രാമകൃഷ്‌ണ കൈമളുടെ ബംഗ്ലാവിനു മുന്നിൽ ഒരു കോണ്ടസ ഒഴുകി വന്നു നിന്നു. ഡോർ തുറന്ന് അഡ്വക്കേറ്റ് നാരായണക്കുറുപ്പ് ഇറങ്ങി. ഖദർ മുണ്ടും ഷർട്ടുമാണു വേഷം. നെറ്റിയിൽ ഒരു ചന്ദനക്കുറി. തടിച്ച ഫ്രെയിമുള്ള കണ്ണടയ്‌ക്കുളളിൽ കണ്ണുകൾ പലവട്ടം പേടിയോടെ പിടഞ്ഞു. കണ്ണട ഊരി പോക്കറ്റിലിട്ട് തോളിലെ ഷാൾകൊണ്ട് മുഖം അമർത്തിത്തുടച്ചു നാരായണക്കുറുപ്പ് ഗേറ്റ് വലിച്ചു തുറന്നു. പിന്നിൽ ഒരു അംബാസഡറിന്റെ ശബ്ദം കേട്ടു. അയാൾ ചെറുതായൊന്നു നടുങ്ങി. അംബാസിഡർ കോണ്ടസയുടെ പിന്നിൽ വന്നുനിന്നു. ഡി.വൈ.എസ്.പി. അച്യൂതൻകുട്ടി കാറിൽ വന്നതെന്നറിഞ്ഞപ്പോൾ നാരായണക്കുറുപ്പ് മെല്ലെ നിശ്വസിച്ചു. അച്യുതൻകുട്ടി കാറിൽ നിന്നിറങ്ങി കുറുപ്പിന്റെ മുന്നിലെത്തി. അയാൾ മഫ്‌റ്റിയിലായിരുന്നു. നാരായണക്കുറുപ്പ് മെല്ലെ തിരക്കി.
“കൈമൾ വിളിച്ചിരുന്നു. അല്ലേ?” അച്യുതൻകുട്ടി തലയാട്ടി.
നേർത്ത ഇരുട്ടിലും അയാളുടെ കണ്ണുകളിലെ പേടിയുടെ തിളക്കം. നാരായണക്കുറുപ്പ് അറിഞ്ഞു.
അവർ അകത്തു കടന്നു.
കാർപോർച്ചിൽ ബേബിച്ചായന്റെ ബെൻസ്. നാട്ടിൽ അറിയപ്പെടുന്ന ഒരബ്‌ക്കാരി കോൺട്രാക്‌ടറാണു ബേബിച്ചായൻ, ഭരണകക്ഷിയായ സോഷ്യലിസ്‌റ്റ് പാർട്ടിയുടെ ഒരുഭ്യുദകാംഷിയും.
സിറ്റൗട്ടിനു നേരേ നീങ്ങുമ്പോൾ അച്യുതൻകുട്ടി പതിഞ്ഞ ശബ്‌ദത്തിൽ ചോദിച്ചു.
‘ഭാർഗ്ഗവൻ സാറ്’?
കുറുപ്പ് മെല്ലെ പറഞ്ഞു.
‘അയാളിപ്പോൾ ഡെല്ലിയിലാ.’
‘പി.എം.വിളിച്ചിട്ടു പോയതാ. പാർട്ടിയിലെ ഗ്രൂപ്പുവഴക്കുകളെക്കുറിച്ചു ചർച്ച ചെയ്യാൻ.’
സിറ്റൗട്ടിലെത്തി കാളിംഗ് ബെല്ലിൽ വിരലമർത്തിക്കൊണ്ട് അച്യുതൻകുട്ടി പറഞ്ഞു.
‘അരുതാത്തതെന്തോ സംഭവിച്ചിട്ടുണ്ട്. അല്ലെങ്കിൽ കൈകൾ നമ്മളെ എല്ലാവരേയും ഈ അസമയത്തു വിളിച്ചു വരുത്തില്ല’.
കുറുപ്പ് മെല്ലെ നിശ്വസിച്ചു.
‘ഫോണിലൂടെ അയാൾ അധികമൊന്നും പറഞ്ഞില്ല. പക്ഷേ, അയാളുടെ ശബ്ദം വല്ലാതെ വിറച്ചിരുന്നു.’
പെടുന്നനെ വാതിൽ തുറന്നു കൈമൾ പുറത്തുവന്നു. അയാളുടെ വിവശമായ മുഖത്തുനോക്കി നാരായണക്കുറപ്പു തിരക്കി.
