെങ്കിലും അനുവദിക്കില്ലേ നീയ്യ്?’
ശത്രുഘ്‌നൻ തളർന്നുപോയിരുന്നു. അയാൾ മെല്ലെ ആട്ടുകട്ടുലിരിരുന്നു. രവീന്ദ്രവർമ്മ ദീനതയോടെ അയാളെ നോക്കി.
‘ഒരുപാടുകാലം ഒപ്പമുണ്ടായിട്ടും ഞാൻ മനസ്സുതുറന്നിട്ടില്ല. പക്ഷേ അപ്പോഴൊക്കെ ഒരാശ്വാസംപോലെ നീ അടുത്തുണ്ടായിരുന്നു. പലപ്പോഴും പറയണമെന്നു കരുതിയിട്ടുണ്ട്. പക്ഷേ പറയാനൊരുങ്ങിയപ്പോഴൊക്കെ എനിക്കു സംശയമായിരുന്നു. ആ സത്യം നിനക്കുൾക്കൊള്ളാനായില്ലെങ്കിലോ? ഇപ്പോഴിതു പറയുന്നതു മറ്റൊന്നും കൊണ്ടല്ല…. ഇനി നീ ആഗ്രഹിക്കുന്നതു കണ്ണിൽചോരയില്ലാത്ത ഒരു ക്രിമിനലിന്റെ പതനം…. എന്റെ മനസ്സു പറയുന്നുണ്ട് രണ്ടിലൊരാളെ ബാക്കിയാവൂ….. അതു പെരുമാളാവാതിരിക്കാൻ എല്ലാമിട്ടെറിഞ്ഞ് നീ എന്നോടൊപ്പം തിരിച്ചു പോരണം. അതിനു വർഷങ്ങൾക്കു പിന്നിലെ ആ കഥയറിയണം. അതിനാണു ഞാൻ നിന്റെ മനസ്സു തളർത്തിയത്. ഗോദവർമ്മതമ്പുരാൻ എനിക്കു മാപ്പു തരാതിരിക്കില്ല. ഒരുവട്ടംകൂടി ഞാൻ രക്ഷിക്കുന്നത് അദ്ദേഹത്തിന്റെ വളർത്തുപുത്രന്റെ ജീവൻ.’
ശത്രുഘ്‌നൻ ആട്ടുകട്ടിലിന്റെ ചങ്ങലയിൽ മുറുകെ പിടിച്ചു. വിരലുകൾ ഞെരിഞ്ഞു.
രവീന്ദ്രവർമ്മ മെല്ലെ തുടർന്നു. ‘വർഷങ്ങൾക്കു മുമ്പുള്ള ഒരു രാത്രി. നിലാവുള്ള രാത്രി. അന്ന് ഈ ആട്ടുകട്ടിലിരുന്ന് ഞാനും തമ്പുരാനും വെളുക്കുവോളം ചതുരംഗം കളിച്ചു. കളി നിർത്തി എഴുന്നേൽക്കുമ്പോൾ പുറത്തിറങ്ങി വെറുതെയൊന്നു നടക്കണമെന്നു തമ്പുരാനു തോന്നി. നടന്നു നടന്ന് ഞങ്ങൾ പുഴക്കരയിലാണെത്തിയത്. ഒരു ആൺകുഞ്ഞില്ലാത്ത ദു;ഖം തമ്പുരാനെ വല്ലാതെ അലട്ടിയിരുന്നു. നടക്കുന്നതിനിടയിലും തമ്പുരാൻ അതേപ്പറ്റി പലവട്ടം എന്നോടു പറഞ്ഞു. ഏതെങ്കിലും നല്ല ഒരനാഥാലയത്തിൽ ഒരു കുട്ടിയെ ദത്തെടുത്താൽ നന്നായിരിക്കുമെന്നു ഞാൻ പറഞ്ഞു. പുഴക്കരയിൽ ഏറെനേരം ഞങ്ങൾ സംസാരിച്ചു നിന്നു. കിഴക്കു വെള്ളകീറുന്നതുവരെ. തിരിഞ്ഞു നടക്കുമ്പോഴാണ് ഒരു പിഞ്ചുകുഞ്ഞിന്റെ കരച്ചിൽ കേട്ടത്. ഞങ്ങൾ കരച്ചിൽ കേട്ട ഭാഗത്തേക്കോടി. ഗോദവർമ്മത്തമ്പുരാനു നൽകാൻ വേണ്ടി ഈശ്വരൻ കാത്തുവച്ചിരുന്ന വരംപോലെ ഒരോമനക്കുഞ്ഞ്. ഒരുനിമിഷം പോലും വൈകാതെ തമ്പുരാൻ ആ കുഞ്ഞിനെ വാരിയെടുത്തു നെഞ്ചോടു ചേർത്തു. പിന്നെ എന്നോടു പറഞ്ഞു. എന്റെ ഉണ്ണികൃഷ്‌ണൻ.’
