ആരെപ്പറ്റി പറഞ്ഞാലും ഞാൻ സഹിക്കും എന്നാൽ പോളണ്ടിനെപ്പറ്റി പറഞ്ഞാലുണ്ടല്ലോ… എന്ന ശ്രീനിവാസന്റെ ഡയലോഗുപോലല്ലേ സർദാർജി വച്ചുകാച്ചിക്കൊടുത്തത്.
ബുഷ് ഇരിക്കാൻ പറഞ്ഞാൽ മുട്ടുകാലിലിഴയുന്ന എത്രയോ പ്രതിഭകൾ ലോകത്തുണ്ട്. അവരിൽ അദ്വിതീയമായ സ്ഥാനത്തിഴയാൻ സർവ്വഥായോഗ്യനാണ് ലോകബാങ്കിന്റെ പണ്ടത്തെ കാര്യസ്സൻ. മൊത്തത്തിൽ രാജ്യം തന്നെ ഒരു സർദാർജി ഫലിതമായി ഒടുങ്ങുന്നതിന്റെ ശുഭലക്ഷണമാണ്.
ഇഷ്ടമില്ലെങ്കിൽ കഷ്ടപ്പെട്ട് നിൽക്കണ്ട വിട്ടോ – പ്രധാനമന്ത്രിയായ ശേഷം സ്വന്തമിഷ്ടപ്രകാരം സിങ്ങ് ഉച്ചരിച്ച നാലേ നാലു വാക്ക് ഇതു മാത്രമാണ്. അതും ഒരു ശുഭമുഹൂർത്തത്തിൽ നടക്കാൻ പോകുന്ന വിപ്ലവത്തിനുവേണ്ടി കത്തിയണച്ചുകൊണ്ടിരിക്കുന്ന യെച്ചൂരി സഖാവിനോടും കാരാട്ടെശ്‌മാനോടും.
ആണവകാര്യങ്ങളിൽ മാത്രമാണെതിർപ്പ്. ബാക്കിയെല്ലാം വേണം താനും. ജലദോഷം പിടിപെട്ടാൽ ചികിത്സ സായിപ്പ് നടത്തണം. മക്കളെ ചുരുങ്ങിയത് അവിടുത്തെ പരാശ്രയ കോളേജിൽ തന്നെ, ഇനി സ്പോൺസറെ കിട്ടാത്ത അലവലാതി സഖാവാണെങ്കിൽ അതിന്റെ ബോൺസായിയായ സ്വാശ്രയ കോളേജിലെങ്കിലും പഠിപ്പിക്കണം. ബല്യ ബല്യ ആളുകളായി അക്കൂട്ടർ സായിപ്പിനെയല്ലെങ്കിൽ ചുരുങ്ങിയത് അറബിയെയെങ്കിലും സേവിക്കണം. അപ്പോൾ ഇവിടുത്തെ കറുത്ത നോട്ടുകൾ വെളുവെളുത്തങ്ങനെ തിളങ്ങുന്ന സുന്ദരമായ അവസ്ഥ. ഇതിനാണു പരമമായ സ്വാതന്ത്ര്യം എന്നു പറയുക.
പറയുന്നതൊന്നും ചെയ്യാതിരിക്കാനുള്ളത് സാദാ സ്വാതന്ത്ര്യം. എന്നിട്ടും വെളിയിലിറങ്ങി നടക്കാനുള്ളത് മുന്തിയ സ്വാതന്ത്ര്യം. റൊട്ടി കട്ടവൻ ജീവപര്യന്തം കള്ളനായി കഴിയുമ്പോൾ ഒന്നുപറഞ്ഞ് വേറൊന്ന് ചെയ്ത വകയിൽ കോടിപതികളായി പുറത്തുവിലസാനുള്ളത് പരമമായ സ്വാതന്ത്ര്യം.
സർദാർജിയുടെ വകയായി മറ്റൊരു സൂപ്പർഫലിതവും കൂടി – ‘ഞാൻ ദ്വേഷത്തിലൊന്നുമല്ല വളരെ ശാന്തനായിട്ടുതന്നെയാണ് ഇത്രയും പറയുന്നത്’. അതു തന്നെയാണ് അതിന്റെ ക്ലൈമാക്സ്. വിപ്ലവകാരികളോട് യാതൊരു കോപവുമില്ലാതെ വളരെ ശാന്തനായാണ് മൂപ്പർ ഇത്രയും പറഞ്ഞത് – നല്ല സന്മനസ്സുണ്ടെങ്കിൽ പന്തിയിലിരിക്കുക ഇല്ലെങ്കിൽ സ്ഥലം വിട്ടോളുക. ഇനി തമിഴൻ പറഞ്ഞപോലെ രൊംമ്പ കോപം വന്തിരിച്ചാൽ പിന്നെ പേശ് എപ്പടിയായിരിക്കും?
