മമശത്രു അച്ചുതാനന്ദ വിനാശായാം

കുറച്ചുകാലം മുമ്പ്‌ സഖാവ്‌ അച്ചുതാനന്ദൻ പാർട്ടിയുടെ സ്വത്താണെന്ന്‌ ഒരു പ്രഖ്യാപനമുണ്ടായിരുന്നു. ഇപ്പോഴത്തെ സഖാവിന്റെ ഗതികാണുമ്പോൾ ബുദ്ധിയുളളവർ ഇത്രയല്ലേ സംഭവിച്ചുളളൂ എന്നാണാശ്വസിക്കുക. വിപ്ലവാനന്തരം ലെനിൻ സഖാവ്‌ ബുക്കാറിൻ സോവിയറ്റ്‌ കമ്മ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ മൂലധനമാണെന്ന്‌ പ്രഖ്യാപിച്ചിരുന്നു. തുടർന്നുവന്ന സ്‌റ്റാലിൻ ചെയ്‌തത്‌ നല്ലൊരു തോക്കെടുത്ത്‌ മൂലധനത്തിന്‌ നേരെ നിറയൊഴിക്കുകയായിരുന്നു. ജോസഫ്‌ സ്‌റ്റാലിനെ നൂറുശതമാനം അംഗീകരിക്കുന്ന വിപ്ലവകാരികളാണ്‌ ഇപ്പറഞ്ഞവരെല്ലാം. അങ്ങിനെ സംഭവിച്ചിരുന്നെങ്കിൽ തന്നെ പ്രത്യയശാസ്‌ത്രപരമായ ഒരു പിശകായി അതെണ്ണുക പ്രയാസം. പ്രത്യയശാസ്‌ത്രവിശാരദൻമാർ കവടി നിരത്തിയാൽ തെറ്റ്‌ വെടിവെച്ചവനിലും വെടികൊണ്ടവനിലുമായിരിക്കില്ല. തൂക്കിലേറ്റപ്പെടുക മിക്കവാറും വെടിയുണ്ടയായിരിക്കും.

“കേരളത്തിൽ നിരവധി പാർട്ടികളുണ്ട്‌. അതിൽ ഒന്നുമാത്രമായി സി.പി.എമ്മിനെ കാണുന്നതുകൊണ്ടാണു മാദ്ധ്യമങ്ങൾക്ക്‌ ഇങ്ങനെയുളള തെറ്റുകൾ പിണയുന്നത്‌.” സൂക്തം പിണറായി സഖാവിന്റേതാണ്‌.

മാദ്ധ്യമങ്ങൾ ഇനി ഇത്തരം തെറ്റുകൾ പിണയാതെ നോക്കണം എന്ന കനപ്പെട്ട ഉപദേശമാണ്‌ കിട്ടിയിരിക്കുന്നത്‌. അത്‌ ശിരസാ വഹിച്ച്‌ മുന്നേറുക. വേറിട്ട ഒരു ചാനലും നേര്‌ നേരത്തെയെത്തിക്കുന്ന ജിഹ്വയുമുളള ഒരു പാർട്ടിയാണ്‌. എന്താണ്‌ പറയേണ്ടത്‌ എന്താണെഴുതേണ്ടത്‌ എന്നൊക്കെ അവിടിരിക്കുന്ന ആളുകളോട്‌ ചോദിച്ചേക്കുക. തികച്ചും വേറിട്ടൊരു രീതിയിൽ അവർ സത്യം വിളിച്ചുപറയും. വേലിക്കകത്ത്‌ ശങ്കരസുതാ ഹത കുഞ്ഞ്‌ജര. അവിടുളള ആചാര്യൻമാരുടെ മുഖകമലത്തുനിന്നും അത്‌ പകർത്തി കൊണ്ടുപോവുക. പ്രസിദ്ധീകരിക്കുക. അതാണ്‌ ശരിയായ പത്രപ്രവർത്തനം. അല്ലാതെ ഉളളിലുളള പാരകൾ വെളിപ്പെടുത്തുന്ന കാര്യങ്ങൾ ക്വട്ടേഷനുകളായി ബൈലൈൻ സഹിതം എഴുതുകയല്ല. ഈ മാതൃക പിൻതുടരുകയാണെങ്കിൽ ഇങ്ങിനെയുളള തെറ്റുകൾ പിണയുകയില്ല. അച്ചുതാനന്ദൻ പ്രതികരിക്കാത്തതെന്തുകൊണ്ട്‌ തുടങ്ങിയ വിഡ്‌ഢി ചോദ്യങ്ങൾ ചോദിക്കുവാനും തോന്നുമായിരുന്നില്ല. ഒരു സത്യം പറയുവാൻ ഒരാളല്ലാതെ രണ്ടാളുടെ ആവശ്യമില്ല.

