ഡി.ജി.പി. അരവിന്ദ്‌ശർമ്മ രാജ്‌മോഹനെ നോക്കി രോഷത്തോടെ ചോദിച്ചു.
‘ഇപ്പോഴും ഈ സിറ്റിയുടെ കമ്മീഷണറാണെന്നു പറയാൻ നാണമില്ലേ മോഹൻ?’
രാജ്‌മോഹൻ മിണ്ടിയില്ല. അരവിന്ദ് ശർമ്മ ഇന്ദ്രപാലിനെയും രാജ്‌മോഹനെയും മാറി മാറി നോക്കി.
‘അച്ചുതൻകുട്ടിയുടെ മർഡർ പോലീസിനാകെ ചീത്തപ്പേരുണ്ടാക്കി. സമർത്ഥമായിട്ടാണ് കൊലയാളി അയാളെ വകവരുത്തിയത്. വിഷം ഇഞ്ചക്‌റ്റു ചെയ്‌താണ് അച്ചുതൻകുട്ടിയെ കൊലപ്പെടുത്തിയതെന്നറിയാൻ പോസറ്റുമോർട്ടം റിപ്പോർട്ട് കിട്ടുന്നതുവരെ നമുക്കു കാത്തുനിൽക്കേണ്ടിവന്നു. ആകപ്പാടെ നാണക്കേടായി. ഏതായാലും കഴിഞ്ഞതുകഴിഞ്ഞു. ഇനി ഇവിടെ ഇതുപോലെ ഒരു സംഭവമുണ്ടായിക്കൂടാ. വി.വി.ഐ.പി.കളുടെ സെക്യൂരിറ്റി ശക്തിപ്പെടുത്തണം. സി.എമ്മിന്റെ പ്രൊട്ടക്‌ഷൻ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് നിർഭാഗ്യവശാൽ ഒരു വലിയ ഫോഴ്‌സിനെ അവരുടെ സംരക്ഷണച്ചുമതല ഏല്‌പിക്കാൻ സാങ്കേതികമായ ബുദ്ധിമുട്ടുണ്ട്. എന്നാലും നമുക്കവരെ അവഗണിച്ചുകൂടാ.’
ഇന്ദ്രപാൽ ചോദിച്ചു.
‘പക്ഷേ അവരുടെ ജീവനു ഭീഷണിയുണ്ടെങ്കിൽ നമുക്ക് ക്രൈം ബ്രാഞ്ചിന്റെ സഹായം ആവശ്യപ്പെട്ടുകൂടേ സാർ.’
അരവിന്ദ്‌ശർമ്മ ശാന്തനായി പറഞ്ഞു.
‘ലോക്കൽ പോലീസ് കഴിവുകെട്ടവരാണെന്ന് ക്രൈം ബ്രാഞ്ചിനോട് ഏറ്റുപറയുന്നതുപോലെയാവും ആ നീക്കം. നിങ്ങളുടെയൊക്കെ കഴിവുകളിൽ ഇപ്പോഴും എനിക്ക് അമിതമായ വിശ്വാസമുണ്ട്. അച്ചുതൻകുട്ടിയുടെ മർഡർ നിങ്ങളെ കുറെക്കൂടി ജാഗരൂകരാക്കുമെന്ന ഉറപ്പുണ്ട്.’
രാജ്‌മോഹൻ അരവിന്ദ് ശർമ്മയെ നോക്കി.
‘ഇങ്ങനെയൊരു ഭീഷണിയുള്ളകാര്യം പുറംലോകമറിയുന്നത് സി.എമ്മിന് ഇഷ്‌ടമല്ലെന്ന് അങ്ങിനിയും പറഞ്ഞിട്ടില്ല.
അരവിന്ദ് ശർമ്മയുടെ ശബ്‌ദമുയർന്നു.
’അങ്ങിനെയെങ്കിൽ അങ്ങനെ. നമ്മുടെ നീക്കം വലിയൊരിഷ്യൂവാകണ്ട. പത്രക്കാർക്ക് ഒരു ക്ലൂപോലും കിട്ടിക്കൂടാ. അച്ചുതൻകുട്ടി ആത്‌മഹത്യ ചെയ്‌തതാണെന്ന് പത്രസമ്മേളനത്തിൽ ഞാൻ പറഞ്ഞുകഴിഞ്ഞു. ഇനി അത് മാറ്റിപ്പറയണ്ട‘
രാജ്‌മോഹൻ ചിരിച്ചു.
