ചങ്ങലംപരണ്ടയിലെ സ്‌മാരകശിലകളും മേയറുടെ കൊതുകുപോരാട്ടവും

ലോഗൻ സായ്‌വിന്റെ മലബാർ മാന്വലിൽ അന്നത്തെ മലബാർ കലക്‌ടറായിരുന്ന കനോളി സായിപ്പ്‌ 1840-ൽ നിലമ്പൂർവനം പുനഃപ്രതിഷ്‌ഠിക്കാൻ തീരുമാനിച്ചു എന്നുണ്ട്‌. വീരപ്പന്റപ്പൻമാർ അന്ന്‌ തരിശാക്കിയ വനമാണ്‌ സായിപ്പ്‌ പുനഃപ്രതിഷ്‌ഠിച്ചത്‌. അതായത്‌ അന്നേ നമ്മൾ പാലുകുടിച്ച്‌ ഊക്കുകിട്ടിയാൽ ഉടൻ ചോരകുടിക്കുന്ന മഹത്തായ പാരമ്പര്യം കാത്തുസൂക്ഷിച്ചിരുന്നുവെന്നർത്ഥം.

അതാണ്‌ ലോകപ്രസിദ്ധമായ കോടികൾ വിലമതിക്കുന്ന നിലമ്പൂർ തേക്കിൻതോട്ടം. 1842-ൽ അന്നത്തെ ഒരു പ്രകൃതി സ്‌നേഹിയായ ചാത്തുമേനോൻ തുടർച്ചയായി 20 വർഷവും വേറൊരു സായിപ്പായ ഫെർഗൂസൺ അടുത്ത ഇരുപതുവർഷവും മരുഭൂമിയിലെ ഒട്ടകത്തെപ്പോലെ കനോളിയോടൊപ്പം നട്ടുനനച്ചുണ്ടാക്കിയതാണ്‌ നിലമ്പൂർ തേക്കിൻതോട്ടം. ഇനി അത്തരമൊരു തേക്കിൻതോട്ടം വരണമെങ്കിൽ കനോളി പുനർജനിക്കണം.

ഇങ്ങിനെയൊരു ഉപകാരം നാട്ടിനായി ചെയ്‌ത കനോളി സായിപ്പിന്‌ ഏറ്റവും പറ്റിയ സ്‌മാരകം ലോകത്തെ ഏറ്റവും വൃത്തികെട്ട ഒരു ചളിക്കുണ്ടിന്‌ മൂപ്പരുടെ പേരിട്ടുകൊടുക്കുന്നതുതന്നെയാണ്‌. കനോളി കനാൽ. പറ്റുമെങ്കിൽ ലോകത്ത്‌ മറ്റെല്ലായിടത്തും ഏതാണ്ട്‌ വംശനാശം വന്ന ആ പറവകൾക്ക്‌ കനോളി കൊതുകുകൾ എന്നുകൂടി നാമകരണം ചെയ്യുകയുമാവാം.

എന്തിന്‌ മടിക്കണം? ഇതുപോലുളള എന്തെല്ലാം സ്‌മാരകങ്ങൾ നമുക്കുണ്ട്‌. സ്വാതന്ത്ര്യം എന്ന മന്ത്രവുമായി ജീവിച്ച്‌ മരിച്ച മഹാത്മജി ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിനുമുന്നിൽ വടിയുംപിടിച്ച്‌ പാറാവ്‌ നോക്കുന്നുണ്ട്‌. സ്വാതന്ത്ര്യത്തിന്റെ വക്താവിനുളള ഏറ്റവും ഉചിതമായ സ്‌മാരകം. പെണ്ണുകെട്ടാത്ത കൃഷ്‌ണമേനോനുളള സ്‌മാരകം ഒരു വനിതാ കോളജാണ്‌. അതുകൊണ്ട്‌ ധൈര്യമായി മുന്നോട്ട്‌ പോവുക.

ചങ്ങലംപരണ്ട എന്ന പേര്‌ അതിന്‌ പേറ്റന്റ്‌ നേടിയ സഞ്ഞ്‌ജയന്റെ സമ്മതമില്ലാതെ നിത്യൻ എടുത്തു പ്രയോഗിക്കുകയാണ്‌. കേരളം മൊത്തം ചങ്ങലംപരണ്ടയായ സ്ഥിതിക്ക്‌ സഞ്ഞ്‌ജയന്‌ പ്രത്യേകിച്ചൊരു സ്‌മാരകത്തിന്റെ ആവശ്യമേ ഉദിക്കുന്നില്ലെന്ന്‌ സാംസ്‌കാരിക ലോകത്തിന്‌ ഉത്തമവിശ്വാസമുണ്ട്‌. അതിന്‌ തിലകക്കുറിയെന്നോണം കനോളി കനാലും അവിടുത്തെ കുടിയേറ്റ കൊതുകുകളും ഉളളപ്പോൾ അങ്ങിനെയൊരു ചിന്തതന്നെ പാടില്ലാത്തതുമാണ്‌. തലശ്ശേരിയിലെ മൂപ്പരുടെ മാണിക്കോത്ത്‌ തറവാടുകൂടി ഉപ്പ്‌ വച്ച പാറപോലെയായിപ്പോയതൊന്നും ആരും കാര്യമാക്കേണ്ടതില്ല.

മൂപ്പരുടെ സ്‌മാരകമായി ഇപ്പോൾ ആകെയുളളത്‌ കോഴിക്കോട്‌ ടൗൺഹാളിലെ ഒരു ഫോട്ടോയാണ്‌. ഫോട്ടോയിൽ നിന്നും ആൾ എഴുന്നേറ്റുവന്ന്‌ കേസ്‌ കൊടുക്കുന്ന സമ്പ്രദായം ഇതുവരെ ആരും പരീക്ഷിച്ചതായി അറിവില്ല. അതുകൊണ്ട്‌ പേറ്റന്റ്‌ പ്രശ്‌നമാവുകയുമില്ലെന്ന ഉത്തമവിശ്വാസം നിത്യനുമുണ്ട്‌.

ചങ്ങലംപരണ്ടയിൽ ഇന്നെന്തെല്ലാം മാറ്റങ്ങൾ. പണ്ട്‌ കംഷൻ പറ്റുന്ന കംഷണറായിരുന്നു. കംഷൻ പറ്റുന്ന കംഷണർ ചാലിയാറിലെ മലിനജലത്തിൽ ഒഴുകിപ്പോയി മേഞ്ഞുനടക്കുന്ന മേയർ വരവായി. പ്രവർത്തികൾ ഉറക്കാത്ത കരാർ ഉറപ്പിക്കുന്ന വേഗത്തിൽ നടപ്പായിത്തുടങ്ങി.

മാറ്റം മാത്രമാണ്‌ മാറ്റമില്ലാത്ത വസ്‌തു എന്ന്‌ മാർക്‌സ്‌ പണ്ട്‌ പറഞ്ഞിരുന്നു. ചങ്ങലംപരണ്ടയിൽ അതും തെറ്റാണെന്ന്‌ ഉദരംഭരി സിദ്ധാന്തക്കാർ തന്നെ വ്യക്തമാക്കിക്കൊടുത്തിരിക്കുകയാണ്‌. ഇവിടെ മാറ്റമില്ലാതെ തുടരുന്നതും റോക്കറ്റുപോലെ- എന്നു പറഞ്ഞുകൂട-അതെന്നെങ്കിലും താഴേക്ക്‌ വരുമല്ലോ- അതുകൊണ്ട്‌ കുടിയേറ്റക്കാരെപ്പോലെ അനുദിനം അഭിവൃദ്ധി പ്രാപിക്കുന്നതുമായ ഒരേയൊരു സംഗതിയുളളത്‌ കനോളി കനാലിലെ കൊതുകുകളാണ്‌.

ഇത്രയും കാലം തികഞ്ഞ ഗാന്ധിയൻ രീതിയിലുളള സമരമാർഗ്ഗമായിരുന്നു കൊതുകുകൾക്കെതിരായി നാം കൈക്കൊണ്ടിരുന്നത്‌. അത്‌ ഒരു നല്ല സമരരീതിയായിരുന്നുതാനും. നമ്മൾ നിരാഹാരം നടത്തി ചോരവറ്റി ചത്തുമണ്ണടിഞ്ഞാലെങ്കിലും കൊതുകു ചാവുമെന്ന ശുഭപ്രതീക്ഷ ഏതായാലും നല്ലതാണ്‌.

എല്ലാവർക്കും നിരാഹാരസമരം അനുഷ്‌ഠിക്കുവാൻ സാധിച്ചെന്നുവരില്ല. പണ്ടേ അങ്ങിനെയാണ്‌. ഒന്ന്‌ രണ്ട്‌ നിരാഹാരം കഴിയുമ്പോഴേക്കും മൈക്കോ ആളോ എന്നു പെട്ടെന്ന്‌ തിരിച്ചറിയാൻ പറ്റാത്തവരൊക്കെ നമ്പ്യാർ പറഞ്ഞപോലെ വിലങ്ങനെ വളരുവാൻ തുടങ്ങും. റെയിൻകോട്ടിട്ടുവരുന്ന ഒരു നിരാഹാരിയെ കണ്ട്‌ ആരോ ബജാജ്‌ ഓട്ടോയാണെന്നു കരുതി കൈനീട്ടിയ ഒരൈതിഹ്യം നിലവിലുണ്ട്‌.

