അച്ചുതൻകുട്ടിയുടെ പ്രഖ്യാപനം എല്ലാവരിലും അമ്പരപ്പുളവാക്കിയിരുന്നു. ശത്രുഘ്‌നനെ വെടിവച്ചുകൊല്ലുമെന്ന്.
പെരുമാൾ അച്ചുതൻകുട്ടിയോടായി പറഞ്ഞു. ‘ഏതായാലും ഈ രാത്രി അങ്ങോട്ടു പോകേണ്ട. എന്തെങ്കിലുമൊന്നു പറയാനുള്ള മാനസികാവസ്‌ഥ ഇപ്പോൾ ശത്രുഘ്‌നനുണ്ടായി എന്നുവരില്ല. മാത്രമല്ല അവൻ ഇപ്പോൾ കാത്തിരിക്കുന്നത് മറ്റാരെയുമാവില്ല. കരിമഠം പെരുമാളെ. പ്രഭുവിന്റെ കൈ വെട്ടിയെടുത്ത അവനെ ഞാനൊരിക്കലും ജീവനോടെ ബാക്കിവയ്‌ക്കില്ലെന്ന് അവൻ മനസ്സിൽ കുറിച്ചിട്ടു കഴിഞ്ഞു.
കുറുപ്പ് പറഞ്ഞത്. ’ശരിയാണ്. അച്ചുതൻകുട്ടി, നീ ഇനി അങ്ങോട്ടു പോകേണ്ടത് ഡി.വൈ.എസ്.പി.. അച്യുതൻകുട്ടിയായിട്ട്. കാക്കിക്കു ചെലപ്പോൾ അയാളുടെ മനസ്സിളക്കാൻ കിഴിഞ്ഞാലോ? അയാൾ എന്തിനാണിവിടെ വന്നിട്ടുള്ളതെന്നു നിന്നെ തനിച്ചു കാണുമ്പോൾ തുറന്നു പറഞ്ഞെങ്കിലോ?‘
കൈമൾ വിവശനായി സോഫയിലേക്കു ചാഞ്ഞു. ഭീതിയോടെ അയാൾ പിറുപിറുത്തു. ’പേടികൊണ്ട് എനിക്കൊരക്ഷരം പോലും മിണ്ടാനാവണില്ല അച്ചുതൻകുട്ടീ. പെരുമാൾ പറഞ്ഞതുപോലെ ശത്രുഘ്‌നൻ ഉണ്ണിത്തമ്പുരാന്റെ രണ്ടാം ജന്മമാണോ.?
‘വേണ്ടാത്തതൊക്കെ ആലോചിച്ച് ടെൻഷൻ കൂട്ടല്ലേ കൈമളേ. അവൻ പ്രേതവും ഭൂതവുമൊന്നുമല്ല. നമ്മളെപ്പോലെ ചോരയും നീരുമുള്ള മനുഷ്യൻ’ കുറുപ്പ് പറഞ്ഞു.
അച്യുതൻകുട്ടി തിരിച്ച വരില്യാന്ന് എന്റെ മനസ്സു പറയണു….. ഇപ്പോ ഞാൻ കാണണത് റീത്തുമായി നിൽക്കണ ശത്രുഘ്‌നന്റെ മുഖം….. അതും അച്ചുതൻകുട്ടീടെ ശവത്തിനടുത്ത്‘ കൈമളിന്റെ ഒച്ച ഇടറിത്താണു.
* * *
നേരം നന്നേ പുലർന്നു. ശത്രുഘ്‌നൻ അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു. ആട്ടുകട്ടിൽ മെല്ലെമെല്ലെ ആടുന്നതു നോക്കി അനന്തൻ നിശ്‌ചലം നിന്നു. അയാളുടെ മുഖത്ത് അത്‌ഭുതമായിരുന്നു. ശത്രുക്കൾ ആക്രമിക്കാൻ തക്കം പാർത്തിരിപ്പുണ്ടെന്നറിഞ്ഞിട്ടും മരണത്തിന്റെ കാലൊച്ചവിടാതെ പിന്നിലുണ്ടെന്നറിഞ്ഞിട്ടും മുതലാളിക്കെങ്ങനെ മനസ്സുഖത്തോടെ ഉറങ്ങാനാവുന്നു.?
പെട്ടെന്ന് അനന്തന്റെ ചിന്തകൾ മുറിച്ചുകൊണ്ട് പടിപ്പുരയ്‌ക്കു മുന്നിൽ ഒരു ജീപ്പ് ബ്രേക്കിട്ടു നിന്നു. അനന്തൻ അറിയാതെ ഒരടി പിന്നോട്ടുവച്ചു. ജീപ്പിൽ നിന്നിറങ്ങിയതു ഡി.വൈ.എസ്.പി. അച്യുതൻകുട്ടിയായിരുന്നു. അനന്തൻ അടിമുടി വിറച്ചുപോയി. പടിപ്പുര വാതിൽ തള്ളിത്തുറന്ന് അച്ചുതൻകുട്ടി അകത്തുകടന്നു. പേടിയോടെ അനന്തൻവിളിച്ചു.