’രണ്ടു കൂട്ടരേ തെറ്റു ചെയ്യാത്തവരായി ഉള്ളുവെന്ന് ലെനിൻ പറഞ്ഞിട്ടുണ്ട്. അതിനൊരു തിരുത്താവാം. നുണപറയാത്തവരായി രണ്ടുകൂട്ടരേയുളളു. ഗർഭസ്‌ഥശിശുവും മൃതശരീരവും.‘
അരവിന്ദശർമ്മ അതു ശ്രദ്ധിച്ചില്ല.
ഇന്ദ്രപാലിനോടായി അയാൾ പറഞ്ഞു.
’ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നിഴൽ പോലെ ഒരാൾ എപ്പോഴും നിങ്ങളുടെ പിന്നാലെയുണ്ടാവും..
അച്ചുതൻകുട്ടിയുടെ കൊലയാളിയായി സി.എം.സംശയിക്കുന്നത് അയാളെയാണ്. ഒരു പക്ഷേ കുറുപ്പിന്റെയും കൈമളുടെയും പിന്നിലും അയാൾ ഉണ്ടായിക്കൂടെന്നില്ല.‘
’അറിയാം സാർ‘.
ഇന്ദ്രപാൽ പറഞ്ഞു.
’വി.ഐ.പി.കൾ മരിക്കുമ്പോൾ പുഷ്‌പചക്രവുമായി വരാറുള്ളയാളല്ലേ, ഒരു ശത്രുഘ്‌നൻ?‘
’യുവാർ റൈറ്റ്. മോർച്ചറിക്കുള്ളിൽ കടന്നു. അയാൾ അച്ചുതൻകുട്ടിയുടെ ബോഡിയിൽ പുഷ്‌പചക്രം വച്ചിരുന്നു.‘
രാജ്‌മോഹൻ ഒരടി മുന്നോട്ടുവച്ചു.
’ആർക്കൊക്കെയാണു സെക്യൂരിറ്റി കൊടുക്കേണ്ടതെന്ന് എനിക്കിനിയും മനസ്സിലായിട്ടില്ല.‘
അരവിന്ദ്‌ശർമയ്‌ക്കു ദേഷ്യം വന്നു.
’അപ്പോൾ ഇത്രയും നേരം ഞാൻ പറഞ്ഞതൊക്കെ?‘
’എക്‌സ്‌ക്യൂസ്‌മീ സാർ. സാർ പറഞ്ഞ വമ്പന്മാരെയൊക്കെ സംരക്ഷിക്കാൻ ഇപ്പോൾ പോലീസിനെക്കാൾ കരുത്തുള്ള ഒരാളുണ്ട്.
രാജ്‌മോഹൻ എന്താണു പറഞ്ഞു വരുന്നതെന്ന് അവരവിന്ദ ശർമ്മയ്‌ക്കു മനസ്സിലായില്ല. അദ്ദേഹം രാജ്‌മോഹനെ ചോദ്യഭാവത്തിൽ നോക്കി. നിർവികാരതയോടെ രാജ്‌മോഹൻ പാന്റ്‌സിന്റെ പോക്കറ്റിൽ നിന്നും ഒരു ഫോട്ടേയെടുത്ത് മേശപ്പുറത്തേയ്‌ക്കിട്ടു.
കൈമളുടെ വീട്ടിലെ രാജസദസ്സ്. മുഖ്യമന്ത്രി പങ്കെടുത്ത ഒരു വിരുന്നുസൽക്കാരം. കൈമളോടും കുറുപ്പിനോടും അച്ചുതൻകുട്ടിയോടുമൊപ്പം സൗഹൃദം പങ്കുവയ്‌ക്കുന്നത് കരിമഠം പെരുമാൾ.‘
അരവിന്ദശർമ്മ സ്‌തബധനായിപ്പോയിരുന്നു. ഹരീന്ദ്രനും ഇന്ദ്രപാലും രാജ്‌മോഹനെ തറച്ചുനോക്കി.
രാജ്‌മോഹൻ തികഞ്ഞ ശാന്തതയോടെ പറഞ്ഞു.
ക്രിമിനലും പോലീസും പൊളിറ്റീഷ്യനും ചേർന്നുള്ള പരസ്‌പരപുരകസംഘമാണ് ഫോട്ടോയിലുള്ളത്.’
സത്യത്തിൽ ഇവരെ സംരക്ഷിക്കാൻ പോലീസ് എന്തിനാണു സാർ?
പെരുമാൾ മാത്രം പോരേ?‘
അരവിന്ദ് ശർമ്മ അമ്പരപ്പോടെ ചോദിച്ചു.
