ഒരു തമാശ കേട്ടതുപോലെ ശത്രുഘ്‌നൻ പൊട്ടിച്ചിരിച്ചു. രാജ്‌മോഹന്റെ മുഖം വലിഞ്ഞുമുറുകി. ചിരി നിർത്തി ശത്രുഘ്‌നൻ ചോദിച്ചു. ‘ഫോർ വാട്ട്?’
രാജ്‌മോഹൻ അയാളുടെ മുഖത്തുനിന്നു കണ്ണെടുക്കാതെ പറഞ്ഞു. ‘ഈ നാട്ടിൽ നിന്നും കുറേ വി.ഐ.പികളെ സമർത്ഥമായി തുടച്ചു നീക്കിയതിന്, കെമളെ ഭീഷണിപ്പെടുത്തിയതിന്, പോലീസിനെ ഇത്രയും നാൾ കബളിപ്പിച്ചതിന്.’
ശത്രുഘ്‌നൻ ശാന്തനായി ചോദിച്ചു. ‘ഇതൊക്കെ നിങ്ങൾക്കു തെളിയിക്കാനാവുമോ മിസ്‌റ്റർ കമ്മീഷണർ?’
‘ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചിട്ടുണ്ട്. നിങ്ങൾക്കെതിരേ ജീവനുള്ള ഒരു ശവം അതിനുവേണ്ടി ഞാൻ കാത്തു വച്ചിട്ടുണ്ട്. രാമകൃഷ്‌ണക്കൈമൾ എനിക്ക് അയാൾ ധാരാളമാണ്.’
ശത്രുഘ്‌നൻ അടക്കിച്ചിരിച്ചു.
‘നിങ്ങളുടെ കഴിവിൽ എനിക്ക് അസൂയ തോന്നുന്നു. വെൽഡൺ മിസ്‌റ്റർ കമ്മീഷണർ. ആട്ടെ അറസ്‌റ്റ് ഉടനെയുണ്ടോ? അതോ പുലരുന്നതുവരെ-’
രാജ്‌മോഹൻ ഗർജ്ജിച്ചുൂ ‘ ഈ നിമിഷം നിങ്ങൾ എന്നോടൊപ്പം വരികയാണ്.’
‘നന്നായി വരാമല്ലോ. പക്ഷേ ഒരു സംശയമുണ്ട്. നമ്മൾ അവിടെയെത്തും മുൻപു കൈമൾ ചത്തുപോയാലോ?’
രാജ്‌മോഹൻ ചിരിച്ചു.
‘ചത്തുപോവില്ല. കൊലയാളി ഇപ്പോഴുള്ളത് എന്റെ മുന്നിലല്ലേ?’
‘ഓവർ സ്‌മാർട്ടാവല്ലേ മിസ്‌റ്റർ കമ്മീഷണർ. കൊലയാളി ഇപ്പോഴും പോലീസ് ഡിപ്പാർട്ട്‌മെന്റിനേക്കാൾ ഇരുപത്തിനാലു മണിക്കൂർ മുന്നിലാണ്.’
‘പക്ഷേ എന്നാലും കൈമൾ മരിക്കില്ല. ഇരുപതു മിനിറ്റുമുൻപും അയാൾക്കു ജീവനുണ്ടായിരുന്നു.’
ശത്രുഘ്‌നൻ നേർത്ത ചിരിയോടെ പറഞ്ഞു. ‘നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ.’
‘സംസാരിച്ചു നിൽക്കാൻ സമയമില്ല. കം വിത്ത് മീ.’
‘തിടുക്കംകൂട്ടല്ലേ മിസ്‌റ്റർ രാജ്‌മോഹൻ. എനിക്ക് ഒരു കാര്യം കൂടി അറിയണം.’
‘ചോദിക്ക്.’
‘ആദ്യം കണ്ടപ്പോൾ നിങ്ങൾ എന്നെ ഒരു പേരുവിളിച്ചു. അനിയൻ തമ്പുരാനെന്ന്. ആരാണത്?’
രാജ്‌മോഹൻ അടക്കിച്ചിരിച്ചു. ‘ഇനിയും അഭിനയം മതിയാക്കാറായില്ലേ നിങ്ങൾക്ക്? കൈമൾ എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്. ഒന്നും മറച്ചുവയ്‌ക്കാതെ. ഈ നാലുകെട്ടിലുണ്ടായിരുന്ന ഗീതത്തമ്പുരാട്ടിക്കു വിവാഹം നിശ്ചയിച്ചുറപ്പിച്ചിരുന്നത് തൃപ്പൂണിത്തറ വലിയ കോവിലകത്തെ അനിയൻ തമ്പുരാനുമായിട്ട്. നാലുകെട്ടു കുളം കോരിയവരെ മുഴുവൻ ഒന്നൊഴിയാതെ തുടച്ചുനീക്കാൻ അനിയൻതമ്പുരാൻ ശത്രുഘ്‌നനായി അവതരിച്ചു.