മറ്റു പാർട്ടികളിൽ നിന്നും നമുക്കുളള വ്യത്യാസം എന്താണ്‌? അയ്യരും അയ്യങ്കരും തമ്മിലുളള വ്യത്യാസമാണ്‌. അത്രയെളുപ്പം കണ്ടാൽ തിരിച്ചറിയില്ല. കൊണ്ടാലാണറിയുക. കുഷ്‌ഠരോഗികളൊടൊപ്പം കൂടിയ ഫാദർ ഡാമിയന്‌ പറ്റിയത്‌ നമുക്കും പറ്റി. കുഷ്‌ഠം. വയലില്ലാത്ത വയനാടെന്നപോലെ പേരിലെ മാർക്‌സിസം മാത്രം മരിക്കാതെ കിടക്കുന്നു. അതാണ്‌ പത്രക്കാർ തിരിച്ചറിയേണ്ടുന്ന ഒരു വ്യത്യാസം.

മൂലധനവും മാനിഫെസ്‌റ്റോയും എഴുതിയ വകയിൽ കിട്ടിയ കാശ്‌ അതെഴുതുമ്പോൾ വലിച്ചു തളളിയ ചുരുട്ടിന്‌ തികയാത്തതുകൊണ്ട്‌ മകളുടെ ശവമടക്കാൻ എംഗൽസ്‌ വരുന്നതുവരെ മാർക്‌സിന്‌ കാത്തിരിക്കേണ്ടിവന്നു. അതേ മാനിഫെസ്‌റ്റോയും മൂലധനവും കടാക്ഷിച്ച്‌ പലരും വിലങ്ങനെ വളർന്ന്‌ ആൾദൈവങ്ങളെ വെല്ലുന്ന ആസ്‌തിയുമായി നില്‌ക്കുമ്പോൾ അതൊരു നല്ല കാര്യമായല്ലേ കാണേണ്ടത്‌. ഒഴിവുകാലം സിങ്കപ്പൂരിൽ, തെംസ്‌ നദിക്കരയിലെ കാറ്റും കൊണ്ട്‌ വിപ്ലവത്തിന്റെ അനശ്വരതയെപ്പറ്റി ചിന്തിക്കാനുളള സുവർണാവസരം, പശങ്ങൾക്ക്‌ ബിലാത്തിയിൽ വേല ആദിയായ കാര്യങ്ങൾക്ക്‌ അവസരമൊരുക്കിക്കൊടുത്ത ഒരു മാനിഫെസ്‌റ്റോയോട്‌ ആർക്കാണ്‌ സുഹൃത്തേ നന്ദികേട്‌ കാട്ടുവാൻ കഴിയുക.

റാൾഫ്‌ ഷെൽട്ടന്റെ തോക്കിന്‌ മുൻപിൽ മരണത്തെ മുഖാമുഖം കാണുമ്പോൾ വാട്ട്‌ ആർ യൂ തിങ്കിംഗ്‌ ഓഫ്‌ എന്ന ചോദ്യത്തിന്‌ നിർഭയനായ അചഞ്ചലനായ വിപ്ലവകാരി ചെഗുവേരയുടെ മറുപടി അയാം തിങ്കിംഗ്‌ ഓഫ്‌ ദി ഇമ്മോർട്ടാലിറ്റി ഓഫ്‌ ദി റവല്യൂഷൻ എന്നായിരുന്നു. തോക്കിന്റെ പോയിട്ട്‌ ഒരു നോക്കിന്റെ ഭീഷണിയില്ലാതെ സഖാക്കൾക്ക്‌ സിങ്കപ്പൂരിലും ബിലാത്തിയിലെ തെംസ്‌ നദിക്കരയിലുമിരുന്ന്‌ വിപ്ലവത്തിന്റെ അനശ്വരതയെപ്പറ്റി ചിന്തിക്കുവാനുളള നിലയും വിലയും വന്നത്‌ ചില്ലറക്കാര്യമാണോ? ചെഗുവേരക്കില്ലാത്ത ബുദ്ധി നമ്മുടെ സഖാക്കൾക്കുണ്ടായതാണോ തെറ്റ്‌? അച്ചുതാനന്ദന്‌ ആ ബുദ്ധിക്ക്‌ ഒരിത്തിരി കുറവുണ്ടായിരുന്നു. വലിയതായൊന്നുമില്ല. അതു ചികിത്സിച്ച്‌ ഭേദമാക്കുവാൻ വേണ്ടി നമ്മളുത്സാഹിച്ച്‌ ബിലാത്തിയിൽ കൊണ്ടുപോയി. അന്നുതന്നെ പത്രക്കാർക്ക്‌ ഒരു സ്‌കൂപ്പും കൊടുത്തു-ഒമ്പതാം വാർഡിന്റെ നാട്ടിൽ വിപ്ലവകാരിക്ക്‌ ലണ്ടനിൽ പനിക്ക്‌ ചികിത്സ. സംഗതി ശുഭം.