’ഈ………..ഫോട്ടോ……… നിനക്കെവിടെനിന്നു കിട്ടി മോഹൻ?“
രാജ്‌മോഹൻ ഫോട്ടോയെടുത്ത് പോക്കറ്റിലിട്ടു.
സോഴ്‌സറിഞ്ഞാലും നെഗറ്റീവ് കിട്ടില്ല. കനത്ത തുക കൊടുത്താലും പ്രയോജനമില്ല. തൽക്കാലം സാറതറിയണ്ട.‘
അരവിന്ദ് ശർമ്മ ശബ്‌ദം നഷ്‌ടപ്പെട്ട് പകച്ചുനിന്നു പോയി.
രാജ്മോാഹൻ തുടർന്നു.
’ഈ ഫോട്ടോയിലുള്ളവരാണ് അനന്തപുരിയിൽ ഇപ്പോൾ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത്, അച്ചുതൻകുട്ടി പോയി. ബാക്കിയുള്ളത ്‌കൈമൾ. കുറുപ്പ്……….. തമ്പി…….. പിന്നെ പെരുമാൾ. കൊല്ലുന്നത് മറ്റാരുമല്ല. ഇപ്പോഴും അവരുടെയാക്കെ പിന്നാലെ നിഴൽപോലെയുള്ള ശത്രുഘ്‌നൻ.
അരവിന്ദ് ശർമ്മ ദീനതയോടെ രാജ്‌മോഹനെ നോക്കി.
രാജ്‌മോഹൻ നിർവികാരതയോടെ ചോദിച്ചു.
‘ഇവരിലാർക്കെങ്കിലുമൊരാൾക്ക് ഡെഡ്‌ലൈൻ കിട്ടുമ്പോൾ പ്രൊട്ടക്‌ഷനെപ്പറ്റി ചിന്തിക്കുന്നതല്ലേ സാർ ഭംഗി?’
ആരും ശബ്‌ദിച്ചില്ല. രാജ്‌മോഹൻ മെല്ലെ തിരിഞ്ഞു. ആരെയും ശ്രദ്ധിക്കാതെ അയാൾ ഡോർ തുറന്നു പുറത്തുകടന്നു. കാലടിയൊച്ചയ്‌ക്ക് പഴയ മുഴക്കമില്ലെന്ന് അയാളറിഞ്ഞു.
ഡ്രൈവിംഗ് സീറ്റിലിരിക്കുമ്പോൾ രാജ്‌മോഹൻ ഒരേ കാര്യം മാത്രമേ ചിന്തിച്ചുള്ളൂ.
ഈ അനന്തപുരിയിൽ തനിക്ക് ഇനി എത്രമണിക്കൂർ ബാക്കിയുണ്ടാവും?
മാരുതി രാജ്‌മോഹന്റെ വീട്ടിനു മുന്നിലാണു തളർന്നുനിന്നത്. ഡോർ തുറന്ന് രാജ്‌മോഹൻ എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ പുറത്തിറങ്ങി ഗെയ്‌റ്റ് തുറന്ന് അകത്തു കടന്നു. അർച്ചന വരാന്തയിൽത്തന്നെ കാത്തു നിന്നിരുന്നു.
‘എന്താ മോഹൻ ഇത്? ഇടയ്‌ക്ക് ഫോണിലെങ്കിലും ഒന്നു വിളിച്ചുകൂടെ? എനിക്കറിയാം. ഈയിടെയായി മോഹൻ ഒരുപാടു മാറിയിരിക്കുന്നു. ഞാനിവിടെ ഉണ്ടെന്നുള്ളതുപോലും മറന്നതുപോലെ. എന്താ ഈ നാടൻ പെണ്ണു കമ്മീഷണറുടെ ഭാര്യയാണെന്നു പറയുന്നത് സ്‌റ്റാറ്റസ്സിനു കുറവായി തോന്നുന്നുണ്ടോ മോഹന്?
അങ്ങനെ തോന്നുന്നുണ്ടെങ്കിൽ തുറന്നു പറയണം. പിന്നെ ഒരിക്കലും ഞാൻ ശല്യപ്പെടുത്താൻ വരില്ല.’
രാജ്‌മോഹൻ അർച്ചനയെ നോക്കിയില്ല. അയാൾ ശബ്‌ദം താഴ്‌ത്തി പറഞ്ഞു.
‘ഇപ്പോൾ ഞാനെന്തു പറഞ്ഞാലും നിനക്കു മനസ്സിലാവില്ല. കൂടുതലെന്തെങ്കിലും പറയാൻ എന്നെ നിർബന്ധിക്കല്ലേ അർച്ചനേ. ഡ്രസ്സൊക്കെ പായ്‌ക്കു ചെയ്‌തോളൂ. നീ ഉടനെ നാട്ടിലേക്കു പോവുകയാണ്.’
