എന്തെല്ലാമാണ് കത്തിക്കേണ്ടത്, സൃഷ്‌ടിയെ സൃഷ്‌ടാവടക്കം കത്തിക്കണോ അതോ സൃഷ്‌ടിക്കുമാത്രം തീവെച്ചാൽ മതിയോ, ഇതി ആദ്യം സൃഷ്‌ടാവിന് തീവെച്ചശേഷം സൃഷ്‌ടിക്ക് തീവെച്ചാൽ മതിയോ, അതോ സൃഷ്‌ടാവിനും സൃഷ്‌ടിക്കും പ്രത്യേകം പ്രത്യേകം തീവെക്കണമോ, സൃഷ്‌ടാവ് കാലഗതി പ്രാപിച്ച കേസാണെങ്കിൽ സൃഷ്‌ടിയോടൊപ്പം ജനനമരണ രജിസ്‌ട്രാർ തുല്യം ചാർത്തിയ സൃഷ്‌ടാവിന്റെ മരണപത്രം കൂടി ദഹിപ്പിച്ചാൽ മതിയോ എന്നൊക്കെയുളള വായനക്കാരുടെ സംശയങ്ങൾ കുരീപ്പുഴ അടുത്ത ലിഖിതത്തിൽ വിശദീകരിക്കുന്നതായിരിക്കും.
എന്തായാലും കത്തിക്കേണ്ട ഇതിഹാസങ്ങളുടെ ലിസ്‌റ്റ് കുരീപ്പുഴയുടെ കൈയ്യിലുണ്ടെന്നത് ഒരു നല്ല കാര്യമാണ്. നിത്യനാണെങ്കിൽ എന്തിനാണ് തീക്കൊടുക്കേണ്ടതെന്നൊരു തിരുപാട് കിട്ടാതെ ചിലപ്പോൾ സർട്ടിഫിക്കറ്റിനും സിഗരറ്റിനും ബീഡിക്കും താടിയുമൊക്കെ തീക്കൊടുത്തുപോകുന്ന ഒരവസ്ഥയിലുമാണ്. രാമായണം എന്നയീ നശിച്ച സംഗതി വായിച്ചുപോയതും രാമനെ മര്യാദാപുരുഷോത്തമനായി സങ്കൽപ്പിച്ചുപോയതുമാണ് നിത്യനുപറ്റിയ ഒരബദ്ധമെന്ന് മനസ്സിലാകുവാൻ കുരീപ്പുഴയുടെ ലേഖനേതിഹാസം തന്നെ വായിക്കേണ്ടിവന്നു. കുരീപ്പുഴ പണ്ടേയിതെഴുതി പ്രസിദ്ധപ്പെടുത്തിയിരുന്നെങ്കിൽ നിത്യൻ രക്ഷപ്പെട്ടേനെ. ഭാവി ശോഭനമായേനെ. ലോകസാഹിത്യവും രക്ഷപ്പെട്ടേനെ. ഇനി സംശയമാണ്.
സീതയുടെ കണ്ണിൽകൂടി രാമായണം വായിച്ചാൽ നിത്യകാമുകിയിൽ ലേശം മാറ്റമുണ്ടാകുമെന്ന ഒരു മനഃശാസ്‌ത്രവിദഗ്‌ദ്ധന്റെ ഉപദേശം കേട്ടതാണ് നിത്യന് പറ്റിയ മറ്റൊരബദ്ധം. ഒരു രാമായണം വാങ്ങി നിത്യകാമുകിക്ക് കൊടുത്തു. ജൻമാവകാശമായി പതിച്ചുകിട്ടിയ ‘ഇവളെപ്പേടിച്ചാരും നേർവഴി നടപ്പീല ഭൂവനേശ്വരാ ഭുവനജനം പോറ്റീ’ എന്ന ശൂർഫണഖാ ഭാവം മാറി കാമുകി സീതാരത്‌നമായി ഭൂമിയിലവതരിക്കുന്ന ഒരു കർക്കിടകമാസം നിത്യന്റെ സ്വപ്‌നങ്ങളിൽ പെയ്‌തിറങ്ങി. പത്തമ്പത് സിഗരറ്റും സുരാപാനവും മാത്രമുളള മര്യാദാപുരുഷോത്തമോത്തമനായ (സുരപാനം മാത്രമാണെങ്കിൽ മര്യാദാപുരുഷോത്തമൻ ധൂമപാനം കൂടിയുളളതുകൊണ്ട് ഉത്തമോത്തമൻ) നിത്യന്റെ പാദാന്തികങ്ങളിൽ തൊട്ടുവന്ദിച്ച് അടുക്കള കയ്യേറി തനിനാടൻകോഴി (ബ്രോയിലറിനെയും ലഗോണിനെയും നമ്പിക്കൂട) കൂവുന്ന ബ്രഹ്‌മമുഹൂർത്തത്തിൽ ചായയെന്ന വിശുദ്ധപാനീയം കൊണ്ടുവരുന്ന ഒരു സീത! ഹായ്. വിശുദ്ധപാനീയവുമായി മന്ദം മന്ദം ഓല വാതിൽ എടുത്തുമാറ്റി കടന്നുവരുന്ന എക്‌സ്-ശൂരഫണഖയെ പ്രതീക്ഷിച്ച നിത്യനിലേക്കൊഴുകിയെത്തിയത്
നിഷ്‌ഠുരജാതികളാം വാണിഭക്കാരാദിയായ
ദുഷ്‌ടജന്തുക്കളുളള കേരളഭൂമിതന്നിൽ
നീയൊരു നാരീമണി നിത്യനൊപ്പം വാഴുന്നതെ,ന്തൊ
രായുധപാണികളുമില്ലല്ലോ സഹായമായ്
ശ്ലോകം കഴിഞ്ഞതും അരിവാൾ അമ്മിക്കല്ലിലുരയുന്ന ഘർഷണശബ്‌ദമാണ് പിന്നെ കേട്ടത്. തലേന്നത്തെ സുരയുടെ കെട്ട് താനേ വിട്ടുപോയി. കിട്ടാവുന്ന അംഗവസ്‌ത്രത്തോടൊപ്പം ജീവനുമെടുത്ത് മര്യാദാപുരുഷോത്തമനോടിയകന്നത് കർക്കിടക സീതയിൽനിന്നുമായിരുന്നു-മനഃശാസ്‌ത്രജ്ഞന്റെയടുത്തേക്കായിരുന്നു.
നിത്യൻഃ എടോ ഊശാൻ താടീ, സംഗതി കുളമായി. രാമായണം വായിച്ച് ശൂർഫണഖയോട് താടക ഐക്യദാർഢയം പ്രഖ്യാപിച്ച അവസ്ഥയാണ്.
മനഃ എന്നാൽ അവൾ രാമായണം വായിച്ചിരിക്കുക താടകയുടെ കണ്ണിൽകൂടിയായിരിക്കും. ഇനി രക്ഷയില്ല. ഒരൊറ്റവഴി. കത്തിക്കൽ.
നിത്യൻഃ അങ്ങോട്ടടുക്കാൻ പറ്റാത്ത ബഡവാഗ്നിപോലവൾ നില്‌ക്കുമ്പോളാണ് അവളെ കത്തിക്കുന്ന കാര്യം. പിണറായി പറഞ്ഞപോലെ നിങ്ങളുടെ തലയാണ് പരിശോധിക്കേണ്ടത്. താടിക്കാണ് തീക്കൊടുക്കേണ്ടത്.
മനഃ അല്ലെടോ-രാമായണം കത്തിക്കേണ്ട കാര്യമാണ്. അവൾ ഇനി ഉർവ്വശിയുടെ കണ്ണിൽകൂടി വായിച്ചാൽ പിന്നെ തിരുനെല്ലിക്കെത്തിക്കുവാൻകൂടി തന്റെയൊരസ്ഥി കിട്ടിയെന്നുവരില്ല.
നിത്യൻഃ ഇനി അത് കത്തിച്ചാൽ വേറെ വല്ല പ്രശ്‌നവും? ഐ മീൻ-ജാതി-മതം.
മനഃ വിഡ്‌ഢി. അതിനു ഞാൻ തന്നോട് ഖുറാനോ ബൈബിളോ കത്തിക്കുവാൻ പറഞ്ഞോ? ഇത് നോ പ്രോബ്‌ളം- യൂ ഹാവ് എ മാച്ച്‌ബോക്‌സ്.
നിത്യൻഃ തീപ്പെട്ടിമാത്രം മതിയോ?
മനഃ പോരാ ഒരു രാമായണം കൂടിവേണം.
