ദേവപ്രശ്‌നത്തിൽ തെളിയാത്തത്‌

സംസ്‌കൃതത്തിലും പ്രാകൃതത്തിലും വിഘ്‌നങ്ങളുടെ ഈശ്വരൻ വിഘ്‌നേശ്വരൻ എന്നായതുകൊണ്ട്‌ ദൈവത്തെക്കുറിച്ച്‌ അജ്ഞൻ ദൈവജ്ഞൻ എന്നുമാകാം. അല്ലെങ്കിൽ ദൈവം സഹായിച്ച്‌ ഉപയോഗിക്കുക തലതിരിഞ്ഞ അർത്ഥത്തിലാണ്‌. വിശ്വാസികളും അവരുടെ വിശ്വാസവും പോലെ. വിശ്വാസം അവരവരെ രക്ഷിക്കട്ടെ. വിശ്വാസികൾ മലയെയും മലയാളത്തെയും രക്ഷിക്കട്ടെ.

ദൈവജ്ഞൻ പരപ്പനങ്ങാടി ഉണ്ണികൃഷ്‌ണപ്പണിക്കർക്ക്‌ പ്രശ്‌നവശാൽ തെളിഞ്ഞ സംഗതികളുടെ പ്രകടനപത്രികയാണ്‌ രണ്ടുനാളത്തെ കടലാസുകൾ. ദൈവജ്ഞൻ എന്ന അവമതിക്കുമാത്രം പരപ്പനങ്ങാടി പണിക്കർ എന്തുതെറ്റാണാവോ ചെയ്‌തുകളഞ്ഞത്‌? യുക്തിവാദികൾ ദൈവത്തിന്റെ കഥകഴിഞ്ഞുവെന്ന്‌ ഉറപ്പുവരുത്തി സ്ഥലം വിട്ടെങ്കിലും വിശ്വാസികൾ വിടാതെ പിന്തുടർന്നാക്രമിക്കുന്നതിന്‌ ഒരവസാനമുണ്ടാക്കാൻ ശ്രമിച്ചു. അതല്ലാതെ മറ്റൊരു കുറ്റവും നിത്യൻ കാണുന്നില്ല.

ഇനി ദൈവജ്ഞൻ സമം ദൈവത്തെപ്പറ്റി തിരുപാടില്ലാത്തവൻ വാദം നിത്യന്റെ അറിവില്ലായ്‌മയുടെ കിരീടത്തിലെ ഒരു പൊൻതൂവലായിക്കൂടെന്നുമില്ല. ഇനി അങ്ങിനെത്തന്നെയാവട്ടെ, ദൈവത്തിനുപിന്നാലെയോടുന്നതുപോലെ കല്ലുംവടിയുമായി നിത്യനുപിന്നാലെ ഓടിയടുക്കരുത്‌.

“വാക്കുകൾ കൂട്ടിച്ചൊല്ലാനറിയാത്ത കിടാങ്ങളെ

ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ”

എന്നുപാടിക്കൊണ്ട്‌ വൈലോപ്പിളളി മുൻപിലുണ്ട്‌. നേരെയങ്ങോട്ട്‌ വിട്ടോളുക.

താൻപാതി ദൈവം പാതി എന്ന അമ്മയുടെ ഉപദേശം കേട്ട്‌ എസ്‌.എസ്‌.എൽ.സിക്ക്‌ കണക്കൊഴിച്ച്‌ മറ്റെല്ലാം സ്വന്തം നിലയ്‌ക്കും കണക്കുമാത്രം ദൈവത്തിനും വിട്ടുകൊടുത്ത പയ്യനെയാണ്‌ ഓർമ്മവരുന്നത്‌. പാതി പോയിട്ട്‌ പത്തിലൊന്നില്ല. അതിന്റെ പത്തിലൊന്ന്‌ ദൈവം സഹായിച്ചാൽ രക്ഷപ്പെടുമായിരുന്നു. അതുമുണ്ടായില്ല. ദൈവത്തിന്റെ ദൃഷ്‌ടിയിൽ കടലാസ്‌ പെട്ടില്ല. ആ പയ്യനിൽ നിന്നും ഒട്ടും മുന്നോട്ടുപോവാത്ത വിശ്വാസികളിൽനിന്നും ആരാധനാലയങ്ങളെ മോചിപ്പിക്കുകയാണ്‌ ഉടനടി വേണ്ടത്‌. ലോകാസമസ്‌താ സുഖിനോ ഭവന്തു എന്നു പ്രാർത്ഥിക്കുവാനാണെങ്കിൽ എന്തിന്‌ അമ്പലത്തിൽതന്നെ പോകണം. ഓവുപാലത്തിലിരുന്നിട്ടും പ്രാർത്ഥിക്കാവുന്നതേയുളളൂ

