പൊതുവെ ഉദ്ധാരണശേഷി കുറഞ്ഞവർക്കുളളതാണ് ഉദ്ധരണി. സ്വന്തം ഉദ്ധരണിയാവുമ്പോൾ വലിയ കുഴപ്പമില്ലെന്നു തോന്നുന്നു. ബി.ജെ.പിയുടെ വാട്ടർലൂ അഥവാ തിരുവനന്തപുരം സംഭവത്തിനുമുൻപേ എഴുതിയ ലേഖനത്തിൽ നിന്നും-“ഇനി വേറൊരു കൂട്ടരുണ്ട്. പരമയോഗ്യൻമാർ പരമഭാഗ്യവാൻമാർ. നാളിതുവരെയായി സ്വന്തം സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്‌ത് ശീലിച്ചിട്ടില്ലാത്തവർ. അടവുനയത്തിന്റെ കാര്യത്തിൽ സി.പി.എമ്മിൽ നിന്നും ഒരു പടികൂടി മുന്നോട്ടാവാനേ തരമുളളൂ. അവരുടെ അടവും നയവും ഒരേ ദിശയിലാണ് സഞ്ചരിക്കുക. അതായത് കത്രികകൊണ്ട് ഉദ്ദേശിക്കുന്ന ഫലമല്ല ലഭിക്കുക. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും അത് തിരിച്ചുപിടിച്ച് സ്വന്തം സ്ഥാനാർത്ഥിയുടെ നെഞ്ചത്ത് പ്രയോഗിക്കും. ഇങ്ങിനെ ഹരാകിരി നടത്തുന്ന പരിവാരങ്ങൾ മൊത്തമായി സംഘപരിവാരം എന്നാണറിയപ്പെടുന്നത്. അവരുടെ ചിഹ്നത്തിനുമുണ്ട് ചില്ലറ പ്രത്യേകതകൾ. ശുദ്ധജലത്തിൽ താമര വിരിഞ്ഞ ചരിത്രമില്ല. അതുകൊണ്ട് സംഘപരിവാരമാകുന്ന ചളിക്കുണ്ടാണ് ഏക പ്രതീക്ഷ.”
ബി.ജെ.പിക്ക് ഐഡന്റിറ്റി നഷ്‌ടപ്പെട്ടു പാർട്ടിയുടെ മാനം പോയി എന്നൊക്കെ മലബാറുകാരുടെ കണ്ണിലുണ്ണിയും തിരുവിതാംകൂറുകാരുടെ കണ്ണിലെ കരടുമായ പപ്പൻ. ഇത്രകാലവും ഒരു ഐഡന്റിറ്റി ഉണ്ടായിരുന്നതിന് തെളിവൊന്നും ആരും ചോദിച്ചേക്കരുത്. കഥയിൽ ചോദ്യമില്ലെന്നാണ്. ഐഡന്റിറ്റി തന്നെയില്ലാത്തവർക്ക് എങ്ങിനെ ഐഡന്റിറ്റി ക്രൈസിസ് വരുമെന്നതിനെക്കുറിച്ച് വിശദീകരിച്ചു തരുവാൻ ഒരു ഇ.എം.എസും ഇല്ലാതെ പോയി. കൈരളിയുടെ ദൗർഭാഗ്യം എന്നല്ലാതെന്തു പറയുവാൻ.
ഭൂരിപക്ഷം മാനനഷ്‌ടക്കേസുകളിലും വിചാരണക്ക് മിനക്കെടേണ്ട ഗതികേട് കോടതികൾക്കുണ്ടാവാറില്ല. വിധിച്ച മാനനഷ്‌ടക്കേസുകൾ കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടെന്നും തോന്നുന്നില്ല. അത് ഒരു കാര്യം വ്യക്തമാക്കുന്നു. ഉളുപ്പ്, മുരുമ എന്നൊക്കെ പ്രാദേശികമായി അറിയപ്പെടുന്ന മാനം രാഷ്‌ട്രീയക്കാരിൽ പൊതുവെ കണ്ടുവരുന്ന ഒരു സംഗതിയല്ല. അഥവാ ഇനിയാരിലെങ്കിലും കണ്ടുവെങ്കിലും അതിന് വലിയ ആയുസ്സുണ്ടായെന്നുവരില്ല. ഒന്നുകിൽ രാഷ്‌ട്രീയത്തിൽ ഉറച്ചുനിന്ന് മാനത്തിന് വിടപറയുക. അല്ലെങ്കിൽ രാഷ്‌ട്രീയമുപേക്ഷിച്ച് മാനം തടിയിൽ നിന്നും വേർപെടാതെ നോക്കുക. നിലവിലില്ലാത്തത് നഷ്‌ടപ്പെടുകയുമില്ല എന്നത് മാനനഷ്‌ടത്തിനും ബാധകമാണ്. അതുകൊണ്ട് പ്രഥമദൃഷ്‌ട്യാതന്നെ തളളിക്കളയുകയാണ് നല്ലത്. പണ്ട് കോൺഗ്രസിന്റെ ബി.ടീം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇന്ന് സംഗതി നേരെ തിരിച്ചായിട്ടുണ്ട്.
