വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാർട്ടി എന്ന പേര് കേരള കോൺഗ്രസുകാർക്ക് സ്വന്തം. വളരാതെയും പിളരാമെന്ന് കാണിച്ചുതന്നതാണ് ജനതാദളത്തിന്റെ സംഭാവന. വളർച്ചയില്ലെന്ന് പറയുന്നത് പൂർണ്ണമായും ശരിയല്ല. ആളുകളുടെ എണ്ണത്തിൽ വളർച്ചയില്ലെങ്കിലും നേതാക്കൾ വിലങ്ങനെ അനുസ്യൂതം വളർന്നുകൊണ്ടിരിക്കുന്നു. ഒട്ടകത്തിനിടം കൊടുത്ത അവസ്ഥ. വളർന്നു വളർന്ന് ടെന്റു പൊളിച്ച് നേതാക്കൻമാർ പുറത്തുവരികയാണ് പതിവ്. രാഷ്‌ട്രീയഭാഷയിൽ അത് പിളർപ്പ് എന്നാണ് അറിയപ്പെടുന്നത്.
റാം മനോഹർ ലോഹ്യയിലും ജയപ്രകാശ് നാരായണനിലും ആചാര്യ കൃപലാനിയിലും കുറഞ്ഞ ആർക്കും ദളത്തിൽ സ്ഥാനമില്ല. ലാലുയാദവൻ, പാസ്വാൻ, വിനീത കർഷകൻ ഹരദനഹളളി ദൊഡ്‌ഢെ ഗൗഡ ദേവ ഗൗഡർ, അദ്ദേഹം രാഷ്‌ട്രസേവനത്തിനായി സമർപ്പിച്ച വീരസുതൻമാർ, മർഹു താവുദേവിലാൽ, വീരസുതൻ ചൗട്ടാല, ഇങ്ങ് വീരേന്ദ്രകുമാർ അങ്ങിനെ എത്രയെത്ര മഹാരഥൻമാർ. ലോഹ്യയെയും കൂട്ടരെയുംകാൾ എന്തുകൊണ്ടും യോഗ്യർ എന്ന് കാലം തെളിയിച്ച എത്രയെത്ര പ്രതിഭകളാണ്.
വീട് നന്നാക്കാത്തവനൊരു നാട് നന്നാക്കാനാവുമോ എന്നാരോ പണ്ട് ചോദിച്ചത് അങ്ങ് ലോഹ്യാദികളെയും ഇങ്ങ് കൃഷ്‌ണപ്പിളളമാരെയുമൊക്കെ കണ്ടിട്ടാവണം. വീട് മാത്രമല്ല പുത്രകളത്രാദികളെയും പരമാവധി നന്നാക്കി. ഇനിയൊരു പത്തു മന്ദബുദ്ധികളുടെ തലമുറ വന്നാലും പട്ടിണി കിടക്കേണ്ടിവരില്ല എന്നുറപ്പിച്ചു. സ്വന്തം രാജ്യം മാത്രമല്ല അയൽരാജ്യം കൂടി നന്നാക്കാനുളള കഴിവിന് വേറെന്ത് തെളിവാണ് വേണ്ടത്?
ജയപ്രകാശ് നാരായണനെ ചങ്ങലക്കിട്ട് വലിച്ചു കൊണ്ടുപോയി അകത്തിട്ട് മഹാത്മജി കാണാത്ത ഒരു മാനം സ്വാതന്ത്ര്യത്തിന് കണ്ടെത്തിയ ഇന്ദിരാജിയുടെ അടിയന്തിരാവസ്ഥക്കുശേഷം 1977-ൽ പൊതു തിരഞ്ഞെടുപ്പ്. ആദ്യത്തെ കോൺഗ്രസിതര മന്ത്രിസഭ-295 സീറ്റോടെ ജനതാപാർട്ടി നേതൃത്വത്തിൽ വരുന്നു. 1969-ൽ കോൺഗ്രസിൽ നിന്നും വിട്ടുവന്ന മൊറാർജിയുടെ നേതൃത്വത്തിൽ. അന്ന് പേരുംകൂടി മാറ്റാത്ത ജനസംഘമായിരുന്നു കൂട്ടുകക്ഷി. അദ്വാനിയും വാജ്‌പേയിയും തന്നെ നേതൃത്വം നൽകിയ ജനസംഘം. ഒപ്പം സോഷ്യലിസ്‌റ്റ് ഫെയിം ജോർജ് ഫർണാണ്ടസും. ആ മന്ത്രിസഭയുടെ ശവപ്പെട്ടിയുടെ നെരിയാണിയായി ചരൺസിങ്ങിന്റെ ലോക്‌ദളും.
