ഫോണെടുത്തയാൾ റിസീവർ ക്രാഡിലിൽ വയ്‌ക്കാതെ സ്‌റ്റാഡിൽ വച്ചു. കൈമൾ പേടിയോടെ പുറത്തേക്കു തുറിച്ചു നോക്കി അനക്കമറ്റു നിന്നു. ജനലിനടുത്ത് ഒരു രൂപം തെളിഞ്ഞു. കൈമൾ ഉൾക്കിടിലത്തോടെ കണ്ടു.
‘രാജ്‌മോഹൻ.’
ജനലഴികളിൽ മുഖം ചേർത്തുവച്ച് രാജ്‌മോഹൻ പറഞ്ഞു.
‘വാതിൽ തുറക്ക്’.
കൈമൾ വാതിലിനടുത്തെത്തി ബോൾട്ടുനീക്കി. രാജ്‌മോഹൻ വാതിൽ തള്ളിത്തുറന്നു. കൈമൾ ദീനതയോടെ രാജ്‌മോഹനെ നോക്കി. രാജ്‌മോഹൻ അയാളെ ശ്രദ്ധിക്കാതെ അകത്തുകടന്ന് വാതിലിന്റെ ബോൾട്ടിട്ടു.
കൈമൾ വിവശനായി കസേരയിലേക്കു വീണു. കൈമളുടെ മുഖത്തേക്കു തറച്ചുനോക്കി രാജ്‌മോഹൻ പറഞ്ഞു.
‘ചാവാൻ പോകുന്നവർക്ക് അവസാനമായി ചിലതൊക്കെ മോഹിക്കാൻ അവകാശമുണ്ട്. പറയ് കൈമളേ നിങ്ങൾ എന്തൊക്കെയാ ഇപ്പോൾ മോഹിക്കുന്നത്?
കൈമൾ ആലിലപോലെ വിറച്ചു.
’ശേഷിക്കുന്നതു കുറച്ചു മണിക്കൂറുകൾ മാത്രമല്ലേ? ആ നിലയ്‌ക്കാണ് ഇങ്ങനെയൊരു സൗജന്യം. പറയൂ എന്താ വേണ്ടത്? സുഭിക്ഷമായ ആഹാരം? ശാന്തമായ ഉറക്കം? അല്ലെങ്കിൽ വേണ്ടപ്പെട്ടവർക്കൊക്കെ സ്‌നേഹം ചാലിച്ച് ഓരോ ഉമ്മ?
കൈമൾ ശബ്‌ദിച്ചില്ല.
‘എനിക്കറിയാം. അതൊന്നും നിങ്ങൾ ആഗ്രഹിക്കില്ല. ജീവിച്ചു മതിയായിട്ടില്ലല്ലോ. കുതിരക്കച്ചവടം നടത്താൻ സാവകാശം കിട്ടിയിട്ടില്ലല്ലോ. കേന്ദ്രത്തിൽ നിന്ന് ഇനിയും വിളി വന്നിട്ടില്ലല്ലോ. ഒരിക്കലെങ്കിലും തമ്പിക്കു പകരം ആ കസേരയിലൊന്നിരിക്കാൻ ഇപ്പോഴും നിങ്ങളാഗ്രഹിക്കുന്നുണ്ട്. അനന്തപുരിയിലെ വരുംകാല മുഖ്യമന്ത്രിക്കുള്ള മുഴുവൻ സല്യൂട്ടും കാലേകൂട്ടി ഒന്നിച്ചുതരാനാ ഞാനിപ്പോൾ ഇങ്ങോട്ടു വന്നിട്ടുള്ളത്.’
രാജ്‌മോഹൻ ഓർക്കാപ്പുറത്തു വെട്ടിത്തിരിഞ്ഞ് കൈമളെ ജൂബ്ബയിൽ കൂട്ടിപ്പിടിച്ച് മേലേയ്‌ക്കുയർത്തി.
കൈമൾ പിടഞ്ഞു.
അയാളുടെ മുഖത്തോടു മുഖം ചേർത്തുവച്ച് ശബ്‌ദം താഴ്‌ത്തി രാജ്‌മോഹൻ പറഞ്ഞു.
