മാർക്‌സിൽ നിന്നും മർക്കസിലേക്ക്‌

വിജയൻ മർക്കസിൽ പോയതിൽ തെറ്റുപറയാൻ പറ്റില്ല. അല്ലെങ്കിൽ അങ്ങിനെ പറയുന്നവർ പറ്റിയ വേറൊരാളെ കാണിച്ചുകൊടുക്കണം. പക്ഷേ പോകുന്നതിന്‌ മുമ്പൊരുകാര്യം ചെയ്യേണ്ടതായിരുന്നു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നല്ല മാർക്‌സ്‌ പറഞ്ഞതെന്ന്‌ ചുരുങ്ങിയത്‌ പി.ജിയെക്കൊണ്ടെങ്കിലും പറയിക്കണമായിരുന്നു. മദ്യം എന്നെഴുതേണ്ടത്‌ മതം എന്നായിപ്പോയതാണെന്നൊരു വിശദീകരണവുമായാൽ ഭേഷ്‌. ആചാര്യനെഴുതിയത്‌ മുഴുവൻ ചവറാണെന്നു പറയുകയും തിരിഞ്ഞപ്പുറമിരുന്നു അതെല്ലാം എഡിറ്റ്‌ ചെയ്‌ത്‌ സഞ്ചയികയാക്കി തൂക്കിവില്‌ക്കാനുളള പ്രവർത്തനം അന്തസ്സോടെ നടത്തുകയും ചെയ്യുന്നയാൾക്ക്‌ അതൊരു പ്രശ്‌നമാവുകയില്ല. പ്രായശ്ചിത്തത്തിനുളള ഒരവസരമായെടുക്കുകയുമാവാം.

പണ്ട്‌ സി.എച്ച്‌. മുഹമ്മദ്‌കോയ സുന്നികളെ കളിയാക്കി പറഞ്ഞിട്ടുണ്ടായിരുന്നു. അവര്‌ ബത്തക്കപോലെയാണ്‌. പച്ച പുറത്തും അകത്ത്‌ ചോപ്പും. അതുകൊണ്ടുകൂടി സഖാക്കളെ നാം മുന്നോട്ട്‌. സി.പി.ഐയെ ചവുട്ടിയോടിച്ചാലും വേണ്ടില്ല. സുന്നികളുമായി വേണ്ടത്‌ വെറും ഐക്യമല്ല. എല്ലാം മറന്നുളള ഒരു ലയനം തന്നെയാണ്‌.

മാർക്‌സിസത്തിൽ ആവശ്യാനുസരണം വെളളം ചേർത്ത്‌ നേർപ്പിച്ച്‌ സർവരോഗസംഹാരചികിത്സ നടത്തുന്ന ലാടവൈദ്യൻമാരാണ്‌ ചരിത്രത്തിൽ ആചാര്യൻമാരായി അറിയപ്പെടുക. അങ്ങിനെയുളള ലാടവൈദ്യൻമാർ കുഷ്‌ഠത്തിന്‌ നടത്തിയ ചികിത്സയാണ്‌ കാര്യങ്ങൾ ഇങ്ങിനെ ശുഭപര്യവസായിയായി ഭവിക്കാനിടയാക്കിയത്‌. കേരളത്തിലെ മൺമറഞ്ഞ ഒരാചാര്യൻ മാർക്‌സിസ്‌റ്റ്‌ ലാബിൽ സ്‌ഫുടം ചെയ്‌തെടുത്ത സംഗതിയിൽ 1ഃ9 അനുപാതത്തിലായിരുന്നു മാർക്‌സിസവും വെളളവും. അതായത്‌ കോളഭാഷയിൽ വെളളം ചേർക്കൽ അനുവദനീയമായ അളവുകടന്നു എന്നർത്ഥം.

കുറച്ചു വെളളം ചേർക്കണം എന്നകാര്യത്തിൽ നിത്യന്‌ സംശയമൊന്നുമില്ല. അല്ലെങ്കിൽ കരള്‌ കത്തിപ്പോകും. തെറ്റിദ്ധരിക്കരുത്‌. വിശ്വപ്രേമത്തിന്റെ മൂർത്തിമദ്‌ഭാവമാണ്‌ മാർക്‌സിസം. പ്രേമത്തിന്‌ കരളുമായാണ്‌ കൂടുതൽ ബന്ധം തലയുമായല്ല. നീയെന്റെ കരളാണെന്നല്ലാതെ തലയാണെന്ന്‌ പേരിനെങ്കിലുമൊരു തലയുളളവരാരും പറയില്ല.