ഇത്തരം രോഷപ്രകടനങ്ങൾ മലയാളികൾ നടത്തുക സംസ്‌കൃത്തിലാണ്. സംസ്‌കൃതത്തിന് മലയാളത്തിൽ സംസാരഭാഷ മാത്രമേയുള്ളൂ. എഴുത്തു നിഷിദ്ധമായതുകൊണ്ട് എഴുതിത്തരാൻ വകുപ്പില്ല.
സ്വാതന്ത്ര്യദിനവേളയിൽ പരമമായ സ്വാതന്ത്ര്യത്തെപ്പറ്റി സർദാർജി സഖാക്കൾ നല്ലൊരു ക്ലാസാണ് കൊടുത്തത്.
ഉണ്ടചോറിനു നന്ദിയുണ്ടായിരിക്കണം എന്നത് ശരി. ഇനി ഉണ്ണാൻ പോകുന്ന ചോറിനുള്ള നന്ദി അഡ്വാൻസായി പ്രകടിപ്പിക്കണമെന്നു പറയുന്നതിന്റെ നീതിശാസ്ര്തമാണ് സഖാക്കൾക്ക് മനസ്സിലാവാത്തത്.
ഒരു തെമ്മാടിയുടെ അവസാനത്തെ അഭയകേന്ദ്രമാണ് രാഷ്ര്ടീയം എന്നാരോ പറഞ്ഞിട്ടുണ്ട്. കോൺഗ്രസുകാരുടേയും കമ്മ്യൂണിസ്‌റ്റുകാരുടേയും അവസാനത്തെ അഭയകേന്ദ്രം സൂപ്പർതെമ്മാടിയായ അമേരിക്കയായത് തികച്ചും സ്വഭാവികം.
തൊട്ടതെല്ലാം പൊന്നാക്കിക്കൊടുത്തുകൊണ്ട് സംഘപരിവാരത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. പാറപ്പുറത്തു പതിച്ച പുളിഞ്ചക്കപോലെയായി. വിത്തും കൂടി മുളപൊട്ടാത്ത സുന്ദരമായ സ്ഥിതി. അടുത്ത ചെസ്‌റ്റ് നമ്പർ സിങ്ങ് പരിവാരത്തിന്റേതായിരുന്നു. മദാമ്മഗാന്ധി സ്പോർസേർഡ് സംഘഗാനം.
നേരത്തെ പറഞ്ഞ ശ്രീനിവാസന്റെ പോളണ്ടുപോലെയാണ് സിങ്ങിന് അമേരിക്ക.
വിപ്ലവകാരികളുടെ നിലനില്പും അതിനെത്തന്നെ ആശ്രയിച്ചിരിക്കുന്നു. യാങ്കി, സി.ഐ.എ വേൾഡ് ബാങ്ക്, എ.ഡി.ബി, ഇംപീരിയലിസം എത്രയെത്ര സുന്ദരമോഹന പദങ്ങളാണ്. ഇവരെല്ലാം കൂടി പരമാവധി കളിച്ചിട്ട് പോരാത്തതുകൊണ്ടാണ് കേരളത്തിലെ മാധ്യമസിണ്ടിക്കേറ്റിനെ വാടകക്കെടുത്തത്. കേരളത്തിന്റെയും ബംഗാളിന്റെയും കഥകഴിക്കുവാൻ.
കേരളത്തിന്റെ മഹാഭാഗ്യം എന്നേ പറയേണ്ടൂ. സി.ഐ.എ ഒരു കോടിയുടെ അടിയടിക്കുമ്പോൾ രണ്ടുകോടി കൊണ്ടു തടുക്കുവാൻ ശേഷിയുള്ള സഖാക്കളാണ് ഭൂജാതരായത്. അവരുടെ പിന്നിൽ അണിനിരക്കാൻ ജനകോടികളും. മുന്നിൽ നിർത്താൻ ഒരു നിഴലുള്ളതുകൊണ്ട് യുദ്ധം ചെയ്യാം. നേതാവാകാൻ മുന്നിലൊരു നിഴലേ വേണ്ടൂ.
