ബുഷ്‌ ദേവോ ഭവഃ

ഇന്ത്യയിലെ ഓഹരി സൂചികപോലെ ഒരു സംഗതി അമേരിക്കയിലുണ്ട്‌. അത്‌ അവിടുത്തെ പ്രസിഡണ്ടിന്റെ അങ്ങാടി നിലവാരത്തെ സൂചിപ്പിക്കുന്ന സംഗതിയാണ്‌. പ്രസിഡണ്ടിന്റെ അങ്ങാടി നിലവാരം ഈയാഴ്‌ച രേഖപ്പെടുത്തിയത്‌ 34 ശതമാനമാണ്‌. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിലവാരത്തകർച്ച. അതായത്‌ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും തല്ലിപ്പൊളി പ്രസിഡന്റെന്ന ബഹുമതി. അപ്പോൾ എങ്ങിനെ ഇവിടം വരെയെത്തി എന്നൊരു ചോദ്യം സ്വാഭാവികം. അതിനുത്തരം പറയേണ്ടത്‌ സീനിയർ ബുഷിന്റെ പോക്കറ്റാണ്‌. എടുത്തു പറയേണ്ട മറ്റു യോഗ്യതകളിലൊന്ന്‌ വിയറ്റ്‌നാമിലെ പട്ടാളസർവ്വീസ്‌ കാലത്ത്‌ ഒളിച്ചോടിയെന്നത്‌.

സായിപ്പിന്റെ എല്ലാ പട്ടാളക്കാർക്കും ആന്വൽ ഇവാല്വേഷൻ റിപ്പോർട്ട്‌ എന്നൊരു സംഗതിയുണ്ട്‌. ബുഷിന്‌ അങ്ങിനെയൊരു സംഗതിയേയില്ല. ചിലപ്പോൾ വില മതിക്കാൻ പറ്റാത്തത്ര സ്‌തുത്യർഹമായ സേവനമായതുകൊണ്ട്‌ പറ്റിയതാവാം. ആഴ്‌ചക്ക്‌ 300 പട്ടാളക്കാരെയെങ്കിലും ധീര വിയറ്റ്‌നാമിൽ നിന്നും പാർസലാക്കി അയക്കുന്ന കാലയളവിൽ മൂപ്പരെ യൂണിറ്റിൽ കണ്ടുകിട്ടിയിട്ടേയില്ല എന്നാണ്‌ ഫെബ്രുവരി 2004 ലെ ടൈം മാഗസിൻ പറയുന്നത്‌.

ഏതായാലും അച്‌ഛൻ കടാക്ഷിച്ച്‌ എല്ലാറ്റിനും കൂടി ശിക്ഷ ഒരു ഗുഡ്‌ സർവ്വീസ്‌ എൻട്രിയിലും നെഞ്ചത്തെ കുറെ മെഡലുകളിലുമൊതുങ്ങി. പിന്നെ അച്‌ഛനോടൊപ്പം ആയുധക്കച്ചവടം. അച്‌ഛന്റെ കൈയ്യിൽ തൂങ്ങി ഒടുക്കം പ്രസിഡന്റ്‌ പദവിവരെയെത്തി. ജോസഫ്‌ മുണ്ടശ്ശേരി ഇരുന്ന കസാരയിൽ നാലകത്ത്‌ സൂപ്പി ഇരിക്കാൻ ചെന്നപ്പോൾ കസേരയുടെ കൈ താനെ ഉയർന്നതായി പറഞ്ഞുകേട്ടിട്ടുണ്ട്‌. ജോർജ്‌ വാഷിങ്ങ്‌ടണും അബ്രഹാം ലിങ്കണും ജാഫേഴ്‌സണുമൊക്കെ ഇരുന്ന കസാരയും അങ്ങിനെതന്നെ പ്രവർത്തിച്ചിരിക്കാനാണ്‌ സാധ്യത.

