രാമകൃഷ്‌ണക്കൈമൾ കറുപ്പിന്റെ ഭാവമാറ്റം കണ്ട് അമ്പരന്നുപോയി. അയാൾ സംഭ്രമത്തോടെ ചോദിച്ചു.
‘എന്താ… എന്താ കുറുപ്പേ?’
കുറുപ്പ് മിണ്ടിയില്ല. അയാളുടെ കൈയിലിരുന്ന കടലാസ് വിറയ്‌ക്കുന്നതു കൈമൾ കണ്ടു അയാൾ മുന്നോട്ടാഞ്ഞു കുറുപ്പിന്റെ കൈയ്യിൽ നിന്ന് കടലാസ് വാങ്ങി. അതിലെഴുതിയിരുന്നു.
‘നീതിയും നിയമവും കാൽക്കീഴിലിട്ടു ചവിട്ടിമെതിച്ചതിന് – കറുത്ത കുപ്പായത്തെ അവഹേളിച്ചതിന് ചോരപുരണ്ട വഴിത്താരയിൽ ശവങ്ങൾ കുന്നുകൂട്ടിയതിന് – ജീവൻ കൊണ്ടുള്ള കയ്യൊപ്പുപോലും ഒരു തുള്ളി ചോരയ്‌ക്കു പകരമാവില്ലെന്നറിയാം.
എന്നാലും എനിക്കു തരാൻ അതല്ലാതെ മറ്റൊന്നും നിങ്ങളുടെ പക്കലില്ലല്ലോ. തന്നേക്കു.
ശേഷിക്കുന്നതു ബാക്കിയുള്ള ഈ പകൽ. പിന്നെ ഒരു രാത്രി. നാളത്തെ സൂര്യോദയം നിങ്ങൾ കാണില്ല കുറുപ്പേ.’
കത്തു വായിച്ച കൈമൾ ഉറക്കെ നിലവിളിച്ചുപോയി.
‘എന്റീശ്വരാ.’
കുറുപ്പ് അനങ്ങിയില്ല അയാളാകെ തളർന്നു പോയിരുന്നു. പേടികൊണ്ടു ശരീരം മാത്രമല്ല മനസ്സും മരവിച്ചുപോയിരുന്നു.
കൈമൾ കുറുപ്പിനെ കുലുക്കിവിളിച്ചു.
‘കുറുപ്പേ…… കുറുപ്പേ…….’
കുറുപ്പ് ദീനതയോടെ തല ഉയർത്തി. പതറിയ ശബ്‌ദത്തിൽ അയാൾ പറഞ്ഞു.
‘ശേഷിക്കുന്നതു ബാക്കിയുള്ള ഈ പകലും….. രാത്രിയും …… നാളെ …… നാളെ ഞാനുണ്ടാവില്ല കൈമളേ… ഇനി നമ്മൾ തമ്മിൽ ഒരിക്കലും കാണില്ല.’
കൈമൾ ഡോർ തുറന്നു പുറത്തിറങ്ങി.
‘എന്തു സംഭവിച്ചാലും നമ്മൾ മൂന്നുപേരും ബാക്കിയുണ്ടാവുമെന്നു തമ്പി ഉറപ്പു തന്നിട്ടില്ലേ? വാ ഈ കത്തു നമുക്ക് അയാളെ കാണിക്കാം.
’എന്നാലും ഞാൻ മരിക്കും കൈമളേ…… പറഞ്ഞാൽ….. പറഞ്ഞതുപോലെ ചെയ്യുന്നവനാ ശത്രുഘ്‌നൻ….. പോലീസ് കാവലുണ്ടായിട്ടും അച്ചുതൻകുട്ടിയെ അവൻ…. ഇല്ല…. ഇല്ല കൈമളേ….. ശത്രുഘ്‌നനു തെറ്റുപറ്റില്ല….. എന്നെയും….. എന്നെയും അവൻ കൊണ്ടുപോകും……‘
കൈമൾ കുറുപ്പിന്റെ കൈയിൽ പിടിച്ചുവലിച്ചു.