ആട്ടുകട്ടിൽ മെല്ലെ മെല്ലെ ആടി. നിറഞ്ഞ നിശ്ശബ്‌ദതയിലേക്കു ശത്രുഘ്‌നന്റെ ശബ്‌ദം ഒരുൽക്കപോലെ ചീറിവന്നു. ‘ആർക്കും വേണ്ടാത്ത ശപിക്കപ്പെട്ട ഒരു ജന്‌മമായിരുന്നു എന്റേത്. അല്ലേ?’
രവീന്ദ്രവർമ്മ മിണ്ടിയില്ല ശത്രുഘ്‌നൻ അടക്കിച്ചിരിച്ചു. ‘എല്ലാവരെയും നടുക്കിത്തെറിപ്പിച്ചിരുന്ന ഈ ശത്രുഘ്‌നന് വിധി കാത്തുവച്ചിരുന്ന നടുക്കം. അല്ലേ അനന്താ? ദുരൂഹതയുടെ നൂൽപ്പാലത്തിൽ അങ്ങോട്ടുമിങ്ങോട്ടും വലിച്ചിഴച്ച് മുഴുവൻ ശത്രുക്കളെയും പകപ്പിച്ച ശത്രുഘ്‌നൻ ഒരു തിരിച്ചടിപോലെ ഇപ്പോൾ അതേ നൂൽപ്പാലത്തിലാണ്. ആരാണെന്നറിയാതെ. പേരുപോലുമില്ലാതെ. വലിയൊരു പ്രഹേളികപോലെ. മകനല്ലെന്നറിഞ്ഞിട്ടും തമ്പുരാൻ ഒരച്‌ഛന്റെ മുഴുവൻ സ്‌നേഹവും തന്നു. ഗീത ഓപ്പോളോടൊപ്പം സുധർമ്മത്തമ്പുരാട്ടിയുടെ മുലപ്പാൽ ഞാനും കുടിച്ചിട്ടുണ്ടാവണം….. അല്ലേ വർമ്മാജി?’
രവീന്ദ്രവർമ്മ വിവശനായി ശത്രുഘ്‌നനെ നോക്കി.
‘അതു മുലപ്പാലല്ല. സ്‌നേഹവും വാൽസല്യവുമായിരുന്നു. പെരുമാളെ ബാക്കിയാക്കിയിട്ടു ഞാൻ ഇവിടെനിന്നും പോയാൽ സുധർമത്തമ്പുരാട്ടിയെ അമ്മയെന്നു വിളിച്ചതിന് അർത്ഥമില്ലാതാവും. ആദ്യമറിഞ്ഞ ഗോദവർമ്മത്തമ്പുരാന്റെ നെഞ്ചിന്റെ ചൂടിനു വിലയില്ലാതാവും. വർമ്മാജി, ഇപ്പോഴും ഞാൻ ഉണ്ണിത്തമ്പുരാനാണ്. മനസ്സുകൊണ്ടുപോലും ഒരു മടക്കയാത്രയില്ല. ശേഷിക്കുന്ന നിലവിളികൂടി പിടഞ്ഞു തീരാതെ ഇനി എങ്ങോട്ടുമില്ല.’