‘നിന്നെയൊക്കെ കാത്തുരക്ഷിച്ചിട്ട് എനിക്കൊരു പുല്ലും കിട്ടാനില്ല. നീയൊക്കെ ഇവിടെ ഉണ്ടായില്ലെങ്കിൽ അനന്തപുരിയിൽ സൂര്യൻ ഉദിക്കാതിരിക്കില്ല. ഇവിടെ നിന്ന് നിന്നേപ്പോലുള്ള ഒരു നാറിയ രാഷ്‌ട്രീയക്കാരന്മാർ പോയികിട്ടിയാൽ ഈ സിറ്റി കുറേയെങ്കിലും ശുദ്ധമാവും.’
രാജ്‌മോഹൻ കൈമളെ കസേരയിലേക്കാഞ്ഞുതള്ളി. കൈമൾ കസേരയിൽ തല്ലിയലച്ചു വന്നുവീണു. നീ ചാവാൻ പോകുകയാണെന്നും കൊല്ലുന്നതു ശത്രുഘ്‌നനാണെന്നും എനിക്കറിയാം. റീത്തിന്റെ പടവും കിട്ടിയിട്ടുണ്ട് എനിക്കിനി ഒന്നേ അറിയാനുള്ളൂ. ശത്രുഘ്‌നൻ എന്തിനാ നിന്നെ കൊല്ലുന്നത്?
കൈമൾ വിഹ്വലനായി പറഞ്ഞു.
‘എനിക്കറിഞ്ഞുകൂടാ. സത്യമായിട്ടും അറിഞ്ഞുകൂടാ….’
രാജ്‌മോഹൻ മുന്നോട്ടടുത്തു.
അയാളുടെ തടിച്ച കൈത്തലം കൈമളുടെ കവിളിൽ ഓർക്കാപ്പുറത്ത് ഒരു മിന്നൽ തീർത്തു.
‘കഴുവേറീടെ മോനെ നുണ പറയുന്നോ?’
‘നിന്നെ രക്ഷിക്കാൻ ഒരു പട്ടിയും ഇങ്ങോട്ടുവരില്ല. എല്ലാമറിഞ്ഞു തമ്പി വരുമ്പോൾ നീ ശവമായി മാറിയിട്ടുണ്ടാവും. പിന്നെ അയാൾ ഒന്നേ പറയൂ. നികത്താനാവാത്ത വിടവ്.
അത്രത്തോളം പോകണ്ട കൈമളേ. നീ ചത്തുപോയാൽ വേറെയും നായിന്റെ മക്കളുവരും. നിന്നെപ്പോലെയുള്ള അവലവലാതികളാ സോഷ്യലിസ്‌റ്റ് പാർട്ടീടെ ശക്‌തിയും ചൈതന്യവും.’
രാജ്‌മോഹൻ പല്ലുകൾ ഞെരിച്ചുകൊണ്ടു പറഞ്ഞു.
‘ഇവിടെവച്ച് ഒന്നും പറയാൻ ഭാവമില്ലെങ്കിൽ പറയാൻ പറ്റിയ സ്‌ഥലത്തേക്കു കൊണ്ടുപോകാം.
’രണ്ടും കൽപിച്ചാ ഞാൻ വന്നിട്ടുള്ളത്. ഹരീന്ദ്രൻ ടോർച്ചർ റൂം ഒരുക്കിവച്ച് നിന്നെ കാത്തിരിക്കുന്നുണ്ട്. അവിടെ സംസാരിക്കുന്നത് ഞാനാവില്ല. മൊട്ടു സൂചികളും നെയിൽപ്ലക്കറും. പച്ച ഈർക്കിലികൊണ്ടുള്ള ഒരു പ്രയോഗത്തെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ കൈമളേ…..?‘ കൈമൾ നിലവിളിച്ചു.
’ചാവാൻ പോകുമ്പോഴും ഇങ്ങനെ കൊല്ലാക്കൊല ചെയ്യല്ലേ. ആധി പിടിച്ച് ഞാൻ…..‘
’നിങ്ങൾ ചാവരുതെന്നു മറ്റാരേക്കാളും കൂടുതലായി ഞാനിപ്പോൾ ആഗ്രഹിക്കുന്നുണ്ട്. നിങ്ങൾ ചാവാതിരിക്കണമെങ്കിൽ ശത്രുഘ്‌നൻ ആ നാലുകെട്ടിലുണ്ടായിക്കൂടാ‘.
’അവനു ഞങ്ങൾ ലോക്കപ്പ്‌റൂം ഒരുക്കിവച്ചു കഴിഞ്ഞു. പക്ഷേ അവനെ അവിടെവരെ എത്തിക്കാൻ എനിക്കു നിങ്ങളുടെ സഹായം വേണം. പറയ് കൈമളേ, നടന്നതെല്ലാം ഒരക്ഷരംപോലും വിടാതെ തുറന്നു പറയ്?
