മൊത്തം പേര് കീടനാശിനിയുടേത് പോലെ. പ്രവർത്തനവും. ആദ്യ വരവ് ഗംഭീരം. വരവിൽ പെട്ടാൽ കീടം മാത്രമല്ല വളർത്തുപട്ടിവരെ ചത്തുമലക്കുന്ന വീര്യം. കാലം കുറച്ചു കഴിയുമ്പോൾ കോലത്തിലും ചില്ലറമാറ്റം കാണുകയാണ് പതിവ്. താമസിയാതെ നാശിനിയില്ലെങ്കിൽ കീടത്തിന് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണുണ്ടാവുക. കീടത്തിനെക്കാൾ കഷ്‌ടം കോവാലനാവുന്നതാണ് പിന്നത്തെ പ്രതിഭാസം. കാസർഗോഡ് പോയി നോക്കുക. മരുന്നടിച്ച് മരുന്നടിച്ച് ഒടുക്കം അണ്ടിയും പോയി മാവും പോയി കോവാലൻ ഇരുകാലിയല്ലാതെയുമായി. കീടം മാത്രം ആരോഗ്യദൃഢഗാത്രനായി വിലസുന്നു. അന്നും ഇന്നും എല്ലാക്കാലത്തേക്കുമായി ഹൈടെക് സിറ്റിയിലെ പാമ്പാട്ടിയെപ്പോലെ ഒരു മകുടിയും കൊട്ടയുമായി അച്ചുതാനന്ദൻമാരും. നയനമനോഹരമായ കാഴ്‌ച.
എ.ഡി.ബി അഥവാ ഏഷ്യൻ ഡിമോളിഷൻ ബാങ്ക്. കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം കർമ്മഫലം തരും വിഡ്‌ഢികൾ എന്നത് പ്രഖ്യാപിത നയം. മുഖ്യകർമ്മം കടം കൊടുക്കുകയാണ് മുതൽ തിരിച്ചു പിടിക്കുകയല്ല. കാലാകാലം മുട്ടില്ലാതെ പിരിക്കുന്ന പലിശയാണ് കർമ്മഫലം. അതുതന്നെ അവതാരോദ്ദേശ്യം. മുതൽ തിരിച്ചു കൊണ്ടുപോയി ചാക്കിൽ കെട്ടി സൂക്ഷിക്കുവാൻ ഇടം ഇല്ലാത്തതുകൊണ്ട് അപ്പരിപാടിയില്ല. കടം രണ്ടുതരം എ.ഡി.ബിയിൽ സുലഭം എന്നാണ്. ഒന്ന് വിത്ത് രഹസ്യ അജണ്ട ആന്റ് അതർ വിത്തൗട്ട് എനി അജണ്ട. യഥാക്രമം ഒന്ന് ബൂർഷ്വാസികൾക്ക് മറ്റേത് തങ്കപ്പെട്ട വിപ്ലവകാരികൾക്കുളളത്.
ചാണ്ടിയെപ്പോലുളള വിദ്യാവിഹീനപ്പശു ഗണത്തിൽപ്പെട്ടവരാകുമ്പോൾ എ.ഡി.ബി അജണ്ടയ്‌ക്കു മുന്നിൽ മുട്ടുകുത്തും. എ.ഡി.ബി. പറയുന്നപോലെ നാളെ ചക്ക പറിക്കാൻ ഇന്ന് മുരിക്ക് നാട്ടും. വിപ്ലവകാരികളാവുമ്പോൾ നേരെ തിരിച്ചാണ് സംഭവിക്കുക. എ.ഡി.ബി അജണ്ട സകുടുംബം വന്ന് വിപ്ലവകാരികളുടെ മുന്നിൽ സാഷ്‌ടാംഗം പ്രണമിച്ച് ഡോളർ സമർപ്പിക്കും. അതോടെ കരിയോയിൽ വിപ്ലവത്തിന് ദയാവധം നടപ്പിലാക്കും. താമസിയാതെ മുരിക്കിൽ വിളയാൻ പോകുന്ന ചക്ക പറിക്കാൻ ആഗോള ടെൻഡർ വിളിക്കും. കേരളം വികസനത്തിന്റെ പാതയിൽ മുന്നേറും. ബഹുദൂരം അതിവേഗം പിന്നോട്ട്.