മയ്യഴിയിലെ വിദേശമദ്യം പോലെയാണ്‌ വില്‌പന. വിവിധ ബ്രാന്റുകൾ. എല്ലാ ബ്രാന്റുകളിലും പൊതുവായുളള ഒരു സംഗതിയുണ്ട്‌. അതാണ്‌ മയ്യഴിപ്പുഴയിലെ വെളളം. അനുവദനീയമായ അളവിലേറെ മാലിന്യം കലർന്ന മാർക്‌സിസം മെലിഞ്ഞു ചടച്ചു. നേതാക്കൾ കുഞ്ചൻ പറഞ്ഞപോലെ വിലങ്ങനെ വളർന്നു. ബീഡിത്തൊഴിലാളികളുടെ കഷ്‌ടകാലവും കയറ്റിറക്കു മുതലാളിമാരുടെ നല്ല കാലവും തുടങ്ങി. ലഹരിക്കടിമയായ കുടിയനും കീശവീർപ്പിച്ച മുതലാളിയും പോലെ. പാർട്ടിയുടെ പേരിലെന്നപോലെ മാർക്‌സിസം ബ്രാക്കറ്റിലുമായി.

നിത്യൻ മുന്നേ പറഞ്ഞത്‌ ആവർത്തിക്കുന്നു. ലേശം വെളളം ചേർക്കുന്നതിൽ തെറ്റില്ല. കാരണം മാർക്‌സിസം സത്യമാണ്‌. മാർക്‌സിസ്‌റ്റുകാർ സത്യസന്ധൻമാരാണെന്നും മര്യാദസ്ഥൻമാരാണെന്നും ഇപ്പറഞ്ഞതിനർത്ഥമില്ല.

സത്യം എന്നാൽ 24 കാരറ്റ്‌ ശുദ്ധ തങ്കം പോലുളള സംഗതിയാണെന്ന്‌ ഫ്രാൻസിസ്‌ ബേക്കൺ പറഞ്ഞിട്ടുണ്ട്‌. ഒറ്റക്കുനിന്നാൽ യാതൊരു പ്രയോജനവുമില്ല. അതുവച്ച്‌ വല്ലതും ചെയ്യണമെന്നുണ്ടെങ്കിൽ ചെമ്പുചേർത്ത്‌ കളങ്കപ്പെടുത്തണം. അതായത്‌ പെണ്ണ്‌ മയങ്ങി ആണിന്റെ കാലിനുവീഴുന്ന സംഗതിയായി മാറുവാൻ വെറും ശുദ്ധതങ്കത്തിന്‌ സാദ്ധ്യമല്ല. വെറും സത്യം മാത്രം പറഞ്ഞ്‌ ലോകത്തൊരുത്തനും പ്രേമിച്ചിട്ടില്ലെന്നതും ഇതിനോട്‌ കൂട്ടിവായിക്കാവുന്നതാണ്‌. ഇവിടെ ചെമ്പ്‌ ചേർത്തതല്ല പ്രശ്‌നം. ചുരുങ്ങിയത്‌ ചെമ്പ്‌ പുറത്തായെന്നുപോലും പറയാനാവാത്തവിധത്തിൽ സംഗതി മൊത്തം ചെമ്പായിപ്പോയതാണ്‌.

നിർമ്മല പ്രേമത്തിൽ ചട്ടയൊരു പ്രശ്‌നമല്ല പ്രിയേ എന്നുപറഞ്ഞ കാമുകനെയാണ്‌ മർക്കസിലെ പിണറായി വിജയൻ അനുസ്‌മരിപ്പിക്കുന്നത്‌. കണ്ണില്ലാത്ത സംഗതി പ്രേമം മാത്രമല്ല. മറ്റുചില അവയവങ്ങൾക്കുപുറമെ കണ്ണുംകൂടി അടുത്തകാലത്തായി പാർട്ടിക്ക്‌ നഷ്‌ടപ്പെട്ടിരിക്കുകയാണ്‌.

