വൻകിടകുത്തകബൂർഷ്വാ വിപ്ലവപ്രതിഭകൾ

തലയിൽ ഒരുപാടുണ്ടായിരുന്ന മാർക്സിന്‌ എക്കാലവും കിട്ടിയ അനുയായികളാകട്ടെ ഭൂരിഭാഗവും മന്ദബുദ്ധികളായിരുന്നു. അതുകൊണ്ട്‌ കുരുടൻ ആനയെകണ്ടതിലും ഒന്നുകൂടി ഭംഗിയായി ഇവിടുത്തെ മാടമ്പി സഖാക്കൾ മാർക്സിസം വ്യഖ്യാനിച്ച്‌ അർത്ഥം പറഞ്ഞുകൊടുത്തപ്പോഴും അനുയായികളുടെ എണ്ണം വർദ്ധിച്ചതല്ലാതെ കുറഞ്ഞില്ല. മകരജ്യോതിക്ക്‌ ആളുകൂടുന്നതല്ലാതെ കുറയുന്നില്ലെന്നതാണ്‌ അതിന്റെ കാരണം. രണ്ടുമൊരു വിശ്വാസം. ഒന്ന്‌ അയ്യപ്പനിൽ മറ്റേത്‌ മാടമ്പിസഖാക്കളിൽ.

ജീവിതത്തിൽ ഒരു ദിവസം പോലും ഒരു പണിയും ചെയ്യാതിരുന്ന രണ്ട്‌ ചെറുപ്പക്കാരാണ്‌ ലോകത്തൊഴിലാളി വർഗത്തിന്റെ ബൈബിളായ കമ്മ്യൂണിസ്‌റ്റ്‌ മാനിഫെസ്‌റ്റോ എഴുതിയത്‌ എന്നു പറഞ്ഞത്‌ തോമസ്‌ സോവെൽ എന്ന അമേരിക്കൻ ഇക്കണോമിസ്‌റ്റാണ്‌. ക്ഷയരോഗത്തിന്‌ മരുന്നു കണ്ടുപിടിക്കുന്നവൻ ക്ഷയരോഗി തന്നെയായിരിക്കണം എന്ന്‌ ഭാഗ്യവശാൽ മൂപ്പർ പറഞ്ഞിട്ടില്ല. ബ്രഹ്‌മചാരിയായിരുന്ന വാത്സ്യായന മഹർഷി എഴുതിയതല്ല കാമശാസ്ര്തം എന്നാരെങ്കിലും പറഞ്ഞുകളയുമോ? ജ്യോതിബസു പണ്ടേ ചെയ്യുന്നതും ഇപ്പോൾ വിളിച്ചുപറഞ്ഞതും തോമസ്‌ സോവെൽ പറഞ്ഞതുതന്നെയാണ്‌. സോഷ്യലിസം പ്രായോഗികമല്ല.

അവനവനു തോന്നുന്ന വിഗ്രഹമുണ്ടാക്കി ആചാര്യന്മാർ പൂക്കളർപ്പിക്കുന്നു. ചുറ്റും കൂടിയവർ പ്രാർത്ഥന ചൊല്ലുന്നു. അവർ വിശ്വാസികൾ എന്നറിയപ്പെടുന്നു. ആമീൻ. മിക്കവാറും പൊതുസ്ഥലം കൈയ്യേറി കോവിലുപോലെ വളച്ചുകെട്ടി ശിവലിംഗത്തിനു പകരം സ്തൂപം വെക്കുന്നു. കൊല്ലാകൊല്ലം വിപ്ലവാചാര്യന്മാർ മുന്തിയകാറിലെത്തി പുഷ്പാർച്ചന നടത്തുന്നു. കൊളസ്ര്ടോളിനും പ്രമേഹത്തിനും വലിയ എതിർപ്പൊന്നുമില്ലെങ്കിൽ കൈയ്യുയർത്തി ഒന്നഭിവാദ്യം ചെയ്യും. ചുറ്റുമുള്ളവർ മുദ്രാവാക്യം മുഴക്കും. അവർ കമ്മ്യൂണിസ്‌റ്റ്‌ വിശ്വാസികൾ എന്നറിയപ്പെടും. രണ്ടും തമ്മിൽ എന്തുണ്ട്‌ വ്യത്യാസം. ചെട്ടീന്റെ പൂണൂലും പട്ടരുടെ പൂണൂലും തമ്മിലുള്ളതോ? രണ്ടാചാര്യന്മാരും ഒരേ സിദ്ധാന്തത്തിൽ അടിയുറച്ചു വിശ്വസിക്കുന്നു – പണ്ട്‌ സഞ്ജയൻ പറഞ്ഞ ഉദരംഭരി സിദ്ധാന്തം.