’ഇല്ല കുറുപ്പേ…. ഇല്ല….. കൊണ്ടുപോവില്ല….. എനിക്കുറപ്പുണ്ട്….. ഈ കളിയിൽ അവൻ ജയിക്കില്ല. ഇറങ്ങിവാ…..‘
കുറുപ്പ് ഡോർ തുറന്നു വിവശനായി പുറത്തിറങ്ങി. അയാൾ നിലവിളിക്കുന്നതുപോലെ പറഞ്ഞു.
’എനിക്കു മാവേലിക്കരയിൽ പോണം. കൈമളേ…. അംബികേം മക്കളേം കാണണം. അവരോടൊക്കെ യാത്ര പറയണം. പിന്നെ വിൽപ്പത്രമെഴുതണം……
കൈമൾ ആശ്വസിപ്പിക്കുന്നതുപോലെ പറഞ്ഞു.
‘വേണ്ടാത്തതു പറയല്ലേ കുറുപ്പേ…… തനിക്ക് ഇനീം ഒന്നും സംഭവിച്ചിട്ടില്ല. തന്റെ ഭാര്യേം മക്കളുമൊക്കെ നാട്ടിൽ മനസ്സമാധാനത്തോടെ കഴിഞ്ഞോട്ടെ. വാ അകത്തേക്കു വാ. എന്താ ചെയ്യേണ്ടതെന്നു തമ്പി പറഞ്ഞുതരും…..’
കുറുപ്പും കൈമളും ജനാർദ്ദനൻ തമ്പിയുടെ മുറിയിലേക്കു നടന്നു. വാതിൽ തുറക്കുമ്പോൾ കൈമളുടെ കൈ വിറച്ചു. ജനാർദ്ദനൻ തമ്പി അത്ഭുതത്തോടെ കുറുപ്പിനെയും കൈമളെയും മാറി മാറി നോക്കി.
‘അല്ല, ഇതുവരെ പോയില്ലേ നിങ്ങൾ?’ എന്താ എന്തു പറ്റി?
കൈമൾ കൈയിലിരുന്ന കടലാസ് തമ്പിയുടെ നേരേ നീട്ടി. ആകാംക്ഷയൊടെ തമ്പി കടലാസ് വാങ്ങി അതിലെഴുതിയിരുന്നതു വായിച്ചപ്പോൾ അയാൾ നടുങ്ങിപ്പോയി. കത്തിൽ നിന്നും മുഖമുയർത്തി അയാൾ കുറുപ്പിനെ നോക്കി.
അപ്പോൾ ഇത്തവണ അവൻ പുഷ്‌പചക്രമൊരുക്കി വച്ചിരിക്കുന്നത് നിങ്ങൾക്കുവേണ്ടിയാണല്ലേ? പേടിക്കണ്ട. അതവൻ വയ്‌ക്കാൻ പോന്നതു നിങ്ങളുടെ ബോഡിയിലല്ല; രാജ്‌മോഹന്റെ ബോഡിയിൽ. ആദ്യമായി അവന്റെ കണക്കുകൾ ഈ തമ്പി തെറ്റിക്കും കുറുപ്പേ. ധൈര്യമായിരിക്കെടോ. തനിക്കൊരു ചുക്കും സംഭവിക്കില്ല. ഈ നാട്ടിലെ മുഖ്യമന്ത്രിയാ പറയുന്നത്. ഒരിക്കൽ പോലിസിനു പിഴച്ചുവെന്നു കരുതി അവരെ അവഗണിക്കേണ്ട കാര്യമില്ല. ഇപ്രാവശ്യം ഒരു പിഴവും സംഭവിക്കില്ല.‘
തമ്പി ഇന്റർകോമിൽ വിരലമർത്തി. പ്രൈവറ്റ് സെക്രട്ടറി പരുശുരാമൻ ലൈനിൽ വന്നു.
’എത്രയും പെട്ടെന്ന് അരവിന്ദനെയും, ഇന്ദ്രപാലിനെയും എനിക്കു വേണം. എവിടെയുണ്ടെങ്കിലും തപ്പിയെടുക്ക്.‘
’യെസ് സാർ.‘
തമ്പി ആത്‌മാവിശ്വാസത്തോടെ ചിരിച്ചു. കുറുപ്പും കൈമളും മെല്ലെ കസേരയിലേക്കു ചാഞ്ഞു.
