ഇരുപത്തൊന്ന്‌

ക്ലീൻഹൗസിനെ വിറപ്പിച്ചുകൊണ്ടു രാജ്‌മോഹന്റെ മാരുതി ഇരമ്പലോടെ കടന്നുവന്നു. പിന്നെ മുരൾച്ചയോടെ ബ്രേക്കിട്ടു നിന്നു. ഡോർ തുറന്നു കൊടുങ്കാറ്റുപോലെ രാജ്‌മോഹൻ പുറത്തിറങ്ങി. പ്രൈവറ്റ്‌ സെക്രട്ടറി പരശുരാമൻ രാജ്‌മോഹന്റെ മുന്നിലേക്കു വന്നു.

‘എന്താ സാർ?’

അയാളെ തീർത്തും അവഗണിച്ചുകൊണ്ടു രാജ്‌മോഹൻ ജനാർദ്ദനൻ തമ്പിയുടെ മുറിക്കുനേരേ നടന്നു. ഗൺമാൻ തോമസുകുട്ടി എതിരേ വന്നു.

‘ആരെയും അകത്തുവിടേണ്ടെന്നു സി.എം. പറഞ്ഞിട്ടുണ്ട്‌.

രാജ്‌മോഹൻ അയാളെ പിന്നോട്ടു തള്ളിമാറ്റി വാതിലിനടുത്തെത്തി. പിന്നെ വാതിൽ തള്ളിത്തുറന്ന്‌ അകത്തുകടന്നു.

ജനാർദ്ദനൻതമ്പി മെല്ലെ ചിരിച്ചു.

’വരണം വരണം കമ്മീഷണറെ. ഒരുപാടോടിതളർന്നതുപോലെയുണ്ടല്ലോ.‘

രാജ്‌മോഹൻ തമ്പിയെ തുറിച്ചുനോക്കി. അനക്കമറ്റു നിന്നു.

തമ്പി തുടർന്നു.

’ശത്രുഘ്‌നനെ നീ പോക്കറ്റിലാക്കിക്കൊണ്ടു വരുമെന്ന്‌ അരവിന്ദൻ പറഞ്ഞിരുന്നു. എന്തുപറ്റി? വിലങ്ങ്‌ അവന്റെ കൈയിൽ പാകമായില്ലേ? അതോ ഇടയ്‌ക്കുവച്ച്‌ കാറിലെ പെട്രോൾ തീർന്നു പോയോ?‘

രാജ്‌മോഹൻ ക്യാപ്പൂരി കൈയ്യിൽ പിടിച്ചു. അതുകണ്ടു തമ്പി പൊട്ടിച്ചിരിച്ചു.

’നിനക്ക്‌ എന്നോട്‌ എന്തോ കടുത്തഭാഷയിൽ പറയണമെന്നുണ്ട്‌. അല്ലേ? പറഞ്ഞോളൂ‘.

രാജ്‌മോഹൻ തമ്പിയെ തുറിച്ചുനോക്കി. അയാളുടെ ശബ്‌ദത്തിനു തീപിടിച്ചു.

’പേടിക്കണ്ട. സർവശക്തനായ ജനാർദ്ദനൻ തമ്പി എന്ന ചെറ്റയെ ഒരു പോലീസ്‌ കമ്മീഷണർക്ക്‌ വിലങ്ങിന്റെ കിലുക്കം കേൾപ്പിക്കാനാവില്ലെന്നറിഞ്ഞുകൊണ്ടുതന്നെയാണ്‌ ഇപ്പോൾ ഞാനിവിടെ നിൽക്കുന്നത്‌. നിങ്ങളെ രക്ഷിക്കാൻ പ്രോട്ടോക്കോൾ എന്നൊരു വാക്കുണ്ട്‌. നിങ്ങളേക്കാൾ ചീപ്പായ ഒരു ദേശീയ പാർട്ടിയുണ്ട്‌. ദിവസവും കോടതി കയറിയിറങ്ങുന്ന നാണംകെട്ട നേതാക്കന്മാരുണ്ട്‌. നീതിയും നിയമവുമൊന്നും അനുസരിക്കാൻ ബാധ്യതയില്ലാത്ത അനന്തപുരിയിലെ മുഴുവൻ ക്രിമിനലുകളുമുണ്ട്‌.

തമ്പിയുടെ ചുണ്ടിലെ ചിരിമാഞ്ഞില്ല.

‘ഇതൊക്കെ അറിയാമെങ്കിൽ എന്തിനാ കമ്മീഷണറെ ഇപ്പോഴിങ്ങോട്ടു കെട്ടിയെടുത്തത്‌? എവിടെങ്കിലും പോയി ചുരുണ്ടുകിടന്ന്‌ ഉറങ്ങിക്കൂടേ നിനക്ക്‌?’

‘അതെ. ഉറങ്ങാൻ പോവുകയാണ്‌. അതിനു മുൻപ്‌ എനിക്കു കുറച്ചു കാര്യങ്ങൾകൂടി ചെയ്‌തുതീർക്കാനുണ്ട്‌. കാക്കിയിട്ട ഒരു നായിന്റെ മോനെ കോടതിക്കു കൈമാറണം. അവന്റെ എല്ലു വെള്ളമാക്കി ചോർത്തിയെടുത്തു ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ അറിയിക്കേണ്ടവരെ മുഴുവൻ അറിയിക്കണം. ഇൻക്‌ളൂഡിംഗ്‌ യൂ.’

തമ്പി പൊട്ടിച്ചിരിച്ചു.

‘അറിയിച്ചോളൂ.’

രാജ്‌മോഹൻ കൈചുരുട്ടിപ്പിടിച്ച്‌ മുന്നോട്ടടുത്തു.

