കുറുപ്പിന്റെ മരണം കഴിഞ്ഞ് ഒരു പകൽ കടന്നു പോയി. വീണ്ടും വിളറി വിറങ്ങലിച്ചു രാത്രിവന്നു. ഉറക്കംവരാതെ കിടക്കയിൽ തിരിഞ്ഞു മറിഞ്ഞും കിടന്നിരുന്ന കൈമൾക്ക് കണ്ണുകൾ ഒരുവട്ടമൊന്നു ചിമ്മാൻ പോലും ധൈര്യമുണ്ടായിരുന്നില്ല. നിറഞ്ഞ നിശ്ശബ്‌ദത പിളർന്നുകൊണ്ടെന്നപോലെ അനന്തതയിലെവിടെയോനിന്ന് ഉണ്ണിത്തമ്പുരാന്റെ ദിഗന്തം പിളരുന്ന നിലവിളിവന്നു. കണ്ണുകൾക്കു മുന്നിൽ കരിങ്കല്ല് ഉയർത്തിപ്പിടിച്ചുകൊണ്ട് പൈശാചികമായി ചിരിക്കുന്ന ഒരവ്യക്‌തരൂപം. അയാൾ ഗർജ്ജിക്കുന്നു.
‘ബാലത്തമ്പുരാട്ടി കാത്തിരിക്കുന്നുണ്ട്. അങ്ങോട്ടുപോകുമ്പോൾ ഇത്ര ഉറക്കെക്കരയല്ലേ തമ്പുരാനെ. മരണത്തിലും നിങ്ങളെ ഒന്നിച്ചുചേർക്കാനാ ഞാനീ പെടാപ്പാടുപെടുന്നത്. ബാല വിളിക്കണത് തമ്പുരാൻ കേൾക്കണില്ലേ? എന്നിട്ടുമെന്തിനാ ഇങ്ങനെ……..’
കരിങ്കല്ലു താഴ്‌ന്നു. ഉണ്ണിത്തമ്പുരാന്റെ നെഞ്ചു ചതഞ്ഞു. പിന്നെ ചോര…….. കാഴ്‌ച മറയ്‌ക്കുന്ന ചോര…… ചോരയ്‌ക്കിടയിൽ വീണ്ടും അവ്യക്തമായ ആ രൂപം….. പൈശാചികമായി ചിരിക്കുന്ന ഒരു മുഖം.
കൈമൾ പലവട്ടം കണ്ണുകൾ ചിമ്മിത്തുറന്നു. സ്വപ്‌നമാണോ സത്യമാണോ? ആ മുഖം ഇപ്പോഴും മുന്നിലുണ്ട്. കിടയ്‌ക്കയ്‌ക്കരികെ. കൈമൾ പേടിയോടെ പിടഞ്ഞെണീറ്റു. അയാൾ ഉറക്കെ വിളിച്ചു. ‘ടൈഗർ’.
കൈമളുടെ കിടയ്‌ക്കരികിൽ നിന്നുകൊണ്ട് ശത്രുഘ്‌നൻ ശാന്തനായി പറഞ്ഞു. ‘വിളിക്കണ്ട കൈമളേ, അവൻ ഉറങ്ങുകയാണ് ഗാഢനിദ്ര. എത്ര ഉറക്കെ വിളിച്ചാലും ഉണരില്ല. മറന്നേക്കു.’
കൈമൾ വിവശനായി കിടക്കയിലേക്കു വീണു.
ശത്രുഘ്‌നൻ തുടർന്നു. പുഷ്‌പചക്രത്തിനൊക്കെ ഇപ്പോൾ തീപിടിച്ച വിലയാ കൈമളേ….. ഡിമാന്റുകൂടിയപ്പോൾ വിലയും കൂടി. എന്നാലും ചത്തുപോകുന്നവരെ ആദരിക്കാതിരിക്കാൻ പറ്റില്ലല്ലോ. നിങ്ങൾക്കുള്ളതും ഞാൻ ഓർഡർ ചെയ്‌തു കഴിഞ്ഞു.
കൈമൾ പൊട്ടികരഞ്ഞുകൊണ്ടു പറഞ്ഞു. ‘രക്ഷിക്കണം ശത്രുഘ്‌നാ….. രക്ഷിക്കണം……എന്നെ…..എന്നെ ഒന്നും ചെയ്യരുത് എന്തുവേണമെങ്കിലും പകരം തരാം. ഈ….ഈ……ബംഗ്ലാവും……എന്റെ……..ബാങ്ക് ബാലൻസുമൊക്കെ നിന്റെ പേരിലാക്കിത്തരാം. പകരം ഒന്നു മാത്രം മതി എനിക്ക്………ജീവൻ….’