അവയവങ്ങളുടെ ഗണത്തിൽ വരുന്ന സംഗതിയല്ലാത്തതുകൊണ്ട്‌ മാനം കപ്പലുകയറിയതിനെപ്പറ്റി ചിന്തിക്കേണ്ടതില്ല. മാനം കപ്പലിലേക്ക്‌ യഥേഷ്‌ടം കയറ്റിക്കൊടുത്ത വിജയനടക്കമുളള ലോഡിങ്ങ്‌ അൺലോഡിങ്ങ്‌ മുതലാളിമാരും നോക്കുകൂലി വാങ്ങിയ വിഡ്‌ഢിജീവികളും അഥവാ ബുദ്ധിജീവികളും നാലണക്ക്‌ അരക്കിലോ വായിൽതോന്നിയത്‌ വിളമ്പി ഉപജീവനം നടത്തുന്ന സാംസ്‌കാരികനായകരും ബേജാറാവേണ്ടതില്ല. എല്ലാവരും മാനം വിറ്റ്‌ നാലു മുക്കാലുണ്ടാക്കുക, പോയ മാനത്തെ തിരിച്ചുവിളിക്കുന്ന പണി മുക്കാലെടുത്തുകൊളളും. സഖാക്കളേ ലാൽസലാം.

ഇനിയൊന്നുളളത്‌ ആളുകൾ ഈ ആദർശം ആദർശം എന്നു നിലവിളിക്കുന്ന സംഗതിയാണ്‌. പണ്ടൊരു മഹാൻ ആദർശത്തെ ഉപമിച്ചത്‌ നക്ഷത്രങ്ങളോടാണ്‌. അതായത്‌ നമുക്കെത്തിപ്പെടാൻ പറ്റുകയില്ല. എന്നാൽ അതുനോക്കി നമ്മുടെ യാനപാത്രത്തിന്റെ ഗതി നിയന്ത്രിക്കാം. അതായത്‌ ആദർശം. യാനപാത്രത്തിന്റെ ഗതിയല്ലാതെ പാനപാത്രത്തിന്റെ വഴിയന്വേഷിക്കുന്നവർക്കാണെങ്കിൽ നക്ഷത്രമാകുന്ന ആദർശങ്ങൾ ഒരു കുരിശാവുകയും ചെയ്യും. അതൊക്കെക്കൊണ്ട്‌ ഈ നക്ഷത്രം നോക്കി നടന്ന്‌ ഏതെങ്കിലും തൈക്കുണ്ടിൽ വീണ്‌ ചാവുന്നതിലും ഭേദം നക്ഷത്രം നോക്കാതിരിക്കലാണ്‌. അപ്പോഴാണ്‌ അങ്ങിനെ വീണ പാവങ്ങളുടെ പടത്തലവൻമാർക്ക്‌ കോടികളുടെ സ്‌മാരകമുയരുക. അതുവഴി നാലുമുക്കാലും.

പാർട്ടിയിലെ ഭൂരിഭാഗം നേതാക്കളുടെയും ആദർശമാണെങ്കിൽ എം.എഫ്‌.ഹുസൈന്റെ ഷൂ പോലെയും. ഷൂവുണ്ട്‌ അതും അഞ്ചുലക്ഷത്തിന്റേത്‌. ഷൂവണിഞ്ഞ ഹുസൈനാണെങ്കിൽ സൂര്യഗ്രഹണം പോലെയും. പറഞ്ഞിട്ട്‌ കാര്യമില്ല. അഞ്ചുലക്ഷത്തിന്റെ ഷൂസ്‌ ഭദ്രമായി ഷെൽഫിൽ വെക്കുന്നതാണ്‌ കാലിന്‌ നല്ലത്‌. രാജ്യം ഇന്ത്യയായതുകൊണ്ട്‌ കാലിന്റെ സുരക്ഷ കണക്കിലെടുത്ത്‌ മൂപ്പർ നഗ്‌നപാദനായി നടക്കുന്നു. ഫലം കാൽ അരയിൽതന്നെയുണ്ട്‌. ആദർശം അട്ടത്ത്‌ കെട്ടിവച്ചിരിക്കുന്നതുകൊണ്ട്‌ കമ്മ്യൂണിസ്‌റ്റുകാരുടെ തല തലസ്ഥാനങ്ങളിൽ തന്നെയുണ്ട്‌. യഥാർത്ഥ കമ്മ്യൂണിസ്‌റ്റുകാരെപ്പോലെ തല തപ്പിനോക്കേണ്ട കാര്യമൊന്നുമില്ല. ലാൽസലാം.

Generated from archived content: humour_mar31.html Author: nithyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here