‘എന്താ… എന്താ കൈമളേ?“
കൈമൾ മിണ്ടിയില്ല. അച്യുതൻകുട്ടിയും നാരായണക്കുറുപ്പും സ്വീകരണമുറിയിലേക്കു കടന്നു. അകത്തു കയ്യിൽ മദ്യഗ്ലാസുമായി ബേബിച്ചായനുണ്ടായിരുന്നു. കൈമൾ വാതിലടച്ച് ബോൾട്ടിട്ടു.
കുറുപ്പിന്റെ ക്ഷമ നശിച്ചു.
”എന്തായാലും ഒന്നു തുറന്നു പറയെന്റെ കൈമളേ… മനുഷ്യനെ ആധിപിടിപ്പിച്ചു കൊല്ലാതെ.“
അപ്പോഴും കൈമൾ ശബ്‌ദിച്ചില്ല.
അച്ചുതൻകുട്ടി രോഷത്തോടെ പറഞ്ഞു.
’നോക്ക്, പുലർച്ചെയ്‌ക്ക് ആ കടൽ കെഴവന്റെ കൂടെ എസ്‌കോർട്ടു പോകേണ്ടതാ എനിക്ക്. വൈകിയാൽ പുളിച്ച തെറികൊണ്ട് അയാൾ അഭിഷേകം ചെയ്യും. എത്രവട്ടം മുങ്ങിക്കുളിച്ചാലും നാറ്റം പോവത്തില്ല. മലയാള ഭാഷയിൽ നമ്മുടെ സീ എമ്മിന് ആകെ അറിയാവുന്നതു കുറെ തെറികളു മാത്രമാ. അറിയാമോ തനിക്ക്?
കുറുപ്പ് നേരിയ ചിരിയോടെ അച്യുതൻകുട്ടിയെ നോക്കി.
”പേടി കൂടിയാൽ ചിലരങ്ങനാ അച്യുതൻകുട്ടീ. നാക്കെടുത്താൽ തെറിയേ പറയൂ. മുൻപൊക്കെ രാഷ്‌ട്രീയക്കാരു ജയിലിൽ പോയിരുന്നതു സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടാ. ഇപ്പ സ്ഥികിയാകെ മാറിയില്ലേ?“
‘ഇന്നു ജയിലിൽ പോകുന്നതു ഹവാലവും യൂറിയയും പഞ്ചസാരയുമൊക്കെ കട്ടുതിന്നിട്ട്. അധികം താമസിയാതെ പല മുൻമന്ത്രിമാരുടേയും അഡ്രസ് കെയറോഫ് തീഹാർ ജയിൽ എന്നെഴുതേണ്ടിവരുമെന്ന് അയാള് പേടിക്കണുണ്ടാവും. വിട്ടുകള അച്യുതൻകുട്ടീ……’
ബേബിച്ചായൻ കസേരയിൽ നിന്നെഴുന്നേറ്റു.
‘തമാശ പറഞ്ഞു രസിക്കാനല്ല വക്കീലേ ഇപ്പൊ നമ്മളൊക്കെ ഇങ്ങോട്ടു വന്നത്..’
കുറുപ്പ് മുഖമുയർത്തി ബേബിച്ചായനെ നോക്കി.
ബേബിച്ചായൻ പറഞ്ഞു.
‘പറഞ്ഞുകൊടുക്കു കൈമളേ.’
കൈമൾ അടക്കിയ ശബ്ദത്തിൽ പറഞ്ഞു.
‘എന്റെ ആ പഴയ നാലുകെട്ടുവാങ്ങാൻ ഒരാൾ ഇവിടെ വന്നിരുന്നു. കുറുപ്പേ….’
‘നല്ല വില കിട്ടുകയാണെങ്കിൽ തനിക്കതങ്ങു കൊടുത്തുകൂടെ?
ഞങ്ങളോടെന്തിനാ അഭിപ്രായം ചോദിക്കുന്നേ?
കൈമൾ വിവശനായി പറഞ്ഞു.
’അവന്…… അവന്….. ആ നാലുകെട്ടു മാത്രമല്ല…. പഴയതെല്ലാം അതുപോലെ വേണം വലംപിരിശംഖും പുലിനഖമാലയും വേണം.
