എന്നാലും ബ്രൂട്ടസേ-സോറി ബ്രിട്ടാസേ ഇത്ര വേണമായിരുന്നോ എന്നേ നിത്യനു ചോദിക്കാനുളളു. സുകുമാർ അഴീക്കോടുമായി നടത്തിയ അഭിമുഖം ശ്ശി നന്നായി ബോധിച്ചു.
ഒരു ക്യാ-മറയുടെ മുൻപിൽ വച്ച് മാഷ് മറയില്ലാതെ സംസാരിക്കുകയാണ്. ചോദിക്കുന്ന ബ്രിട്ടാസിനെക്കാളും പറയുന്ന അഴീക്കോടിനെക്കാളും ഇതെഴുതുന്ന നിത്യനെക്കാളും ബുദ്ധിയും വിവരവുമുളള കുറെയാളുകളാണല്ലോ ഇതെല്ലാം കേൾക്കുകയും കാണുകയും ചിരിക്കുകയും മന്ദബുദ്ധികൾക്ക് മാപ്പു കൊടുക്കേണമേ എന്ന് പ്രാർത്ഥിക്കുകയുമൊക്കെ ചെയ്യുക. കേരളത്തിലെ സാംസ്‌കാരിക രംഗം എന്നാൽ ഒരു സരസ്വതിവിലാസം ഹോട്ടലാണ്. മഹാലക്ഷ്‌മിയോടൊപ്പം ശയിച്ച് സരസ്വതിയോട് നീതി പുലർത്തുകയാണ് നടപ്പുരീതി എന്നാർക്കാണറിയാത്തത്?
2ഃ1 അനുപാതത്തിൽ സംസ്‌കാരവും രാഷ്‌ട്രീയവും കൂട്ടിക്കുഴച്ച് തുല്യ അളവിൽ ഗ്രൂപ്പിസവും കുതികാൽവെട്ടും കലർത്തി ആറുമുഴം നാക്കുകൊണ്ട് നന്നായി ഇളക്കി മുകളിൽ ഒരു പേരിന് അക്കാഡമി അവാർഡ് പൊടി തൂവിയെടുക്കുന്ന സംഗതിയാണ് സാംസ്‌കാരികനായക പട്ടം. സാംസ്‌കാരിക നായകൻമാർക്ക് പ്രത്യേകം രാഷ്‌ട്രീയം വേണമെന്ന നിബന്ധനയില്ല. ഏതെങ്കിലുമൊരു കക്ഷിയെ ചീത്ത വിളിച്ചാൽ ധാരാളം. പണ്ട് നമ്മുടെ തന്തക്ക് വിളിച്ചതാണെങ്കിലും പ്രശ്‌നമില്ല.
അഴീക്കോടിന്റെ പ്രണയത്തെപ്പറ്റിയും കൊച്ചുകൊച്ചു മറ്റു കാര്യങ്ങളെപ്പറ്റിയുമുളള വെളിപ്പെടുത്തലുകൾ ഏതായാലും ഭംഗിയായി. ഭൂരിഭാഗം ജനങ്ങളുടെയും മനസ്സിൽ സാംസ്‌കാരിക നേതാക്കൻമാർക്ക് ഒരു സ്ഥാനമുണ്ട്. അതെവിടെയാണെന്ന് ജനത്തിനറിയാം. സാംസ്‌കാരികനായകൻമാർ പ്രതിനിധീകരിക്കുന്നത് സമൂഹത്തിന്റെ പുറമ്പോക്കിലുളള കോമാളികളെയാണെന്ന എം.പി. നാരായണപ്പിളളയുടെ നിഗമനം എത്ര ശരി.
എത്രയെത്ര പെൺകുട്ടികളാണ് അഴീക്കോടിനെ പ്രണയിച്ചു കളയുന്നത്? അതിലുമെളുപ്പമാണ് പറമ്പിലെ തേങ്ങയെണ്ണുന്നത് എന്നാണ് മാഷുടെ വാക്കുകളിൽ നിന്നും തോന്നുന്നത്. പലതവണത്തെ പ്രേമാഭ്യാർത്ഥനകൾക്ക് ശേഷം ഏക് ഒരുമ്പെട്ടവൾ നേരെ മാഷുടെ വീട്ടിലേക്ക് തന്നെ വന്നുകയറി. സാംസ്‌കാരികനായകനായതുകൊണ്ട് മാഷ് പെണ്ണിനെ അടിച്ചോടിച്ചു. അതുകൊണ്ട് മാഷ്‌ക്ക് ഓടേണ്ടിവന്നില്ല. അതിനുശേഷമെന്തുണ്ടായി എന്ന് മാഷ്‌ക്കറിയില്ല.