‘ചിരിക്കരുത്‌. ആ ചിരി കണ്ടാൽ എന്റെ സമനിലതെറ്റും. പ്രൊട്ടോക്കോളും മണ്ണാങ്കട്ടയും മാങ്ങാത്തൊലിയുമൊക്കെ ഞാൻ മറക്കും. നിങ്ങളെ കസേരയോടെ പൊക്കിയെടുത്ത്‌ ഈ ക്‌ളീൻ ഹൗസിന്റെ മുന്നിലിട്ടു ചവിട്ടിമെതിക്കും. ഇടിച്ചു പതിരുകലക്കിയിട്ട്‌ അന്തസായി ജയിലിലേക്കു പോവും.’

തമ്പി സിഗററ്റ്‌ ആഞ്ഞുവലിച്ചു. റിവോൾവിംഗ്‌ചെയർ മെല്ലെമെല്ലെ തിരിഞ്ഞു.

‘എന്നിട്ടോ?’

രാജ്‌മോഹൻ കാട്ടുതീപോലെ ആളിപ്പടർന്നു.

‘എന്നിട്ടു ലോകം മുഴുവൻ കേൾക്കേ നിങ്ങളുടെ അപദാനങ്ങൾ ഞാൻ വിളിച്ചുപറയും. സോഷ്യലിസ്‌റ്റ്‌ പാർട്ടിയുടെ അനിഷേധ്യ നേതാവിന്റെ മുഖംമൂടി ചീന്തിവലിച്ചെറിയും. കരിമഠം പെരുമാളെപ്പോലെതന്നെ നിങ്ങളും കറതീർന്ന ഒരു ക്രിമിനലാണെന്നു നാടുമുഴുവൻ അറിയും.’ തമ്പി പുഛത്തോടെ രാജ്‌മോഹനെ നോക്കി.

‘അതിനൊക്കെ മുൻപു നീ ഈ ലോകം വിട്ടുതന്നെ പോയിക്കഴിഞ്ഞിരിക്കും. കൂടെ വരാൻ ശത്രുഘ്‌നനുമുണ്ടാവും ഓവർ സ്‌മാർട്ടായ ഒരു പോലീസ്‌ ഉദ്യോഗസ്‌ഥനും ഇന്നോളം തമ്പി വരച്ചിട്ടുള്ള ലക്ഷ്‌മണരേഖ താണ്ടിയിട്ടില്ല. ഒരു പോലീസ്‌ പട്ടിയും ഇവിടെവന്ന്‌ ഇത്രത്തോളം കുരച്ചിട്ടില്ല.’

‘ഇവിടെ നിൽക്കുമ്പോൾ മാത്രമാണ്‌ ഈ കാക്കിക്കുപ്പായം ഇത്രയ്‌ക്കും ചീപ്പാണെന്നു ഞാനറിയുന്നത്‌. തൊട്ടുമുന്നിൽ ഒരു ക്രിമിനലിനെ കിട്ടിയിട്ടും ആദ്യമായിട്ടാണു ഞാൻ നിസ്സഹായനായി നിൽക്കുന്നത്‌. വൃത്തികെട്ട ഈ ചിരി ഒരു നിമിഷംകൊണ്ടു ചുണ്ടിൽനിന്നും അടർത്തയെടുക്കാൻ എനിക്കറിയില്ലെന്നു വിചാരിക്കണ്ട. വേണ്ടിവന്നാൽ ഇവിടെയിട്ടുതന്നെ ഞാൻ….’

രാജ്‌മോഹൻ കിതച്ചു.

ജനാർദ്ദനൻ തമ്പി കസേരയിൽ നിന്നും എഴുന്നേറ്റു.

‘നീ ഇത്രയും നെഗളിക്കുന്നത്‌ എന്തുകൊണ്ടാണെന്നനിക്കറിയാം. ഇന്ദ്രപാൽ കോടതിയിൽ എല്ലാം തുറന്നുപറയാൻ തയ്യാറാവുമെന്ന്‌ കരുതുന്നതുകൊണ്ട്‌. അവന്റെ വാക്കുകൾ തമ്പിക്കു മുന്നിൽ തീക്കട്ടകളായി വന്നു വീണു പൊള്ളിക്കുമെന്ന്‌ വിശ്വസിക്കുന്നതുകൊണ്ട്‌. തെറ്റിപ്പോയല്ലോ കമ്മീഷണറേ. ഓടുന്ന നായയുടെ ഒരുമുഴം മുന്നിൽ കല്ലെറിയുന്നവനാ ഈ ജനാർദ്ദനൻ തമ്പി. ഇന്ദ്രപാൽ കോടതിയിലെത്തില്ല. തമ്പി എത്തിക്കില്ല.’

രാജ്‌മോഹൻ പോക്കറ്റിൽ നിന്നും ഇന്ദ്രപാലിന്റെ ക്വാർട്ടേഴ്‌സിന്റെ താലേക്കാലെടുത്തു തമ്പിയുടെ നേരെ നീട്ടിപ്പിടിച്ചു.

‘ഇനി അവനെ നിശ്ശബ്‌ദനാക്കാൻ ഈ ലോകത്തിൽ ആർക്കുമാവില്ല തമ്പീ. ഞാനറിയാതെ ഇന്ദ്രപാൽ ക്വാർട്ടേഴ്‌സിൽ നിന്നും പുറത്തുകടക്കില്ല.’

തമ്പി അനുകമ്പയോടെ രാജ്‌മോഹനെ നോക്കി.

‘നീ ഇപ്പോൾ അതിനകത്തു കാത്തുവച്ചിട്ടുള്ളത്‌ ഒരു ഡെഡ്‌ബോഡി. അഞ്ചുമിനിറ്റു മുൻപു ഞാനത്‌ ഉറപ്പാക്കിക്കഴിഞ്ഞു. രണ്ടുവട്ടം ഫോണിൽ ട്രൈ ചെയ്‌തിട്ടും ബെല്ലടിച്ചതല്ലാതെ ആരും റിസീവറെടുത്തില്ല. അതിനർത്ഥം ഒന്നേയുള്ളൂ. ഹീ ഈസ്‌ നോ മോർ.’

രാജ്‌മോഹൻ ജനാർദ്ദനൻ തമ്പിയെ പകച്ചു നോക്കി.