നമ്മളുടെ മുൻതലമുറയിലെ പലരും കമ്മ്യൂണിസ്‌റ്റുകാരായത്‌ ഗ്രന്ഥം വായിച്ചിട്ടോ അന്തവും കുന്തവുമില്ലാതെ ചിന്തിച്ചിട്ടോ ഒന്നുമല്ല. അന്നു കിട്ടിയ അറിവുവച്ച്‌ വിപ്ലവം ഇന്നോ നാളയോ നടക്കേണ്ട അവസ്ഥയിലായിരുന്നു. അതു നടന്നാപിന്നെ ഉള്ളവനും ഇല്ലാത്തവനും എന്ന വ്യത്യാസം നഹി. ബൂർഷ്വാ പാർട്ടികളോടൊപ്പം ചേർന്ന്‌ ഓൻ മാത്രം പണക്കാരനായി എന്ന ദുഷ്‌പേരുമില്ല. നാളെ വിപ്ലവം നടക്കുന്നു. മറ്റന്നാൾ എല്ലാവരും വട്ടത്തിൽ കുത്തിയിരുന്ന്‌ ഉള്ളപണം ഒരു കുട്ടയിലിട്ട്‌ ഓരോരുത്തരുടെ ആവശ്യത്തിനനുസരിച്ച്‌ കുട്ടയിൽ നിന്നുമെടുത്തുപോകുന്ന സുന്ദരമായ അവസ്ഥ.

അതിനു തയ്യാറാവാത്തവരുടെ തലകൊണ്ട്‌ വിപ്ലവസൂപ്പുണ്ടാക്കിക്കഴിച്ചാൽ പിന്നെ ഒരുമാതിരിപ്പെട്ട അസുഖങ്ങളൊന്നും അടുക്കുകയില്ല. അന്നത്തെ വിപ്ലവപ്രതിഭകളുടെ നാളെയും ലോട്ടറിക്കാരന്റെ നാളെയും ഒന്നുതന്നെയെന്ന തിരിച്ചറിവുണ്ടായത്‌ പിന്നീട്‌ നേതാക്കന്മാരുടെ ജാതകപരിശോധന കടലാസുകളിൽ കാണുമ്പോഴാണ്‌.

വിപ്ലവം നടത്താൻ പോയവരിലും ലോട്ടറി ടിക്കറ്റെടുത്തവരിലും ചിലർ ലക്ഷപ്രഭുക്കളായത്‌ മിച്ചം. ലോട്ടറികൊണ്ട്‌ വേറൊരു ഗുണവുമുണ്ട്‌. ആകെയൊരു സൈക്കിളും ദ്രവിച്ച മൈക്കുസെറ്റുമുണ്ടെങ്കിൽ സംഗതി റെഡി.

വിപ്ലവക്ഷേത്രത്തിലെ ആണ്ടുത്സവത്തിനാണെങ്കിൽ നരബലി ഒഴിച്ചുകൂടാത്തതാണ്‌. കത്തിവരവും വടിവാൾ നൃത്തവും മുഖ്യവഴിപാടായി ബോംബർച്ചനയുമില്ലാതെ പിന്നെന്തുത്സവം. ലോട്ടറിയുടെ പേരിൽ കൊന്നിട്ടും ചത്തിട്ടുമുള്ള ചരിത്രമില്ല. മറ്റതിലാണെങ്കിൽ കൊന്നതിനും ചത്തതിനും കണക്കുമില്ല.