ശത്രുഘ്‌നൻ നിസംഗനായി പറഞ്ഞു. ‘ഒരിക്കൽ ആ നാലുകെട്ടിൽ മൂന്നു തമ്പുരാട്ടിമാർ ഇതുപോലെ മുന്നിൽ നിന്ന് ആർത്തലച്ചു കരഞ്ഞിട്ടുണ്ട്. ഉപദ്രവിക്കരുതെന്നു കാലുപിടിച്ച് അപേക്ഷിച്ചിട്ടുണ്ട്. കൊല്ലരുതെന്ന് കണ്ണുകളിലൂടെ ചോരയൊഴുക്കി പറഞ്ഞിട്ടുണ്ട്. അന്ന് അവർക്ക് ആ വരം കൊടുക്കാൻ കഴിവുണ്ടായിരുന്ന സർവശക്തൻമാരായിരുന്നു നിങ്ങളൊക്കെ. ഓർമ്മയുണ്ടോ കൈമൾ? അവരുടെ നിലവിളി ഇപ്പോഴും കാതുകളിലുണ്ടോ?’
കൈമൾ ഉറക്കെ നിലവിളിച്ചു. ‘ഉണ്ട്. എല്ലാം ഓർമ്മയുണ്ട്.’
‘ഇനിയും അതൊക്കെപ്പറഞ്ഞ് എന്നെ പേടിപ്പിക്കല്ലേ. ഇനി ഒരു ജന്മം കൂടി കിട്ടിയാൽ ഞാൻ മനുഷ്യനായിക്കോളാം. ആർക്കും ഒരുപദ്രവവും ചെയ്യാതെ ജീവിച്ചോളാം. സ്വത്തു മുഴുവൻ അനാഥാലയങ്ങൾക്കു കൊടുത്തോളാം. പിച്ചച്ചട്ടിയെടുത്തു തെണ്ടിനടന്നോളാം. ഇപ്പോഴെന്നെ കൊല്ലരുത്………. കൊല്ലരുത് ശത്രുഘ്‌നാ……….’
ശത്രുഘ്‌നൻ കൈമളെ തറച്ചുനോക്കി.
‘എത്ര ജന്മമെടുത്താലും പാപക്കറ മാഞ്ഞുപോവില്ല. പറഞ്ഞതൊക്കെ ചെയ്‌താലും തെറ്റുകൾക്കു പരിഹാരമാവില്ല. കണ്ണീരൊഴുക്കി കാൽക്കൽ വീണാലും അന്നു ചിന്തിയ ഒരുതുള്ളി ചോരയ്‌ക്കുപോലും പകരമാവില്ല.’
കൈമകൾ ദീനതയോടെ ശത്രുഘ്‌നനെ നോക്കി.‘
’അങ്ങനെ പറയല്ലേ ശത്രുഘ്‌നാ. ആ തെറ്റുകൾക്കു പകരം ഇത്രയും നാൾ ജീവനോടെ ദഹിച്ചിട്ടുണ്ടു ഞാൻ. ഓരോരുത്തരും പിടഞ്ഞുതീരുമ്പോൾ ഊഴംകാത്തു വെറുങ്ങലിച്ചു നിന്നിട്ടുണ്ടു ഞാൻ. ശവശരീരത്തിലെ പുഷ്‌പചക്രം കണ്ടു ഞെട്ടിത്തെറിച്ചിട്ടുണ്ട്….. എപ്പോഴും കേട്ടിരുന്നത് മരണത്തിന്റെ കാലൊച്ച. സ്വപ്‌നമായികൂട്ടുവന്നത് ചോരയൊലിക്കുന്ന ഒരുപാടു മുഖങ്ങൾ, എന്റെ മരണം പേടിപ്പെടുത്തുന്ന ഓർമ്മയായി ഓരോ നിമിഷവും കൂടെയുണ്ടായിരുന്നു. ഉറങ്ങുമ്പോഴും ഉണരുമ്പോഴും ഒന്നേ പ്രാർത്ഥിച്ചിട്ടുള്ളൂ…. മരിക്കാതിരിക്കാൻ………. നീ കൊല്ലാതിരിക്കാൻ……
