ലീഡറുടെ പിഴച്ച ചാട്ടവും സോണിയായുടെ ത്യാഗവും

‘ഏറ്റവുമിഷ്‌ടം’ എന്ന ചോദ്യത്തിന്‌ എന്നെത്തന്നെ എന്നും ‘അതു കഴിഞ്ഞാൽ’ എന്ന ചോദ്യത്തിന്‌ ‘അത്‌ കഴിയുന്നില്ലല്ലോ’ എന്നും ആശയപരമായി മറുപടി പറഞ്ഞിരുന്നു മഹാനായ ഹാസ്യനടൻ ചാർളി ചാപ്ലിൻ. ആശയപരമായി ചാപ്ലിൻ പറഞ്ഞത്‌ ആമാശയപരമായിതന്നെ നടപ്പിലാക്കി മാതൃകകാട്ടിയ എത്രയോ മഹാൻമാരെക്കൊണ്ട്‌ ധന്യമായി നമ്മുടെ മാതൃഭൂമി. കലാലയത്തിൽ എഞ്ചിനീയറിങ്ങിന്‌ പഠിക്കുന്ന വിദ്യാർത്ഥിയെ പിടിച്ചുകൊണ്ടുപോയി രാസവസ്‌തുക്കളൊന്നും ചേർക്കാതെ പ്രകൃതിദത്തമായ ഉലക്കയും മണലും ചേർത്തുരുട്ടി ആവിയാക്കി മാറ്റി കേരളത്തിലെ സാമൂഹിക-സാങ്കേതിക രംഗങ്ങളിൽ വിപ്ലവം സൃഷ്‌ടിച്ചശേഷം പാമോയിലിൽ ചവുട്ടി കാൽവഴുതി മാലിമറിയത്തിന്റെ മടിയിൽ വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടു. ശേഷം ചാട്ടം പലതുചാടി. ഒടുക്കം പിളളയെ രക്ഷിക്കുവാനുളള ശ്രമത്തിൽ ചാട്ടം പിഴച്ച്‌ പാറപ്പുറത്ത്‌ പതിച്ചു. നട്ടെല്ലു പൊട്ടിയതൊഴിച്ചാൽ വേറെ കാര്യമായ പരിക്കൊന്നുമില്ല. അല്ലെങ്കിലും ഒരു നട്ടെല്ലിന്‌ രാഷ്‌ട്രീയത്തിൽ കാര്യമായ പങ്കൊന്നും വഹിക്കാനില്ല. എല്ലില്ലാത്ത ഒരു നാവിനാകട്ടെ അതിലേറെയുണ്ടുതാനും.

ലോകത്തിലെ ഏറ്റവും വലിയ ഹതഭാഗ്യൻ ചാട്ടം പിഴച്ചുപോയ വാനരനാണ്‌. കാരണം മറ്റ്‌ വാനരൻമാർ അടുപ്പിക്കുകയില്ല. അടുപ്പിക്കുകയില്ലെന്ന്‌ മാത്രമല്ല ഭ്രഷ്‌ടും കല്പിച്ചുകളയും. ഭ്രഷ്‌ട്‌ കല്പിച്ചാൽ പിന്നെ സ്‌മാർത്തവിചാരം ഒഴിവാക്കാൻ പറ്റുകയില്ല. പാരമ്പര്യം ആരും മറക്കരുതെന്നാണ്‌. വൈദീകസംസ്‌കാരത്തിന്റെ നന്മകളൊന്നും അരിയപെരിയെ പോയിട്ടില്ലെങ്കിലും തിന്മകൾ മൊത്തം നമ്മിൽ കുടിയിരിക്കുന്നുണ്ട്‌. താത്രിക്കുട്ടിയെ പിഴപ്പിച്ചവർക്കും അതിന്‌ ചാൻസ്‌ കിട്ടാതെ പോയവർക്കും അതായത്‌ ആഢ്യൻമാർക്കും ഏഭ്യൻമാർക്കും സധൈര്യം പങ്കെടുക്കാവുന്നതും ചോദ്യങ്ങൾ ചോദിക്കാവുന്നതുമായ ഒരു എസ്‌.എം.ഇ പത്രസമ്മേളനമാണ്‌ സ്‌മാർത്തവിചാരം. പണ്ടത്തെ സ്‌മാർത്തവിചാരത്തിൽ താത്രിക്കുട്ടിയെ തൊട്ടാൽ കുളിക്കണം എന്നൊരാഢ്യനും അഥവാ ഏഭ്യനും വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നില്ല. വെളിവില്ലാത്ത ഒരാളുടെ ഏറ്റുപറച്ചിലായെടുക്കാം അല്ലെങ്കിൽ ഒരശരീരിയായി ഇത്രയും കാലത്തെ ജനസേവനത്തിനുളള സർട്ടിഫിക്കറ്റ്‌ വന്നതാണെന്ന്‌ കരുതാം.

