മറിയം വാഴും പീഡനാലയം അഥവാ നഴ്‌സിംഗ്‌ കോളേജ്‌

മാറോടണച്ച്‌ പരിപാലിക്കുക എന്നൊരർത്ഥം നഴ്‌സിംഗ്‌ എന്ന പദത്തിനുണ്ട്‌. ബലാൽസംഗം അതിന്റെ പരിധിയിൽ പെടുന്ന മഹദ്‌കൃത്യമായതുകൊണ്ടാവാം നിഷ്‌ഠൂരമായി പിച്ചിച്ചീന്തപ്പെട്ട ഇളം മേനിയെ പുറംകാൽ കൊണ്ട്‌ തൊഴിച്ച്‌ ഒരു സംഘം കാമവെറിയൻമാരായ തന്റെ പ്രിയശിഷ്യൻമാരെ മറിയം (പ്രിൻസിപ്പലെന്നു വിളിക്കാൻ നിത്യന്റെ സംസ്‌കാരം അനുവദിക്കുന്നില്ല) സുരക്ഷിതമായി മാറോടച്ചുപിടിച്ചത്‌.

ഇതുവരെ പത്രങ്ങളിൽ വന്ന വാർത്തകളിൽ നിന്നും മനസ്സിലാകുന്നത്‌ സ്‌കൂൾ ഓഫ്‌ മെഡിക്കൽ സയൻസ്‌ എന്ന ഈ പീഢനാലയത്തിന്റെ ഭരണം നിർവ്വഹിച്ചിരുന്നത്‌ സാഡിസ്‌റ്റുകളായ ഷെറിനാദിയായ ഒരു കൂട്ടം തെമ്മാടികളും അവറ്റകളുടെ ആന്റിയായി വിലസിയ മറിയവുമാണെന്ന ഭീകരമായ സത്യമാണ്‌. പീഡനത്തിന്റെ ഭീതിദമായ ഓർമ്മകളുമായി തങ്ങളുടെ നഴ്‌സിംഗ്‌ സ്വപ്‌നങ്ങൾക്ക്‌ പൂർണ്ണവിരാമമിട്ടുകൊണ്ട്‌ പടിയിറങ്ങിപ്പോയ നമ്മുടെ എത്ര സോദരിമാരുണ്ട്‌. അവർ കൊടുത്ത പരാതികൾക്ക്‌ മറിയം കടലാസിന്റെ വിലപോലും കല്‌പിച്ചില്ല എന്നാണറിയുന്നത്‌.

എല്ലാം കൂട്ടിവായിക്കുമ്പോൾ നമ്മുടെ കൺമുന്നിൽ തെളിയുന്ന ഒരു ഭീകരമായ ചിത്രമുണ്ട്‌. സാംസ്‌കാരിക കേരളം ഇതുവരെ കാണാതിരുന്ന ഒരു ചിത്രം. പ്രിൻസിപ്പൽ എന്ന മഹത്തായ പദവി വെറും ഒരു കൂട്ടിക്കൊടുപ്പുകാരിയുടേതായി മാറുന്ന ചിത്രം. സാമൂഹികമൂല്യങ്ങളുടെ ഗിരിശിഖരങ്ങളിലേക്ക്‌ കുട്ടികളെ മുന്നിൽ നിന്ന്‌ നയിക്കേണ്ട ആൾ സാംസ്‌കാരിക ച്യുതിയുടെ കാണാക്കയങ്ങളിലേക്ക്‌ കൂപ്പുകുത്തുന്നതാണ്‌ നാം കാണുന്നത്‌.

ഒന്നുകിൽ മറിയം സ്വയം പുറത്തുപോകണം. അല്ലെങ്കിൽ ബന്ധപ്പെട്ടവർ മറിയത്തെ പുറത്താക്കണം. അതുമല്ലെങ്കിൽ നാം പൊതുജനങ്ങൾ പ്രിൻസിപ്പലെന്ന ബോർഡു വലിച്ചെറിഞ്ഞ്‌ പറ്റിയ ഒരു പേരു കണ്ടെത്തി ചാർത്തിക്കൊടുക്കണം.

അവസാനമായി പീഡനത്തിനിരയായി ശാരീരികമായും മാനസികമായും തകർന്ന്‌ വീട്ടിലെത്തിയ പെൺകുട്ടിയെ മാനസികരോഗിയായി ചിത്രീകരിക്കുവാനാണ്‌ ശ്രമിച്ചത്‌. ബലാൽസംഗത്തിനുളള തെളിവുകൾ നശിപ്പിക്കുവാനായി ബോധപൂർവ്വം മെഡിക്കൽ പരിശോധന വൈകിച്ചു. ഒടുക്കം ഒരു ഡോക്‌ടർ നൽകിയ റിപ്പോർട്ട്‌ പ്രകാരം ‘കന്യാചർമ്മം പൊട്ടിയതായി കാണുന്നു എന്നാൽ ബലാൽസംഗം നടന്നതായി തെളിവില്ല.’ ഇതൊക്കെ ചെയ്‌തുകൂട്ടുവാനും അതിനു കൂട്ടുനിൽക്കുവാനും മാത്രം ആൾബലവും കായ്‌ബലവും ഉളള ഒരുകൂട്ടം ചെറ്റകൾക്കുമുന്നിൽ അടിയറവെക്കുവാനുളളതാണോ നമ്മുടെ മൂല്യങ്ങൾ?

