ജനാധിപത്യത്തിന്റെ അനന്തസാദ്ധ്യതകൾ

ഏകാധിപത്യവും ജനാധിപത്യവും തമ്മിൽ അല്ലറചില്ലറ വ്യത്യാസങ്ങളുണ്ട്‌. പലരും കരുതിയിരിക്കുന്നതുപോലെ സംഗതി ഒന്നല്ല. ഏകാധിപത്യമാവുമ്പോൾ ഓപ്‌ഷനില്ല-ചെകുത്താൻ മാത്രം. ജനാധിപത്യമാവുമ്പോൾ രണ്ടോപ്‌ഷനുണ്ടാവും-ചെകുത്താനും കടലും. ആർക്ക്‌ വോട്ടുചെയ്യണമെന്ന്‌ ജനാധിപത്യപരമായി വോട്ടർമാർക്ക്‌ തീരുമാനിക്കാം. ജനത്തിന്റെ ബാദ്ധ്യത അതോടുകൂടി അവസാനിക്കുന്നു. ബാക്കിയുളളതൊക്കെ അവരങ്ങോട്ട്‌ തീരുമാനിച്ചുകൊളളും. സ്വന്തം ശമ്പളവും പെൻഷനും വരെ.

ഇൻഫർമേഷൻ ടെക്‌നോളജിയുടെ ആവിർഭാവത്തോടെ മാഞ്ഞുപോയത്‌ ലോകത്തിന്റെ അതിരുകളാണെന്ന കാര്യത്തിൽ നമുക്ക്‌ യാതൊരു സംശയവുമില്ല. ഇന്ത്യയാണെങ്കിൽ ഈയൊരു കാര്യത്തിൽ സായിപ്പിനെ വെല്ലുന്ന പുരോഗതിയാണ്‌ കൈവരിക്കുന്നതെന്ന കാര്യത്തിലും യാതൊരു സംശയവുമില്ല. ബിലാത്തിയും പരന്ത്രീസും അമേരിക്കയും ബാംഗ്ലൂരും മദിരാശിയുമെല്ലാം ഒരു മെയിൽപ്പാടകലെയായതുകൊണ്ടാണല്ലോ സായിപ്പ്‌ പണിയെല്ലാം ഇങ്ങോട്ട്‌ ഔട്ട്‌സോഴ്‌സ്‌ ചെയ്യുന്നത്‌. അതായത്‌ ദൂരം പ്രശ്‌നമല്ല. ഒരു സ്ഥലത്തും പോവാതെ എല്ലാ സംഗതികളും അച്ചുതാനന്ദൻ പറഞ്ഞതുപോലെ ചുളുവിലയ്‌ക്ക്‌ നടക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

പോയ നൂറ്റാണ്ടിൽ ടെലിഗ്രാഫ്‌ കണ്ടുപിടിച്ച കാലഘട്ടത്തിൽ ലേഡി ചാറ്റർലീസ്‌ ലവർ എന്ന തന്റെ വിഖ്യാതമായ നോവലിൽ ഡി.എച്ച്‌. ലോറൻസ്‌ എഴുതിയത്‌ ലോകത്തിൽ അകലമില്ലാതായി എന്നായിരുന്നു. അതിർത്തികൾ മാഞ്ഞുപോയെങ്കിലും ഭാഷയ്‌ക്ക്‌ പരിമിതികളുളളതുകൊണ്ട്‌ ലോറൻസ്‌ പറഞ്ഞതിൽ നിന്നും മുന്നോട്ടുപോവാൻ നമുക്കായില്ലെന്നു മാത്രം.

എന്നാൽ യാത്രപ്പടിയായി ആവിയായിപ്പോവുന്ന കോടികൾ കണ്ടാലാണ്‌ ഐ.ടി സഹായിച്ച്‌ നമ്മുടെ സേവകർക്ക്‌ അതിരുകൾ പത്തുമടങ്ങ്‌ വികസിച്ചതായി തോന്നുക. കാലം മുന്നോട്ടുപോവുമ്പോൾ നമ്മൾ പിന്നോട്ടു സഞ്ചരിക്കുന്നതിന്റെ യാത്രപ്പടി തോന്നിയപോലെ എഴുതിയെടുക്കുന്ന ആർക്കും അനുകരണീയമായ മാതൃക. സാങ്കല്പിക സഞ്ചാരത്തിന്റേത്‌ വേറെയും.