ശത്രുഘ്‌നൻ പല്ലുകൾ ഞെരിച്ചു. ‘ആർക്കു മാപ്പു കൊടുത്താലും ഞാൻ നിനക്കു മാപ്പുതരില്ല. തമ്പിയെയും പെരുമാളെയും ബാക്കിവച്ചാലും നിന്നെ ബാക്കിവയ്‌ക്കില്ല. ഗോദവർമ്മത്തമ്പുരാന്റെ ആശ്രിതനായിരുന്നിട്ടും അദ്ദേഹത്തിന്റെ മരണം ഉറപ്പുവരുത്തിയ കണ്ണുകളാ നിന്റേത്. അവിടത്തെ ഉപ്പും ചോറും തിന്നു വളർന്നിട്ടും ഗീതത്തമ്പുരാട്ടിയെ വരിഞ്ഞുമുറുക്കിയ കൈകളാ നിന്റേത്. ഉണ്ണിത്തമ്പുരാൻ മരയഴികളിൽ തലയിട്ടടിച്ചു നെഞ്ചുപൊട്ടിക്കരഞ്ഞപ്പോൾ അതിലുമുറക്കെ നീ ചിരിച്ചു. ബാലതമ്പുരാട്ടി മച്ചിലെ കൊളുത്തിൽ തൂങ്ങിയാടിയപ്പോൾ……..നീ……..നീ……..’
കൈമൾ തൊഴുകൈയോടെ പറഞ്ഞു.
ഓർമ്മിപ്പിക്കല്ലേ. അവിടെ ഓർക്കാൻ…….ചോര മാത്രമേയുള്ളൂ. ഒഴുകിപ്പടരണ ചോര. തെറ്റാണ്. ഒക്കെ തെറ്റാണ്. അങ്ങനെയൊന്നും ചെയ്യരുതായിരുന്നു. ഇപ്പോൾ ഞാൻ പശ്‌ചാത്തപിക്കണുണ്ട്. പകരം എന്താ വേണ്ടതെന്നു പറഞ്ഞാൽ മതി. എന്തുവേണമെങ്കിലും ഞാൻ…….ഞാൻ……….‘
ശത്രുഘ്‌നൻ ക്രൂരമായി ചിരിച്ചു.
’എന്തു ചെയ്‌താലും പകരമാവില്ല. ഒന്നിനും പകരമാവില്ല. നാലുകെട്ടിലലയുന്ന ഗതികിട്ടാത്ത പ്രേതാത്‌മാക്കൾക്ക് തൃപ്‌തിവരണമെങ്കിൽ നിന്റെ ചോര കാണണം. ഒരിക്കലും നീ ശബ്‌ദിക്കില്ലെന്ന് അവർക്ക് ഉറപ്പാവണം. തയ്യാറായിക്കോ കൈമളേ അടുത്ത ഊഴം നിന്റേത്.‘
കൈമൾ പൊട്ടിക്കരഞ്ഞുകൊണ്ട് കസേരയിലേയ്‌ക്കുവീണു ശത്രുഘ്‌നൻ അയാളുടെ മുന്നിലേക്ക് കാലുകൾ നീട്ടിവച്ചു. കൈമൾ പൂക്കുലപോലെ വിറച്ചു. ഭ്രാന്തുപിടിച്ചതുപോലെ അയാൾ അലറിവിളിച്ചു. ’കൊല്ലല്ലേ…… കൊല്ലല്ലേ ശത്രുഘ്‌നാ കൊല്ലല്ലേ……‘
ശത്രുഘ്‌നൻ കൈമളെ തറച്ചുനോക്കിക്കൊണ്ടു ചോദിച്ചു. തമ്മിൽ ആദ്യം കണ്ടപ്പോൾ ഒരു കാര്യം ഞാൻ ആവശ്യപ്പെട്ടിരുന്നു. ആ വലംപിരിശംഖ്. തമ്പുരാന്റെ കഴുത്തിലെ പുലിനഖമാല. പറയ് കൈമളേ. അതിപ്പോൾ ആരുടെകൈയിലുണ്ട്?
കൈമളുടെ നാവിൻ തുമ്പിലൂടെ നനഞ്ഞ അക്ഷരങ്ങൾ ഊർന്നുവീണു.