‘പറഞ്ഞ ജോലികളെല്ലൊം ഭംഗിയായി ചെയ്‌തുതീർത്തിട്ട്‌ അവൻ ഇവിടെ വന്നിരുന്നു മോഹൻ. അപ്പോൾ ഞാനൊരു സമ്മാനം കൊടുത്തു. ഷിവാസ്‌ റീഗൾ…. ആ കുപ്പിക്കുള്ളിൽ ഞാനൊളിപ്പിച്ചുവച്ചിരുന്നതു ക്രൂരമായ മരണം സൈനേഡിന്റെ രൂപത്തിൽ.’

രാജ്‌മോഹൻ നടുങ്ങിപ്പോയി. അയാൾ വേവലാതിയോടെ ഒരടി പിന്നോട്ടുവച്ചു.

‘അയാം സോറി. കമ്മീഷണർ. ഈ വൃത്തികെട്ട ചിരി ഇനി കുറേക്കാലംകൂടി എന്റെ ചുണ്ടിലുണ്ടാവും. മറക്കാതെ മനസ്സിൽ അടിവരയിട്ടെഴുതിവച്ചോ.’ തമ്പി ചിരിക്കിടയിലൂടെ പറഞ്ഞു.

ചോദിക്ക്‌ അറിയാനുള്ളതൊക്കെ ചോദിക്ക്‌. നിന്റെ മുന്നിൽ നിൽക്കുന്നത്‌ വെറും തമ്പിയല്ല. ഒരുപാടു ചോരയൊഴുക്കി ഈ അനന്തപുരിക്കു ചെമന്ന തിളക്കം കൊടുത്ത തമ്പി. ഈ ഭൂമിയിൽ ഒരു ശത്രുവിനെയും ബാക്കിവച്ചിട്ടില്ലാത്ത തമ്പി. ഇന്ദ്രപാൽ പറഞ്ഞതൊക്കെ ശരിയാണ്‌. എനിക്കുവേണ്ടിയാ ഭാർഗവരാമനെയും ബേബിച്ചായനെയും അച്ചുതൻകുട്ടിയെയും കൈമളെയും കുറുപ്പിനെയുമൊക്കെ അവൻ വകവരുത്തിയത്‌. എല്ലാവർക്കും ഡെഡ്‌ലൈൻ കൊടുത്തു ശത്രുഘ്‌നൻ എന്റെ ജോലി എളുപ്പമാക്കിത്തന്നു. എല്ലാ കൊലയും ശത്രുഘ്‌നന്റെ അക്കൗണ്ടിൽ ഞാൻ എഴുതിവച്ചു കഴിഞ്ഞു. ഈ രാത്രി പെരുമാൾ തീർന്നുകിട്ടും സിറ്റിയിലെ മുഴുവൻ പോലീസും ഇതിനകം അവന്റെ താവളം വളഞ്ഞുകഴിഞ്ഞിട്ടുണ്ടാവും. അരവിന്ദനു പെരുമാളെ ചുണ്ടിക്കാട്ടിയതും ഈ തമ്പി…. ഒന്നും ആർക്കും തെളിയിക്കാനാവില്ല. കുംഭകോണങ്ങളുടെ മായാഗോപുരമായ ഈ ക്‌ളീൻ ഹൗസിൽ ഇപ്പോഴും ജനാർദ്ദൻ തമ്പി സർവശക്തൻ.‘

പല്ലുകൾ ഞെരിച്ചുകൊണ്ടു രാജ്‌മോഹൻ മുന്നോട്ടടുത്തു.

തമ്പി പിന്നോട്ടു തെന്നിമാറിക്കൊണ്ടു പറഞ്ഞു ’അരുത്‌. അവിവേകം കാട്ടരുത്‌. ഞാനിപ്പോഴും അനന്തപുരിയുടെ മുഖ്യമന്ത്രി. നീ കാക്കിയുടുപ്പിട്ട വെറുമൊരു കമ്മീഷണർ. പ്രോട്ടോക്കാൾ തെറ്റിച്ച്‌ ഇനി ഒരടി മുന്നോട്ടു വച്ചാൽ………..‘

രാജ്‌മോഹൻ നിസ്സഹായനായി തളർന്നുനിന്നു. അയാളെ നോക്കി തമ്പി കൂട്ടിച്ചേർത്തു.

’തമ്പി മനുഷ്യനല്ല. പിശാച്‌. വെറും പിശാചല്ല അടുക്കുന്നവരെ മുഴുവൻ ഈ വൃത്തികെട്ട ചിരികൊണ്ടു ജീവനോടെ ദഹിപ്പിക്കുന്ന പിശാച്‌.‘

* * *

’നോ‘.

അതൊരു ഇടിമുഴക്കമായിരുന്നു. ആ ശബ്‌ദംകേട്ട്‌ ഇരുനിലകെട്ടിടം വിറച്ചു. കോവളം പ്രകമ്പനം കൊണ്ടു. തിരമാലകൾ പേടിയോടെ കരയിൽ തലയിട്ടടിച്ചു. കടൽ പുളഞ്ഞു. ഇരുട്ടിനു തീകൊളുത്തിക്കൊണ്ട്‌ കരിമഠം പെരുമാളുടെ കണ്ണുകൾ കത്തി അയാൾ ഒരിക്കൽകൂടി കയ്യിലിരുന്ന കടലാസിലേക്കു നോക്കി. അതിലെഴുതിയിരുന്നു. ’ഏതുനിമിഷവും ഈ കെട്ടിടം പോലീസ്‌ വളയും. ആരും ഒറ്റിക്കൊടുത്തതല്ല. ഇന്നോളം ഒപ്പമുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ ക്രൂരമായ ഉപഹാരം. വർഷങ്ങൾക്കു പിന്നിലുള്ളതെല്ലാം ജനാർദ്ദനൻ തമ്പി ചോരകൊണ്ടുമൂടിക്കഴിഞ്ഞു. ഇനി അയാൾക്കു വേണ്ടത്‌ നിങ്ങളെ. ജീവനോടൊയല്ല – ശവമായിട്ട്‌. ക്രൂരമായ ഒരു സത്യം കൂടി പറഞ്ഞുതരാം. ബേബിച്ചായനെയും കുറുപ്പിനെയും അച്ചുതൻകുട്ടിയെയുമൊക്കെ ചോരയിൽ കുതിർത്തത്‌ ശത്രുഘ്‌നനല്ല. ജനാർദ്ദനൻ തമ്പി. രക്ഷപ്പെടാനാവില്ല പെരുമാളേ. മരണം ഇപ്പോൾ മിനിറ്റുകൾക്കപ്പുറത്ത്‌ – ശത്രുഘ്‌നൻ.‘