ശത്രുഘ്‌നൻ ഉറക്കെച്ചിരിച്ചു.
’ആദ്യം കണ്ടപ്പോൾ രാമകൃഷ്‌ണകൈമൾ കരുതിയത് ഞാനൊരു പ്രേതമാണെന്ന്. പിന്നെ കണ്ടപ്പോൾ ഞാൻ തന്നെ അതു തിരുത്തിക്കൊടുത്തു. അന്നു ഞാനയാളുടെ മുന്നിൽ ഗോദവർമ്മത്തമ്പുരാന്റെ രണ്ടാം ജന്മമായി. പിന്നീട് എന്റെ മുഖം ഓർമ്മകളിലിട്ടു കടഞ്ഞത് കരിമഠം പെരുമാൾ. എനിക്ക് ഉണ്ണിത്തമ്പുരാന്റെ ഛായയുണ്ടെന്ന് അയാൾ കുറുപ്പിനോടും അച്ചുതൻകുട്ടിയോടുമൊക്കെപ്പറഞ്ഞു. പക്ഷേ അച്ചുതൻകുട്ടിക്ക് അവസാന നിമിഷങ്ങളിലും ഉറപ്പുണ്ടായിരുന്നു ഈ ശത്രുഘ്‌നൻ ഒരിക്കലും ഉണ്ണിത്തമ്പുരാനാവില്ല. ഇപ്പോൾ നിങ്ങൾ എനിക്കു മറ്റൊരു പേരു തന്നിരിക്കുന്നു. അനിയൻതമ്പുരാൻ. ഞാനാകെ കൺഫ്യൂഷനിലാണു മിസ്‌റ്റർ കമ്മീഷണർ. സത്യത്തിൽ ഞാനാരാണെന്ന് എനിക്കുമറിയില്ല.‘
രാജ്‌മോഹൻ ശത്രുഘ്‌നനെ നോക്കി ശബ്‌ദമുയർത്തിപ്പറഞ്ഞു. ’ഒളിച്ചു കളിക്കണ്ട. നിങ്ങൾ അനിയൻ തമ്പുരാനല്ലെന്നു പറയണ്ട. ഞാനറിഞ്ഞതൊന്നും തിരുത്താൻ ശ്രമിക്കണ്ട.‘
ശത്രുഘ്‌നൻ ഒരു നിമിഷം നിശ്‌ചലനായി നിന്നു. പിന്നെ മെല്ലെ പറഞ്ഞു. ’ഇല്ല. തിരുത്തുന്നില്ല. നിങ്ങൾക്ക് ഇഷ്‌ടമുള്ളതു വിശ്വസിക്കാം. ഏതു പേരു വേണമെങ്കിലും എന്നെ വിളിക്കാം. പക്ഷേ നിങ്ങൾക്കു വലിയൊരുതെറ്റു പറ്റിയിട്ടുണ്ട്. ഇനി ഒരിക്കലും തിരുത്താൻ കഴിയാത്ത തെറ്റ്. നിങ്ങൾ കൈമളെ അവിടെ ഉപേക്ഷിച്ചിട്ടും പോരരുതായിരുന്നു. അറസ്‌റ്റ് ചെയ്‌തു കസ്‌റ്റഡിയിൽ വയ്‌ക്കണമായിരുന്നു. എന്നാൽ എനിക്കെതിരേ മാത്രമല്ല തമ്പിക്കെതിരേയും ശബ്‌ദിക്കാൻ അയാൾ ബാക്കിയുണ്ടാവുമായിരുന്നു.
രാജ്‌മോഹൻ ചെറുതായൊന്നു നടുങ്ങി. ‘വാട്ട് ഡൂ യൂ മീൻ?’
അടക്കിച്ചിരിച്ചുകൊണ്ടു ശത്രുഘ്‌നൻ പറഞ്ഞു. ‘ഒരു ശവം കോടതിയിലെത്തി സാക്ഷി പറഞ്ഞതായി ഇന്നോളം ഞാൻ കേട്ടിട്ടില്ല. നമ്മൾ അവിടെയത്തുന്നതിനു മുൻപ് അയാൾ ബംഗ്ലാവിൽ നിന്നു മാത്രമല്ല ഈ ലോകത്തുനിന്നുതന്നെ പോയിക്കഴിഞ്ഞിരിക്കും.’
രാജ്‌മോഹൻ മുന്നോട്ടടുത്തു. ശത്രുഘ്‌നന്റെ ടീ ഷർട്ടിൽ കൂട്ടിപ്പിടിച്ച് അയാൾ ഗർജ്ജിച്ചു. ‘യു……….യു………..ബാസ്‌റ്റഡ് ’
ശത്രുഘ്‌നൻ ഷർട്ടിൽ നിന്നു മെല്ലെ രാജ്‌മോഹന്റെ കൈകൾ അടർത്തിയെടുത്തു.