’അത്………അന്നു കൊണ്ടുപോയതു പെരുമാളാ…… അയാൾ അത് എവിടെയാ വച്ചിരിക്കണതെന്നു സത്യമായിട്ടും എനിക്കറിയില്ല……‘
പൊടുന്നനെ ശത്രുഘ്‌നൻ പോക്കറ്റിൽ നിന്നും റീത്തിന്റെ പടമുള്ള ഒരു കടലാസ് വലിച്ചെടുത്തു.
’ശവങ്ങൾക്കെല്ലാം ഞാൻ കൊടുക്കാറുള്ള ഐഡന്റിറ്റി. മരിക്കുന്നതിനു മുമ്പുള്ള സിമ്പോളിക് പ്രസന്റ് ഇപ്പോൾ നിന്റെ മരണസമയവും ഞാൻ കുറിച്ചുതരുന്നു. ഒരു രാത്രിയും ഒരു പകലും…….. മറ്റുള്ളവരേക്കാൾ ഏറെ ഓർക്കാനുള്ളത് നിനക്കല്ലേ കൈമളേ…….. ഓർക്ക്……… ഇനിയുള്ള നിമിഷങ്ങളിൽ നീ കേൾക്കാൻ പോകുന്നത് ആ നാലുകെട്ടിന്റെ നിലവിളി. കാണാൻ പോകുന്നത് ചിതയ്‌ക്കുള്ളിൽ എരിഞ്ഞുതീരുന്ന നിന്റെതന്നെ മുഖം.
ശത്രുഘ്‌നൻ റീത്തിന്റെ പടമുള്ള കടലാസ് കൈമളുടെ മടിയിലേക്കിട്ടു. പിന്നെ മെല്ലെ തിരിഞ്ഞു പുറത്തേക്കു നടന്നു. ഏറെനേരത്തേക്കു കൈമൾക്ക് അനങ്ങാൻ പോലുമായില്ല. കണ്ണുകളടച്ച് അയാൾ ഒരുപാടുനേരം മരവിച്ചുകിടന്നു. പിന്നെ എന്തോ ഓർത്തതുപോലെ വേച്ചു വേച്ച് ടെലിഫോണിനു നേരെ നടന്നു. വിറയ്‌ക്കുന്ന കൈകൊണ്ട് റിസീവറെടുത്ത് ക്ലീൻ ഹൗസിലെ നമ്പർ ഡയൽ ചെയ്‌തു. അങ്ങേതലയ്‌ക്കൽ ബെൽ മുഴുങ്ങി. ജനാർദ്ദനൻ തമ്പി ലൈനിൽ വന്നു. കൈമൾ ഉറക്കെ നിലവിളിച്ചുകൊണ്ടുപറഞ്ഞു. ‘അവനിവടെ വന്നു തമ്പി…… ആ ശത്രുഘ്‌നൻ. എനിക്കും……. എനിക്കും……. മരണസമയം കുറിച്ചുതന്നു….. എല്ലാവരെയും പോലെ ഞാനുമിനി……’ തമ്പിയുടെ മറുപടി കേൾക്കാൻ നിൽക്കാതെ കൈമൾ റിസീവർ ക്രാഡിലിട്ടു.
* * *
ഡി.ജി.പി. അരവിന്ദ്‌ശർമ്മ കൈകൾ കൂട്ടിഞ്ഞെരിച്ചു. രാജ്‌മോഹൻ ഒരക്ഷരംപോലും ശബ്‌ദിക്കാനാവാതെ പകച്ചുനിന്നു. ഇന്ദ്രപാലും ഹരീന്ദ്രനും മുഖംകുനിച്ചു. ജോസ്‌മാത്യു ഭീതിയോടെ അരവിന്ദ്‌ശർമ്മയെ നോക്കി. അരവിന്ദ്‌ശർമ്മ രാജ്‌മോഹനോടായി പറഞ്ഞു. ‘കറുപ്പു മരിച്ചിട്ടു നാൽപത്തെട്ടുമണിക്കൂറാവാറായി…… ഏത് നിമിഷവും സീ.എം വിളിക്കും. എന്തെങ്കിലുമൊന്നു പറയണ്ടേ മോഹൻ? അറ്റ്‌ലീസ്‌റ്റ് കുറുപ്പ് മരിച്ചതെങ്ങിനെയാണെന്നെങ്കിലും?’
