കേരളോത്സവം നീണാൾ വാഴട്ടെ

കേരളത്തിന്‌ ആഘോഷിക്കാൻ ഒരുപാട്‌ നേട്ടങ്ങളുളളതുകൊണ്ട്‌ വൃത്തിയായി ആഘോഷിക്കുകയാണ്‌ വേണ്ടത്‌. ഇക്കാര്യത്തിൽ രണ്ടഭിപ്രായത്തിന്‌ സ്‌കോപ്പില്ല. അഭിപ്രായവ്യത്യാസമേതുമില്ലാതെ സർവ്വരും സോദരത്വേന സഹകരിക്കുന്ന ഒരേയൊരു മാതൃകാപരിപാടിയാണ്‌ ഉത്സവം. അതുവഴി വരുന്ന നാലുമുക്കാലും. അമ്മയെത്തല്ലിയാലും രണ്ടുന്യായമുണ്ടാവുന്ന നാട്ടിലും ഈയൊരു കാര്യത്തിൽ തികഞ്ഞ യോജിപ്പാണ്‌ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും.

പരിപാടിയുടെ രൂപരേഖ സർക്കാർ അടിച്ചുകൈയ്യിൽ കൊടുത്തു കഴിഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിലാണ്‌ പരിപാടിയുടെ പോക്ക്‌. നിലവിൽ ഒരുകോടി വകയിരുത്തിയിട്ടുമുണ്ട്‌. ഗ്രാമപഞ്ചായത്തുമുതൽ അങ്ങ്‌ ജില്ലാതലം വരെ ആറായിരം മുതൽ അമ്പതിനായിരം വരെയും പാസാക്കി വിട്ടിട്ടുണ്ട്‌.

കരുണചെയ്‌വാനെന്തു താമസം കൃഷ്‌ണാ സ്‌റ്റൈലിൽ ഉത്സവിക്കാനെന്തു താമസം പ്രസിഡണ്ടേ എന്ന ഒരു ചോദ്യമേ ഇനി ബാക്കിയുളളൂ. ഉത്സവം ഗംഭീരമാക്കാൻ പ്രത്യേകിച്ചൊരാലോചനയുടെ ആവശ്യമുണ്ടെന്നും തോന്നുന്നില്ല. സർക്കാർ ഫയലുണ്ടാക്കുന്നപോലെ കഴിഞ്ഞകാലം കോപ്പിയടിക്കാനുളള ചുരുങ്ങിയ അദ്ധ്വാനമേ വേണ്ടതുളളൂ.

ലോകത്തിന്‌ മുഴുവൻ മാതൃകയാക്കാവുന്ന ഒരു പരിപാടി പഴയ വാഴുന്നോരുടെ കാലത്ത്‌ അനന്തപുരിയിൽ അരങ്ങേറിയിരുന്നു. പരിപാടി ഗംഭീരവിജയമായിട്ടും കേരളം ഒരു പോറലുമേൽക്കാതെ നിലനിന്നത്‌ വിശദമായി പഠനവിധേയമാക്കുവാൻ ഒരു ബറ്റാലിയൻ ഫ്രാങ്കിമാർ ഇങ്ങോട്ടു പുറപ്പെട്ടിരുന്നു. ചുകപ്പുരക്തം സിരകളിലോടുന്ന കാലത്തോളവും ചുകപ്പുനാടയുളള കാലത്തോളവും ആയൊരു ചരിത്രസംഭവത്തിന്‌ മരണമുണ്ടാവുകയില്ല-ജനമനസ്സുകളിലും സർക്കാർ ഫയലുകളിലും.

മാരാരിക്കുളത്തെ അച്ചുതാനന്ദന്റെ പരാജയം പോലുളള എന്തോ ഒരു പ്രതിഭാസമാണ്‌ സംസ്ഥാനത്തിന്റെ ജീവന്റെ തുടിപ്പിനുപിന്നിൽ എന്നായിരുന്നു അന്നത്തെ കണ്ടെത്തൽ. സാംസ്‌കാരികനായകൻമാരും രാഷ്‌ട്രീയക്കാരും ഒത്തൊരുമിച്ചു ശ്രമിച്ചിട്ടും അവസാനത്തെ ആണി പതിയാത്ത സ്ഥിതിക്ക്‌ കാശിനെപ്പറ്റി വേവലാതിപ്പെടേണ്ടെന്നുമായിരുന്നു ഫ്രാങ്കിമാരുടെ ഉപദേശം. ലോൺ കൊടുക്കുന്നത്‌ കുറക്കേണ്ടതില്ല.

