വാർത്തഃ സിഗരറ്റുപാക്കറ്റിനുമീതെ അപകടത്തിന്റെ അടയാളമായ ഒരു തലയോട്ടിയും രണ്ടെല്ലുകളും മുദ്രണം ചെയ്യണമെന്ന് സർക്കാർ.
നിത്യന് പണ്ടേ വലിയ വലിയ ആഗ്രഹങ്ങളൊന്നുമില്ല. ഉളളതിലൊരാഗ്രഹം എന്നെങ്കിലും ഒരു പേക്കറ്റ് വിൽസ് ഒന്നായി വാങ്ങണമെന്നതാണ്. അതിന്റെ ലേശം ചുവടെ നില്‌ക്കുന്ന മറ്റൊരാഗ്രഹം വേലക്കാരനായി ഒരു സായിപ്പിനെ നിയമിക്കണമെന്നതും. വേറൊന്നിനുമല്ല. കൊളളിത്തണ്ടും കടിച്ചുപിടിച്ച് ദൈവത്തിന്റെ വികൃതികളിലെ അൽഫോൺസച്ചനെപോലെ ധരണിയിൽ നിത്യൻ നടകൊളളുമ്പോൾ ഒരു കൈയ്യിൽ തലയോട്ടിയും മറുകൈയ്യിൽ ആഷ്‌ട്രേയുമെടുത്തു പിന്നാലെ നടക്കുവാൻ ലക്ഷണമൊത്ത ഒരു സായ്‌വ്. ആദ്യത്തേത് ലേശം വിഷമമാണെങ്കിലും ബുഷ് തന്നെയാണ് തലപ്പത്തെങ്കിൽ രണ്ടാമത്തേതിന് വലിയ പ്രയാസമുണ്ടാവുകയില്ല.
പവറിന്റെ അടയാളമായ ട്രാൻസ്‌ഫോർമറിലാണ് പണ്ട് ഈ സംഗതി ഉണ്ടായിരുന്നത്. പവറിന്റെ മറ്റൊരടയാളമായ സിഗരറ്റ് പാക്കറ്റിനുമീതെയും പണ്ടേ ഇതു വെക്കേണ്ടതായിരുന്നു. വൈകിയാണെങ്കിലും സർക്കാരിന് ഇപ്പോഴെങ്കിലും ബോധമുദിച്ചതുതന്നെ വലിയ കാര്യം. അദ്ധ്വാനിക്കുന്നവർക്ക് സംതൃപ്‌തിയേകുന്ന ചില സിഗരറ്റുകളുണ്ട്. അദ്ധ്വാനം കഴിഞ്ഞ് ഒന്നു വലിച്ചുനോക്കുക. ആവശ്യത്തിന് സംതൃപ്‌തി കിട്ടിയില്ലെങ്കിൽ കുറ്റം ഇനിയങ്ങോട്ട് സിഗരറ്റിന്റേതായിരിക്കില്ല. അതിന്റെ മുകളിലുളള ചിന്ന തലയോട്ടിയുടേതായിരിക്കും. അങ്ങിനെയുളള അപൂർവ്വം അസംതൃപ്തർക്ക് ഒരൊറ്റ വഴിയേയുളളൂ. പെർമനന്റ് സംതൃപ്‌തിക്കായി ട്രാൻസ്‌ഫോർമറിലേക്ക് കയറിക്കൊളളുക. ശ്രീകോവിലിൽ ഇതിലും പെരിയ തലയോട്ടി പ്രതിഷ്‌ഠയുളള മറ്റൊരിടം അവിടമാണ്.