‘നിങ്ങൾ അങ്ങനെ വിളിക്കേണ്ടത് എന്നെല്ല മിസ്‌റ്റർ കമ്മീഷണർ. ഇപ്പോഴും ജീവനോടെ ബാക്കിയുള്ള ജനാർദ്ദനൻ തമ്പിയെന്ന നൊട്ടോറിയസ് ക്രിമിനലിനെ. ഒരുപാടുകാലം കഴിഞ്ഞിട്ടാണെങ്കിലും ചത്തുപോയി ഭൂമിയുടെ ഭാരം കുറച്ചുതന്ന വി.ഐ.പി.കളെ അനന്തപുരിയെ ക്രൈം സിറ്റിയാക്കി മാറ്റിയ കരിമഠം പെരുമാളെ….’
രാജ്‌മോഹൻ മിണ്ടിയില്ല.
ശത്രുഘ്‌നൻ അയാളുടെ മുഖത്തുനിന്നും കണ്ണുകളെടുത്തു.
‘വർഷങ്ങൾക്കു മുൻപും ഇവിടെ നിയമമുണ്ടായിരുന്നു. കൊലയാളികൾക്ക് അന്നും കിട്ടാനിടയുള്ള ഏറ്റവും വലിയ ശിക്ഷ തൂക്കുകയർ തന്നെയായിരുന്നു. അന്നും ഇവിടെ കാക്കിയിട്ടവരുണ്ടായിരുന്നു. കറുത്ത കുപ്പായമിട്ടവരുണ്ടായിരുന്നു. പക്ഷേ കണ്ണുകെട്ടിയ നീതിയുടെ ദേവതയ്‌ക്കു കുറ്റവാളികളെ ഒന്നു നുള്ളിനോവിക്കാൻ പോലുമായില്ല. നാലുകെട്ടിൽ പിടഞ്ഞുതീർന്ന നിലവിളികളൊന്നും ഒരു കോടതിയും കേട്ടില്ല. നിയമത്തിന്റെ കാവൽക്കാർ തന്നെ നിയമം കൈയിലെടുത്തു.’
ശത്രുഘ്‌നൻ പല്ലുകൾ ഞെരിച്ചുകൊണ്ടു രാജ്‌മോഹനെ നോക്കി.
‘നിങ്ങൾ ആദ്യം വരേണ്ടിയിരുന്നത് ഇങ്ങോട്ടായിരുന്നില്ല. ക്‌ളീൻ ഹൗസിലേക്ക്. അവിടെയുള്ളതു വെറും ക്രിമിനലല്ല. സൂപ്പർ ക്രിമിനൽ.’
രാജ്‌മോഹൻ മെല്ലെ പറഞ്ഞു.
‘വിശ്വസിച്ചോളൂ ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. ആർക്കും ഞാൻ മാപ്പു കൊടുക്കില്ല. ഇനി എനിക്കു പോകാനുള്ള ക്ലീൻ ഹൗസിലേക്ക്.’
ശത്രുഘ്‌നൻ പൊട്ടിച്ചിരിച്ചു
‘അവിടെയെത്തിയാൽ നിങ്ങൾക്ക് അയാളെ സല്യൂട്ട് ചെയ്‌തു വടിപോലെ നിൽക്കേണ്ടിവരും. ചെലപ്പോൾ ഈ തൊപ്പിയും കുപ്പായവും ഒരിക്കൽകൂടി അയാളൂരി വാങ്ങും. എല്ലാ തെളിവുകളും തുടച്ചുനീക്കി ഇപ്പോൾ ജനാർദ്ദനൻ തമ്പി കാത്തിരിക്കുന്നത് നിങ്ങളെത്തന്നെയാണ്’
രാജ്‌മോഹൻ ഇമകൾ പോലുമനക്കാത്ത ശത്രുഘ്‌നനെ നോക്കി നിന്നു.
ശത്രുഘ്‌നൻ തുടർന്നു. ‘എന്നെ അറസ്‌റ്റ് ചെയ്‌താലും വിട്ടുപോയ ഒരു പാടു കണ്ണികൾ ബാക്കിയുണ്ടാവും. ഓരോ മരണത്തിലും ദുരൂഹതയുണ്ടാവും. ബേബിച്ചായന്റെ മരണം ഇപ്പോഴും നിങ്ങൾക്കൊക്കെ ആക്‌സിഡന്റാണ്. കുറുപ്പിന്റെ ശവംപോലും നിങ്ങളുടെ കേസ് ഡയറിയിൽ അനോണിമസ്സായി കിടക്കുന്നു. പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലും ഒന്നേ ഉണ്ടാവൂ. രക്തത്തിൽ പടർന്ന സൈനൈഡ്. ആ മാരകമായ വിഷം എങ്ങനെയാണു കുറുപ്പിന്റെ രക്തത്തിൽ കലർന്നതെന്നറിയണ്ടേ നിങ്ങൾക്ക്? ഒരു നീഡിലിലൂടെ. കുറുപ്പുപോലുമറിയാതെ. അപ്പോൾ ഉറമ്പുകടിക്കുന്നതുപോലെയേ അയാൾക്കു തോന്നിയിട്ടുണ്ടാവൂ.’