ഈ വസ്‌തുതകളിൻമേലൊക്കെ തികച്ചും വസ്‌തുനിഷ്‌ഠമായും ശാസ്‌ത്രീയമായും മേഞ്ഞുനടന്ന്‌ ഒടുവിൽ മേയറും കൂട്ടരും ഒരു നഗ്നസത്യം തിരിച്ചറിഞ്ഞിട്ടുണ്ട്‌. സത്യത്തിന്റെ നഗ്നത കാണുമ്പോൾ പലർക്കും വേണ്ടാതീനം തോന്നുന്നത്‌ സ്വാഭാവികം. അതായത്‌ കൊതുകിന്റെ വളർച്ചക്ക്‌ കാരണം മരങ്ങളാണ്‌. ഇന്നുവരെ ആരെത്ര ശ്രമിച്ചിട്ടും അഴിയാത്ത കുരുക്കാണ്‌ ഇനിയഴിയാൻ പോവുന്നത്‌. മരങ്ങൾ മുഴുവനായും ചിത്രത്തിൽ കാണുന്നവകൂടി പറിച്ചുകളയാനാണ്‌ ഉത്തരവ്‌.

സമീപത്തുളള മരങ്ങളുടെ ഇലകൾ പ്രായമാവുമ്പോൾ മദ്യപാനിയെപ്പോലെ ചാളിചാളി കനാലിലേക്കുതന്നെ വീണുപോവുന്നു. താമസിയാതെ ഇവ അടിയുവാൻ തുടങ്ങുന്നു. അടിയുന്ന ഇലകൾ വെളളം മലിനമാക്കുന്നു. മലിനമാകുന്ന വെളളം കയ്യും കാലും കാണിച്ച്‌ കൊതുകിനെ വിളിക്കുന്നു. ഐശ്വര്യാറായിയെ കണ്ട പയ്യൻ പെപ്‌സിയുടെ പിന്നാലെയെന്നതുപോലെ കൊതുകുകൾ കനാലിലേക്കു മാർച്ചുചെയ്യുന്നു. അവിടം കൈയ്യേറി കൊതുകു മഹാസഭ കൂടുന്നു. മേയുന്നോരെ മയക്കി പട്ടയം നേടുന്നു. കാര്യങ്ങൾ ഇങ്ങിനെയാണ്‌.

ഈ ബുദ്ധി കനോളി സായിപ്പിന്‌ ഉദിക്കാത്തതുകൊണ്ടായിരുന്നു മൂപ്പർ ചാലിയാറിന്റെ തീരത്ത്‌ മരം നട്ട്‌ വെളളം നാശമാക്കിക്കളഞ്ഞത്‌. ഭാഗ്യത്തിന്‌ ദൈവം വീരപ്പൻമാരായി അവതരിച്ച്‌ കാടെല്ലാം മരുഭൂമിയാക്കി. പെരിയാറിന്റെയും ഭാരതപ്പുഴയുടെയുമൊക്കെ തീരം ഒരു പച്ചിലപോലുമില്ലാതെ വൃത്തിയാക്കി. അല്ലെങ്കിൽ അവ കനോളി കനാലായേനെ ചങ്ങലംപരണ്ട മൊത്തം കൊതുകുപിടിയിലുമായേനെ.

ഭാഗ്യത്തിന്‌ ഭാരതപ്പുഴയിലിന്ന്‌ ഒരു തുളളി വെളളമില്ല. ഉണ്ടെങ്കിൽ അവിടവും കൊതുക്‌ മഹാസഭ കൈയ്യേറിയേനെ. ഇങ്ങിനെ ആഴത്തിലിറങ്ങി നോക്കുമ്പോൾ മരങ്ങൾ മാത്രമല്ല വെളളത്തിന്റെ സാന്നിദ്ധ്യവും കൊതുകിനെ സ്ഥലം കൈയ്യേറുവാൻ പ്രേരിപ്പിക്കുന്നതായി കാണുന്നുണ്ട്‌.

