കിതക്കുന്ന പെണ്ണും കുതിക്കുന്ന വനിതയും

എപ്പോഴും സത്യമായിരിക്കും യുദ്ധത്തിലെയും കലാപത്തിലെയും ആദ്യത്തെ രക്തസാക്ഷി. രണ്ടാമത്തേത്‌ പെണ്ണും. സ്വാഭാവികമായും പിന്നെ മൂന്നാമത്തേത്‌ കുട്ടികളാകാതിരിക്കാൻ വേറെ വഴിയൊന്നുമില്ല. അത്‌ ബൈബിൾ കക്ഷത്തിൽ വച്ച്‌ നടത്തിയ കുരിശുയുദ്ധത്തിലായാലും ഖുറാന്റെ തണലിലെ ജിഹാദായാലും പെണ്ണിന്റെ ഗതി അധോഗതി.

മതങ്ങളുടെ പതിനാറടിയന്തിരത്തിനു വേണ്ടി നടന്നത്ര യുദ്ധങ്ങൾ ഏതായാലും രാഷ്ര്ടീയത്തിനു വേണ്ടി നടന്നിട്ടില്ല.

യുദ്ധത്തിൽ സ്ര്തീകളോട്‌ മാന്യമായി പെരുമാറും എന്നുപറഞ്ഞാൽ ഏറ്റവും ചുരുങ്ങിയത്‌ പിടിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തും എന്നുതന്നെയാണർത്ഥം. ലോകത്തെ ഏതു പട്ടാളസാഹിത്യകാരൻ വിവർത്തനം ചെയ്താലും അർത്ഥം മാറിപ്പോവുകയില്ല.

ഈ നൂറ്റാണ്ടിലെ ഇമ്മിണി ബല്യ യുദ്ധം രണ്ടാം ലോമഹായുദ്ധമായിരുന്നല്ലോ. പരാക്രമം പെണ്ണിനോടു നടത്തിയ കാര്യത്തിൽ ചെങ്കുപ്പായക്കാർ നാസികളെ ബഹുദൂരം പിന്നിലാക്കിയത്‌ ചരിത്രം.

ചൈനയിലെ ജപ്പാൻ പട്ടാളക്കാർക്കുവേണ്ടി കംഫർട്ട്‌ വുമാണായി പിടിച്ചുകൊണ്ടുപോയ വനിതകളുടെ എണ്ണം രണ്ടുലക്ഷമായിരുന്നു. നിത്യേന നാല്പതോളം പേർ ബലാൽസംഗത്തിനിരയായി ഇവരിൽ. ഇവരുടെ മുക്കാൽഭാഗവും യുദ്ധം തീരുന്നതിനുമുമ്പായി ഒടുങ്ങി.

മുസ്ലീം തീവ്രവാദികളുടെ കൈയ്യിൽ പെട്ട അൾജീറിയൻ യുവതികളുടെ കഥയറിയുമ്പോൾ ജപ്പാൻ പട്ടാളക്കാർപോലും ലജ്ജിച്ചു തലതാഴ്‌ത്തിപ്പോവും. പെണ്ണിന്റെ മടമ്പുവെളിയിൽ കണ്ടതിന്‌ അഫ്‌ഗാനിസ്ഥാനിൽ കാലിനു വെടിവെച്ചെങ്കിൽ പർദയിടാതെ വെളിയിലിറങ്ങിയതിനുള്ള അൾജീറിയൻ മോഡൽ തലതന്നെ വെട്ടിക്കളയലായിരുന്നു. തീവ്രവാദികളുടെ ഒളികേന്ദ്രങ്ങളിലേക്ക്‌ തട്ടിയെടുക്കപ്പെടുന്ന വനിതകളുടെ എണ്ണം ആർക്കും കിട്ടാറുമില്ല.