രാജ്‌മോഹൻ മിണ്ടിയില്ല. അയാളാകെ ഉരുകുകയായിരുന്നു. കൺമുമ്പിലുണ്ടായിരുന്നത് കിടക്കയിൽ കമിഴ്‌ന്നു കിടന്നിരുന്ന കുറുപ്പിന്റെ ചലനമറ്റ ശരീരം.
അരവിന്ദ് ശർമ്മ ഇന്ദ്രപാലിനെ നോക്കി. ‘എനിക്കൊന്നും മനസ്സിലാവുന്നില്ല. നിങ്ങൾ പറഞ്ഞതു മുഴുവൻ ഉൾക്കൊള്ളാനുമായിട്ടില്ല. എല്ലാം ഭദ്രമായിരുന്നെങ്കിൽ പിന്നെങ്ങനെയാണു കുറുപ്പ് കൊല്ലപ്പെട്ടത്?’
ആരും ശബ്‌ദിച്ചില്ല.
അരവിന്ദ് ശർമ്മ ഇന്ദ്രപാലിനെ തറച്ചു നോക്കി.
‘ഇത്രയും സെക്യൂരിറ്റിയുണ്ടായിട്ടും മരണം എങ്ങിനെയാണയാളെ കൊത്തിയെടുത്തതെന്ന സൂചനയെങ്കിലും കൊടുത്തില്ലെങ്കിൽ സീ.എം വയലന്റാവും. ഡിപ്പാർട്ട്‌മെന്റിനെ അടച്ചു ചീത്തവിളിക്കും. നമ്മളെയൊക്കെ ഫോണിലൂടെത്തന്നെ ചുട്ടു ചാമ്പലാക്കും.
പറയ്, സ്‌പോർട്ടിൽ നിന്നു നിങ്ങൾക്കൊന്നും പിടികിട്ടിയില്ലേ? ചെറിയൊരു ക്‌ളൂവെങ്കിലും?’
രാജ്‌മോഹൻ മെല്ലെപ്പറഞ്ഞു.
‘കുറുപ്പിന്റെത് സ്വാഭാവികമായ ഒരു മരണമല്ല. ഐ.മീൻ അത് ആത്‌മഹത്യയുമല്ല. മർഡർ തന്നെ. പക്ഷേ ബാഹ്യമായ മുറിവുകളില്ല. അക്രമികളാരും ബെഡ്‌റൂമിൽ കടന്നിട്ടില്ല. ആകെ സംശയിക്കാനുള്ളത് അയാളുടെ മുഖഭാവം മാത്രം….. ആരെയോ കണ്ടുപേടിച്ചതുപോലെ……’
അരവിന്ദ്‌ശർമ്മ നിശ്വസിച്ചു.
‘അത്ഭുതമായിരിക്കുന്നു. ആരും അകത്തു കടന്നിട്ടില്ല. പോലീസ് ചുറ്റുവട്ടത്തുനിന്നും മാറിയിട്ടില്ല. നായ്‌ക്കളും അരുതാത്തതൊന്നും കണ്ടിട്ടില്ല. ഇന്ദ്രപാൽ നിഴൽ പോലെ ഒപ്പം ഒപ്പമുണ്ടായിരുന്നു. പോലീസ് കൊടുത്ത ആഹാരമല്ലാതെ കുറുപ്പ് ഒന്നും കഴിച്ചിട്ടില്ല. ബംഗ്ലാവിനുള്ളിൽ ഒരു മൊട്ടുസൂചിപോലും നിങ്ങൾകാത്തുവച്ചിട്ടില്ല. എന്നിട്ടും എല്ലാവരുടെയും കൺമുന്നിലൂടെ മരണം കടന്നുവന്നു. സ്‌ട്രെയിഞ്ച്.’