ശത്രുഘ്‌നൻ മെല്ലെ തിരിഞ്ഞു. ഇടനാഴിയുടെ നേരെ മുന്നോട്ടു നടന്നുനീങ്ങിയ ശത്രുഘ്‌നൻ പിടിച്ചു നിർത്തിയതുപോലെ നിന്നു. നേർത്ത ഇരുട്ടിൽ ചോരയുടെ തിളക്കം. കണ്ണുകൾക്കു മുന്നിൽ വികൃതമായി ചിരിക്കുന്ന ഒരു മുഖം. കഴുത്തിൽ പുലിനഖമാല. പെരുമാൾ-
ഉള്ളിന്റെയുള്ളിൽ ഒരു വടിവാൾ പുളഞ്ഞു. ഓർമ്മകളിൽ ചോര തെറിച്ചു. ചിരി. വീണ്ടും ചിരി….. പൊട്ടിച്ചിരി…… ശവങ്ങൾ കൂട്ടിയിട്ട് അതു ചവിട്ടിമെതിച്ച് ഉന്മാദത്തോടെയുള്ള ചിരി.
വിജയാട്ടഹാസം !
ശത്രുഘ്‌നൻ ഒരടികൂടി മുന്നോട്ടുവച്ചു. പെരുമാൾ സ്‌റ്റൈൻഗൺ നീട്ടിപ്പിടിച്ചു. നിറഞ്ഞ നിശബ്‌ദതയിൽ നിമിഷങ്ങൾ മരവിച്ചു.
ഓർക്കാപ്പുറത്താണ് ഒരു നിലവിളി വിങ്ങുന്ന നിശബ്‌ദത മുറിച്ചത്. ‘ഉണ്ണീ..’
അതു രവീന്ദ്രവർമ്മയായിരുന്നു. ശത്രുഘ്‌നന്റെ തോളിനു മുകളിലൂടെയാണു പെരുമാൾ വർമ്മാജി കണ്ടത്. അയാളുടെ കണ്ണുകൾ തിളങ്ങി. സ്‌റ്റെൻഗൺ നീണ്ടു.
‘അരുത്’.
ശത്രുഘ്‌നൻ മുന്നോട്ടാഞ്ഞു. വൈകിപ്പോയിരുന്നു. ബുള്ളറ്റുകൾ ചിതറിത്തെറിച്ചു. അതിന്റെ ആഘാതത്തിൽ ശത്രുഘ്‌നൻ തറയിലേക്കു കമിഴ്‌ന്നു. പിന്നിൽ നിന്നും ചോര മരവിപ്പിക്കുന്ന ഒരു നിലവിളി വന്നു. മാംസം ചിതറിത്തെറിച്ച് രവീന്ദ്രവർമ്മ തറയിലേക്കൂർന്നു.
പെരുമാൾ പ്രത്യേകിച്ചൊന്നും സംഭവിക്കാത്തതുപോലെ ഗൺ ശത്രുഘ്‌നന്റെ നേരേ നീട്ടി.