പെരുമാൾ കടലാസ്‌ കൈയിലിട്ടു ഞെരിച്ചു. പെട്ടെന്നു പുറത്ത്‌ ഒരു വാറ്റഹനം ബ്രേക്കിട്ടു നിന്നും. പെരുമാൾ ജനലിലൂടെ പുറത്തേക്കു നോക്കി. അതൊരു പോലീസ്‌ വാനാണെന്ന്‌ അയാൾക്കു മനസ്സിലായി. പിന്നെയും വാഹനങ്ങൾ വന്നു. ഒന്നിനുപുറകെ ഒന്നായി. റൈഫിളുകളുമായി വാഹനങ്ങളിൽ നിന്നു പോലീസുകാർ ചാടിയിറങ്ങി. പെരുമാൾക്ക്‌ ഉറപ്പായി – താൻ വളയപ്പെട്ടിരിക്കുന്നു. ചിന്തിച്ചുനിൽക്കാൻ സമയമില്ല. ഏതു നിമിഷവും റൈഫിളുകൾ ശബ്‌ദിക്കും. പെരുമാൾക്കു മരിക്കാറായിട്ടില്ല. തമ്പിയെ ബാക്കിവച്ചു നിസ്സഹായനായി ഇവിടെ പിടഞ്ഞുതീർന്നാൽ അനന്തപുരി മാത്രമല്ല അധികാരത്തിലുള്ള തെരുവു പട്ടികളും അടക്കിച്ചിരിക്കും.

ആരെക്കെയോ മുന്നോട്ടടുക്കുന്നു.

കാലടി ശബ്‌ദം കേട്ടു. ഭൂമി പിളരുന്നു.

അരുത്‌….. മരിക്കരുത്‌.

ക്‌ളീൻ ഹൗസിലിരുന്ന്‌ ആ പട്ടി ഇപ്പോൾ അടക്കിച്ചിരിക്കുന്നുണ്ടാവും. പെരുമാളുടെ ചിതറിത്തെറിച്ച ശവം സ്വപ്‌നം കാണുന്നുണ്ടാവും.

ഒരു നിമിഷം. പെരുമാൾ അലമാരി വലിച്ചു തുറന്നു. അതിൽ നിന്നു സ്‌റ്റെൻഗൺ പുറത്തെടുത്ത്‌ അയാൾ മെയിൻ സ്വിചിനുനേരേ നടന്നു. തൊട്ടടുത്ത്‌ ഒരുവെടി ശബ്‌ദം. ആരോ അലറിക്കരഞ്ഞു. ഡിസൂസയാണോ? വീണ്ടും വീണ്ടും റൈഫിളുകൾ ശബ്‌ദിച്ചു. ഒരു നിലവിളികൂടി. അതു ജാഫറാണ്‌.

പെരുമാൾ പൊടുന്നനെ സ്വിച്ച്‌ ഓഫ്‌ ചെയ്‌തു. കെട്ടിടത്തിനുള്ളിലെ വിളക്കുകളെല്ലാമണഞ്ഞു.

ചെവിക്കരികെ കനത്ത കാലടിശബ്‌ദം.

കാക്കിയിട്ട ചെകുത്താൻമാർ ഇരുട്ടിലും തേടുന്നതു പെരുമാളെ.

ആരോ മുന്നിലേക്കു വന്നു പെരുമാൾ ശ്വാസമടക്കിപ്പിടിച്ചു കാത്തു.

പിന്നെയും കാലടി ശബ്‌ദം.

താഴെ സെർച്ചു ലൈറ്റുകൾ തെളിഞ്ഞു. പോലീസ്‌ വന്നിട്ടുള്ളതു സർവ്വസന്നാഹങ്ങളോടെ. വീണ്ടും താഴെ ആരോ അലറിക്കരഞ്ഞു. കൂടെയുള്ളവർ ഓരോരുത്തരായി പിടഞ്ഞു തീരുകയാണ്‌. റൈഫിളുകളുടെ ശബ്‌ദത്തിൽ കെട്ടിടം കുലുങ്ങുന്നു.

പെരുമാൾ നിശ്വാസം പോലും നിയന്ത്രിച്ചുകൊണ്ടു വാതിലിനു നേരെ നീങ്ങി. എവിടെയോ ഒരു ടോർച്ച്‌ ലൈറ്റ്‌ തെളിഞ്ഞു. പെരുമാൾ ഗൺ മുന്നോട്ട്‌ നീട്ടിപ്പിടിച്ചു. പിന്നെ ചുവരോടു ചേർന്ന്‌ ഓരോ ഇഞ്ചും കീഴടക്കിക്കൊണ്ടു മുന്നോട്ടു നീങ്ങി. താഴെ വീണ്ടും മരണം ചീറി. പേലീസ്‌ ലക്ഷ്യമില്ലാതെ വെടിവയ്‌ക്കുന്നുണ്ട്‌. ഒ​‍ുരു ബുള്ളറ്റുപോലും ആവശ്യമില്ലാതെ പാഴാക്കിക്കൂടാ. ഇതിനുള്ളിലുള്ളതു മുഴുവൻ അവനുവേണ്ടി മാറ്റിവയ്‌ക്കണം. തോളിലിരുന്നുകൊണ്ടു ചെവി തിന്നിരുന്ന തമ്പിക്ക്‌.