അപരാധശാന്തിക്കും ആപത്‌ശാന്തിക്കുമായി സന്നിധാനത്ത്‌ വേദമന്ത്രവും പിന്നെ ബ്രാഹ്‌മണർക്ക്‌ അന്നദാനവും അടിയന്തിരമായി എത്തിക്കണമെന്നാണ്‌ ദൈവജ്ഞപ്പണിക്കർ നിർദ്ദേശിച്ചിട്ടുളളത്‌. അപ്പോൾ ഈ അപരാധമായ അപരാധമെല്ലാം ചെയ്യുവാൻ മലകയറിയതാരാണ്‌? വായനക്കാരുടെ കണ്ണാണെ സത്യം യുക്തിവാദികളാവാൻ വഴിയില്ല. പേടികാരണം സെമിയുക്തിവാദികൾ ഒട്ടും പോവുകയുമില്ല. അപ്പോൾ പണിക്കർ പറയുന്നതുപോലെ ദൈവത്തിന്‌ നിദ്രാഭംഗം വരുത്തിയത്‌ വിശ്വാസികളല്ലേ.

ബ്രാഹ്‌മണർക്ക്‌ അന്നദാനം അടിയന്തിരമായി നടപ്പിലാക്കേണ്ടതുണ്ട്‌. മതേതരത്വം ഇന്നത്തെപ്പോലെ തന്നെ മുന്നോട്ടുപോവുകയാണെങ്കിൽ പൂജമുടങ്ങിയാലും ശരി അന്നദാനം മുടങ്ങരുത്‌. അതല്ലെങ്കിൽ മൊത്ത സമുദായത്തിൽ അവശേഷിക്കുന്നവർക്കുളള സംസ്‌കാരച്ചിലവിനുളളത്‌ സർക്കാർ ഹജ്ജിന്‌ കൊടുക്കുന്ന സബ്‌സിഡിയിൽ നിന്നും ഈടാക്കുക. മതതരത്വത്തിന്‌ എന്നുമോർമ്മിക്കാനുളള ഒരവസരമായി അത്‌ ചരിത്രത്തിലുണ്ടാവുകയും ചെയ്യും.

ഉറക്കുപാട്ടിന്റെ കാര്യത്തിൽ വീഴ്‌ചവരുത്തിയതുകൊണ്ട്‌ സുഖശയനം ഭഗവാന്‌ ലഭിച്ചില്ല എന്നും പ്രശ്‌നവശാൽ തെളിഞ്ഞിട്ടുണ്ട്‌. പടുപാട്ടൊന്നു പാടാത്ത കഴുതയില്ലെന്നാണ്‌. ഗർദ്ദഭഗീതി അഥവാ കഴുതരാഗം ആസ്വദിച്ച്‌ ഉറങ്ങുന്നവരുണ്ടോ ആവോ? ഏതായാലും കഴുതരാഗം കേട്ടാൽ ആ ഗാനപ്രവാഹത്തിന്‌ ഒരന്ത്യം ഉണ്ടാക്കിക്കൊടുക്കണമെന്നു തോന്നാത്തവരില്ല. അല്ലെങ്കിൽ അതിനുപറ്റിയ ഒരു കാരണമുണ്ടാക്കിക്കൊടുക്കുവാൻ. ഭഗവാനായതുകൊണ്ട്‌ നിദ്ര വേണ്ടെന്നാണോ ഭക്തജനങ്ങൾ കരുതിയത്‌. കാണിക്ക നിലയ്‌ക്കാതെ വരുമ്പോൾ ഉറക്കമൊഴിച്ചും പണിയെടുക്കുന്ന ആർ.ടി.ഒ.ഓഫീസുകാരനാണ്‌ അയ്യപ്പൻ എന്നായിരിക്കാം ഭക്തശിരോമണികൾ കരുതിയത്‌.

നിദ്രാദേവിയുമായുളള സഹശയനത്തിനാണ്‌ സുഖശയനം എന്നുപറയുക. അതുകൊണ്ട്‌ നിദ്രാദേവിയെ നാലയലത്തടുപ്പിക്കാതിരിക്കുവാൻ ഏറ്റവും നല്ലത്‌ ഭക്തൻമാർ കണ്ടുപിടിച്ച വഴി തന്നെയാണ്‌. ഭൂലോകത്തുളള മൊത്തം കഴുതകളെയും ചുമട്ടുതൊഴിലാളികളായി സന്നിധാനത്ത്‌ നിയമിച്ചുകൊടുത്തു. പകൽ ചുകടെടുപ്പ്‌. രാത്രി ഗാനമേള. വാജ്‌പേയി പറഞ്ഞതുപോലെ യുക്തിവാദികൾ വിശ്വാസികളെക്കണ്ട്‌ പഠിക്കണം.

