ഒരു നല്ല ഇടയൻ കുഞ്ഞാടുകളെ നരിമടയിലേക്ക്‌ നയിക്കരുത്‌

പുതിയ ഇന്ത്യൻ അംബാസഡർ അമിതാവ ത്രിപാഠി വത്തിക്കാന്റെ ആത്മീയനേതാവും ഭൗതീകനേതാവുമായ മാർപാപ്പയെ പോയിക്കണ്ടു. ഒരു സൗഹൃദ സന്ദർശനം. വത്തിക്കാനിലെ ആതിഥ്യമര്യാദപ്രകാരം ഉപഹാരം വാങ്ങിവച്ചശേഷം പോപ്പ്‌ ത്രിപാഠിയുടെ തലക്കിട്ടൊന്നു കൊടുത്തു. അതു താഴെ വീണുപോകാതെ ദില്ലിയിലെത്തിക്കുകയാണ്‌ ഒരംബാസിഡറിൽ അർപ്പിതമായ ദൗത്യം. ഒരു മികച്ച അംബാസിഡറാരാണെന്ന്‌ ചോദിച്ചാൽ നിത്യൻ പറയുക ഏതുമാർഗം സ്വീകരിച്ചും തന്നിലർപ്പിതമായ ദൗത്യം നിറവേറ്റി തിരിച്ചുവരുന്നവനാണ്‌ ഏറ്റവും മികച്ച അംബാസിഡർ. നയവും തന്ത്രവും ഒത്തുചേരുന്നവനാണ്‌ നയതന്ത്രപ്രതിനിധി. ഹനുമാൻ സർവ്വീസിൽ നിന്ന്‌ റിട്ടയർ ചെയ്‌തശേഷം അത്രനല്ലൊരു അംബാസിഡറെ പിന്നെ ഭാരതം കണ്ടിട്ടില്ല. അയക്കുന്നവൻ മനസ്സിൽ കാണുന്നത്‌ അംബാസിഡർ ചുരുങ്ങിയത്‌ മരത്തിൽ കാണണം.

പോപ്പിന്റെ പരാതി മതംമാറ്റ സംബന്ധമായ നിയമങ്ങൾ നമ്മൾ പൊളിച്ചെഴുതാത്തതിലാണ്‌. പോപ്പിന്റെ വത്തിക്കാനിൽ മുസ്ലീംപളളികൾ, അമ്പലങ്ങൾ, സിനഗോഗുകൾ, ബുദ്ധവിഹാരങ്ങൾ എല്ലാമങ്ങിനെ തൊട്ടുരുമ്മി നില്‌ക്കുകയാണ്‌. അതുകൊണ്ടുതന്നെ പോപ്പിന്‌ ലോകത്തെല്ലാരെയും ഉപദേശിക്കുവാനുളള അർഹതയുണ്ട്‌.

മതാന്ധതയുടെ കട്ടപ്പുകയല്ലാതെ മതേതരത്വത്തിന്റെ വെളുത്തപുക ഉയർത്തിയ ചരിത്രം വത്തിക്കാനില്ല. മാർപ്പാപ്പമാർക്കും. പോപ്പിന്റെ അധീശത്വവും പളളിയുടെ മേധാവിത്വവും പിതാവും മാതാവുമായി ഒരു സീസേറിയനിലൂടെ പുറംലോകം കണ്ടതാണല്ലോ സെക്യുലാറിസം. അങ്ങിനെ ഒരു പരിശുദ്ധപിതാവിന്റെയും സഹായമില്ലാതെ സഹസ്രാബ്‌ദങ്ങളായി സെക്യുലാറിസം അതിലും വിശാലമായ അർത്ഥത്തിൽ നിലനില്‌ക്കുന്ന ഒരു രാജ്യത്തിന്റെ പ്രതിനിധിയോട്‌ തന്നെ വേണം പോപ്പ്‌ ഇതുപറയുവാൻ.

എന്തായാലും ത്രിപാഠി ഭാരതീയ അതിഥി-ആതിഥേയ മര്യാദകൾ പാലിച്ചു. മൂപ്പരുടെ പൂർവ്വികൻ ജോൺപോൾ മാർപ്പാപ്പ മതപരിവർത്തനമല്ല, വെറും സമുദായ പരിവർത്തനത്തിന്‌ തുനിഞ്ഞ പ്രൊട്ടസ്‌റ്റന്റുകാരെ പണ്ടെന്താ വിളിച്ചത്‌? ചെന്നായ്‌ക്കൾ. ആ ചെന്നായ്‌ക്കളുടെ പണി ഇപ്പോൾ പോപ്പുതന്നെ എടുക്കുമ്പോൾ ചെന്നായ്‌ക്കളുടെ പിതാവേ എന്ന്‌ ത്രിപാഠി തിരിച്ചുവിളിക്കാഞ്ഞത്‌ ഭാരതീയ പാരമ്പര്യത്തിന്റെ മഹത്വം.