’മുതലാളീ. മുതലാളീ‘ ശത്രുഘ്‌നൻ കണ്ണുംതുറന്നു.
’എന്താ അനന്താ?‘
’പോ…..ലീ…..സ്‘.
ആട്ടുകട്ടിലിൽ കിടന്നുകൊണ്ടുതന്നെ ശത്രുഘ്‌നൻ പടിപ്പുരയുടെ നേരേ നോക്കി. അച്ചുതൻകുട്ടി തുളസിത്തറയുടെ മുന്നിലെത്തിക്കഴിഞ്ഞിരുന്നു. നേരിയ ചിരിയോടെ ശത്രുഘ്‌നൻ എഴുന്നേറ്റു. കട്ടിലിൽ നിന്നും സൺഗ്ലാസെടുത്ത് അയാൾ കണ്ണിൽവച്ചു. പിന്നെ ഉമ്മറവാതിലിനുനേരേ നടന്നു. അച്ചുതൻകുട്ടി കൈയിലിരുന്ന കെയിനിൽ മെല്ലെ തെരുപ്പിടിച്ചു. അയാളുടെ മുഖം വലിഞ്ഞു മുറുകി. ശത്രുഘ്‌നൻ വാതിൽ കടന്നു പുറത്തെത്തി. ഹൃദ്യമായ ചിരിയോടെ അയാൾ പറഞ്ഞു.
’വരണം വരണം….. ഞാൻ നിങ്ങളെ കാത്തിരിക്കുകയായിരുന്നു. എന്നാലും അതിരാവിലെ പ്രതീക്ഷിച്ചില്ല.
അച്ചുതൻകുട്ടിയുടെ കൂർത്ത കണ്ണുകൾ ശത്രുഘ്‌നന്റെ മുഖത്തു വന്നുവീണു.
‘ഞാൻ വരുമെന്നു പറഞ്ഞിരുന്നില്ലല്ലോ? പിന്നെ എന്തിനാണ് എന്നെ പ്രതീക്ഷിച്ചിരുന്നത്?
കള്ളച്ചിരിയോടെ ശത്രുഘ്‌നൻ പറഞ്ഞു. നിങ്ങളെ മാത്രമല്ല കൈമളെയും തമ്പിയെയും കുറുപ്പിനെയുമൊക്കെ ഞാനിവിടെ പ്രതീക്ഷിച്ചിട്ടുണ്ട് നിങ്ങൾക്കാർക്കും എന്നെ ഒഴിവാക്കാനാവില്ലല്ലോ അച്ചുതൻകുട്ടി. ഇപ്പോൾ അത്രയ്‌ക്കും പ്രശസ്‌തനല്ലേ ഞാൻ നിങ്ങളുടെ സർക്കിളിൽ? വരൂ. അകത്തേക്കു വരൂ…. പണ്ട് ഇവിടെ വരാറുണ്ടായിരുന്നതുപോലെ. ചെരിപ്പ് നടക്കല്ലിൽ അഴിച്ചുവച്ച്. കാലിൽ വെള്ളം നനച്ച്. മടിക്കണ്ട പണ്ടുണ്ടായിരുന്ന അതേ കിണ്ടിയാണത്…എത്രയോ പ്രാവശ്യം നിങ്ങളതിൽ നിന്നു വെള്ളമെടുത്ത് കാലിലൊഴിച്ചിരിക്കുന്നു.
അച്ചുതൻകുട്ടി മുന്നോട്ടുവച്ച കാൽ സർപ്പദംശനമേറ്റതുപോലെ പിന്നോട്ടു വലിച്ചു.
ശത്രുഘ്‌നൻ ചിരിച്ചു.
’ഷൂസഴിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വേണ്ട. അല്ലെങ്കിൽത്തന്നെ പഴയതൊക്കെ ഓർത്തുവയ്‌ക്കാൻ ആർക്കെങ്കിലും സമയമുണ്ടോ അച്ചുതൻകുട്ടീ. ഫാസ്‌റ്റ് ഫുഡ്‌സിന്റെ കാലമല്ലേ? മനസ്‌സിനും വേഗതകൂടിക്കഴിഞ്ഞു കം.‘
അച്ചുതൻകുട്ടി മെല്ലെ വലതുകാൽ മുന്നോട്ടുവച്ചു. ആട്ടുകട്ടിലിലിരുന്നു ഗോദവർമ്മത്തമ്പുരാൻ ഗർജ്ജിക്കുന്നുണ്ടോ?
