വാർത്തഃ അപേക്ഷ ക്ഷണിക്കാതെയും അപേക്ഷ കൊടുക്കാതെയും സർവ്വകലാശാലയിൽ എഡിറ്റോറിയൽ അസിസ്‌റ്റന്റ് തസ്‌തികയിൽ നിയമനം നടന്നു. നെറ്റ് പാസാവാത്തവരെ ലക്‌ചറർമാരായി നിയമിച്ചു. ഹെവി ഡ്യൂട്ടി ഡ്രൈവർ തസ്‌തികയിൽ ഉദ്യോഗാർത്ഥികളെ ഫോണിൽ വിളിച്ചറിയിച്ച് പരീക്ഷ. ലാസ്‌റ്റ് ഗ്രേഡ് നിയമനത്തിന് രണ്ടുമുതൽ മൂന്നുലക്ഷം വരെ.
നിയമനം ഇങ്ങനെ കലാപരമായി നടത്താൻ ഒരു കലാശാലക്കും ഇന്നോളം കഴിഞ്ഞിട്ടില്ല. നാട്ടിൽ പ്രചാരത്തിലുളള സുകുമാരകലകളിലെല്ലാം വിദഗ്‌ദ്ധരായ എത്രയോ മഹാരഥൻമാർ വിചാരിച്ചിട്ടും ഇങ്ങിനെയൊരു നിലവാരത്തിലേക്ക് സർവ്വകലാശാലയെ ഉയർത്താൻ പറ്റിയിരുന്നില്ല. പെൻഷൻ പറ്റുന്നതിന് മുൻപ് ഒരു പത്തുപതിനായിരം രൂപ ശമ്പളത്തിന് സ്വന്തം പേരിൽ ഒരു നിയമന ഉത്തരവ് അടിച്ച് ചരിത്രമെഴുതിയ മഹാനുവരെ ഇനിയും പലതും ഇദ്ദേഹത്തിൽ നിന്നും പഠിക്കുവാനുണ്ട്. പ്രസിഡണ്ടിനെ ക്ഷണിച്ചുകൊണ്ടുവന്ന് അതിന്റെ മറവിൽ ചന്ദനമരമടക്കം ലക്ഷങ്ങളുടേത് മുറിച്ചുകടത്തിയ ബുദ്ധിക്കുമുന്നിൽ നോട്ടൗട്ടാകാതെ നിൽക്കുവാൻ മൂപ്പർ ഒരു ജന്മം കൂടി ഇനിയും ജനിക്കണം.
നാട്ടിലുളള എല്ലാ കലാശാലകളുടെയും തലപ്പത്ത് ഇങ്ങിനെയുളള മഹാരഥൻമാരെ ഉടനടി പ്രതിഷ്‌ഠിക്കേണ്ടതാണ്. ഒരു സ്ഥാപനം മാനംമര്യാദയായി നടത്തിക്കൊണ്ടുപോകുവാൻ പഠിപ്പിക്കുന്ന ശാസ്‌ത്രശാഖയാണ് ഗ്ലാഷ്യർ സയൻസ് അഥവാ ഹിമപാളികളെക്കുറിച്ചുളള പഠനം. അതിൽ ഡോക്‌ടറേറ്റുളള ഒരാളെ കണ്ടുകിട്ടുന്ന പ്രയാസമില്ല ഹിമാലയത്തിലെ യതിയെ കണ്ടുപിടിക്കുവാൻ. ഹിമപാളികളെക്കുറിച്ചു പഠിക്കുവാൻ മാത്രമല്ല ഹിമാലയം തന്നെ വിഴുങ്ങുവാൻ പറ്റിയ ഒരു യോഗ്യനെ തന്നെ കിട്ടിയത് കലാശാലയുടെ ഭാഗ്യം. അവിടുത്തെ വിദ്യാർത്ഥികളുടെ മുജ്ജൻമസുകൃതമല്ലാതെ വേറൊന്നാവാൻ വഴിയില്ല.
വിസി എല്ലാം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഭാവിയിൽ ഇങ്ങിനെയുളള പരാതികൾ ഉയരാതെ പ്രശ്‌നം പരിഹരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഭാവിയിൽ പ്രശ്‌നമുണ്ടാവാതിരിക്കാൻ ഇങ്ങിനെയൊരു മാതൃക ഇനിയങ്ങോട്ട് പരീക്ഷിക്കാവുന്നതാണ്.