പോപ്പ്‌ വിവേകാനന്ദൻ എന്നൊരാളെപറ്റി കേട്ടിട്ടുണ്ടായിരിക്കും. ഇനി കേട്ടിട്ടില്ലെങ്കിലും വലിയ കുഴപ്പമില്ല. കേട്ടറിവുളളവരോട്‌ ചോദിച്ചാൽ മതി. മൂപ്പർ പണ്ട്‌ ചിക്കാഗോയിൽ ഒരു മതസമ്മേളനത്തിൽ ചരിത്രപ്രസിദ്ധമായ ഒരു പ്രസംഗം ചെയ്‌തു. ദിശാബോധമില്ലാത്ത ഒരു കപ്പൽപോലെ സഞ്ചരിക്കുന്ന യൂറോപ്പിന്‌ എന്താത്മീയോപദേശമാണ്‌ നല്‌കുവാനുളളത്‌ എന്ന ചോദ്യത്തിന്‌ ആ മഹാനായ ഭാരതപുത്രൻ നല്‌കിയ മറുപടി മാർപ്പാപ്പ നൂറ്റൊന്നാവർത്തി എഴുതി പഠിക്കണം. നെറ്റിയിൽ ഭസ്‌മം പൂശാനല്ല. പൂണുലണിയാനുമല്ല വിവേകാനന്ദൻ ഉപദേശിച്ചത്‌. സായിപ്പിനോട്‌ യേശുവിലേക്ക്‌ മടങ്ങാനായിരുന്നു ഉപദേശം.

ആ ഉപദേശം ഭാരതത്തിലേക്ക്‌ കൊണ്ടുവന്നത്‌ മിസ്‌.മാർഗരറ്റിനെയായിരുന്നു. ആ ബ്രഹ്‌മചാരിയുടെ ശിഷ്യയായി വന്ന മാർഗരറ്റ്‌ അറിയപ്പെട്ടത്‌ സിസ്‌റ്റർ നിവേദിത എന്നപേരിലും. സിസ്‌റ്റർ എന്ന പദം ഒന്നുകൂടി വായിച്ചുനോക്കുക. അർത്ഥാന്തരങ്ങൾക്കായി.

ആ വിവേകാനന്ദന്റെ ആവനാഴിയിലെ ബ്രഹ്‌മാസ്‌ത്രമായിരുന്നു ഭഗവദ്‌ഗീത. അതൊരെണ്ണം കേരളത്തിൽനിന്നും താങ്കളുടെ മുൻഗാമിയെ സന്ദർശിച്ച സഖാവ്‌ നായനാർ അദ്ദേഹത്തിന്‌ കൊടുത്തിട്ടുണ്ട്‌. അതൊന്നു തുറന്നുവായിക്കുക. അപ്പോൾ മനസ്സിലായേക്കാവുന്ന ഒരു വലിയ സത്യമുണ്ട്‌. ഭാരതം ഇന്നുവരെ ഒരു ദേശത്തും മതപരിവർത്തനത്തിന്‌ ആളെ അയച്ചിട്ടില്ല.

“യേ യഥാമാം പ്രപദ്യന്തേ

താം സ്‌തഥൈവ ഭജാമൃഹം

മമ വർത്മാനുവർത്തന്തേ

മനുഷ്യഃ പാർത്ഥ സർവശഃ”

(ആരൊക്കെ എന്നെ എങ്ങിനെ ഭജിക്കുന്നുവോ അങ്ങിനെ ഞാനവരെ സ്വീകരിക്കുന്നു. എല്ലായിടത്തും മനുഷ്യർ പിന്തുടരുന്ന വഴികളൊക്കെ എന്റേതുതന്നെയാണ്‌.) ഈയൊരു വിശാലകാഴ്‌ചപ്പാടിന്റെ പരിധിയിൽ നിരീശ്വരവാദിക്കും ഒരിടമുണ്ട്‌. അതുകൊണ്ടുതന്നെയാണ്‌ ബലിനല്‌കപ്പെട്ട മൃഗം സ്വർഗ്ഗത്തിൽ പോകുന്നു എന്നുറപ്പുണ്ടെങ്കിൽ നീ നിന്റെ മാതാപിതാക്കളുടെ കഴുത്തിന്‌ കത്തിവെച്ച്‌ അവർക്ക്‌ സ്വർഗം ഉറപ്പാക്കെന്ന്‌ കളിയാക്കിയ ചർവ്വാകൻ നമുക്ക്‌ ചർവ്വാകമഹർഷിയായത്‌. കാമശാസ്‌ത്രത്തിന്‌ എക്കാലത്തെയും കനപ്പെട്ട ക്ലാസിക്കെഴുതിയ വാത്സ്യായനൻ വാത്സ്യായനമഹർഷി തന്നെയാണ്‌. അതുകൊണ്ടുതന്നെയാണ്‌ ഭാരതം മതത്തിലാളെ ചേർക്കാൻ രസീറ്റു ബുക്കുമെടുത്ത്‌ നടക്കാത്തത്‌. നാളത്തെ സ്വർഗ്ഗത്തിലേക്ക്‌ നയിക്കപ്പെടുന്ന ഇന്നത്തെ കുഞ്ഞാടുകളായി ഭാരതീയർ മാറാത്തതും.