രാജ്‌മോഹൻ ശാന്തതയോടെ പറഞ്ഞു. ‘കൊലയാളി കൈയകലത്തിൽതന്നെയുണ്ട്. അവൻ ആരാണെന്നറിയാം. എവിടെയുണ്ടെന്നുമറിയാം. ഇല്ലാത്തതു തെളിവുകളാണ്. ശത്രുഘ്‌നനെ നമുക്ക് അറസ്‌റ്റു ചെയ്യാൻ കഴിഞ്ഞാലും ജയിലടയ്‌ക്കാനാവില്ല. അയാളാണു കൊലയാളിയെന്നു കോടതിയിൽ തറപ്പിച്ചു പറയാൻ സാഹചര്യത്തെളിവുകൾ പോലുമില്ല. അയാൾക്കെതിരേ എന്തെങ്കിലുമെന്നു പറയാൻ കഴിയുന്നതു കൈമൾക്കു സീ.എമ്മിനും മാത്രം. ഒരു പക്ഷേ ആ ലിസ്‌റ്റിൽ പെരുമാൾ കൂടിയുണ്ടാവണം. പറയാനുള്ളതൊക്കെ അപ്രിയമായ ഏതോ സത്യങ്ങൾ. എനിക്കുറപ്പുണ്ടു സാർ. ആരും ഒന്നു പറഞ്ഞുതരില്ല. മുഖ്യമന്ത്രിയുടെ മനസ്സാക്ഷിയുടെ താക്കോൽ ഇപ്പോഴുള്ളത് കരിമഠം പെരുമാളുടെ കൈയ്യിൽ.’
‘എല്ലാം ശരിയാണു മോഹൻ. അതൊന്നും കുറുപ്പിനെ രക്ഷിക്കാൻ കഴിയാത്തതിനുള്ള ന്യായീകരണങ്ങളല്ല. നമുക്കു പറ്റിയ തെറ്റു മറച്ചുവച്ചിട്ടു കാര്യമില്ല. എനിവേ ഇറ്റ് ഹാപ്പെൻഡ്. ഇനി നമ്മൾ ശ്രമിക്കേണ്ടത് അയാളെങ്ങനെ കൊല്ലപ്പെട്ടുവെന്നറിയാനാണ്. നിങ്ങളുടെയൊക്കെ കൺമുന്നിലൂടെ ശത്രുഘ്‌നൻ എങ്ങനെ കുറുപ്പിന്റെ ബെഡ്‌റൂമിലെത്തിയെന്ന്.’
അരവിന്ദ്‌ശർമ്മയുടെ വാക്കുകൾ മുറിച്ചുകൊണ്ടു ഫോൺ ഗർജ്ജിച്ചു. അരവിന്ദ്‌ശർമ്മ ഒരു നിമിഷം സ്‌തബ്‌ധനായി. പിന്നെ ഭീതിയോടെ റിസീവറെടുത്തു. ലൈനിൽ ജനാർദ്ദനൻ തമ്പിയായിരുന്നു. റിസീവർ കാതിൽ ചേർത്തുവച്ച് അരവിന്ദ് ശർമ്മ മരവിച്ചിരുന്നു.
ക്രൂരമായ ശബ്‌ദത്തിൽ തമ്പി പറഞ്ഞു. ‘പേടിക്കണ്ട അഭിനന്ദനം പറയാനാ വിളിച്ചത്. കുറുപ്പിനെകൊന്നുതന്നല്ലോ. അടുത്ത ഇര റെഡിയായിട്ടുണ്ട്. കൈമൾ. അയാൾക്കു ഡെഡ്‌ലൈൻ കിട്ടിക്കഴിഞ്ഞു. ഇത്തവണ ശത്രുഘ്‌നൻ നേരിട്ടു വന്നാ അതു കൊടുത്തത്. അവനേക്കൂടി മാന്യമായി യാത്രയാക്ക് അരവിന്ദാ.’
അരവിന്ദ് ശർമ്മ ശബ്‌ദിച്ചില്ല. ‘
നാവിൻതുമ്പിൽ തീപ്പൊരിയുമായി നടക്കുന്ന ഒരു മിടുമിടുക്കനുണ്ടല്ലോ ഡിപ്പാർട്ട്‌മെന്റിൽ – കമ്മീഷണറുടെ മേലങ്കിയുമിട്ട്? തീപ്പൊരി വാക്കിൽ മാത്രമല്ല ഡ്യൂട്ടിയിലും വേണമെന്നു മനസ്സിലാവുന്ന ഭാഷേല് ഒന്നു പറഞ്ഞുകൊടുക്ക് അരവിന്ദാ?
അരവിന്ദ് ശർമ്മയുടെ മുഖത്ത് വിയർപ്പ് പൊടിഞ്ഞു.
