കൊടുങ്കാറ്റടിച്ചാൽ കരിയില പാറുന്നപോലെ പോകുന്ന പോസ്‌റ്റുകളുടെ കാലം പോയി. ആ ഗതകാലസ്‌മരണകളുടെ ബലികുടീരങ്ങളിൽ നിന്നും
ഒരുകൊച്ചു കാറ്റെങ്ങാൻ വന്നുപോയാൽ
തുരുതുരെ പവർകട്ടായി പിന്നെ
എന്ന നിലയിലേക്ക് കെ.എസ്.ഇ.ബി കുതിച്ചുചാടിക്കഴിഞ്ഞു.
ഒന്നുകിൽ ഗുരുക്കളുടെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്കു പുറത്ത് എന്നതാണ് പ്രഖ്യാപിത നയം. പരിപാടിയും. തൂണിലും തുരുമ്പിലും മണ്ണിലും വിണ്ണിലും ദൈവമിരിക്കുന്നു എന്നു പാടിയത് വൈദ്യുതിക്കും ബാധകമാണ്. മഴയൊന്നു പെയ്‌താൽ നിരത്തിലൂടെ നടക്കുന്നവൻ നിന്നനില്‌പിൽ വടി. സ്വിച്ചിടുമ്പോൾ മാത്രം കാണുകയില്ല. ജീവനിൽ കൊതിയുളളവർ കാലിന് ടയർ ഘടിപ്പിക്കുവാൻ അറിയിപ്പ് താമസിയാതെ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. വെളളത്തിലൂടെ നടക്കുന്നവന് ജലസമാധി. മാങ്ങ പറിക്കാൻ മരം കയറിയവന് അത്യുന്നതങ്ങളിൽ വീരമൃത്യു. മന്ത്രിമാർ ചരിഞ്ഞാൽ കൂടി പോലീസുകാരുടെ നാലുവെടിയേ ഉണ്ടാവുകയുളളൂ. ഇതിനാവുമ്പോൾ ബഹുമതിയർപ്പിക്കുവാൻ ഫയർഫോഴ്‌സും കൂടി കാണും. സ്‌റ്റേ വയറിനു സമീപം മൂത്രമൊഴിച്ചയാൾക്ക് വീരസ്വർഗം. മൂത്രം പോവാതെ ആളുകൾ മരിച്ചുപോവുന്നത് വൈദ്യശാസ്‌ത്രത്തിന് അറിയാവുന്ന സത്യം. മരണം മൂത്രത്തിലൂടെ മേലോട്ട് കടത്തിവിട്ട് ആളെക്കൊല്ലുന്ന വിദ്യ കണ്ടുപിടിച്ചതിന്റെ പേറ്റന്റും കെ.എസ്.ഇ.ബി നേടി ചരിത്രം രചിച്ചു.
പണ്ടൊരു നമ്പൂതിരി മരണപ്പാച്ചിൽ പായുന്ന ബസ്സിൽ കയറി. കണ്ടക്‌ടർ എങ്ങോട്ടേക്കാണെന്ന് ചോദിച്ചു. ‘ദ്‌നി പറഞ്ഞിട്ട് വല്ല്യ കാര്യംണ്ടോ’ എന്ന് തിരുമേനി തിരിച്ചുചോദിച്ചിരുന്നു. പിരാന്തന്റെ കൈയ്യിൽ കൊടുവാൾ കിട്ടിയപോലെ ഗമിക്കുന്ന വകുപ്പിനെ കാണുമ്പോൾ ഇതല്ലാതെ മറ്റെന്തോർമ്മിക്കാൻ. ഡമോക്ലിസിന്റെ വാളുപോലെ എന്ന സായിപ്പിന്റെ പ്രയോഗം കെ.എസ്.ഇ.ബിയുടെ ലൈനുപോലെയെന്നായിക്കിട്ടിയത് ചില്ലറക്കാര്യമാണോ?