‘ങേ’
കുറുപ്പ് അറിയാതെ ഒരടി പിന്നോട്ടു വച്ചു. അച്യുതൻകുട്ടി ടീപ്പോയിൽ നിന്നും മദ്യക്കുപ്പി കടന്നെടുത്ത് അങ്ങനെ തന്നെ വായിലേക്കു കമഴ്‌ത്തി.
കൈമൾ തുടർന്നു.
ഗോദവർമ്മത്തമ്പുരാനെ ആരാണു കൊന്നതെന്ന് അവൻ ചോദിച്ചു.
‘എന്റെ മനസ്സീന്ന് അരുതാത്തതൊക്കെ കൊത്തി പുറത്തിട്ടു. മറന്നിരുന്ന പേരുകളൊക്കെ….. കൈമളുടെ ശബ്‌ദം ഇടറി.
പേരുകളൊക്കെ….അറിയാതെ…. അറിയാതെ.. ഞാൻ …. പറഞ്ഞു പോയി….’
അച്യുതൻകുട്ടി കുപ്പി ടീപ്പോയിൽ വച്ചു.
‘എല്ലാം അറിയാവുന്നത് ആകെ ഏഴു പേർക്ക്…. എട്ടാമതൊരാൾ ശേഷിച്ചിട്ടില്ല…… പിന്നെങ്ങനെ ?..’
ബേബിച്ചായൻ എഴുന്നേറ്റു.
‘വർഷങ്ങൾക്കു പിന്നിൽ നമുക്കൊരു കൈപ്പിഴ പറ്റിയിട്ടുണ്ടാവണം. ഒരു കണ്ണി വിട്ടുപോയിട്ടുണ്ടാവണം’
കുറുപ്പ് ഭീതിയോടെ തിരക്കി.
‘അവന്റെ…. അവന്റെ പേരെന്താണെന്നാ പറഞ്ഞത്?
കൈമൾ പറഞ്ഞു.
ശത്രുഘ്‌നൻ’
കുറുപ്പ് ഒരു നിമിഷം കണ്ണടച്ചുനിന്നു. അയാൾ ആ പേരു മനസ്സിൽ പലവട്ടം ഉരുവിട്ടു.
‘ശത്രുഘ്‌നൻ….ശത്രുഘ്‌നൻ….’
ആരുമൊന്നും മിണ്ടിയില്ല.
അസുഖകരമായ നിശബ്ദത മുറിയിൽ പടർന്നു. നിമിഷങ്ങൾക്കുശേഷം കുറുപ്പ് കണ്ണുതുറന്നു.
‘ഇല്ല…. ഇല്ല കൈമളേ…. ഓർമ്മയിലൊന്നും അതുപോലൊരു പേരില്ല.”
’മുൻപോ പിൻപോ കേട്ടിട്ടില്ല.‘
ബേബിച്ചായൻ കുറുപ്പിനെ തറച്ചുനോക്കി.
പിന്നെ ആ വലംപിരിശംഖിനെക്കുറിച്ചും പുലിനഖമാലയെക്കുറിച്ചും അവനെങ്ങനെയറിഞ്ഞു കുറുപ്പേ? ആരാണവന് എല്ലാം പറഞ്ഞു കൊടുത്തത്? നാലുകെട്ടിൽ അലഞ്ഞു തിരിയുന്ന പ്രേതാത്‌മാക്കളോ?’
ആരും ശബ്‌ദിച്ചില്ല. ഒന്നനങ്ങിയതുപോലുമില്ല.
ബേബിച്ചായൻ തുടർന്നു.
‘എനിക്കുറപ്പുണ്ട്. അതവന്റെ ശരിയായ പേരല്ല ആരോ നമ്മുടെ പിന്നിലുണ്ട്. ഇനി അതെപ്പോഴും ഓർമ്മ വേണം. ഉറക്കത്തിൽപോലും അറിയാതെ ഒരക്ഷരം നാവിൻ തുമ്പീന്ന് ഊർന്നു വീണുകൂടാ…………
കുറുപ്പ് ബേബിച്ചായനെ നോക്കി.
ഒരു പക്ഷേ, ഈ ശത്രുഘ്‌നൻ ഒന്നുമറിഞ്ഞിട്ടുണ്ടാവില്ല. വെറുതെ ഊഹിച്ച് ഓരോന്നു പറയുന്നതാവണം.
ബേബിച്ചായൻ മെല്ലെ തിരിഞ്ഞു.