തമ്പി ഒരു സിഗരറ്റെടുത്തു ചുണ്ടിൽ വച്ചു തീയെരിയിച്ചു. പതിനഞ്ചു മിനിറ്റേ കാത്തിരിക്കേണ്ടിവന്നുള്ളൂ. പുറത്ത് കാറിന്റെ ശബ്‌ദം കേട്ടു. അതിൽ നിന്ന് അരവിന്ദ് ശർമ്മയും ഇന്ദ്രപാലും ഇറങ്ങി. അവർ തിടുക്കത്തിൽ മുറിക്കുള്ളിലേക്കു വന്നു. അരവിന്ദ് ശർമ്മയെ കണ്ടയുടൻ തന്നെ ജനാർദ്ദനൻ തമ്പി കയ്യിരിരുന്ന കടലാസ് അയാളെ ഏൽപ്പിച്ചു. കടലാസിലെഴുതിയിരുന്നതു വായിച്ചപ്പോൾ അരവിന്ദ് ശർമ്മ ചെറുതായൊന്നു വിറച്ചു. തമ്പി അതു കണ്ടു. രോഷത്തോടെ അയാൾ പറഞ്ഞു.
’നിന്നു തുള്ളി വിറയ്‌ക്കാതെ വേണ്ടതെന്താണെന്നുവച്ചാൽ ചെയ്യ് അരവിന്ദാ. കുറുപ്പിനെ ഞാൻ തന്റെ കയ്യിലേൽപ്പിക്കാൻ പോവ്വാ. നാളെ വെളുത്തുകഴിഞ്ഞാലും ഇയാൾ ഇതുപോലെ തന്നെ ഉണ്ടാവണം. ശവമാണെനിക്കു തിരിച്ചു തരുന്നതെങ്കിൽ തന്നെ ആ കുപ്പായത്തിനുള്ളിലിട്ടു തന്നെ നിർത്തിപ്പൊരിക്കും ഞാൻ. ശത്രുഘ്‌നനുവേണ്ടി തന്ത്രപൂർവ്വം കെണിയൊരുക്കണം. എന്തെങ്കിലുമൊന്ന് ഏതെങ്കിലുമൊരു പത്രക്കാരന്റെ ചെവിയിലെത്തിയെന്നറിഞ്ഞാൽ താൻ പിന്നെ ജീവനോടെ ഇങ്ങോട്ടു വരേണ്ട അരവിന്ദാ. അച്ചുതൻകുട്ടിയെപ്പോലെ മാനമായിട്ടു ചത്തു പൊയ്‌ക്കോ.‘
’യെസ് സാർ.‘
’എന്തോന്നു യെസ് സാർ? ചത്തുപോകാൻ തീരുമാനച്ചെന്നോ?‘
അരവിന്ദ് ശർമ്മയുടെ മുഖം കടലാസുപോലെ വിളറി. വളരെ പണിപ്പെട്ട് അയാൾ പറഞ്ഞു.
’പ്രൊട്ടക്‌ഷൻ കൊടുത്തോളാം സാർ.‘ ജനാർദ്ദനൻതമ്പി നീട്ടി മൂളി. പിന്നെ അയാൾ ഇന്ദ്രപാലിനെ നോക്കി.
’പറഞ്ഞതൊക്കെ മനസ്സിലായല്ലോ? കുറുപ്പിനെന്തെങ്കിലും പറ്റിയാൽ എനിക്കെന്തെങ്കിലും പറ്റുന്നതുപോലെയാ. കണ്ണിലെ കൃഷ്‌ണമണിപോലെ കാത്തോളണം. തെറ്റുപറ്റിയെന്നു പറഞ്ഞ് ഒരു കഴുവേറീടെമോനും ഈ പടി ചവിട്ടരുത്.‘
ഇന്ദ്രപാൽ ശബ്‌ദിച്ചില്ല. തമ്പി കുറുപ്പിനെ നോക്കി.
’ഈ നിമിഷം മുതൽ നാളെ വൈകുന്നേരംവരെ നിങ്ങൾ ബംഗ്ലാവിൽത്തന്നെ ഉണ്ടാവണം കുറുപ്പേ…….‘
കുറുപ്പ് തലയാട്ടി.
