നിറയെ മരങ്ങളുള്ള കടല്‍

പുഴ കടലുമായിച്ചേരുന്ന അതിരുകഴിഞ്ഞതറിഞ്ഞില്ല.
തോണി മരച്ചില്ലകളില്‍തട്ടി ശബ്ദമുണ്ടായപ്പോഴാണ് ഞാനുണര്‍ന്നത്.
‘തിമിംഗിലമര’മായിരുന്നു അവയിലേറ്റവും വലുത്.
പുതിയ ഭൂമിയില്‍, പണ്ടെന്‍റെ മുതുമുത്തച്ഛന്‍
നട്ടുവളര്‍ത്തിയതായിരുന്നു അവയോരോന്നും.
കൂട്ടത്തില്‍ പൂക്കാത്തവയുമുണ്ടായിരുന്നു.
ചിലതില്‍ എന്നോളം വലിയ ഇലകളും കായ്കളും-
പല നിറത്തിലും രൂപത്തിലും;
(നീലിമയില്‍ ഹരിതാഭ കലര്‍ന്നിരുന്നുവെങ്ങും).
കനികള്‍ നിറഞ്ഞ് തോണി മുങ്ങുമെന്നായപ്പോഴാണ്
‘തിമിംഗിലമര’ത്തിലെ ചുവന്നു തുടുത്ത കനിയെക്കുറിച്ചോര്‍ത്തത്.
അതിന്‍റെ ഗര്‍ഭംധരിച്ച ചില്ലകള്‍ ഭാരം താങ്ങാനാവാതെ
ചാഞ്ഞ്‌ വെള്ളത്തിനടിയിലായിരുന്നു.
ഉപ്പിലിട്ടതിന്‍റെ രുചി നാവിന്‍തുമ്പിലലകളുണ്ടാക്കിയപ്പോള്‍
നിയന്ത്രിക്കാനായില്ല, ഞാന്‍ ആഴങ്ങളിലേക്ക് ഊളിയിട്ടു.
ജലോപരിതലത്തില്‍ ദിശയറിയാതലയുന്ന തോണിയില്‍
ഞാന്‍ പറിച്ചുകൂട്ടിയ കനികള്‍ക്കുള്ളില്‍
(അവയുടെ മാംസം അഴുകിത്തുടങ്ങിയിരുന്നു)
അടുത്ത തലമുറ പൊട്ടിമുളക്കാനൊരുങ്ങുമ്പോഴും
നിറയെ മരങ്ങളുള്ള കടലിന്നടിത്തട്ടില്‍
വഴുവഴുപ്പുള്ള ചില്ലകളെ കെട്ടിപ്പുണര്‍ന്ന്‍ തെന്നിത്തെന്നി….
ഒരേയൊരു ശ്വാസത്തിനായി ഞാന്‍ കെഞ്ചുകയായിരുന്നു.
“നീ ചത്തിട്ടേ ഞാന്‍ കായ്ക്കൂ” എന്ന മുഖഭാവത്തോടെ
‘തിമിംഗിലമരം’ എന്‍റെ മരണത്തിനായ് പേറ്റുനോവോടെ കാത്തുനിന്നു.

Generated from archived content: poem3_june25_13.html Author: niyas.jamal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here