പേരുകൊണ്ട്‌ പരിപാടി മാനവീയമായിരുന്നെങ്കിലും കർമ്മം കൊണ്ട്‌ വാനരീയമായിപ്പോയ ഒരു കുറവ്‌ കാര്യമാക്കേണ്ടതില്ല. ഒരു പേരിലെന്തിരിക്കുന്നു എന്നാരോ ചോദിച്ചതിൽ വരവുവെച്ചാൽ മതി. ഭൂമിമലയാളത്തിലെ തലയെടുപ്പുളള നരവീരൻമാരെല്ലാം അണിനിരന്ന ആ ഗംഭീരമേളയിൽ തട്ടിപ്പൊട്ടിയത്‌ എത്ര കോടിയായിരുന്നു? ആർക്കും തന്നെ ഒരു നിശ്ചയവുമില്ല. പരിപാടികൾ അങ്ങിനെയായിരിക്കണം. അങ്ങിനെത്തന്നെയായിരിക്കണം.

കലാസാംസ്‌കാരികാദി സിദ്ധികളൊന്നും തന്നെ നാണയത്തുട്ടിൻ കിലുക്കത്തിൽ മുങ്ങിപ്പോകുവാൻ പാടുളളതല്ല. അത്തരം കഴിവുകൾ നാണയത്തുട്ടുകളിൽ അളക്കുവാനും പാടുളളതല്ല. കറൻസികളിലല്ലാതെ. കഴിവതും ഗാന്ധിക്കടലാസിൽ മാത്രം. അതുകൊണ്ട്‌ ആരും സാമ്പത്തികം നോക്കരുത്‌. എല്ലാ പഞ്ചായത്തധികൃതരും പരിപാടി ഗംഭീരമാക്കുക. കാണം വിറ്റും ഓണം ഉണ്ണണം എന്നു പറഞ്ഞപോലെ പഞ്ചായത്ത്‌ വിറ്റിട്ടായാലും വേണ്ടില്ല സംഗതി കലക്കണം. കലക്കവെളളത്തിൽ മീൻ പിടിക്കണം.

കേരളത്തിലെ കലാകാരൻമാരെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ പഴയ സർക്കാരും ബദ്ധശ്രദ്ധരായിരുന്നു. പ്രോത്സാഹനം ലേശം കൂടിപ്പോയോ എന്ന കാര്യത്തിലെ കലാകാരൻമാർക്കും സംശയമുണ്ടായിരുന്നുളളൂ. കലാമണ്‌ഡലത്തിലെ വാദ്യക്കാരന്‌ ആയിരം ഉലുവയും വടക്കേയിന്ത്യയിൽ നിന്നും ഇങ്ങോട്ട്‌ കെട്ടിയെടുത്ത്‌ താന്തോന്നി രാഗത്തിൽ നാല്‌ കാച്ചുകാച്ചിയ ഏതോ ഉസ്‌താത്‌ അലവലാതിഖാന്‌ ലച്ചവും കൊടുത്തു പ്രോത്സാഹിപ്പിച്ച രീതിയും കൈവിട്ടുകളയാതെ മുറുകെ പിടിക്കേണ്ടതുണ്ട്‌.

അഥവാ ഈ കേരളോത്സവത്തിനുശേഷവും കേരളം നിലനില്‌ക്കുന്നു എന്നുകരുതുക. സായിപ്പിന്‌ മിക്കവാറും ബോധക്ഷയം തന്നെ സംഭവിച്ചുകൂടെന്നില്ല. എന്നെങ്കിലും ബോധം തെളിയുകയാണെങ്കിൽ ഇങ്ങോട്ടുപറന്നെത്തുക ഒരൊറ്റ ഫ്രാങ്കിയൊന്നുമായിരിക്കില്ല. തുടങ്ങിയ പഠിപ്പ്‌ പൂർത്തിയാക്കാനും പൂർത്തിയാക്കിയ പഠിപ്പ്‌ വീണ്ടും തുടങ്ങാനുമായെത്തുക ഫ്രാങ്കിമാരുടെ ഒരു ബറ്റാലിയൻ തന്നെയായിരിക്കും.

ഒരു വെടിക്ക്‌ പക്ഷി രണ്ട്‌. ടൂറിസം വികസനം വഴി നാലുമുക്കാലും. യു.എൻ. പ്രതിനിധികളുടെ കാലുതിരുമ്മിക്കൊടുക്കുന്ന ഏഷ്യൻ സുന്ദരിമാരുടെ ചിത്രം 05&10&2004 ന്റെ ഇന്ത്യൻ എക്‌സ്‌പ്രസിൽ കണ്ട്‌ നിത്യൻ കോരിത്തരിച്ചുപോയിരുന്നു. അതുപോലെ ഇനി ഇങ്ങോട്ടെഴുന്നളളുന്ന ഫ്രാങ്കിമാർക്ക്‌ ആളെണ്ണം മലയാളി പെൺകൊടിമാരെ തിരയേണ്ട ഒരു പണിയേ സർക്കാരിനുളളൂ. പിണറായി വിജയനും ഐസക്കും ബേബിയും പാറപോലെ പിന്നിലുറച്ചുനിൽക്കുമ്പോൾ വിജയം സുനിശ്ചിതം.

Generated from archived content: humour_oct13.html Author: nithyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here