ക്ലീൻ ഹൗസിൽ ടെലിഫോൺ ശബ്‌ദിച്ചു. ജനാർദ്ദനൻ തമ്പിയും നാരായണക്കുറുപ്പും പരസ്‌പരം നോക്കി. കുറുപ്പിന്റെ കണ്ണുകൾ പേടികൊണ്ടു പിടയ്‌ക്കുന്നത് തമ്പി കണ്ടു. ഒരു നിമിഷംകൂടി ഫോണിലേയ്‌ക്കു തറച്ചുനോക്കിയിട്ട് തമ്പി റിസീവറെടുത്തു. അങ്ങേത്തലയ്‌ക്കൽ അസിസ്‌റ്റൻസ് കമ്മീഷണർ ഇന്ദ്രപാലായിരുന്നു.
ഇന്ദ്രപാൽ പതറിയ ശബ്‌ദത്തിൽ പറഞ്ഞു.
‘സർ അച്ചുതൻകുട്ടി.’
‘അച്ചുതൻകുട്ടി?’
‘ഹി ഈസ് നോ മോർ.’
തമ്പിയുടെ കയ്യിലിരുന്നു് റിസീവർ വിറച്ചു. കുറുപ്പും കൈമളും പേടിയോടെ പിടഞ്ഞെണീറ്റു. റിസീവർ ക്രാഡിലിലിട്ട് തമ്പി മെല്ലെ തിരിഞ്ഞു.
കുറുപ്പ് പരിഭ്രാന്തിയോടെ.
‘എന്താ?’
തമ്പിയുടെ ശബ്‌ദം വിറച്ചു.
‘അച്ചുതൻകുട്ടി……’
കുറുപ്പും കൈമളും അടിമുടി വിറച്ചുപോയി.
തമ്പി ശബ്‌ദം താഴ്‌ത്തി പറഞ്ഞു.
‘അവനെയും ആ നായിന്റെമോൻ കൊന്നു കൈമളേ. ഇനി…….ഇനി……. ബാക്കിയുള്ളത് നമ്മൾ മൂന്നുപേർ……’
കൈമൾ വിവശനായി കസേരയിലേക്കു വീണു.
കുറുപ്പ് മന്ത്രിക്കുംപോലെ പറഞ്ഞു.
‘പെരുമാളെയും അവൻ വെറുതെ വിടില്ല തമ്പി. ശവങ്ങളെല്ലാം കൺകുളിർക്കെ കണ്ടിട്ടേ ആ പിശാച് അനന്തപുരി വിട്ടു പോകൂ.’
തമ്പി പല്ലുകൾ ഞെരിച്ചുകൊണ്ടു പറഞ്ഞു.
‘എന്നാലും ഒരു കാര്യത്തിൽ ഞാനവനെ തോൽപ്പിക്കും കുറുപ്പേ.
അച്ചുതൻകുട്ടിയുടെ ഡെഡ്‌ബോഡിയിൽ ഒരു പട്ടിയും പുഷ്‌പചക്രം വയ്‌ക്കില്ല. അവന്റെ ഭാര്യ വരാതെ ബോഡി പുറത്തേയ്‌ക്കു പോലും എടുക്കില്ല. അത്രയും നേരം അച്ചുതൻകുട്ടി മോർച്ചറിയിൽതന്നെ വിശ്രമിക്കട്ടെ.’
അത്. ക്രൂരതയല്ലേ തമ്പി? നമ്മളോടൊപ്പമുണ്ടായിരുന്ന ഒരാളെ ഇങ്ങനെ അനാഥമായി…..‘
തമ്പി കുറുപ്പിനെ തറച്ചുനോക്കി.
’ബോഡി പുറത്തേയ്‌ക്കെടുത്താൽ ആ നാായിന്റെ മോൻ ശത്രുഘ്‌നൻ നമ്മളെ പരിഹസിച്ചുകൊണ്ട് പുഷ്‌പചക്രവുമായി വരുമെടോ. എലാവരും നോക്കിനിൽക്കുമ്പോൾ അവന്റെമ്മേടെ ടാറ്റാസിയെറാ നമ്മുടെയൊക്കെനെഞ്ചത്ത് ബ്രേക്കിട്ടുനിൽക്കും. അതേ കുറുപ്പേ, അച്ചുതൻകുട്ടിയുടെ ആത്മാവിനോടു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നീതിയാ നമ്മൾ ചെയ്യാൻ പോകുന്നത്. എന്റെ അച്ചുതൻകുട്ടിക്ക് ശത്രുഘ്‌നന്റെ പു്പചക്രം. വേണ്ട
കൈമൾ മെല്ലെ എഴുന്നേറ്റു.