ആരാ ഈ ശത്രുഘ്‌നൻ? അവനെന്തിനാ ഊഴമിട്ടു നിങ്ങളെ ഓരോരുത്തരെയായി വക വരുത്തുന്നത്? അതിനു തക്കവണ്ണം നിങ്ങളൊക്കെ എന്തു തെറ്റാ അവനോടു ചെയ്‌തിട്ടുളത്.?
രാജ്‌മോഹന്റെ കണ്ണുകളിലെരിയുന്ന തീക്കുണ്ഡം ഏതുനിമിഷവും തന്നെ ചുട്ടുചാമ്പലാക്കുമെന്നു കൈമൾ ഉൾക്കിടിലത്തോടെ അറിഞ്ഞു. തന്നെ രക്ഷിക്കാൻ ആരും വരാനില്ലെന്ന് അയാൾക്കുറപ്പായി. കൈമൾ കണ്ണീരൊഴുക്കിക്കൊണ്ടു മെല്ലെ പറഞ്ഞു തുടങ്ങി.
‘ഭാർഗ്ഗവൻ, ബേബിച്ചായൻ, അച്ചുതൻകുട്ടി, കുറുപ്പ്, തമ്പി പിന്നെ പെരുമാൾ….. എല്ലാം മറന്നുള്ള സൗഹൃദമായിരുന്നു ഞങ്ങളുടേത്. എന്തു കിട്ടിയാലും ഞങ്ങൾ പകുത്തേ അനുഭവിക്കു. ചോരകൊണ്ടു നനച്ച് ശവം അടിവളമായി ഇട്ടു ഞങ്ങൾ സോഷ്യലിസ്‌റ്റ് പാർട്ടിയെ വളർത്തിയെടുത്തു. പാർട്ടിയിലെ റിബലായിരുന്നു കുഞ്ഞുകുട്ടൻ തമ്പുരാൻ. ഇതിനിടെ സോഷ്യലിസ്‌റ്റ് പാർട്ടിയുടെ ആചാര്യനായിരുന്ന രാഘവൻ നായരെ ജനാർദ്ദനൻ തമ്പി മൃഗീയമായി കൊന്നു. കുഞ്ഞുകുട്ടൻ തമ്പുരാൻ അതുകണ്ടു കേസ് കോടതിയിലെത്തി. കുഞ്ഞുക്കുട്ടൻ തമ്പുരാൻ സാക്ഷി പറയാതിരിക്കാൻ ഒരു രാത്രി പെരുമാളും തമ്പിയും ചേർന്ന് കുഞ്ഞുക്കുട്ടൻ തമ്പുരാനെയും ഭാഗീരഥിത്തമ്പുരാട്ടിയേയും കൊന്നു. അതു കണ്ടുകൊണ്ടു വന്ന ഉണ്ണിത്തമ്പുരാൻ മുറപ്പെണ്ണായ ബാലയേയും കൂട്ടി പുഴയിൽ ചാടി രക്ഷപ്പെട്ടു. അവിടെയും ആരും ബാക്കിയാവരുതെന്നു തമ്പി പറഞ്ഞു. ഉണ്ണിത്തമ്പുരാൻ അച്ഛനായ ഗോദവർമ്മയോടു നടന്നതെല്ലാം പറഞ്ഞു. ഒരു രാത്രി ഞങ്ങൾ ആ നാലുകെട്ടിൽ അതിക്രമിച്ചു കയറി ഗോദവർമ്മയെ കൊന്നു. അതു കണ്ടുകൊണ്ടാ ഉണ്ണിത്തമ്പുരാനും ബാലയുമൊക്കെ വന്നത്. ഞങ്ങൾ പ്രപഞ്ചം നടുങ്ങുമാറ് പൊട്ടിച്ചിരിച്ചു. ഭൂമി കീഴ്‌മേൽ മറിക്കുന്ന കൊലച്ചിരി……….
നാലുകെട്ടിനെ പിടിച്ചുലയ്‌ക്കുന്ന സുധർമ്മത്തമ്പുരാട്ടിയുടെ വേദനയിൽ കുതിർന്ന ആക്രോശം.
ബാലത്തമ്പുരാട്ടിയെ കിടിലം കൊള്ളിക്കുന്ന നിലവിളി.