ഗ്രീക്ക്‌ ഇതിഹാസത്തിൽ പ്രോക്രസ്‌റ്റസ്‌ എന്ന പേരിൽ തിന്മക്ക്‌ കൈയ്യും കാലും വച്ച ഒരു രാക്ഷസനുണ്ടായിരുന്നു. കൊളളയും കൊളളിവെയ്‌പും ഉപജീവനമാർഗം. ഹോബി കൊലപാതകം. കാഴ്‌ചയിൽ ബോധിച്ച ഒരാളെ കണ്ടാൽ ഉടൻ പിടികൂടുകയായി. നേരെ കൊണ്ടുവന്ന്‌ മൂപ്പർ പ്രത്യേകം രൂപകല്‌പന ചെയ്‌ത കട്ടിലിൽ കിടത്തുകയാണ്‌ ആദ്യപടി. കട്ടിൽ കവിഞ്ഞു നില്‌ക്കുന്ന മാനവനാണെങ്കിൽ ദാനവൻ ഉടൻ വാളെടുത്ത്‌ കട്ടിലിൽ കൊളളാത്തത്‌ വെട്ടിയെറിയും. ഇനി ആലിലയിലെ കൃഷ്‌ണനെപ്പോലെ കട്ടിലിന്‌ തികയാത്ത ആളാണെങ്കിൽ വാളിന്‌ പകരം കനത്തൊരു ചുറ്റികയാവും എടുക്കുക. ആളെ അടിച്ചു പരത്തി കട്ടിലിന്‌ സമമാക്കും.

പ്രോക്രസ്‌റ്റസ്‌ എന്ന സുന്ദരമായ കവിതയിൽ വയലാർ പരിഹസിക്കുന്നത്‌ പ്രത്യയശാസ്‌ത്രക്കട്ടിലിനെയാണ്‌. മാനവീകതയെ ഉൾക്കൊളളാനറിയാത്ത പ്രത്യയശാസ്‌ത്ര പണ്‌ഢിതൻമാരെയാണ്‌. പ്രതീക്ഷിക്കുന്നതാകട്ടെ പ്രോക്രസ്‌റ്റസിനെ തല്ലിക്കൊന്ന തീസിയസിന്റെ പുനർജന്മവും. പണ്ട്‌ ഒരു കൈയ്യിൽ ചുറ്റികയും മറുകൈയ്യിൽ വാളും പിടിച്ച്‌ കട്ടിലിന്‌ കാവൽനിന്ന കോമരങ്ങളാണ്‌ പാർട്ടിയുടെ ഇപ്പോഴത്തെ പോക്കിനെ പഴിക്കുന്നത്‌. ചൈനയിൽ ഡെങ്ങിന്റെ ടാങ്കുകൾ പിളളാരുടെ നെഞ്ചത്തുരുണ്ടപ്പോൾ ഭേഷ്‌, പ്രതിവിപ്ലവം തകർത്തു എന്നു വിളിച്ചു പറയാൻ ലജ്ജയേതുമില്ലാതിരുന്ന പ്രൊഫസറാണ്‌ ഇന്ന്‌ തിരിഞ്ഞുനില്‌ക്കുന്നത്‌. ഒരു സ്‌നേക്ക്‌ പാർക്കിലെ രാജവെമ്പാലയെയും സിംഹവാലനെയും ചുട്ടുകൊന്നപ്പോൾ അതിനെക്കാൾ വിലയുണ്ട്‌ മനുഷ്യജീവന്‌ എന്നു വിളിച്ചുപറയാൻ പറ്റിയ ഒരാളെ പാർട്ടി കണ്ടെത്തിയതും പ്രൊഫസറിലാണ്‌. സ്‌കൂളിൽ വിദ്യാർത്ഥികളുടെ കൺമുന്നിൽ ഒരദ്ധ്യാപകൻ തുണ്ടം തുണ്ടമായി വെട്ടിയെറിയപ്പെട്ടപ്പോൾ, ബി.ബി.സിയടക്കമുളള മാദ്ധ്യമങ്ങൾ നരഭോജികൾ കൂടി ചെയ്യാനറക്കുന്ന ആ കൃത്യത്തെ അപലപിച്ചപ്പോൾ അതിലെന്തിരിക്കുന്നു എല്ലാ കൊലയും കൊലതന്നെയാണ്‌ എന്നു പറഞ്ഞ ലോകത്ത്ലെ ആദ്യത്തെ പ്രൊഫസറും അദ്ദേഹമാണ്‌.