സ്‌റ്റാലിന്റെ പട്ടാളക്കാർക്ക്‌ മുകളിൽനിന്നും കിട്ടിയ ഉത്തരവ്‌ പരമാവധി ജർമ്മൻ വനിതകളെ പിടിച്ചുകൊണ്ടുപോയി തടവിലിടാനായിരുന്നു. ഇട്ടാൽ മാത്രം പോര. നിത്യേന കൂട്ടബലാൽസംഗം ചെയ്യുകയും വേണം. പട്ടാളക്കാർക്ക്‌ ഇതിന്‌ പ്രത്യേകിച്ച്‌ ഒരുത്തരവിന്റെ ആവശ്യം ലോകാരംഭംകാലം മുതൽ ഇന്നോളം വേണ്ടിവന്നിട്ടില്ല. ബാക്കി കാര്യങ്ങൾ ഉറപ്പുവരുത്തുന്നതിനായി ഉത്തരവിന്റെ ആവശ്യം ഉണ്ടായിരുന്നുതാനും.

ജർമ്മൻ ജനതയുടെ ആത്മാഭിമാനം തകർക്കാൻ വിപ്ലവബുദ്ധിയിലുദിച്ച ഒരു വഴി പെണ്ണിനെ പിഴപ്പിക്കലായിരുന്നു. ബലാൽസംഗം ചെയ്താൽ മാത്രം പോരാ. കർമ്മം നിരന്തരം അനുഷ്‌ഠിച്ച്‌ ഗർഭിണിയാണെന്നുറപ്പാക്കുകയും വേണം. അതുമാത്രം പോര തന്റെയുള്ളിൽ വളരുന്ന തന്തയാരെന്നറിയാത്തതിനെ നശിപ്പിച്ചുകളയാതിരിക്കാൻ ആവശ്യമായ കാലം തടങ്കലിൽ തന്നെ സൂക്ഷിക്കുകയും വേണം. പ്രസവിക്കലല്ലാതെ വേറെ മാർഗമില്ലാത്ത അവസ്ഥയിൽ ബാക്കിയുണ്ടെങ്കിൽ തുറന്നുവിട്ടേക്കുക.

അങ്ങിനെ റഷ്യൻ പട്ടാളക്കാർക്ക്‌ പിറന്ന തന്തയില്ലാപ്പൈതങ്ങൾ ചില്ലറയൊന്നുമായിരുന്നില്ല നല്ലൊരു ശതമാനം തന്നെയായിരുന്നു ജർമ്മൻ തെരുവുകളിൽ തേരാപാര നടന്നു എന്നറിയുമ്പോൾ മുന്തിയ ഭീകരൻ ഹിറ്റ്‌ലറോ അതോ സ്‌റ്റാലിനോ എന്നു തോന്നുക സ്വഭാവികം. മതരാഷ്ര്ടീയ ഭേദമന്യേ വനിതകളോടുള്ള നിലപാട്‌ മേൽപറഞ്ഞതായിരുന്നു.

അപ്പോൾ പെണ്ണിന്‌ ഏറ്റവും കൂടുതൽ ഭീഷണി നേരിടേണ്ടിവന്നത്‌ മതങ്ങളിൽ നിന്നും ഭരണകൂടങ്ങളിൽ നിന്നുമാണ്‌. ഒന്നുകൂടി വ്യക്തമാക്കിയാൽ ആണിൽ നിന്ന്‌ എന്നും പറയാം. ഈ പശ്ചാത്തലത്തിൽ നിന്നും മാറി ഇനി ഏഷ്യാ-പസഫിക്‌ കോൺഫറൻസ്‌ ഒൺ റിപ്രൊഡക്ടീവ്‌ ആന്റ്‌ സെക്ഷ്വൽ ഹെൽത്ത്‌ ഹൈദരാബാദിൽ വച്ച്‌ നടന്നപ്പോഴുണ്ടായ ചില നിരീക്ഷണങ്ങളിലേക്ക്‌.

ഫിലിപ്പൈൻസിൽ നിന്നും വന്ന എലിസബത്ത്‌ (മുഴുവൻ പേരും വായിക്കാൻ പറ്റിയില്ല പിന്നല്ലേ എഴുതൽ) പറഞ്ഞത്‌ കാത്തലിക്‌ വിശ്വാസം പിന്തുടരുന്ന ഭരണാധികാരികൾ സ്ര്തീക്ക്‌ വിവാഹമോചനത്തിന്റെ അവകാശം നിഷേധിക്കുന്നു എന്നാണ്‌. ഏതാണ്ടിന്ത്യൻ ജനാധിപത്യം പോലെ. ഒരിക്കൽ വരിക്കാനല്ലാതെ നേതാക്കളെ മൊയ്‌ശൊല്ലാനുള്ള അധികാരമില്ല. ശിഷ്ടകാലം മുഴുവൻ വിക്രമാദിത്യനും വേതാളവും പോലെ കെട്ടിഞ്ഞേന്നു പോവുക.

