നബി തിരുമേനിയുടെ കാർട്ടൂണും പരിശുദ്ധ സെക്യുലാറിസവും

പണ്ടൊരു പാതിരിയെ നരഭോജികൾ പിടിച്ച്‌ ഉരുളിയിലിട്ടു. തലവൻ ചട്ടുകവുമായി കാവൽ നിന്നു. സഹായിയെ ഇറച്ചിമസാലക്കയച്ചു. ഭയചകിതനായ പാതിരി അറിയാതെ സ്വയം ചോദിച്ചുപോയി.

“കർത്താവേ ഈ ഐ.ടി. യുഗത്തിലും മനുഷ്യൻ മനുഷ്യനെ തിന്നുകയോ?

”ലുക്ക്‌ ഫാദർ അയാം ഏൻ ഓക്‌സ്‌ഫഡ്‌ മാൻ ബട്‌ ട്രഡീഷൻ ഈസ്‌ ട്രഡീഷൻ“ എന്ന തലവന്റെ മറുപടി കേട്ട്‌ പാതിരി ഞെട്ടി.

”ഓക്‌സ്‌ഫഡ്‌ വിദ്യാഭ്യാസവും ശുദ്ധമായ ഇംഗ്ലീഷും ഒക്കെയുണ്ടായിട്ടും മകനേ നീ ഇപ്പോഴും നിന്റെ സഹജീവിയെ തിന്നുകയോ? നിനക്കു മാറ്റമൊന്നുമുണ്ടായില്ലേ?“

”ഷുവർ ഫാദർ, ബട്‌ നൗ ഐ യൂസ്‌ ദിസ്‌ ഫോർക്‌ അന്റ്‌ നൈഫ്‌.“ അതായിരുന്നു തലവന്റെ മറുപടി.

സൽമാൺ റഷ്‌ദി വഴി തസ്ലീമ നസ്രീനിലൂടെ കടന്ന്‌ നബിയുടെ കാർട്ടൂൺ വിപ്ലവത്തിലെത്തി നിൽക്കുമ്പോൾ ഓർത്തുപോയത്‌ ഈയൊരു തമാശയാണ്‌. ലോകത്തിലെ സകലമാന പ്രശ്‌നങ്ങൾക്കും കാരണമെന്താണ്‌ തിരുമേനീ എന്നൊരു ശിഷ്യൻ ചോദിച്ചപ്പോൾ ആ മഹാദാർശനീകൻ കളിയായും അതിലേറെ കാര്യമായും പറഞ്ഞതായി പറഞ്ഞുകേട്ടിട്ടുണ്ട്‌-മനുഷ്യന്‌ രണ്ട്‌ എല്ലില്ലാത്ത സംഗതികൾ പടച്ചോൻ അബദ്ധത്തിൽ കൊടുത്തുപോയി. ഹാസ്യത്തിന്റെ മർമ്മമറിഞ്ഞ ആ പ്രവാചകന്റെ ശിഷ്യർ ഒരു കാർട്ടൂൺ കണ്ടപ്പോൾ പ്രതികരിക്കേണ്ടത്‌ ഈവിധമോ? കലിയിളകിയ ശിഷ്യഗണങ്ങൾ അനുസ്‌മരിപ്പിക്കുന്നത്‌ കൊടുവാൾ വീണുകിട്ടിയ ഭ്രാന്തനെയാണ്‌.

ഒരു പ്രവാചകനെ നശിപ്പിക്കാൻ ദൈവം കുറെ ശിഷ്യൻമാരെ അങ്ങോട്ടയച്ചു കൊടുക്കുന്നു എന്നാരോ പറഞ്ഞിട്ടുണ്ട്‌. മാർക്‌സിനെയും വിവേകാനന്ദനെയും ഗാന്ധിജിയെയുമൊക്കെ കാണുമ്പോൾ അത്‌ ശരിയാണെന്ന്‌ തോന്നുന്നുമുണ്ട്‌. ജീവിതത്തിലൊരിക്കലും ഗാന്ധി വെക്കാത്ത തൊപ്പിക്കാണ്‌ ഗാന്ധിത്തൊപ്പിയെന്ന പേരിൽ പേറ്റന്റ്‌ കോൺഗ്രസുകാർ നേടിയിട്ടുളളത്‌.