’പോലീസൊക്കെ പുറത്ത്. ഇവിടെ വരുമ്പോൾ മനുഷ്യനായിട്ടു വരണം. കാക്കിയിട്ടതുകൊണ്ടുമാത്രം പോലീസാവില്ല. ആ വാക്കിന്റെ അർത്ഥംകൂടി ഉൾക്കൊള്ളണം… ഭരിക്കുന്ന കക്ഷീടെ ചട്ടുകമാവാതെ സ്വന്തം കാലിൽ നിൽക്കാൻ നോക്കെടോ……
അച്ചുതൻകുട്ടി അസ്വസ്‌ഥനായി. തുറന്നു കിടന്നിരുന്ന വാതിലിനുള്ളിലൂടെ അയാൾ ഭീതിയോടെ അകത്തേക്കു നോക്കി. എല്ലാം പണ്ടുണ്ടായിരുന്നതുപോലെ…. ചൂരൽ കസേരയും ചാരുകസേരയും കോളാമ്പിയുമെല്ലാം അതേ സ്‌ഥാനത്ത്… അറപ്പുരയുടെ മുമ്പിലെ നിലവിളക്കുപോലും… അച്ചുതൻകുട്ടിക്കു ശ്വാസംമുട്ടുന്നതുപോലെ തോന്നി. അയാൾ അളന്നു മുറി്ച്ച് ഓരോ അടിയായി മുന്നോട്ടുവച്ചു….. ചോരപുരണ്ട ഓർമ്മകളും കൂടെ വരുന്നുണ്ടോ ? ഒരിക്കൽ പിടഞ്ഞുതീർന്ന നിലവിളികൾ വീണ്ടും കാതുകൾക്കരികിലെത്തുന്നുണ്ടോ? അയാൾ അറിയാതെ അരപ്പട്ടയിലെ റിവോൾവറിൽ തൊട്ടു. ശത്രുഘ്‌നൻ അതു കണ്ടു. അയാൾ ചിരിച്ചു.
‘ഉണ്ണിത്തമ്പുരാൻ പകപ്പിക്കാൻ വേണ്ടി ഒരിക്കൽ നിങ്ങൾ ഈ യൂണിഫോമണിഞ്ഞിരുന്നു അല്ലേ അച്ചുതൻകുട്ടീ? .ഒരു വ്യത്യാസമുണ്ട്. അന്ന് നിങ്ങൾ ഒരു സബ്ബ് ഇൻസ്‌പെക്‌ടറായിരുന്നു. തമ്പുരാനെ കൊന്നതിനു പകരമായി വേണ്ടപ്പെട്ടവർ പകരം തന്നതാണ് ഇപ്പോഴിട്ടിരിക്കുന്ന ഈ കുപ്പായം.’
ശത്രുഘ്‌നന്റെ ചുണ്ടിലെ ചിരി മാഞ്ഞില്ല.
‘വരൂ….. നിങ്ങൾക്കു പരിചയമുള്ള എന്നാൽ ജീവനില്ലാത്ത ഒരു കഥാപാത്രത്തെ കാട്ടിത്തരാം. പുഴയുടെ തീരത്തുനിന്നാണ് എനിക്കതു കിട്ടിയതു്.’
ശത്രുഘ്‌നൻ മുന്നോട്ടു നടന്നു. ഇടനാഴിയിലെത്തിതിരിഞ്ഞു. മുന്നിലെ വലിയൊരു മുറി അയാൾ തള്ളിത്തുറന്നു. അച്ചുതൻകുട്ടി വിറയ്‌ക്കുന്ന കാലുകൾ മുന്നോട്ടു വച്ചു. ശത്രുഘ്‌നൻ ചൂണ്ടിക്കാട്ടിയ മുറിയുടെ മുന്നിലെത്തി അയാൾ നിന്നു. പിന്നെ അകത്തേക്കു നോക്കി. ഇടിവെട്ടേറ്റതുപോലെ അയാൾ പകച്ചുപോയി. മുറിക്കുള്ളിൽ ചോര ഒഴുകിപടർന്നു ഒരു കരിങ്കല്ല്.
ശത്രുഘ്‌നൻ അച്ചുതൻകുട്ടിയെ തറച്ചു നോക്കി.
‘കല്ലിലുള്ളത് ഉണ്ണിത്തമ്പുരാന്റെ ചോരയല്ല. കഥയുടെ ക്ലൈമാക്‌സ് കൊഴുപ്പിക്കാൻ ഞാൻ അല്‌പം നിറം ചേർത്തതാണ്, തമ്പുരാന്റെ ചോര നിങ്ങൾ അന്നു തന്നെ കഴുകിക്കളഞ്ഞിരുന്നല്ലോ’.
അച്ചുതൻകുട്ടി പേടിയോടെ ഓരോ അടിയായി പിന്നോട്ടുവച്ചു.