രാമായണം കത്തിച്ച് കണലിൽ നിന്നൊരു ബീഡിയും കത്തിച്ച് തിരിച്ചെത്തി കത്തിക്കേണ്ട വസ്‌തുവഹകളുടെ ലിസ്‌റ്റെടുത്തപ്പോഴാണ് പലതും നിത്യന്റെ കയ്യിലില്ലെന്നറിയുന്നത്. അത് കുരീപ്പുഴകൂടി ഒന്നുവായിച്ചാൽ വലിയ ഉപകാരം. രണ്ടുപേർക്കും കൂടി രണ്ടറ്റത്തുനിന്നും തീക്കൊടുത്ത് നടുക്കുപിടിക്കുമ്പോഴുളള ഒരു സുഖം! ഹായ്.
1. ബൈബിൾ – ഉല്‌പത്തിപ്പുസ്‌തകത്തിൽ ഉല്‌പത്തിയുമായി ബന്ധപ്പെട്ട മികച്ച പ്രകടനം കാഴ്‌ചവെക്കുവാൻ ഈവിന് പ്രേരണയാകിയത് ഏദൻതോട്ടത്തിൽ പാമ്പായവതരിച്ച സാത്താനാണ്. ആദാമിനെ പ്രേരിപ്പിച്ചത് ഈവും. യഥാർത്ഥത്തിൽ അതൊരു ഈവ്‌ടീസിംഗ് ആയിരുന്നില്ല ആദാംടീസിംഗ് ആയിരുന്നു. ഒന്നാം പ്രതി സാത്താൻ ഇന്നും സുകുമാരക്കുറുപ്പിനെപോലെ പിടികിട്ടാപ്പുളളി. കുമ്പസാരക്കൂട് പൊളിക്കുവാൻ സമ്മതിക്കാതെ നാടുചുറ്റുന്നു. ആദാം കുറ്റവാളിയേയല്ല. ഈവിനാണെങ്കിൽ പ്രേരണാകുറ്റത്തിന് സ്‌കോപ്പുണ്ട്. സംഗതി അറിഞ്ഞപ്പോൾ ദൈവം രണ്ടുപേരെയും തൂക്കി തോട്ടത്തിന് വെളിയിലിടുകയായിരുന്നു. കുറ്റകൃത്യങ്ങളുടെ തോതിനനുസരിച്ചുളള ഒരു നീതിയായിരുന്നില്ല ദൈവത്തിന്റേത്. ആദാമിന്റെ കണ്ണിൽകൂടി നോക്കിയാലും ഈവിന്റെ കണ്ണിൽകൂടി നോക്കിയാലും കത്തിക്കണം. സാത്താന്റെ കണ്ണിൽകൂടി നോക്കിയാലും കത്തിക്കണം.
2. ഖുറാൻ – അഫ്‌ഗാനിലെ ബുദ്ധപ്രതിമയ്‌ക്ക് ബുൾഡോസർ ചികിത്സ-ഖൊമൈനിമാരുടെ നിത്യേന വരുന്ന ഫത്‌വകൾ- മൂന്നാംകിട സാഹിത്യകാരൻ റഷ്‌ദി- നാലാംകിട സാഹിത്യകാരി തസ്ലീമ നസ്‌റീൻ തലവെട്ടുത്തരവുകൾ. 28 വയസ്സുകാരിയെ 82കാരൻ ഭർത്താവിന്റച്ഛൻ ബലാൽസംഗം ചെയ്‌താൽ ഭർത്താവിനെ പുത്രനായും സ്വന്തം പുത്രനെ ചെറുമകനായും കിളവനെ ഭർത്താവായും കിളവന്റെ ഭാര്യയെ മകന്റെ ഭാര്യയായും സ്വന്തം മകന്റെയമ്മയായി അടുത്തപറമ്പിലെ പശുവിനെയും വകയിരുത്തിയ മികച്ച നീതിന്യായ വ്യവസ്ഥക്ക് കാരണഭൂതനായ കാരണത്താൽ നല്ലൊരു തീപ്പെട്ടി കർക്കിടകത്തിൽ നനയാതെ കരുതിവെക്കുക.
3. കമ്മ്യൂണിസ്‌റ്റ് മാനിഫെസ്‌റ്റോ- ലക്ഷക്കണക്കിന് ബൂർഷ്വാതൊഴിലാളികളുടെ ജീവൻ ഹോമിക്കുവാൻ സ്‌റ്റാലിനും കൂട്ടർക്കും പ്രേരണ നൽകിയ വേദപുസ്‌തകം. നല്ലൊരു മെഴുകിന്റെ പെട്ടി കർക്കിടകത്തിൽ കുതിരാതെ വെക്കുക.
