ന്യൂനപക്ഷ സ്വാശ്രയ വിദ്യാഭ്യാസം

ഒരു ചൈനീസ്‌ പഴമൊഴിയുണ്ട്‌-ഒരു വർഷത്തേക്കാണ്‌ നിങ്ങളുടെ നിക്ഷേപമെങ്കിൽ അത്‌ കൃഷിഭൂമിയാവട്ടെ, പത്ത്‌ വർഷത്തേക്കാണെങ്കിൽ അത്‌ വ്യവസായത്തിലാവട്ടെ. ഇനി കാലാകാലത്തേക്കാണെങ്കിൽ അത്‌ വിദ്യാഭ്യാസത്തിനാവട്ടെ. തങ്ങളുടെ ഈ കാമധേനുവിനെ രക്തരക്ഷസ്സാക്കിയ യോഗ്യൻമാരെപ്പറ്റി ചൈനക്കാർ അറിഞ്ഞിരിക്കാൻ വഴിയില്ല. കേട്ടിരുന്നെങ്കിൽ തൊട്ടതെല്ലാം ഭസ്‌മമാക്കുന്ന നമ്മുടെ വിദ്യാഭ്യാസവ്യാളികളെക്കൂടി അവർ ആരാധിച്ചേനെ.

“സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവി നിർണയിക്കുന്നതിനുളള അവകാശം സംസ്ഥാന സർക്കാരിനു നൽകുന്നത്‌ ഭരണഘടനാ വിരുദ്ധമാണെന്ന്‌ പ്രതിപക്ഷം ചൂണ്ടിക്കാട്ടി” (ദീപിക). നിത്യന്റെ അഭിപ്രായത്തിൽ പ്രതിപക്ഷം ഇല്ലായിരുന്നെങ്കിൽ സംഭവിക്കാവുന്ന ദുരന്തത്തിന്റെ ആഴം അളക്കുവാൻ എവറസ്‌റ്റ്‌ കൊടുമുടിതന്നെ സഭയിലെത്തിക്കേണ്ടിവരുമായിരുന്നു. എന്തിനും പോന്ന ഹനുമാൻമാർ തല്‌ക്കാലം സഭക്കുപുറത്താണെങ്കിലും കൂടെയുളളത്‌ ആശ്വാസം.

എന്താണ്‌ ഭരണഘടനാ വിരുദ്ധമെന്ന്‌ തിരുപാടു കിട്ടാത്തവർ ഇതുകൂടി വായിക്കുക. “പിന്നോക്കം നിൽക്കുന്ന ന്യൂനപക്ഷങ്ങളെ ഭൂരിപക്ഷത്തിനൊപ്പം എത്തിക്കുന്നതിനുവേണ്ടിയാണ്‌ ന്യൂനപക്ഷ പദവി നൽകുന്നതെന്നും അല്ലാതെ അമിത അവസരങ്ങൾ നൽകുന്നതിനുവേണ്ടിയല്ല ന്യൂനപക്ഷ പദവിയെന്നും ബില്ലിന്റെ ആമുഖത്തിൽത്തന്നെ വ്യക്തമാക്കുന്നു.” അതുതന്നെയാണ്‌ ഭരണഘടനാവിരുദ്ധം.

നാളിതുവരെയായി ഭരണഘടനാനുസൃതമായി മാത്രം ചുവടുവച്ചിട്ടാണ്‌ സ്വാശ്രയ വിദ്യാഭ്യാസം ഈ നിലയിലെത്തിയിട്ടുളളത്‌. ഇപ്പോൾ കാഴ്‌ചവെച്ചുകൊണ്ടിരിക്കുന്ന താണ്ഡവനടനം വെറും അരങ്ങേറ്റം. ഭരണകൂടത്തിന്‌ ഭരിക്കുവാൻ ഒരു ഭരണഘടനയെ നോക്കേണ്ടതുളളൂ. സ്വാശ്രയ മാനേജുമെന്റുകാർക്ക്‌ എന്തെല്ലാം നോക്കണം. പുസ്‌തകരൂപത്തിലുളളതും എല്ലാവർക്കും കടന്നുവച്ചുപോകാനുളളതുമായ ഒരു ഇന്ത്യൻ ഭരണഘടന. അതുകൂടാതെ യേശുവും നബിതിരുമേനിയും മുതലിങ്ങ്‌ നാരായണഗുരുവും മന്നവുമടക്കം ആചാര്യൻമാർ കാട്ടിക്കൊടുത്ത വേറൊന്നും.