ഗീതത്തമ്പുരാട്ടിയുടെ ഹൃദയം നുറുങ്ങിയുള്ള പൊട്ടിക്കരച്ചിൽ. മരയഴികളിൽ തലയിട്ടടിച്ച് നിസ്സഹായനായി ഉണ്ണികൃഷ്‌ണൻ പിടഞ്ഞു.
തലമുറിഞ്ഞു ചോരയൊഴുകി.
’ബാലയെ ഒന്നും ചെയ്യല്ലേ….. ഓപ്പോളെ നശിപ്പിക്കല്ലേ….. അമ്മയെ ഉപദ്രവിക്കല്ലെ…. കണ്ടതൊന്നും ആരോടും ഞാൻ പറയില്ല. ഞങ്ങളൊക്കെ ഇവിടം വിട്ട് എങ്ങോട്ടെങ്കിലും പൊയ്‌ക്കോളാം.‘ പെരുമാൾ ക്രൂരമായി ചിരിച്ചുകൊണ്ട് ഉണ്ണികൃഷ്‌ണന്റെ നേരേ തിരിഞ്ഞു.
’വൈകിപ്പോയല്ലോ തമ്പുരാനെ ഒരുപാടു വൈകിപ്പോയല്ലോ‘.
ഇനി എത്ര അലറിവിളിച്ചാലും; ഈശ്വരന്മാരോട് ഉള്ളുരുകി അപേക്ഷിച്ചാലും പെരുമാൾ കരുണ കാട്ടില്ല. ഈ നാലുകെട്ടുപോലും ഞങ്ങൾ ബാക്കിവയ്‌ക്കില്ല. പെരുമാൾ കൊലചെയ്യുന്നതു മാത്രമല്ലേ തമ്പുരാൻ കണ്ടിട്ടുള്ളൂ. മറ്റുള്ളതൊന്നും കണ്ടിട്ടില്ലല്ലോ. കാണ്. കണ്ട് കൺകുളിർക്ക്.’
പെരുമാൾ ബാലയെ മാറോടടുക്കിപ്പിടിച്ചു ബാല നിലവിളിയോടെ പിടഞ്ഞു.
‘ഉണ്ണിയേട്ടാ’
ഇടനെഞ്ചുപൊട്ടി ഉണ്ണിക്കൃഷ്‌ണൻ തേങ്ങിക്കരഞ്ഞു.
‘ബാലേ’.
ഉണ്യേട്ടാ….‘
തൊട്ടടുത്ത മുറിയിൽ ഗീതത്തമ്പുരാട്ടിയെ ചേർത്തു പിടിച്ചുകൊണ്ടു കൈമൾ. തമ്പുരാട്ടിയുടെ ഹൃദയം പിളരുന്ന നിലവിളി.
’ഉണ്ണീ, അരുതെന്നു പറയൂ ഉണ്ണീ. ഈ കാട്ടാളന്മാരോട് ഉപദ്രവിക്കരുതെന്നു പറയൂ ഉണ്ണീ…..‘
’ഉപദ്രവിക്കല്ലേ. എന്റെ ഓപ്പോളെ നശിപ്പിക്കല്ലേ……‘
കൈമൾ ചിരിച്ചു.
’ഇത്രയും സുന്ദരിയായ ഒരു പെണ്ണിനെ തൊട്ടശുദ്ധമാക്കരുതെന്നു പറയല്ലേ തമ്പുരാനേ….. ഒരുപാടാശിച്ചതാ. പലപ്പോഴും നോക്കിക്കൊതിച്ചതാ. ഇപ്പൊഴാ കൈയകലത്തിൽ കിട്ടിത്…. അരുതാഞ്ഞതൊന്നും കാണാൻ വയ്യെങ്കിൽ തമ്പുരാൻ കണ്ണടച്ചോളൂ. തമ്പുരാട്ടിമാരുടെ നിലവിളികേൾക്കാൻ ഇഷ്‌ടമില്ലെങ്കിൽ കാതും പൊത്തിക്കോളൂ.‘
ഉണ്ണിക്കൃഷ്‌ണൻ വീണ്ടും മരയഴികളിൽ തലയിട്ടടിച്ചു.
