ക്ലാസ്സ് റൂം ക്ലാസ്സിക്കുകള്‍

ശ്രീ. സുരേഷ് മൂക്കന്നൂരിന്റെ ഒരുപിടി ഈരടികളിതാ – ക്ലാസ്സ് റൂം കവിതകള്‍. ക്ലാസ്സ് മുറികളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പാടി രസിക്കാവുന്ന പാട്ടുകള്‍; ക്ലാസ്സില്‍ കുട്ടികള്‍ ആവശ്യപ്പെടുന്ന വിഷയങ്ങളെക്കുറിച്ച് അപ്പപ്പോള്‍ ബ്ലാക്ക് ബോര്‍ഡില്‍ കുറിച്ച നിമിഷരചനകള്‍. ഇത്ര അനായാസമായി, താളാത്മകമായി,ഹൃദയസ്പന്ദനം പോലെ സ്വാഭാവികമായി കവിതയെഴുതുവാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? ആശയപ്പൊരുത്തവും വൃത്തവും പ്രാസവുമൊക്കെ ഒപ്പിച്ചെടുക്കാന്‍ വാക്കുകളുമായി എത്ര മല്‍പ്പിടുത്തം നടത്തിയാണ് മിക്കവരും ഒരു കൃതി പൂര്‍ത്തിയാക്കുന്നത്.

ജന്മവാസനകൊണ്ടും കര്‍മ്മവൈഭവംകൊണ്ടും മലയാളത്തിലെ എല്ലാത്തരം കാവ്യമാതൃകകളും ഈണങ്ങളും താളങ്ങളും ഇളം മനസ്സുകളുടെ സങ്കല്‍പ്പങ്ങളും കരതലാമലകംപോലെ അത്രമേല്‍ പരിചയമുള്ളതുകൊണ്ടാകാം സുരേഷിന് ഇത് സുസാദ്ധ്യമായത്. സുരേഷിനെ അറിയുന്നവര്‍ക്ക് ഇതൊരത്ഭുതമല്ല. ഈ കവി ഇത്ര നാളും ഒരു സമാഹാരം പ്രസിദ്ധീകരിക്കാന്‍ അമാന്തം കാണിച്ചതെന്തുകൊണ്ട് എന്നതാണത്ഭുതം.

വല്ലഭനു പുല്ലുമായുധം എന്നല്ലേ ചൊല്ല്? മുടിയുണ്ടെങ്കില്‍ ചായ്ച്ചും ചരിച്ചും കെട്ടാം എന്ന പെണ്ണഴകുമൊഴിയും നമുക്കറിയാം. കവിതകെട്ടാന്‍ പുറപ്പെടുന്ന ആള്‍ക്ക് വിഷയദാരിദ്രമില്ല. ഇവിടെയാകട്ടെ എഴുത്തുകാരന്‍ ഒരാളേയുള്ളൂ. എങ്കിലും വിഷയനിര്‍ദ്ദേശകര്‍ പല ഇഷ്ടാനിഷ്ടങ്ങളുള്ള കുട്ടികളാണ്. അതിനാല്‍ കൂടുതല്‍ വിശാലമായ ഒരു മേഖല തുറന്നുകിട്ടുകയാണ് ചെയ്യുന്നത്. അന്നവും അറിവും കുഴിയാനയും പൂവും പൂമ്പാറ്റയും ആകാശവും താറാവും ഓട്ടോറിക്ഷയും ഓണവുമൊക്കെ പുതുമയുള്ള ഈണങ്ങളില്‍ കുട്ടികളെ രസിപ്പിക്കുന്ന കവിതകളായി വാര്‍ന്നുവീഴുന്നു. നന്മയെക്കുറിച്ചു ദീപ്തമായ ഭാവനകള്‍ അവയിലുണ്ട്. കൂട്ടുകാര്‍ തമ്മിലും മനുഷ്യരും പ്രകൃതിയും തമ്മിലും ഉള്ള ഉള്ളുതുറന്ന ഇണക്കവും പൊരുത്തവും മിക്ക രചനയിലും അദൃശ്യമായ അടിസ്ഥാനാശയമായി വര്‍ത്തിക്കുന്നു. ഉല്ലാസാഹ്ലാദങ്ങക്കുടെ ശബ്ദവും പൊലിമയും കൊണ്ട് മത്തടിപ്പിച്ചാല്‍ മാത്രം പോരാ, കോലാഹലങ്ങളെല്ലാം കെട്ടടങ്ങിയാലും മായാതെ മനസ്സില്‍ തങ്ങുന്ന എന്തെങ്കിലും വേണം കവിതയില്‍ എന്ന് പക്ഷക്കാരനാണ് സുരേഷ്. തൊടാന്‍ ഭാവിക്കും മുമ്പേ പൊട്ടിപ്പോകുന്ന വര്‍ണ്ണക്കുമിളകളാണല്ലൊ നമ്മുടെ കുട്ടിക്കവിതകള്‍ അധികവും.