എന്റെ രാജ്യത്തിന്റെ ഗുണം പോപ്പിന്‌ വശമില്ലെങ്കിൽ പറഞ്ഞുതരുവാൻ ഞാൻ ബാദ്ധ്യസ്ഥനാണ്‌. സ്‌കൂൾ സർട്ടിഫിക്കറ്റിലെഴുതിയതാണ്‌ നിത്യന്‌ ഹിന്ദുമതവുമായുളള ഏക ബന്ധം. നിത്യൻ പിന്തുടരുന്ന വഴി മുകളിൽ പറഞ്ഞിട്ടുണ്ട്‌. ഒരമ്പലത്തിലും പോകേണ്ട ഗതികേടുണ്ടായിട്ടില്ല. ആരുടെ മുന്നിലും മുട്ടുകുത്തി പ്രാർത്ഥിക്കേണ്ട ഗതികേടും. രാജ്യം വർത്തിക്കാനല്ലാത്തതുകൊണ്ടും ഭാരതീയ തത്വചിന്തകളുടെ വിയദ്‌ഗംഗാപ്രവാഹം രൂപപ്പെടുത്തിയ സമൂഹമായതിനാലും നിത്യന്‌ ഒരു തെമ്മാടിക്കുഴിക്കുളള വകുപ്പില്ല. ഇടയനെ അനുസരിക്കാത്ത കുഞ്ഞാടായിപ്പോയെന്ന ഒറ്റക്കാരണം കൊണ്ടാണല്ലോ കേരളത്തിന്റെ മഹാനായ പുത്രൻ എം.പി.പോളിന്‌ തെമ്മാടിക്കുഴിയിൽ അന്ത്യവിശ്രമം കൊളേളണ്ടിവന്നത്‌.

പാശ്ചാത്യ തത്വചിന്തകളുടെ കീഴ്‌പോട്ടുളള നയാഗ്രാനിർഝരിയിൽ ഒലിച്ചുപോയ ഒരു ചരിത്രം ഭാരതീയ തത്വചിന്തകൾക്കില്ല. മാക്‌സ്‌മുളളറിനെ വിട്ട്‌ ഇവിടുത്തെ ക്ലാസിക്കുകൾ തെറ്റായി വ്യാഖ്യാനിച്ച്‌ പൗരാണികമായ അറിവിന്റെ ആ അക്ഷയഖനി ബോംബിട്ട്‌ നിരത്തി അവിടം പാശ്ചാത്യചിന്തകളുടെ മേച്ചിൽപുറങ്ങളാക്കി മാറ്റുവാൻ നടത്തിയ തന്ത്രം എന്തായി? ഇസ്ലാം ഡൽഹി ഭരിച്ചിട്ടുണ്ട്‌. രാജ്യം ഇസ്ലാമായിട്ടില്ല. അലക്‌സാണ്ടർ മുതൽ അവസാനം മൗണ്ട്‌ബാറ്റൺവരെ കിട്ടാവുന്നിടത്തോളം കൊണ്ടുപോയിട്ടുണ്ട്‌. മിഷണറികളായ മെഷിണറികളെയെല്ലാം മെഴ്‌സിനറി പ്രവർത്തനത്തിനായി ഇങ്ങോട്ട്‌ ഇറക്കുമതി ചെയ്‌തു. കുരുമുളക്‌ വളളികൾ കൊണ്ടുപോകട്ടെ തിരുവാതിര ഞാറ്റുവേല കൊണ്ടുപോയില്ലല്ലോ എന്നു ചോദിച്ച സാമൂതിരിയുടെ ബുദ്ധിയെ നമുക്ക്‌ സ്‌തുതിക്കാം. പോപ്പിന്റെ ബുദ്ധിയില്ലായ്‌മയോട്‌ സഹതപിക്കാം.

ഇസ്ലാം മതത്തിൽ ജനിച്ച അബ്‌ദുൾ കലാം പ്രസിഡന്റും സിക്ക്‌ മതത്തിൽ ജനിച്ച മൻമോഹൻ പ്രധാനമന്ത്രിയുമായ, 80 ശതമാനം ജനത ഹിന്ദുമതക്കാരായ ഒരു രാജ്യത്തെ ഉപദേശിക്കുവാനുളള അർഹത പോപ്പിനില്ല. ഭാരതം സെക്യുലാറാണ്‌. പോപ്പ്‌ ഒരു മഹാപ്രവാചകന്റെ പേരിലുളള വലിയ മതത്തിന്റെ ഇടുങ്ങിയ മനസ്സുളള ഒരിടയൻ മാത്രം.

Generated from archived content: humour_june2_06.html Author: nithyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here