പാക്കറ്റിനുമുകളിൽ തലയോടില്ലാത്തതുകൊണ്ട് പണ്ട് സംഭവിച്ച ഒരപകടം നോക്കുക. കാലം പതിനെട്ടുവർഷം പിറകോട്ട്. സൈക്കിളിൽ ഉലകം ചുറ്റുന്ന കാലം. പുതുതായി സൈക്കിൾ പഠിച്ച ഒരു സുഹൃത്തിന് സൈക്കിൾ ഓടിക്കുമ്പോൾ തന്നെ സിഗരറ്റ് വലിക്കണമെന്ന തികച്ചും ന്യായമായ ഒരാഗ്രഹം. ഒരു കൈവിട്ട് ഓടിക്കുവാനുളള ത്രാണിയുമില്ല. പിന്നെ ബുദ്ധിയിൽ ഒരേയൊരു മാർഗം തെളിഞ്ഞു. ഒരു മൊട്ടക്ക് സൈക്കിൾ നിർത്തി. സിഗരറ്റിന് തീക്കൊടുത്തു ചുണ്ടിൽ വച്ചുകൊടുത്തു. വിട്ടോളാൻ ഓർഡറും കൊടുത്തു. ബെല്ലും ബ്രേക്കുമൊന്നുമില്ലാത്ത വാഹനത്തിൽ തൊട്ടുപിന്നാലെ കമാണ്ടറും കുതികൊണ്ടു.
ഇന്നലെ സൈക്കിൾ പഠിച്ച വിദ്വാൻ നീറ്റിലുളള വളളത്തിന് കാറ്റുപിടിച്ചപോലെ പോകുന്നതുമാത്രമേ പിന്നിലുളളവർ കണ്ടതുളളു. കരിവണ്ടിപോലെ വായിൽനിന്നും തീയും പുകയും വമിപ്പിച്ചുകൊണ്ട് ലക്കില്ലാതെവരുന്ന വരവുകണ്ട് മുന്നിലുളളവർ ഓടിയകന്നു. ഭാഗ്യത്തിന് നിർത്തിയിട്ടിരുന്ന ഒരു ടെമ്പോയുടെ അനുഗ്രഹം കാരണം യാത്ര അവിടെയവസാനിച്ചു. വലിയ പരിക്കൊന്നുമില്ല. മുഖത്തെ മീശ ഭാഗികമായി കത്തിനശിച്ചു. ചുണ്ടിനും ചില്ലറ പൊളളലേറ്റു. ഇൻസ്‌റ്റാൾമെന്റിൽ വാങ്ങിയ പുത്തൻ ഷർട്ടിനെ അടിയന്തിര ശസ്‌ത്രക്രിയയ്‌ക്കുവിധേയമാക്കേണ്ട പരുവം. ഷർട്ട് പുട്ടിന്റെ പൊടിയരിക്കുന്ന അരിപ്പ തോറ്റുപോകുന്നത്രയും ദ്വാരങ്ങളാൽ അനുഗ്രഹീതമായി.
കാറ്റുപിടിച്ച് സിഗരറ്റുപാളുമ്പോൾ വായിൽനിന്നും അതെടുത്ത് കളഞ്ഞാൽ പോരേയെന്ന് ആരോ ചോദിച്ചു. അപ്പോഴാണ് ഒരു കൈവിട്ട് സൈക്കിളോടിക്കാനറിയാത്തവനാണ് അതിനുമുകളിലിരുന്ന് വലിക്കുകയും ചെയ്തത് എന്ന മഹാസത്യം മറ്റുളളവർക്കുമുന്നിൽ വെളിപ്പെട്ടത്. മൂപ്പരുടെ അവസാനത്തെ സ്‌റ്റേറ്റ്‌മെന്റായിരുന്നു സംഭവത്തിന്റെ ക്ലൈമാക്‌സ്. “അറ്റത്ത് പഞ്ഞിയുളള സാധനമാണെങ്കിൽ ആട്യത്ത്യാൽ കെട്വായിരുന്നു. ഇതതുണ്ടായില്ല തെകച്ചും കത്തി.” ഒരു തലയോട്ടിയും രണ്ടെല്ലിന്റെയും അഭാവം കൊണ്ടുപറ്റിയ ഒരബദ്ധം.