ശത്രുഘ്‌നൻ പിന്നെ ഒന്നും കണ്ടില്ല. പെരുമാളുടെ കഴുത്തിലെ പുലിനഖമാലയല്ലാതെ. കൊടുങ്കാറ്റിന്റെ മുഴുവൻ കരുത്തും ശരീരത്തിലേക്കു പടർത്തി അയാൾ മുകളിലേക്കുയർന്നു. ഗൺ വീണ്ടും ശബ്‌ദിച്ചു. ചുരവരുകൾ പൊട്ടിയടർന്നു. ആട്ടുകട്ടിൽ തുളഞ്ഞു. ശത്രുഘ്‌നൻ ബുള്ളറ്റുകൾക്കിടയിലൂടെ സമർത്ഥമായി പറന്നൊഴിഞ്ഞു. ഗൺ വീണ്ടും ശബ്‌ദിച്ചു. ബുള്ളറ്റുകൾ പെരുമഴയായി ചിതറിവീണു. ചൂരൽക്കസേര തുളഞ്ഞു. മരയഴികൾ പൊട്ടിയടർന്നു. ഓട്ടുമണികൾ കൂട്ടത്തോടെ കിലുങ്ങി. ശത്രുഘ്‌നൻ ഒറ്റക്കുതിക്കു ഗണ്ണിൽ പിടിച്ചു. ഗൺ മുകളിലേക്കുയർന്നു. വീണ്ടും ബുള്ളറ്റുകൾ തെറിച്ചു. ആ ശബ്‌ദത്തിൽ നാലുകെട്ടു കുലുങ്ങി. മച്ച് പിളർന്നു. ശത്രുഘ്‌നന്റെ ചുരുട്ടിയ കൈത്തലം പെരുമാളുടെ നെഞ്ചു ചതച്ചു. പെരുമാൾ ഗണ്ണുമായി തിരിഞ്ഞു. അതിനു മുൻപേ തോൾപ്പലക ചതച്ചുകൊണ്ട് ഒരാഘാതം പറന്നുവന്നു. പെരുമാൾ പുളഞ്ഞുപോയി. കൈയിൽ നിന്നും ഗൺ തെറിച്ചു. ഒറ്റക്കുതിക്കു പെരുമാൾ ഗണ്ണിലേക്കു കമഴ്‌ന്നു. ഒപ്പം ശത്രുഘ്‌നനും. അയാൾ പെരുമാളുടെ കഴുത്തിലമർത്തിപ്പിടിച്ചു. പെരുമാൾ ശത്രുഘ്‌നനെ മുട്ടുകാൽകൊണ്ടു തൊഴിച്ചു. ശത്രുഘ്‌നൻ കഴുത്തിലെ പിടി മുറുക്കി. പെരുമാൾ ഗണ്ണിൽ തൊട്ടു. ശത്രുഘ്‌നൻ പെരുമാളെയും കൊണ്ട് ഇടനാഴിയിലൂടെ ഉരുണ്ടു. ഗണ്ണിലെ പെരുമാളുടെ പിടി വിട്ടു. ശത്രുഘ്‌നൻ കഴുത്തിൽ നിന്നും കൈയെടുത്തു. അയാൾ തലമുടിയിൽ ചേർത്തുപടിച്ച് പെരുമാളെ തറയിലിട്ടിടിച്ചു. പെരുമാളുടെ തലപൊട്ടി ചോരയൊഴുകി. പെരുമാൾ ഭ്രാന്തുപിടിച്ചതുപോലെ അലറിവിളിച്ചു. ശത്രുഘ്‌നനെ തള്ളിമാറ്റി അയാൾ മേലേക്കുയർന്നു. ശത്രുഘ്‌നന്റെ വലതുകാൽ ഇടിമിന്നലായി പെരുമാളുടെ അടിവയർ ചതച്ചു. പെരുമാൾ അടിവയർ പൊത്തിപ്പിടിച്ചു താഴേക്കു കുനിഞ്ഞു. ശത്രുഘ്‌നൻ അതിനുള്ളിൽ പിടഞ്ഞെഴുന്നേറ്റു. ചുരുട്ടിയ കൈത്തലം പെരുമാളുടെ നെഞ്ചിൻകൂടു തകർത്തു. പെരുമാൾ നാലുകെട്ട് കിടുങ്ങുമാറ് അലറിപ്പിടഞ്ഞു. പെരുമാൾ ചുവരിലമർന്നു ഞെരിഞ്ഞു. മടക്കിയ മുട്ടുകാൽ കനത്ത ഒരാഘാതമായി വീണ്ടും പെരുമാളുടെ അടിവയറ്റിൽ പുളഞ്ഞു. പെരുമാൾ ഒരിക്കൽകൂടി അലറി. ശത്രുഘ്‌നൻ അയാളുടെ മുഖമടച്ചുപിടിച്ചു. പെരുമാൾ ഞരങ്ങികൊണ്ട് തല ചെരിച്ചു. മൂക്കിനുള്ളിലൂടെ ചോരയൊഴുകി. ശത്രുഘ്‌നൻ പിന്നോട്ടാഞ്ഞു. വെട്ടിയിട്ട തടിപോലെ പെരുമാൾ തറയിലേക്കു ചെരിഞ്ഞു. ശത്രുഘ്‌നൻ അയാളുടെ മുടി കൂട്ടിപ്പിടിച്ച് മുന്നോട്ടു വലിച്ചിഴച്ചു. തമ്പുരാന്റെ എണ്ണച്ചായച്ചിത്രമുണ്ടായിരുന്ന മുറിയുടെ മുന്നിലെത്തി അയാൾ നിന്നു. വാതിൽ തള്ളിത്തുറന്നു.