അർച്ചന അത്ഭുതത്തോടെ രാജ്‌മോഹനെ നോക്കി.
‘നമ്മൾ – നമ്മളൊന്നിച്ചല്ലേ പോകുന്നത്? ഇത്രയും നല്ലൊരു വാർത്ത ഇങ്ങനെ ഗ്ലൂമിയായിട്ടു പറയണോ? എപ്പോഴാ പോകേണ്ടത്?’
രാജ്‌മോഹൻ അകത്തേയ്‌ക്കു നടന്നുകൊണ്ടു പറഞ്ഞു.
‘ഉടൻ. പക്ഷേ കൂടെ ഞാനില്ല.’ അർച്ചനയുടെ മുഖം മങ്ങി.
നോ-നോ മോഹൻ. യു മസ്‌റ്റ് കം.‘
രാജ്‌മോഹൻ തിരിഞ്ഞ് അർച്ചനയെ നോക്കി.
’വാശിപിടിക്കരുത്. നല്ല കുട്ടിയായി പറയുന്നതനുസരിക്ക്
അർച്ചന രാജ്‌മോഹന്റെ മുന്നിലേയ്‌ക്കു നടന്നു ചെന്നു.
‘അപ്പോൾ ഞാൻ പറഞ്ഞതെല്ലാം സത്യം. മോഹന് എന്നെ മടുത്തിരിക്കുന്നു. ദാറ്റീസ് ഓൾറൈറ്റ്. ഞാൻ വഴിയൊഴിഞ്ഞുതന്നേക്കാം.’
അർച്ചന ബെഡ്‌റൂമിലേക്ക് നടന്നു. രാജ്‌മോഹൻ പിന്നാലെയെത്തി. അയാൾ അർച്ചനയുടെ തോളിൽ മെല്ലെ തൊട്ടു. അർച്ചന അയാളുടെ കൈ തട്ടിമാറ്റി. രാജ്‌മോഹൻ അവളെ ബലമായി ചേർത്തുപിടിച്ചു.
ഞാൻ പറയുന്നതു മുഴുവൻ നീ കേട്ടിട്ടില്ല.‘
അർച്ചന കുതറി.
’മുഴുവൻ കേൾക്കാതെതന്നെ എനിക്കെല്ലാം മനസ്സിലായല്ലോ. പിന്നെയും ഒരു നാടകം വേണോ?‘
രാജ്‌മോഹൻ ബലമായി അർച്ചനയെ നെഞ്ചോടു ചേർത്തു. പിന്നെ കവിളിൽ മൃദുവായി ചുണ്ടമർത്തി. അർച്ചന തേങ്ങാൻ തുടങ്ങിയിരുന്നു.
അവളുടെ കവിളിലെ കണ്ണീരിന്റെ നനവ് അയാൾ തൊട്ടറിഞ്ഞു.
രാജ്‌മോഹൻ മെല്ലെ പറഞ്ഞു.
വർഷങ്ങൾക്കു മുമ്പേ പരസ്‌പരം അറിഞ്ഞവരാണ് നമ്മൾ. ഒരു നിമിഷം പോലും നിന്നെ പിരിഞ്ഞിരിക്കാൻ വയ്യാത്തതുകൊണ്ടാണ് പോകുന്നിടത്തൊക്കെ ഒപ്പം കൂട്ടിയത്.
പക്ഷേ ഇത് അനന്തപുരി രാഷ്‌ട്രീയക്കോമരങ്ങളും ക്രിമിനലുകളും കൈകോർത്ത് പിടിച്ച് പുളച്ചുമദിക്കുന്ന സിറ്റി. ഇവിടെ എന്നോടൊപ്പം നീയുണ്ടായിക്കൂടാ അർച്ചനേ.’
അർച്ചന മുഖമുയർത്തി.
‘അതുകൊണ്ടാണോ എന്നോടു പോകണമെന്നു പറയുന്നത്?
’അതേ. ഇവിടെ ഒരു പോലീസുകാരനും മനസ്സമാധാനത്തോടെ ജീവിക്കാനാവില്ല.‘
അർച്ചന രാജ്‌മോഹന്റെ പിടിയിൽ നിന്നും മെല്ലെ ഒഴിഞ്ഞു മാറി.