രാജ്‌മോഹൻ ഉറക്കെ ചോദിച്ചു. ‘നിങ്ങൾ എങ്ങനെയാണതു ചെയ്‌തത്? കനത്ത കാവലുണ്ടായിട്ടും നിങ്ങൾ…. നിങ്ങൾ എങ്ങനെയാണ് ബംഗ്ലാവിനുളളിൽ കടന്നത്?
അച്ചുതൻകുട്ടിയുടെ വീട്ടിൽ ആരുമറിയാതെ എങ്ങനെയാണ്…..?
’ഇനിയും ചോദിക്കാനുണ്ടല്ലോ. എങ്ങനെയാണു കോടതിയിൽ വച്ചു ഭാർഗവരാമനെ കൊന്നത്? എങ്ങനെയാണു ബേബിച്ചായന്റെ കാറിന്റെ ബ്രേക്കു കളഞ്ഞത്? എങ്ങനെയാണ് ഓരോരുത്തർക്കും റീത്തിന്റെ പടമുള്ള കുറ്റപത്രം കൊടുത്തത്? പറയാം മിസ്‌റ്റർ കമ്മീഷണർ. പക്ഷേ ഞെട്ടരുത്. ഞാൻ നുണ പറയില്ല….. നിങ്ങൾ വിചാരിക്കും പോലെ ഞാൻ ആരേയും കൊന്നിട്ടില്ല.‘
രാജ്‌മോഹൻ അമ്പരന്നുപോയി.
’ഓരോ കൊലയിലും എനിക്കാകെയുള്ള ചെറിയൊരു പങ്കുമാത്രം. എല്ലാവർക്കും ഡൈഡ്‌ലൈൻ കൊടുത്തതു ഞാനാണ്. യഥാർത്ഥ കൊലയാളി അതിനുവേണ്ടിയാണു കാത്തിരുന്നതും.‘
രാജ്‌മോഹൻ പതറിയ ശബ്‌ദത്തിൽ ചോദിച്ചു. ’യഥാർത്ഥ കൊലയാളിയോ? അത്…… അതാരാണ്?‘
’അവൻ എപ്പോഴും നിങ്ങളുടെ കൺമുന്നിൽതന്നെയുണ്ടായിരുന്നല്ലോ. നിഴൽപോലെ പിന്നാലെയുണ്ടായിരുന്നല്ലോ….
രാജ്‌മോഹന്റെ മുഖം വിളറി. കാലുകൾ ചെറുതായൊന്നിടറി. കൈയിലിരുന്ന വിലങ്ങുവിറച്ചു.
‘എല്ലാമറിയാമായിരുന്നിട്ടും ഞാനവനെ തടഞ്ഞില്ല. അവരൊക്കെ മരിച്ചു കാണാൻ കൊലയാളിയേക്കാൾ കൂടുതലാഗ്രഹിച്ചത് ഞാനാണ്. ഓരോ മരണവും ഉറപ്പുവരുത്താൻ ഞാനവന്റെ പിന്നാലെ തന്നെയുണ്ടായിരുന്നു. വഴിതെളിച്ചുകൊണ്ടുതന്നെ. കൊലയാളിക്ക് എല്ലാം ഞാൻ ഒരുക്കിക്കൊടുത്തു. തടസ്സങ്ങൾ നീക്കിക്കൊടുത്തു. ചാവാനുള്ളവരെ മുഴുവൻ കൊല്ലുന്നതു ഞാനാണെന്നു ബോധ്യപ്പെടുത്തിക്കൊടുത്തു.’
രാജ്‌മോഹൻ ഒരടി മുന്നോട്ടുവച്ചു.
‘പറയ്, ആരാ കൊലയാളി?’
ശത്രുഘ്‌നൻ മെല്ലെ ചിരിച്ചു.
‘പറയാം.’
ആ സമയം കൈമളുടെ ബംഗ്ലാവിൽ കാളിംഗ്‌ബെൽ അലറിവിളിച്ചു. കസേരയിൽ വിവശനായി ചാഞ്ഞുകിടന്നിരുന്ന കൈമൾ ഭീതിയോടെ തല ഉയർത്തി. തുറന്നുകിടന്നിരുന്ന ജനലിനുള്ളിലൂടെ കൈമൾ പുറത്തേക്കു നോക്കി. പുറത്ത് അസിസ്‌റ്റന്റ് കമ്മീഷണൽ ഇന്ദ്രപാലായിരുന്നു കൈമൾ ആശ്വസത്തോടെ എഴുന്നേറ്റ് വാതിലിനടുത്തേക്കു ചെന്നു ബോൾട്ടുനീക്കി.
വാതിൽ തള്ളിത്തുറന്ന് ഇന്ദ്രപാൽ അകത്തു കടന്നു.
കൈമൾ മെല്ലെ ചോദിച്ചു.
‘എന്താ ഇന്ദ്രാ? ശത്രുഘ്‌നനെ രാജ്‌മോഹൻ അറസ്‌റ്റ് ചെയ്‌തോ?’