പെരുമാൾ ഭീതിയോടെ അകത്തേക്കുനോക്കി. മൺ ചെരാതിലെ തിരിയുടെ വെളിച്ചത്തിൽ ഗോദവർമ്മത്തമ്പുരാന്റെ തിളങ്ങുന്ന കണ്ണുകൾ അയാൾ കണ്ടു. പെരുമാൾ പേടിയോടെ കണ്ണുകളടച്ചു. ശത്രുഘ്‌നൻ പെരുമാളെ മുറിയിലേക്കു വലിച്ചിഴച്ചു പെരുമാൾ ചിത്രത്തിനു താഴെ ഒടിഞ്ഞുമടങ്ങിക്കിടക്കുന്നു. ശത്രുഘ്‌നൻ മൺചെരാതിനടുത്തുനിന്നു വടിവാൾ വലിച്ചെടുത്തു. പിന്നെ വടിവാൾ പെരുമാളുടെ കഴുത്തിലമർത്തിവച്ചു. ശത്രുഘ്‌നന്റെ മുഖത്തുനിന്നും അപ്പോൾ ചോരയൊഴുകുന്നുണ്ടായിരുന്നു. ശത്രുഘ്‌നൻ കത്തുന്ന ശബ്‌ദത്തിൽ ചോദിച്ചു. ‘ആ വലംപിരിശംഖ് എവിടെയുണ്ട്?’
വേദനകൊണ്ടു ഞരങ്ങുന്നുണ്ടായിരുന്നെങ്കിലും പെരുമാൾ മിണ്ടിയില്ല. ശത്രുഘ്‌നൻ വീണ്ടും ചോദിച്ചു.
‘പറയടാ, എവിടെയാ നീ അതു കാത്തുവച്ചിട്ടുള്ളത്?’ പെരുമാൾ ശബ്‌ദിച്ചില്ല.
വടിവാൾ മെല്ലെ താഴ്‌ന്നു. പെരുമാളുടെ കഴുത്ത് ചെറുതായി മുറിഞ്ഞു. വടിവാൾ ചോരകൊണ്ട് ചെമന്നു.
ശത്രുഘ്‌നൻ ഗർജ്ജിച്ചു. ‘പറയ് എവിടെയുണ്ട് എന്റെ അച്‌ഛൻ നിത്യേന പൂജിച്ചിരുന്ന ആ വലംപിരി ശംഖ്?’
പെരുമാൾ പല്ലുകൾ ചേർത്തമർത്തി ഒരക്ഷരം പോലും ശബ്‌ദിക്കാതിരിക്കാൻ.
ശത്രുഘ്‌നൻ വടിവാൾ വലിച്ചെടുത്തു.
പെരുമാൾ പേടിയോടെ ശത്രുഘ്‌നനെ നോക്കി.
ഒരു നിമിഷം. കണ്ണുകൾ കൊരുത്തു വലിച്ചു.
ശത്രുഘ്‌നൻ വീണ്ടു ചോദിച്ചു. ‘വലംപിരിശംഖവിടെ?’