’അതിനു തക്കവണ്ണം എന്തുണ്ടായി? പറയൂ മോഹൻ? പെരുമാൾ പിന്നെ എന്തെങ്കിലും‘
രാജ്‌മോഹൻ പോക്കറ്റിൽ നിന്നും ഒരു ഫോട്ടോയെടുത്ത് ബെഡ്‌ഡിലേയ്‌ക്കിട്ടു.
’ഇനി എന്റെ വിധി നിശ്‌ചയിക്കുന്നത് ഈ ഫോട്ടോയാണ്. പെരുമാൾ മാത്രമല്ല ഈ നാട്ടിലെ രാഷ്‌ട്രീയക്കാർ മുഴുവൻ എന്നെത്തേടി ഇവിടെ വന്നെന്നിരിക്കും. അപ്പോൾ നീ ഈ വീട്ടിലുണ്ടായിക്കൂടാ. നിന്നെ ഒരു കളിപ്പാട്ടംപോലെ അവരുടെ മുന്നിലേക്കിട്ടുകൊടുക്കാൻ എനിക്കുവയ്യ അർച്ചനേ സോ……..‘
അർച്ചന കണ്ണീരിനിടയിലും പുഞ്ചിരിച്ചു.
’സമാധാനമായി. അപ്പോൾ ഞാൻ ഭയപ്പെട്ടതൊക്കെ വെറുതെ. അയാം സോറി മോഹൻ. റിയലി സോറി.‘
രാജ്‌മോഹൻ അർച്ചനയെ നോക്കി നിശ്ശബ്‌ദനായി നിന്നു. അയാളുടെ മാറിലേക്കു ചാഞ്ഞുകൊണ്ട് അടക്കിയ ശബ്‌ദത്തിൽ അർച്ചന പറഞ്ഞു.
’ഇത്രയും കാലും നമ്മളൊന്നിച്ചു ജീവിച്ചില്ലേ? മരിക്കുന്നതും അങ്ങനെതന്നെയായിക്കോട്ടെ.‘
എന്തു പറയണമെന്നറിയാതെ രാജ്‌മോഹൻ മരവിച്ചുനിന്നുപോയി. അർച്ചന ഫോട്ടോ കയ്യിലെടുത്ത് കുനുകുനാ ചീന്തി വെയ്‌സ്‌റ്റ് ബാസ്‌ക്കറ്റിലേയ്‌ക്കിട്ടു. അപ്പോൾ ക്ലീൻ ഹൗസിൽ ഒരഗ്നിപർവ്വതം പുകയുന്നുണ്ടായിരുന്നു.
ജനാർദ്ദനൻ തമ്പി സിഗററ്റ് ഒന്നിനു പുറകെ ഒന്നായി വലിച്ചു തള്ളി. കുറുപ്പു കൈമളും ദീനതയോടെ തമ്പിയെ നോക്കി. കസേരകളിൽ ചലനമറ്റിരുന്നു. ഇന്ദ്രപാൽ അപ്പോഴും അറ്റൻഷനായി തമ്പിയുടെ തൊട്ടുമുന്നിൽ നിൽക്കുന്നുണ്ടായിരുന്നു.
തമ്പി സിഗററ്റ് ആഷ്‌ട്രേയിലിട്ട് ഞെരിച്ച് കുറുപ്പിന്റെ നേരെ തിരിഞ്ഞു. അയാളുടെ കണ്ണുകളിൽ തീയാളുന്നുണ്ടെന്ന് കുറുപ്പു കണ്ടു.
തമ്പിയുടെ പല്ലുകൾക്കിടയിൽ വാക്കുകൾ ഞെരിഞ്ഞു.
’എല്ലാം ചെയ്‌തുവച്ചിട്ട് ഇവിടെ കുത്തിയിരുന്നു തപസ്സു ചെയ്യാതെടോ. ആ തിരുവായകൊണ്ട് എന്തെങ്കിലുമൊന്നു പറഞ്ഞാട്ടെ.‘
കുറുപ്പു മിണ്ടിയില്ല.
’ഞാനന്നേ പറഞ്ഞതല്ലേ വേലിൽ കെടക്കണ പാമ്പിനെ എടുത്ത് കോണകമുടുക്കരുതെന്ന്. ഇപ്പൊ കണ്ടില്ലേ….. നമ്മുടെയൊക്കെ തലതെറിപ്പിക്കാൻ രണ്ടു ചെകുത്താന്മാർ. രണ്ടും ഒരുപോലെ അപകടകാരികൾ. ശത്രുഘ്‌നനും രാജ്‌മോഹനും.‘
കൈമൾ പേടിയോടെ തമ്പിയെയും കുറുപ്പിനെയും മാറി മാറി നോക്കി.
