നാടകംഃ മതേതര ഗൗഡയും നാല്‌പത്തിയൊന്ന്‌ അനുയായികളും

മതേതരത്വത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച തെക്കെ ഇന്ത്യയിലെ ഒരു കലാകാരൻ എന്ന നിലയിൽ തന്നെയായിരിക്കും ഭാവിയിൽ ഹരദനഹളളി ദൊഡ്ഡ ദേവെഗൗഡർ അറിയപ്പെടുക. അതിനെന്താണ്‌ തെളിവ്‌ എന്നാരെങ്കിലും ചോദിച്ചാൽ-ആരും ചോദിക്കാൻ വഴിയില്ല-എന്നാലും ഏതെങ്കിലും സംശയാലുക്കൾ ചോദിച്ചാൽ തന്നെ എന്തിന്‌ നിരവധി ഉദാഹരണങ്ങൾ-ആ ഒരൊറ്റ മാതൃവിലാപം തന്നെ ധാരാളം.

(മകനേ കുമാരൂ തിരിച്ചുവരൂ. മതേതരത്വത്തിന്റെ തലക്കിട്ട്‌ നീ അടിച്ച അടിയുടെ ആഘാതത്തിൽ ബോധം പോയി അച്‌ഛൻ മൃതപ്രായനായി ഇരിക്കുകയാണ്‌. ഊണും വേണ്ട ഉറക്കവും വേണ്ട. നിന്റെയച്ഛൻ എന്നു പറഞ്ഞാൽ ചില്ലറപ്പെട്ട മതേതരനൊന്നുമല്ല. അപൂർവ്വ ജനുസ്സിൽ പെട്ട സാധനമാണ്‌. മുജ്ജന്മ സുകൃതത്തിലും പാപത്തിലും എല്ലാം വിശ്വസിക്കുന്നവനും, ദൈവത്തിലുമുപരിയായി കാര്യസ്ഥനായ കണിയാനിൽ പരമമായ വിശ്വാസം വച്ചുപുലർത്തുന്നയാളും മക്കളുടെ ഭാവിയിൽ മറ്റാരെക്കാളും താത്‌പര്യമുളള മഹാത്മാവുമാണ്‌. മഹാത്മാവെന്ന്‌ പറഞ്ഞത്‌ തെറ്റിദ്ധരിച്ച്‌ നീ കത്തിയുമായി വരരുത്‌. നിന്റെയമ്മ ഉദ്ദേശിക്കുന്നത്‌ മഹാത്മാഗാന്ധിയെയല്ല. നിന്റെയച്ഛനും എന്റെ അഭിവന്ദ്യ ഭർത്താവുമായ ഹരദനഹളളി ദൊഡ്‌ഡെ ദേവെഗൗഡരെ തന്നെയാണ്‌. കർഷകരുടെ കണ്ണിലുണ്ണി. ജൻമിഃബൂർഷ്വാസികളുടെ കണ്ണിലെ കരട്‌.

ഇന്നല്ലെങ്കിൽ നിനക്ക്‌ പിന്നീടൊരിക്കലും കന്നഡിഗരുടെ മുഖ്യമന്ത്രിയാവാൻ പറ്റുകയില്ലെന്ന്‌ ഒരു കണിയാൻ പറഞ്ഞതാണല്ലോ എല്ലാറ്റിന്റെയും തുടക്കം. മകനേ നിന്റെയപ്പൻ ഇന്ത്യാമഹാരാജ്യത്തിന്റെ പ്രധാനമന്ത്രിയാവുമെന്ന്‌ കണിയാൻ പോയിട്ട്‌ സാക്ഷാൽ ദൈവം കരുതിക്കാണുമോ? കുമാരാ നീ മുഖ്യമന്ത്രിയായി കാണുവാൻ മറ്റാരെക്കാളും ആഗ്രഹിക്കുന്ന മഹാത്മാവായ നിന്റെ അഭിവന്ദ്യപിതാവിനോട്‌ ഇതാണ്‌ പറ്റിയ സമയം പാലം വലിക്കുവാൻ എന്നൊരു കണിയാനും പറയാതിരുന്നത്‌ അദ്ദേഹത്തിന്റെ കുറ്റമാണോ? അതുകൊണ്ട്‌ അദ്ദേഹത്തെ ഒരിക്കലും തെറ്റിദ്ധരിക്കാതെ അനുസരണയുളള കുട്ടിയായി തിരിച്ചുവരൂ. മകനേ ഇതാണിന്ത്യയുടെ ഭൂപടം, മകനേ ഇതാണിന്ത്യയുടെ നേർപടം.