ചരിത്രത്തിലാദ്യമായി ചാക്കുകണക്കിന് ഡോളർ ഉപേക്ഷിച്ച് മുട്ടുകുത്തി മൂക്കുകൊണ്ട് ‘ക്ഷ’ വരച്ചശേഷം എ.ഡി.ബി.ക്കാർക്ക് തടിയും കൊണ്ട് രക്ഷപ്പെടേണ്ടി വന്നിട്ടുളളത് കേരളത്തിലെ കോർപ്പറേഷനുകളിൽ നിന്നുമാണ്. വംഗദേശത്തും അത്തരമൊരു അനുഭവം നേരിട്ടതായി ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുണ്ട്. ഏതായാലും മുച്ചീട്ടുകളിക്കാരന്റെ പോക്കറ്റടിച്ച യോഗ്യൻമാർക്ക് ഭാവിയുണ്ട്. എ.ഡി.ബിയുടെ കേരളത്തിലെ കാര്യസഥൻമാരെയെല്ലാം പിരിച്ചുവിട്ട്, തങ്ങളെ (പാണക്കാട്ടെയല്ല) മുട്ടുകുത്തിച്ച കേരളത്തിലെ ബുദ്ധിരാക്ഷസൻമാരും സാമ്പത്തീകശാസ്‌ത്ര വിശാരദൻമാരുമായ എ.സി. ഡി.സി സിക്രട്ടറിമാരെ അർഹമായ തസ്‌തികകളിൽ ഉടൻ നിയമിക്കുവാൻ സാദ്ധ്യതയുണ്ട്.
സി.പി.ഐക്കാർ പണ്ടേ അന്തസ്സുളള വിപ്ലവകാരികളാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തപ്പെടേണ്ട അടിയന്തിരാവസ്ഥാവേളയിൽ കിടപ്പ് ഇന്ദിരാജിയോടൊപ്പമായിരുന്നു. ഇവളെപ്പേടിച്ചാരും നേർവഴി നടപ്പീല ഭുവനേശ്വരാ ഭുവനവാസീജനം പോറ്റീ എന്നെഴുതിയ എഴുത്തച്ഛന്റെ ദീർഘദർശിത്വത്തിന് അവാർഡ് കിട്ടിയില്ലെന്നേയുളളൂ. അങ്ങിനെയുളെളാരു ജന്മത്തിന്റെ കൂടെ കഴിഞ്ഞിട്ടും തടികിട്ടിയത് ചില്ലക്കാര്യമാണോ? സി.പി.ഐയായതുകൊണ്ട് രക്ഷപ്പെട്ടു. അരോചകം പിടിച്ചതിന് ചികിത്സ കുറച്ചുകാലം തുടരേണ്ടിവരും എന്നതല്ലാതെ വേറെ കുഴപ്പമൊന്നുമില്ല.
രാജനും വിജയനും മറ്റു ചിലരും എവിടെന്നു ചോദിച്ചപ്പോൾ ചേലാട്ടച്ചു എന്ന് വല്യേട്ടൻമാർ പേരിട്ട മേനോനും വിപ്ലവമാമോദീസ മുക്കി ഇപ്പോൾ വല്യേട്ടൻമാർ നാക്കിൽ അരിവാൾ എന്നെഴുതിക്കൊടുത്ത പഴയ കരിങ്കാലിയും കണ്ണുപൊത്തിക്കളിക്കുകയായിരുന്നു. കരിങ്കാലിയുടെ പോലീസ് പുറത്ത് നടത്തിയ വാദ്യമേളങ്ങളിൽ അസുരവാദ്യമില്ലാതിരുന്നതുകൊണ്ടാകണം പിണറായി വിജയൻ ബാക്കിയായത്. ചരിത്രത്തിന്റെ നിയോഗവുമാവാം.
രണ്ടാളുടെ കൈകളിലും ഓരോ ആപ്പിൾ വീതമുണ്ട്. അത് പരസ്പരം കൈമാറിയാലും രണ്ടുപേരുടെ കൈകളിലും ഓരോ ആപ്പിൾ തന്നെയായിരിക്കും. ആപ്പിളിന്റെ സ്ഥാനത്ത് ഓരോ വിവരമാണെങ്കിൽ രണ്ടുപേർക്കും രണ്ടുവിവരമാണ് ലഭിക്കുക. കരുണാകരനെ കെട്ടിപ്പിടിച്ച സി.പി.ഐക്കും സി.പി.ഐയെ നന്നായുപയോഗിച്ച കരുണാകരനും രണ്ടു വിവരം വന്നത് ഇങ്ങിനെയാണ്. അച്ചുതമേനോന്റെ മൗനവും കരുണാകരന്റെ കളവും കൂടിയായപ്പോൾ മൊത്തം ഫ്യൂസു പോയി കേരളം ഇരുട്ടിലായതാണ് അടിയന്തിരാവസ്ഥയുടെ കേരളചരിത്രം. ഇന്ന് സ്ഥിതി മാറി. അന്ന് കരുണാകരന്റെ കളി കേരളത്തിലെ ചിന്തിക്കുന്ന ചെറുപ്പക്കാരോടായിരുന്നു. നമ്മളാലാവുന്ന ഉപകാരം നമ്മൾ ചെയ്‌തു കൊടുക്കുകയും ചെയ്‌തു. തീയ്യിന് വിറക് മതിയായാലും ആഗ്രഹത്തിന് അറുതി വരാത്ത ഒരു മഹാപ്രതിഭാസമാണ്. ഇന്ന് വിഴുങ്ങാൻ വരുന്നത് നമ്മളെത്തന്നെയാവുമ്പോൾ വീണുകിട്ടിയ വടിയായി എ.ഡി.ബി. എന്നൊരു സംഗതിയുളള വിവരം തന്നെ നമ്മളറിയുന്നത് ഇന്നാണ്.