മാടിൽ പശുവിന്റെ സ്ഥാനമാണ്‌ ദൈവം സഹായിച്ച്‌ മതങ്ങൾ പെണ്ണിന്‌ നൽകിയിരിക്കുന്നത്‌. ഇണചേർക്കൽ, പിന്നെ പ്രസവം, അനന്തരം കറവ. അതു വറ്റിയാൽ വീണ്ടും ആദ്യം തൊട്ടു തുടങ്ങും. നാൽക്കാലിക്ക്‌ കറവ തുടങ്ങി വറ്റുന്നതുവരെ ഒരിടവേളയുണ്ടെന്ന ഒരാനുകൂല്യവുമുണ്ട്‌. ഇരുകാലിക്ക്‌ തൽക്കാലം ആ ഇടവേളയും ലഭിക്കുന്നില്ലെന്നതാണ്‌ സത്യം.

2005 മാർച്ചിലെ ടൈംസ്‌ വാരിക പറഞ്ഞത്‌ ശരിയാണെങ്കിൽ, കുട്ടികളുണ്ടാകുന്നത്‌ ലൈംഗീകബന്ധത്തിൽ കൂടിയാണെന്ന കാര്യം 33% ഫിലിപ്പിനോ ദമ്പതികൾക്കും തിരുപാടില്ല. സർക്കാർ നടത്തിയ പഠനത്തിൽ തെളിഞ്ഞതാണ്‌. 2.36% ആണ്‌ ജനസംഖ്യാവർദ്ധന. ലോകത്തിൽ ഏറ്റവും കൂടുതൽ. ദിനംപ്രതി 4000 ജനനം. താങ്ങ്‌സ്‌ റ്റു മതം ആന്റ്‌ ഗ്രന്ഥം എന്നല്ലാതെന്തുപറയുവാൻ. 94 ശതമാനം കൃസ്ത​‍്യൻ ജനത. അതിൽ 84 ശതമാനം റോമൻ കത്തോലിക്കക്കാരുള്ള രാജ്യത്തിന്റെ സ്ഥിതിയാണിത്‌. അക്കൂട്ടരാണിവിടെ സുവിശേഷം പറഞ്ഞു നടക്കുന്നത്‌.

മരിച്ചശേഷം മാത്രം ജീവിച്ചുകൊണ്ടിരിക്കുന്ന അഭയ ഇവിടെ ഒരു മതത്തിന്റെ വികലമായ കാഴ്‌ചപ്പാടുകളുടെ ഉത്തരമില്ലാത്ത നടുക്കുന്ന ചോദ്യമായി മനുഷ്യ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിക്കൊണ്ടേയിരിക്കുന്നു. അന്വേഷണം നടക്കുന്നു. പിന്നെ ഓടുന്നു. ഒന്നു കിതക്കുന്നു. പിന്നെ വിശ്രമിക്കുന്നു. ഒടുവിൽ അഭയയെപ്പോലെ അന്വേഷണഫലം കൂവ്വത്തിൽ പതിക്കുന്നു. ജുഡീഷ്യറിയെയും ജനാധിപത്യത്തേയും ഒരുപോലെ വിഡ്‌ഢികളാക്കികൊണ്ട്‌ ഏദൻതോട്ടത്തിൽ സാത്താന്മാർ നിർബാധം വിലസുന്നു.

ദവസഎറനപ5

ബാക്കിയെല്ലാവർക്കും ഗ്രന്ഥം മനുഷ്യനുവേണ്ടിയാണെങ്കിൽ ചിലരുടെ വിശ്വാസപ്രകാരം മനുഷ്യൻ ഗ്രന്ഥത്തിനുവേണ്ടിയാണ്‌. അവരുടെ വിശ്വാസം അവരെ രക്ഷിക്കുന്നു. ബാക്കിയുള്ളവരെ വഴിയാധാരമാക്കുകയും ചെയ്യുന്നു. ഇൻഷാ അള്ളാ.