ഒരക്ഷരംപോലും ശബ്‌ദിക്കാതെ ഇന്ദ്രപാൽ കാലുകൊണ്ടു വാതിൽ തള്ളിയടിച്ചു. കൈമൾ ആശങ്കയോടെ ഇന്ദ്രപാലിനെ നോക്കി.
‘എന്താ എന്തുപറ്റി? തമ്പിക്കെന്തെങ്കിലും…..’
ഇന്ദ്രപാൽ കൈമളെ ക്രൂരമായി നോക്കി.
‘അതിന് അദ്ദേഹത്തിനിനിയും ഡെഡ് ലൈൻ കിട്ടിയിട്ടില്ലല്ലോ കൈമൾ? മരണം ഇപ്പോഴുള്ളത് നിങ്ങളുടെ പിന്നിലല്ലേ?’
കൈമൾ പേടിയോടെ ഇന്ദ്രപാലിനെ ോനാക്കി.
‘എനിക്ക്….. എനിക്ക്….. മനസ്സിലായില്ല…… ശത്രുഘ്‌നനെ രാജ്‌മോഹൻ…..’
ഇന്ദ്രപാൽ കൈമളെ തടഞ്ഞുകൊണ്ടു പറഞ്ഞു. ‘അതിനു നിങ്ങളെ കൊല്ലുന്നതു ശത്രുഘ്‌നനാണെന്ന് ആരു പറഞ്ഞു? അയാൾ ഇതുവരെ ആരെയും കൊന്നിട്ടില്ലാ കൊല്ലുമെന്നു പറഞ്ഞിട്ടേയുള്ളൂ.
കൈമൾ അടിമുടി വിറച്ചു.
’പിന്നെ. പിന്നെ ആരാണതെല്ലാം ചെയ്‌തത്‘
ഇന്ദ്രപാൽ വീണ്ടും ക്രൂരമായി ചിരിച്ചു.
’ഞാൻ‘.
’നിങ്ങളോ?‘
കൈമൾ മെല്ലെ പിന്നോട്ടടിവച്ചു.
’നിങ്ങൾ……. നിങ്ങളെന്തിനാണ്……
ഇന്ദ്രപാലിന്റെ കണ്ണുകൾ തിളങ്ങി.
‘നിങ്ങളെന്തിനാണു രാജ്‌മോഹനോട് എല്ലാം തുറന്നുപറഞ്ഞത്? ഇപ്പോൾ നിങ്ങളെ ഞാൻ കൊല്ലാൻ പോകുന്നു. ആ തെറ്റിന്.
അയാം സോറി മിസ്‌റ്റർ കൈമൾ. നിങ്ങളുടെ വാക്കുകളെല്ലാം നിങ്ങളോടൊപ്പം ഈ ഭൂമിയിൽ നിന്നും മാഞ്ഞുപൊയ്‌ക്കോട്ടെ.’
ഇന്ദ്രപാൽ പോക്കറ്റിൽ നിന്നും ചെറിയൊരു നീഡിൽ പുറത്തെടുത്തു.
‘മറ്റുള്ള ശവങ്ങൾ പോലെ ഈ ശവവും ഇനി ശത്രുഘ്‌നനു മാത്രം അവകാശപ്പെട്ടത്.
കൈമൾക്കു നിലവിളിക്കാൻ പോലും സാവകാശം കിട്ടിയില്ല. അതിനു മുൻപ് നീഡിൽ കൈത്തണ്ടയിൽ ആഞ്ഞുവന്നുകൊണ്ടു. കൈമൾ ഒന്നു പുളഞ്ഞു. പിന്നെ പിടഞ്ഞു. അയാൾ അടിതെറ്റി കസേരയിലേക്കു ചായൂന്നതുനോക്കി ഇന്ദ്രപാൽ നിശ്‌ഛലം നിന്നു. കൈമളുടെ ചലനം നിലച്ചുവെന്ന് ഉറപ്പായപ്പോൾ അയാൾ പുറത്തു കടന്നു. ഗേറ്റിനു മുമ്പിൽ ജീപ്പുണ്ടായിരുന്നു. ഒന്നും സംഭവിക്കാത്തതുപോലെ അയാൾ ഡ്രൈവിംഗ് സീറ്റിലെത്തി. ജീപ്പ് ക്‌ളീൻ ഹൗസിനു നേരേ കുതിച്ചു. ക്‌ളീൻഹൗസിൽ തമ്പി ഉറങ്ങാതെ കാത്തിരിക്കുന്നുണ്ടായിരുന്നു. തമ്പിയുടെ മുന്നിലെത്തി ഇന്ദ്രപാൽ നിർവികാരനായി പറഞ്ഞു.
തമ്പി കസേരയിൽ നിന്നു ചാടിയെഴുന്നേറ്റ് ഇന്ദ്രപാലിനെ കെട്ടിപ്പടിച്ചു.