പണ്ട്‌ ആറേഴുകൊല്ലം വെളിയത്തിന്റെ കിടപ്പ്‌ എരുമയെപ്പോലെയായിരുന്നു. ഉരുട്ടുവാൻ ഉലക്കയെത്തിക്കുക, തുടയിൽ വിതറുവാൻ പൂഴിയിറിക്കിക്കൊടുക്കുക, വായിൽ തിരുകുവാൻ തുണിയെത്തിച്ചുകൊടുക്കുക, ചത്തുപോയാൽ പൊതിയാൻ പഞ്ചാരച്ചാക്കെത്തിക്കുക, ഇതെല്ലാം കൊടുത്തു കഴിഞ്ഞാൽ തൊട്ടതിന്ന്‌ പരിഹാരമായി മൂക്കറ്റം വെളളത്തിൽ കിടപ്പ്‌. ഇങ്ങനെ വെളളത്തിൽ കിടന്ന്‌ കിടന്ന്‌ വെളിവറ്റുപോയതാണെന്നും ഒരൈതിഹ്യമുണ്ട്‌. വെളിവുളളവർക്കുളളതല്ല പ്രവാചകപരിവേഷം. വെളിവുളളവർ കണക്കുകൂട്ടുന്നതുപോലെ സഞ്ചരിക്കുന്ന രാജധാനി സൂപ്പർ ഫാസ്‌റ്റല്ല കേരളരാഷ്‌ട്രീയം. അത്‌ കണ്ണൂരിൽ നിന്ന്‌ എപ്പോൾ പുറപ്പെടും കോയമ്പത്തൂർ എന്ന്‌ കാണും വഴിയിൽ ആർക്കൊക്കെ വേണ്ടി കിടക്കും എത്തുമ്പോഴേക്കും ടിക്കറ്റെടുത്തവർ ബാക്കിയുണ്ടാകുമോ ഇനി ബാക്കിയാവുന്നവർക്ക്‌ ടിക്കറ്റുണ്ടായിരിക്കുമോ എന്നൊന്നും ആർക്കും പ്രവചിക്കാൻ പറ്റാത്ത കോയമ്പത്തൂർ ലോക്കലാകുന്നു. ആമീൻ.

അതിന്റെ പത്തിരുപത്‌ കംപാർട്ട്‌മെന്റിൽ ഒന്നാവാനുളള ഒരു ചെറിയ മോഹമേ ഇന്ന്‌ ഡിക്കിനുളളൂ. തന്റെ പേരൊന്ന്‌ വിളിച്ചുപറയുവാൻ വേറൊരാളില്ലാതെ പോയതുകൊണ്ട്‌ നരസിംഹറാവുവിനെ പേരുവിളിച്ച്‌ രാജ്യമേൽപ്പിച്ചു കൊടുത്ത ഭീഷ്‌മന്റെ ഗതിയാണിത്‌. തലക്കുമുകളിൽ ശൂന്യാകാശം എന്നായിരുന്നു കരുതിയത്‌. മദയാനയെ കൊണ്ടുപോയി ആട്ടാലയിൽ കെട്ടിയ അവസ്ഥ കാണുമ്പോൾ അവിടെ അഥവാ ആരെങ്കിലുമുണ്ടോ എന്നു തോന്നിപ്പോകുന്നു.