ഇനി നിത്യന്റെ സംശയമാണ്. അവൾ വിവാഹിതയായി പോയോ? പ്രിയസഖീ പോയിവരൂ നിനക്കു മംഗളം നേരുന്നു എന്നൊന്നും മാഷ് പ്രസംഗിക്കാത്തതുകൊണ്ട് അതിന് സാധ്യതയില്ല. ഇനി വല്ല വണ്ടിക്കും തലവച്ചോ ആവോ? അടുത്തായി കേരളത്തിൽ വണ്ടി പാളം തെറ്റിയതായി കേൾക്കാത്തതുകൊണ്ട് അതിനും സാധ്യതയില്ല. പിന്നെയെന്തിനാണ് സാധ്യത?
സുകുമാർ അഴീക്കോടിനെ പ്രണയിച്ച്, ഒടുവിൽ ആ അഴീക്കോടൻ ഉഗ്രശപഥത്തിന് മുന്നിൽ പരാജിതയായി ഞാനിതാ സ്ഥല-സാധന-വാഹന ലഭ്യതയനുസരിച്ച് യഥാക്രമം കടലിൽ&തൂങ്ങി&വണ്ടിക്ക് തലവെച്ച് മരിക്കുന്നു എന്നൊന്നും എഴുതിവെക്കാത്തതുകൊണ്ടും നിലവിലുളള സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലും മരിച്ചിട്ടില്ലെന്ന് കണക്കുകൂട്ടാം.
അപ്പോൾ ഒരുമ്പെട്ടവൾ മാഷുടെ കോമളഗാത്രമോ ആരോഗ്യദൃഢ നാക്കോ കണ്ട് വീണുപോയതാവാൻ വഴിയില്ല. കീശകണ്ട് വീണുപോയതാവാനാണ് വഴി. പ്രസംഗത്തിന്റെ കൂലിയും ശമ്പളവും റോയൽറ്റിയുമെല്ലാം കൂട്ടിക്കിഴച്ച് അവളും അവളുടെ പ്രേമവും നേർവഴിക്ക് നടന്നതാവാനാണ് സാധ്യത. അവളാണാങ്കുട്ടി മാഷേ ആങ്കുട്ടി.
സമയമായില്ല എന്നുപറഞ്ഞ ഉപഗുപ്‌തനെപ്പോലെയല്ല, കേരളത്തിലായതുകൊണ്ട് ശരിയല്ല, ഫ്രാൻസിലാണെങ്കിൽ ശരിയായേനെ എന്നുപറയുന്ന മാഷെ ഇനിയുമൊരങ്കത്തിന് ബാല്യമുണ്ട് എന്ന് ഓർമ്മിപ്പിക്കുമ്പോൾ ബ്രിട്ടാസ് ഒന്നോർക്കണമായിരുന്നു. പ്രണയത്തിന്റെ വൈകാരികതയും ഊഷ്‌മളതയുമെല്ലാം പ്രായത്തിനും മാംസദാഹത്തിനും അപ്പുറമായതുകൊണ്ട് ഇനിയും പ്രണയത്തിന്റെ അനന്തമായ സാദ്ധ്യതകളെക്കുറിച്ച് ബ്രിട്ടാസ് വാചാലനാവുമ്പോൾ, അറിയാതെ ചോദിച്ചുപോകുന്നു-മാഷ് ജീവനോടിരിക്കുന്നതുകൊണ്ട് ബ്രിട്ടാസിന് വല്ല നഷ്‌ടവുമുണ്ടോ?
നിത്യൻ മുകളിൽ പറഞ്ഞവളാണ് വരുന്നതെങ്കിൽ ഒരു കാര്യം ഉറപ്പ്. വിവാഹസർട്ടിഫിക്കറ്റ് വാങ്ങിയതിന്റെ അടുത്ത ദിവസം പ്രണയിനി വാങ്ങുക മാഷുടെ മരണസർട്ടിഫിട്ടറ്റായിരിക്കും. അടുത്തത് പിൻതുടർച്ചാവകാശം സർട്ടിഫിക്കറ്റും. മൂന്നാംനാൾ പ്രോപ്പർട്ടി ട്രാൻസ്‌ഫർ. സാംസ്‌കാരികനായക പദവി അതിൽപ്പെടുമെങ്കിൽ അതും. ജീവിതം ട്രാജി-കോമഡിയായി പര്യവസാനിക്കും. മിച്ചം ഒരാചാരവെടി അക്കാദമി വക.