ഒപ്പം ഇന്ദ്രപാലുമുണ്ടാവും പിന്നെ അരവിന്ദൻ ഏർപ്പെടുത്തുന്ന സെക്യൂരിറ്റിയും…..’
കുറുപ്പ് തലയാട്ടി.
‘ബംഗ്ലാവിനുള്ളീന്നു താൻ ഇനി ജലപാനംപോലും കഴിക്കണ്ട. തനിക്ക് ആവശ്യമുള്ള ആഹാരം പോലീസുകാർ എത്തിച്ചുതരും.’ കുറുപ്പു നിസ്സഹായനായി തമ്പിയെ നോക്കി. തമ്പി തുടർന്നു.
‘താൻ നാളത്തെ സൂര്യോദയം കാണില്ലെന്നു തീരുമാനിക്കുന്നതു ശത്രുഘ്‌നനല്ല. മനസ്സിലായല്ലോ? ധൈര്യമായിട്ടു പൊയ്‌ക്കോ. ഈ തമ്പി തന്റെ കൂടെയുണ്ടെടോ.’
കൈമൾ വിവശനായി ചോദിച്ചു.
‘അപ്പോൾ എന്റെ കാര്യമോ തമ്പീ? തമ്പി പറഞ്ഞു.
’തനിക്കിപ്പോൾ ഭീഷണിയൊന്നുമില്ലല്ലോ…. ഭീഷണിയുള്ളത് കുറുപ്പിനല്ലേ. അയാളുടെ കാര്യത്തിലൊരു തീരുമാനമാകാതെ ശത്രുഘ്‌നൻ നമ്മളെ രണ്ടുപേരെയും ഒന്നു നുള്ളി നോവിക്കുകപോലുമില്ലെടോ.
‘ഈ രാത്രി എല്ലാത്തിനും തീരുമാനമാവും കൈമളേ, നാളെ പുലരാനുള്ളത് നമ്മുടെയൊക്കെ പുതിയ പ്രഭാതം.’
കൈമളും കുറുപ്പും പുറത്തു കടന്നു. പിന്നാലെ അരവിന്ദ് ശർമ്മയും ഇന്ദ്രപാലും. കാറിനടുത്തെത്തിയപ്പോൾ അരവിന്ദ് ശർമ്മ ഇന്ദ്രപാലിനോടായി പറഞ്ഞു.
‘കൈമളെ ആദ്യം ഡ്രോപ്പ് ചെയ്യണം.’
‘യെസ് സാർ.’
‘വഴിയിലെങ്ങും കാർ നിർത്തണ്ട.’
‘യെസ് സാർ.’
‘കുറുപ്പിനു വരുന്ന എല്ലാ ഫോൺകോളും അറ്റൻഡ് ചെയ്യണം. ആരു ചോദിച്ചാലും കുറുപ്പ് ഔട്ട് ഓഫ് സ്‌റ്റേഷനാണെന്നു പറഞ്ഞേക്കൂ.’
‘യെസ് സാർ.’
‘പതിനഞ്ചു മിനിറ്റിനുള്ളിൽ രാജ്‌മോഹനും ഹരീന്ദ്രനും ജോസ് മാത്യുവുമെത്തും. അതുവരെ കുറുപ്പിന്റെ സംരക്ഷണച്ചുമതല നിനക്കാണ്. ബംഗ്‌ളാവിനുള്ളിൽ ഒരീച്ചപോലും അതിക്രമിച്ചുകയറിക്കൂടാ.’
‘ഞാൻ ശ്രദ്ധിച്ചോളാം സർ.’
‘ദെൻ മൂവ്.’
കുറുപ്പ് ഡ്രൈവിംഗ് സീറ്റിലെത്തി. അയാളുടെ കൈ വിറയ്‌ക്കുന്നത് അരവിന്ദശർമ്മ കണ്ടു.
‘ഇന്ദ്രപാൽ.’
‘സർ.’
‘കാർ താൻ ഡ്രൈവ് ചെയ്‌താൽ മതി.’
‘യെസ് സാർ.’
അരവിന്ദ് ശർമ്മ കുറുപ്പിനോടു പറഞ്ഞു.