’ഈ നിമിഷം മുതൽ എന്റെ വലംകൈയാണു നീ. നാളത്തെ അനന്തപുരിയുടെ കമ്മീഷണറും. ഉയരങ്ങളിലേക്കു നിന്നെ ഇനിയും ഞാൻ കൊണ്ടുപോകും. എന്റെ മനസ്സാക്ഷിയുടെ താക്കോൽ ഇപ്പൊ നിന്റെ കൈയിലുണ്ട്. ആരുമറിയാതെ ഭദ്രമായി കാത്തുവയ്‌ക്കണം. ചോദിക്കുമ്പോൾ തിരിച്ചു തരണം.‘
ഇന്ദ്രപാൽ പുഞ്ചിരിച്ചു.
’സാറിന് എന്നെ വിശ്വസിക്കാം. ഒരു രഹസ്യവും ചോർന്നുപോവില്ല. സാറിനെതിരേ ഞാൻ ചെറുവിരലുപോലുമുയർത്തില്ല.
തമ്പി ഇന്ദ്രപാലിനെ ശരീരത്തിൽ നിന്നു മെല്ലെ അടർത്തിമാറ്റിക്കൊണ്ടു പറഞ്ഞു. ‘ആ നന്ദി എനിക്കെപ്പോാഴുമുണ്ടാവും ഇന്ദ്രാ. അധികാരം പോയാലും ജീവൻ തന്നെ നഷ്‌ടപ്പെട്ടാലും ഞാൻ ഒരിക്കലും നിന്നെ തള്ളിപ്പറയില്ല. പുലരാൻ ഇനിയും സമയമുണ്ട്. ക്വോർട്ടേഴ്‌സിൽ പോയി വിശ്രമിച്ചോളൂ.’
ജനാർദ്ദനൻ തമ്പി അലമാരി തുറന്ന് ഒരു പായ്‌ക്കറ്റ് പുറത്തെടുത്തു.
‘ഇത് ഒരു കുപ്പി ഷിവാസ് റീഗിളാണ്. രണ്ടുപെഗ് അകത്തു ചെന്നാൽ ടെൻഷൻ കുറയും. സുഖമായി ഉറക്കവും കിട്ടും. പൊയ്‌ക്കൊള്ളൂ.’
ഇന്ദ്രപാൽ പായ്‌ക്കറ്റുവാങ്ങി ജനാർദ്ദനൻ തമ്പിയെ സല്യൂട്ട് ചെയ്‌തു.
തമ്പി ചിരിച്ചു.
‘നമ്മൾ രണ്ടുപേരും മാത്രമുള്ളപ്പോൾ ഇങ്ങിനെയുള്ള ഗോഷ്‌ടികളൊന്നും വേണ്ടെന്നു നിന്നോടു പലപ്പോഴും പറഞ്ഞിട്ടുണ്ടു ഞാൻ. അതൊക്കെ മറ്റുള്ളവർ കാണുമ്പോൾ മാത്രം മതി.’
പായ്‌ക്കറ്റുമായി ഇന്ദ്രപാൽ ജീപ്പിനടുത്തേക്കു നടന്നു. സ്‌റ്റിയറിംഗ് വീലിനു പിന്നിലിരുന്ന് അയാൾ പുഞ്ചിരിച്ചു.
ഇനി അനന്തപുരിയുടെ ചലനം നിയന്ത്രിക്കുന്നത് രാജ്‌മോഹനല്ല, ഈ ഇന്ദ്രപാൽ.
തമ്പി തന്നിട്ടുളള മനസ്സാക്ഷിയുടെ താക്കോൽ ആർക്കും വിട്ടുകൊടുക്കില്ല. തമ്പിക്കുപോലും.
ജീപ്പ് സ്‌റ്റാർട്ടായി. പിന്നെ ക്വോർട്ടേഴ്‌സ് ലക്ഷ്യമാക്കി ഓടി. കാൽ മണിക്കൂർകൊണ്ട് ഇന്ദ്രപാൽ ക്വോർട്ടേഴ്‌സിലെത്തി. ജീപ്പ് പാർക്കു ചെയ്‌തിട്ട് അയാൾ മുറി തുന്ന് അകത്തുകടന്നു. സ്വിച്ചിൽ വിരലമർന്നു. മുറിയിൽ പ്രകാശം പരന്നു. യൂണിഫോം അഴിച്ചുമാറ്റുന്നതിനു മുൻപ് ഒരു ലാർജ്ജാവാം. അയാൾ ചെറിയൊരു മൂളിപ്പാട്ടുമായി പായ്‌ക്കറ്റ് തുറന്നു. പായ്‌ക്കറ്റിനുള്ളിൽ ഷിവാസ് റീഗിളിന്റെ തുറക്കാത്ത ഒരു കുപ്പിയുണ്ടായിരുന്നു. ഇന്ദ്രപാൽ അടപ്പുതിരിച്ചു കുപ്പി തുറന്നു. പിന്നെ ഫ്രിഡ്‌ജിൽ നിന്നും സോഡ പുറത്തെടുത്തു. കുപ്പിയിൽ നിന്നു ഗ്ലാസിലേക്കു മദ്യം പകർന്ന അയാൾ സോഡ തുറന്നു. ഗ്ലാസിൽ സോഡയൊഴിച്ചു നിവർന്നപ്പോൾ വാതിൽക്കലൊരു കാൽപ്പെരുമാറ്റം കേട്ടു. ഇന്ദ്രപാൽ തല ഉയർത്തി വാതിൽക്കൽ കത്തുന്ന കണ്ണുകളോടെ രാജ്‌മോഹൻ നിൽക്കുന്നുണ്ടായിരുന്നു. ഇന്ദ്രപാൽ ചെറുതായൊന്നു നടുങ്ങി. എങ്കിലും സമർഥമായി. ആ ഭാവം നിയന്ത്രിച്ചുകൊണ്ട് അയാൾ അറ്റൻഷനായി. വാതിൽ ചേർത്തടച്ച് രാജ്‌മോഹൻ ഇന്ദ്രപാലിന്റെ മുന്നിലേക്കു വന്നു. നാലു കണ്ണുകൾ കൊരുത്തുവലിച്ചു. രാജ്‌മോഹന്റെ കണ്ണുകളിൽ നിന്നും നോട്ടം തെറ്റിച്ച് അക്ഷോഭ്യനായി ഇന്ദ്രപാൽ ചോദിച്ചു.