ബംഗാളിലാണെങ്കിൽ സി.ഐ.എയും യാങ്കികളും എപ്പോഴാണ് ബോംബിടുകാ എന്നറിയാത്തതുകൊണ്ട് ഭൂമിയിൽ നിന്നും എരപ്പാളികളെ മുഴുവനായും ഒഴിപ്പിച്ച് ഭൂമിക്കടിയിൽ സുരക്ഷിതമേഖലയിലേക്ക് മാറ്റുന്ന പരിപാടിയാണ് ബുദ്ധവിപ്ലവം എന്നപേരിലറിയപ്പെടുന്നത്. മാത്രമല്ല, സായിപ്പിന്റെ ബോബ് തലയിൽ വീണ് അസ്തുവായിപ്പോകാൻവേണ്ടി ടാറ്റയെ ആ ഭൂമിയിൽ കുടിയിരുത്തുകയും ചെയ്യുന്നുണ്ട്.
രണ്ടുകൂട്ടരുടേയും അന്നദാതാവായ ബുഷ് പറയുന്നിടത്ത് ഒപ്പുവച്ചുകൊടുക്കുകയല്ലാതെ തന്തക്കുവിളിക്കുകയാണോ വേണ്ടത് എന്നത് കോൺഗ്രസു ബുദ്ധിയിലുള്ളത് സർദാർചോദ്യമായി എടുത്താൽ മതി.
കൊടുങ്ങലൂർ ഭരണിതന്നെ വേണമെങ്കിൽ നിർത്തിക്കളയാം. അതുപോലാണോ ഓരിയിടാനുള്ള അവകാശം. അതൊരു വെറും ശീലമല്ല. ജന്മസ്വഭാവമാണ് ജന്മാവകാശവുമാണ്. ഞണ്ടു തടഞ്ഞാൽ ഒന്ന് കോഴി തടഞ്ഞാൽ രണ്ട്. ജീവിതം തന്നെ ഓരിയുടെ താളാത്മകതയുടെ മേലാണ് കെട്ടിപ്പൊക്കിയിരിക്കുന്നത്.
ഇപ്പോൾ സർദാർജി ആട്ടിപ്പായിക്കുമ്പോൾ പറ്റിയ അടവുനയം കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്ത് സാമ്രാജ്യത്വവിരുദ്ധ സമരം തുടർന്നും നടത്തുകയാണ്.
രാജ്യതാല്പര്യാർത്ഥം വൻകിടകുത്തക ബൂർഷ്വാദുഷ്‌പ്രഭുക്കൾ സി.ഐ.എ സഹായത്തോടെ മാധ്യമസിണ്ടിക്കേറ്റിനെ കൂട്ടുപിടിച്ച് നടത്തുന്ന അട്ടിമറിയെ ഒരു കൈകൊണ്ട് തടയുമ്പോൾ മറ്റേ കൈകൊണ്ട് തടയുമ്പോൾ മറ്റേ കൈകൊണ്ട് ഹൈന്ദവ ഫാസിസത്തിന്റെ കടന്നുകയറ്റത്തെ പ്രതിരോധിക്കുകയാണ് ക്ഷയരോഗികൾ.
പരമമായ സ്വാതന്ത്ര്യത്തിനും അപ്പുറത്തുള്ള ഒരു സ്വാതന്ത്ര്യമാണ് സിങ്ങ് ഇപ്പോൾ ചൂണ്ടിക്കാട്ടിക്കൊടുത്തിട്ടുള്ളത്. എന്തായാലും എടുത്തുപണിക്കുള്ള കൂലിയാണ് കുടിയാന് കിട്ടിയത്. അതിങ്ങനെ വരമ്പത്തു നിന്നുതന്നെ കൊടുക്കണം എന്നു പഠിപ്പിച്ച സായിപ്പിന് തൽക്കാലം നമുക്ക് നന്ദിപറയാം.
സ്വാതന്ത്ര്യം വെള്ളത്തിൽ മുക്കിപ്പിടിച്ച വടിപോലെയാണ്. വളവില്ലെങ്കിലും വളഞ്ഞതാണെന്നു തോന്നും. ഇനി ഏത് ഒണക്കച്ചുള്ളിയും മയിലെണ്ണയിട്ടാൽ ദാ ഇങ്ങിനെ ‘റ’ പോലെ വളക്കാം. അതിനു പറയുന്ന പേരാണ് അടവുനയം.
Generated from archived content: nithyayanam1.html Author: nithyan
Click this button or press Ctrl+G to toggle between Malayalam and English