ആ മഹത്തായ ഒരു ചരിത്ര സംഭവത്തിന്റെ ബാക്കിപത്രങ്ങളാണ് ഇക്കാണുന്ന ദളങ്ങളായ ദളങ്ങളൊക്കെയും. ഇതിന്റെയെല്ലാം പിതൃത്വം ലോക്‌നായകനും ലോഹ്യക്കുമവകാശപ്പെട്ടതാണെന്ന് പറഞ്ഞാൽ, ദൈവമേ (ആദ്യമായി വിളിച്ചുപോവുകയാണ്) ആരു വിശ്വസിക്കും. പോലീസുകാരുടെ സാന്നിദ്ധ്യത്തിൽ പോലും ഇത് നാലാളുടെ മുന്നിൽ വച്ചു പറയുവാൻ ധൈര്യം കിട്ടിയെന്നു വരില്ല.
ബി.ജെ.പി ഒരു ഭാഗത്തുനിന്നും എൽ.ഡി.എഫ് മറുഭാഗത്തുനിന്നും താങ്ങി വി.പി. സിങ്ങിനെ വാഴിച്ചു. പറയുന്നത് ചെയ്യാതിരിക്കുകയും ചെയ്യുന്നത് പറയാതിരിക്കുകയും ചെയ്യുക എന്ന പൊതു നയം സിങ്ങ് ലംഘിച്ചു. മണ്‌ഡൽ കമ്മീഷൻ റിപ്പോർട്ട് പൊക്കിക്കാണിച്ചു. സംഘപരിവാരം കാലുവാരി. ജനതാപരിവാരം ധരണിയിൽ പതിച്ചു. കാലം പിന്നെയുമൊഴുകി. ഉറക്കം തൂങ്ങി കിടക്കയിൽ വീണു എന്നു പറഞ്ഞപോലെ ഗൗഡർ ഒരു സുപ്രഭാതത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയുമായി.
സമയം നന്നായാൽ ആർക്കും എവിടെയുമെത്താം എന്നു ഗൗഡർ പഠിച്ചത് അന്നാണ്. മക്കളെ പഠിപ്പിച്ചതും. ഇന്ത്യൻ ജനതയെ നമ്പുന്നതിലും നല്ലത് ഏതെങ്കിലും കണിയാനെ നമ്പുന്നതാണെന്നും. വോട്ടർമാരെ നമ്പിയാൽ സിനിമയിൽപോലും ഒരു പ്രധാനമന്ത്രി പദവി ഗൗഡക്ക് കിട്ടിയെന്നുവരില്ല. ഹരദനഹളളി ദൊഡ്‌ഢെ കുമാരസ്വാമി അത് ഒന്നുകൂടി വൃത്തിയായി തെളിയിച്ചു. ജ്യോതിഷി പറഞ്ഞു പാലം വലിക്കാൻ. താമസം വിനാ കന്നഡിഗരുടെ മുഖ്യമന്ത്രിയാവാൻ. മകൻ പാലം വലിച്ചു. അച്ഛൻ ഉളളാലെ ചിരിച്ചു. പുറമേ തലക്കു കൈവച്ചു.
യഥാർത്ഥ സെക്യുലറിസ്‌റ്റുകൾ അങ്ങിനെയാണ്. അവർ പ്രവർത്തിക്കുക ഏതെങ്കിലും കണിയാൻ പറയുന്നതുപോലെയായിരിക്കും. ജനതാദൾ (സെക്യുലാർ)-പേരിൽതന്നെ സെക്യുലറായ പാർട്ടി. കണിയാൻ പറയുന്നതിനനുസരിച്ച് കളം മാറ്റിച്ചവിട്ടുന്ന ഗൗഡർ നേതാവ്. പണ്ട് ഗൗഡരുടെ പ്രമുഖ മതേതര ഉപദേഷ്‌ടാവ് സുർജിത് സഖാവായിരുന്നു. മൂപ്പരാണെങ്കിൽ മതേതരത്വത്തിന്റെ ജീവിച്ചിരിക്കുന്ന ആൾരൂപം. മതേതരത്വത്തിന്റെ ഒന്നാംതരം ലക്ഷണമായി തലയിലൊരു വട്ടക്കെട്ട്. ഐശ്വര്യമുളള ഒരു താടിയും. ഈ സഖ്യം വന്നതിന് ശേഷമാണ് മതേതരത്വം വല്ലാതങ്ങ് അഭിവൃദ്ധിപ്പെട്ടുപോയത്.