നാം നമ്മുടെ ചിന്തകളെ പിന്നോട്ട്‌ പായിക്കുക. മൈക്രോസോഫ്‌റ്റ്‌ മിശിഹാ ബിൽഗേറ്റ്‌സിന്റെ എഴുന്നളളത്തിലേക്ക്‌ കണ്ണോടിക്കുക. ഇന്ത്യക്ക്‌ എയ്‌ഡ്‌സ്‌ ഭീഷണി നേരിടുവാൻ എത്രയോ കോടിയായിരുന്നു വാഗ്‌ദാനം. പിറ്റേന്ന്‌ തന്നെ ടൈംസ്‌ ഇന്ത്യയെ എയ്‌ഡ്‌സ്‌ രാജ്യവുമാക്കി. ഗേറ്റ്‌സിനുമുന്നിൽ ഭിക്ഷാപാത്രവുമായി നിൽക്കുന്ന ‘വൻശക്തി’യുടെ ചിത്രം ലോകം കണ്ടു. സംഗതിക്ക്‌ മാറ്റുകൂട്ടുവാൻ ഒപ്പം ചുകന്ന തെരുവിന്റെ ചിത്രങ്ങളും. ജനസംഖ്യയുടെ പകുതിയിലേറെപേർ എയ്‌ഡ്‌സ്‌ പിടിച്ച്‌ നരകിക്കുന്ന ബോട്‌സ്വാന വിൻഡോസ്‌ സായിപ്പിന്റെ ലിസ്‌റ്റിലില്ല. കാരണം അവരുടെ മടിക്കുത്തിന്‌ വിൻഡോസ്‌ താങ്ങുവാനുളള കനമില്ല അഥവാ സായിപ്പിന്റെ ചരക്കുകൾ ഇറക്കുവാൻ പറ്റിയ ‘മടി’യില്ല കാപ്പിരിക്ക്‌.

പിന്നെ ഇറാൻ. മുസ്ലീങ്ങളുടെ ആത്മീയനേതാവ്‌ ആയത്തുളള ഖൊമൈനിയുടെ നാട്‌. മതതീവ്രവാദികളുടെ പറുദീസ. ഇറാനിലാണ്‌ സായിപ്പിന്റെ ഇപ്പോഴത്തെ കണ്ണ്‌. ചത്താലും കുറുക്കന്റെ കണ്ണ്‌ കോഴിക്കൂട്ടിൽ എന്നത്‌ പരമ്പരാഗത നയം. ഈയൊരവസരത്തിലാണ്‌ ഇന്ത്യയുമായി ഇറാൻ കാര്യത്തിലുളള സഹകരണത്തിന്റെ ആവശ്യം. ഇന്ത്യയുടെ സെക്യൂലാർ സ്വഭാവമാണ്‌ സായിപ്പിന്‌ ആവശ്യം. പ്രധാനമന്ത്രിയും പ്രസിഡന്റും ന്യൂനപക്ഷ മതവിഭാഗങ്ങളിൽ പെട്ടവർ. എന്തിന്‌ മറ്റു പല മുസ്ലീം രാജ്യങ്ങളിലും ഉളളതിലധികം മുസ്ലീങ്ങൾ ഇന്ത്യൻ മണ്ണിൽ അന്തസ്സോടുകൂടി ജീവിക്കുന്നു. അത്തരമൊരു രാജ്യത്തിന്റെ പിന്തുണയാണ്‌ സായിപ്പിന്‌ ആവശ്യം. അത്‌ കിട്ടിയാൽ ഒരന്താരാഷ്‌ട്ര ഇമേജ്‌. ഇടംവലം നോക്കേണ്ടതില്ല പടയിറക്കത്തിന്‌. “I look forward to working with Prime Minister Singh to address other difficult problems such as HIV/AIDS, pandemic flu, and the challenge posed by Iran’s nuclear ambitions”. ഇവിടുളളവർക്ക്‌ എന്താണ്‌ അജണ്ട എന്ന വലിയ പിടിയൊന്നുമില്ലെങ്കിലും സായിപ്പ്‌ വൈറ്റ്‌ഹൗസിന്റെ വെബ്‌സൈറ്റിൽ കൃത്യമായി എഴുതിവച്ച വരികളാണിത്‌.