ഈണങ്ങളുടെ താളമേളസമൃദ്ധി മലയാളത്തില്‍ കാണും പോലെ മറ്റൊരു ഭാഷയിലും ഇല്ലെന്നു തോന്നുന്നു. മലയാളനാട്ടിലെ മണ്ണും മനുഷ്യമനസ്സും ഗാനമുഖരിതമാണ്. ഓണപ്പാട്ടുമുതല്‍ പൂരപ്പാട്ടുവരെ, നിശിതനിയമവിധേയമായ ശ്ലോകം മുതല്‍ നിയതനിയമങ്ങളില്‍ അയവുവരുത്തിയ ഭാഷാവൃത്തങ്ങള്‍ വരെ എത്രയെത്ര ശീലുകള്‍ ! ദ്രാവിഡഭാഷാപദ്യപൈതൃകമായ ഐന്തണികളും പ്രാര്‍ത്ഥനകളും പണ്ടേക്കുപണ്ടേ പഥ്യമാണ് നമുക്ക്. ഈ സമ്പന്നമായ ഈടുവയ്പുകള്‍ പലതും നമ്മള്‍ കളഞ്ഞുകുളിച്ചു. പദ്യം കവിതയ്ക്ക് കാല്‍ചമയങ്ങളാണെന്നും അതു കൃത്രിമഭാഷയാണെന്നും പരിഷ്കൃതാശയരായ പണ്ഡിതന്മാര്‍ കണ്ടുപിടിച്ചിരിക്കുന്നു. സിനിമാപ്പാട്ടിനു ഗദ്യമായാലും ഒരുവിധം ഒപ്പിക്കാം എന്നായിട്ടുണ്ട്. കഥകളിപ്പദവും കര്‍ണ്ണാടകസംഗീതവും നാളെ എന്താവുമോ എന്തോ? കുട്ടിക്കവിതകളുടേ പദ്യരൂപം തല്‍ക്കാലം ഭദ്രമാണ്.