ശത്രുഘ്‌നൻ വഴിമറച്ച് അയാളുടെ മുന്നിലെത്തി ‘ തൊട്ടുപിന്നിലെ മുറി നിങ്ങൾ മറന്നിട്ടുണ്ടാവില്ല അവിടെയാണ് ആ പാവം തമ്പുരാനെ നിങ്ങളൊക്കെ പൂട്ടിയിരുന്നത്. ആ മരയഴികളിൽ തലയിട്ടടിച്ചാണ് അന്ന് ഉണ്ണിത്തമ്പുരാൻ നെഞ്ചുപൊട്ടി ഈശ്വരന്മാരെ മാറിമാറിവിളിച്ചത്. ഈ ഇടനാഴിയിലൂടെയാണ് പുഴക്കരയിലേക്കു നിങ്ങൾ അയാളെ വലിച്ചിഴച്ചത്….’
അച്ചുതൻകുട്ടിയുടെ കണ്ണുകൾ പേടിയോടെ പിടഞ്ഞു. അയാൾ ചുവരിലേക്കു മെല്ലെ ചാരി. ശത്രുഘ്‌നൻ ഒരടി മുന്നോട്ടുവച്ചു.
ഇനി നിങ്ങൾക്ക് ചോദിക്കാം. എല്ലാവരും ഒരേ സ്വരത്തിൽ ചോദിച്ച ആ ചോദ്യം? കൂടെയുള്ളവർ ഇപ്പോഴും മനസ്‌സിലിട്ടു നീറ്റിക്കൊണ്ടിരിക്കുന്ന അതേ ചോദ്യം. ഞാനാരാണ്? എങ്ങനെയാണ് ഈ കഥകളൊക്കെ അറിഞ്ഞത്? ആരു പറഞ്ഞിട്ട്?‘
അച്ചുതൻകുട്ടി ഒരലർച്ചയോടെ മുന്നോട്ടടുത്തു. അരപ്പട്ടയിൽ നിന്നും റിവോൾവറെടുത്ത് അയാൾ ശത്രുഘ്‌നന്റെ നെറ്റിയിൽ ചേർത്തൂവച്ചു.
ശത്രുഘ്‌നൻ അച്ചുതൻ കുട്ടിയുടെ മുഖത്തുനിന്നു കണ്ണുകളെടുക്കാതെ തികഞ്ഞ ശാന്തതയോടെ പറഞ്ഞു. ’കാക്കി കണ്ടു പേടിയോടെ വഴിയൊഴിഞ്ഞുതരാൻ ഇതു ഉണ്ണിത്തമ്പുരാനല്ല.‘
ട്രിഗറിൽ തൊട്ടുനിന്ന അച്ചുതൻകുട്ടിയുടെ വിരൽ വിറച്ചു. എനിക്കുറപ്പുണ്ട് നീ ഉണ്ണിത്തമ്പുരാനല്ല. ഉണ്ണിത്തമ്പുരാനെ ആ കല്ലുകൊണ്ടു ഞാൻ തന്നെയാ ഇടിച്ചുകൊന്നത്.
പറയടാ, പിന്നെ നീ ആരാ? ഞങ്ങളെ പകപ്പിക്കാൻ എവിടെ നിന്നാ നീ വന്നത്.
ഒരു നിമിഷം ശത്രുഘ്‌നന്റെ ചുരുട്ടിയ വലതുകൈ ചാട്ടുളിപോലെ മുന്നോട്ടു പറന്നു. അച്ചുതൻകുട്ടി ഒരലർച്ചയോടെ പിന്നോട്ടു ചാഞ്ഞു. റിവോൾവർ തെറിച്ചു. ഒന്നും സംഭവിക്കാത്തതുപോലെ ശത്രുഘ്‌നൻ റിവോൾവറെടുത്ത് ബുള്ളറ്റുകൾ പുറത്തെടുത്തു. പിന്നെ റിവോൾവർ അച്ചുതൻകുട്ടിയുടെ അരപ്പട്ടയിൽ വച്ചു. അച്ചുതൻകുട്ടിയുടെ മൂക്കിൽനിന്നും ചോരയൊഴുകുന്നുണ്ടായിരുന്നു. ശത്രുഘ്‌നൻ ആട്ടുകട്ടിലിനു നേരേ നടന്നു. ആട്ടുകട്ടിലിലിരുന്ന് മെല്ലെ മെല്ലെ ആടിക്കൊണ്ട് നേരിയ ചിരിയോടെ അയാൾ പറഞ്ഞു.