’വലംപിരിശംഖിനെക്കുറിച്ചും പുലിനഖമാലയെക്കുറിച്ചും അങ്ങനെ ആർക്കും ഊഹിച്ചും പറയാനാവില്ല കുറുപ്പേ……‘
’അതിനെക്കുറിച്ചറിയാവുന്നതു കോവിലകത്തുണ്ടായിരുന്നവർക്കും പിന്നെ നമ്മളേഴുപേർക്കും….“
അച്യുതൻകുട്ടി ശബ്‌ദമുയർത്തി തിരക്കി.
‘അതിനു കോവിലകത്തുള്ളവരാരും……….’
‘അരുത്’
ബേബിച്ചായന്റെ ഗർജ്ജനം അച്യുതൻകുട്ടിയുടെ ശബ്‌ദം മുറിച്ചു.
‘ചുവരുകൾക്കു മാത്രമല്ല പുറത്തെ ഓരോ മൺതരിക്കും കാതുകളുണ്ട്. ഈ നിമിഷം മുതൽ കഴിഞ്ഞതൊന്നും നമ്മളാരുമോർത്ത് കൂടാ……’
‘തെളിച്ചുപറയാം. അതൊക്കെ കണ്ടു മറന്ന ഒരു സ്വപ്‌നം.’
കൈമൾ നിസ്സഹായനായി ചോദിച്ചു.
‘ഞാനെന്തു ചെയ്യണം ബേബിച്ചായാ? ആ നാലുകെട്ട് അവനു വിൽക്കണോ? ഇനിയൊരിക്കൽക്കൂടി പുലിനഖമാലയെക്കുറിച്ചും വലംപിരിശംഖിനെക്കുറിച്ചും ചോദിക്കുമ്പോൾ…… വയ്യ ബേബിച്ചായാ, അവനെ ഒരിക്കൽക്കൂടി നേരിടാൻ എനിക്കു വയ്യ’.
ബേബിച്ചായൻ മുന്നോട്ടുവന്നു കൈമളുടെ തോളിൽ തൊട്ടു
വിൽക്കണം കൈമളേ…. പറഞ്ഞ തുക മുഴുവൻ എണ്ണി വാങ്ങണം.
നാളെയോ മറ്റന്നാളോ ഭാർഗ്ഗവൻ വരും ബാക്കിയെല്ലാം അയാളു വന്നിട്ടു തീരുമാനിക്കാം.
അറിയട്ടെ. നമ്മളെ വർഷങ്ങൾക്കു പിന്നിലേക്കു കൂട്ടിക്കൊണ്ടു പോകാനാണ് അവൻ വന്നിട്ടുള്ളതെങ്കിൽ……‘ ബേബിച്ചായൻ പല്ലുകൾ ഞെരിച്ചു.
പേടിക്കേണ്ടടോ………..
ഞങ്ങളെല്ലാം കൂടെയുണ്ട്. തൊട്ടുപിന്നിൽത്തന്നെയുണ്ട്. അവന്റെ ആത്മാവും മോക്ഷം കിട്ടാതെ ആ നാലുകെട്ടിൽ തന്നെ അലഞ്ഞുതിരിഞ്ഞോട്ടെ കൈമളേ. ’
ബേബിച്ചായൻ മദ്യക്കുപ്പിയെടുത്തു.
‘പേടിക്കണ്ട. ഇതു ഞാനുണ്ടാക്കിയതല്ല. ഒരു കുഴപ്പവും വരില്ല. നമുക്കു രണ്ടു ലാർജടിച്ചു പിരിയാം. തൽക്കാലം ആ കഴുവേറീടെ മോനെ നമുക്ക് മറക്കാം കൈമളേ…….’
ആ സമയം സിറ്റി പോലീസ് കമ്മീഷണർ രാജ്‌മോഹന്റെ വീട്ടിൽ ടെലിഫോൺ ശബ്‌ദിച്ചു. പാതിമയക്കത്തിലായിരുന്ന രാജ്‌മോഹൻ പിടഞ്ഞുണർന്നു റിസീവറെടുത്തു. തികഞ്ഞ ശാന്തതയോടെ അയാൾ പറഞ്ഞു.
‘കമ്മീഷണർ ഹിയർ’
അങ്ങേത്തലയ്‌ക്കൽ നിന്നു മൂർച്ചയുള്ള ഒരു ശബ്‌ദം വന്നു.
‘മിസ്‌റ്റർ കമ്മീഷണർ നിങ്ങക്കിതാ വളരെ വിലപിടിച്ച ഒരിൻഫർമേഷൻ, പന്നിമലയിൽനിന്നും വാറ്റിയെടുത്ത ചാരായവുമായി കരിമഠം പെരുമാളുടെ രണ്ടു ടാങ്കർ ലോറി ഒരു മണിക്കൂറിനുള്ളിൽ ബാർട്ടൻഹിൽ കോളനിയിലെത്തും.’