ലോട്ടറിയെടുത്താൽ നേതാക്കൾക്കുതന്നെ അടിക്കണമെന്നില്ല. എന്നാൽ നേതാവായിക്കിട്ടിയാ ലോട്ടറിയടിച്ചു. കോൻ ക്രോർപതി ബനേഗാ എന്നൊന്നുമില്ല. നേതാവ്‌ ക്രോർപതി ബനേഗാ.

ഒരാൾക്ക്‌ എത്രകണ്ട്‌ പിന്നോട്ട്‌ നോക്കാൻ കഴിയുമോ അത്രകണ്ട്‌ മുന്നോട്ട്‌ കാണാൻ കഴിയും എന്നാണ്‌. ഭൂതകാലത്തേക്കു നോക്കുക. ഒരു കാലത്ത്‌ ലോകത്തിലെ ഏറ്റവും വലിയ കുത്തകമുതലാളിയായിരുന്ന സോവിയറ്റ്‌ കമ്മ്യൂണിസ്‌റ്റുപാർട്ടിയുടെ ഇന്നത്തെ അവസ്ഥനോക്കുക. മണ്ണും ചാരി നിന്ന യെൽട്‌സിൻ പെണ്ണും കൊണ്ടുപോയ കഥ ഒരാവർത്തികൂടെ വായിക്കുക. സ്വന്തം ചൊകചൊക ചൊകന്ന പട്ടാളവും കെ.ജി.ബിയും സർവ്വോപരി പത്തെഴുപതുകൊല്ലം വിപ്ലവവിദ്യാഭ്യാസം കിട്ടിയ ജനതയുമുണ്ടായിട്ടും നടുറോഡിൽ പെട്ട പേപ്പട്ടിയുടെ സ്ഥിതിയിലായിരുന്നു നേതാക്കൾ. അത്രയ്‌ക്കായിരുന്നു കൈയ്യിലിരിപ്പ്‌.

പരാജയപ്പെട്ടത്‌ എല്ലായിടത്തും മാർക്സിസ്‌റ്റുകാരാണ്‌ മാർക്സിസമല്ല. ഒരു സ്ഥലത്തും ഇന്നോളം വരാത്ത മാർക്സിസം പരാജയപ്പെടുന്നതെങ്ങിനെയെന്ന്‌ മാർക്സിസ്‌റ്റുകാർക്കേ അറിയാൻ കഴിയൂ.

സോഷ്യലിസം ഒരു സ്വപ്നമാണ്‌. ഒന്നുകിൽ ഉടനെ അല്ലെങ്കിൽ കുറച്ചുനേരം കഴിഞ്ഞ്‌ നിങ്ങൾ യാഥാർത്ഥ്യത്തിലേക്കുണരും എന്നു പറഞ്ഞത്‌ ചർച്ചിലാണ്‌. അതു തന്നെയാണ്‌ പണ്ട്‌ വാരിക്കുന്തം കൂർപ്പിക്കാൻ നടന്നവരുടെ പിൻമുറക്കാരോട്‌ സായിപ്പിന്റെ എച്ചിൽ വിദ്യാഭ്യാസം നേടിയ ബസുവാദികളും അക്കാദമിക്‌ ബുദ്ധിജീവിപ്പരിഷകളും ഇപ്പോൾ വിളിച്ചുപറയുന്നതും. കമ്മ്യൂണിസ്‌റ്റുകൾ ക്യാപിറ്റലിസ്‌റ്റുകളായതിന്റെ ഏറ്റവും വലിയ തെളിവാണ്‌ അരനൂറ്റാണ്ടു മുൻപു കമ്മ്യൂണിസ്‌റ്റ്‌ വിരുദ്ധർ പറഞ്ഞത്‌ അതേ ഭാഷയിൽ വിപ്ലവകാരികൾ ഇപ്പോൾ വിളിച്ചുപറയുന്നത്‌.

ഇന്നുവരെ ഒരുത്തനും മനസ്സിലാവാതിരുന്ന ഒരു സത്യമാണ്‌ ബസു മുതലാളി കണ്ടെത്തി മാലോകരെ അറിയിച്ചത്‌. മുതലാളിത്ത വ്യവസ്ഥിതിയിലാണ്‌ നമ്മൾ ജീവിക്കുന്നത്‌ എന്ന സത്യം. വേറൊരു സത്യം കൂടി വിളിച്ചുപറഞ്ഞു. സോഷ്യലിസം ഇന്നത്തെ കാലത്ത്‌ അത്ര പ്രായോഗികമല്ല. ചർച്ചിലിനെക്കാളും ഒരുപടി കടന്ന്‌ അതൊരു വിദൂരസ്വപ്നം മാത്രമാണെന്ന്‌ കൂട്ടിച്ചേർക്കാനും മുതലാളി മറന്നില്ല.