തൊട്ടരികെ ഒരു കാൽപ്പെരുമാറ്റം. പെരുമാൾ റബ്ബർ പന്തുപോമലെ മേലോട്ടുയർന്നു. പിന്നെ മുന്നിൽ കണ്ട നിഴലിനുനേരേ ഗണ്ണിന്റെ പാത്തികൊണ്ട്‌ ആഞ്ഞടിച്ചു. നടക്കുന്ന ഒരു നിലവിളി. പെരുമാൾ അതിവേഗം താഴേക്ക്‌ ഉരുണ്ടിറങ്ങി. ആരെക്കെയോ തിടുക്കത്തിൽ പടികൾ ഓടിക്കയറി. ഗൺശബ്‌ദിച്ചു. തുടരെ ഓടിക്കയറി വന്നവർ ദിഗന്തം പിളരുന്ന നിലവിളിയോടെ പിന്നോട്ടു മറിഞ്ഞു.

ശവങ്ങൾ ചവിട്ടിമെതിച്ച്‌ പെരുമാൾ മുന്നോട്ട്‌ കുതിച്ചു. താഴെനിന്നു റൈഫിളുകൾ വീണ്ടും ഗർജ്ജിച്ചു. തൊട്ടടുത്ത്‌ ചുവരുപൊട്ടിയടർന്നു. പെരുമാൾ മിന്നലിന്റെ വേഗതയോടെ പടികളിലൂടെ താഴോട്ടുരുണ്ടു. സെർച്ച്‌ ലൈറ്റിന്റെ വെളിച്ചം പടികളിലേക്കെത്തി. പെരുമാൾ പിടഞ്ഞെണീറ്റു. വീണ്ടും ഗൺ ശബ്‌ദിച്ചു. സെർച്ച്‌ ലൈറ്റ്‌ ചിതറി. ഇരുട്ടുതുളച്ചു ബുള്ളറ്റുകൾ ചീറിവന്നു. പെരുമാൾ അതിവേഗം മുന്നോട്ടോടി. പിന്നെ വെട്ടിത്തിരിഞ്ഞു കെട്ടിടത്തിന്റെ പിന്നിലേക്ക്‌. ബുള്ളറ്റുകൾ പിൻതുടർന്നെത്തി. അരമതിലിനടുത്തെത്തി പെരുമാൾ താഴേക്കു നോക്കി. വാ പിളർന്നു നിൽക്കുന്ന കൂറ്റൻ പാറക്കെട്ടുകൾ. അതിനപ്പുറം പരന്ന കടൽ. പെരുമാൾ ഗണ്ണുമായി താഴേക്കു കുതിച്ചുചാടി. തല എവിടെയോ ചെന്നിടിച്ചു. അയാൾ അതു ശ്രദ്ധിച്ചില്ല. മുകളിൽ നിന്ന്‌ ഒരു സെർച്ച്‌ ലൈറ്റ്‌ തേടിവരുന്നുണ്ട്‌. അയാൾ പാറക്കൂട്ടത്തിനിടയിലേക്കു കുനിഞ്ഞു. പാറക്കൂട്ടങ്ങളെ പലവട്ടം തൊട്ടുഴിഞ്ഞു സെർച്ച്‌ ലൈറ്റ്‌ മടങ്ങിപ്പോയി. പെരുമാൾ പാറക്കൂട്ടത്തിനിടയിലൂടെ ഇഴഞ്ഞുനീങ്ങി. തിരമാലകൾ കൈകൾ നീട്ടി പെരുമാളെ വാരിപ്പുണർന്നു. സ്‌റ്റെൻഗൺ മാറിലടുക്കിപ്പിടിച്ചു കരിമഠം പെരുമാൾ നിശ്‌ചലനായി കിടന്നു.

അപ്പോൾ ജനാർദ്ദനൻ തമ്പി ഹോട്ടൽ സൗത്ത്‌ പാർക്കിലെ വിശാലമായ സ്യൂട്ടിനുള്ളിലായിരുന്നു. ഗ്ലാസിലെ മദ്യം മെല്ലെ നുണഞ്ഞുകൊണ്ടു തികഞ്ഞ സംതൃപ്‌തിയോടെ അയാൾ സോഫയിൽ ചാഞ്ഞു കിടന്നു. ടി.വി.യിൽ ഒരു ഇംഗ്ലീഷ്‌ ചിത്രമുണ്ടായിരുന്നു. അലസമായി തമ്പി ചിത്രം ശ്രദ്ധിച്ചു. ഇടയ്‌ക്കിടയ്‌ക്ക്‌ അയാൾ വാച്ചിൽ നോക്കി. പിന്നെ വാതിലിനു നേർക്കും. ഈ രാത്രി എല്ലാം മറന്ന്‌ സുഖമായി ഉറങ്ങണം. ഉറങ്ങുമ്പോൾ കൂടെയുണ്ടാവേണ്ടത്‌ ഈ സിറ്റിയിലെ മാദകത്തിടമ്പായ വിനോദിനി. ഇക്കാലമത്രയും ആരുമറിയാതെ തമ്പി കാത്തുവച്ചിട്ടുള്ള വലിയൊരു രഹസ്യമാണു വിനോദിനി. സിറ്റിയിലെ പെൺവാണിഭത്തിനു ചുക്കാൻ പിടിക്കുന്ന വിനോദിനി തന്റെ കിടപ്പറ സഖിയാണെന്നു കുറുപ്പോ, കൈമളോ, ബേബിച്ചായനോ അറിഞ്ഞിട്ടില്ല. ആകെ അറിയാവുന്നത്‌ ഈ സ്യൂട്ടിലെ നാലു ചുവരുകൾക്കുമാത്രം.

തമ്പി ഗ്ലാസിലെ മദ്യം കാലിയാക്കി. കുപ്പിയുടെ അടപ്പു തുറന്നതേയുള്ളു. മന്ദ്രമധുരമായി കാളിംഗ്‌ ബെൽ ശബദിച്ചു.