രാജ്‌മോഹന്റെ ശബ്‌ദമുയർന്നു.
‘ഹലോ…. നിങ്ങളാരാണ് സംസാരിക്കുന്നത്?
’അയാം സോറി മിസ്‌റ്റർ രാജ്‌മോഹൻ. അത് ഈ ഇൻഫർമേഷന്റെ ഭാഗമല്ല. വേണമെങ്കിൽ നിങ്ങളെന്നെ ‘എക്‌സ്’ എന്നു വിളിച്ചോളൂ.
‘ഇഡിയറ്റ്. പാതിരായ്‌ക്ക് വിളിച്ചുണർത്തി പരിഹസിക്കുന്നോ?’
‘എന്താ പെരുമാൾ എന്ന പേരു കേട്ടപ്പോൾ ബീ.പി.കൂടിയോ? അതോ അയാളെ തൊട്ടുകളിച്ചാൽ മുഖ്യമന്ത്രി ജനാർദ്ദനൻ തമ്പി തൊപ്പിയൂരി വാങ്ങുമെന്ന പേടിയുണ്ടോ?’
‘നിങ്ങളാരാണു മിസ്‌റ്റർ?’
അങ്ങേത്തലയ്‌ക്കൽ റീസീവർ ക്രാഡിലിൽ വീണു. ഒരു നിമിഷം നിശ്‌ചലനായി നിന്നിട്ടു രാജ്‌മോഹൻ റീസിവർ ക്രാഡിലിട്ടു. മെല്ലെ തിരിഞ്ഞപ്പോൾ കിടക്കയിൽ ഉണർന്നു കിടക്കുന്ന അർച്ചന. അവൾ ആശങ്കയോടെ തിരക്കി.
‘ആരാ മോഹൻ?’
‘അനോണിമസ് കാൾ പക്ഷേ, അയാൾ എനിക്കൊരു ഇൻഫർമേഷൻ തന്നു’
‘ഡെയിഞ്ചറസ് വൺ.’
അർച്ചന രാജ്‌മോഹന്റെ മുഖത്തുനിന്നും കണ്ണെടുത്തില്ല.
രാജ്‌മോഹൻ ശാന്തതയോടെ പറഞ്ഞു.
‘വീട് ഡെക്കറേറ്റു ചെയ്യാൻ വരട്ടെ. കാലത്തു ലോറി വരുമ്പോൾ ഫർണിച്ചറും ഇറക്കേണ്ടന്നു പറഞ്ഞേക്ക്.’
അർച്ചന അത്‌ഭുതത്തോടെ രാജ്‌മോഹനെ നോക്കി.
‘ഈ രാത്രി ഞാൻ നുള്ളി നോവിക്കാൻ പോകുന്നത് സിറ്റിയുടെ സ്‌പന്ദനം നിയന്ത്രിക്കുന്ന ഒരധോലോക നായകനെ. കരിമഠം പെരുമാളെ. അയാളെ പിണക്കിയിട്ട് ഇന്നോളം ഒരു സർക്കാരും കാലാവധി പൂർത്തിയാക്കിയിട്ടില്ല. അവർക്കു ഒന്നേ ചെയ്യാനുണ്ടാവൂ. ഫോണിലൂടെ ഒരോർഡർ. പുലരുമ്പോൾ രാജ്‌മോഹൻ സിറ്റി പോലീസ് കമ്മീഷണറായിരിക്കില്ല.’
അർച്ചന എഴുന്നേറ്റു. അവൾ ദൈന്യതയോടെ രാജ്‌മോഹനെ നോക്കി.
‘എനിക്കും പോടിയാവുന്നു മോഹൻ. ഇന്നോളം ആരും ചെയ്യാൻ ധൈര്യപ്പെടാത്തതൊന്നും മോഹൻ ചെയ്യേണ്ട. ഈ രാത്രി എങ്ങോട്ടും പോകണ്ട. പ്ലീസ്.’
രാജ്‌മോഹൻ മെല്ലെ പുഞ്ചിരിച്ചു.
‘അയാം സോറി അർച്ചനേ, റിയലി സോറി. നിനക്കെന്നെ അറിയാല്ലോ. സമാധാനത്തോടെ കിടന്നുറങ്ങാൻ നോക്ക്.’