അതുകൊണ്ട്‌ ഗർഭനിരോധനമാർഗങ്ങളും അബോർഷനും ഒന്നും അനുവദനീയമല്ല. പ്രത്യുല്പാദനപരമല്ലാത്ത ലൈംഗീകതയും അനുവദനീയമല്ല. (ലേഡീസ്‌ ഓൺലി). അപ്പോൾ സ്വാഭാവികമായും ലോകം മുന്നോട്ടുനടക്കുമ്പോൾ വനിതകൾ ഒരു പ്രകാശവർഷം പിന്നോട്ടു സഞ്ചരിക്കും. പിന്നാലെ ഒരു സമൂഹവും. ചുരുക്കിപ്പറഞ്ഞാൽ തന്റെ മനസ്സിനും ശരീരത്തിനും മേലുള്ള സ്ര്തീയുടെ അവകാശമാണ്‌ നിഷേധിക്കപ്പെടുന്നത്‌.

മലേഷ്യയിൽ നിന്നുമെത്തിയ സെയ്തുൽ മുഹമ്മദ്‌ കാസിമിന്റെ അഭിപ്രായത്തിൽ ഇതെല്ലാം ചെയ്തതുകൂട്ടന്നത്‌ ഖുറാനെ വളച്ചൊടിച്ച്‌ വ്യാഖ്യാനിച്ചിട്ടാണെന്നാണ്‌. പെണ്ണിനെ അടിമയാക്കാനും ആണിനെ ഉടമയാക്കാനുമായി ചില സ്വയം പ്രഖ്യാപിത പുരോഹിതന്മാർ കുരുടന്റെ ആനവിവരണം പോലെ വ്യാഖ്യാനിച്ച്‌ ഖുറാൻ ഒരു പരുവമാക്കിയെന്നാണ്‌ അവരുടെ അഭിപ്രായം.

മുഹമ്മദ്‌ മലക്കുപോയി എന്നത്‌ പണ്ഡിതന്മാർ വ്യാഖ്യാനിച്ചാൽ അല്ലെങ്കിൽ വിവർത്തനം ചെയ്താൽ ഇങ്ങിനെ കിട്ടും – മല മുഹമ്മദിനെ അന്വേഷിച്ചു ചെന്നു.

ചിരിക്കാനുള്ള കഴിവും പ്രത്യുത്‌പാദനത്തിലുപരിയായ സെക്സുമാണ്‌ മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം. പ്രത്യുല്പാദനപരമല്ലാത്ത സെക്സ്‌ എതിർക്കപ്പെടുമ്പോൾ മനുഷ്യനും മൃഗത്തിനുമിടയിലുള്ള ആ വിടവ്‌ നികത്തലുതന്നെയായിരിക്കണം ഉദ്ദേശം. ലൈംഗീക ബന്ധത്തിന്റെ ഫലമായി ഇന്നോളം ഒരാണും പ്രസവിച്ചതായി അറിയില്ല. അതുകൊണ്ട്‌ പെണ്ണിന്റെ കുലത്തൊഴിൽ പ്രസവമല്ലാതെ വേറൊന്നുമായിപ്പോവരുത്‌. അരക്കില്ലത്തിലെ തീയേക്കാളും അപകടകാരിയാണ്‌ അരക്കെട്ടിലെ തീയ്യെയെന്നറിയുവാൻ കാമശാസ്ര്തം പഠിക്കുകയൊന്നും വേണ്ട.