പിന്നെയുമില്ലേ ഒരുപാടു മിടുക്കന്മാര് തലയ്‌ക്ക് പാകമാവാത്ത തൊപ്പീംവച്ച്…. അസിസ്‌റ്റന്റ് കമ്മീഷണർ ഇന്ദ്രപാൽ, ഡിവൈ.എസ്.പി. ഹരീന്ദ്രൻ. കൊച്ചുപിള്ളേര് ഇതിനേക്കാൾ ഭേദമായി കള്ളനും പോലീസും കളിക്കും.
താനവിടെ ഇല്ലേടോ അരവിന്ദാ. അതോ കാറ്റുപോയോ?’
‘സാർ.’
അരവിന്ദ് ശർമ്മയുടെ ശബ്‌ദം വിറച്ചു.
‘ഭാഗ്യം. അപ്പോൾ ജീവനുണ്ട്. കുറുപ്പ് എങ്ങനെയാ ചത്തതെന്നു ഞാൻ ചോദിക്കണില്ല. അതിനു കണിയാരുടെയടുത്തു പോകേണ്ടിവരില്ലേ നിങ്ങൾക്കൊക്കെ?’
അടുത്ത മന്ത്രിസഭാ യോഗത്തിൽ അങ്ങനെയൊരാളെ തന്റെ സ്‌ഥാനത്ത് അപ്പോയിന്റ് ചെയ്യാൻ ഞാൻ ശുപാർശ ചെയ്യാം. എന്നാൽ സമയം കളയണ്ട. കൈമൾ ആധിപിടിച്ചു സമാധിയാവണേനുമുമ്പ് അയാൾക്കും കുറുപ്പിനു കൊടുത്തതുപോലെയുള്ള പ്രൊട്ടക്‌ഷൻ കൊടുക്ക്.‘
അങ്ങേത്തലയ്‌ക്കൽ ലൈൻ കട്ടായി റിസീവർ ക്രാഡിലിലിട്ട് അരവിന്ദശർമ്മ പിന്നോട്ടു ചാഞ്ഞു.
ഇന്ദ്രപാൽ ചോദിച്ചു. ’എന്താ സാർ?‘
നിസ്സഹായനായി അരവിന്ദ്‌ശർമ്മ പറഞ്ഞു.
’അടുത്ത ഊഴം രാമകൃഷ്‌ണക്കൈമളുടെ. അയാൾക്കും ഡ് ലൈൻ കിട്ടിക്കഴിഞ്ഞു ശത്രുഘ്‌നൻ നേരിട്ടാ അയാൾക്കത്……‘
എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ രാജ്‌മോഹൻ ഒരടി മുന്നോട്ടുവച്ചു. അരവിന്ദ്‌ശർമ്മ രാജ്‌മോഹനെ നോക്കി.
രാജ്‌മോഹൻ കത്തുന്ന ശബ്‌ദത്തിൽ പറഞ്ഞു. ’എന്തുതന്നെ സംഭവിച്ചാലും കൈമൾ മരിച്ചുകൂടാ കൈമൾ മാത്രമല്ല ഹിറ്റ്‌ലിസ്‌റ്റിലുള്ള ആരും തന്നെ ഇനി മരിച്ചു കൂടാ.‘
അരവിന്ദ്‌ശർമ്മ രാജ്‌മോഹനെ നോക്കി. ’കറുപ്പിന്റെ കാര്യത്തിലും അച്ചുതൻകുട്ടിയുടെ കാര്യത്തിലും നീ ഇങ്ങനെതന്നെയാണു പറഞ്ഞത്. വാക്കുകളുടെ ചൂടാറുന്നതിനുമുൻപ്……‘
രാജ്‌മോഹൻ അരവിന്ദ്‌ശർമ്മയെ തടഞ്ഞുകൊണ്ടു പറഞ്ഞു.
’ഇതങ്ങിനെയാവില്ല സാർ. ശത്രുഘ്‌നനെതിരെ ഞാൻ കാത്തുവയ്‌ക്കാൻ പോകുന്ന ജീവനുള്ള സാക്ഷിയാണ് രാമകൃഷ്‌ണക്കൈമൾ.‘
അരവിന്ദ് രാജ്‌മോഹനെ തുറിച്ചുനോക്കി.