‘പിന്നിലിരുന്നോളൂ. ഇനിയെല്ലാം ഇന്ദ്രപാൽ നോക്കിക്കൊള്ളും.’ കുറുപ്പും കൈമളും പിൻസീറ്റിൽ കയറി. ഇന്ദ്രപാൽ ഡ്രൈവിംഗ് സീറ്റിലും അരവിന്ദ് ശർമ്മ കാറിനുള്ളിലേക്കു കുനിഞ്ഞു.
ഡിപ്പാർട്ട്‌മെന്റിലെ കരുത്തന്മാരെയാ ഞാൻ നിങ്ങൾക്കു വിട്ടുതരുന്നത്. അച്ചുതൻകുട്ടിയുടെ കാര്യത്തിലുണ്ടായപോലുള്ള ഒരു പിഴവ് ഇനി ആവർത്തിക്കില്ല.‘
ഇന്ദ്രപാൽ മെല്ലെ പറഞ്ഞു.
’എന്നാൽ ഞങ്ങൾ മൂവ് ചെയ്യുകയാണ് സാർ.‘
’ഓക്കെ മിസ്‌റ്റർ ഇന്ദ്രപാൽ. ഇനിയുള്ള ഓരോ നീക്കവും വളരെ ശ്രദ്ധാപൂർവ്വമാവണം. മൈന്യൂട്ടായിട്ടുള്ള കാര്യങ്ങൾപോലും ശ്രദ്ധിക്കണം. മൂവ്…..‘
കാറിന്റെ ചക്രങ്ങൾ മുന്നോട്ടരുണ്ടു. അവർ കണ്ണിൽ നിന്നും മറയുന്നതുവരെ അരവിന്ദ് ശർമ്മ നോക്കിനിന്നു. കാർ അകന്നുകഴിഞ്ഞപ്പോൾ ശർമ്മ മെല്ലെ പിൻതിരിഞ്ഞു.
ഡോർ തുറന്നുപിടിച്ചു ഡ്രൈവർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. കാറിൽ കയറി അരവിന്ദ് ശർമ്മ പറഞ്ഞു.
’കമ്മീഷണർ ഓഫീസ്.‘
ഡോറടഞ്ഞു. കാർ കമ്മീഷണർ ഓഫീസ് ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞു. ഓഫീസിനു മുന്നിലെത്തിയപ്പോൾ കാർ നിന്നു. ഡോർ തുറന്ന് അരവിന്ദ് ശർമ്മ പുറത്തിറങ്ങി. വരാന്തയിലുണ്ടായിരുന്ന പോലീസുകാർ അറ്റൻഷനായി. അരവിന്ദ് ശർമ്മയെ കണ്ടപ്പോൾ രാജ്‌മോഹൻ പരിഭ്രമിച്ചുപോയി. അയാൾ കസേരയിൽ നിന്നും എഴുന്നേറ്റ് അറ്റൻഷനായി. ചുറ്റും കണ്ണുകൾകൊണ്ട് ഉഴിഞ്ഞിട്ട് അടക്കിയ ശബ്‌ദത്തിൽ ശർമ്മ പറഞ്ഞു.
’ഞാനിങ്ങോട്ടു നേരിട്ടു വന്നതുകൊണ്ടു കാര്യത്തിന്റെ ഗൗരവം നിനക്കു മനസ്സിലായിട്ടുണ്ടാവും. ഒരു വാഗ്വാദത്തിനോ ചർച്ചയ്‌ക്കോ ഇപ്പോൾ ഒട്ടും സമയമില്ല. പ്രോപ്പർ ചാനലിൽ കാര്യങ്ങൾ നീക്കാനുള്ള സാഹചര്യവുമില്ല.‘
കയ്യിലിലുന്ന കത്തു നീട്ടി ശർമ്മ തുടർന്നു.
’ഇതു വായിക്കുമ്പോൾ എല്ലാം നിനക്കു മനസ്സിലാവും മോഹൻ.‘
രാജ്‌മോഹൻ കത്തു വാങ്ങി വായിച്ചു. അയാളുടെ മുഖത്തു യാതൊരു ഭാവഭേദമുണ്ടായില്ല.
തികഞ്ഞ ശാന്തതയോടെ രാജ്‌മോഹൻ പറഞ്ഞു.