പെരുമാൾ ശത്രുഘ്‌നന്റെ മുഖത്തുനിന്നും നോട്ടം പിൻവലിച്ചു. പിന്നെ മെല്ലെ കണ്ണുകളടച്ചു.
വടിവാൾ ഉയർന്നുതാണു. പെരുമാളുടെ വലതു കൈപ്പത്തി അറ്റു. പെരുമാൾ ഉറക്കെ നിലവിളിച്ചു. ശത്രുഘ്‌നൻ ക്രൂരമായി ചിരിച്ചു. ‘അനന്തപുരിയുടെ സ്‌പന്ദം നിയന്ത്രിക്കുന്ന അധോലോകനായകന് അപ്പോൾ കരയാനുമറിയാം…… കരയ്….. ഇനിയും ഉറക്കെക്കരയ്….. ഈ നാലുകെട്ട് അതു കേട്ടു പുളകമണിഞ്ഞോട്ടെ. ഇവിടെയുള്ള പ്രേതാത്‌മാക്കൾക്ക് മോക്ഷം കിട്ടട്ടെ…..’
പെരുമാൾ നിലവിളിയോടെ പറഞ്ഞു. ‘കൊല്ലരുത്…. കൊല്ലരുതു ശത്രുഘ്‌നാ….’
‘ശത്രുഘ്‌നനല്ല. ഉണ്ണിത്തമ്പുരാൻ. പുഴയുടെ അടിത്തട്ടിൽ നിന്നും പുതിയൊരു ജന്മവുമായി വന്ന ഉണ്ണിത്തമ്പുരാൻ…..’
‘കൊല്ലരുതു തമ്പുരാനെ. കൊല്ലരുത്, വലംപിരിശംഖ് ഭദ്രമായി ഞാൻ….ഞാൻ…. താവളത്തിൽ….. കാത്തു വച്ചിട്ടുണ്ട്. അതെടുത്തോളൂ….. ഈ മാലയുമെടുത്തോളൂ. പകരം എനിക്ക്….. എനിക്ക്……’
ശത്രുഘ്‌നൻ ചിരിച്ചു. പൈശാചികമായി.
‘ജീവൻ വേണമല്ലേ ഇവിടെക്കിടന്നു മരിക്കാൻ നിനക്ക് ഇഷ്‌ടമല്ല അല്ലേ? ഗോദവർമ്മതമ്പുരാന്റെ സാന്നിദ്ധ്യം നീ അറിയുന്നുണ്ടല്ലേ? എന്റെ ബാലയുടെ നിലവിളി ഇപ്പോൾ കാതുകളിൽ മാറ്റൊലിക്കൊള്ളുന്നല്ലേ? അവരൊക്കെ അന്നു നിന്റെ കാൽക്കൽ വീണു പൊട്ടിക്കരഞ്ഞിട്ടില്ലേ? പെരുമാളേ? ജീവനുവേണ്ടി കേണപേക്ഷിച്ചിട്ടില്ലേ? അവർക്കാർക്കും നീ കൊടുത്തിട്ടില്ലാത്ത സൗജന്യം ഇപ്പോൾ നിനക്കു വേണമല്ലേ? കൊല്ലാൻ മാത്രമറിയാവുന്ന പെരുമാൾക്കു മരിക്കാനും മടിയുണ്ടായിക്കൂടാ.’
വീണ്ടും വടിവാൾ ഉയർന്നുതാണു. പെരുമാളുടെ ഇടതു കൈപ്പത്തിയുമറ്റു. പെരുമാൾ ഉറക്കെക്കരഞ്ഞു. നാലുകെട്ടിനു പുറത്ത് അപ്പോൾ ഒരു മാരുതി ബ്രേക്കിട്ടു നിന്നു. തൊട്ടുപിന്നിൽ രണ്ടു പോലീസ് ജീപ്പുകളും. രാജ്‌മോഹൻ കാറിൽ നിന്നും കുതിച്ചിറങ്ങി അകത്തേക്കു വന്നു. അനന്തൻ പേടിയോടെ ഇടനാഴിയിലേക്കു വിരൽചൂണ്ടിക്കൊണ്ടു പറഞ്ഞു. ‘പെ….രു…..മാ….എൽ.’