’ഇനി ശത്രുഘ്‌നനുണ്ടാവേണ്ടത് ആ നാലു കെട്ടിലല്ല. ലോക്കപ്പുറൂമിൽ. പക്ഷേ അതിനുമുൻപ് കൈമൾ എല്ലാമെനിക്കു പറഞ്ഞുതരണം. പറയാൻ ഭാവമില്ലെങ്കിലും ഞാൻ പറയിപ്പിക്കും. ടോർച്ചർ റൂം റെഡിയാക്കി വച്ചോ ഹരീന്ദ്രാ. രണ്ടു വി.ഐ.പി.കളെ ഈ രാത്രി ഒന്നിച്ചു ഞാനവിടെയത്തിക്കാം.‘
രാജ്‌മോഹൻ അറ്റൻഷനായി അരവിന്ദ്‌ശർമ്മയെ സല്യൂട്ട് ചെയ്‌തു.
അരവിന്ദ്‌ശർമ്മ മെല്ലെ തിരക്കി. ’ഒരിക്കൽകൂടി ഒന്നാലോചിച്ചിട്ടുപോരേ എടുത്തുചാടാൻ?‘
’ആലോചിച്ചല്ലോ സാർ. ഒരിക്കലല്ല. പലവട്ടം മുന്നിലുള്ളത് ഈ വഴിമാത്രം.‘
രാജ്‌മോഹൻ പുറത്തേക്കു നടന്നു. മാരുതി റോഡിന്റെ മാറുപിളർന്നു. രാജ്‌മോഹൻ പോയിക്കഴിഞ്ഞു കുറേനേരം കഴിഞ്ഞപ്പോൾ ക്ലീൻഹൗസിൽ ഫോൺ ശബ്‌ദിച്ചു. ജനാർദ്ദനൻ തമ്പി റിസീവറെടുത്തു. ’തമ്പി ഹിയർ.‘
അങ്ങേത്തലയ്‌ക്കൽ നിന്നു പതറിയ ഒരു ശബ്‌ദംവന്നു. ’ഞാനാ സാർ ഇന്ദ്രപാൽ.‘
’എന്താ ഇന്ദ്രാ?‘
’മോഹൻസാർ കൈമളുടെ വീട്ടിലേക്കു പോയിട്ടുണ്ടു സാർ. ടോർച്ചർ റൂം റെഡിയാക്കണമെന്നു ഞങ്ങളോടു പറഞ്ഞിട്ടുണ്ട്.‘
’എന്തിന്?‘
’കൈമളെക്കൊണ്ട് എല്ലാം തുറന്നു പറയിക്കാൻ. പറഞ്ഞില്ലെങ്കിൽ അറസ്‌റ്റ് ചെയ്‌തു ടോർച്ചർ റൂമിലേക്കു കൊണ്ടുപോരാൻ. കൈമൾക്ക് അധികനേരം പിടിച്ചു നിൽക്കാനാവുമെന്നു തോന്നുന്നില്ല സാർ.‘
’നന്നായി ഇന്ദ്രപാലാ. നീ കൂറുള്ളവനാ. തക്കസമയത്തുതന്നെ സഹായിച്ചു താങ്ക്‌സ്.‘
റിസീവർ കൈയിൽ പിടിച്ചുകൊണ്ടുതന്നെ തമ്പി ലൈൻ കട്ടു ചെയ്‌തു. പിന്നെ അയാൾ കൈമളുടെ ബംഗ്ലാവിലെ നമ്പർ ഡയൽ ചെയ്‌തു. ബംഗ്ലാവിൽ ബെൽമുഴങ്ങി. കൈമൾ പേടിയോടെ ഫോണിലേക്കു നോക്കി. പിന്നെ തുറന്നുകിടന്നിരുന്ന ജനാലയ്‌ക്കുള്ളിലൂടെ പുറത്തേക്കും. ബെൽ തുടരെ ശബ്‌ദിച്ചുകൊണ്ടിരുന്നു. കൈമൾ വിറയ്‌ക്കുന്ന കാലുകളുമായി ഫോണിനു നേരെ നടന്നു. ഫോണിനടുത്തെത്തി. റിസീവറിനു നേരെ കൈനീട്ടി. പെട്ടെന്നു ജനലിനുള്ളിലൂടെ ഒരു കൈ അകത്തേക്കു നീണ്ടുവന്നു. കൈമൾ ഒരു നിലവിളിയോടെ പിന്നോട്ടാഞ്ഞു. ജനലിനുള്ളിലൂടെ അകത്തേക്കു നീണ്ടുവന്ന കൈ ഇതിനിടെ റിസീവറെടുത്തിരുന്നു.
Generated from archived content: ananthapuri18.html Author: nk_sasidharan