’എന്നെ ഒന്നു തുറന്നുവിടൂ….. നിങ്ങളെ എതിൽക്കാനല്ല….. ഒന്നും കാണാതെ, കേൾക്കാതെ ഇവിടെനിന്നെങ്ങോട്ടെങ്കിലും ഓടിപ്പോകാൻ….. ആ സഹായമെങ്കിലും എനിക്കു ചെയ്‌തുതരൂ. അല്ലെങ്കിൽ എല്ലാരുകൂടി ച്ചേർന്ന് ആദ്യം എന്നെക്കൊന്നോളൂ….. എന്നാലും ….. എന്നാലും…… എന്റെ മുന്നിൽവച്ച് അരുത്….. കൈമളേ നിങ്ങളെങ്കിലും പറയൂ…… തമ്പുരാന്റെ ചോറല്ലേ ഇപ്പോഴും ശരീരത്തില്? ചോദിച്ചതൊക്കെ വാരിക്കോരിത്തന്നിട്ടില്ലേ ഞാനും? എന്തിനാ കൈമളേ അരുതാത്തതു ചെയ്യണത്? ഓപ്പോളെ വിടു…. വിടൂ കൈമളേ…..‘
ബേബിച്ചായൻ ജനലിനടുത്തേക്കു വന്നു.
’ക്ഷമിക്കണം തമ്പുരാനെ. ഇവിടെ നടക്കുന്നതെല്ലാം തൃക്കൺപാർത്ത് അടിയങ്ങളെ അനുഗ്രഹിക്കണം. കാണാൻ കൊള്ളാവുന്ന പൊങ്കൊച്ചുങ്ങളെ വെറുതെ തല്ലിക്കൊന്നാൽ പാപംകിട്ടും. അതിനുമുൻപു ബാലത്തമ്പുരാട്ടിയെയും ഗീതത്തമ്പുരാട്ടിയെയും ഞങ്ങളൊക്കെ കാര്യമായി ഒന്നു കണ്ടോട്ടെ.‘
ഉണ്ണിക്കൃഷ്‌ണൻ ഇടനെഞ്ചുവിങ്ങിക്കരഞ്ഞു.
’മഹാപാപികളെ….. എല്ലാം കണ്ടുകൊണ്ടു മുകളിലൊരാളുണ്ട്. നിങ്ങൾക്കാർക്കും ഒരിക്കലും മാപ്പു കിട്ടില്ല….. ജീവിതത്തിലൊരിക്കലും സമാധാനം കിട്ടില്ല.‘
കുറുപ്പു പൊട്ടിച്ചിരിച്ചു.
’ശിപിക്കല്ലേ തമ്പുരാനേ….. ശപിച്ചാല് ഞങ്ങളൊക്കെ ഭസ്‌മമായിപ്പോവും.‘
അച്ചുതൻകുട്ടി പരിഹാസത്തോടെ ചോദിച്ചു.
’ഇതിനൊക്കെ കാരണം ഞങ്ങളാരുമല്ല. തമ്പുരാൻ തന്നെയാ…. സ്‌നേഹിച്ച പെണ്ണിനെ കിട്ടിയില്ലെന്നുവച്ച് ആരെങ്കിലും ആ പെണ്ണിന്റെ തന്തേം തള്ളേം വകവരുത്ത്വോ? പഞ്ചപാവമായിരുന്നിട്ട്, ‘ഇങ്ങനെയൊക്കെ ചെയ്യാൻ എങ്ങനെ മനസ്സുവന്നു തമ്പുരാന്?’
കണ്ണീരിനടിയിലൂടെ ഉണ്ണിക്കൃഷ്‌ണൻ ചോദിച്ചു.
‘ഞാൻ…..ഞാൻ….. ആരെക്കൊന്നെന്നാ നിങ്ങളു പറയണത്? എനിക്കൊന്നും മനസ്സിലാവണില്ലല്ലോ.’
‘തമ്പുരാനല്ലേ കുഞ്ഞുക്കുട്ടനേം ഭാഗീരഥിയെയും കൊന്നത്? അതും ബാലയെ കല്യാണം കഴിച്ചുതരില്ലാന്നു പറഞ്ഞതിന്? അമ്മാവനേം അമ്മായിയേം കൊല്ലുന്നതു തെറ്റല്ലേ?’
ഉണ്ണിക്കൃഷ്‌ടൻ പിടഞ്ഞു.
‘എന്റെ ഈശ്വരന്മാരെ, ഞാൻ എന്താ ഈ കേൾക്കണത്.?’
‘അവരെ കൊന്നതു നിങ്ങളൊക്കെയല്ലേ?’
തമ്പി ക്രൂരമായി ചിരിച്ചു.