’ഇനി നിങ്ങൾ ഇതേവരെ ചോദിക്കാത്ത ഒരു ചോദ്യത്തിനുള്ള ഉത്തരം.‘
അച്ചുതൻകുട്ടി വേവലാതിയോടെ ശത്രുഘ്‌നനെ നോക്കി ശത്രുഘ്‌നൻ തുടർന്നു. ’ഇനി നിങ്ങൾക്ക് ഈ ഭൂമിയിൽ ശേഷിച്ചിട്ടുള്ളത് എട്ടു മണിക്കൂർ…. മരണത്തിന്റെ കാലടിയൊച്ചനിങ്ങൾ കേട്ടുതുടങ്ങി അച്ചുതൻകുട്ടീ. നിങ്ങൾക്കുള്ള പുഷ്‌പചക്രം തയ്യാറായിക്കഴിഞ്ഞു. എന്നാലും ഒരു ഫേവർ കാക്കിയുടെ ഈ പിൻബലംകൊണ്ട് എട്ടുമണിക്കൂർ കഴിഞ്ഞിട്ടും നിങ്ങൾ ജീവിക്കുമെങ്കിൽ പേടിക്കണ്ട. ഉണ്ണിത്തമ്പുരാന്റെ ആത്മാവ് നിങ്ങൾക്കു മാപ്പു നൽകും….. നിങ്ങൾ ചിരഞ്ജീവിയാവും. ട്രൈ….‘
ശത്രുഘ്‌നൻ ഒരു സിഗറെറ്റെടുത്ത് ചുണ്ടിൽ വച്ചു. ലൈറ്റർ കത്തി. അയാളുടെ കണ്ണുകൾപോലെ.
* * *
കുറുപ്പിന്റെ ശബ്‌ദം നിറഞ്ഞ നിശ്ശബ്‌ദയിലേക്ക് ഒരേറുപടക്കംപോലെ ചീറിവന്നു.
’സമ്മതിക്കരുത് കൈമളെ….. ഒരിക്കലും സമതിക്കരുത്. ഇനി ഒരു ശവംകൂടി അവന്റെ മുന്നിലേക്കിട്ടുകൊടുക്കരുത്.‘
കൈമൾ ദൈന്യതയോടെ അച്ചുതൻകുട്ടിയെ നോക്കി. അച്ചുതൻകുട്ടി പതറിയ ശബ്‌ദത്തിൽ പറഞ്ഞു.
’ഇപ്പോൾ എനിക്കുറപ്പായി. ഭാർഗവൻസാറിന്റെ കൊലയ്‌ക്കുപിന്നിലും അദൃശ്യനായി ശത്രുവുണ്ട്. ഇപ്പോൾ നറുക്കു വീണിരിക്കുന്നത് എനിക്ക്. ഇതൊരു ചങ്ങലയാണ് കൈമളേ. ഓരോരുത്തരെയായി മരണം കൊത്തിക്കൊണ്ടുപോകും എനിക്കവർ നൽകിയിട്ടുള്ള ഡെഡ്‌ലൈൻ തീരാൻ ഇനി ഏഴു മണിക്കൂറേ ബാക്കിയുള്ളൂ.‘
കൈമൾ അച്ചുതൻകുട്ടിയെ നോക്കി.
’അവനെ വകവരുത്തുമെന്നു പറഞ്ഞിട്ടല്ലേ നീ ഇവിടെനിന്നു ചവിട്ടുക്കുലുക്കിപ്പോയത്? എന്നിട്ടെന്തായി അച്ചുതൻകുട്ടി? മരിക്കാനുള്ളസമയവും കുറിച്ചുവാങ്ങി തിരിച്ചുവന്നു. നിനക്കെന്തുപറ്റീ അച്ചുതൻകുട്ടി? അവൻ….അവൻ……ചത്തുപോയ ഉണ്ണിത്തമ്പുരാനല്ലെന്നു നിനക്കു ഉറപ്പായോ അച്ചുതൻകുട്ടി?‘
’ഉറപ്പായതായിരുന്നു…. അവൻ മറ്റാരോ ആണെന്നു ഞാൻ വിശ്വസിച്ചതായിരുന്നു. പക്ഷേ, അവിടെ ഒരു മുറിക്കുള്ളിൽ….‘
അച്ചുതൻകുട്ടി പറയാനാവാതെ പിന്നോട്ടു ചാഞ്ഞു.
കുറുപ്പ് ആകാംക്ഷയോടെ തിരക്കി.
’മുറിക്കുള്ളിൽ…..?‘
അറച്ചറച്ച് അച്ചുതൻകുട്ടി പറഞ്ഞൊപ്പിച്ചു.
’അതുപോലും അവൻ ഭദ്രമായി കാത്തുവച്ചിട്ടുണ്ട്. ഞാൻ ഉണ്ണികൃഷ്‌ണനെ ഇടിച്ചുകൊന്നത് അവനവിടെ ചോരയുടെ നിറം പുരട്ടി സൂക്ഷിച്ചുവച്ചിട്ടുള്ള ആ കല്ലുകൊണ്ടാണ്.‘
’മൈ ഗോഡ്‘.
കുറുപ്പിന്റെ ശബ്‌ദം വിറച്ചു.