‘എന്താ സാർ?’
ഉത്തരമായി കിട്ടിയത് മുഖമടച്ചുള്ള ഒരടിയായിരുന്നു. ഇന്ദ്രപാലിന്റെ കണ്ണുകളിൽ നിന്നു പൊന്നീച്ചകൾ പറന്നു. വീഴാതിരിക്കാനായി അയാൾ കസേരയിൽ അള്ളിപ്പിടിച്ചു. രാജ്‌മോഹൻ ആക്രോശിച്ചു.
‘കഴുവേറീടെ മോനെ, കാക്കിയുടെ തിളക്കത്തിൽ എന്തിനാ നീ മായം ചേർത്തത്? ആരു പറഞ്ഞിട്ട്?’
ഇന്ദ്രപാൽ മെല്ലെ മുഖമുയർത്തി. അയാളുടെ കണ്ണുകൾ ചുവന്നു. മുഷ്‌ടി ഞെരിഞ്ഞു.
പല്ലുകൾക്കിടയിൽ വാക്കുകളും.
‘അതു ചോദിക്കാൻ നിങ്ങളാരാ? ചോദിക്കേണ്ടവർ ചോദിക്കുമ്പോൾ വേണ്ടപോലെ ഞാൻ ഉത്തരം കൊടുത്തോളാം.’
രാജ്‌മോഹൻ ഗർജ്ജിച്ചു.
‘ചോദിക്കേണ്ട ആൾ തന്നെയാ ചോദിക്കുന്നത്. പറയടാ ഈ കാക്കി നീ ഏതു നായിന്റെ മോനാ വിറ്റത്?’
ഇന്ദ്രപാൽ ചീറി.
‘മിസ്‌റ്റർ കമ്മീഷണർ, ഇത്രയും നേരം ഞാൻ ക്ഷമിച്ചത് നിങ്ങളെന്റെ സീനിയർ ഓഫീസറായതുകൊണ്ട്. ഇനി എന്തെങ്കിലും ശബ്‌ദിച്ചാൽ എന്റെ ഷൂസിനടിയിൽ ഞെരിഞ്ഞമരുന്ന സിഗററ്റുകുറ്റിയുടെ വിലപോലും നിങ്ങൾക്കു കിട്ടില്ല. ക്‌ളിയറൗട്ട്.’
രാജ്‌മോഹന്റെ കൈത്തലം ഒരിക്കൽക്കൂടി ഇന്ദ്രപാലിന്റെ കവിളിലൊരു മിന്നൽ തീർത്തു. ഇന്ദ്രപാൽ അലറിക്കൊണ്ടു മുന്നോട്ടടുത്തു. അയാൾ രാജ്‌മോഹന്റെ ഷർട്ടിൽ കൂട്ടിപ്പിടിച്ചു.
‘പട്ടിക്കഴുവേറീടെ മോനേ, ഇനി എന്നെ തൊട്ടാൽ നിന്ന ഇവിടെത്തന്നെ കൊന്നിടും ഞാൻ. ഈ നിമിഷം മുതൽ നീ എനിക്ക് ഒരു പുല്ലുമല്ല.’
രാജ്‌മോഹന്റെ മടക്കിയ മുട്ടുകാൽ ഇന്ദ്രപാലിന്റെ അടിവയറ്റിനു നേരെ കുതിച്ചു. വല്ലാത്ത ഒരു നിലവിളിയോടെ ഇന്ദ്രപാൽ അടിവയർ പൊത്തിപ്പിടിച്ചു മുന്നോട്ടു കുനിഞ്ഞു.