‘തമ്പുരാൻ അവരെ കൊന്നതുകൊണ്ടാ ഗോദവർമ്മ മനംനൊന്ത് വിഷം കഴിച്ചത്. സുധർമ്മത്തമ്പുരാട്ടി പുഴയിൽ ചാടിച്ചത്തത്. ബാലത്തമ്പുരാട്ടീം ഗീതത്തമ്പുരാട്ടീം ആ കൊളുത്തിൽ കെട്ടിത്തൂങ്ങിയത്.’
ഉണ്ണിക്കൃഷ്‌ണൻ പേടിയോടെ തമ്പിയെ നോക്കി.
്തതമ്പി തുടർന്നു.
‘ആവശ്യം കഴിഞ്ഞു ഞങ്ങളതാ ചെയ്യാൻ പോണത്. പേടിക്കണ്ട. ആരും തമ്പുരാനോട് ഒന്നും ചോദിക്കില്ല….. ചോദിക്കാൻ തമ്പുരാൻ ഇവിടെ ബാക്കിയായിട്ടുവേണ്ടേ?
ഉണ്ണിക്കൃഷ്‌ണൻ കണ്ണുകളടച്ചു.
ചെവിക്കരികിൽ ബാലയും ഗീത ഓപ്പോളും പിടഞ്ഞു. സുധർമ്മത്തമ്പുരാട്ടിയുടെ ഹൃദയം നുറുങ്ങി.
ഗീതമ്പുരട്ടിയെ മാറോടണച്ചുപിടിച്ചു കൈമൾ ഉണ്ണിക്കൃഷ്‌ണന്റെ മുന്നിലേക്കുവന്നു. ഗീതത്തമ്പുരാട്ടി ഉറക്കെ നിലവിളിച്ചു.
’മഹാപാപം കാട്ടല്ലേ കൈമളേ….. ഇത്രേം കാലം ഞാൻ നിങ്ങളെ കൂടെപ്പിറപ്പിനേപ്പോലെയല്ലേ കരുതീരുന്നത്? എന്നെ അപമാനിക്കല്ലേ കൈമളേ….. നിശ്ചയം ഒറപ്പിച്ചുവച്ചിട്ടുള്ള പെണ്ണാ ഞാൻ…. അരുതാത്തതൊന്നും ചെയ്യല്ലേ.‘
ഉണ്ണിത്തമ്പുരാൻ അഴികൾക്കിടയിലൂടെ കൈകൾ പുറത്തേക്കുനീട്ടി.
’വിട് കൈമളെ… ഓപ്പോളെ വട്….വിടാനാണു പറഞ്ഞത്….‘
കൈമൾ ഗീതതമ്പുരാട്ടിയുടെ കവിളിൽ മൃദുവായി ചുണ്ടമർത്തികൊണ്ടു പറഞ്ഞു.
’ഇത്രേം സുന്ദരിയായ ഒരു തമ്പുരാട്ടിയെ ഇങ്ങനെ ഭൂതം നിധികാക്കുന്നതുപോലെ കാത്തുവച്ചാൽ ദൈവദേഷം കിട്ടും തമ്പുരാനേ….. പട്ടുപോലെയുള്ള ഈ മെയ് കുറച്ചു നേരത്തേക്കെങ്കിലും എന്റെതായിക്കോട്ടെ. തടയല്ലേ തമ്പുരാനേ…… അരുതെന്നു പറയല്ലേ.‘
ഉണ്ണിത്തമ്പുരാൻ ഉറക്കെക്കരഞ്ഞുകൊണ്ടു മുഖംപൊത്തി.
* * *
കൈമൾ പറഞ്ഞുനിർത്തി.
എല്ലാം കേട്ടു സ്‌തബ്‌ധനായി നിന്നിരുന്ന രാജ്‌മോഹൻ കൈമളെ നോക്കി പല്ലുകൾ ഞെരിച്ചു.
’എന്നിട്ടും നിങ്ങളൊക്കെ ഇത്രയും കാലം ബാക്കിയായി അല്ലേ?‘
കൈമൾ മിണ്ടിയില്ല.
’നാലുകെട്ടിലുണ്ടായിരുന്ന ആ ഉണ്ണിത്തമ്പുരാനാണോ ഇവിടെയുള്ള ശത്രുഘ്‌നൻ?‘
കൈമൾ അമർത്തിയ ശബ്‌ദത്തിൽ പറഞ്ഞു.