പ്രിയപ്പെട്ട മകനേ, ദുരന്തപര്യവസായിയായി കലാശിച്ചു എന്നു മതേതരപ്രതിഭകളും ശുഭപര്യവസായിയായി എന്ന്‌ സംഘപരിവാരങ്ങളും കരുതുന്ന ഈ നാടകത്തിന്‌ ഒരേയൊരു കാരണമേയുളളൂ. അത്‌ നിങ്ങൾ രണ്ടുപേരും കൂടി രണ്ട്‌ കണിയാൻമാരെ കണ്ടതാണ്‌. നിനക്ക്‌ ഈ ബുദ്ധിയുപദേശിച്ചുതന്ന ആ മഹാനായ കണിയാനെ വിട്ട്‌ ഇനിമേലിൽ പിതാവ്‌ മറ്റൊരു കണിയാനെ തേടിപ്പോവുകയില്ല. ആയൊരു ഉറപ്പ്‌ അദ്ദേഹം നൽകിയ സ്ഥിതിക്ക്‌ മകനേ നീ താമസിയാതെ പരിശുദ്ധ പിതാവിങ്കലേക്ക്‌ യാത്രയാവുക. അങ്ങിനെ മതേതരത്വത്തിന്റെ ഭാവിക്ക്‌ അനിവാര്യമായ ഒരു കോമൺ മിനിമം കണിയാൻ എന്ന സങ്കല്പം യാഥാർത്ഥ്യമാക്കുക. മകനേ ഇതാണിന്ത്യയുടെ മാർവ്വിടം. ഉചിതമായത്‌ ചെയ്‌തുകൊളളുക.)

റിക്‌ടർ സ്‌കെയിലിൽ ഒരു മുഖ്യമന്ത്രിസ്ഥാനം രേഖപ്പെടുത്തിയ അതിശക്തമായ ഒരു മതേതരക്കിലുക്കത്തിന്റെ ആഘാതത്തിൽ അച്‌ഛൻ ഉറക്കം തൂങ്ങി ബോധം കെട്ട്‌ കിടക്കയിൽ മകൻ മുഖ്യമന്ത്രിക്കസേരയിൽ. സഹമതേതരത്വ പ്രമുഖൻമാർ കൊടൈക്കനാലിൽ. കേരളത്തിലെ കാര്യസ്ഥൻ കനോളി കനാലിൽ. നാടകം പകുതിയിൽ തുടങ്ങി ഭൂതത്തിലേക്ക്‌ സഞ്ചരിച്ച്‌ ഭാവിയിലേക്കു കുതിക്കുന്ന രീതിയിലാണ്‌ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌.

ലോകനാടക പ്രസ്ഥാനത്തിന്‌ അതുല്യമായ സംഭാവന നൽകിയ നാടകകൃത്താണ്‌ ഷേക്‌സ്‌പിയർ. കോമഡിയും ട്രാജഡിയും ഒരേ നാടകത്തിൽ സംയോജിപ്പിച്ച്‌ അതുവരെ ആരും നടത്താത്ത ഒരു പരീക്ഷണത്തിന്‌ മുതിർന്നത്‌ മൂപ്പരാണ്‌. അതിന്റെ പേരിൽ മൂപ്പരെ പഴിച്ചത്‌ ഡോ.ജോൺസണെപ്പോലുളള വിമർശകരുമായിരുന്നു. ഏതാണ്ട്‌ അതിനോടു സാമ്യമുളള ഒരു നാടകം അബ്‌സേർഡ്‌ തിയേറ്ററിലാണെങ്കിൽ കൂടി ഇപ്പോൾ അരങ്ങേറിയിട്ടുളളത്‌ കന്നടദേശത്താണ്‌. നാടകാചാര്യൻ എൻ.എൻ.പിളളയെ ഓർമ്മിപ്പിക്കും വിധം ഗൗഡർ പുത്രകളത്രാദികൾക്കൊപ്പം അരങ്ങു തകർത്തു. പുറത്തുനിന്നെന്ന്‌ പറയുവാൻ കുടിയാൻമാരായ കുറെ കോമാളികളും. ഷേക്‌സ്‌പീരിയൻ ടെക്‌നിക്‌ ഉപയോഗിച്ചതു കാരണം കണിയാൻ രംഗത്തില്ല. കഥ നിയന്ത്രിക്കുന്നതാകട്ടെ അദൃശ്യനായ കണിയാന്റെ അതിശക്തമായ ഇടപെടലുകളും.

ഏറ്റവും കൂടുതൽ സീറ്റിലേക്ക്‌ ജനം തിരഞ്ഞെടുത്ത വിജയനെ മൂലക്കിരുത്തി ചില്ലറ കിട്ടിയ പരാജിതനെ അധികാരത്തിലേറ്റിയ മഹത്തായ ജനാധിപത്യത്തിന്റെ ഒന്നാംഘട്ടം ആക്‌ട്‌ വൺ മതേതരവിജയം. ഹണിമൂൺ ആഘോഷങ്ങൾ ഗംഭീരമായി നടന്നു. ഒരൊറ്റ അജണ്ടയായിരുന്നു യോജിപ്പിനു കാരണം. മതേതരത്വം നീണാൾ വാഴണം. സംഗതി ഇതുവരെയും നീണാൾ വാണു. ഇനിയും വാണാൽ കുമാരു വാഴുകയില്ല എന്നൊരു അശരീരിയോടെ ആദ്യഭാഗത്തിന്‌ തിരശ്ശീല വീഴുന്നു.