’രാജ്‌മോഹനെ സർവ്വീസിൽ തിരിച്ചെടുത്തത് ഭസ്‌മാസുരന് വരംകൊടുത്തതുപോലായി. തനിക്കറിയോ കുറുപ്പേ, അവന്റെ പക്കലുള്ള ആ ഫോട്ടോയ്‌ക്ക് ഈ ക്ലീൻ ഹൗസ് ചുട്ടു ചാമ്പലാക്കാനുള്ള കരുത്തുണ്ട്.
അപ്പോഴും കുറുപ്പു മിണ്ടിയില്ല.
തമ്പി ഇന്ദ്രപാലിനെ നോക്കി.
‘ആ ഫോട്ടോ രാജ്‌മോഹന് കൊടുത്തത് ശത്രുഘ്‌നൻ തന്നെയാവണം. അല്ലേടോ?
’ആയിരിക്കണം സാർ. മാത്രമല്ല മോഹൻ സാറിനോട് കൂടുതലെന്തൊക്കെയോ ശത്രുഘ്‌നൻ പറഞ്ഞിട്ടുമുണ്ട്.‘
തമ്പിയുടെ മുഖം വലിഞ്ഞു മുറുകി.
’എന്നാൽ താൻ പൊയ്‌ക്കോ. ഇനിയും കൂടുതലെന്തെങ്കിലും കിട്ടിയാൽ താമസിക്കാതെ ഇവിടെ എത്തിക്കണം.‘
’യെസ് സാർ‘
ഇന്ദ്രപാൽ തമ്പിയെ സല്യൂട്ട് ചെയ്‌തിട്ട് പിന്നോട്ടു തിരിഞ്ഞു. അയാൾ വാതിലടച്ചു തഴുതിട്ടു. പിന്നെ ഇന്റർകോമിൽ വിരൽതൊട്ടു. പ്രൈവറ്റ് സെക്രട്ടറി പരശുരാമൻ ലൈനിൽ വന്നു.
’ഒരു മണിക്കൂർ നേരത്തേയ്‌ക്ക് ഇങ്ങോട്ടാരെയും പണ്ടാറമടക്കണ്ട.‘
’യെസ് സാർ.‘
’ഒരു കാളും തരണ്ട.‘
’യെസ് സാർ.‘
’ഇന്നെനിക്ക് പൊതു പരിപാടികളൊന്നുമില്ല. ഉള്ളതൊക്കെ ക്യാൻസൽ ചെയ്‌തേക്ക്.
‘മിനിസ്‌റ്റേഴ്‌സ് ആരെങ്കിലും വിളിച്ചാലൊ സാർ?’
‘തമ്പി ചത്തുപോയെന്നു പറഞ്ഞേക്കു്.’
‘യെസ് സാർ……അല്ല നോ സർ…’
‘തമ്പി കസേരയിലേയ്‌ക്കു ചാഞ്ഞു.
’എല്ലാം പൂർത്തിയായി അല്ലേ കുറുപ്പേ ….. ജീവനെടുക്കാൻ രണ്ടു നായിന്റെ മക്കളും. ഇപ്പൊ നിഴൽ പോലെ പിന്നാലെ വിടില്ല ഞാൻ. തമ്പിക്കു മരിക്കാൻ മനസ്സില്ല കുറുപ്പേ.‘
കുറുപ്പ് മിണ്ടിയില്ല.
തമ്പി നിശ്വസിച്ചു.
കൊല്ലുമെന്നു പറഞ്ഞിട്ടു പോയവർക്കാർക്കും ശത്രുഘ്‌നന്റെ ശരീരത്തിൽ ഒരു തുള്ളി ചോരപൊടിപ്പിക്കാൻ പോലുമായിട്ടില്ല.
പെരുമാളുടെ മനസ്സിലെന്താണുള്ളതെന്ന് ഇനിയും നമുക്കറിയില്ല.’
കൈമൾ പേടിയോടെ തിരക്കി. ‘ഇനി നമ്മളെന്ത് ചെയ്യും തമ്പീ? പരസ്‌പരം ഓരോന്നു പറഞ്ഞ് വിറങ്ങലിച്ചിരിക്കാനല്ലാതെ നമ്മളെക്കൊണ്ട്….’
തമ്പി ക്രൂരമായി ചിരിച്ചു.
‘അവനെ ഇനി ഞാൻ എഴുതിത്തള്ളില്ല. ആർക്കെങ്കിലും നറുക്കു വീഴുന്നതുവരെ കാത്തിരിക്കാനും ഉദ്ദേശ്യമില്ല. ആദ്യം അച്ചുതൻകുട്ടിയുടെ ബോഡി നാട്ടിലേയ്‌ക്കു പോട്ടെ.’