പെൺകുട്ടി അഭയം തേടിയെത്തിയ വീട്ടിലേക്ക്‌ ഫോൺചെയ്‌ത്‌ കുട്ടിയെ ഭീഷണിപ്പെടുത്തുവാനും നാട്ടിനും വീട്ടിനും കൊളളാത്ത വിദ്യാർത്ഥിവേഷം കെട്ടിയ ചെറ്റകൾ മടിച്ചില്ല. അതിന്‌ കൂട്ടുനില്‌ക്കുവാൻ മറിയവും. അപമാനഭാരത്താൽ എല്ലാം തന്നിലൊതുക്കി ആത്മഹത്യയുടെ വക്കിലെത്തിയ കുട്ടി, തന്റെ അച്‌ഛനമ്മമാർ ഈ വിവരമറിഞ്ഞാൽ പിന്നെ ജീവിച്ചിരിക്കുകയില്ലെന്ന്‌ ഭയന്ന്‌ വീണ്ടും ക്ലാസിലെത്തിയപ്പോൾ വന്നു പരിഷകളുടെ അടുത്ത വിളി. തല്‌ക്ഷണം കുട്ടി ബോധംകെട്ടു വീണു. എന്നിട്ടും മറിയം കുലുങ്ങിയില്ല. മറ്റു തന്തക്കുപിറക്കാത്ത ചെറ്റകളും. ബ്ലാക്ക്‌മെയിലിലൂടെ വീണ്ടും കുട്ടിയെ ഉപയോഗിക്കാമെന്ന തന്ത്രമല്ലാതെ മറ്റെന്താണത്‌?

മുൻപുതന്നെ കാര്യങ്ങളെല്ലാമറിഞ്ഞ മറിയം ഇതു തടയാതിരുന്നതെന്തുകൊണ്ടാണ്‌? സഹപാഠികളിൽ നിന്നും അനുഭവിക്കേണ്ടിവന്ന ഏതൊരാളുടെയും കരളലിയിപ്പിക്കുന്ന ഈ പീഡനപർവം കേട്ട മറിയം ആ തെമ്മാടിക്കൂട്ടത്തെ കലാലയത്തിന്റെ പടിയടച്ച്‌ പിണ്‌ഡംവെക്കാനല്ല ഉത്തവിട്ടത്‌. നിയമനടപടികൾക്കായി ഫയൽ റഫർ ചെയ്യകയല്ല ചെയ്‌തത്‌. ഒരു പെണ്ണിനെ മയക്കുമരുന്നുകൊടുത്ത്‌ ലാബിലിട്ട്‌ മാറിമാറി മാനഭംഗപ്പെടുത്തിയ തെമ്മാടിക്കൂട്ടങ്ങൾക്ക്‌ ഓശാന പാടുകയായിരുന്നു. കുട്ടിയെ പരിശോധിച്ച ഡോക്‌ടർമാരെ സ്വാധീനിക്കുകയായിരുന്നു ചെയ്തത്‌. കുട്ടിക്ക്‌ ജൻമം നൽകിയവരോട്‌ പറഞ്ഞത്‌ ആവശ്യമുളള കാശ്‌ തരാം സംഗതി പുറത്തറിയേണ്ടെന്നും.

ശരിയായിരിക്കാം മറിയത്തിന്റെ പാത അതായിരിക്കാം. കടന്നുവന്നത്‌ ആ വഴിയിലൂടെയായിരിക്കാം. മുന്നിലുളളത്‌ എല്ലാം വിലക്കുവാങ്ങാനാവുന്ന ലോകമായിരിക്കാം. പക്ഷേ മറിയത്തോടും മറിയം നെഞ്ചോടു ചേർത്തുപിടിച്ച എന്തും വിലക്കുവാങ്ങാമെന്ന്‌ അഹങ്കരിച്ച ചെറ്റകളോടും പറയുവാനുളളത്‌ ഇതാണ്‌. സമ്പന്നനെല്ലാം വിലക്കുവാങ്ങാം. പക്ഷേ ദരിദ്രൻ എല്ലാം വില്‌ക്കണമെന്നില്ല.