തമ്പി പുഞ്ചിരിച്ചുകൊണ്ട്‌ എഴുന്നേറ്റു. അയാൾ വാതിലിനടുത്തെത്തി ബോൾട്ടു നീക്കി.

പുറത്തു കത്തുന്ന തീക്കനലിന്റെ ചന്തവുമായി വിനോദിനി നിൽക്കുന്നുണ്ടായിരുന്നു. ഒരാവേശത്തോടെ അവളെ വലിച്ചു മുറിയിലേക്കിട്ടു തമ്പി വാതിലടച്ചു. വിനോദിനി വശ്യമായി ചിരിച്ചു. അവളെ നെഞ്ചോടുചേർത്തു തമ്പി ചോദിച്ചു. ’എന്താ പെണ്ണേ വൈകിയത്‌? കാത്തുകാത്തിരുന്നു കണ്ണുകഴച്ചല്ലോ. അത്രയ്‌ക്കും തിരക്കായിപ്പോയോ നിനക്ക്‌?“

വിനോദിനി തമ്പിയുടെ പിടിയിൽ നിന്നു മെല്ലെ ഒഴിഞ്ഞു മാറി. അവൾ കുപ്പി തുറന്നു മദ്യം ഗ്ലാസിലേക്കൊഴിച്ചു. പിന്നെ ഗ്ലാസെടുത്ത്‌ കിടക്കയിലിരുന്നു.

‘അയാം സോറി സാർ. വൈകിയതു മനഃപൂർവ്വമല്ല. പെട്ടെന്നു മൂന്നു കാൾ വന്നു. മൂന്നു വമ്പനമാരുടെ. മൂന്നുപേർക്കും വേണ്ടത്‌ തൊട്ടാൽ പൊട്ടുന്നതുപോലെയുള്ള സുന്ദരി പെൺകൊച്ചുങ്ങളെ. ഉപേക്ഷിക്കാനൊക്കുമോ സാർ? കണ്ടുപിടിച്ചു കൊടുത്തു. മൂന്നും ഫ്രെഷാ. അല്ലറ ചില്ലറ ചവിട്ടും തൊഴിയുമൊക്കെയുണ്ടാവും അവരു മെരുക്കിയെടുത്തോളും.

വിനോദിനി മദ്യം കുറേശ്ശെയായി സിപ്പുചെയ്‌തു.

തമ്പി പറഞ്ഞു.

’ഇനി സമയം കളയണ്ട എന്താ?‘

വിനോദിനി ഗ്ലാസിലെ മദ്യം മുഴുവനും ഒറ്റവലിക്കു കുടിച്ചു. ഗ്ലാസ്‌ ടീപോയിൽ വച്ചു. തമ്പി അവളെ ഉറുമ്പടക്കം ചേർത്തുപിടിച്ചുകൊണ്ടു ബെഡിലേക്കു ചാഞ്ഞു. അയാളുടെ വിരലുകൾ കുസൃതിയോടെ വിനോദിനിയുടെ നിന്മോന്നതങ്ങളിൽ മേഞ്ഞു നടന്നു. നിർവൃതിയോടെ വിനോദിനി കണ്ണുകളടച്ചു. ആ നിമിഷം കാളിംഗ്‌ബെൽ ശബ്‌ദിച്ചു. തമ്പി ചെറുതായൊന്നു നടുങ്ങി. വിനോദിനി പിടഞ്ഞെഴുന്നേറ്റു വസ്‌ത്രങ്ങൾ നേരെയാക്കി. കിടക്കയിൽ അലസമായി കിടന്നുകൊണ്ടു തമ്പി പറഞ്ഞു.

’സ്വർഗ്ഗത്തിലെ കട്ടുറുമ്പ്‌ ആരാണെന്നു നോക്ക്‌.‘

വിനോദിനി വാതിലിനടുത്തെത്തി ബോൾട്ടു നീക്കി.

കണ്ണുകൾ പൂർണ്ണമായും മറയ്‌ക്കുന്ന ഒരു സൺഗ്ലാസ്സാണവൾ ആദ്യം കണ്ടത്‌. പിന്നെ ബുൾഗാൻതാടി. ചുണ്ടുകൾക്കിടയിൽ എരിയുന്ന സിഗററ്റ്‌…..

അസ്വസ്‌ഥയായി വിനോദിനി ചോദിച്ചു.

’ആരാ‘?

അവളെ തള്ളിമാറ്റി അയാൾ അകത്തുകടന്നു. പിന്നെ വാതിലിന്റെ ബോൾട്ടിട്ടു. തമ്പി ഉൾക്കിടിലത്തോടെ പിടഞ്ഞെണീറ്റു. ശത്രുഘ്‌നന്റെ കണ്ണുകളിൽ നിന്ന്‌ ഒരു തീഗോളമുതിർന്നു. അയാൾ കടുത്ത ശബ്‌ദത്തിൽ പറഞ്ഞു. ’അനങ്ങരുത്‌.‘

വിനോദിനി ശത്രുഘ്‌നനെയും തമ്പിയേയും മാറിമാറി നോക്കി.

തമ്പി ചെറുതായി വിറയ്‌ക്കുന്നത്‌ അവൾ കണ്ടു. കത്തുന്ന ശബ്‌ദത്തിൽ ശത്രുഘ്‌നൻ തുടർന്നു.

’പേടിക്കേണ്ട. ഞാൻ വന്നതു കൊല്ലാനല്ല. നന്ദി പറയാൻ. കൊല്ലണമെന്ന്‌ ഞാൻ ആഗ്രഹിച്ചവരെ മുഴുവൻ ഭംഗിയായി കൊന്നുതന്നല്ലോ, താങ്ക്‌സ്‌ എലോട്ട്‌.‘

തമ്പിയുടെ കൈ ടെലഫോണിനു നേരെ നീണ്ടു. ശത്രുഘ്‌നൻ തികഞ്ഞ ശാന്തതയോടെ പറഞ്ഞു.