കർത്താവും അളളാഹുവും ശ്രീനാരായണനും മന്നത്താചാര്യനും ഭരണഘടനയും എല്ലാവരും കൂടി സംയുക്തമായെടുത്ത ചില്ലറത്തീരുമാനങ്ങളെ ഉളളൂ. അതുപ്രകാരം നടന്നുവരുന്ന ഒരനുഷ്‌ഠാനമാണ്‌ ക്യാപ്പിറ്റേഷൻ ഫീ എന്ന സംഗതി. ആ കാണിക്ക വെക്കാത്ത ഒരൊറ്റയെണ്ണത്തിന്റെയും നാവിൽ പ്രൊഫഷണൽ ഹരിശ്രീ കുറിക്കരുതെന്ന്‌ ആചാര്യൻമാർ കിത്താബുകളിൽ സുവ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ലക്ഷങ്ങളായി നല്‌കുന്ന കോഴയായിരിക്കണം അവിടങ്ങളിൽ നിയമിക്കപ്പെടുന്ന ആചാര്യൻമാരുടെ യോഗ്യത എന്നും പറഞ്ഞിട്ടുണ്ട്‌. ശ്രീനാരായണ ആദർശങ്ങൾ താമസിയാതെ പ്രാവർത്തികമായി കണ്ടു.

കളളുഷാപ്പിലെപ്പോലെ ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവ്വരും വാണു. വെറും വാഴലല്ല സോദരന്യേന വാണു. വാഴാനനുവദിച്ചവരെ വാഴ്‌ത്തി. അല്ലാത്തവരെ വീഴ്‌ത്തി. സ്വാശ്രയമേതായാലും പോക്കറ്റുവീർത്താൽ മതിയെന്ന കോമൺമിനിമം പ്രോഗ്രാം സൂപ്പി-ജോസഫ്‌ ഭേദമില്ലാതെ നടപ്പിലായി. മൊത്തത്തിൽ അത്യുന്നതങ്ങളിൽ സ്വാശ്രയത്തിന്‌ മഹത്വം. ഇതിനിടയിൽ സോദരർ തമ്മിൽ ചില്ലറ അടിനടന്നു എന്നതു വേറെ കാര്യം. ‘സോദരർ തമ്മിലെ പോരൊരു പോരല്ല സാഹോദര്യത്തിൻ കെട്ടിമറിച്ചലാണെന്ന്‌’ കവി. നടേശന്റെ കൊമ്പ്‌ പണിക്കരൊടിച്ചത്‌ അതുകൊണ്ടുതന്നെ വലിയ കാര്യമാക്കേണ്ടതില്ല.

കോഴലിസ്‌റ്റുകളിൽ നിന്നും നിയമനം നടത്തുന്നവർക്കുളളതാണ്‌ സ്വർഗം. മെറിറ്റ്‌ലിസ്‌റ്റിൽ നിന്നും വീണുപോകുന്നവർക്കുളളതാണ്‌ വീരസ്വർഗം. എല്ലാം വേദപുസ്‌തകങ്ങളിൽ കൊളളിക്കുക പ്രയാസം. തങ്ങളുടെ യഥാർത്ഥ കൊലപാതകികൾക്ക്‌ നാളെ പ്രാവർത്തികമാക്കുവാനായി ആചാര്യൻമാർ അങ്ങിനെ ചിലത്‌ ഗ്രന്ഥങ്ങളിൽ എഴുതാതെ വിട്ടു.

