കേരളത്തിലെ കലാപശാലകൾ അഥവാ കശാപ്പുശാലകൾ

ഇന്ത്യയിലെ ആദ്യത്തെ നൂറു കലാശാലകളെടുത്താൽ അക്കാദമിക്‌ റാങ്കിങ്ങിൽ ഒരെണ്ണംപോലും കേരളത്തിൽ നിന്നുണ്ടാവുകയില്ല. ജനാധിപത്യ മര്യാദ പ്രകാരം നാറിയ റാങ്കിങ്ങ്‌ നമ്മൾ മാറ്റിവെക്കുക. റാഗിങ്ങിൽ മുന്തിയ ഒരു പത്തെണ്ണമെടുക്കുക. മുന്നിൽ നിന്നു നയിക്കുവാൻ കൂട്ടബലാൽസംഗം ഫെയിം എസ്‌.എം.ഇയും തൊട്ടുതാഴെ ഇന്നലത്തെ പ്രകൃതിവിരുദ്ധം ഫെയിം കാർഷിക കലാശാലയും കാണാതിരിക്കുകയില്ല.

ഇനി റാഗിങ്ങിനെയും മാറ്റിവെക്കുക. വിവിധ കാമ്പസ്‌ തനതുകലാരൂപങ്ങളായ അടിച്ചുകൊല്ലൽ, എറിഞ്ഞുകൊല്ലൽ, വെട്ടിക്കൊല്ലൽ, കുത്തിക്കൊല്ലൽ ആദിയായവയിൽ മികച്ച 20 എണ്ണമെടുത്താൽ ഇരുപതും നമ്മളുടേതായിരിക്കും. ഒന്നാംസ്ഥാനം വിപ്ലവകാരികൾക്കു കൊടുക്കാതെ വയ്യ. രണ്ടാംസ്ഥാനത്തിനായി സംഘപരിവാറിന്റെയും എൻ.ഡി.എഫുകാരുടെയും കുട്ടിക്കുരങ്ങന്മാർ മത്സരിക്കട്ടെ.

ഇന്ന്‌ ഈ വരികൾ കുറിക്കുമ്പോഴേക്കും നമ്മൾ ഒന്നുകൂടി മെച്ചപ്പെട്ടു. ഒരു എ.എസ്‌.ഐയെ ചങ്ങനാശ്ശേരി എൻ.എസ്‌.എസ്‌ കോളജിൽ വച്ചു തല്ലിക്കൊന്നു. ഇവറ്റകളാണെന്ന്‌ അവറ്റകൾ. അവറ്റകളാണെന്ന്‌ ഇവറ്റകൾ. അല്ല ചെറ്റകളാണെന്ന്‌ നാട്ടുകാർ. പോലീസുകാർ ത്രിശങ്കുവിലും….

എന്തായാലും പോലീസുകാരുടെ വകയായിരിക്കും ഈയൊരു ഹർത്താൽ എന്നാണ്‌ ഹർത്താൽ പ്രഖ്യാപനം കേട്ടപ്പോൾ തോന്നിയത്‌. സഹപ്രവർത്തകനെ നഷ്ടപ്പെട്ടത്‌ അവർക്കാണല്ലോ. പിന്നെയും ആലോചിച്ചപ്പോൾ അച്ചടക്കത്തിന്റെ ഭാഗമായി അവരത്‌ ചെയ്യുമോ എന്നൊരു സംശയംതോന്നി.

ഒന്നുകൂടി ആലോചിച്ചു. ആഭ്യന്തരമന്ത്രിയെ കെട്ടിപ്പിടിച്ച്‌ ജയിൽപ്പുള്ളി വിപ്ലവാങ്കി പുതപ്പിച്ച്‌ ജയിൽ നിയമങ്ങൾക്ക്‌ ലാൽസലാം പറഞ്ഞസ്ഥിതിക്ക്‌ പോലീസുകാർക്ക്‌ വേണമെങ്കിൽ ഒരു ഹർത്താൽ നടത്തിക്കൂടെന്നുമില്ല. അങ്ങിനെവന്നാൽ മഴമേഘം കണ്ട മയിലിനെപ്പോലെ വിപ്ലവകാരികൾ നൃത്തം ചവുട്ടുകയാണ്‌ വേണ്ടത്‌.

എന്നാൽ വിപ്ലവകാരികളെക്കാളും ബുദ്ധി പോലീസുകാർക്കുള്ളതുകൊണ്ട്‌ അവർ സംയമനം പാലിച്ചു. അപ്പണികൂടി കൊന്നവർക്കുതന്നെ വിട്ടുകൊടുത്തു. കൊന്നാൽ പാവം തിന്നാൽ തീരും എന്ന വിശ്വാസം അരക്കിട്ടുറപ്പിച്ചുകൊണ്ട്‌ വിഡ്‌ഡികളെല്ലാം കൂടി സംയുക്തമായി ഹർത്താലും പ്രഖ്യാപിച്ചു. മരണകാരണമായ പട്ടികക്കെതിരായിട്ടായിരിക്കണം ഈ ഹർത്താൽ.