അതിനിഷ്‌ഠൂരമായ ഒരു കൂട്ടബലാൽസംഗത്തെ റാഗിംഗ്‌ എന്നുവിളിച്ച്‌ നിസ്സാരവൽക്കരിക്കുന്ന സംസ്‌കാരത്തെ എന്തു പേരു ചൊല്ലിയാണ്‌ വിളിക്കേണ്ടത്‌? കുട്ടിയുടെ ശരീരത്തെ മാത്രമല്ല മയക്കുമരുന്നുകൊടുത്ത്‌ മാനസീകനിലയെപ്പോലും തകർത്തെറിയാൻ ശ്രമിച്ച വൈദ്യശാസ്‌ത്രബുദ്ധിയെ സമ്മതിച്ചേ പറ്റൂ.

ഇനി റാഗിംഗ്‌ തന്നെയാവട്ടെ. അതിനു തടയിടേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു. നിയമങ്ങളുടെ അഭാവമില്ല. നിയമപാലകരുടെയും. ഇത്തരം പ്രിൻസിപ്പൽമാരായി അവതരിച്ച കൂട്ടിക്കൊടുപ്പുകാരും ഒരു പറ്റം പണാധിപത്യത്തിന്റെ പിൻബലമുളള തെമ്മാടികളും അവരുടെ താളത്തിനൊത്തുതുളളുന്ന മാനേജ്‌മെന്റുകളുമുളളിടത്ത്‌ എന്തെങ്കിലും ചെയ്യണമെങ്കിൽ അത്‌ കഴിയുക ഒരു ജനകീയസമിതിക്ക്‌ മാത്രമായിരിക്കും.

എല്ലാ കലാലയങ്ങളോടുമനുബന്ധിച്ച്‌ വിദ്യാർത്ഥികളുടെ ക്ഷേമാർത്ഥം ഒരു ജനകീയ സമിതിയുണ്ടാവുന്നത്‌ സമൂഹത്തിന്റെ ആരോഗ്യത്തിന്‌ അനിവാര്യമാണ്‌. ഇത്തരം തെമ്മാടികളുടെ ഉപദ്രവമുണ്ടാവുമ്പോൾ പരാതിക്കാരുടെ പേരുസഹിതമോ അല്ലാതെയോ തന്നെ പരാതികൾ സമിതിക്ക്‌ അയക്കാനുളള അവസ്ഥയുമുണ്ടാകണം. സാമൂഹികമായ ഇടപെടൽ ആവശ്യമായി വരുമ്പോൾ സമൂഹം തീർച്ചയായും ഇടപെടുക തന്നെവേണം. മറ്റൊരു കൂട്ടബലാൽസംഗം ഒരു കലാലയത്തിന്റെയും ചുവരുകൾക്കുളളിൽ നടക്കാതിരിക്കാൻ. ഇനിയൊരു മറിയവും ഇതാവർത്തിക്കാതിരിക്കാൻ.

ഒരിക്കൽ മാനഭംഗശ്രമത്തിനിരയായ പെൺകുട്ടികൾ സംഭവം അഹിംസയുടെ ആൾരൂപമായ മഹാത്മജിയോട്‌ പറഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചത്‌ നിങ്ങൾക്ക്‌ ചുരുങ്ങിയത്‌ പല്ലും നഖവുമെങ്കിലുമുപയോഗിച്ച്‌ ആ നരാധമൻമാരെ നേരിടാമായിരുന്നില്ലേ എന്നായിരുന്നു. ലഡുവിൽ മയക്കുമരുന്നു കലർത്തി കലാലയത്തിന്റെ നാലുചുവരുകൾക്കുളളിൽ വച്ചാണ്‌ പിച്ചിച്ചീന്തപ്പെട്ടതെന്നറിഞ്ഞെങ്കിൽ അഹിംസയുടെ ആ പ്രവാചകൻ ചോദിക്കുമായിരുന്നു ഈ സമൂഹത്തോട്‌ എന്തുകൊണ്ട്‌ നിങ്ങളവരെ വെട്ടിയരിഞ്ഞില്ലെന്ന്‌?

അതുകൊണ്ട്‌ പ്രിയപ്പെട്ടവരെ, ആ മഹാന്റെ പേരുതന്നെ കല്പിച്ചരുളപ്പെട്ട ഒരു വിശ്വവിദ്യാലയത്തിന്റെ കീഴിൽ വരുന്ന ഈ സ്ഥാപനത്തിലെ മറിയമടക്കം മുഴുവൻ തെമ്മാടികളെയും, ഇപ്പോൾ പുറത്തുവന്ന ഇന്റേണൽ മാർക്കുകൂട്ടിക്കൊടുക്കാൻ കിടന്നുകൊടുക്കാനാവശ്യപ്പെട്ട ‘ഗുരുജനങ്ങളെയും’ ചുരുങ്ങിയത്‌ മുക്കാലിയിൽ കെട്ടിയടിക്കാത്ത നമുക്ക്‌ ആരാണ്‌ മാപ്പുതരിക?

Generated from archived content: humour_nov22_05.html Author: nithyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here