ന്യൂനപക്ഷ പദവി നിർണയിക്കുന്നത്‌ മൂന്ന്‌ ഘടകങ്ങളാണെന്നത്‌ വേറൊരു പൊല്ലാപ്പ്‌. ശരിക്കും അതാരാണ്‌ നിർണയിക്കേണ്ടത്‌. കുട്ടി ആണാണോ പെണ്ണാണോ എന്ന്‌ ആദ്യം നിർണയിക്കുക നഴ്‌സാണ്‌. പിന്നെ അച്ഛനമ്മമാർ അതംഗീകരിച്ച്‌ നാട്ടുനടപ്പനുസരിച്ച്‌ വളർത്തിക്കൊണ്ടുവരും. ആണുംപെണ്ണുമല്ല എന്ന്‌ തെളിയിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം പിന്നീട്‌ കുട്ടികൾ സ്വയം ഏറ്റെടുക്കുകയാണ്‌ പതിവ്‌. സംഘടിത ന്യൂനപക്ഷക്കാർ അതാണ്‌ നിറവേറ്റി കാണിച്ചുകൊടുത്തത്‌. മതാധിപത്യവും മതേതരത്വവും തമ്മിലുണ്ടായ ഒരവിഹിതബന്ധത്തിൽ ജനിച്ച അസുരവിത്തായിരുന്നല്ലോ സംവരണം. ജന്മമെടുത്താൽ അമ്മയെക്കൊല്ലുന്ന ഈ ചരക്കിനെ ഭ്രൂണാവസ്ഥയിൽ തന്നെ കാലപുരിക്കയക്കണം എന്നയഭിപ്രായക്കാരനായിരുന്നു നെഹ്‌റു. ഭാരതം കണ്ട മഹാനായ ഏക മതേതരപ്രധാനമന്ത്രി.

സംസ്ഥാനത്തിനകത്ത്‌ പ്രവർത്തിക്കുന്ന ദൈവപുത്രൻമാരുടെ സ്ഥാപനങ്ങളുടെ ന്യൂനപക്ഷപദവി നിശ്ചയിക്കുവാൻ സംസ്ഥാനത്തിനെന്തവകാശം. ശരിക്കും അതിനവകാശമുളളവർ മേലെയാണ്‌. ഇനി അവർക്കു നേരക്കുറവുണ്ടെങ്കിൽ നമ്മൾ സ്വയം തീരുമാനിക്കേണ്ടതാണ്‌. നമ്മുടെ വിനയം കൊണ്ട്‌ അത്‌ കേന്ദ്രത്തിന്‌ വിട്ടുകൊടുക്കുന്നു. ഭഗവാനേ! ഈയൊരു ഹൃദയവിശാലതയെ എന്തിനോടാണുപമിക്കുക?

“സമുദായപരമായും ഭാഷാപരമായും സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 50 ശതമാനത്തിൽ താഴെ വരുന്നവരുടെ സ്ഥാപനങ്ങൾക്കു ന്യൂനപക്ഷ പദവി നൽകുന്നതാണ്‌ ഒന്നാമത്തെ ഘടകം.” അതുപ്രകാരം ഭൂരിപക്ഷം എന്നൊരു സംഗതി അസ്‌തു. സമ്പൂർണ സോഷ്യലിസം. എല്ലാവരും ന്യൂനപക്ഷം. 50 ശതമാനത്തിൽ കുറവേ നായൻമാരും ഈഴവരും കേരളത്തിലുളളൂ. അതുകൊണ്ട്‌ ഗണിതശാസ്‌ത്രത്തിൽ ചെയ്യുന്നതുപോലെ ഇനിയൊരു സാങ്കല്പിക ഭൂരിപക്ഷ സമുദായം സർക്കാർ മുൻകൈയ്യെടുത്ത്‌ സൃഷ്‌ടിക്കും. അതുവച്ചുകൊണ്ടാണ്‌ താഴെപറയുന്ന രണ്ടാംഘടകത്തെ നടത്തിക്കൊണ്ടുപോവുക.