വടക്ക്‌ നെഹ്‌റുകുടുംബം കവിഞ്ഞാൽ പിന്നെ പേരുകേട്ട കോൺഗ്രസ്‌ സംസ്‌കാരം തെക്കൊരു ദിക്കിലുണ്ടെങ്കിൽ അത്‌ കണ്ണോത്താണ്‌. കോൺഗ്രസ്‌ സംസ്‌കാരം തീരെയില്ലാതായിപ്പോയ ഒരൊറ്റ തറവാട്‌ മഹാത്മാഗാന്ധിയുടേതാണ്‌. ഉപ്പുവച്ച പാറപോലെ അസ്‌തുവായിപ്പോയ തറവാട്‌. ഗാന്ധിജിക്ക്‌ ശേഷം ഒരൊറ്റയെണ്ണം രാഷ്‌ട്രീയത്തിൽ കാലുകുത്താത്ത തറവാട്‌. മന്ദബുദ്ധികൾ കൂടി വേറെ അഭയകേന്ദ്രം തേടിയ ഏക തറവാട്‌. ഇതൊക്കെ വച്ച്‌ നോക്കുമ്പോൾ മഹാത്മാഗാന്ധിയെക്കാളുമൊക്കെ എന്തുകൊണ്ടും യോഗ്യർ സോണിയയും കരുണാകരനുമൊക്കെത്തന്നെയാണ്‌.

ത്യാഗമനോഭാവത്തിന്റെ പരമകോടിയിൽ വിരാജിക്കുന്ന സോണിയാജിയുടെ അപദാനങ്ങൾ വാഴ്‌ത്തി മലയാള കവിതയെ മാനഭംഗപ്പെടുത്തിയ മഹാകവിക്ക്‌ പ്രണാമം. നാലരക്കട്ടയിൽ സോണിയാകീർത്തനം ആലപിച്ച്‌ വേദി ധന്യമാക്കിയ കുഴലൂത്തുകാർക്കും സ്‌തുതിപാഠകർക്കും മറ്റ്‌ വാദ്യക്കാർക്കും ഒരായിരം അഭിവാദ്യങ്ങൾ. വളളത്തോളിന്റെ ആ ഗാന്ധിസ്‌തുതി കയ്യെഴുത്തുപ്രതിയടക്കം ദൂരെക്കളഞ്ഞ്‌ അവിടം ഇനി കേച്ചേരിയുടെ സോണിയാകീർത്തനം സ്ഥാനം പിടിക്കട്ടെ. തീർച്ചയായും വളളത്തോൾ ഇന്നായിരുന്നെങ്കിൽ ബുദ്ധന്റെയും ക്രിസ്‌തുവിന്റെയും സ്ഥാനത്ത്‌ സോണിയായെ പ്രതിഷ്‌ഠിച്ചേനെ. ഗാന്ധിയെ ഉപമിക്കാൻ. ആ ത്യാഗമനോഭാവത്തെ വർണ്ണിക്കാൻ. ആർക്ക്‌ സംശയമുണ്ടെങ്കിലും നിത്യനില്ല.