’അല്ല‘.
’അല്ലേ?‘
രാജ്‌മോഹൻ അത്ഭുതത്തോടെ ചോദിച്ചു.
’അല്ല. അവൻ….. അവൻ….. ഉണ്ണിത്തമ്പുരാനല്ല. ഉണ്ണിത്തമ്പുരാനെ അന്നുതന്നെ അച്ചുതൻകുട്ടി കല്ലുകൊണ്ടടിച്ചുകൊന്നു. പിന്നെ പുഴയിൽ കെട്ടിത്താഴ്‌ത്തി.‘
’പിന്നെ ഈ ശത്രുഘ്‌നൻ?‘
’അറിയില്ല….. പക്ഷേ അവനു നാലുകെട്ടിൽ അന്നു നടന്നിട്ടുള്ളതൊക്കെയറിയാം……‘
’ആ നാലുകെട്ടിൽ ആരെയെങ്കിലും ബാക്കിവച്ചിരുന്നോ നിങ്ങൾ?‘
’ഇല്ല. ആരെയും ബാക്കി വച്ചിട്ടില്ല. ബാലത്തമ്പുരാട്ടിയെ പെരുമാളാണു മച്ചിലെ കൊളുത്തിൽ കെട്ടിത്തൂക്കിയത്. സുധർമ്മത്തമ്പുരാട്ടിയെ തമ്പിയാണു പുഴയിൽ മുക്കിക്കൊന്നത്. ഗീതത്തമ്പുരാട്ടിയെ ഞാൻ…… ഞാൻ…..‘
കൈമൾ കൈകൾകൊണ്ട് മുഖംപൊത്തി.
രാജ്‌മോഹൻ ചോദിച്ചു……
ഗോദവർമ്മയ്‌ക്കു മക്കളായി ഉണ്ണിക്കൃഷ്‌ണനെയും ഗീതയെയും കൂടാതെ മറ്റാരെങ്കിലും……?’
‘ഇല്ല……’
‘ഉണ്ണിത്തമ്പുരാൻ ബാലത്തമ്പുരാട്ടിയെ വിവാഹം കഴിച്ചിരുന്നോ?’
‘ഇല്ല…..
’പക്ഷേ?‘
’ആ ബന്ധം എല്ലാവർക്കും ഇഷ്‌ടമായിരുന്നു.
‘ഗീതത്തമ്പുരാട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നുവെന്നല്ലേ നിങ്ങൾ പറഞ്ഞത്?’
‘അതെ. തൃപ്പൂണിത്തുറയിലെ വലിയകോലോത്തുള്ള അനിയൻ തമ്പുരാനുമായി.’
‘ഗീതത്തമ്പുരാട്ടിയും അനിയൻ തമ്പുരാനും തമ്മിൽ മുൻപേ പരിചയമുണ്ടായിരുന്നോ?’
അവർ അടുപ്പത്തിലായിരുന്നു. ഗീതത്തമ്പുരാട്ടി തൃപ്പൂണിത്തുറയിൽ താമസിച്ചിട്ടാ സംഗീതം പഠിച്ചിരുന്നത്. അവിടെവച്ച് അവർ തമ്മിൽ പരിചയപ്പെട്ടു. വല്ലാത്ത ഒരാത്‌മബന്ധമായി അതു വളർന്നു എല്ലാമറിഞ്ഞപ്പോൾ ോഗദവർമ്മത്തമ്പുരാൻ ആ ബന്ധത്തിനു സമ്മതം മൂളി.‘
രാജ്‌മോഹന്റെ കണ്ണുകളിൽ പൊടുന്നനെ ഒരു തിളക്കം വന്നു.
’ആ അനിയൻതമ്പുരാൻ തന്നെയായിക്കൂടേ ഇപ്പോൾ നിങ്ങളുടെ പിന്നാലെ നിഴൽപോലെയുള്ള ശത്രുഘ്‌നൻ?‘
കൈമൾ മിണ്ടിയില്ല. രാജ്‌മോഹൻ മറുപടിക്കുവേണ്ടി കാത്തുനിന്നു. കൈമൾ മിണ്ടുന്നില്ലെന്നു കണ്ടപ്പോൾ അയാൾ മെല്ലെ തിരിഞ്ഞു. വാതിലിനടുത്തെത്തി ബോൾട്ടുനീക്കി.