അയാൾ പതറിയ ശബ്‌ദത്തിൽ പറഞ്ഞു.
‘എനിക്ക്……..എനിക്ക്…….. അവനെ അവസാനമായൊന്നു കാണണം…..’
തമ്പി കാണണം‘
തമ്പി മിണ്ടിയില്ല.
കുറുപ്പ് തമ്പിയെ നോക്കി.
’ഞാനും അവനെയൊന്നു കണ്ടിട്ടു വരാം തമ്പി………….‘
കുറുപ്പിനെയും കൈമളെയും മാറി മാറി നോക്കികൊണ്ട് അടക്കിയ ശബ്‌ദത്തിൽ തമ്പി പറഞ്ഞു.
’പോകുന്നതിൽ തെറ്റില്ല. പക്ഷേ സൂക്ഷിക്കണം. മുന്നിലും പിന്നിലും കണ്ണുണ്ടാവണം. ഇനിയുള്ള ഓരോ നീക്കവും അളന്നുമുറിച്ച്…..‘
കുറുപ്പ് തലയാട്ടി.
അയാൾ കുനിഞ്ഞ മുഖത്തോടെ പുറത്തുകടന്നു. പിന്നാലെ കൈമളും. തമ്പി ഫോണിനടുത്തെത്തി ഡി.ജി.പി. അരവിന്ദ് ശർമ്മയുടെ നമ്പർ ഡയൽ ചെയ്‌തു. പത്തുമിനിറ്റുകൊണ്ട് കൈമളും കുറുപ്പും ഹോസ്‌പിറ്റലിലെത്തി. കാർ പാർക്കു ചെയ്‌ത് ഡോർ തുറന്ന് അവർ മോർച്ചറിയുടെ മുന്നിലേയ്‌ക്ക് കുതിച്ചു. അവിടെ നാലഞ്ചു പോലീസുകാർ കാവൽ നിൽക്കുന്നുണ്ടായിരുന്നു. പിന്നെയും അരമണിക്കൂർ കഴിഞ്ഞിട്ടാണ് അച്ചുതൻകുട്ടിയുടെ ഭാര്യയെത്തിയത്. ഒരാംബുലൻസ് മോർച്ചറിയുടെ മുന്നിൽ വന്നുനിന്നു. അറ്റൻഡർ പോലീസിന്റെ നിർദ്ദേശപ്രകാരം മോർച്ചറിയുടെ ലോക്കു തുറന്നു. കൈമളും കുറുപ്പും പിടയ്‌ക്കുന്ന മനസ്സോടെ അകത്തേയ്‌ക്കു നോക്കി. രണ്ടുപോരും ഒരുപോല വിറച്ചുപോയി..
അവർ ആദ്യം കണ്ടത് അച്ചുതൻകുട്ടിയുടെ ഡെഡ്‌ബോഡിയല്ല.
ചോരപുരണ്ട വെളുത്ത പുതപ്പിനു മുകളിൽ ഒരു പുഷ്‌പചക്രം.
കുറുപ്പ് പേടിയോടെ പിന്നോട്ടടിവച്ചു. കൈമൾ വിവശനായി ചുവരിലേയ്‌ക്കു ചുഞ്ഞു. ആ നിമിഷം ഗേറ്റിനു പുറത്ത് ടാറ്റാ സിയെറാ സ്‌റ്റാർട്ടായി. ചക്രങ്ങൾ മുന്നോട്ടുരുണ്ടതേയുള്ളു വഴിമറച്ചുകൊണ്ട് കാറിനു മുന്നിൽ കമ്മീഷണർ രാജ്‌മോഹൻ വന്നു. ശത്രുഘ്‌നൻ ബ്രേക്കിൽ കാലമർത്തി. ടാറ്റാ സിയെറാ ഒരു മുരൾച്ചയോടെ രാജ്‌മോഹന്റെ മുന്നിൽ നിന്നു. ഡ്രൈവിംഗ് സീറ്റിനടുത്തെത്തി രാജ്‌മോഹൻ പറഞ്ഞു.