രാജ്‌മോഹൻ റീസീവറെടുത്ത് ഒരു നമ്പർ ഡയൽ ചെയ്‌തു. അങ്ങേത്തലയ്‌ക്കൽ ബെൽ മുഴങ്ങി, റീസീവർ കാതിൽ ചേർത്തുവച്ച് രാജ്‌മോഹൻ കാത്തു. അങ്ങേത്തലയ്‌ക്കൽ നിന്നും കൂർത്ത ഒരു ശബ്‌ദം വന്നു.
‘ഡിവൈ.എസ്.പി. ഹരീന്ദ്രൻ ഹിയർ.’
‘ഹരീ, ഇതു ഞാനാ. കമ്മീഷണർ രാജ്‌മോഹൻ.’
‘സർ’
‘അല്‌പം മുമ്പു എനിക്ക് ഒരിൻഫർമേഷൻ കിട്ടി. പെരുമാളുടെ വാറ്റുചാരായം നിറച്ച ടാങ്കർ ലോറി ബാർട്ടൻ ഹില്ലിലെത്തുമെന്ന്. ബാർട്ടൻ ഹില്ലു മാത്രമല്ല സിറ്റിയിലെ മുഴുവൻ ചേരികളും ഈ രാത്രി നമുക്കു റെയ്‌ഡു ചെയ്യണം.
’ഒരു കാരണവശാലും ഈ ന്യൂസ് ലീക്കു ചെയ്യരുത്‘.
’സർ‘
’ഞാൻ ബാർട്ടർ ഹില്ലിലേയ്‌ക്കു പുറപ്പെടുകയാണ്. മൊബൈൽ സ്‌ക്വാഡിനേം കൂട്ടി നിങ്ങൾ അവിടെയെത്തണം.‘
പെട്ടെന്നു കിട്ടാവുന്ന ഫോഴ്‌സിനേയും കൂട്ടി സർക്കിൾ ഇൻസ്‌പെക്‌ടർ രാജേന്ദ്രനും സബ് ഇൻസ്‌പെക്‌ടർ ജോസ് മാത്യുവും ബാക്കിയുള്ള ചേരികൾ റെയ്‌ഡ് ചെയ്യട്ടെ’.
‘സാർ’
‘എന്നാൽ വൈകണ്ട. ക്വിക്ക്
ബാർട്ടൻ ഹിൽ ഉറങ്ങുകയായിരുന്നു. സ്‌ട്രീറ്റ് ലൈറ്റുകൾ കത്തിനിന്നിരുന്നെങ്കിലും ഇരുട്ട് പൂർണ്ണമായും അകന്നുമാറിയിരുന്നില്ല. റോഡരികിലായി ആരുടേയും ശ്രദ്ധയിൽ പെടാതെ ഒരു പോലീസ്‌വാൻ കിടന്നിരുന്നു. അതിനുള്ളിൽ മഫ്‌റ്റിയിലുള്ള സായുധരായ പോലീസ് സംഘം വയർലസിലൂടെ ഒഴുകിവരാനിടയുള്ള സന്ദേശത്തിനു കാതോർത്തു കാത്തു നിന്നിരുന്നു. തെല്ലു മാറിയാണു ഡിവൈ.എസ്.പി. ഹരീന്ദ്രനും സംഘവും നിന്നിരുന്നത്. എല്ലാവരും ഒരേ മനസോടെ കാതോർത്തുനിന്നിരുന്നതു ദൂരെനിന്ന് ഇരമ്പിയെത്താനിടയുള്ള രണ്ടു ടാങ്കറിനു വേണ്ടി. കനത്ത നിശ്ശബ്‌ദത പിളർന്നുകൊണ്ട് ഇടയ്‌ക്കിടക്ക് ഓരോ വാഹനങ്ങൾ ചീറിവന്നു. ഹെഡ് ലൈറ്റിന്റെ കടുത്തപ്രകാശം പലവട്ടം വാനിനേയും ജീപ്പിനേയും തൊട്ടുഴിഞ്ഞു കടന്നുപോയി.
കാറിന്റെ ബോണറ്റിൽ അലസമായി ചാരിനിന്നിരുന്ന കമ്മീഷണർ രാജ്‌മോഹൻ അസ്വസ്‌ഥനായി വാച്ചിൽ നോക്കി. മണി ഒന്ന്, തനിക്കു കിട്ടിയതു തെറ്റായ ഒരിൻഫർമേഷനായിരുന്നോ?