റഷ്‌ദിയും തസ്‌ലീമയും മൂന്നാംകിടയോ നാലാംകിടയോ സാഹിത്യകാരനോ കാരിയോ ആകട്ടെ. അവർക്കു വധശിക്ഷ വിധിക്കാൻ ഒരു തലേക്കെട്ടിന്റെ യോഗ്യതയെ ആവശ്യമുളളൂ എന്നുവരുമ്പോൾ ഏതായാലും ലോകത്തിന്‌ ഭാവിയുണ്ട്‌. നബിയെ കൊളളണോ യേശുവിനെ താങ്ങണോ രാമനെ വഹിക്കണോ എന്നതൊക്കെ തികച്ചും ഒരാളുടെ വ്യക്തിപരമായ കാര്യം. നബി പറഞ്ഞതാണ്‌ ശരിയെന്ന്‌ ലോകത്തോട്‌ വിളിച്ചുപറയാൻ ഒരുകൂട്ടർക്ക്‌ അവകാശമുണ്ടെങ്കിൽ അതിന്‌ വരുന്ന മറുപടി കേൾക്കുവാനും അക്കൂട്ടർക്ക്‌ ബാദ്ധ്യതയുണ്ട്‌. അളള പലകോലത്തിലെന്നപോലെ അത്‌ നോവലായി വരും, നാടകമായി വരും ആത്മകഥയായി വരും കാർട്ടൂണായും വരും. ഇനി നബി പറഞ്ഞതിനപ്പുറമില്ല അത്‌ ഇരുമ്പുലക്കയാണ്‌ എന്ന്‌ ഉറപ്പുളളവർ താമസിയാതെ അതെടുത്ത്‌ വെറ്റില മുറുക്കുന്ന പല്ലില്ലാത്തവർക്ക്‌ കൊടുക്കുക.

ആങ്ങള ഒരു പെണ്ണിനെ പ്രേമിച്ച കുറ്റത്തിന്‌ പെങ്ങളെ കൂട്ടബലാൽസംഗത്തിന്‌ ശിക്ഷിച്ച്‌ ശിക്ഷ നടപ്പാക്കിയ യോഗ്യൻമാർ ഒരുഭാഗത്ത്‌. രണ്ടായിരത്തോളം വർഷം പഴക്കമുളള ചരിത്രത്തിന്റെ തിരുശേഷിപ്പുകളായ മറ്റൊരു പ്രവാചകൻ ശ്രീബുദ്ധന്റെ നിരവധി പ്രതിമകൾ ബോംബിട്ട്‌ തകർത്ത യോഗ്യൻമാർ മറുഭാഗത്ത്‌. ഇങ്ങിവിടെ സെക്യൂലറിസ്‌റ്റ്‌ നാട്ടിൽ ഖുറാനെ വ്യാഖ്യാനിച്ച കുറ്റത്തിന്‌ അഞ്ചുനേരം നിസ്‌കരിക്കുന്ന ചേകന്നൂർ മൗലവിയെത്തന്നെ തട്ടി മാതൃക കാട്ടിയ താലിബാനികൾ. ഇതെല്ലാം കാണുവാൻ ആ മഹാനായ പ്രവാചകൻ ഇല്ലാതെപോയത്‌ ഭാഗ്യം. തിരുമേനിയുണ്ടായിരുന്നെങ്കിൽ നെഞ്ചത്ത്‌ കുത്തി മരിച്ചേനെ. ഒരുകുറിപ്പെഴുതണമെന്ന്‌ തോന്നിയിരുന്നെങ്കിൽ അതിങ്ങിനെയായിരിക്കും-പരമകാരുണികനായ അല്ലാഹു ഇങ്ങോട്ടയച്ച ശിഷ്യൻമാർ ഫലത്തിൽ നമ്മുടെ ശത്രുക്കളായാണ്‌ ഭവിച്ചത്‌.