എടുക്കുമ്പോൾ ആയിരം തൊടുക്കുമ്പോൾ നൂറ് പതിക്കുമ്പോൾ ഒന്ന് എന്നതാണ് പ്രസാരണസമ്പ്രദായത്തിന്റെ വിജയമന്ത്രം. ഈ അത്യന്താധുനിക സമ്പ്രദായം കൊണ്ടുണ്ടായ നേട്ടം ചില്ലറയല്ല. എൽ.ഐ.സിയിലെക്കാളും കോടിപതികളെ കെ.എസ്.ഇ.ബി.യിലുണ്ടാക്കി. ശതകോടിപതികൾ വരെയുണ്ടെന്നാണ് ഐതിഹ്യം. ബ്രാഹ്‌മണൻ ദക്ഷിണ കൈയ്യിൽ വാങ്ങുകയില്ല. അഭ്യുദയകാംക്ഷികളും ശത്രുസംഹാരാർത്ഥികളും പടിയിൽ വച്ചുപോവുകയാണ് ചെയ്യുക. കൈയ്യിൽ വാങ്ങിയാൽ തീർന്നു കഥ. ദൈവത്തിന് ശക്തമായ തെളിവുകൾ വേണം. കോടതിയിലെന്നപോലെ സാഹചര്യത്തെളിവുകൾ സ്വീകാര്യമല്ല. തമസോ മാ ജ്യോതിർഗമയഃ പ്രാവർത്തികമാവുക സ്വിച്ചിൽ വിരലമർത്തുമ്പോഴാണ്. അതാണ് രണ്ടുകൂട്ടരും തമ്മിലുളള സാമ്യം. വ്യത്യാസമാവട്ടെ കാണിക്കയും കൈക്കൂലിയും തമ്മിലുളളതും. ഒന്നിഷ്‌ടപ്പെട്ട് കൊടുക്കുന്നു. മറ്റേത് കഷ്‌ടപ്പെട്ടും.
വിദ്യുത്‌പ്രവാഹത്തിന്റെ വേഗതയിലാണ് നമ്മൾ വികസനത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നത് എന്നകാര്യത്തിൽ ഒരു കെ.എസ്.ഇ.ബിക്കാരനും സംശയമുണ്ടാവാൻ വഴിയില്ല. മാറിമാറിവരുന്ന സാങ്കേതികവിദ്യകൾ, ഇൻഫർമേഷൻ ടെക്‌നോളജി അങ്ങിനെ പലതിന്റെയും ചിറകുകളിലേറി പറന്നുയരുന്ന പരിഷ്‌കൃത സമൂഹത്തിന്റെ നട്ടെല്ലാണ് വൈദ്യുതി. അതുകൊണ്ടുതന്നെ പുല്ലുമുളക്കാത്ത മരുഭൂമികളിൽ കൂടി ഗോഡ് ഓഫ് ഇലക്‌ട്രിസിറ്റി തലക്കുമുകളിലെ ഭീഷണിയായി ഞാന്നു സഞ്ചരിക്കുന്ന പതിവില്ല.
ലൈനിൽ തൊട്ടുവന്ദിച്ച് കാലപുരിപൂകിയ സഹ്യന്റെ മക്കളുടെ എണ്ണം തീർച്ചയായും വകുപ്പിനെ ക്ഷുരകന്റെ ചാണപോലെയാക്കിയ ചീപ്പ് എഞ്ചിനീയർമാരുടെ എണ്ണത്തെക്കാൾ കൂടുതൽ കാണും. മനുഷ്യാവകാശം ബാധകമല്ലാത്ത വകുപ്പിൽ ഗജാവകാശത്തെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല. ആത്മഹത്യക്ക് അങ്ങോട്ട് കേസെടുക്കാത്തതു ഭാഗ്യം. ഗജേന്ദ്രമോക്ഷം നടത്തിക്കൊടുത്തതിന് ഫീസു ചോദിക്കാത്തത് പരമഭാഗ്യം. സ്‌കൂൾ കുട്ടികളോട് വവ്വാലിനെപറ്റി ചോദിച്ചുനോക്കുക. ഭൂരിപക്ഷത്തിന്റെയും അറിവുപ്രകാരം കല്ലുമ്മേൽക്കായപോലെ കമ്പിയിൽ തൂങ്ങിനിന്ന് ഇലക്‌ട്രിസിറ്റി മാത്രം ഭക്ഷിക്കുന്ന ജീവിയാണ് വവ്വാൽ.