കേരളത്തിലെ കലാലയങ്ങളിൽ രാഷ്ര്ടീയം വേണ്ടെന്ന്‌ കോടതി നിരീക്ഷിച്ചപ്പോൾ എന്തായിരുന്നു പുകില്‌? അതോടുകൂടി കലാലയങ്ങളിലെ ജന്മിത്വം അവസാനിച്ചുണ്ടായേക്കാവുന്ന വൻവിടവിലേക്ക്‌ വർഗീയത കടന്നുകയറും എന്നായിരുന്നു നിരീക്ഷണം. എൻ.ഡി.എഫുകാരും എം.എസ്‌.എഫുകാരും എ.ബി.വി.പിക്കാരുമെല്ലാം കോളജുകളിൽ തെക്കുവടക്ക്‌ നടന്ന്‌ മതേതരത്വത്തിന്റെ കല്പവൃക്ഷത്തിന്‌ വളമിട്ടുകൊടുക്കുകയായിരുന്നു ഇതുവരെ.

ഇപ്പറഞ്ഞ ന്യായം കേരളീയ സമൂഹത്തിലെ അനുനിമിഷം പെരുകിക്കൊണ്ടിരിക്കുന്ന സാംസ്‌കാരിക മൂട്ടകൾക്കും അസ്സലായി ബോധിച്ചു.

ജീവശ്ശവമായ ശിഷ്യനെക്കാളും നല്ലത്‌ ചത്ത കുരിക്കളോടു പൊരുതുന്നതാണെന്ന്‌ പറഞ്ഞത്‌ സഞ്ജയനാണ്‌. മൂപ്പരുടെ തമാശ യാഥാർത്ഥ്യമാക്കിയതാണ്‌ ലേറ്റസ്‌റ്റ്‌ സാംസ്‌കാരികനേട്ടം.

മരിച്ചയാളുടെ മക്കൾ നാവടക്കാൻ പറയുന്നതുവരെ ചലിച്ച അഥവാ ചിലച്ച ആ നാവുകൾ ഇപ്പോൾ താണുപോയോ? പ്രത്യേകിച്ച്‌ കേരളത്തിലെ വിദ്യാഭ്യാസരംഗം ഇത്തരമൊരു പ്രതിസന്ധി നേരിടുമ്പോൾ നാവനങ്ങാത്തതിന്റെ കാരണമെന്താണ്‌?

ഉത്തരം ലളിതം. ഉണ്ട ചോറിനു നന്ദിയുണ്ടായിരിക്കണം. ഉണ്ണാൻ പോകുന്നതിന്‌ കുറച്ചേറെയും.

ഒരു തെമ്മാടിയുടെ അവസാനത്തെ അഭയകേന്ദ്രമാണ്‌ രാഷ്ര്ടീയം എന്നായിരുന്നു പഴയനിരീക്ഷണം. കേരളത്തിലെ കാമ്പസുകൾ അതു തിരുത്തി ഒരു തെമ്മാടിയുടെ ആദ്യത്തെ അഭയകേന്ദ്രമാണ്‌ കാമ്പസ്‌ രാഷ്ര്ടീയം എന്നാക്കുമ്പോൾ വിദ്യാഭ്യാസത്തിനു ഭാവിയുണ്ട്‌. രാഷ്ര്ടീയ മുതലാളിമാർക്കഭിമാനിക്കാൻ വഹയുണ്ട്‌.

എന്നാൽ ഇവിടത്തെ ചെഗുവേരമാർ സ്വന്തം മക്കളോടു ചെയ്തുകളയുന്നത്‌ കനത്ത അനീതിയാണ്‌. അക്ഷരവിരോധികളല്ലാത്തവരെ നേരെ കൊണ്ടുപോയി കൊടി കണ്ണിന്‌ ഹറാമായ മാതയുടേയും നികൃഷ്ട അച്ഛന്മാരുടേയും കച്ചവട സ്ഥാപനത്തിലാക്കി വിപ്ലവസ്വപ്നങ്ങളുമായി അടുത്ത ഫ്ലൈറ്റിന്‌ തിരിക്കും. ഇനി പിതാവ്‌ ആദർശത്തിൽ നിന്നെന്നപോലെ പുത്രൻ അക്ഷരത്തിൽ നിന്നും തുല്യ അകലത്തിലാണ്‌ സ്ഥിതി ചെയ്യുന്നതെങ്കിൽ നല്ലത്‌ നാട്ടിലെ കോളേജാണെന്ന തിരിച്ചറിവിനും ക്ഷാമമില്ല. ഒരു കൊടി സഹായം. യഥാ പിതാ തഥാ പുത്ര.