ഒരറ്റത്ത് തീയും മറ്റേ അറ്റത്ത് വിഡ്‌ഢിയും എന്ന് സിഗരറ്റിനെ നിർവ്വചിച്ചത് ബർണാഡ് ഷായാണ്. ഇത് നമുക്ക് ബാധകമല്ല. ഇവിടെ മഹാത്മാക്കൾ വലിക്കുന്നത് ഉന്മേഷദായകവും ആരോഗ്യദായകവും തികച്ചും ഹെർബലുമായ ബീഡിയാണ്. ദിനേഷപുരാണ പ്രകാരം ഈ കണ്ടുപിടുത്തം നടത്തിയത് ദുർവ്വാസാവ് മഹർഷിയായിരുന്നു. ഒരുനാൾ ആത്മശാന്തിക്കായി അദ്ദേഹം ആഞ്ഞുവലിച്ച പുക ത്രിദ്വാരങ്ങളിലൂടെ തലവഴി കടന്നുപോകുമ്പോൾ കാണുവാനിടയായ ശിഷ്യൻ ഗുരുവിന്റെ ചിന്തക്ക് തീപ്പിടിച്ചെന്ന് കരുതി ഫയർഫോഴ്‌സുകാരുടെ പണിയെടുത്തു. ശുണ്‌ഠിക്ക് നോവൽ പ്രൈസ് നേടിയ മുനി, ചിന്തയിലൂടെ മറുപടി പറയാനൊന്നും നില്‌ക്കാതെ തലയിൽ വെളളമൊഴിച്ച ശിഷ്യൻ ബീഡിത്തൊഴിലാളിയായി മാറട്ടെ എന്ന് ശപിച്ചുകളഞ്ഞു. ബീഡി വലിക്കുന്നവർ അഭിവൃദ്ധി പ്രാപിക്കട്ടെയെന്ന് അനുഗ്രഹിക്കുകയും ചെയ്‌തുവത്രേ.
പരശുരാമന്റെ മഴുവേറിന് ആധാരമായ തെളിവുകൾ വേണ്ടത്രയില്ല. എന്നാൽ ദുർവ്വാസാവിന്റെ അനുഗ്രഹത്തിന് ജീവിക്കുന്ന തെളിവുകളുണ്ട്. ബീഡി വലിക്കാൻ പഠിച്ചാൽ ഇരക്കാൻ പഠിച്ചു എന്നാണ് പ്രമാണം. ബീഡിയും വലിച്ച് തേരാപാരാ നടന്നവർക്ക് കാറും ബംഗ്ലാവും പെൻഷനുമായി. ശമ്പളം വേറെയും. ബീഡിപ്പണിക്കാരന് ദ്രവിച്ച മുറം ബാക്കി. ക്ഷയവും. നാട്ടിൻപുറത്ത് ബീഡിപ്പണിക്കാർ ജീവനോടുളള കാലത്തോളം ബീഡിക്കെട്ടിനുമേൽ തലയോട്ടിയും എല്ലുകളും ഏതായാലും പ്രത്യേകം പതിക്കണമെന്നില്ല.
ലൈംഗികബന്ധത്തിലൂടെ പകരുന്ന ഒരു രോഗമാണ് ജീവിതം എന്ന കാര്യം നമുക്കറിയാം. ലൈംഗിക ബന്ധത്തിൽ കൂടിയാണ് കുട്ടികളുണ്ടാകുന്നതെന്ന വസ്‌തുത ഭൂരിഭാഗം ഫിലിപ്പിനോ ജനതക്കും ഇന്നുമറിയില്ലെന്ന് വായിച്ചിട്ടുണ്ട്. എന്നാൽ പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന അറിവില്ലാത്ത ഇന്ത്യക്കാരുണ്ടെന്ന് ആരും പറഞ്ഞുകേട്ടിട്ടില്ല. ‘ഡെത്ത്’ ബ്രാൻഡ് സിഗരറ്റ് അമേരിക്കയിലിറക്കിയപ്പോൾ നല്ല ഡിമാന്റായിരുന്നെന്നും കേട്ടിട്ടുണ്ട്. അതുകൊണ്ട് തലയോട്ടിയെക്കാൾ കുറച്ചുകൂടി ഉപകാരം ചെയ്യുക ഷായുടെ വാക്കുകളായിരിക്കും-‘ഫയർ അറ്റ് വൺ എൻഡ് ആന്റ് ഫൂൾ അറ്റ് ദ അതർ എൻഡ്.’ ആരോഗ്യകാര്യത്തിൽ സർക്കാരിന് അത്രയ്‌ക്ക് നിർബന്ധമുണ്ടെങ്കിൽ ഇനി ഇതങ്ങു നിരോധിച്ചാലും പോരേ?
Generated from archived content: humour_july24_06.html Author: nithyan