4. കേരളത്തിലെ സകല സാഹിത്യകാരൻമാരുടെയും കിത്താബുകൾ മുകുന്ദനെയും വിജയനെയും കാക്കനാടനെയും ചുളളിക്കാടനെയും പൊറ്റക്കാടനെയുമൊക്കെ വായിച്ച് നിത്യനടക്കമുളള ഒരു തലമുറ സുരപാനവും ധൂമപാനവും കൈത്തൊഴിലാക്കി വഴിതെറ്റി. നിത്യനെ നേർവഴിക്ക് നടത്താൻ വന്ന തറവാട്ടിലെ ഉഗ്രമൂർത്തിക്കും കൂടി വഴിതെറ്റിപ്പോയിയെന്ന് പറയുമ്പോഴാണ് അവറ്റകളുടെ കൈയ്യിലിരുപ്പ് എത്രയാണെന്ന് മനസ്സിലാവുക. ഉരച്ചാൽ അറ്റംവരെ കത്തി ചുരുങ്ങിയത് 10 ദിനേശ്‌ബീഡിക്ക് തീപ്പറ്റിക്കാവുന്ന ഒരു ഷിപ്പിന്റെ തീപ്പെട്ടി അടുപ്പുകല്ലിനരികിൽ വിശ്രമിക്കട്ടെ.
5. ലോകത്തിലെ സകല സിനിമാ നാടകശാലകൾ-തല്‌ക്കാലം കത്തിക്കണമെന്നില്ല. ഇനി അത്യാവശ്യമാണെങ്കിൽ വിരോധമില്ല. പ്രതിനായകരില്ലാത്ത സിനിമ-നാടകാദി കലാരൂപങ്ങൾ വരുന്നതുവരെ കുരീപ്പുഴയുടെ സൻമാർഗസൂക്തങ്ങൾകൊണ്ട് അവിടം ധന്യമാവട്ടെ.
6. ലിസ്‌റ്റ് മുഴുവനെഴുതാൻ പറ്റിയ നീളമുളള എൻ.എച്ച്.47 സർക്കാർ അനുവദിക്കുകയാണെങ്കിൽ വലിയ ഉപകാരം.
കത്തിക്കാതിരിക്കുവാനുളള, ആരെയും വഴിതെറ്റിക്കാത്ത ഒരുത്‌കൃഷ്‌ട ഗ്രന്ഥം നിത്യന്റെ പണിപ്പുരയിൽ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്. പുറത്തുവരാനായി, ആരേത് കോണിൽകൂടി നോക്കിയാലും ആൾ മര്യാദാപുരുഷോത്തമനായി ഭവിക്കുന്ന വിശിഷ്‌ടഗ്രന്ഥത്തിനായി ഡിസിക്ക് ബന്ധപ്പെടാവുന്നതാണ്. ലോകത്ത് ഇന്നേവരെ ആരും കണ്ടുപിടിക്കാത്ത സാന്മാർഗികലിപിയിൽ വിരചിച്ച ആദ്യത്തെ സൃഷ്‌ടി. നൂറിൽപരം പേജുകൾ.
തീവണ്ടി കാണുന്ന ഒരാൾക്ക് രണ്ടു ലക്ഷ്യത്തിലെത്തിച്ചേരാം. ഒന്ന് വണ്ടിയിൽ കയറി ലക്ഷ്യസ്ഥാനത്തേക്ക് ടിക്കറ്റെടുത്ത് പോവുക. രണ്ട് ടിക്കറ്റെടുക്കാതെ കയറുന്നതിന് പകരം പാളത്തിലിറങ്ങി പരമമായ ലക്ഷ്യത്തിലേക്ക് യാത്രചെയ്യുക. അക്ഷരങ്ങളും അതുപോലെയാണ്. അക്ഷരങ്ങൾ ആളുകളെ അസാന്മാർഗികളാക്കുന്നതുകൊണ്ട് ഈ വിശുദ്ധഗ്രന്ഥത്തിൽ അക്ഷരങ്ങൾ ഉണ്ടായിരിക്കുന്നതല്ല.
Generated from archived content: humour_july20.html Author: nithyan