ജനം സസ്‌പെൻസിന്റെ മുൾമുനയിൽ. അടുത്ത രംഗം തുടങ്ങുകയായി. അദൃശ്യനായ കണിയാൻ കാട്ടിക്കൊടുത്ത പാതയിലൂടെ കുമാരു മുന്നോട്ട്‌. മതെതരത്വത്തിനെ പുതപ്പിച്ചു കിടത്തുവാൻ നല്ലൊരു പട്ട്‌ അച്ഛനെയും അനുജനെയും ഏല്‌പിച്ചുകൊണ്ട്‌ രാജ്യഭാരം ചുമക്കുവാനുളള യാത്ര. സംഘപരിവാരത്തിന്റെ പാദുകം തലയിൽ ഇരുമുടിക്കെട്ടായി വച്ചുകൊണ്ട്‌ നാൽപത്തൊന്നു അനുയായികളുമായുളള പ്രയാണം. മകനേ തിരിച്ചുവരൂ എന്ന മാതൃവിലാപത്തിന്‌ മുന്നിൽപോലും പതറാതെ ശങ്കരാചാര്യരുടെ ദൃഢചിത്തതയോടെ കുമാരസ്വാമി മുന്നോട്ട്‌.

നാടകം ശുഭപര്യവസായിയായി കലാശിക്കുന്നത്‌ ഗൗഡയുടെ സുപ്രസിദ്ധ ഡയലോഗോടുകൂടിയാണ്‌. ഇതെന്റെ കർമ്മഫലം അതായത്‌ പണ്ടേ ഇതു ഞാൻ ചെയ്‌ത്‌ മുഖ്യനാവേണ്ടതായിരുന്നു. അല്ലെങ്കിൽ പിളേളർ തമ്മിൽ കുത്തി മരിക്കുകയില്ലെന്ന ഉറപ്പുണ്ടെങ്കിൽ കുമാരുവിനെ വാഴിക്കേണ്ടതായിരുന്നു. ഇത്രകാലം പാഴായിപ്പോവുകയില്ലായിരുന്നു. മതേതരത്വത്തിനുവേണ്ടി ചെയ്‌ത ഉപകാരം ഫലത്തിൽ കർഷകർക്ക്‌ ചെയ്‌ത ഉപദ്രവമായി. ഇതുതന്നെയാണ്‌ ശരിയായ പ്രായശ്ചിത്തം.

വിദൂഷകന്റെ അവസാനത്തെ ഇടപെടലോടുകൂടിയാണ്‌ നാടകം സമാപിക്കുന്നത്‌. കണിയാൻ സഹായിച്ച്‌ കുമാരുവിന്‌ ഒരൊറ്റ അജണ്ട മാത്രം അത്‌ മിനിമം മുഖ്യമന്ത്രിപദം. ഏറ്റവും മുന്തിയ പരിഗണന മതേതരത്വത്തിനാണെങ്കിൽ, പണ്ട്‌ ഗൗഡരെ പ്രധാനമന്ത്രിയാക്കിയപോലെ കുമാരുവിനെ മുഖ്യനാക്കി കോൺഗ്രസുകാർക്ക്‌ പിന്തുണച്ചാൽ പോരേ എന്ന വിദൂഷകന്റെ ഉത്തരമില്ലാ ചോദ്യത്തോടെ നാടകം സമാപിക്കുന്നു.

ഇനിയെഴുതാൻ ബാക്കിയുളളത്‌. നാടാറുമാസം കാടാറുമാസം സിദ്ധാന്തപ്രകാരമാണ്‌ ഇനിയങ്ങോട്ടുളള പ്രയാണം. സംഘപരിവാരം അങ്ങേയറ്റത്തെ പിന്തിരിപ്പൻമാരും സവർണ ഫാസിസ്‌റ്റുകളുമായിത്തീരുവാൻ ഈ രണ്ടുകൊല്ലം തന്നെ ധാരാളം. നടപ്പുസമ്പ്രദായമനുസരിച്ച്‌ ഇതിന്‌ ഇരുപത്തിനാലു മണിക്കൂർ തന്നെ ആവശ്യമില്ല. അപ്പോൾ നാം ഒരു കോമൺ മിനിമം അടിയടിച്ച്‌ പിരിയുക. അതോടെ യെഡിയൂരപ്പയുടെ ഭാവി ശോഭനമാവും. അടുത്ത രണ്ടുവർഷവും കുമാരുതന്നെ വാഴും. കോൺഗ്രസിന്റെ പിന്തുണയോടെ. മതേതരത്വം ശക്തിപ്പെടുത്തുകയെന്നത്‌ അജണ്ട. കുതിരക്കച്ചവടം എന്നറിയപ്പെടുന്ന സംഗതി അതായിരിക്കുകയില്ല.

Generated from archived content: humour_feb08_06.html Author: nithyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English