ചന്ദനം ചുമക്കുന്ന കഴുതകൾ അഥവാ ഒരുപിടി ആചാര്യൻമാർ ഒരുപറ്റം കുട്ടിച്ചാത്തൻമാരുടെ കാവലിൽ നടത്തിയ ആഭിചാരക്രിയയാണ്‌ ഇവിടെ മാർക്‌സിസമായി അറിയപ്പെട്ടത്‌. പൊരിവെയിലത്ത്‌ മലകയറാനും കാടരിച്ചു പെറുക്കി മുറിഞ്ഞമരത്തിന്റെ അസ്ഥികൾ തിരുനെല്ലിക്കെത്തിക്കുവാനും കുഞ്ഞാലിമാരുടെ ഉറക്കം കെടുത്താനും ആരെയും കിട്ടിയില്ലെങ്കിൽ വെളിച്ചപ്പാടിനെപ്പോലെ കിളിരൂർ-ലാവ്‌ലിൻ മന്ത്രം ചൊല്ലിക്കൊണ്ട്‌ സ്വന്തം തലക്കുതന്നെ വെട്ടാനും ഓടിനടന്ന വേലിക്കകത്ത്‌ ശങ്കരൻ അച്ചുതാനന്ദൻ വേലിക്കുപുറത്ത്‌ അച്ചുതാനന്ദനാവുന്നതാണ്‌ പാർട്ടിയിലെ പ്രത്യയശാസ്‌ത്രപരമായ വിഷയമായി കെട്ടിയെഴുന്നളളിക്കപ്പെടുന്നത്‌. പ്രശ്‌നം പ്രത്യയശാസ്‌ത്രപരമോ ഉദരംഭരിശാസ്‌ത്രപരമോ?

മടിയിൽ കനമുളളതുകൊണ്ട്‌ വഴിയിൽ നമ്മൾ ലേശം പേടിക്കണം. കോൺഗ്രസുകാരെയും ബി.ജെ.പിക്കാരെയുമൊന്നും പേടിക്കേണ്ടതില്ല. തലയിൽ വച്ച കൈകൊണ്ട്‌ ഉദകക്രിയ നടത്താൻ മാത്രം ംലേച്ഛൻമാരൊന്നുമല്ല അവർ. ആചാര്യൻമാർ പറഞ്ഞപോലെ മമശത്രു വിനാശായാം. കഴിഞ്ഞതിപ്പോൾ ഒരു ശത്രുസംഹാര പൂജയാണ്‌. സംഹരിക്കേണ്ട പരമശത്രുക്കൾ നമ്മുടെ ഉളളിലാണെന്നാണ്‌ ആചാര്യമതം. നമ്മളെ പലവകയിൽ പിടിച്ച്‌ അകത്തിട്ടു കളയാൻ ഒരു ശക്തിക്കേ സാധിക്കൂ. അത്‌ വേലിക്കകത്താണ്‌. ഏഡീബീ പ്രഭുക്കളെ കണ്ടാലറിയാത്ത കാട്ടിൽ കിടക്കുന്ന കോമാളിയെന്ന്‌ പറഞ്ഞില്ലെന്നേയൂളളൂ. കാലം സാക്ഷി ചരിത്രം സാക്ഷി രക്തസാക്ഷി കുടീരം സാക്ഷി. സഖാക്കളേ നാം എങ്ങോട്ട്‌?

Generated from archived content: humour_mar22_06.html Author: nithyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here