“ന്യൂനപക്ഷങ്ങൾ നടത്തിവരുന്ന സ്ഥാപനങ്ങൾ, ആനുപാതികമായി ഭൂരിപക്ഷ സമുദായങ്ങൾ നടത്തിവരുന്ന സ്ഥാപനങ്ങളേക്കാൾ എണ്ണത്തിൽ കുറയുകയാണെങ്കിൽ ന്യൂനപക്ഷ പദവി നൽകാമെന്നതാണ്‌ രണ്ടാംഘടകം.” അതുപ്രകാരം ചുരുങ്ങിയത്‌ ഇനിയൊന്നിന്‌ അംഗീകാരം ലഭിക്കുമ്പോഴേക്കും മാനവരാശി ഭൂമുഖത്തുനിന്ന്‌ അപ്രത്യക്ഷമായാലും അത്ഭുതപ്പെടുവാനൊന്നുമില്ല. ഭൂരിപക്ഷത്തിന്‌ ഒന്നുണ്ടെങ്കിൽ ന്യൂനപക്ഷക്കാരുടേതിന്റെ എണ്ണം കിട്ടുവാൻ റമ്മിന്റെ പേരുവായിച്ചപോലെ പെരുക്കണം പെരുക്കണം പിന്നേം പെരുക്കണം.

സമുദായങ്ങൾ നടത്തുന്ന സ്ഥാപനങ്ങളിൽ 50 ശതമാനം ആ സമുദായത്തിലെ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കണമെന്ന്‌ വ്യവസ്ഥ ചെയ്യുന്നതും ശരിയല്ല. 25 ശതമാനം സീറ്റുകൾ, ഏത്‌ സമുദായമാണോ കോളജ്‌ നടത്തുന്നത്‌. അതേ സമുദായത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ നൽകണമെന്ന നിർദ്ദേശം ഒട്ടും ശരിയല്ല. ഇങ്ങിനെയൊക്കെ വാദിക്കുന്നവരാണ്‌ മണ്ടൻമാർ. ശിവരാത്രി നോല്‌ക്കുന്നത്‌ കൈലാസം നന്നാവാനാണെന്ന്‌ ഭരണഘടനയിൽ പറഞ്ഞിട്ടുണ്ടോ? അവരവർ നന്നാകുവാനാണ്‌. അല്ലാതെ ശിവന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുവാനല്ല. മറ്റുളളവരെ നന്നാക്കുന്നതോടൊപ്പം നമ്മളും പരാശ്രയമില്ലാത്ത അവസ്ഥ പ്രാപിക്കുവാനുളള ദൈവീകമായ ഒരു മാർഗമാണ്‌ സ്വാശ്രയം. അവിടം ശതമാനക്കണക്കുകൾ കോണ്ട്‌ അശുദ്ധമാക്കരുതെന്ന ഒരെളിയ അപേക്ഷയുണ്ട്‌.

അതുകൊണ്ട്‌ ന്യൂനപക്ഷം അഭിവൃദ്ധിപ്പെടണമെങ്കിൽ വേണ്ടത്‌ മൊത്തം ജനസംഖ്യയുടെ അത്രയും സ്ഥാപനങ്ങൾക്ക്‌ പെർമിറ്റ്‌ കൊടുക്കുകയാണ്‌. രണ്ടേറിപ്പോയാലും കുഴപ്പമില്ല. ഫീസിന്റെ കണക്കുപോലെ അടുത്ത ജനനത്തിൽ അഡ്‌ജസ്‌റ്റ്‌ ചെയ്‌താൽ മതിയാവും.

Generated from archived content: humour_july6_06.html Author: nithyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English