’അരുതു തമ്പി. പോലീസിനെ വിളിച്ച്‌ നിങ്ങളുടെ ഈ മനോഹരമായ രാത്രി അലങ്കോലമാക്കരുത്‌. നാടുഭരിക്കുന്ന മുഖ്യമന്ത്രിയുടെ രാസലീലകൾ നാളെ പുലർച്ചെ ബെഡ്‌കോഫിയോടൊപ്പം ഈ നാട്ടിലെ പ്രബുദ്ധരായ വോട്ടർമാർക്കു കൊടുക്കണ്ടെ.‘

’ഞാൻ….ഞാൻ……ഇവിടെയുണ്ടെന്ന്‌…. നിങ്ങൾ…. നിങ്ങൾ……‘

ശത്രുഘ്‌നൻ ചിരിച്ചു.

’അത്‌ എന്റെ ആറാമിന്ദ്രിയത്തിന്റെ പ്രഭാവം. എന്റെ പിന്നാലെ നിങ്ങൾ ഉണ്ടായിരുന്നതുപോലെ നിങ്ങളുടെ പിന്നാലെ ഞാനുമുണ്ടായിരുന്നു. നിഴൽപോലെയല്ല. മരണം പോലെ.‘

തമ്പി പേടിയോടെ ശത്രുഘ്‌നനെ നോക്കി. ശത്രുഘ്‌നൻ നിരവ്വികാരതയോടെ പറഞ്ഞു…

’ഇതു നിങ്ങളുടെ അവസാന രാത്രി. ഇവളെ അടക്കിപ്പിടിച്ച്‌ എല്ലാം മറന്നുറങ്ങുമ്പോൾ കാലൊച്ചപോലും കേൾപ്പിക്കൊതെ മരണം ഈ മുറിക്കുള്ളിൽ അതിക്രമിച്ചു കയറും.‘

തമ്പി അറിയാതെ പുളഞ്ഞുപോയി.

നാളത്തെ പത്രങ്ങളിലെ ഹെഡ്‌ലൈൻ ശത്രുഘ്‌നൻ മനസ്സിൽ പ്രിന്റു ചെയ്‌തു കഴിഞ്ഞു. നിങ്ങളുടെ ചോരകൊണ്ടുതന്നെ.

’നാടുവിറപ്പിച്ച ഭീകരന്റെ ദാരുണമായ അന്ത്യം. ചോരകൊണ്ടു രാഷ്‌ട്രീയം കളിച്ച ഒരു പിശാചിന്റെ അനുവാര്യമായ പതനം.‘

ശത്രുഘ്‌നൻ പോക്കറ്റിൽ നിന്നും റീത്തിന്റെ പടമുള്ള ഒരു കടലാസ്‌ പറുത്തെടുത്തു. അതു ബെഡ്‌ഡിലേക്കിട്ട്‌ അയാൾ തുടർന്നു.

ഇത്‌ ഡെഡ്‌ലൈൻ. എല്ലാവർക്കും കൊടുത്തതുപോലെയുള്ള മരണ വാറന്റ്‌. ഇപ്പോൾ മണി പന്ത്രണ്ട്‌. നിങ്ങൾക്കിനി ശേഷിക്കുന്നത്‌ രണ്ടുമണിക്കൂർ. ഗുഡ്‌ബൈ.’

ശത്രുഘ്‌നൻ വെട്ടിത്തിരിഞ്ഞു. വാതിൽ വലിച്ചുതുറന്ന്‌ അയാൾ പുറത്തുകടന്നു. വിനോദിനി പേടിയോടെ ചോദിച്ചു.

‘ആരാ……ആരാ……ഇയാള്‌? സർ ഇവിടെയുണ്ടെന്ന്‌ എങ്ങിനെയറിഞ്ഞു.?’

തമ്പി മെല്ലെ നിശ്വസിച്ചുകൊണ്ടു പറഞ്ഞു. ‘പേടിക്കേണ്ട. ഒന്നും സംഭവിക്കില്ല. വാതിൽ ബോൾട്ടിട്ടേക്ക്‌.’

തമ്പി റിസീവറെടുത്തു. റിസപ്‌ഷനിൽ ബെൽ ശബ്‌ദിച്ചു. റിസഫ്‌ഷനിസ്‌റ്റ്‌ ഫോണെടുത്തു.

‘യെസ്‌ പ്‌ളീസ്‌.’

‘ഇനി ആരെയും ഇങ്ങോട്ടു കടത്തിവിടണ്ട. ഒരു ഫോൺകാളും തരണ്ട.’

‘യെസ്‌ സാർ’.

റിസീവർ ക്രാഡിലിൽ വച്ചു തമ്പി ഒരു സ്വിച്ചമർത്തി. പുറത്ത്‌ ഡോണ്ട്‌ ഡിസ്‌റ്റർബ്‌ ബോർഡിൽ ലൈറ്റു തെളിഞ്ഞു. പ്രത്യേകിച്ചൊന്നും സംഭവിക്കാത്തതുപോലെ അയാൾ വിനോദിനിയെ ചേർത്തുപിടിച്ചു കിടക്കയിലേക്കു ചാഞ്ഞു. മുറിയിലെ കടുത്ത വെളിച്ചമണഞ്ഞു. സീറോ ബൾബു കത്തി. നിറഞ്ഞ നിശ്ശബ്‌ദതയിൽ നിശ്വാസങ്ങളുലഞ്ഞു. കാലുകൾ പാമ്പുകളെപ്പോലെ പുളഞ്ഞു.

ആ നിമിഷം ഹോട്ടലിനു പുറത്ത്‌ ഒരു വാൻ ചടുലമായ മുഴക്കത്തോടെ ബ്രേക്കിട്ടു നിന്നു. ഡ്രൈവിംഗ്‌ സീറ്റിൽ നിന്നും ഒരാൾ ഗണ്ണുമായി കുതിച്ചിറങ്ങി. അയാൾ ഗ്‌ളാസ്‌ഡോർ തള്ളിത്തുറന്നു. റിസപ്‌ഷനു നേരെ നടന്നു. റിസപ്‌ഷനിസ്‌റ്റ്‌ പിടഞ്ഞെഴുന്നേറ്റു. വാനിൽ നിന്നും ഇറങ്ങിയ ആൾ തീപിടിച്ച ശബ്‌ദത്തിൽ പറഞ്ഞു.