ഏതായാലും നാളിതുവരെയായി സ്വന്തം പാർട്ടിക്ക് വോട്ടുചെയ്യാതെ ജനാധിപത്യ പ്രക്രിയയിൽ ഭാഗഭാക്കാവുന്ന മഹത്തായ പാരമ്പര്യത്തിന്റെ തിളങ്ങുന്ന ഒരേടായി തിരുവനന്തപുരം. സ്ഥാനാർത്ഥിയെ നിർത്തും. ചുമരെഴുതും. പോസ്‌റ്ററടിക്കും. അതൊട്ടിക്കും. പ്രചരണത്തിന് പോകും. കാണുന്നവരോടെല്ലാം പറയും-ചിരിക്കുന്ന പപ്പനെ മറക്കരുത്. വെറുതെ ബി.ജെ.പിക്കാരെ കുറ്റം പറയരുത്. മറക്കരുതെന്നല്ലേ പറഞ്ഞുളളൂ. ചതിക്കരുതെന്ന് പറഞ്ഞുവോ. ജനം മറന്നില്ല. എട്ടുംപൊട്ടും തിരിയാത്തവർ പത്തുമുപ്പതിനായിരം പേർ മറന്നതേയില്ല. ബി.ജെ.പിക്കാർ ആറെസ്സെസ്സുകാരോട് ചതിക്കരുതെന്ന് മുൻകൂട്ടി പറഞ്ഞുവോ? ഇല്ല. അതുകൊണ്ട് അവർ ചതിച്ചു. അതിൽ വാജ്‌പേയിക്കുപോലും അത്ഭുതം തോന്നിക്കാണില്ല. ഭാരതത്തിലെ ആദ്യത്തെ കാക്കിട്രൗസറുകളിലൊന്ന് മൂപ്പരുടേതായിരുന്നുവെന്നത് വിശ്വപ്രസിദ്ധം. ആ മൂപ്പർക്ക് കെട്ടിവച്ച കാശ് കിട്ടാതാക്കാൻ ഉത്സാഹിച്ച കൂട്ടരാണ് ചിരിക്കുന്ന പപ്പനെ ചതിക്കാത്തത്.
കൈയ്യിലിരിപ്പ് ഇങ്ങിനെയായതുകൊണ്ടുളള ഉപകാരവും ചില്ലറയല്ല. അന്തമാനിലെ വെളിച്ചം കാണാത്ത ആദിവാസിയുടെ എണ്ണം വരെ ഏതാണ്ട് കിട്ടിയിട്ടുണ്ട്. എന്നിട്ടും ബി.ജെ.പിക്കാർ മൊത്തം കേരളത്തിൽ എത്ര ജീവനോടെയുണ്ടെന്ന കണക്ക് പിണറായി വിജയനും കൂടി കിട്ടിയിട്ടില്ല. അതത്ര കാര്യമാക്കേണ്ടതുമില്ല. ഭൂലോകത്തുനിന്നും ഡിനോസറുകൾ അപ്രത്യക്ഷമായി എന്നല്ലാതെ എത്രയെണ്ണം ജീവിച്ചിരുന്നു എന്നതിന് വല്ല കണക്കും ആർക്കെങ്കിലുമുണ്ടോ? സ്വന്തം പാർട്ടിക്ക് വോട്ടുചെയ്യാതെ മാറ്റിക്കുത്തി വംശനാശം വന്നുപോയിയെന്ന് നാളത്തെ ഫോസിൽ പരിശോധനയിൽ തെളിഞ്ഞേക്കാം. മാർക്‌സിസ്‌റ്റുകാരുടെ നിർലോഭമായ സഹായംകൊണ്ട് ഫോസിൽ പരിശോധനക്കായി അസ്ഥികൂടം വരെ കിട്ടിയില്ലെങ്കിൽ ജുറാസിക് പാർക്കിൽ കണ്ടപോലെ കോൺഗ്രസുകാരെ കടിച്ച ഒരു കൊതുകിനെ കിട്ടിയാലും ധാരാളം.