പിന്നെ‘
കുറുപ്പ് തമ്പിയെ തറച്ചു നോക്കി.
’മനസ്സിലുള്ളതെന്താണെന്നു വച്ചാൽ തുറന്നു പറയ് തമ്പീ………എന്താ ഉദ്ദേശിച്ചിട്ടുള്ളത്?.
തമ്പീ കൈകൾ കൂട്ടി ഞെരിച്ചു.
‘പെരുമാൾക്കാവില്ലെങ്കിൽ ചുണയുള്ള വെറെയും നായിന്റെ മക്കൾ കോളനികളിലുണ്ടെടോ. ശത്രുഘ്‌നനെ ജീവനോടെ ആ നാലുകെട്ടിനുള്ളിലിട്ടു പൊരിക്കാൻ മൂന്നോ നാലോ ലക്ഷം വലിച്ചെറിയേണ്ടിവരും. അത്രയേയുള്ളൂ. കിഴക്കേകോട്ടയിൽ ഒരു നാലുകെട്ടു കത്തിയാൽ ആ തീയ് ഒരിക്കലും പടരില്ല കുറുപ്പേ. അതിനുള്ളിൽ എത്ര ശവമുണ്ടായിരുന്നുവെന്ന് ഒരു പട്ടിയും എണ്ണി നോക്കില്ല.’
തമ്പി നിശ്വസിച്ചു.
കുറുപ്പ് വേവലാതിയോടെ തമ്പിയെ നോക്കി.
‘അതിനു മുമ്പ് നമുക്ക് ശത്രുഘ്‌നനെ രാജ്‌മോഹന് ചൂണ്ടിക്കാട്ടിക്കൊടുത്തുകൂടെ തമ്പീ?
തമ്പി രോഷത്തോാടെ കുറുപ്പിനെ നോക്കി.
’ശത്രുഘ്‌നനെ അത്രവേഗം കസ്‌റ്റഡിയിലെടുക്കാൻ നമുക്കു കഴിയില്ലെടോ
അവൻ കോടതിയിൽ എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞാൽ … ലോക്കപ്പിലിട്ടു തല്ലിക്കൊന്നാലും പ്രശ്‌നമുണ്ട് അടിയന്തരാവസ്‌ഥക്കാലത്ത് പോലീസ് ഒരുത്തനെ റിസർവ് ക്യാംപിലിട്ട് തല്ലിക്കൊന്നതിന് ഒരുപാട് വെള്ളം കുടിച്ചതാ ഞാൻ. അറിയാമോ തനിക്ക്? ഇനീം അതുപോലൊരു പുലിവാലുപിടിക്കാൻ എനിക്കാവില്ല കുറുപ്പേ. ശത്രുഘ്‌നന്റെ കാര്യത്തിൽ അതുപോലെയുള്ള ഒരു നീക്കവും പറ്റില്ല.‘
കൈമൾ വേവലാതിയോടെ ചോദിച്ചു.
’ശത്രുഘ്‌നൻ കഴിഞ്ഞ കഥകളൊക്കെ രാജ്‌മോഹനോടു പറഞ്ഞു കാണുമോ തമ്പീ?‘
’പറഞ്ഞിരിക്കും. ആ നാലുകെട്ട് കുളംകോരിയത് നമ്മളാണെന്ന് അവൻ അറിഞ്ഞുകഴിഞ്ഞിട്ടുണ്ടാവും. ഇനി ഒന്നും ആലോചിക്കണ്ട. ശത്രുഘ്‌നനേക്കാൾ മുമ്പ് രാജ്‌മോഹൻ തീർന്നു കിട്ടണം കുറുപ്പേ. അവൻ ആരോടെങ്കിലും എന്തെങ്കിലും പറയുന്നതിനു മുമ്പേ ഈ ലോകം വിട്ടുപോണം. കൂടുതലറിഞ്ഞിട്ടുള്ളവരെ ഈ ഭൂമിയിൽ ഒരു നിമിഷം കൂടുതൽ ജീവിക്കാൻ നമ്മളനുവദിച്ചിട്ടില്ല….. ഒരു തെളിവും ബാക്കി വച്ചിട്ടില്ല…. ഒരു കമ്മീഷണർ ചത്തുപോയാൽ ഈ അനന്തപുരിക്ക് ഒന്നും സംഭവിക്കില്ല. നിങ്ങളു പേടിക്കണ്ട. രാജ്‌മോഹൻ പെരുമാൾക്കുള്ളത്.‘
കൈമളും കുറുപ്പും എഴുന്നേറ്റു
’തൽക്കാലം നിങ്ങളു രണ്ടുപേരും ഫാമിലിയെ ഇങ്ങോട്ടു കൊണ്ടുവരണ്ട. എല്ലാമൊന്നു കലങ്ങിത്തെളിയട്ടെ. അവര് ഒറ്റപ്പാലത്തും മാവേലിക്കരയിലും മനസ്സമാധാനത്തോടെ കഴിഞ്ഞോട്ടെ‘.