നമ്മുടെ ഭരണാധികാരികൾ ഓർക്കേണ്ടത്‌ പണ്ട്‌ മുസ്സോളിനി യാത്രാമദ്ധ്യേ ഇറ്റലിയിലിറങ്ങിയ നെഹ്‌റുവുമായി ഒരു കൂടിക്കാഴ്‌ചക്ക്‌ ശ്രമിച്ചതാണ്‌. ശേഷിവച്ച്‌ മുസ്സോളിനിയുടെ മുൻപിൽ ഒന്നുമല്ലാതിരുന്ന നെഹ്‌റുവിനെ കാണാൻ ഏകാധിപതിയെ പ്രേരിപ്പിച്ചത്‌ ഭാരതീയ സംസ്‌കാരത്തിന്റെ പ്രത്യേകതകളായിരുന്നു. ലോകം അതിനെ ബഹുമാനിക്കുന്നുവെന്ന തിരിച്ചറിവായിരുന്നു. മുസ്സോളിനി പലതവണ പ്രതിനിധികളെ അയച്ചിട്ടും ഒരേകാധിപതിയുമായി കൂടിക്കാഴ്‌ചയ്‌ക്ക്‌ എനിക്ക്‌ താത്‌പര്യമില്ലെന്ന്‌ നെഹ്‌റു അറിയിക്കുകയാണുണ്ടായത്‌. മണിക്കൂറുകളോളം വിമാനത്താവളത്തിലിരുന്നിട്ടും. അതേ ആ ഭാരതീയ പാരമ്പര്യമായിരിക്കാം, ആ അന്തസ്സായിരിക്കാം പിൻഗാമികളിൽ നിന്നും ജനം പ്രതീക്ഷിക്കുന്നതും.

പൊക്കമില്ലായ്‌മയാണെന്റെ പൊക്കം എന്നു കുഞ്ഞുണ്ണി പാടിയപോലെ അജണ്ടയില്ലായ്‌മയാണ്‌ സായിപ്പിന്റെ ഏറ്റവും വലിയ അജണ്ട. വെറുതെയുളള എയ്‌ഡ്‌സ്‌ സഹായത്തിന്റെ ചരടാണ്‌ മുകളിൽ കണ്ടത്‌. അപ്പോൾ തിരിച്ചടക്കേണ്ടുന്നതിന്റെ കാര്യം പറയുകയേ വേണ്ട. ബേബി വിശദീകരിച്ചപോലെ അജണ്ടകളില്ലാത്ത വായ്‌പയാണെങ്കിൽ പിന്നെന്തിനാണ്‌ വായ്‌പയുടെ ഒരു വലിയ ഭാഗം കൺസൾട്ടൻസി ഫീസായി എ.ഡി.ബിക്ക്‌ തന്നെ കൊടുക്കുന്നത്‌? ഇവിടെ റോഡ്‌ പണിക്കെന്തിനാണ്‌ സായിപ്പിന്റെ ഉപദേശം? നമ്മുടെ എഞ്ചിനീയർമാർക്ക്‌ പിന്നെയെന്താണ്‌ ജോലി? ലോകം മുഴുവൻ റോഡും പാലവും കെട്ടാൻ ഇന്ത്യൻ കമ്പനികളെ വിളിക്കുന്നത്‌ നമ്മുടെ വിദഗ്‌ദ്ധൻമാർ കൊളളരുതാത്തതുകൊണ്ടാണോ? സായിപ്പ്‌ കാണാതെ ഓരിയിടാൻ മുന്നിലും നേരിൽ കാണുമ്പോൾ കവാത്തു മറന്നുപോവുന്നവരുമാണ്‌ ഉത്തരം നല്‌കേണ്ടത്‌.

പിരിച്ചെടുക്കാനുളള നികുതിയുടെ 17 ശതമാനം പിരിച്ചാൽ എ.ഡി.ബി വായ്‌പക്ക്‌ തുല്യമായ തുക കണ്ടെത്താം എന്നു പറയുന്നത്‌ ഇടതുപക്ഷ ചിന്തകൻമാർ തന്നെയാണ്‌. ആ നികുതി തന്നെ വെട്ടിപ്പായ വെട്ടിപ്പൊക്കെ നടത്തിയ ശേഷമുളള കണക്കായിരിക്കാനാണ്‌ സാധ്യത. നിലവിൽ സർക്കാരിന്‌ കിട്ടുന്ന കണക്ക്‌ പ്രകാരം ഇവിടുത്തെ 80 ശതമാനം സ്വർണ്ണക്കടക്കാരുടെയും വില്‌പന ദിവസം ഒരു പവനിൽ കൂടുതലില്ല. പത്തിരുപത്‌ പേർക്ക്‌ ശമ്പളവും ലക്ഷങ്ങളുടെ പരസ്യവും പിന്നെ സ്വർണമഴയും പെയ്യിക്കുന്നത്‌ ഈ ഒരു പവർ വിറ്റിട്ടാണ്‌ എന്ന കാര്യത്തിൽ ആർക്കാണ്‌ സംശയം. ബൂർഷ്വാ സർക്കാരിനൊട്ടുമില്ല. വിപ്ലവ സർക്കാരുകൾക്കുമില്ല ലവലേശം. ബുഷിന്‌ കരിങ്കൊടി കാണിക്കാൻ മുന്നിൽ. അമേരിക്കയുടെയും ജപ്പാന്റെയും പിടിയിലുളള എ.ഡി.ബി വായ്‌പ വാങ്ങി രാജ്യം മറ്റൊരർജന്റീനയാക്കാൻ അതിലും മുന്നിൽ. ഇതിനാണ്‌ വൈരുദ്ധ്യാധിഷ്‌ഠിത വികസന പരിപാടി എന്നു പറയുക.