1987-ലെ ബൊമ്മെ മന്ത്രിസഭയിൽ നിന്നും ജലവിഭവഫണ്ട് കുറവാണെന്നും പറഞ്ഞിറങ്ങിപ്പോയ ഗൗഡർ താമസംവിനാ ലക്ഷണമൊത്ത മതേതരനായി പ്രത്യക്ഷപ്പെടുകയാണുണ്ടായത്. അധികാരമോഹം, സ്വജനപക്ഷപാതം എന്നീ സൽസ്വഭാവങ്ങൾ തുല്യ അളവിൽ മതേതരത്വത്തോട് കൂട്ടിച്ചേർത്തതാണ് ഗൗഡയുടെ വൻവിജയത്തിന്റെ ഫോർമുല. 1990-ൽ ഗൗഡർ മുഖ്യമന്ത്രിപദത്തിൽ വാഴുമ്പോൾ ഒരു നാൾ വാത്സല്യനിധിയായ പുത്രൻ രേവണ്ണ കയറി അച്‌ഛന്റെ കസാരയിലിരുന്നു. ചില്ലറ അലമ്പുണ്ടായി എന്നതൊഴിച്ചാൽ സംഗതി ശുഭം.
ജനതാദളത്തിന്റെ അനിഷേദ്ധ്യനേതാവാണ് ഗൗഡ എന്നാണറിയപ്പെടുന്നത്. 46 അംഗങ്ങളിൽ 41 എണ്ണവും കുമാരസ്വാമിയോടൊപ്പമാണെന്നാണ് കേൾക്കുന്നത്. ഒരു ദേശീയ നേതാവിന്റെ വാക്കു കേൾക്കുവാൻ മക്കളടക്കം ഒരു പത്താളെങ്കിലുമില്ല എന്നത് വാസ്‌തവമെങ്കിൽ, മൂപ്പർ ഇന്ത്യൻ പ്രധാനമന്ത്രിയായത് എട്ടാമത്തെ അത്ഭുതം. എട്ടാമത്തെ ലോകാത്ഭുതമായി വിദേശികൾക്ക് ഗൗഡരെ കാണിച്ചുകൊടുക്കാൻ ഇനിയെങ്കിലുമാരും മടിക്കരുത്.
ഇനി മറ്റൊരത്ഭുതം. ഒമ്പതാമത്തേതാക്കുന്നതിൽ തെറ്റൊന്നുമില്ല. ഭാര്യയുടേയും രണ്ടു പെൺമക്കളുടെയും (?) മാത്രം പിന്തുണയുളള ഒരു ദേശീയനേതാവിനോടൊപ്പമാണ് ഞാനും എന്ന പ്രസ്‌താവനയുമായി വീരേന്ദ്രകുമാർ രംഗത്തെത്തിയതാണ് ഹാസ്യരംഗത്തിന്റെ ക്ലൈമാക്‌സ്. മക്കളുടെ ഭാവിയിൽ ഉത്‌ക്കണ്‌ഠയുളള ഏതച്ഛനും ഇങ്ങിനെയാണ് ചിന്തിക്കേണ്ടത്. ഗൗഡ കളിച്ചതാണ് കളിയെന്ന തിരിച്ചറിവാണുണ്ടാകേണ്ടത്. ലോഹ്യായുടെ ശിഷ്യനും ലോക്‌നായകിന്റെ യഥാർത്ഥ ശിഷ്യനാകുവാനുളള പരമമായ യോഗ്യത ഇപ്പറഞ്ഞതുതന്നെയാണ്. ഇതല്ലേ പറഞ്ഞുളളൂ എന്ന് നമുക്ക് സമാധാനിക്കാം.
Generated from archived content: humour_feb03_06.html Author: nithyan