വൈദ്യുതിമോഷണം കലയാക്കിയ വ്യവസായികൾ ഒരു ഭാഗത്ത്. ആ കലാകാരൻമാരെ പ്രോത്സാഹിപ്പിക്കുന്ന യോഗ്യൻമാർ മറുഭാഗത്ത്. അവരെ നയിക്കുവാൻ കോടികൾ വിഴുങ്ങിയശേഷം ലക്ഷം പിഴയൊടുക്കി മാതൃകകാട്ടിക്കൊണ്ടിരിക്കുന്ന ലീഡർപുത്രിമാർ. കൊല്ലുന്ന വകുപ്പിലെ തിന്നുന്ന എഞ്ചിനീയർമാരുടെ വയർ എത്ര തിന്നാലും നിറയുമെന്ന പ്രതീക്ഷ ആർക്കും വേണ്ട. തീയ്‌ക്ക് വിറകുമതിയായ ഒരു സംഭവവും ഇന്നോളം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. എന്നാലും ആനവാങ്ങുമ്പോൾ തോട്ടി ഫ്രീ എന്നപോലെ ഇവിടുത്തെ പരിസ്ഥിതി കണക്കിലെടുത്ത് ചുരുങ്ങിയത് കമ്പിയൊന്ന് അണ്ടർഗ്രൗണ്ടിലാക്കി ജനത്തെയും സഹ്യന്റെ അവശേഷിക്കുന്ന മക്കളെയും വവ്വാലുകളെയും ഒന്നനുഗ്രഹിച്ചുകൂടെയെന്ന് ചിന്തിച്ചുപോവുകയാണ്.
മുതലാളിമാർ കരണ്ടളന്നുവില്‌ക്കുന്ന മഹാരാഷ്‌ട്രത്തിൽ സഹ്യന്റെ മകനും പണ്ടു ലങ്കയിൽ പാലം പണിതുകൊടുത്ത എഞ്ചിനീയർമാരുടെ മുൻഗാമികളായ കുരങ്ങൻമാരും വവ്വാലുകളുമൊന്നും ലൈനിൽ കുടുങ്ങി പരലോകം പൂകാത്തതിന്റെ കാരണം ഒന്നു ചോദിച്ചുനോക്കുക. അവിടെ സഹ്യനും സഹ്യന്റെ മന്ദബുദ്ധിയായ മക്കളും ‘അപകടം’ ബോർഡു വായിക്കുവാൻ കണ്ണുകാണാത്ത വവ്വാലുകളുമില്ലാത്തതുകൊണ്ടാണെന്നറിയിക്കുവാനുളള എഞ്ചിനീയറിംഗ് ബുദ്ധിക്ക്, ചുരുങ്ങിയത് ഓവർസിയർ ബുദ്ധിക്ക് യാതൊരു ക്ഷാമവും നേരിടുകയുമില്ല.
സമഗ്രപുരോഗതിക്ക് നമുക്ക് ചുരുങ്ങിയത് എക്‌സ്‌പ്രസ് ഹൈവേ ഏലിയാസ് ജനകീയപ്പെരുവഴി തന്നെവേണം. വൻകിട വ്യവസായ സ്ഥാപനങ്ങളും വേണം. ഇൻഫർമേഷൻ ടെക്‌നോളജി വിപ്ലവം വേണം. ലേശം ബയോടെക്‌നോളജിയും വേണം. തൊട്ടുനക്കാൻ കാർഷിക കുതിച്ചുചാട്ടവും വേണം. വയലായ വയലെല്ലാം നികത്തുകയും വേണം. എല്ലാറ്റിന്റെയും മൂലക്കല്ലാകട്ടെ വിദ്യുച്ഛക്തിയും. അതാണെങ്കിൽ കാറ്റടിക്കാനും അടിക്കാതിരിക്കാനുമുളള സാധ്യത ആസ്ഥാനകണിയാൻമാർ പ്രവചിക്കുമ്പോഴേക്കും നിലയ്‌ക്കുന്ന തരത്തിലുളളതും.
ആസനത്തിൽ മുളച്ച ദ്രവിച്ച പോസ്‌റ്റുകൾ തന്നെ വൻകുതിച്ചുചാട്ടമായി കരുതുന്ന യോഗ്യൻമാരിൽ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കുന്നതിൽ അർത്ഥമുണ്ടെന്നുതോന്നുന്നില്ല. കമ്പികളിലെ കരിഞ്ഞ കാക്കത്തൂവലുകൾ തുടർന്നും ബോർഡിന്റെ നേട്ടങ്ങളുടെ തൊപ്പിയിലെ പൊൻതൂവലായിതന്നെ ഭവിക്കട്ടെ. സായിപ്പിന് ജലദോഷം വരുമ്പോൾ ഇവിടെ മൂക്കുപിഴിയുന്ന യോഗ്യൻമാർ സായിപ്പിന്റെ നല്ലവശങ്ങളും കൂടി എന്നാണാവോ ഒന്നുകാണുക.