രാജ്‌മോഹൻ ഇടനാഴിയിലേക്കോടി.
ശത്രുഘ്‌നൻ മെല്ലെ തിരിഞ്ഞു. നാലുകെട്ടിൽ അമർന്നുഞ്ഞെരിയുന്ന കനത്ത കാലടി ശബ്‌ദം അയാൾ കേട്ടു. വടിവാൾ ഉയർന്നുതാണു. ഒരു നിലവിളികൂടി. പെരുമാളുടെ ദിഗന്തം പിളരുന്ന അവസാനത്തെ നിലവിളി. പിന്നെ നിശ്ശബ്‌ദത വന്നു. വാതിൽക്കലെത്തിയ രാജ്‌മോഹൻ അകത്തെ ദൃശ്യം കണ്ടു ഞെട്ടലോടെ ഒരടി പിന്നോട്ടുവച്ചു. ചോരച്ചാലുകളിൽ ചവിട്ടിനിന്ന് ശത്രുഘ്‌നൻ അപ്പോൾ പെരുമാളുടെ കഴുത്തിൽ നിന്നും പുലിനഖമാല അഴിച്ചെടുക്കുകയായിരുന്നു. ഒരക്ഷരം പോലും ശബ്‌ദിക്കാനാവാതെ രാജ്‌മോഹൻ മരവിച്ചു നിന്നു.
ശത്രുഘ്‌നൻ മാല അഴിച്ചെടുത്ത് മൺചെരാതിനു സമീപം വച്ചു. പിന്നെ തിരിഞ്ഞു രാജ്‌മോഹനെ നോക്കി. ‘ഈ ശവത്തിന് അവകാശം പറയരുത്…. പെരുമാളെ കൊന്നത് ശത്രുഘ്‌നനല്ല ഉണ്ണിത്തമ്പുരാൻ.’
രാജ്‌മോഹൻ മിണ്ടിയില്ല.
ശത്രുഘ്‌നൻ വടിവാൾ താഴെയിട്ടു പുറത്തേക്കു നടന്നു. ഒരക്ഷരം പോലും ശബ്‌ദിക്കാതെ പിന്നാലെ രാജ്‌മോഹനും.
ശത്രുഘ്‌നൻ അനന്തന്റെ മുന്നിലെത്തി. അനന്തൻ വിവശനായി വിളിച്ചു. ‘മുതലാളി’.
ശത്രുഘ്‌നൻ അനന്തന്റെ തോളിൽ കൈവച്ചു. ‘മുതലാളിയല്ല. ഉണ്ണികൃഷ്‌ണൻ. ഇനി ഇങ്ങനെ അറിയപ്പെടാനാ എനിക്കിഷ്‌ടം.’
അനന്തൻ മെല്ലെ തേങ്ങി.
‘പഴങ്കഥകൾ ഉറങ്ങിക്കിടന്നിരുന്ന ദുരൂഹതയുടെ കൊട്ടാരമായിരുന്നു ഈ നാലുകെട്ട്. ഇനി ഈ നാലുകെട്ട് നിനക്കുള്ളതാണ്. പേടിക്കണ്ട ഇനി ഇവിടെ ഉറക്കമൊഴിച്ചു കാത്തിരിക്കണ്ട. എന്തു ശബ്‌ദം കേട്ടാലും നടുങ്ങിവിറയ്‌ക്കണ്ട. ഓർമ്മകൾ മുഴുവൻ ഞാൻ കൂടെക്കൊണ്ടുപോവുകയാണ്. ശല്യപ്പെടുത്താൻ ആരുമുണ്ടാവില്ലാ’.
ശത്രുഘ്‌നൻ രവീന്ദ്രവർമ്മയുടെ ശവശരീരത്തിനടുത്തെത്തി.