ഇനി മറ്റൊരുവശം. ഇതേ യോഗത്തിൽ പങ്കെടുത്ത ചൈനയിലെ ഒരു ഉപമന്ത്രി സെയ്‌ഗ്‌ ഷാവോയുടെ വാക്കുകൾ. 2006 മുതൽ കെയർ ഫോർ ദ ഗേൾ പ്രൊജക്ട്‌ എന്നൊരു പദ്ധതി ചൈന നടപ്പിലാക്കുന്നു. പെൺകുട്ടികൾ മാത്രമുള്ള കുടുംബത്തിന്റെ സാമൂഹിക സുരക്ഷ ഉറപ്പുവരുത്തലാണ്‌ ലക്ഷ്യം. 1980 മുതൽ രാഷ്ര്ടീയ സാമ്പത്തിക വികസന പ്രകൃയയിൽ മുൻനിരയിൽ തന്നെയുണ്ട്‌ വനിതകൾ. ചൈനീസ്‌ ജനതയിൽ 83 ശതമാനം പേരും ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നു. നഗരങ്ങളിൽ മിക്കവാറും ജനനം ഒരു കുട്ടിയിലും ഗ്രാമങ്ങളിൽ രണ്ടിലും തിബത്തുപോലുള്ള ന്യൂനപക്ഷ പ്രദേശങ്ങളിൽ രണ്ടിലേറെയും കുട്ടികളുണ്ടെന്നും അവർ വെളിപ്പെടുത്തി. ജനസംഖ്യ ചൈന ഭാരമായല്ല മറിച്ച മനുഷ്യവിഭവശേഷിയായാണ്‌ കരുതുന്നതെന്നും.

ഇനി വേറൊരു വശം. ഒരു മാനേജ്‌മെന്റ്‌ പഠനപ്രകാരം 2020 ആകുമ്പോഴേക്കും ലോകത്തിലെ കോടീശ്വരിൽ കൂടുതൽ പെണ്ണുങ്ങളായിരിക്കും. ഇരുപതുവർഷത്തിനുള്ളിൽ ലോകത്തിലെ അറുപതുശതമാനം സമ്പത്തും വനിതകളുടെ അധീനതയിലായിരിക്കും. അതോടെ രാമായണത്തിന്റെ കഥ കഴിയും. കർക്കടകത്തിൽ യുവാക്കൾ സീതായനം മുറിയാതെ ചൊല്ലി കാലയാപനം കഴിക്കേണ്ട കാലം സമാഗതമായെന്നർത്ഥം. ഇപ്പോ പെണ്ണിന്‌ വിദ്യ കൊടുത്തുകൂടെന്നു പറഞ്ഞതിന്റെ അർത്ഥം പുരിഞ്ചിതാ?

പെണ്ണ്‌ അടിമയും ആണ്‌ ഉടമയുമാണെന്ന സാർവ്വദേശീയ നയത്തിൽ മാത്രമാണ്‌ സർവ്വമതസാഹോദര്യം ദർശിക്കുവാൻ കഴിയുക. ഏതായാലും ദ്രവിച്ച കുറേ ഗ്രന്ഥങ്ങളും കെട്ടിപ്പിടിച്ച്‌ മലർന്നുകിടന്നു തുപ്പുന്നവർ, മാഡത്തിന്റെ കാലൊച്ചകൾക്ക്‌ കാതോർക്കുവാൻ കാലമായെന്നുതോന്നുന്നു.

ലോകം ഒരിക്കലും ഗ്രന്ഥത്തിനനുസരിച്ച്‌ മാറുകയില്ല. മാറ്റം രേഖപ്പെടുത്തിവെക്കാൻ കൊള്ളുമെന്നതിൽ കവിഞ്ഞ്‌ അതുകൊണ്ട്‌ വലിയ കാര്യവുമില്ല. ആർക്കെങ്കിലും ഒരു സ്‌കെയിലും പെൻസിലും കൊണ്ട്‌ വരച്ചുവെക്കുവാൻ ലോകത്തിന്റെ പ്രയാണം ഒരു നേർരേഖയിലുമല്ല. ഇതു മനസ്സിലാക്കാത്തവർ അഥവാ ഉദരനിമിത്തം കണ്ടില്ലെന്നു നടക്കുന്നവർക്കായി ഒരിടമുണ്ട്‌, കാലാനുസൃതമായി മാറാത്തതിനെല്ലാമുള്ള ഒരിടം. അതാണ്‌ ചരിത്രത്തിന്റെ ചവറ്റുകുട്ട.

Generated from archived content: nithyayanam5.html Author: nithyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English