കേരളത്തിലെ കലാലയങ്ങളിലെ രാഷ്ര്ടീയവും റാഗിങ്ങും ഒന്നണലിയാണെങ്കിൽ മറ്റേത്‌ പേപ്പട്ടിയാണ്‌. കലാലയങ്ങളുടെ നന്മയ്‌ക്കായി ഏറ്റവും നല്ലത്‌ രണ്ടിനേയും തല്ലിക്കൊല്ലുകയാണ്‌. ഇനി അണലിയെ വേണമെങ്കിൽ കാഴ്‌ചബംഗ്ലാവിലേക്കു മാറ്റുകയുമാവാം. തിരുവനന്തപുരത്ത്‌ ഇപ്പോൾതന്നെ ഒന്നുണ്ടല്ലോ.

കുറച്ചുകാലം മുന്നേ നമ്മെ ഞെട്ടിച്ചത്‌ കൂടെപ്പിറപ്പിനെപ്പോലെ, ഇനി അതിനാവുന്നില്ലെങ്കിൽ ചുരുങ്ങിയത്‌ കാമുകിയായെങ്കിലും കരുതേണ്ട ഒരു വിദ്യാർത്ഥിനിയെ പിടിച്ചുകൊണ്ടുപോയി കൂട്ടബലാൽസംഗം ചെയ്ത്‌ ബോധം വന്നപ്പോൾ ഭീഷണിസഹിതം ബസ്സിൽ കയറ്റിവിട്ടുകൊടുത്ത വാർത്തയാണ്‌. പ്രതികൾ സമൂഹത്തിലെ പണച്ചാക്കുകൾ. കിരീടം വെക്കാത്ത രാജാക്കന്മാർ. രക്ഷിക്കാൻ മുൻനിരയിൽ രാഷ്ര്ടീയ-മാഫിയ കുട്ടുകെട്ട്‌. ഇരയോ ഉടുതുണിക്കു മറുതുണിയില്ലാത്ത ഒരു പാവം പെൺകുട്ടി. ചോർന്നൊലിക്കുന്ന ഒരു കൂരയിലെ നിത്യവൃത്തിക്ക്‌ ഗതിയില്ലാത്ത മാതാപിതാക്കളുടെ ഏകമകൾ.

ഇപ്പോ കാർഷിക കോളജിലെ പിള്ളേർ സംസ്‌കാരത്തിന്റെ ഭൂമി ഉഴുതുമറിച്ച്‌ കൊള്ളിവെക്കുകയാണ്‌. പ്രകൃതിയിൽ നിന്നും അവറ്റകൾ പഠിച്ചത്‌ പ്രകൃതിവിരുദ്ധ പാഠങ്ങളാണ്‌. അവരെ രക്ഷിക്കാൻ പാടുപെടുന്ന യൂണിവേഴ്‌സിറ്റിക്കാരുടെ കളി കാണുമ്പോൾ അവരുതാനല്ലയോ ഗുരുക്കന്മാർ എന്നു തോന്നാം. മൊത്തം പ്രകൃതിവിരുദ്ധ നേതാക്കന്മാരേയും ഇപ്പോൾ പ്രകൃതിയിൽ നിന്നും തപ്പിയെടുക്കേണ്ട ഗതികേടിലാണ്‌ പോലീസുകാർ. പ്രതികൾ ഒരേതൂവൽ പക്ഷികൾ. എസ്‌.എം.ഇ ബ്രാൻഡ്‌ തന്നെ. ഇര ആണാണെന്നൊരു വ്യത്യാസമുണ്ട്‌. നെയ്‌ത്തുപണിയെടുത്തുണ്ടാക്കിയ കാശുമായി കൃഷിപഠിക്കാൻ എത്തിയ ദരിദ്രവാസി. പണക്കൊഴുപ്പിന്റെ പ്രകടനവേദിയിൽ നിയമങ്ങൾ പലപ്പോഴും വഴിതെറ്റിപ്പോവുന്നു.

രാഷ്ര്ടീയക്കാരുടെ ഉരുളിയായി കലാലയങ്ങളിലും ചട്ടുകങ്ങളായി വിദ്യാർത്ഥികളും മാറുമ്പോൾ രാഷ്ര്ടീയ-മാഫിയാ സംരക്ഷണം ഉറപ്പ്‌. നെയ്‌ത്തുപണിയെടുത്ത്‌ കിട്ടിയ നാലുമുക്കാലും കൊണ്ട്‌ കോളേജിലെത്തിയ പാവം പയ്യന്‌ ഞരമ്പുമുറിക്കാൻ ബ്ലേഡും ഉറപ്പ്‌. ഇതു താൻടാ വിപ്ലവം. ലാൽസലാം.

Generated from archived content: nithyayanam4.html Author: nithyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here