’ഇറങ്ങ്‘
ശത്രുഘ്‌നൻ കൗതുകത്തോടെ രാജ്‌മോഹനെ നോക്കി.
’ഫോർ വാട്ട്‘?
’എനിക്ക് അല്‌പം സംസാരിക്കാനുണ്ട്.
ശത്രുഘ്‌നൻ ചിരിച്ചു.
അച്ചുതൻകുട്ടി എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നറിയാനാണെങ്കിൽ അയാം സോറി മിസ്‌റ്റർ രാജ്‌മോഹൻ. നിങ്ങൾക്കു തരാൻ എന്റെ പക്കൽ ഒരിൻഫർമേഷനുമില്ല.‘
രാജ്‌മോഹന്റെ ശബ്‌ദമുയർന്നു.
ഇപ്പൊ തന്ന ഇൻഫർമേഷൻ തന്നെ എനിക്കു ധാരാളമാണ്. അതൊരു മർഡറാണെന്ന് പോലീസ് ഇനിയും കണ്ടെത്തിയിട്ടില്ല. പക്ഷേ നിങ്ങൾ പറയുന്നത്……’
ശത്രുഘ്‌നൻ ഡോർ തുറന്നു പുറത്തിറങ്ങി
‘അത് പോലിസിന്റെ പിടിപ്പുകേടല്ലേ മിസ്‌റ്റർ രാജ്‌മോഹൻ? കോമൺസെൻസുള്ള ആർക്കും അതൊരു മർഡറാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാവും.’
രാജ്‌മോഹൻ ശത്രുഘ്‌നന്റെ തൊട്ടുമുന്നിലെത്തി കൂർത്ത ശബ്‌ദത്തിൽ അയാൾ ചോദിച്ചു.
‘അച്ചുതൻകുട്ടിയെ കൊന്നത് നിങ്ങൾ തന്നെയല്ലേ മർഡറാണെന്ന് നിങ്ങൾ തറപ്പിച്ചു പറയുന്നത്?
ശത്രുഘ്‌നൻ നേരിയ ചിരിയോടെ തിരക്കി..
ചോദിക്കുന്നത് രാജ്‌മോഹനോ പോലീസ് കമ്മീഷണറോ?’
രാജ്‌മോഹൻ ശത്രുഘ്‌നന്റെ മുഖത്തുനിന്നും നോട്ടം തെറ്റിച്ചില്ല.
‘രണ്ടും ഒരാൾ തന്നെയാണെന്ന് ഞാൻ പ്രത്യേകം പറഞ്ഞുതരണോ മിസ്‌റ്റർ ശത്രുഘ്‌നൻ?’
ശത്രുഘ്‌നന്റെ ചുണ്ടിലെ ചിരി കെട്ടില്ല.
‘വേണം മിസ്‌റ്റർ രാജ്‌മോഹൻ കാക്കിക്കുപ്പായത്തോടെ എനിക്കൊട്ടു ബഹുമാനമില്ല.’
വൈ?
‘കരിമഠം പെരുമാൾ ദിവസവും കൈതുടയ്‌ക്കുന്നത് കാക്കിക്കുപ്പായം കൊണ്ടാണ്…… ജനാർദ്ദനൻ തമ്പിയുടെ അടിവസ്‌ത്രംപോലും കഴുകിക്കൊടുക്കുന്നത് കാക്കിയിട്ടവരാണ്. പോലീസ് എന്ന വാക്കിലെ ആദ്യക്ഷരത്തിന്റെ അർത്ഥം ഇപ്പോൾ പൊളിറ്റിക്‌സ് എന്നാണ്.’
രാജ്‌മോഹന്റെ മുഖം കനത്തു.
‘എന്റെ ചോദ്യത്തിനുള്ള ഉത്തരം നിങ്ങൾ ഇപ്പോൾ പറഞ്ഞതല്ല.’
‘പറയൂ, നിങ്ങൾ തന്നെയല്ലേ കൊന്നത്?
ശത്രുഘ്‌നൻ ചിരിക്കിടയിലൂടെ പറഞ്ഞു.