കളളുവിറ്റ കാശുകൊണ്ട്‌ കൊടിമരം സ്വർണമാക്കിയതും മനുഷ്യകുലത്തിന്‌ ഇന്നത്തെ നിലയിൽ ചെയ്യാൻ സാധിക്കുന്ന സകലദ്രോഹങ്ങളും ഒന്നൊഴിയാതെ അനുഷ്‌ഠിച്ചുകാണ്ടിരിക്കുന്ന യോഗ്യൻമാരുടെ കോടികളുടെ കാണിക്കകളും ദൈവഹിതപ്രകാരമായിരുന്നതുകൊണ്ട്‌ കാര്യമായ സാമ്പത്തിക പ്രശ്‌നങ്ങളൊന്നുമില്ല.

ഭഗവാന്‌ യോജിക്കാത്ത തിരുമുഖത്തിന്‌ പകരം ദേവസ്വം ബോർഡ്‌ പുതിയ തിരുമുഖം പണിയണമെന്നും പ്രശ്‌നവശാൽ തെളിഞ്ഞിട്ടുണ്ട്‌. അതിനുവേണ്ടി മരിച്ചുപോയ രാജാരവിവർമ്മയുടെ ആത്മാവിനെ ആവാഹിച്ച്‌ ആർട്ടിസ്‌റ്റ്‌ നമ്പൂതിരിയിൽ സന്നിവേശിപ്പിച്ച്‌ തൂലികയിലൂടെ പ്രവഹിപ്പിക്കേണ്ടതുണ്ട്‌. നമ്മുടെ ദേവീദേവൻമാരൊക്കെ സർവ്വാഭരണവിഭൂഷിതരായി ഒരൊറ്റ ചിത്രകാരന്റെ മുന്നിലേ ഇന്നേവരെ പ്രത്യക്ഷപ്പെട്ടിട്ടുളളൂ. രാജാരവിവർമ്മയുടെ മുന്നിൽ. മൂപ്പർക്ക്‌ സ്വപ്‌നത്തിൽ പ്രത്യക്ഷരായ ദേവിമാർ എല്ലാം മദാമ്മമാരുടെ അംഗവടിവോടുകൂടിയായിരുന്നു. ദേവൻമാർക്ക്‌ സായിപ്പിന്റെ ലുക്കും.

സന്നിധാനത്തെ ചുമട്ടുകാരായ കഴുതകൾ ദേവന്റെ ഉറക്കം നാടുകടത്തിയതിനുളള ഏക പരിഹാരം കഴുതകളെ നാടുകടത്തുകയാണ്‌. കഴുതകൾക്കു പകരമാണ്‌ റോപ്പ്‌വേ. റോപ്പ്‌വേ സ്ഥാപിക്കുന്നതിൽ ദേവന്‌ അതൃപ്‌തിയില്ലെന്നുളള വാർത്ത ആശ്വാസകരം. ഗതകാലത്തിൽ ഗഗനചാരികളായ ദൈവങ്ങൾ ഇനി മനുഷ്യനിർമ്മിത റോപ്പ്‌വേയിലൂടെ സഞ്ചരിക്കട്ടെ എന്നൊന്നും തോന്നിപ്പോവരുത്‌.

പൂജാകർമ്മങ്ങളിൽ വേണ്ടത്ര പ്രാവീണ്യമില്ലാത്തവർ ശ്രീകോവിലിന്നുളളിൽ പൂജ നടത്തിക്കളഞ്ഞതായും പണിക്കർ കണ്ടുപിടിച്ചിട്ടുണ്ട്‌. അതിനാണെങ്കിൽ യാതൊരു പരിഹാരവുമില്ലെന്നാണ്‌ പ്രശ്‌നവശാൽ നിത്യന്‌ തെളിയുന്നത്‌. തലയിൽ ആൾപ്പാർപ്പുളളതും കീശയിൽ നാലണയുളളതുമായ ബ്രഹ്‌മജ്ഞാനികൾ കർത്താവിന്റെ മാർഗ്ഗത്തിൽ ചരിച്ച്‌ ബിലാത്തിയിലെത്തി നാലുമുക്കാലുണ്ടാക്കുകയാണ്‌ ചെയ്യുക. ചുരുങ്ങിയത്‌ ബാംഗ്ലൂരെങ്കിലും. രണ്ടക്ഷരം പഠിക്കുവാൻ നാലുമുക്കാലില്ലാത്തവരും തലയിൽ കുടുമയല്ലാതെ മറ്റൊന്നുമില്ലാത്തവരുമാണ്‌ രണ്ടുനേരത്തെയന്നമെങ്കിലും തരമാവുമല്ലോ എന്നുകരുതി പൂജാമുറിയിലെത്തുക. പഠിച്ചതല്ലേ പാടുക. അവരാലായത്‌ അവർ ചെയ്യുന്നു. അവരോട്‌ ക്ഷമിക്കുവാൻ ദൈവമവിടെയുണ്ട്‌. ഇനി ഇല്ലെങ്കിലും കുഴപ്പമില്ല. അതിനും സാധ്യതയുണ്ട്‌ കാരണം ദേവസ്വവും മെമ്പർമാരും ഇപ്പോഴും ജീവിച്ചിരിക്കുന്നു.

Generated from archived content: humour_june23_06.html Author: nithyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here