ന്യൂയോർക്ക് നഗരത്തിൽ ചരിത്രത്തിലാദ്യമായി മണിക്കൂറുകൾ മാത്രം വൈദ്യുതി നിലച്ചപ്പോൾ പൊതുജനമദ്ധ്യത്തിൽ പ്രത്യക്ഷപ്പെട്ട് രാഷ്‌ട്രത്തോട് മാപ്പുപറഞ്ഞത് അവിടുത്തെ പ്രസിഡണ്ടാണ്. ഇനിയങ്ങോട്ട് കർക്കിടകം കഴിയുന്നതുവരെ കരണ്ടില്ലെങ്കിലും ഇവിടുത്തെ ഒരു ലൈൻമാനുകൂടി ആയൊരു ഗതികേടുണ്ടാവുകയില്ല. ആരെങ്കിലും ധൈര്യപ്പെട്ട് ഒന്നു വിളിച്ചുചോദിച്ചാൽ എഴുതിവെക്കാൻ കമ്പിയശ്‌മാർ ഉത്തരവിടും. അതോടുകൂടി പ്രശ്‌നത്തിന് ഒരു ശാശ്വതപരിഹാരമായി ഫോണെടുത്ത് താഴെ വയ്‌ക്കും. രോഗികളും ലൈറ്റുപോയാൽ തൊളളതുറക്കുന്ന കൈക്കുഞ്ഞുങ്ങളുമുളളവർ ഇവന്റെ പതിനാറടിയന്തിരം കഴിച്ചുപോകട്ടെ എന്നുപ്രാകി പിരിവെടുത്തോ കടംവാങ്ങിയോ ഒരൊന്നൊന്നര ഗാന്ധിയെ കൂട്ടിക്കൊണ്ടുവന്ന് ഇലക്‌ട്രിക്കാപ്പീസിൽ സമാധിയാക്കിക്കൊടുത്താൽ തമസോ മാ ജ്യോതിർഗമയ. രോഗികൾക്ക് മൃത്യോമാ അമൃതം ഗമയ.
ജനത്തിന്റെ യശ്‌മാൻമാരാണ് നമ്മളെന്ന് ബോർഡിന്റെ കുഴിവെട്ടുകാരൻ തൊട്ട് ഉന്നതമായ ‘പോസ്‌റ്റി’ലിരിക്കുന്നവൻ വരെ വിശ്വസിക്കുന്നു. ജനം അതിലേറെ വിശ്വസിക്കുന്നു. ഒരു ധൈര്യത്തിന് ചുരുങ്ങിയത് നാല് മാരകായുധങ്ങളെങ്കിലുമെടുക്കാതെ ഒരൊറ്റ ദൈവത്തെയും നമ്മളാരാധിക്കുകയില്ല. നമ്മുടെ ചിലവിൽ തെമ്മാടിത്തം നടരാജനൃത്തം കാഴ്‌ചവെക്കുമ്പോൾ മാനംമര്യാദയായി ഒരാട്ടെങ്കിലും വച്ചുകൊടുക്കാനുളള ചങ്കൂറ്റമാവട്ടെ നമ്മുടെ അരിയപെരിയെ പോയിട്ടുമില്ല.
പിടിയാത്തവരുടെ വികൃതികൾ കണ്ടാൽ
മടിയാതവരുടെ തലമുടി ചുറ്റി-
പ്പിടിയാത്തവനതി ഭോഷൻ വടികൊ-
ണ്ടടിയാത്തവനതിനേക്കാൾ ഭോഷൻ.
അഹിംസയുടെ ആൾരൂപമായ മഹാത്മജി കൂടി ഈയൊരു വിഷയത്തിൽ കുഞ്ചനോട് യോജിക്കാതിരിക്കുകയില്ല.
Generated from archived content: humour_aug9_06.html Author: nithyan