മേൽപറഞ്ഞ ഗണത്തിൽ വരുന്നതെല്ലാം പുല്ലുതിന്നാത്തത്‌ പോത്തുകളുടെ ഭാഗ്യമായി കരുതി സമാധാനിക്കാം. കുരുടൻ ആനയെക്കണ്ടപോലെ എന്നൊരു പ്രയോഗമുണ്ടല്ലോ? ഏതായാലും കുരുടൻമാർക്കെല്ലാം ആന തൂണാണെന്നും ചൂലാണെന്നുമൊക്കെയുളള ഭാഗികമായ അറിവെങ്കിലുമുണ്ടായിരുന്നു. ചുരുങ്ങിയത്‌ അതിന്റെ ശരീരത്തിലെ ഒരു ഭാഗമെങ്കിലും അങ്ങിനെയായിരുന്നു എന്നൊരു തോന്നലെങ്കിലുമുണ്ടായിരുന്നു. കുരുടൻമാർക്ക്‌ ലേശം ഉൾക്കാഴ്‌ചയെങ്കിലും കാണും. അതുകൂടിയില്ലാത്തവൻ ആനയെപ്പോലെയൊന്നിനെ പടിഞ്ഞാറു കണ്ടു. സെക്യുലാറിസം. വെബ്‌സ്‌റ്റർ ഡിക്ഷണറിയിൽ അതിന്റെയർത്ഥം പറഞ്ഞത്‌ ഇൻഡിഫറൻസ്‌ റ്റു ഓർ റിജക്ഷൻ ഓർ എക്‌സ്‌ക്ലൂഷൻ ഓഫ്‌ റിലീജിയൻ ആന്റ്‌ റിലീജിയസ്‌ കൺസിഡറേഷൻസ്‌ എന്നാണ്‌. ആ വാക്കിന്‌ മതേതരത്വം എന്നർത്ഥം കൽപിച്ചവന്റെ സ്ഥാനം കുരുടനും ഒരു പടി താഴെയാവാനേ വഴിയുളളൂ.

സീസറുടേത്‌ സീസറിന്‌ പളളിയുടേത്‌ പളളിക്ക്‌ എന്ന മുദ്രാവാക്യവുമായായിരുന്നു യൂറോപ്പിൽ സെക്യൂലറിസത്തിന്റെ വരവ്‌. അതായത്‌ ഭരണത്തിൽ പളളി ഇടപെടരുത്‌. പോപ്പ്‌ പറയുന്നത്‌ നിയമം എന്ന രീതിയിൽ കാര്യങ്ങൾ പോയിരുന്ന ബിലാത്തിയിൽ അതാവശ്യമായിരുന്നു. സായിപ്പിന്റെ സാമാനമായതുകൊണ്ട്‌ അസ്സലായിരിക്കും എന്ന പൊതുധാരണയുടെ അടിസ്ഥാനത്തിൽ നമ്മൾ ചുമന്നുകൊണ്ടുവന്ന്‌ പ്രസവവാർഡിന്‌ ബ്രാക്കറ്റിൽ സ്‌ത്രീകൾക്കുമാത്രം എന്നെഴുതിക്കൊടുത്തു. കൂപ്പില്ലാത്തിടത്ത്‌ ആനയെക്കൊണ്ടുവന്നതും പോകട്ടെ ആനയുടെ അർത്ഥം കുതിരയെന്നെഴുതുകയും ചെയ്‌തു.