വേറിട്ടൊരു ചാനൽപോലെ വി.ഐ.പികൾക്ക് പ്രത്യേകമായി വേറിട്ടൊരു ദർശനം എന്ന മഹത്തായ പരിപാടി അവസാനിച്ചതായാണറിവ്. വി.ഐ.പി.കളുടെ കരാളഹസ്‌തത്തിൽ നിന്നും അയ്യപ്പനെയും അവരുടെ പൃഷ്‌ഠദർശനഭാഗ്യത്തിൽ നിന്ന് വെറും പി.കളെയും മോചിപ്പിച്ച ബഹുമാനപ്പെട്ട കോടതിക്ക് സ്‌തുതി. ഇതുകൊണ്ട് വി.ഐ.പികൾ വല്ലാതെ ദുരിതമനുഭവിക്കുന്നതായും, വിധി വി.ഐ.പികളുടെ അവകാശത്തിനുമീതെയുളള കടന്നുകയറ്റമാണെന്നുമുളള തോന്നലിനെ തുടർന്ന് ചില വി.ഐ.പികൾ അപ്പീലിന്നുപോയതായും അറിയുന്നു. ജീവിക്കാനുളള അവകാശം മൗലീകാവകാശമാവുകയില്ലെങ്കിലും പ്രാർത്ഥിക്കാനുളള അവകാശം മൗലീകാവകാശമാക്കേണ്ടതാണ്. വി.ഐ.പികളുടെ പ്രത്യേകം ക്യൂവും മൗലീകാവകാശങ്ങളിൽ പെടുത്തി സംരക്ഷിക്കേണ്ടതാണ്. സാദാ പി.കളുടെ അവകാശം വി.ഐ.പി പൃഷ്‌ഠം കണ്ട് സായൂജ്യമടയുന്നതിൽ ഒതുങ്ങേണ്ടതാണ്. കൂടിയാൽ അവരെ കെട്ടിയെഴുന്നളളിക്കുമ്പോഴും കെട്ടഴിച്ച് കൊണ്ടുപോകുമ്പോഴും വീണുകിട്ടുന്ന പോലീസുകാരുടെ ഇടിയിലും തൊഴിയിലും ഒതുക്കേണ്ടതുമാണ്.
ഇനി വി.ഐ.പികളും സാദാ പി.കളും തമ്മിലുളള വ്യത്യാസം ഒരു പൊമേറിയനും തെരുവുപട്ടിയും തമ്മിലുളള വ്യത്യാസം മാത്രമാണെന്നും അതുകൊണ്ട് മൊഴിമാറ്റം പോലെ വിധിമാറ്റം സാദ്ധ്യമല്ലെന്നുമാണെങ്കിൽ വി.ഐ.പികൾക്ക് മറ്റൊരു മാർഗ്ഗമുണ്ട്. പണ്ട് ശ്രീനാരായണഗുരു ഞാൻ പ്രതിഷ്‌ഠിക്കുന്നത് ഈഴവശിവനെയാണെന്ന് പറഞ്ഞതുപോലെ എല്ലാവരും കൂടി ഒരയ്യപ്പനെ പ്രതിഷ്‌ഠിച്ച് വി.ഐ.പി വേൽ കൈയ്യിൽ പിടിപ്പിച്ച് വി.ഐ.പി മുരുകൻ എന്ന് നാമകരണം ചെയ്‌ത് ഒരു വി.ഐ.പി പൂജാരിയെ നിയമിച്ച് വി.ഐ.പി വിധിയാം വണ്ണം വി.ഐ.പി പൂജകൾ വിഘ്‌നം കൂടാതെ തുടങ്ങുക. ഒരു വി.ഐ.പി ജ്യോതിയും വി.ഐ.പി പരുന്തും കൂടിയായാൽ സംഗതി ഗംഭീരം.
Generated from archived content: humour_jan25_06.html Author: nithyan