ചത്തുപോയി മണ്‌ഡലം അനാഥമായി ജനം പെരുവഴിയിലായിപ്പോകരുതെന്ന സദുദ്ദേശം കാരണം ചികിത്സയ്‌ക്കുളള കുറിമാനം തല്‌ക്കാലം സ്വയം വിരചിക്കുന്നില്ല. അത്‌ തദ്ദേശ ഡോക്‌ടർമാർക്കും വിദേശ ഡോക്‌ടർമാർക്കുമായി പങ്കുവെച്ചു കൊടുത്തിരിക്കുകയാണ്‌. ഇങ്ങിനെയുളള സൗകര്യങ്ങൾ നിർബാധം നിലവിൽ നിയമസഭകളിലും അങ്ങ്‌ ലോക-രാജ്യ സഭകളിലും വിരാജിക്കുന്ന ലക്ഷണമൊത്ത യോഗ്യൻമാർക്കുമേയുളളൂ.

നമ്മുടെ പഞ്ചായത്തീരാജിന്റെ ലക്ഷ്യം തന്നെ അധികാരവികേന്ദ്രീകരണമാണല്ലോ. അതുകൊണ്ട്‌ അവിടുത്തെപ്പോലെ ഇവിടെയും ബഹു. മേമ്പ്രൻമാർക്ക്‌ ആവശ്യമുളളത്ര ശമ്പളമായും അനന്തരം പെൻഷനായും മുക്തകണ്‌ഠം അനുഭവിപ്പാനുളള അവകാശം ഏകകണ്‌ഠമായി തീരുമാനിക്കാവുന്നതേയുളളൂ. ഏകകണ്‌ഠമായ തീരുമാനം ആവശ്യമാണെന്നുവന്നാൽ ഇന്ത്യാ മഹാരാജ്യത്തിൽ പാസാവുന്ന ഒരൊറ്റ സംഗതി സാമാജികരുടെ ശമ്പളം-പെൻഷൻ വർദ്ധനവായിരിക്കുമെന്ന്‌ ഇതിനകം തെളിഞ്ഞിട്ടുണ്ട്‌.

തിരഞ്ഞെടുക്കപ്പെട്ടവൻ കൊളളരുതാത്തവനായിപ്പോയി എന്നുവച്ച്‌ പിരിച്ചുവിടുവാനുളള അധികാരമോ തിരിച്ചുവിളിക്കുവാനുളള വകുപ്പോ ഇല്ലാത്തതുകൊണ്ട്‌ ഒരു തിരിച്ചുവരവിന്‌ സാദ്ധ്യതയുമില്ല. അഹങ്കാരം വിനയത്തിന്‌ വഴിമാറി അഞ്ചുകൊല്ലം കഴിയുമ്പോൾ വ്യക്തി പൂർവ്വസ്ഥിതി പ്രാപിക്കും എന്നൊരു ശുഭ പ്രതീക്ഷയാണ്‌ വോട്ടർമാരെ മുന്നോട്ടു നയിക്കുന്നത്‌. ആത്മഹത്യയിൽനിന്നും പിന്തിരിപ്പിക്കുന്നതും. ഒന്നുകിൽ ചെകുത്താന്റെ കരങ്ങളിൽ അഭയം പ്രാപിക്കുക അല്ലെങ്കിൽ ചെകുത്താനിൽ നിന്നും ഓടിയകന്ന്‌ കടലിൽ ചാടി രക്ഷപ്പെടുക. വോട്ടർമാർക്കഭിവാദ്യങ്ങൾ.

Generated from archived content: humour_sep7_05.html Author: nithyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English