ചില്ലറയാണോ സോണിയാജിയുടെ ത്യാഗം. സാക്ഷാൽ മുസ്സോളിനിയുടെ നാട്ടുകാരി. വിദേശത്തുവച്ച്‌ പരിചയപ്പെട്ട, മുസ്സോളിനിയെ കണ്ണിനു കണ്ടുകൂടാതിരുന്ന നെഹ്‌റുവിന്റെ ചെറുമകനെ കണ്ടു. പ്രേമിച്ചു. വേളി കഴിച്ചു. അനന്തരം ഗാന്ധിപദം പ്രാപിച്ചു. ഇന്ദിരാ പ്രിയദർശിനി വീണപ്പോൾ അടുത്ത ഫ്‌ളൈറ്റിന്‌ പുണ്യനഗരത്തിലേക്ക്‌ പറക്കാമെന്ന്‌ ഭർത്താവിനെ ഉൾക്കാഴ്‌ചയോടുകൂടി ഉപദേശിച്ച സഹധർമ്മിണി. ഇന്ത്യൻ പൗരത്വം തന്നെ ആവശ്യമില്ലെന്ന്‌ ന്യായമായും കരുതിയ ഇറ്റാലിയൻ വനിത.

ഇന്ത്യയെ രക്ഷിക്കാൻ ഇന്ദിരാഗാന്ധിക്കായാലും മഹാത്മാഗാന്ധിക്കാവുകയില്ല എന്നുറപ്പുളള കോൺഗ്രസുകാർ രാജീവിന്റെ മൗനം വാചാലമാവുന്നതു കണ്ടു. വിനാശകാലേ വിപരീതബുദ്ധി. ഭാഗ്യമുണ്ടെങ്കിൽ തേങ്ങാ വീണുകിട്ടും. ഭാഗ്യരേഖ തെളിയുമ്പോൾ തേങ്ങാക്കുല തലയിൽ തന്നെ വീഴും. അമ്മയുടെ പാത പിന്തുടർന്ന രാജീവ്‌ ശ്രീപെരുമ്പത്തൂരിൽ അവസാനിച്ചു. സോണിയായുടെ ഭയം സത്യമായി വന്നു. രണ്ടിലേറെ ദുരന്തങ്ങൾക്ക്‌ സാക്ഷ്യം വഹിക്കേണ്ടിവന്ന അവരെ ഭയം ഇന്നും വേട്ടയാടുന്നത്‌ തികച്ചും സ്വാഭാവികം.

കടുവ മനോഹരം. പിടിക്കാൻ ചെന്നാൽ വിവരമറിയും എന്ന സ്ഥിതി. കടുവയുടെ ഉളളിൽ സ്ഥാനം ചോദിച്ചുവാങ്ങാതെ പുറത്ത്‌ കഴിയുവാൻ പിന്നെ നല്ലത്‌ ആ മോഹം തല്‌ക്കാലത്തേക്ക്‌ ഉപേക്ഷിച്ച്‌ ഒരു സർദാർജിയുടെ പുറത്തുകയറിയിരുന്ന്‌ കടുവയെ ആസ്വദിക്കുകയാണ്‌. ഇന്ത്യാചരിത്രത്തിൽ അത്‌ ത്യാഗത്തിന്റെ പുതിയൊരേടായി തങ്കലിപികളാൽ എഴുതിച്ചേർക്കപ്പെടുകയും ചെയ്യും. ബുദ്ധനെക്കാൾ മഹാത്മാഗാന്ധിയെക്കാൾ വലിയ ത്യാഗിയായി സോണിയാ മൈനോ ഭാവിയിൽ അറിയപ്പെടുകയും ചെയ്യും. പിന്നെ ഇതുപോലുളള മഹാകവികളുളളപ്പോൾ തിരിഞ്ഞുനോക്കുകയേ വേണ്ട.

സോണിയാ ദീപസ്‌തംഭം

സോണിയാ ത്യാഗസ്‌തംഭം

സോണിയാ മതേതര സ്‌തംഭം

സോണിയാ അഭിമാനസ്‌തംഭം

അശോകസ്‌തംഭം തൃണം

നമുക്കും കിട്ടണം ഒരവാർഡ്‌

കോൺഗ്രസുകാർഃ വ….വ….വ….

Generated from archived content: humour_mar07_06.html Author: nithyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here