’കാക്കിക്കുള്ളിൽ നിന്നും വേറിട്ടു കേൾക്കുന്ന ശബ്‌ദമാണ് നിങ്ങളുടേതെന്ന് അല്‌പം മുമ്പുവരെ ഞാൻ വിശ്വസിച്ചിരുന്നു. തെറ്റിയല്ലോ രാജ്‌മോഹൻ. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുമെന്ന ആ പഴഞ്ചൻ പോലീസ് മുറതന്നെയാണ് നിങ്ങളും പിൻതുടരുന്നത്. അയാം സോറി കമ്മീഷണർ, അനാവശ്യമായി പാഴാക്കാൻ എനിക്കൊട്ടും സമയമില്ല.‘
രാജ്‌മോഹന്റെ ശബ്‌ദമുയർന്നു.
’ഇനി അടുത്തയാൾക്ക് ഡെഡ്‌ലൈൻ കൊടുക്കാനുണ്ടല്ലേ? അച്ചുതൻകുട്ടിയെപ്പോലെ അയാളെയും അവസാനിപ്പിക്കാനുണ്ട്. അല്ലേ?‘
ശത്രുഘ്‌നൻ കാറിന്റെ ബോണറ്റിൽ ചാരിനിന്ന് ശബ്‌ദം താഴ്‌ത്തിപ്പറഞ്ഞു.
’ഒരിക്കൽ ഈ നാട്ടിലെ പ്രശസ്‌തനായ ഒരു ക്രിമിനൽ ലോയർ നിങ്ങൾക്ക് മറക്കരുതാത്ത ഒരു സൂക്‌തം പറഞ്ഞുതന്നിട്ടുണ്ട്. അനന്തപുരിയിലെ വി.ഐ.പി.കളെ തൊട്ടുകളിക്കാനൊരുങ്ങുമ്പോൾ നിങ്ങൾ ചിന്തിക്കേണ്ടത്. ഒരു വട്ടമല്ല മൂന്നുവട്ടം. ഞാനിപ്പോൾ ഇവിടെ വി.ഐ.പി.യല്ല. വി.വി.ഐ.പി. ദാറ്റീസാൾ മിസ്‌റ്റർ കമ്മീഷണർ. സീയൂ.‘
ശത്രുഘ്‌നൻ ഡ്രൈവിംഗ് സീറ്റിനു നേരേ തിരിഞ്ഞു. രാജ്‌മോഹന്റെ ശബ്‌ദം പിന്നാലെയെത്തി.
’ഇന്നു പുലർചയ്‌ക്ക് നിങ്ങൾ അച്ചുതൻകുട്ടിയെ കണ്ടിട്ടുണ്ട്. അയാളോടു സംസാരിച്ചിട്ടുണ്ട്. അവിടെ വച്ച് അയാൾക്കൊരു ഡെഡ് ലൈൻ കൊടുത്തിട്ടുണ്ട്. നിങ്ങൾ നിങ്ങൾ മാത്രമാണയാളുടെ ശത്രുവെന്ന് അച്ചുതൻകുട്ടി എനിക്കു മൊഴി തന്നിട്ടുണ്ട്. അയാൾ മരിച്ചാലും തേടിവരരുതെന്ന് നാലുകെട്ടിനുള്ളിൽ വച്ച് നിങ്ങൾ എന്നോടു പറഞ്ഞിട്ടുണ്ട്.
അയാം ഷുവർ മിസ്‌റ്റർ ശത്രുഘ്‌നൻ ആരോടൊക്കെയോ പകപോക്കാനാണ് നിങ്ങൾ അനന്തപുരിയിൽ വന്നിരിക്കുന്നത്. അതിലൊരാൾ മാത്രമാണ് അച്ചുതൻകുട്ടി, പറയ്, ഇനി ആരെയോ നിങ്ങൾ കൊല്ലാൻ പോകുന്നത്.‘
ശത്രുഘ്‌നൻ അപ്പോഴും ചിരിക്കുകയായിരുന്നു. ആ ചിരി കണ്ടപ്പോൾ രാജ്‌മോഹന് രോക്ഷമടക്കാനായില്ല.
അയാൾ ഗർജ്ജിച്ചു.
’ചിരിക്കണ്ട, ഇനി ആരെയും നിങ്ങൾ കൊല്ലാൻ പോകുന്നില്ല. പിന്നിൽ നിഴൽപോലെ ഞാനുണ്ടാവും. എവിടെയെങ്കിലും വച്ച് നമ്മൾ കൂട്ടിമുട്ടും. ഇതുപോലെയാവില്ല. അന്ന് നിങ്ങൾക്കെതിരേയുള്ള എല്ലാ തെളിവുകളും എന്റെ പക്കലുണ്ടാവും.‘
ശത്രുഘ്‌നൻ രാജ്‌മോഹനെ നോക്കി മൃദുവായി ചിരിച്ചു.