‘മരിക്കാൻ വേണ്ടി മാത്രമായി അങ്ങ് ഇങ്ങോട്ടു വരേണ്ടിയിരുന്നില്ല. പക്ഷേ വരാതിരിക്കാനാവില്ലല്ലോ….. ഉണ്ണിത്തമ്പുരാന്റെ പ്രിയപ്പെട്ടവരോടൊപ്പമല്ലാതെ അങ്ങേയ്‌ക്ക് മറ്റെവിടെയാണ് ശാന്തമായി ഉറങ്ങാൻ കഴിയുക.
ശത്രുഘ്‌നൻ രാജ്‌മോഹനെ നോക്കി.
’തക്ക സമയത്തുതന്നെ വന്നല്ലോ നന്നായി. ഒരിക്കൽ വിലങ്ങുമായി തേടിവന്നിട്ടു നിരാശനായി പോകേണ്ടി വന്നതിലുള്ള രോഷം തീർന്നിട്ടില്ലെന്നറിയാം. സാരമില്ല ഇപ്പോൾ നിരാശപെടേണ്ടി വരില്ല. ഒരു റിക്വസ്‌റ്റുണ്ട്. പെരുമാളുടെ താവളത്തിൽ ഒരു വലംപിരിശംഖുണ്ട്. ഈ നാലുകെട്ടിന് അവകാശപ്പെട്ടത്. തലമുറകളിലൂടെ കൈമാറാനുള്ളത്. അത് അനന്തനെ ഏൽപ്പിക്കണം.‘
ശത്രുഘ്‌നൻ കൈകൾ മുന്നോട്ടു നീട്ടിപ്പിടിച്ചു. രാജ്‌മോഹൻ മെല്ലെ പുഞ്ചിരിച്ചുകൊണ്ടു ശത്രുഘ്‌നന്റെ കൈയിൽ അമർത്തിപ്പിടിച്ചു.
’ഈ കളിയിൽ നിങ്ങൾ തോറ്റിട്ടില്ല. ഞങ്ങൾക്കു ജയിക്കാനുമായിട്ടില്ല. കടന്നുപോന്ന വഴിയിലൊന്നും ഒരു വിരലടയാളം പോലും നിങ്ങൾ അവശേഷിപ്പിച്ചിട്ടില്ല. എന്നാലും നിങ്ങളെ ഞാൻ ക്രിമിനലെന്നു വിളിക്കില്ല. ആ വലംപിരിശംഖ് ഭദ്രമായി പോലീസ് കസ്‌റ്റഡിയിലുണ്ട്. നിങ്ങൾക്കുതന്നെ അതു തിരിച്ചുവാങ്ങാം. കരിമഠം പെരുമാളെ കൊന്നതിന് നിങ്ങളെ ആരും ശിക്ഷിക്കില്ല. ഇപ്പോൾ അനന്തപുരി കാത്തിരിക്കുന്നത് ആ ശവത്തിനുവേണ്ടിയാണ്. അതു ഞങ്ങൾക്കു വിട്ടുതന്നേക്കു. അവകാശം സ്‌ഥാപിക്കാനല്ല. നിയമത്തിന്റെ ഊരക്കുടുക്കുകളിൽ നിന്നും നിങ്ങളെ സ്വതന്ത്രനാക്കാൻ.‘
മൺചെരാതിലെ ഇത്തിരിവെട്ടം ഒന്നു പിടഞ്ഞു. വടിവാളിൽ നിന്നും ഇറ്റുവീഴുന്ന ചോരത്തുള്ളികൾക്കു തിളക്കം കൂട്ടാനെന്നപോലെ. ചുവരിലെ ഗോദവർമ്മത്തമ്പുരാന്റെ കണ്ണുകൾക്കും അപ്പോൾ അതേ തിളക്കമായിരുന്നു.
*********************************
Generated from archived content: ananthapuri23.html Author: nk_sasidharan