പാർട്ടികളുടെ വൻവളർച്ചയും വൻതളർച്ചയും രേഖപ്പെടുത്തുന്ന സ്‌കെയിൽ തിരഞ്ഞെടുപ്പാണെന്നാണ് പ്രമാണം. സ്വന്തം പൗരുഷം തെളിയിക്കാൻ അയൽപക്കത്തെ പിളേളരുടെ തലയെണ്ണുന്ന ഏർപ്പാടുകൂടിയാണിത് എന്നത് വേറെകാര്യം. കാരണം ഒരു മുന്നണിയിൽ എത്ര പാർട്ടിയുണ്ടെന്ന് കൺവീനർക്കുകൂടി അറിയാൻ നിവൃത്തിയില്ല. അതിന്റെയെല്ലാം നേതാക്കൾ കഴിച്ച് അനുഭാവികൾ വല്ലവരുമുണ്ടോ എന്നറിയാനും. ഇതിനെല്ലാം പുറമേ ബാക്കി കുറെ വോട്ട് വിലക്കും. ഈദി അമീൻ മക്കളുടെ എണ്ണം പറഞ്ഞതുപോലെ ഉഗാണ്ടയുടെ വിവിധ ഭാഗങ്ങളിലായി ഒരു പത്തുനാല്‌പത്തഞ്ചമ്പതെണ്ണം എന്നുപറയുകയാണ് ശാസ്‌ത്രീയമായ രീതി.
മാധ്യമങ്ങളെ വിശ്വസിക്കുകയാണെങ്കിൽ രണ്ടുകൗണ്ടർ വച്ചാണ് ബി.ജെ.പി വോട്ട് വിറ്റത്. മുൻപിലത്തെ കൗണ്ടറിലൂടെ യു.ഡി.എഫിന്. പിന്നിലൂടെ എൽ.ഡി.എഫിന്. ഇടംവലം നോക്കാതെ ആവശ്യക്കാർക്ക് ആവശ്യമുളളത്ര ആവശ്യപ്പെട്ട നിരക്കിൽ കൊടുത്തു. എല്ലാവരും തൃപ്‌തരായി. എന്നിട്ടും പത്തുമുപ്പത്തഞ്ചായിരം ബാക്കി ആവശ്യക്കാരെ കാത്തുകിടക്കുന്നു. ബ്രോയിലർഫാമിലെ വാങ്ങാനാളില്ലാത്ത ചട്ടകളെപ്പോലെ. അവ സ്വന്തം അടുക്കളയിലേക്ക്. അപ്പോ സുഹൃത്തുക്കളെ വളർച്ച ചില്ലറയാണോ?
മൊത്തം വോട്ട് രണ്ടുമുഖ്യശത്രുക്കൾക്കും പക്ഷഭേദമില്ലാതെ (ഇടത്‌വലത് മുന്നിൽ ചേർക്കുക) പങ്കുവച്ചു കൊടുത്തശേഷം ബാക്കിവന്നവരാണ് പപ്പന്റെ നെഞ്ചത്ത് കുത്തിയത്. അതായത് പുതുതായി സംഘപരിവാരത്തെ പ്രണയിച്ചവർ. ചില്ലറയാണോ വളർച്ച.
ബി.ജെ.പിയുടെ പ്രചരണം എന്തായിരുന്നു? ആളുകളെ ഇരുത്തി ചിന്തിപ്പിച്ചുകൊണ്ടായിരുന്നു മുന്നോട്ടുപോയത്. ഇരുത്തി ചിരിപ്പിച്ചുകൊണ്ട് തിരിച്ചും വന്നു. ഇരുകൂട്ടർക്ക് കുത്തിയാലും ഫലം ഒന്ന്. ഒന്ന് മൂർഖൻ മറ്റത് ഭ്രാന്തൻനായ്. ഡൽഹിയിലെത്തിയാൽ രണ്ടുകൂട്ടരും കൂടി മദാമ്മ കീ ജയ്. അതുകൊണ്ട് വേറിട്ട പപ്പന് പോരട്ടെ വോട്ട്.
വേറിട്ട പപ്പനെ വെട്ടാൻ വേറിട്ടൊരടവ് മുകുന്ദനുമെടുത്തു. ഇടത്തും വലത്തും ശത്രു. രണ്ടും ഒന്നായി നിന്നാൽ പരമശത്രു. അതുകൊണ്ട് നമുക്കുളളത് മാന്യമായി രണ്ടുകൂട്ടർക്കും വിറ്റ് ശിഷ്‌ടകാലം സുഭിക്ഷം കഴിയാം. ഡിനോസറിനെപ്പോലെ പട്ടിണികിടന്ന് വംശനാശം വന്നുപോയി എന്നൊന്നും ഭാവിയിൽ ആരും എഴുതിവെക്കരുത്. അത്രമാത്രം. ഭാരത്‌മാതാ കീ ജയ്.
Generated from archived content: humour_dec7_05.html Author: nithyan
Click this button or press Ctrl+G to toggle between Malayalam and English