പൊട്ടിയ ടു-വേ പ്രണയങ്ങളെപ്പറ്റിയും ഇപ്പോഴത്തെ വൺ-വേ പ്രണയങ്ങളെപ്പറ്റിയുമൊക്കെ വിശദമായി പറയുമ്പോൾ തന്നെ മാഷ് പറയുന്നുണ്ട്. ഇതൊന്നും ഒരപവാദമാവുകയില്ല. കാരണം അഴീക്കോടിനെ ജനങ്ങൾ അത്രകണ്ട് വിശ്വസിക്കുന്നു. മറ്റാരു പറഞ്ഞാലും ജനം വിശ്വസിക്കുകയില്ല. താൻ പറഞ്ഞതേ വിശ്വസിക്കുകയുളളൂ എന്നും മാഷ് ഊറ്റം കൊളളുന്നു. മാഷ് പറഞ്ഞതപ്പടി ജനം വിശ്വസിച്ചതുകൊണ്ടായിരുന്നല്ലോ പണ്ട് കമ്മ്യൂണിസ്‌റ്റുകാർക്കെതിരായി മത്സരിച്ച് എട്ടുനിലയിൽ പൊട്ടിയത്.
ലോകത്തെ നടപ്പുസമ്പ്രദായം വച്ച് സാംസ്‌കാരിക നായകൻ മദയാനയാണോ കുഴിയാനയാണോ എന്നൊക്കെ വിലയിരുത്തുക ജനങ്ങളാണ്. എന്നാൽ കേരളത്തിന്റെ ഭൂപ്രകൃതിയും പ്രത്യേക പരിതസ്ഥിതിയും കണക്കിലെടുത്ത് ഈ കൃത്യം നിർവ്വഹിക്കുക ഇവിടത്തെ നായകർ തന്നെയാണ്.
പ്രണയാഭ്യർത്ഥനയുമായി വരുന്ന പെണ്ണിനെ അഭിമുഖീകരിക്കേണ്ടിവരുന്ന മാഷ് സ്വയം ഉപമിക്കുന്നത് ശ്രീബുദ്ധനോടാണ്. ബുദ്ധനിലെ പ്രവാചകനെ പരീക്ഷിച്ച വേശ്യയെപ്പറ്റിയാണ് മാഷ് പറയുന്നത്. എന്തോ മഹാഭാഗ്യത്തിന് ബുദ്ധനോട് മാത്രമേ സ്വയം ഉപമിച്ചുളളൂ. മഹാവിഷ്‌ണുവിന്റെ പതിനൊന്നാമത്തെ അവതാരം സാംസ്‌കാരികനായകനാണെന്നൊന്നും പറഞ്ഞില്ലല്ലോ?
ബുദ്ധൻ ജീവിച്ചത് ഭിക്ഷയെടുത്തിട്ടായിരുന്നു. ശുദ്ധോധനന്റെ മകന് ജീവിക്കാൻ വകയില്ലാഞ്ഞിട്ട് ഭിക്ഷാടനത്തിന് പോയതായിരുന്നില്ല. ഏത് പ്രതികൂലാവസ്ഥയും സ്വീകരിക്കാനുളള ഒരു മനഃസ്ഥിതിയും വിനയവും പരിശീലിക്കാനുളള ഒരു വഴിയായാണ് ഭിക്ഷാടനത്തെ ആ മഹാനായ പ്രവാചകൻ കണ്ടത്. അദ്ദേഹത്തിന്റെ മരണം തന്നെ യാചിച്ചുകിട്ടിയ പഴകിയ വിഷമയമായ ഇറച്ചി കഴിച്ചിട്ടാണെന്ന് പറയപ്പെടുന്നു. പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് വേറൊന്ന് എന്ന നയമില്ലാതിരുന്നതുകൊണ്ട് ബുദ്ധന് പോയത് ജീവനാണ്. ബുദ്ധിയുളളവർക്ക് കിട്ടുന്നതും അതാണ്.
വിദ്വാൻമാരിൽപ്പണ്ഡിതൻമാർ
വിരക്തൻമാർ യതീന്ദ്രരിൽ
ദരിദ്രരിൽ ധനാഢ്യൻമാർ
മൂർഖൻമാർ പലമട്ടിലാം
എന്നാണ് പ്രമാണം. അതറിയുന്ന ജനം സഹിക്കുന്നു, ചുമക്കുന്നു.
—–
Generated from archived content: humour_dec14_05.html Author: nithyan
Click this button or press Ctrl+G to toggle between Malayalam and English