പോലീസിനെ വിഡ്‌ഢിവേഷം കെട്ടിക്കാൻ ആരോ കളിച്ച കളിയായിരിക്കുമോ ആ ഫോൺ കാൾ?
പൊടുന്നനെ അയാളുടെ കണ്ണുകൾ വിടർന്നു. രാജ്‌മോഹൻ റിവോൾവർ മുന്നോട്ടു നീട്ടിപ്പിടിച്ചു. ഇപ്പോൾ കേൾക്കുന്ന ശബ്‌ദം ടാങ്കർ ലോറിയുടെതന്നെ. ദൂരെ രണ്ടു പ്രകാശവൃത്തങ്ങൾ. അയാൾ കൈയിലിരുന്ന സിഗററ്റ് ലൈറ്റർ രണ്ടുവട്ടം കൊളുത്തി അണച്ചു. ഒരു സിഗ്‌നൽ പോലെ. വാനിൽനിന്നും പോലീസ് സംഘം ചാടിയിറങ്ങി. ഹരീന്ദ്രൻ തയ്യാറെടുത്തു. ദൂരെനിന്ന് അലറിക്കൊണ്ട് രണ്ടു തീക്കണ്ണുകൾ പാഞ്ഞടുക്കുന്നത് അയാളും കണ്ടു കഴിഞ്ഞിരുന്നു.
ടാങ്കർ തൊട്ടടുത്തെത്തിക്കഴിഞ്ഞിരുന്നു. റിവോൾവർ മുന്നോട്ടു നീട്ടി രാജ്‌മോഹൻ ഗർജ്ജിച്ചു.
’ഹാൾട്ട്.‘
ടാങ്കറിന്റെ ഡ്രൈവർ വളരെ മുമ്പുതന്നെ അപകടം മുൻകൂട്ടി കണ്ടു കഴിഞ്ഞിരുന്നു. അയാളുടെ കാൽ അക്‌സിലേറ്ററിൽ ആഞ്ഞമർന്നു. ടാങ്കർ ഒരു ചാട്ടുളിപോലെ മുന്നോട്ടു പറന്നു. രാജ്‌മോഹൻ കാറിനുള്ളിലേക്കു കുതിച്ചു. ഹരീന്ദ്രൻ ജീപ്പിനുള്ളിലേയ്‌ക്കും. ടാങ്കറിന്റെ പിന്നാലെ കാറും ജീപ്പും തൊട്ടുതൊട്ടില്ല എന്ന മട്ടിൽ നീങ്ങി. രാജ്‌മോഹൻ ടാങ്കറിന്റെ ചക്രങ്ങൾക്കു നേരെ റിവോൾവർ നീട്ടി. എതിരേ വന്നിരുന്ന ഒരു മാരുതിക്കാറിനെ ഇടിച്ചു തെറിപ്പിച്ചു ടാങ്കർ നീങ്ങി രാജ്‌മോഹൻ ആക്‌സിലേറ്റർ ഞെരിച്ചു. ഒപ്പം റിവോൾവറും ശബ്‌ദിച്ചു ഒരു ബുള്ളറ്റ് ടാങ്കറിനെ ഉരസി കടന്നുപോയി. വീണ്ടും റിവോൾവർ ശബ്‌ദിച്ചു. രണ്ടുവട്ടം. ടാങ്കറിന്റെ പിന്നിലെ ടയർ തുളഞ്ഞു. രാജ്‌മോഹൻ സ്‌റ്റിയറിംഗ് വെട്ടിത്തിരിച്ചു. കാർ ടാങ്കറിലുരഞ്ഞു മുന്നോട്ടു നീങ്ങി. വീണ്ടും റിവോൾവർ ശബ്‌ദിച്ചു. ടാങ്കറിന്റെ മുന്നിലെ ചക്രവും തുളഞ്ഞു. ഒരു മുരൾച്ചയോടെ ടാങ്കർ ഇടത്തോട്ടു ചെരിഞ്ഞു വേഗത കുറഞ്ഞു മുന്നോട്ടുനീങ്ങി. രാജ്‌മോഹൻ ടാങ്കറിന്റെ മുന്നിലെത്തി കാർ ഇടത്തോട്ടു വെട്ടിച്ചു. വീണ്ടും റിവോൾവർ ശബ്‌ദിച്ചു. ടാങ്കറിന്റെ ഫ്രണ്ട് ഗ്ലാസ് ചിതറിത്തെറിച്ചു. ടാങ്കർ നിന്നു. കാറും. കാറിന്റെ ഡോർ തുറന്നു രാജ്‌മോഹൻ ഒരു കൊടുങ്കാറ്റുപോലെ പുറത്തേയ്‌ക്കു വന്നു. ടാങ്കറിന്റെ മുന്നിലെത്തി ഡ്രൈവറുടെ നേരെ റിവോൾവർ നീട്ടിപ്പിടിച്ച് ഇടിവെട്ടുന്നതുപോലെ അയാൾ ഗർജ്ജിച്ചു.