’നടന്നതെല്ലാം അതുപോലെ അവൻ പറഞ്ഞുതന്നു. ഉണ്ണികൃഷ്‌ണൻ തലയിട്ടടിച്ച മരയഴിപോലും ചൂണ്ടിക്കാട്ടിത്തന്നു. അന്ന് എല്ലാം കണ്ടുനിന്നിരുന്ന ആളേപ്പോലെ.‘
’നിനക്കു പേടി തോന്നുന്നുണ്ടോ അച്ചുതൻകുട്ടീ? അവൻ പറഞ്ഞതുപോലെ എട്ടു മണിക്കൂർ കഴിയുമ്പോൾ അരുതാത്തതു സംഭവിക്കുമെന്നു നീ വിശ്വസിക്കുന്നുണ്ടോ?‘
ഉത്തരം പറഞ്ഞത് കുറുപ്പാണ്.
’അതൊരു ഭീഷണിയാണെങ്കിൽപോലും നമ്മളവഗണിച്ചുകൂടാ കൈമളേ. അച്ചുതൻകുട്ടിയെ ഇനിയുള്ള ഏഴുമണിക്കൂറും നമ്മൾ ജാഗ്രതയോടെ കാത്തേ മതിയാവൂ.‘
കൈമൾ കുറുപ്പിനെ നോക്കി.
’ഇക്കാര്യത്തിൽ നമുക്കു പോലീസിന്റെ സഹായം തേടാനാവില്ല. എന്തു കാരണം കൊണ്ടായാലും ഒരു ഡി.വൈ.എസ്.പി.ക്കു കനത്ത പ്രൊട്ടക്‌ഷൻ കിട്ടില്ല.‘
’പക്ഷേ തമ്പീ ഇടപെട്ടാൽ…..?‘
’അയാൾ പ്രതിപകഷത്തിനു തക്കതായ എക്‌സ്‌പ്ലനേഷൻ കൊടുക്കേണ്ടിവരും. എന്തു കാര്യത്തിലാണ് അച്ചുതൻകുട്ടിക്കു ഭീഷണിയുള്ളതെന്നു നമുക്കാരോടും പറയാനാവില്ല. ശത്രുഘ്‌നന്റെ പേരുപോലും സൂചിപ്പിക്കാനാവില്ല. അവൻ വാ തുറന്നാൽ നമുക്കു പ്രൊട്ടക്‌ഷൻ കിട്ടാനിടയുള്ളത് സെൻട്രൻ ജയിലിൽ വച്ച്.
കുറുപ്പ് വേവലാതിയോടെ കൈമളെ നോക്കി.
തെല്ലുനേരത്തേക്ക് ആരും ശബ്‌ദിച്ചില്ല കുറുപ്പ് മെല്ലെ എഴുന്നേറ്റു. ഒരു നിമിഷനേരം. എന്തോ ചിന്തിച്ചിട്ട് അയാൾ അച്ചുതൻകുട്ടിയെ നോക്കി.
‘നിനക്കു മതിയായ സംരക്ഷണം തരാൻ ഇപ്പോൾ സിറ്റിയിൽ ഒരേ ഒരാൾക്കേ കഴിയൂ.’
അച്ചുതൻകുട്ടി മുഖമുയർത്തി.
‘പക്ഷേ അതിന് ആദ്യം സമ്മതിക്കേണ്ടത് അയാളല്ല തമ്പിയാണ്.’
കൈമൾ ചോദിച്ചു..
തെളിച്ചുപറയ് കുറുപ്പേ, ആരാണയാൾ? എന്തിനാ അതിനു തമ്പി സമ്മതിക്കുന്നത്?.
കുറുപ്പ് മെല്ലെ പുഞ്ചിരിച്ചു.
അതേ കൈമളേ അതുതന്നെയാണു ശരിയായ വഴി. അച്ചുതൻകുട്ടിയെ മാത്രമല്ല നമ്മളെയും അയാൾ രക്ഷിക്കണം. രാജ്‌മോഹൻ-‘.
* * *
ജനാർദ്ദനൻ തമ്പി അട്ടഹസിച്ചു. ’ ആ പേര് ഇനിയൊരിക്കൽകൂടി പറയരുത് കുറുപ്പേ. പറഞ്ഞാൽ എന്റെ സമനില തെറ്റും….‘
കുറുപ്പ് മുന്നോട്ടു ചാഞ്ഞു.
’എല്ലാമറിഞ്ഞിട്ടും ഇങ്ങനെ പിടിവാശി പിടിക്കരുത് തമ്പി. ഇത് അച്ചുതൻകുട്ടിയുടെ മാത്രം പ്രശ്‌നമല്ല. നമ്മുടെ ഓരോരുത്തരുടേയും പ്രശ്‌നമാണ്. ഇന്ന് ഡെഡ് ലൈൻ കിട്ടിയത് അച്ചുതൻകുട്ടിക്ക്. ശത്രുഘ്‌നൻ പുഷ്‌പചക്രത്തിന് ഓർഡർ ചെയ്‌തു കഴിഞ്ഞു. അച്ചുതൻകുട്ടി പോയിക്കഴിഞ്ഞാൽ ശേഷിക്കുന്നതു നിങ്ങളും ഞാനും കൈമളും.
തമ്പി ധർമ്മസങ്കടത്തിലായി.