ഇനി ഇറാഖിനോട്‌ കാട്ടിയ കൊടുംക്രൂരതയുടെയും രക്തച്ചൊരിച്ചിലിന്റെയും ഭാഗമായി ബഹിഷ്‌കരിക്കണമെന്നാണെങ്കിൽ എപ്പോഴായിരുന്നു സായിപ്പ്‌ കരുണാമയനായ ദൈവമായി അവതരിച്ചത്‌ എന്നുകൂടി പറയാനുളള ബാധ്യത എല്ലാവർക്കുമുണ്ട്‌. ഇന്നേവരെയുമുളള ചരിത്രമെടുത്താൽ കൈയ്യേറ്റത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയുമല്ലാതെ വേറൊരു ചരിത്രം സായിപ്പിന്‌ എന്നാണുണ്ടായിരുന്നത്‌. മഹത്തായ റെഡ്‌ ഇന്ത്യൻ സംസ്‌കാരത്തിന്റെ ചുടലപ്പറമ്പിലാണ്‌ സായിപ്പിന്റെ വെണ്ണക്കൽ കൊട്ടാരം. നിഷ്‌കളങ്കരായ ആ ജനതയെ തുടച്ച്‌ നീക്കി വയനാട്ടിലെ ആദിവാസിപ്പരുവമാക്കുന്നതിൽ പങ്കില്ലാത്തത്‌ യാങ്കികളുടെ ഏതു പ്രസിഡണ്ടിനായിരുന്നു?

രണ്ടാം ലോകമഹായുദ്ധത്തിൽ ഏതാണ്ട്‌ കീഴടങ്ങിയ ജപ്പാന്റെ വിരിമാറിൽ തീതുപ്പി ലക്ഷക്കണക്കിനാളുകളെ ചുട്ടുകൊന്ന്‌ ആ ഭൂമിയിൽ വർഷങ്ങളോളം പുല്ലുപോലും മുളക്കാതാക്കിയ സായിപ്പ്‌ പുണ്യവാളനായിരുന്നോ? എക്കാലത്തെയും മഹാനായ വിപ്ലവകാരി ഹോചിമിന്റെ വിയറ്റ്‌നാമിൽ സായിപ്പ്‌ കാട്ടിക്കൂട്ടിയ വിക്രിയകൾ എന്തായിരുന്നു. അന്നത്തെ നരാധമനായിരുന്നുവോ പുണ്യവാളൻ?

ഇനി മോൺട്‌ക്ലെയർ സർവ്വകലാശാല യാങ്കികളുടേതല്ലയോ? റിച്ചാർഡ്‌ ഫ്രാങ്കി അവിടെ പ്രൊഫസറല്ലയോ? അയാളും അയാളുടെ ഇവിടുത്തെ വലംകൈ തോമസ്‌ ഐസക്കും കൂടിയല്ലയോ ജനകീയ സൂത്രേതിഹാസം വിരചിച്ചത്‌? അതുകൊണ്ട്‌ കയ്യിലിരിപ്പ്‌ വച്ച്‌ ചെയ്യേണ്ടത്‌ പാതിരക്ക്‌ ആരും കാണാതെ ഓരിയിടുകയല്ല, നല്ലൊരു ചുകപ്പ്‌ പരവതാനിയുമായി ചെന്ന്‌ ചെങ്കൊടി വീശി ആനയിച്ച്‌ കൊണ്ടുവരികയാണ്‌.

Generated from archived content: humour_mar04_06.html Author: nithyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here