“എല്ലാം തുറന്നുപറഞ്ഞതിനു നന്ദി. ഒരു കാര്യം ഇനി നിങ്ങൾക്കു തീർത്തും വിശ്വസിക്കാം. നിങ്ങളുടെ മരണം ശത്രുഘ്‌നന്റെ കൈകൊണ്ടല്ല.’
കൈമൾ മെല്ലെ നിശ്വസിച്ചു.
‘സമാധാനിക്കാറായിട്ടില്ല. ശത്രുഘ്‌നൻ കൊല്ലില്ലെന്നു പറഞ്ഞതുകൊണ്ടു രക്ഷപ്പെട്ടു. എന്നർത്ഥമില്ല.
ഇനി ഞാൻ തിരിച്ചുവരുന്നതു നിങ്ങളെ തൂക്കുമരത്തിന്റെ ചുവട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാൻ.’
രാജ്‌മോഹൻ വാതിൽ വലിച്ചുതുറന്നു പുറത്തുകടന്നു. പിന്നെ കൊടുങ്കാറ്റിന്റെ കരുത്തുമായി മാരുതിയുടെ നേരേ. ഡോർ തുറന്നു ഡ്രൈവിംഗ് സീറ്റിൽ. രണ്ടു തീക്കണ്ണുകൾ കത്തി. മാരുതി മുന്നോട്ടു കുതിച്ചു. ശത്രുഘ്‌നന്റെ നാലുകെട്ടു ലക്ഷ്യമാക്കി. ചടുലമായ നിമിഷങ്ങളിലൂടെ അസുരമായ കരുത്തുമായി മാരുതി റോഡിന്റെ മാറുപിളർന്നു പറന്നു.
കാൽമണിക്കൂറിനുള്ളിൽ കാർ നാലുകെട്ടിന്റെ മുന്നിൽ മുരൾച്ചയോടെ വന്നുനിന്നു. രാജ്‌മോഹൻ ഡോർ തുറന്നു പുറത്തിറങ്ങി.
അയാൾ അടച്ചിരുന്ന പടിപ്പുരവാതിൽ തള്ളിത്തുറന്നു.
പടിപ്പുരയ്‌ക്കുള്ളിൽ കനത്ത ഇരുട്ടായിരുന്നു. രാജ്‌മോഹൻ ശ്രദ്ധാപൂർവ്വം ഓരോ അടിയായി മുന്നോട്ടുവച്ചു. തുളസിത്തറ കടന്ന് അയാൾ ഉമ്മറവാതിൽക്കലെത്തി. രാജ്‌മോഹൻ വാതിലിൽ ആഞ്ഞു തള്ളി. ഓട്ടുമണികൾ കൂട്ടത്തോടെ ശബ്‌ദിച്ചു…. ആ ശബ്‌ദം വലിയൊരു പ്രതിധ്വനിയായി നാലുകെട്ടിൽ പടർന്നു. അകത്തു വിളക്കുതെളിഞ്ഞു. നിശ്വാസം പോലും നിയന്ത്രിച്ചു വാതിലിനുമുന്നിൽ അയാൾ അക്ഷമനായി കാത്തുനിന്നു.
നിമിഷങ്ങൾ ഓരോന്നായി പിടഞ്ഞു തിർന്നുകൊണ്ടിരുന്നു. അകത്തു വാതിലിന്റെ സാക്ഷ നീങ്ങി. ഓട്ടു മണികൾ വീണ്ടും ശബ്‌ദിച്ചു. ആരോ വാതിൽ തുറന്നു. ഒരു കൈവിളക്കു രാജ്‌മോഹന്റെ മുഖത്തിനുനേരേ നീണ്ടു. കൈവിളക്കിന്റെ ഇത്തിരിവെട്ടത്തിൽ മുന്നിലുള്ള മുഖം രാജ്‌മോഹൻ തിരിച്ചറിഞ്ഞു.
ശത്രുഘ്‌നൻ.
രാജ്‌മോഹൻ പാന്റ്‌സിന്റെ പോക്കറ്റിൽനിന്നും വിലങ്ങു പുറത്തെടുത്തു ശത്രുഘ്‌നന്റെ മുഖത്തിനുനേരേ നീട്ടിപ്പിടിച്ചു. പിന്നെ കനത്ത ശബ്‌ദത്തിൽ പറഞ്ഞു.
‘അനിയൻ തമ്പുരാൻ, യൂ ആർ അണ്ടർ അറസ്‌റ്റ്’
Generated from archived content: ananthapuri19.html Author: nk_sasidharan