‘ആ നായിന്റെ മോൻ എന്റെ മുഖത്തുനോക്കി എന്തൊക്കെയാ വിളിച്ചുപറഞ്ഞതെന്നറിയാമോ? പുല്ലുപോലെ ഈ ക്ലീൻ ഹൗസിലിട്ട് എന്നെ പുറങ്കാലുകൊണ്ട് ചവിട്ടിമെതിച്ചിട്ടാ രാജ്‌മോഹൻ….’
കുറുപ്പു തടഞ്ഞു.
എന്നാലും നമ്മുടെ കൂടെയുള്ള ഒരാളെ അറിഞ്ഞുകൊണ്ട് മരണത്തിനെറിഞ്ഞുകൊടുക്കണോ തമ്പീ?‘
’പക്ഷേ കുറുപ്പേ ഈ രാജ്‌മോഹൻ ഒരിക്കലും നമ്മുടെ കൂടെ നിൽക്കില്ല. കാക്കിയുടെ തിളക്കത്തിന്റെ പേരും പറഞ്ഞ് അവൻ നമ്മളെ ഓരോരുത്തരെയും നിർത്തിപ്പൊരിക്കും. ഒടുവിൽ വെളുക്കാൻ തേച്ചതു പാണ്ടാവും. അവൻ തന്നെ നമ്മുടെ കൈകളിൽ വിലങ്ങും തീർക്കും.
‘അതപ്പോഴല്ലേ തമ്പീ? അത്രത്തോളമെത്തുമ്പോൾ നമ്മളവന് കടിഞ്ഞാണിടും. ശേഷിക്കുന്നത് ഒരു ഡിസ്‌മിസ്സൽ ഓർഡർ. അതിലൊപ്പിടുന്നതു പെരുമാളും.
ജനാർദ്ദനൻ തമ്പി വിവശനായി പിന്നോട്ടു ചാഞ്ഞു.
’ആകപ്പാടെ കുഴഞ്ഞ പ്രശ്‌നമാണല്ലോ കുറുപ്പേ? എന്തുകാരണം പറഞ്ഞ് ഞാനവനെ സർവ്വീസിൽ തിരിച്ചെടുക്കും.? പോരാത്തതിനു പെരുമാളും……‘
’പെരുമാളുടെ കാര്യം വിട്ടേക്കു തമ്പി. അയാളെ ഞാൻ ഹാൻഡിൽ ചെയ്‌തോളം. അല്ലെങ്കിൽത്തന്നെ ഇനി അയാളെ ആശ്രയിച്ചിട്ടു കാര്യമില്ല. കൊല്ലാൻ പറഞ്ഞപ്പോൾ അയാൾക്കു സംശയം തീർക്കണം പോലും. സംശയം തീർത്തുവരുമ്പോൾ നമ്മളാരും ഭൂമിയിൽ ശേഷിക്കില്ല തമ്പി.‘
ജനാർദ്ദനൻ തമ്പി മെല്ലെ റിസീവറെടുത്തു ഡയൽ തിരിച്ചു. ഡി.ജി.പി. അരവിന്ദ് ശർമ്മയുടെ ക്യാബിനിൽ ഫോൺ ശബ്‌ദിച്ചു. റിസീവറെടുത്തു അരവിന്ദ്‌ശർമ്മ പറഞ്ഞു.
’ഡി.ജി.പി ഹിയർ‘
’ഞാനാടോ സി.എം.‘
’എന്താ സാർ?‘
’ ആ രാജ്‌മോഹൻ ഇപ്പോൾ എവിടെയുണ്ട്?‘
അരവിന്ദ്‌ശർമ്മ അത്ഭുതത്തോടെ തിരക്കി.
’എന്താ സാർ? അയാൾ വീണ്ടുമെന്തെങ്കിലും…….?‘
’ഇങ്ങോട്ടു ചോദ്യങ്ങളൊന്നും വേണ്ട. ഞാൻ പറയുന്നതു മുഴുവൻ കേൾക്ക്. എന്നിട്ടു തോക്കിൽ കയറി വെടിവച്ചാൽമതി.
അരവിന്ദ് ശർമ്മയുടെ ശബ്‌ദം താണു.
‘പറഞ്ഞോളൂ സാർ.’
‘എവിടെയുണ്ടെങ്കിലും അവനെ എനിക്കുടനെ വേണം. എത്ര പെട്ടെന്നാവുമോ അത്രയും പെട്ടെന്ന്.’
‘പറയാം സാർ’
‘പറഞ്ഞാൽ പോരാ കൊണ്ടുവരണമെടോ. തൊപ്പീം കുപ്പായൊമൊക്കെ പഴയതുപോലെ കഴുവേറ്റിക്കോളാൻ പറഞ്ഞേക്ക്’
അപ്പോൾ അയാളുടെ സസ്‌പെൻഷൻ?‘
’ഇത്രം നേരം ഞാൻ പറഞ്ഞതു മലയാളത്തിലല്ലേ അരവിന്ദാ… അല്ലെങ്കിൽതന്നെ നാക്കെടുത്താൽ തെറിയേ പറയൂ എന്നൊരു പേരുദേഷമെനിക്കുണ്ട്.‘ എന്റെ വായേന്നു വല്ലതുമൊന്നു കേൾക്കണ്ട….’