’മൂന്നുപേരിൽ ഒരാൾക്കു നറുക്കു വീഴുമെന്ന് എനിക്കറിയാമായിരുന്നു സാർ. ആ ഭാഗ്യം വീണുകിട്ടിയത് നാരായണക്കുറുപ്പിന്. നന്നായി. ‘ അരവിന്ദ് ശർമ്മ പറഞ്ഞു.
’ഉടനെ നീ അങ്ങോട്ടു പോകണം. അടിയന്തിരമായി വേണ്ടതെല്ലാം ചെയ്യണം. ഇന്ദ്രപാൽ ഇപ്പോൾ അവിടെയുണ്ട്. അയാൾക്കു ചില നിർദ്ദേശങ്ങളൊക്കെ ഞാൻ കൊടുത്തിട്ടുണ്ട്. അതുപോരാ. നീ പോയി എല്ലാ പഴുതുകളുമടയ്‌ക്കണം. ഹരീന്ദ്രനും ജോസ് മാത്യുവും കൂടെ വന്നോട്ടെ. സഹായത്തിന് ഇനിയുമാരെങ്കിലും വേണമെന്നുണ്ടെങ്കിൽ പറഞ്ഞോളൂ. പക്ഷേ നമ്പർ കുറയ്‌ക്കണം. മഫ്‌റ്റിയിലാവുന്നതാണ് നല്ലത്. ആവശ്യമില്ലാതെ പുറത്തുള്ളവരുടെ ശ്രദ്ധ ആകർഷിക്കണ്ട.‘
രാജ്‌മോഹൻ ദൃഢമായ ശബ്‌ദത്തിൽ പറഞ്ഞു.
’ഭയപ്പെടേണ്ട സാർ. ഇനിയൊരാളേക്കൂടി അജ്ഞാതനായ ശത്രുവിനു കിട്ടില്ല. കുറുപ്പ് തൂക്കിലേറാനുള്ളവനാണെങ്കിൽപോലും നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ല. വിശ്വസിച്ചോളു സാർ. നാളത്തെ സൂര്യോദയം കാണാൻ കുറുപ്പ് ബാക്കിയുണ്ടാവും.‘
അരവിന്ദ് ശർമ്മ ആശ്വാസത്തോടെ ചിരിചു.
’ഈ തന്റേടവും ആത്‌മവിശ്വാസവുമാണു നിന്നെ ഡിപ്പാർട്ട്‌മെന്റിലെ ചുണക്കുട്ടനാക്കുന്നത്. അതുകൊണ്ടാണ് അതിർത്തിവിട്ടു സംസാരിക്കുമ്പോഴും ഞാൻ നിന്നെ സഹിക്കുന്നത്. കാക്കിയുടെ തിളക്കത്തിൽ ഒരിക്കലും മായം ചേർത്തിട്ടിലാത്ത നിന്നെ വല്ലാതെ ഞാൻ ഇഷ്‌ടപ്പെട്ടുപോയി.‘
രാജ്‌മോഹൻ സല്യൂട്ട് ചെയ്‌തുകൊണ്ടു പറഞ്ഞു.
’താങ്ക്‌യൂ സാർ. ഈ കോംപ്ലിമെന്റ് മനസ്സിൽ കാത്തുവയ്‌ക്കാതെ അങ്ങ് എനിക്കു നേരിട്ടുതന്നെ തന്നുവല്ലോ. വിശ്വസിച്ചോളൂ. സാർ. കുറുപ്പ് എന്ന നൊട്ടോറിയസ് ബാസ്‌റ്റർഡിനെ കാത്തുസൂക്ഷിച്ചുകൊണ്ടു ഞാൻ പോലീസിന്റെ മാനം കാക്കും.
‘പ്രൊസീഡ് മൈ ബോയ് ആൾ ദ് ബസ്‌റ്റ്’.
രാജ്‌മോഹൻ മെല്ലെ പുഞ്ചിരിച്ചു.