’അതിനർത്ഥം ഇപ്പോൾ എനിക്കു പോകാമെന്നല്ലേ താങ്ക്‌യൂ വെറിമച്ച്. കാറിന്റെ ചക്രങ്ങൾ മുന്നോട്ടുരുണ്ടു ഒരക്ഷരംപോലും ശബ്‌ദിക്കാനാവാതെ രാജ്‌മോഹൻ അനക്കമറ്റു നിന്നു.
* * *
ക്ലീൻ ഹൗസിലെ ചുട്ടുപൊള്ളിക്കുന്ന നിശ്ശബ്‌ദത പിളർന്നുകൊണ്ട് ജനാർദ്ദനൻ തമ്പി അലറി വിളിച്ചു.
‘താനെവിടുത്തെ ഡി.ജി.പി.യാടോ? ഒരു പിണ്ണാക്കുമറിയില്ലെങ്കിൽ താനെന്തിനാ ആ കസേരയിലിരിക്കുന്നത്? തനിക്കുപകരം ഒരു കഴുതയാ അവിടെ കേറി ഇരുന്നിരുന്നെങ്കിൽ ഇതിലും ഭേദമായ എന്തെങ്കിലും ചെയ്യുമായിരുന്നു. ഇങ്ങനെ വടിപോലെ നിൽക്കാതെ വായ് തുറന്ന് എന്തെങ്കിലുമൊന്നു പറയന്റെ അരവിന്ദാ?
’പോലീസ് കാവലുണ്ടായിരുന്നു. വരുന്നവരെയും പോകുന്നവരെയും കർശനമായി നിരീക്ഷിക്കാൻ ഓർഡറും കൊടുത്തിരുന്നു.‘
’തന്റെ ഒടുക്കത്തെ ഒരോർഡർ. എന്നിട്ടിപ്പൊ എന്തായി? അച്ചുതൻകുട്ടീടെ ബോഡിയിൽ ആ നാായിന്റെ മോൻ പുഷ്‌പചക്രം വച്ചില്ലേ? ഇങ്ങനെ മറ്റേടത്തെ ഓർഡറിട്ട് ഡി.ജി.പി യെന്ന ലേബലും നെറ്റിയിലൊട്ടിച്ചു വച്ച് കഴുതയായി തരംതാഴല്ലേ അരവിന്ദാ.‘
അരവിന്ദ് ശർമ്മ പതറിയ സ്വരത്തിൽ പറഞ്ഞു.
’അവൻ മോർച്ചറിക്കുള്ളിൽക്കയറി പുഷ്‌പചക്രം വയ്‌ക്കുമെന്ന്……‘
തമ്പിയുടെ ഗർജ്ജനം അരവിന്ദ് ശർമ്മയുടെ വാക്കുകൾ മുറിച്ചു.
’തനിക്കെഴുതിത്തന്നിരുന്നില്ല. അല്ലേ? കഷ്‌ടമായിപ്പോയി. ഇത്രേം മൂത്തു നരച്ചിട്ടും മാനം മര്യാദയ്‌ക്ക് ഒരു ജോലിയെങ്കിലും ഇന്നേവരെ താൻ ചെയ്‌തിട്ടുണ്ടോ? ഇസ്‌തിരിയിട്ട കുപ്പായം വടിപോലെയാക്കിയാൽ പോലീസാവില്ല. വടിയേ ആവൂ.‘
അരവിന്ദ്‌ശർമ്മ ശബ്‌ദം താഴ്‌ത്തിപ്പറഞ്ഞു.
’ഇനി ശ്രദ്ധിച്ചോളാം സാർ.‘
തമ്പി ജ്വലിച്ചു.
’എല്ലാം ചെയ്‌തു വച്ചിട്ട് വിടുവായ പറയല്ലേ അരവിന്ദാ. ഇനി താൻ എന്തോന്നു ശ്രദ്ധിക്കാനാ? മലമറിക്കുന്ന പണിയൊന്നുമല്ലല്ലോ ഞാൻ പറഞ്ഞിരുന്നത്. അച്ചുതൻകുട്ടിയുടെ ബോഡീല് ആരേം പുഷ്‌പചക്രം വയ്‌ക്കാൻ അനുവദിക്കരുതെന്നല്ലേ പറഞ്ഞിരുന്നുള്ളൂ?