‘ഇപ്പോഴത്തെ കമ്മീഷണർ……’
‘പൊക്കിയെടുത്തു കാസർകോട്ടേക്കോ കണ്ണൂർക്കോ തട്ടിക്കോ….’
അവിടെ….. അവിടെ കമ്മീഷണറില്ലല്ലോ സാർ.‘
തമ്പയുടെശബദമുയർന്നു.
’മരണംവരെ പോലീസ് കമ്മീഷണറാകാമെന്നു ഞാൻ ആർക്കും വാക്കുകൊടുത്തിട്ടില്ല അരവിന്ദാ. ഇന്നുമുതൽ കമ്മീഷണർ രാജ്‌മോഹനാ .. ഫയലില് വേണ്ടതൊക്കെ എഴുതിച്ചേർത്തു സൗകര്യം പോലെ താനിങ്ങോട്ടു വാ.‘
’ശരി സാർ.‘
റിസീവർ ക്രാഡിലിലിട്ട് തമ്പി കുറുപ്പിനെ നോക്കി. കുറുപ്പ് ചിരിച്ചു.
’വിവരമില്ലാത്തവര് മന്ത്രിമാരായാൽ കാര്യങ്ങളൊക്കെ വളരെവേഗം നടക്കും. അല്ലേ തമ്പി?‘
’വിവരമുള്ള ആരെങ്കിലും ആ കസേരയിൽ ഇന്നോളമിരുന്നിട്ടുണ്ടോ തമ്പീ? ഒരു പണിയുമറിയാത്തവരല്ലേ മന്ത്രിപ്പണിക്കു വരുന്നത്?‘
തമ്പീ കുറുപ്പിനെ നോക്കി.
’അതുകൊണ്ടല്ലേടോ തനിക്കു നിന്നുതിരിയാൻ സമയമില്ലാത്തവിധം കേസുകൾ കിട്ടുന്നത്? ഞങ്ങളൊക്കെ ഹരിശ്‌ചന്ദ്രന്റെ പിൻഗാമികളായിരുന്നെങ്കിൽ കോട്ടൂരിവച്ച് താൻ മറ്റേപ്പണിക്കു പോകേണ്ടിവരുമായിരുന്നില്ലേ?‘
കുറുപ്പ് ചിരിച്ചു.
’എന്നാലും സൂക്ഷിക്കണം തമ്പീ രാഷ്‌ട്രീയക്കാരൊക്കെ തിഹാർ ജയിലിൽ സ്‌ഥലം ബുക്ക് ചെയ്‌ത് ഊഴം കാത്തിരിക്കുന്നുണ്ട്. കേന്ദ്രത്തിൽ സോഷ്യലിസ്‌റ്റ് പാർട്ടിക്കു കോടതീന്നിറങ്ങാൻ സമയവുമില്ല. തന്റെ കാര്യത്തിലും ഒരന്വേഷണം വന്നാൽ….‘
തമ്പി ചിരിച്ചു.
’ഒരു പുല്ലും സംഭവിക്കില്ല കുറുപ്പേ…. തനിക്കറിയ്യോ ഈ തമ്പീടെ പേരിൽ ആകെയുള്ളത് ഒരു വീടുമാത്രം. അതു ലോണെടുത്താ, ഞാൻ പൂർത്തിയാക്കിയത്. മുഴുവൻ ബിനാമിയാടോ അന്വേഷിക്കാൻ വരുന്നവൻ നക്ഷത്രമെണ്ണും. ജീവിക്കാൻ എനിക്കു പെൻഷൻ തരണമെന്നു കോടതി ഉത്തരവിടുകേം ചെയ്യും. കക്കാനറിഞ്ഞാൽ മാത്രം പോരാ നിൽക്കാനുമറിയണം.‘
കുറുപ്പു പറഞ്ഞു.
’ഒരിക്കൽ നമ്മളൊക്കെ ചോരകൊണ്ടു കളിച്ചതു നിയമത്തിന്റെ കണ്ണുകറുത്ത തുണികൊണ്ടു മുടിക്കെട്ടിയിട്ട്. ഇപ്പോൾ കാണുന്നത് അതേ നാണയത്തിന്റെ മറുവശം.‘
കുറുപ്പിന്റെ ശബ്‌ദം പുറത്തു ബ്രേക്കിട്ടു നിന്ന ഒരു മാരുതിയുടെ മുരൾച്ചയിൽ അമർന്നു പോയി. തമ്പിയും കുറുപ്പും പരസ്‌പരം നോക്കി.
Generated from archived content: ananthapuri10.html Author: nk_sasidharan