കാൽ മണിക്കൂറിനുള്ളിൽ രാജ്‌മോഹന്റെ മാരുതി നാരായണക്കുറുപ്പിന്റെ ബംഗ്ലാവിലെത്തി. പിൻസീറ്റിൽ ഹരീന്ദ്രനും ജോസ് മാത്യുവുണ്ടായിരുന്നു. ഇന്ദ്രപാൽ കാറിനടുത്തെത്തി അറ്റൻഷനായി. രാജ്‌മോഹൻ ഡോർ തുറന്നു പുറത്തിറങ്ങി. അയാൾ ഇന്ദ്രപാലിനുവേണ്ട നിർദ്ദേശങ്ങൾ നൽകി. അച്ചുതൻകുട്ടിയുടെ കാര്യത്തിലുണ്ടായതുപോയുള്ള പിഴവും ആവർത്തിക്കരുതെന്നു കർശനമായി താക്കീതു ചെയ്‌തിട്ട് രാജ്‌മോഹൻ മുന്നോട്ടു നടന്നു. ഹരീന്ദ്രനും ജോസ് മാത്യവും ഇതിനിടെ ബംഗ്ലാവിനു ചുറ്റുമുണ്ടായിരുന്ന കെട്ടിടങ്ങളൊക്കെ സൂക്ഷമായി പരിശോധിച്ചുതുടങ്ങി.
ഇന്ദ്രപാൽ ബംഗ്ലാവിനുള്ളിൽ കടന്നു മൂക്കും മൂലയുമെല്ലാം ഒരിക്കൽകൂടി അരിച്ചുപെറുക്കി.
രാജ്‌മോഹൻ കാർപോർച്ചിലെത്തി. കുറുപ്പിന്റെ നാലു കാറും പോർച്ചിലുണ്ടായിരുന്നു. രാജ്‌മോഹൻ റാറ്റാ എസ്‌റ്റേറ്റിന്റെ മുന്നിലെത്തി.
‘ഇന്ദ്രപാൽ.’
‘സർ’
‘കാറുകളെല്ലാം പരിശോധിച്ചിട്ടു ലോക്ക് ചെയ്യണം.’
ഇന്ദ്രപാൽ അകത്തേക്കു നടന്നു. രാജ്‌മോഹൻ അൾസേഷ്യൻ പട്ടികളെ സൂക്ഷിച്ചിരുന്ന കൂടിനടുത്തേക്കു ചെന്നു. അവ നിർത്താതെ കുരയ്‌ക്കുന്നുണ്ടായിരുന്നു. രാജ്‌മോഹൻ കൂടിനുചുറ്റും നടന്നു. പിന്നെ ബംഗ്ലാവിനു പിന്നിലേക്കു തിരിഞ്ഞു. പൈപ്പ് ലൈനിലേക്ക് അയാളുടെ കണ്ണുകൾ പാളിവീണു. ഒരു നിമിഷം കണ്ണുകൾ അങ്ങനെതന്നെ നിന്നു. രാജ്‌മോഹൻ വീണ്ടും നടന്നു. ബംഗ്ലാവിലെ ഓരോ മണൽത്തരിയും കണ്ണുകൊണ്ടു തൊട്ടുഴിഞ്ഞുകൊണ്ട് സംശയിക്കത്തക്കതായി ഒന്നും കാണാനായില്ല.
അയാൾ ഓർത്തു. മരണം ഏതു രൂപത്തിലാണ് ഇവിടെയെത്താൻ പോകുന്നത്? ശത്രുഘ്‌നൻ കുറുപ്പിനെ എങ്ങനെയാവാം കൊല്ലാനുദ്ദേശിച്ചിട്ടുള്ളത്? രാജ്‌മോഹൻ മെല്ലെ തിരിഞ്ഞു ബംഗ്‌ളാവിന്റെ മുന്നിലേക്കു നടന്നു.
അയാളുടെ മനസ്സിൽ ചുമന്ന മഷിയിലെഴുതിയ അക്ഷരങ്ങൾ തെളിഞ്ഞു.
ബാക്കിയുള്ള പകലും ഒരു രാത്രിയും അതുവരെ മരണം ഈ ചുറ്റുവട്ടത്തുണ്ടാവും. അതിക്രമിച്ചുകയറാൻ തക്കം പാർത്ത്. അനുവദിച്ചുകൂടാ ഒരു കാരണവശാലും കറുപ്പ് കൊല്ലപ്പെട്ടുകൂടാ.