സോഷ്യലിസം ഇന്നത്തെ കാലത്ത്‌ അത്ര പ്രായോഗികമല്ല. സി.ഐ.എയും അമേരിക്കൻ സാമ്രാജ്യത്വവും എന്ന നിഴലിനോട്‌ യുദ്ധം ചെയ്തിട്ടാണ്‌ മുതലാളിയുടെ പാർട്ടി ഇന്നത്തെ നിലയിൽ ബിർളയെ ബഹുദൂരം പിന്തള്ളി മൂലധനം ആശുപത്രിയായും ബാങ്കായും വ്യവസായമായും റിസോർട്ടായും അമ്യൂസ്‌മെന്റ്‌ പാർക്കായും സ്വരൂക്കൂട്ടിയത്‌.

പണംകൊണ്ടും പ്രായംകൊണ്ടും ചികിത്സിച്ച്‌ മാറ്റാൻ പറ്റുന്ന നിസ്സാരരോഗമാണ്‌ കമ്മ്യൂണിസം എന്നുപറഞ്ഞത്‌ വേറൊരു സായിപ്പാണ്‌. അതു വിശ്വാസമല്ല സത്യം തന്നെയാണ്‌ എന്ന്‌ സർട്ടിഫിക്കറ്റെഴുതിക്കൊടുത്തത്‌ വിപ്ലവകാരികൾ തന്നെയാണ്‌.

ചിന്തകൊണ്ടും ബുദ്ധികൊണ്ടുമല്ല ലോകത്താരും കമ്മ്യൂണിസ്‌റ്റാവുന്നത്‌. ഹൃദയം കൊണ്ടാണ്‌. അതുകൊണ്ടുതന്നെയാണ്‌ എല്ലാക്കാലത്തേക്കുമായി കുറെപേരെ വിഡ്‌ഢികളാക്കിക്കൊണ്ട്‌ നേതാക്കന്മാർ വിലങ്ങനെ വളരുന്നതും. വാരിക്കുന്തത്തിന്റെ ചിലവിൽ അമ്യൂസ്‌മെന്റ്‌ പാർക്കുകളും സൂപ്പർസ്പെഷ്യാലിറ്റികളും പണിതിടുന്നതും.

ഇതെല്ലാം പടുത്തുയർത്തിയതാകട്ടെ ദരിദ്രവാസികളുടെ ചിലവിലുമാണ്‌. ഇനി ബസു-പിണറായി വിപ്ലവത്തിന്റെ മൊത്തക്കച്ചവടക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടാൽ അവർ പിന്നീടണിചേരുക വേറെ ചെങ്കൊടിയുടെ കീഴിലായിരിക്കും. സി.പി.ഐക്ക്‌ വിപ്ലവം പോരാഞ്ഞ്‌ സി.പി.എമ്മിൽ ചേർന്നപോലെ. അപ്പോൾ സ്വാഭാവികമായും അവരുടെ വർഗശത്രുക്കൾ വിപ്ലവമൊത്തക്കച്ചവടം നടത്തി റിസോർട്ടുപണിത വൻകിടകുത്തക സഖാക്കളായിരിക്കും. അതിലും എന്തുകൊണ്ടും നല്ലത്‌ ചിന്തിക്കാൻ സ്വന്തം തലമാത്രം ഉപയോഗിക്കാത്തവരെയെല്ലാം വിശ്വാസത്തിലെടുക്കുകയാണ്‌. ഇക്കണ്ടസ്വത്തിന്റെയെല്ലാം അവകാശികൾ അവരാണെന്നങ്ങോട്ടു പറഞ്ഞുകൊടുക്കുക. അവരാണല്ലോ പാർട്ടിയുടെ അടിത്തറ.

Generated from archived content: nithyayanam6.html Author: nithyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English