കൈമൾ തലയാട്ടി.
’അക്കാര്യത്തിൽ നിങ്ങളേക്കാൾ ഭാഗ്യവാൻ ഞാൻ. കണ്ടില്ലേ ഒറ്റത്തടി. ചത്തുപോയാലും കരയാൻ പാർട്ടി പ്രവർത്തകരല്ലാതെ….. ബന്ധുക്കളാരും വരാനില്ല. ഭാഗ്യം ചെയ്‌ത ജന്മമാടോ ഈ തമ്പീടെ,‘
കുറുപ്പ് മെല്ലെ തിരിഞ്ഞു.
’എപ്പോഴും ഇനി ഇങ്ങനെ ഇറങ്ങി നടക്കണ്ട. രണ്ടു പേരുടേം ബംഗ്ലാവിൽ കനത്ത പ്രൊട്ടക്‌ഷൻ ഏർപ്പെടുത്തിയിട്ടുണ്ട് ഞാൻ. ധൈര്യമായിരിക്ക്. നമ്മളെ മൂന്നു പേരെയും ആ കഴുവേറിടെ മോന് തൊടാൻപോലും കിട്ടില്ല….. ഇത്തവണ ശത്രുഘ്‌നൻ കളി പഠിക്കും കുറുപ്പേ……. നമ്മൾ പഠിപ്പിക്കും..‘
കൈമൾ മെലെ നിശ്വസിച്ചു.
കുറുപ്പ് വാതിൽ തുറന്നു.
മെല്ലെ തിരിഞ്ഞ് അയാൾ ശബ്‌ദം താഴ്‌ത്തി ചോദിച്ചു.
’പോട്ടെ തമ്പീ?‘
തമ്പി കുറുപ്പിനെ തറച്ചുനോക്കി.
’വേണ്ടാതീനം പറഞ്ഞിട്ടുപോകല്ലേടോ. പോട്ടെ എന്നല്ല പോയിട്ടുവരട്ടെ എന്നു പറയ്…..‘
കുറുപ്പ് വിളറിയ ചിരിയോടെ പറഞ്ഞു.
’പോയിട്ടു വരട്ടെ?‘
തമ്പി തലയാട്ടി
കുറുപ്പും കൈമളും പുറത്തുകടന്നു. രണ്ടുപേരും ആകെ അസ്വസ്‌ഥരായിരുന്നു. ഒരക്ഷരം പോലും ശബ്‌ദിക്കാതെ അവർ കാറിനു നേരേ നടന്നു. കുറുപ്പ് ഡോർ തുറന്ന് സ്‌റ്റിയറിംഗ് വീലിനു പിന്നിലെത്തി. കൈമളും ഡോർ തുറന്ന് അകത്തു കയറി.
സ്വിച്ച് കീയിൽ വിരൽ തൊട്ടതേയുള്ളൂ കുറുപ്പ് ഉൾക്കിടിലത്തോടെ പിടഞ്ഞു. മുൻ സീറ്റിൽ ഒരു കവർ കിടക്കുന്നുണ്ടായിരുന്നു. കവറിനു മുകളിൽ റീത്തിന്റെ ചിത്രം.
സ്വിച്ച് കീയിൽ നിന്ന് കൈ പിൻവലിച്ച് കുറുപ്പ് കവർ എടുത്തു. കവറിനുള്ളിൽ നാലാക്കി മടക്കിയ ഒരു കടലാസ്. അയാൾ കടലാസ് വലിച്ചെടുത്ത് തുറന്നു. അതിൽ ഏറ്റവും മുകളിലായി ചെമന്ന മഷികൊണ്ട് എഴുതിയിരുന്നു.
’ചിത ഒരുങ്ങിക്കഴിഞ്ഞു തയ്യാറായിക്കോളു കുറുപ്പേ.‘
കടലാസ് കുറുപ്പിന്റെ കൈയിലിരുന്നു വിറച്ചു.
Generated from archived content: ananthapuri14.html Author: nk_sasidharan