നാവു ചൊറിഞ്ഞുവരുന്നുണ്ട്. എന്റെ വായിലിരിക്കുന്നതു മുഴുവൻ കേട്ടാൽ കുളിച്ചാലും നാറ്റം പോവില്ല.
‘അധികം വിസ്‌തരിക്കാതെ സ്‌ഥലം വിട്ടോ വേഗം.’
അരവിന്ദ് ശർമ്മ ഭീതിയോടെ തിരിഞ്ഞു. അപ്പോൾ നാലുകെട്ടിനുള്ളിലെ വിങ്ങുന്ന നിശ്ശബ്‌ദത മുറിച്ച് ആട്ടുകട്ടിലിൽ മെല്ലെ മെല്ലെ ആടുന്നുണ്ടായിരുന്നു. അതിൽ ചാഞ്ഞു തിടന്ന് ശത്രുഘ്‌നൻ ഒരു സിഗററ്റ് പുകച്ചു. തൊട്ടടുത്ത് അനന്തൻ നിൽക്കുന്നുണ്ടായിരുന്നു. പുക വലയങ്ങളായി ഊതിവിട്ട് ശാന്തതയോടെ ശത്രുഘ്‌നൻ പറഞ്ഞു.
‘ആ മേശവലിപ്പിൽ ഒരു ചെപ്പുണ്ട് അനന്താ. എടുക്കൂ.’
അനന്തൻ വിറയ്‌ക്കുന്ന കൈകൊണ്ട് മേശവലിപ്പ് തുറന്നു. അതിനുള്ളിൽ ചാരനിറത്തിലുള്ള ഒരു ചെപ്പുണ്ടായിരുന്നു. അനന്തൻ ചെപ്പു കയ്യിലെടുത്തു.
ശത്രുഘ്‌നൻ പറഞ്ഞു.
‘ഒരിക്കൽ ബാലത്തമ്പുരാട്ടി ഉണ്ണിത്തമ്പുരാനു കൊടുത്ത സമ്മാനമാണത്. അതിനുള്ളിൽ അവൾ കാത്തുവച്ചിരുന്നത് മാനം കാണിക്കാനാവാത്ത മയിൽപ്പീലിത്തുണ്ടുകൾ. ഒരായുഷ്‌ക്കാലത്തെ സ്‌നേഹം മുഴുവൻ തമ്പുരാന്റെ ഉള്ളിന്റെയുള്ളിലിരുന്നു പെറ്റുപെരുകാൻ.’
ശത്രുഘ്‌നൻ സിഗററ്റ് ചുണ്ടുകൾക്കിടയിൽ നിന്ന് അടർത്തിയെടുത്ത് പുറത്തേയ്‌ക്കു വലിച്ചെറിഞ്ഞു.
‘ചെപ്പിനുള്ളിൽ ഇപ്പോഴുള്ളത് മയിൽപ്പീലിത്തുണ്ടുകളല്ല. മൂന്നു പിശാചുക്കളുടെ ശിരോലിഖിതം.’
ശത്രുഘ്‌നൻ അനന്തന്റെ കൈയിൽ നിന്നും ചെപ്പുവാങ്ങി അടുപ്പു തുറന്നു.
അനന്തൻ കണ്ടു. ചെപ്പിനുള്ളിൽ ചുരുട്ടിയ മൂന്നു കടലാസുതുണ്ടുകൾ.
‘ഇതിലൊന്ന് എടുക്കൂ അനന്താ’.
അനന്തൻ പേടിയോടെ ഒരു കടലാസ്‌തുണ്ട് ചെപ്പിനുള്ളിൽ നിന്നെടുത്ത് ശത്രുഘ്‌നനു നീട്ടി.
ശത്രുഘ്‌നൻ കടലാസ് വാങ്ങി തുറന്നു.
ചെമന്ന മഷികൊണ്ട് അതിലെഴുതിയിരുന്നു.
‘നാരായണക്കുറുപ്പ്…’
അനന്തൻ നടുങ്ങി. ശത്രുഘ്‌നൻ കടലാസ് കൈയ്‌ക്കുള്ളിലിട്ടു ഞെരിച്ചു.
Generated from archived content: ananthapuri13.html Author: nk_sasidharan