മലയാളവൃത്തങ്ങളുടെ വൈവിധ്യം വേണ്ടത്ര ഉപയോഗപ്പെടുത്തിയിട്ടില്ല സുരേഷ് എന്നാണ് എനിയ്ക്ക് തോന്നിയത്. കുഞ്ചന്‍നമ്പ്യാരും ചങ്ങമ്പുഴയും ഇടശ്ശേരിയും ഒ.എന്‍.വി.യും ഈണങ്ങള്‍ക്കൊണ്ടു കാണിച്ചിട്ടുള്ള ഇന്ദ്രജാലങ്ങള്‍ക്കു കണക്കില്ല. ഭാഷാവൃത്തങ്ങളില്‍ വര്‍ണ്ണങ്ങളും മാത്രകളും കൂട്ടിയും കുറച്ചും ഗുരുലഘുയതിസ്ഥാനങ്ങള്‍ മാറ്റിയും പുതിയ താളങ്ങള്‍ അവരും മറ്റു കവികളും ഉരുത്തിരിച്ചെടുത്തിട്ടുണ്ട്. ഏ.ആറിന്റെ വൃത്തമഞ്ജരിയിലോ മാരാരുടെ വൃത്തശില്പത്തിലോ ഒതുങ്ങാതെ പുറത്തേയ്ക്ക് തണ്ടും തളിരും നീട്ടുന്ന എത്രയെത്ര ഗാനവല്ലീമതല്ലികള്‍ , ഇപ്പോള്‍ ഗാഥയും വഞ്ചിപ്പാട്ടും പാനയും താരാട്ടും ഓമനക്കുട്ടനും ചൊല്ലാന്‍ കുട്ടികള്‍ക്കറിഞ്ഞുകൂടാ; മുതിര്‍ന്നവരുടെ കഥയും ഏറെ മെച്ചമല്ല. ട്യൂണിന്റെ ക്ലൂ തരണമെന്നാണ് അക്ഷരശ്ലോകവും കാവ്യകേളിയും പഠിക്കാനെത്തുന്ന ഐ.ടി.പണ്ഡിതര്‍ ആവശ്യപ്പെടുന്നത്. കവിത നിലനില്‍ക്കണമെങ്കില്‍ , മനുഷ്യന്‍ ഇതര ജന്തുക്കളില്‍നിന്നു വ്യത്യസ്തനായ ഒരു വര്‍ഗ്ഗമായി തുടരണമെങ്കില്‍ , താളവും ഈണവും മനസ്സിലുണ്ടാകണം. ഈ ബോധം കെട്ടുപോകാതെ നിര്‍ത്താന്‍ കുട്ടിക്കവിതകള്‍ ഉണ്ടാവണം; ക്ലാസ്സ് റൂം കവിതകള്‍ അതിനു പറ്റിയ വിഭവമായതുകൊണ്ട് അവയെ ക്ലാസ്സിക് എന്നു വിശേഷിപ്പിക്കാന്‍ ഞാന്‍ മടിക്കുന്നില്ല. ക്ലാസ്സ് റൂം കവിതകളിലെ ഭാഷാശുദ്ധിയുടെ കാര്യവും എടുത്തു പറയേണ്ടതാണ്. ജി, വൈലോപ്പിള്ളി, അക്കിത്തം തുടങ്ങി വളരെക്കുറച്ചു പേര്‍ക്കേ സന്ധിയും സമാസവും വൃത്തഘടനയും തെറ്റാത്ത നല്ല ഭാഷ കൈകാര്യം ചെയ്യാന്‍ കഴിയുന്നുള്ളു. ബാലസാഹിത്യകൃതികള്‍ കുഞ്ഞുങ്ങള്‍ക്കായി തെരെഞ്ഞെടുക്കുമ്പോള്‍ മാതാപിതാക്കളും അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഓര്‍മ്മിപ്പിക്കാനാണ് ഇതൊക്കെ ഇത്രയും വിസ്തരിച്ചത്. ആദ്യം മുതിര്‍ന്നവര്‍ വായിക്കണം; ഇരുകൂട്ടര്‍ക്കും പ്രിയവും ഹരിതവുമാകണം ബാലസാഹിത്യം എന്നര്‍ത്ഥം. അത്തരം കൃതികളുടെ രചന ഒട്ടും എളുപ്പമല്ല. ക്ലേശകരമായ ആ പണി അയത്നസിദ്ധലാഘവത്തോടെ നിര്‍വ്വഹിച്ചിരിക്കുന്നു സുരേഷ്. ഈ സമ്പന്നമായ വിരുന്നിലേയ്ക്ക് ഇളം മനസ്സുകളെ ക്ഷണിയ്ക്കുന്നതില്‍ എനിയ്ക്ക് സന്തോഷമുണ്ട്.

എന്‍.കെ.ദേശം

‘ഹരിതം’ ദേശം പി.ഒ.

ആലുവ – 3

ഫോണ്‍ – 9947891500

പ്രസാധനം – പുലര്‍ ബുക്സ്

വില – 50.00

Generated from archived content: book1_dec8_12.html Author: nk_desham

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here