വൈകുന്നേരത്തെ നരകദ്രാവകവും മോന്തിക്കൊണ്ട് നിത്യൻ ടി.വിയുടെ മുന്നിലിരിക്കുകയായിരുന്നു സംഭവദിവസം. അപ്പോഴാണ് തോമ ഒരു വിവരം പറയാനായി സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. യാതൊരു കളളത്തരവുമില്ലാത്ത സ്വർണം മലബാറുകാരുടേതാണെന്ന് പറഞ്ഞു. അച്‌ഛൻ പത്തായത്തിലൊന്നുമില്ല എന്ന ബഹുജന സമക്ഷം പ്രഖ്യാപിച്ചതിന് നിത്യൻ തോമാക്കൊരു നന്ദിയും പറഞ്ഞു. പിന്നീടൊരു സംശയം. മലബാറുകാരുടേത് കളളത്തരമുളള പൊന്നാണെന്ന് നിത്യൻ സത്യമായും ഒരിക്കലും പറഞ്ഞിട്ടില്ല, പിന്നെന്തിനാ ഇപ്പഹയൻ പിരാന്തനെപ്പോലെ അതുമിതും വിളിച്ചു പറയുന്നത്.
നിത്യൻ ഉച്ചത്തിൽ ചിന്തിക്കാൻ തുടങ്ങിയപ്പോൾ നിത്യകാമുകി പ്രശ്‌നത്തിൽ ഇടപെട്ടു, ചരിത്രത്തിലാദ്യമായി ക്ഷണിക്കാതെ. പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്തു കാര്യം എന്ന ഒരു ചൊല്ലുളളതുകൊണ്ട് തീർച്ചയായും അസ്ഥാനത്തല്ല കാമുകി കൈവച്ചതെന്ന് തോന്നി. ‘ഇങ്ങക്കാന്ന് തകരാറ്-ഇങ്ങളെ തലക്ക്. പൊന്നിനും അപ്പെണ്ണിനും അത്തടിയനുമൊന്നുമല്ല തകരാറ്. ഒരുതരി പൊന്നുളളത് അപ്പാടും ഒറ്റമാസം കൊണ്ട് മൂക്കിലടിച്ച വിദ്വാനല്ലേ. നല്ലകാര്യം ആരെങ്കിലും പറഞ്ഞാ അങ്ങിനെയേ തോന്നൂ. എനക്കിപ്പം നാലാളെ മീട്ടത്ത് നോക്കാൻ പറ്റ്‌ന്ന്‌ണ്ടോ. ഒരു മംഗലത്തിന് പോവ്വാൻ പറ്റ്‌ന്ന്‌ണ്ടോ?’
നീയ്യെന്തിനാ പ്രിയേ നാലാളുടെ മീട്ടത്ത് നോക്ക്‌ന്നെ, മംഗലത്തിന് പോവാൻ പറ്റാതിരിക്കാൻ നിന്റെ കാല് സ്വർണത്തിന്റെ വെപ്പുകാലോ മറ്റോ ആയിരുന്നോ എന്നൊക്കെയുളള വിവിധ ചോദ്യങ്ങൾ ലാൽ സ്‌റ്റൈലിൽ നാവിൻ തുമ്പിൽ നടനമാടി. എങ്കിലും ഉറഞ്ഞുതുളളുന്ന കാമുകിയുടെ കൈയ്യിലെ അരിവാളിനെ ഓർത്ത് ചോദ്യാവലികളെ ഓരോരുത്തരെയായി നാവിൽ തുമ്പിൽ തന്നെ തൂക്കിക്കൊല്ലുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല.
ഒരു കണ്ണ് ടിവിയിലും മറുകണ്ണ് അരിവാളിലുമുടക്കി നില്‌ക്കുമ്പോഴാണ് തോമായുടെ അടുത്ത വെളിപാട്. വടക്കൻ പെരുമയുടെ നാട്ടിലെ, വിപ്ലവത്തിന്റെ ചൂരുളള മണ്ണിലെ മക്കളോടുളള ആഹ്വാനമായിരുന്നു അടുത്തത്. വിപ്ലവകാരികൾ എല്ലാവരും മലബാറുകാരുടെ ഒറിജിനൽ വിപ്ലവം പോലുളള 24 കാരറ്റ് സ്വർണം വാങ്ങുവാൻ. അതായത് രക്തരൂക്ഷിതമല്ലാത്ത ഒരു പ്രാദേശിക മലബാർ കനകവിപ്ലവമാണ് മുതലാളിയുടെ ലക്ഷ്യം.
മലബാർ വിപ്ലവത്തിൽ പൊന്നിന് വഹിക്കാനുളള പങ്കിനെക്കുറിച്ച് ജനത്തെ ബോധവൽക്കരിക്കുകയാണ് തോമ. കുട്ടനാട്ടിന്റെ ചങ്കിലെ ചോരയുടെ ഏർപ്പാട് ഏതാണ്ട് നിർത്തി. ഇനി മലബാറിലെ പെണ്ണാടിന്റെ ചങ്കിലാണ് നോട്ടം. നിത്യന്റെ കണ്ണിൽ ഇരുട്ടു കയറിത്തുടങ്ങി. അരിവാളും നിത്യകാമുകിയും കൺമുന്നിലില്ലാതായി. അഞ്ചുമിനിറ്റു നേരം നിത്യന്റെ ചിന്തകൾ മലബാർ വിപ്ലവത്തിന്റെ പിന്നാലെ പോയി. മൂലധനം വിറ്റ് സ്വർണം വാങ്ങുന്നതിലെ ധാർമ്മികതയെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ അതാ തോമ വീണ്ടും.
വിപ്ലവത്തിന്റെ ചൂരുളള മണ്ണിലേക്കെന്നു തോമ പറഞ്ഞതേയുളളൂ നിത്യന്റെ കൈയ്യിലെ ഗ്ലാസ് ആ വാചകം മുഴുമിപ്പിക്കുന്നതിൽനിന്നും തോമയെ തടഞ്ഞു. ഒരു പ്രതിവിപ്ലവം തകർത്ത കമ്മീസാറുടെ ഭാവഹാവാദികളോടെ നിത്യൻ വിസ്‌തരിച്ചിരുന്ന് പാടിത്തുടങ്ങി.
പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളെ
കൺകുളിരെ നിനക്കുവേണ്ടി നമ്മളൊന്ന് പാടാം
ടെലിവിഷൻ അന്ത്യശ്വാസം വലിച്ച വിവരമറിഞ്ഞ് അതാ കാമുകി ഓടിയടുക്കുന്നു. നിത്യനോടൊപ്പം തോളോട് തോൾ ചേർന്ന് പൊരുതിനേടാൻ അരിവാളുമായി വരുന്നതല്ലെന്നു തോന്നുന്നു. തീർച്ചയായും അതു മലബാർ വിപ്ലവത്തിനായുളള ഒരു അരിവാളെഴുന്നളളത്തല്ല. കണ്ടിട്ട് മലബാർ കലാപത്തിനുളളതാവാനാണ് സാദ്ധ്യത.
ലോകം മുഴുവൻ പെണ്ണിന് ബുദ്ധിവച്ചാലും മലയാളി വനിതകളുടെ തല മലബാറുകാരനും ആലപ്പാട്ടിനും ആലൂക്കാസുകാരനും ഉളളതായിരിക്കും എന്നൊരു വിശ്വാസം നിത്യനുണ്ടായിരുന്നു. ഓടുമ്പോൾ അതൊന്നു കൂടി ബലപ്പെട്ടു.
Generated from archived content: humour_mar13_06.html Author: nithyan