അഴിമതി, സ്വജനപക്ഷപാതം, മിസ്‌ലേനിയസ് സ്വാധീനങ്ങൾ എന്നീ സുകുമാരകലകളിൽ നിപുണരോ പരിചയസമ്പന്നരോ അല്ലാത്ത ഹരിശ്ചന്ദ്രൻമാരിൽനിന്നും ശീലാവതിമാരിൽനിന്നും താഴെ പറയുന്നതും പറയാതെ മനസ്സിലുളളതുമായ തസ്‌തികകളിലേക്ക് ബയോഡാറ്റ മാത്രം ക്ഷണിച്ചുകൊളളുന്നു. ബയോഡാറ്റയോടൊപ്പം അപേക്ഷ അയക്കുന്നത് അയോഗ്യതയായി കണക്കാക്കപ്പെടുന്നതാണ്.
1. എഡിറ്റോറിയൽ അസിസ്‌റ്റന്റ്
പരമാവധി മിനിമം മാർക്കിൽ പഞ്ചവത്സര പദ്ധതിയായി ബി.എ. ഹിസ്‌റ്ററി പാസായ വനിതകളായിരിക്കണം അപേക്ഷകർ. കേരളത്തിലെ പതിമൂന്ന് ജില്ലകളിലുളളവർ അപേക്ഷിക്കേണ്ടതില്ല. എറണാകുളം ജില്ലക്കാർക്ക് ഇത് ബാധകമല്ല. മുഖത്തെ കണ്ണടയും പേരിന്നൊടുക്കമുളള ‘ബീവി’യും അധികയോഗ്യതയായി കണക്കാക്കുന്നതാണ്.
ഇംഗ്ലീഷിലോ മലയാളത്തിലോ ഒരു നാലുവരി തെറ്റുകൂടാതെ എഴുതുവാൻ കഴിയുന്നത് ഒരു അയോഗ്യതയായി കണക്കാക്കുന്നതാണ്. അത്തരക്കാർ അപേക്ഷിക്കേണ്ടതില്ല.
2. പ്യൂൺ
ഉദ്യോഗാർത്ഥികൾ പരമാവധി അക്ഷരവൈരികളായിരിക്കണം. കൊടുങ്കാറ്റും പേമാരിയും ഒന്നായി വന്നിട്ടും യാതൊരു സ്‌കൂളിന്റെയും ചുമർചാരി നില്‌ക്കേണ്ടിവന്നിട്ടില്ലെന്ന അധികാരിയുടെ സർട്ടിഫിക്കറ്റ് അഭികാമ്യം. ചുരുങ്ങിയത് മൂന്നുലക്ഷം വരെ എണ്ണുവാനുളള ഗണിതശാസ്‌ത്ര പരിജ്ഞാനം ആവശ്യമാണ്. വീസി കഴിഞ്ഞാൽ പിന്നെ സ്ഥാപനത്തിലെ ഏറ്റവും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരാകയാൽ സെക്യൂരിറ്റി ഡിപ്പോസിറ്റായി മൂന്നുലക്ഷം നൽകേണ്ടതാണ്. ഇതിന് രസീത് ഉണ്ടായിരിക്കുന്നതല്ല. കാഷായി തന്നെ പണം അടക്കണം. കടം സ്വീകാര്യമല്ല.
3. ഡ്രൈവർ
ചുരുങ്ങിയത് നാലുതരം വാഹനങ്ങൾ (ബൈക്ക്, ഓട്ടോ, കാർ, ബസ്) നേരിൽ കണ്ടിട്ടുളളവരായിരിക്കണം ഡ്രൈവർമാർ. കൂടാതെ ലൈസൻസുളളവരായിരിക്കണം. നാവിനില്ലെങ്കിലും കുഴപ്പമില്ല. എന്നെങ്കിലുമൊരിക്കൽ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് ചില്ലിന്നുളളിലൂടെ പുറത്തുനോക്കാൻ കിട്ടിയ അവസരവും ജനം ഉദാരമായി നല്‌കിയ തല്ലും അധികയോഗ്യതയായി പരിഗണിക്കപ്പെടുന്നതാണ്. സ്വന്തമായി ഫോണില്ലാത്തത് അയോഗ്യതയായി പരിഗണിക്കപ്പെടുന്നതാണ്. പ്യൂൺ തസ്‌തികക്ക് പറഞ്ഞ രസീതിയില്ലാത്ത സെക്യൂരിറ്റിനിക്ഷേപം ഡ്രൈവർമാർക്കും ബാധകമാണ്.
(അപേക്ഷകരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണെങ്കിൽ ലേലസമ്പ്രദായത്തിലൂടെ നിയമനം)
Generated from archived content: humour_july18_06.html Author: nithyan