85 ശതമാനം ജനത സെക്യുലറായ നാടായതുകൊണ്ടാണ്‌ സരസ്വതിയുടെ നഗ്നചിത്രം എം.എഫ്‌.ഹുസൈൻ വരച്ചപ്പോൾ തടി കേടാവാതിരുന്നത്‌ എന്ന്‌ തിരിച്ചറിയാനുളള ബുദ്ധി നമുക്കില്ലാതെ പോയി. ബജ്‌റംഗദളം പോലുളളവരുണ്ടാക്കിയ ചില്ലറയൊച്ചപ്പാടുകൾ മറച്ചുവെക്കുന്നില്ല. കുലത്തിൽ പിറന്ന്‌ കുരങ്ങായിപ്പോയവരുടെ ചെറിയ പട്ടികയുളളതിൽ തല്‌ക്കാലം അവരെ പെടുത്തുക. ആ ചിത്രം നിത്യന്‌ കിട്ടിയില്ല. അതുകൊണ്ട്‌ മേശമേൽ ഫ്രെയിം ചെയ്‌ത്‌ വെക്കാനും പറ്റിയില്ല.

ഈ 85 ശതമാനം സെക്യുലറായ ജനം വസിക്കുന്നിടത്താണ്‌ റഷ്‌ദിയുടെ നോവൽ നമ്മൾ നിരോധിച്ചത്‌. നാലുവോട്ടിനുവേണ്ടി നാം ബലികൊടുത്തത്‌ പരമ്പരാഗതമായി നമുക്ക്‌ പകർന്നുകിട്ടിയ സെക്യുലാർ വിശ്വാസമാണ്‌. വൈരുദ്ധ്യാത്മക ഭൗതീകവാദ പ്രവാചകൻമാരും വിപ്ലവകാരികളുമാണ്‌ തസ്‌ലീമ ലജ്ജിക്കുവാൻ പാടില്ലെന്ന്‌ വിധിച്ചത്‌. അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യമുയരുന്നു. മതേതരക്കാരെയും താലിബാനികളെയും വേർതിരിക്കുന്ന അതിർവരമ്പ്‌ ഏതാണ്‌? ഒരുകാര്യം ഉറപ്പാണ്‌ ആ അതിർവരമ്പ്‌ വളരെ നേർത്തതാണ്‌. ആർക്കും എപ്പോഴും കയറിമറിയാം. തരം കിട്ടുമ്പോൾ ആവിഷ്‌കാരസ്വാതന്ത്ര്യം എന്നു വിളിച്ചു കൂവുന്നതിൽ യാതൊരു വീഴ്‌ചയും വരുത്തരുതെന്ന്‌ മാത്രം.

ഈയടുത്ത്‌ ഒരഭിമുഖത്തിൽ തസ്‌ലീമ നസ്രീനിനോട്‌ അവർക്ക്‌ അഭയം നല്‌കിയ നാടായതുകൊണ്ട്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യ ലേഖകൻ ഇന്ത്യൻ സെക്യുലറിസത്തെപ്പറ്റി ചോദിച്ചു. കിട്ടിയ മറുപടി നമ്മുടെ കണ്ണ്‌ തുറപ്പിക്കേണ്ടതാണ്‌. അവർ പറഞ്ഞത്‌ ഇന്ത്യ സെക്യുലാറല്ലെന്നാണ്‌. കാലമിത്രയായിട്ടും ഒരു ഏക സിവിൽകോഡില്ലാത്ത നിങ്ങൾ എന്ത്‌ സെക്യുലാറെന്നാണവർ തിരിച്ച്‌ ചോദിച്ചത്‌.

എന്തിന്നു ഭാരതധരേ കരയുന്നൂ? മഹാഭൂരിഭാഗം ജനം സെക്യുലറായത്‌ നിന്റെ ഭാഗ്യം. ജനനായകർ മഹാഭൂരിഭാഗം ആൾദൈവങ്ങളുടെയും തലേക്കെട്ടുകാരുടെയും ളോഹയുടെയും വിഴുപ്പ്‌ പേറികളുമായിപ്പോയത്‌ നിന്റെ നിർഭാഗ്യം.

Generated from archived content: humour_feb15_06.html Author: nithyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here