‘ഞാൻ നിനക്ക് ഒരു പുല്ലുമല്ലെന്നു മനസ്സിലായി. ഇപ്പോൾ നീ എനിക്ക് അതിലും താഴെയാണ്. കാക്കിയെവ്യഭിചരിച്ചു ജീവിക്കുന്ന ഒരു തേഡ്‌റൈറ്റ് ക്രിമിനലാണു നീ. എന്നാലും ഞാൻ ക്ഷമിക്കുമായിരുന്നു. നിനക്കു മാപ്പു തരുമായിരുന്നു. പക്ഷേ കാക്കിയിട്ടുകൊണ്ടു കൊലചെയ്യുന്ന നിനക്ക് ക്രിമിനലുകളുടെ കൂട്ടത്തിലേ സ്‌ഥാനമുള്ളൂ. ക്രിമിനലുകൾപോലും അവരുടെ പ്രൊഫഷനോടു നീതി കാണിക്കും. പക്ഷേ നീ പോലീസ് എന്ന വാക്കിനെ മാത്രമല്ല ഒരു ഡിപ്പാർട്ട്‌മെന്റിനെ മുഴുവൻ അപമാനിച്ചു. കരിമഠം പെരുമാളും നീയും തമ്മിൽ ഒരു വ്യത്യാസവുമില്ല എനിക്ക്.
’പറയടാ, പറയടാ നായിന്റെ മോനേ ഇതൊക്കെ നീ ചെയ്യുന്നത് ആർക്കുവേണ്ടിയാണ്? ആരാ നിന്റെ പിന്നിലുള്ളത്? പറയില്ലെന്നു കരുതിയാലും പറയിപ്പിക്കും ഞാൻ. ചുണ്ടുകൾ പൂട്ടി മുദ്രവച്ചാലും നാവിനു കടും കെട്ടിട്ടാലും രക്ഷപ്പെടാൻ വിടില്ല ഞാൻ ബേബിച്ചായനെയും അച്ചുതൻകുട്ടിയെയും കുറുപ്പിനെയും കൈമളെയും വകവരുത്തിയത് നീയാണെന്ന് എനിക്കിപ്പോഴറിയാം അറിയാനുള്ളത് ഒന്നേഒന്ന്. ആരും പറഞ്ഞിട്ടാ നീ.
ഇന്ദ്രപാൽ മിണ്ടിയില്ല. ഭ്രാന്തുപിടിച്ചതുപോലെ രാജ്‌മോഹൻ മുന്നോട്ടടുത്തു. ക്രൂരമായി അയാൾ ഇന്ദ്രപാലിനെ തല്ലിചതച്ചു. ഇന്ദ്രപാലിന്റെ മൂക്കിൽനിന്നും വായിൽ നിന്നും ചോരയൊഴുകി. അപ്പോഴും രാജ്‌മോഹൻ ആക്രോശിച്ചു. ‘പറയ് പറയെടാ. ആരാ പിന്നിൽ?’.
ഇന്ദ്രപാൽ നിസ്സഹായനായി രാജ്‌മോഹനെ നോക്കി. തീ പാറുന്ന ആ കണ്ണുകളിൽ നിന്നും ഒരിക്കലും രക്ഷപ്പെടാനാവില്ലെന്ന് അയാൾക്കു മനസ്സിലായി അറിയാതെ നാവിൻ തുമ്പിൽ നിന്നു അക്ഷരങ്ങളൂർന്നു.
‘എല്ലാം……എല്ലാം……. ചെയ്‌തതു തമ്പിസാർ പറഞ്ഞിട്ട് കുറുപ്പിനെയും കൈമളേയും…. അച്ചുതൻകുട്ടിയേയും മാത്രമല്ല ഭാർഗവൻ സാറിനെയും….. ബേബിച്ചായനെയും….. ഞാൻ, ഞാൻ…. കൊന്നു….. ശത്രുഘ്‌നൻ….. രഹസ്യങ്ങളൊക്കെ….. മനസ്സിലാക്കാതിരിക്കാൻ….. കൂടെയുള്ളവരെ…. മുഴുവൻ….. കൊല്ലാൻ….. തമ്പിസാർ…… പറഞ്ഞു..’
രാജ്‌മോഹൻ കേട്ടതു വിശ്വസിക്കാനാവാതെ ഒരു നിമിഷം നടുങ്ങിനിന്നു. പിന്നെ എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ മേശപ്പുറത്തുനിന്നു താക്കോലെടുത്തു. പുറത്തുകടന്നു മുറിപൂട്ടി.
അവശനായ ഇന്ദ്രപാൽ മേശപ്പുറത്തിരുന്ന ഗ്ലാസെടുത്ത് അങ്ങനെതന്നെ വായിലേക്കു കമിഴ്‌ത്തി. അപ്പോൾ രാജ്‌മോഹന്റെ മാരുതി ക്ലീൻഹൗസ് ലക്ഷ്യമാക്കി കുതിക്കുകയായിരുന്നു.
Generated from archived content: ananthapuri20.html Author: nk_sasidharan
Click this button or press Ctrl+G to toggle between Malayalam and English