രാജ്‌മോഹൻ ബംഗ്‌ളാവിനുള്ളിലേക്കു കടന്നു. ഭംഗിയായി അലങ്കരിച്ച സ്വീകരണമുറി. ഷോകേസിൽ അടുക്കിവച്ചിട്ടുള്ള കൗതുക വസ്‌തുക്കൾ ടീപ്പോയിൽ നിരന്നു കിടന്ന പത്രങ്ങളും വാരികകളും. മുറിയുടെ മൂലയിൽ ടിവി സ്‌റ്റാൻഡിൽ ആധുനിക രീതിയിലുള്ള ടി.വി. തൊട്ടുതാഴെ വി.സി.ആർ. എറ്റവുമടിയിൽ ഒരു ടേപ്പ് റിക്കോർഡർ.
രാജ്‌മോഹന്റെ കണ്ണുകൾ ഭ്രാന്തുപിടിച്ചതുപോലെ മുറിയിൽ അങ്ങുമിങ്ങും ഉഴറി നടന്നു.
എവിടെയാണ്…….എവിടെയാണ് മരണം പതിയിരിക്കുന്നത്? രാജ്‌മോഹൻ ടെലിഫോണിനടുത്തെത്തി ഒരു നിമിഷം നിന്നു. പിന്നെ മെല്ലെ റിസീവറിൽ തൊട്ടു. പെട്ടെന്ന് ഓർക്കാപ്പുറത്തു ബെൽ മുഴങ്ങി. ഒരു നിമിഷം കാത്തു നിന്നിട്ട് രാജ്‌മോഹൻ റിസീവറെടുത്തു കാതിൽ ചേർത്തു.
അയാൾ ദൃഢമായ ശബ്‌ദത്തിൽ പറഞ്ഞു.
‘കമ്മീഷണർ ഹീയർ.’
അങ്ങേത്തലയ്‌ക്കൽ കനത്ത ഒരു പൊട്ടിച്ചിരിക്കിടയിലൂടെ ശബ്‌ദം വന്നു.
‘വെൽക്കം മിസ്‌റ്റർ കമ്മീഷണർ’.
രാജ്‌മോഹന്റെ ശബ്‌ദം കനത്തു.
‘ആരാ സംസാരിക്കുന്നത്?’
അങ്ങേതലയ്‌ക്കൽ വീണ്ടും ചിരി. പരിഹാസച്ചിരി. രാജ്‌മോഹൻ ജ്വലിച്ചു. ചോദിച്ചതു കേട്ടില്ലേ? ആരാ സംസാരിക്കുന്നത്?‘
റിസീവറിലൂടെ കൂർത്ത ശബ്‌ദം വന്നു.
’കരിമഠം പെരുമാളിന്റെ കാലു നക്കി നടക്കുന്ന ഒരു പട്ടിക്കു പ്രൊട്ടക്‌ഷൻ കൊടുക്കാൻ അനന്തപുരിയിലെ കമ്മീഷണർ തന്നെ വേണമെന്നുണ്ടോ?‘
രാജ്‌മോഹൻ പൊട്ടിത്തെറിച്ചു.
’ആരാ നീ?‘
റിസീവറിലൂടെ വണ്ടും മുഴക്കമുള്ള ശബ്‌ദം……
’സാക്ഷാൽ യമൻതന്നെ നേരിട്ടിറങ്ങിവന്നു പ്രൊട്ടക്‌ഷൻ കൊടുത്താലും കുറുപ്പിനെ രക്ഷിക്കാനാവില്ല മിസ്‌റ്റർ കമ്മീഷണർ. മരണം നിങ്ങളുടെ കൺമുന്നിലൂടെത്തന്നെ അകത്തെത്തിക്കഴിഞ്ഞു…… ഇപ്പോഴതു കൺമുന്നിലല്ല. കൈ അകലത്തിൽ. അയാം സോറി മിസ്‌റ്റർ കമ്മീഷണർ. ദൈവം കൈ ഒഴിഞ്ഞവനെ ആർക്കും രക്ഷിക്കാനാവില്ല. നിങ്ങൾക്കും.
രാജ്‌മോഹൻ റിസീവർ ക്രാഡിലിലേക്കെറിഞ്ഞു. ആ ശബ്‌ദത്തിന്റെ ഉടമസ്‌ഥനെ അയാൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു- ശത്രുഘ്‌നൻ.
Generated from archived content: ananthapuri15.html Author: nk_sasidharan