’ഡോണ്ട് മൂവ്‘.
പോലീസ് വാൻ ടാങ്കറിന്റെ പിന്നിലെത്തിക്കഴിഞ്ഞിരുന്നു. ഡോർ തുറന്നു സായുധരായ പോലിസ് സഘം മുന്നോട്ടു വന്നു. ഡി.വൈ.എസ്.പി. ഹരീന്ദ്രൻ ടാങ്കറിനോടടുത്തു. അയാൾ ഡോർ തുറന്നു ഡ്രൈവറെ വലിച്ചു റോഡിലേയ്‌ക്കിട്ടു.
രാജ്‌മോഹൻ അയാളെ പൊക്കിയെടുത്തു മേലേയ്‌ക്കുയർത്തി.
കത്തുന്ന ശബ്‌ദത്തിൽ അയാൾ ചോദിച്ചു.
’എന്താടാ നിന്റെ പേര്?
ഡ്രൈവർ അലക്ഷ്യമായി ഒന്നു ചിരിച്ചു. പിന്നെ തികഞ്ഞ ശാന്തതയോടെ പറഞ്ഞു.
‘പ്രഭു’
രാജ്‌മോഹൻ ഹരീന്ദ്രനെ നോക്കി.
അയാളുടെ ശബ്‌ദമുയർന്നു.
അറസ്‌റ്റ് ഹിം.‘
* * *
നിലവിളക്കിൽ നിറതിരികൾ പലവട്ടം തുള്ളിക്കളിച്ചു. ഇരുട്ടും വെളിച്ചവും പരസ്‌പരം പുണർന്നു. നിഴലുകൾ പിടഞ്ഞു. നിറഞ്ഞ നിശ്ശബ്‌ദത പിളർന്ന് ആട്ടുകട്ടിൽ ഞരങ്ങി. പുകച്ചുരുളുകൾ വലയങ്ങളായി പറന്നുപൊങ്ങി. പൊടുന്നനെ പുറത്തെ കാഞ്ഞിരമരത്തിൽ ഒരു കൂട്ടം പക്ഷികൾ ചിറകടിച്ചു. വൃക്ഷത്തലപ്പുകൾ ഇളകി. നാലുകെട്ടു നടുങ്ങി. അനന്തൻ പേടിയോടെ കണ്ണുകളടച്ചു.
ആട്ടുകട്ടിലിലിരുന്നു ശത്രുഘ്‌നൻ മെല്ലെ ചരിച്ചു. സിഗററ്റ് ഒരിക്കൽ കൂടി ആഞ്ഞുവലിച്ച് അയാൾ വിളിച്ചു.
’അനന്താ‘
അനന്തൻ ഉൾക്കിടിലത്തോടെ കണ്ണു തുറന്നു. ക്രൂരമായ ചിരിയോടെ ശത്രുഘ്‌നൻ പറഞ്ഞു.
’പകയുടെ തീക്കാറ്റിൽ ചോരമണത്തു തുടങ്ങി. പോലീസ് കമ്മീഷണൽ രാജ്‌മോഹന്റെ മനസ്സിലേക്കു നമ്മളിട്ടുകൊടുത്ത തീപ്പൊരി ആളിത്തുടങ്ങി. ചേരികൾ ഉണർന്നു കഴിഞ്ഞു. ഇനി ഉണരാനുള്ളത് ഒരേ ഒരാൾ. കത്തിനിൽക്കുന്ന തീക്കട്ട കരിമഠം പെരുമാൾ.‘
നിലവിളക്കിലെ നിറതിരികളുടെ തിളക്കം ശത്രുഘ്‌നന്റെ കണ്ണുകളിലേക്കു പടരുന്നതു ഭീതിയോടെ അനന്തൻ കണ്ടു.
Generated from archived content: ananthapuri2.html Author: nk_sasidharan
Click this button or press Ctrl+G to toggle between Malayalam and English