അപ്പോൾ പാലക്കാട്ടുകാർ എന്തുകൊണ്ടും ഭാഗ്യവാൻമാരാണ്‌. ഇപ്പോൾ ഒരു തുളളി വെളളമില്ല. ആളുകൾ നിരാഹാരം കിടന്ന്‌ താമസിയാതെ ചോരവറ്റും. അപ്പോൾ കൊതുകുകളുടെ അന്നവും മുട്ടും. അങ്ങിനെ പാലക്കാട്‌ ചരിത്രത്തിൽ സ്ഥാനം പിടിക്കും. ആദ്യത്തെ കൊതുകുരഹിത ജില്ലയായി. അന്ന്‌ ലോകം പാലക്കാടിനെ ആദരിച്ച്‌ അവാർഡ്‌ നല്‌കും. അവാർഡ്‌ സ്വീകരിക്കുവാൻ ജീവനുളള ആളുകൾ ഉണ്ടാവാൻ സാധ്യതയില്ലാത്തതുകൊണ്ട്‌ കൊതുകുനിർമ്മാർജ്ജന പ്രവർത്തനത്തിന്റെ ഭാഗമായി വെളളത്തിന്റെ ഉറവും കൂടി മുട്ടിച്ച കോളക്കമ്പനിയുടെ പ്രസിഡണ്ട്‌ ആ അവാർഡ്‌ സ്വീകരിച്ച്‌ നന്ദി പറയും.

നിസ്സാരൻമാർ നിസ്സാരമായ കണ്ടുപിടുത്തം നടത്തുന്നു മഹാൻമാർ ഇതുപോലെ മഹത്തായ കണ്ടുപിടുത്തങ്ങൾ നടത്തുന്നു. നോബൽ സമ്മാനത്തിന്‌ വരെ ചാൻസുളള കോടതിഭാഷയിൽ അപൂർവത്തിലെ അത്യപൂർവ്വം കണ്ടുപിടുത്തങ്ങളിലൊന്നാണിത്‌. ഒരേസമയം രണ്ട്‌ നോബൽ സമ്മാനത്തിനും സമർപ്പിക്കാം. മനുഷ്യന്‌ സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നതുകൊണ്ട്‌ സമാധാനത്തിനുളള ഗണത്തിലും വരവ്‌ വെക്കാം. കൂടാതെ ശാസ്‌ത്രത്തിലും.

ലോകത്തെ ഏതു പ്രശ്‌നമെടുത്തു നോക്കിയാലും അവസാനമെത്തുക മരത്തിലായിരിക്കും. ഒന്നുകൂടി ആഴത്തിലിറങ്ങി നോക്കിയാൽ ഉത്തരം ഭൂമിയായിരിക്കും. അമേരിക്കയിൽ അവർ ഒരിലപോലും ബാക്കിവെക്കാതെ എല്ലാ താഴ്‌വരകളും കുന്നുകളും ഇടിച്ചുനിരത്തി സിലിക്കോൺ താഴ്‌വര പണിത്‌ കൊതുകിൽ നിന്ന്‌ രക്ഷനേടി. ഇനി ചൂടിൽ നിന്നും രക്ഷനേടാൻ ബ്രസീലിലെ കാടുകൾ മുറിക്കുവാൻ പാടില്ലെന്ന്‌ ഉത്തരവുമിറക്കി.

എഗെയിൻ ശങ്കരൻ ഓൺ കോക്കനട്ട്‌ ട്രീ എന്നൊരു ചൊല്ലുതന്നെ മലയാളത്തിലുണ്ടല്ലോ. ആരോഗ്യപരമായ കാര്യങ്ങളാൽ ശങ്കരൻ എത്ര പ്രാവശ്യം തെങ്ങിൽ കയറി എന്ന്‌ ശങ്കരന്‌ തന്നെ നിശ്ചയമില്ല. അതുകൊണ്ട്‌ ദയവായി മരം മാത്രം മുറിച്ചുകളഞ്ഞ്‌ പ്രശ്‌നത്തെ ലഘൂകരിച്ചു കളയരുത്‌. പറ്റുമെങ്കിൽ ഒരു പത്തുനൂറ്‌ മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന്‌ ചങ്ങലംപരണ്ട മൊത്തം കിളച്ചുമറിച്ച്‌ മരം പോയിട്ട്‌ ഒരു പുല്ല്‌ പോലും കണികാണാൻ പറ്റാത്ത പരുവത്തിലാക്കണം. ആവശ്യത്തിന്‌ മണ്ണുമാന്തിയന്ത്രം തരാവുന്നില്ലെങ്കിൽ മാണിസാറോട്‌ ചോദിച്ചാൽ തല്‌ക്കാലം ഏതെങ്കിലും മലയിൽ നിന്നിറക്കിത്തരുന്നതായിരിക്കും. ഇതുപോലൊരു നല്ല കാര്യത്തിനാവുമ്പോൾ മൂപ്പർ തടസ്സം പറയുകയില്ല.

Generated from archived content: humour_may13.html Author: nithyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here