‘ഞാൻ പെരുമാൾ. കരിമഠം പെരുമാൾ.’

റിസപ്‌ഷനിസ്‌റ്റ്‌ അടിമുടി വിറച്ചുപോയി. പെരുമാൾ തുടർന്നു. ‘എനിക്ക്‌ ആകെ വേണ്ടത്‌ പതിനഞ്ചു മിനിറ്റ്‌. അനങ്ങരുത്‌. ഫോണിൽ വിരൽതൊടരുത്‌. ഒച്ചവച്ച്‌ ആരെയും അറിയിക്കരുത്‌. പറഞ്ഞതെല്ലാം കേട്ടാൽ നിങ്ങൾ റിസപ്‌ഷനിസ്‌റ്റായി ഇനിയുമിവിടെ ബാക്കിയുണ്ടാവും.’

റിസപ്‌ഷനിസ്‌റ്റ്‌ അനങ്ങിയില്ല.

അപ്പോൾ സ്യൂട്ടിനുള്ളിൽ തമ്പിയുടെ ചുണ്ടുകൾ വിനോദിനിയുടെ കവിളിലൂടെ താഴേക്ക്‌ ഒഴുകിയിറങ്ങുകയായിരുന്നു. പൊടുന്നനെ തുരുതുരാ ഗൺ ശബ്‌ദിച്ചു. വാതിലിൽ തുളകൾ വീണടർന്നു. ഒരു കൈ അകത്തേക്കുവന്നു. ബോൾട്ടുനീക്കി. വാതിൽ മലർക്കെ തുറന്ന്‌ പെരുമാൾ അകത്തുകടന്നു. വിനോദിനിയെ തള്ളിമാറ്റി തമ്പി ഭീതിയോടെ പിടഞ്ഞെണീറ്റു. ഗൺ മുന്നോട്ടു നീട്ടി പെരുമാൾ ഗർജ്ജിച്ചു.

‘കഴുവേറീടെ മോനേ, ചോരയിൽ കുതിർത്ത്‌ ഈ പെരുമാളെ ഭൂമിയിൽ നിന്നും മായ്‌ച്ചുകളയാമെന്നു കരുതിയല്ലേ? എനിക്കാദ്യം വേണ്ടതു ശത്രുഘ്‌നനെയോ രാജ്‌മോഹനെയോ അല്ല. വെളുക്കെച്ചിരിച്ചുകൊണ്ട്‌ അണപ്പല്ലിറുമ്മിയ നിന്നെ’.

തമ്പി ഒരു നിലവിളിയോടെ പറഞ്ഞു. പെരുമാളെ…. അരുത്‌ കൊല്ലരുത്‌….. ഇനി ഞാൻ…..‘

തമ്പി പൂർത്തിയാക്കിയില്ല. അതിനു മുൻപേ ഗൺ ശബ്‌ദിച്ചു. തമ്പി അലറിവിളിച്ചു. അയാളുടെ ജുബ്ബ ചോരയിൽ കുതിർന്നു. ഗൺ വീണ്ടും വീണ്ടും ശബ്‌ദിച്ചു. തമ്പിയുടെ ശരീരത്തിൽ നിന്നും ചോരയോടൊപ്പം മാംസവും തെറിച്ചു. തമ്പിയുടെ ചലനം നിലച്ചു. അയാൾ മരിച്ചുവെന്നറിഞ്ഞിട്ടും ഗൺ ശബ്‌ദിച്ചുകൊണ്ടേയിരുന്നു. തമ്പിയുടെ ശരീരം ഒരരിപ്പയായി മാറുന്നതുവരെ.

Generated from archived content: ananthapuri21.html Author: nk_sasidharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഇരുപത്‌
Next articleഇരുപത്തിരണ്ട്‌
1955 നവംബർ 25-ന്‌ കൊടുങ്ങല്ലൂരിൽ ജനിച്ചു. എൻ.കെ.സരോജിനിയമ്മയും ടി.ജി. നാരായണപ്പണിക്കരുമാണ്‌ മാതാപിതാക്കൾ. മലയാലസാഹിത്യം ഐച്ഛികമായെടുത്ത്‌ മാസ്‌റ്റർ ബിരുദം നേടി. പതിന്നാലു വർഷക്കാലം സിനിമാരംഗത്ത്‌ സഹസംവിധായകനായി പ്രവർത്തിച്ചു. ആദ്യചിത്രംഃ രാജപരമ്പര, ചുവന്ന അങ്കി, അഗ്‌നിശലഭങ്ങൾ, എന്നീ ചിത്രങ്ങൾക്ക്‌ തിരക്കഥയും സംഭാഷണവും ‘ചക്രവർത്തി’ എന്ന ചിത്രത്തിന്‌ സംഭാഷണവുമെഴുതി. ആകാശവാണി തൃശൂർ-കോഴിക്കോട്‌ നിലയങ്ങൾ നാടകങ്ങൾ പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്‌. ഇപ്പോൾ ആനുകാലികങ്ങളിൽ നോവലുകൾ എഴുതുന്നു. ചാവേർപ്പട, കർഫ്യൂ, കാശ്‌മീർ, മറൈൻ കിങ്ങ്‌, മർമ്മരങ്ങൾ, മരണമുദ്ര, ആദ്യത്തെ കൺമണി തുടങ്ങിയവയാണ്‌ കൃതികൾ. ഇതിൽ കർഫ്യൂ ചലച്ചിത്രമായി. വിലാസംഃ വാരണക്കുടത്ത്‌, ഇടനാട്‌ ചൊവ്വര - 683 571.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English