പരിണാമസിദ്ധാന്തപ്രകാരം ഒരു സുപ്രഭാതത്തിൽ കുരങ്ങന്റെ വാൽ അപ്രത്യക്ഷമായി. അടുത്ത പ്രഭാതത്തിൽ ലോകനാശം വിളിച്ചറിയിച്ചുകൊണ്ട് കുരങ്ങൻ നിവർന്നുനിന്ന് സുന്ദരനായ വിവരം പ്രഖ്യാപിച്ചു എന്ന് ശാസ്‌ത്രം. പരിണാമ സിദ്ധാന്തത്തെയും ഡാർവിനെയും ലോകത്തെ ഒരു മതവും അംഗീകരിച്ചിട്ടില്ല. ഹിന്ദുമതം അംഗീകരിക്കേണ്ട കാര്യമില്ല. കുരങ്ങനെ മാത്രമല്ല ഒരുമാതിരി എല്ലാ മൃഗങ്ങളെയും ദൈവമാക്കി മനുഷ്യനെക്കാളും മുകളിലാക്കിവച്ച സ്ഥിതിക്ക് പ്രത്യേകിച്ചൊരു സർട്ടിഫിക്കറ്റ് കൊടുക്കേണ്ട കാര്യമില്ല.
മനുഷ്യന്റെ പോക്കുകണ്ടാൽ കുരങ്ങനിൽ നിന്നുമാത്രമല്ല പന്നിയിൽ നിന്നും കണ്ടാമൃഗത്തിൽ നിന്നുമെല്ലാം പരിണാമം സംഭവിച്ചുവോ എന്ന് ഏതു ശാസ്‌ത്രജ്ഞനും തോന്നിപ്പോകും. പരിണാമസിദ്ധാന്തം പഠിച്ച് പൂർവ്വികൻ കുരങ്ങൻ തന്നെയാണോ എന്നുറപ്പിക്കാനുളള ബുദ്ധിയൊന്നും ഇതെഴുതുന്നവനില്ല. ഒരു കല്ലെടുത്ത് ജാതിമതഭേദമന്യേ ഏതൊരുത്തനെ ചുരണ്ടിനോക്കിയാലും ഉളളിലൊരു കുരങ്ങനെ കാണുന്നതുകൊണ്ട് ഡാർവിന് തെറ്റുപറ്റിയിട്ടില്ലെന്ന് തോന്നുന്നു.
അങ്ങിനെ കുരങ്ങുപരിവാറിൽ നിന്നും സംഘപരിവാരങ്ങൾ ജൻമമെടുക്കുന്നതിനും അരനൂറ്റാണ്ടുമുമ്പായിരുന്നു ബങ്കിം ചന്ദ്ര ചാറ്റർജി വന്ദേമാതരം എഴുതിപ്പിടിപ്പിച്ചത്. ആദ്യം പാടിയതാകട്ടെ കോൺഗ്രസുകാരും. വേദി 1905ലെ ബനാറസ് കോൺഗ്രസ് സമ്മേളനം. സംഗീതം നല്‌കിയതാണെങ്കിൽ രബീന്ദ്രനാഥ ടാഗോറും.
കടുത്ത മതേതരവാദികൾ എല്ലാകാര്യത്തിലും യോജിക്കുക മതമൗലികവാദികളോടാണ്. കാരണം രണ്ടും മൗലീകവാദമാണ്. ജന്മനാ കണ്ണുളളവരുടെ നാട്ടിലേക്ക് അവരെ നയിക്കുവാൻ നിയമിക്കപ്പെട്ട കുരുടനായിരുന്നല്ലോ സെക്യുലാറിസം. സായിപ്പ് ചെയ്‌ത നല്ല കാര്യങ്ങളെല്ലാം സായിപ്പിനോടൊപ്പം തന്നെ കടൽകടന്നു. സായിപ്പ് അനുഷ്‌ഠിച്ച വിഡ്‌ഢിത്തങ്ങളെയെല്ലാം നമ്മൾ പൂവിട്ട് പൂജിച്ചു. അങ്ങിനെ പോപ്പിന്റെ അധീശത്വത്തെ ചോദ്യം ചെയ്‌തുകൊണ്ട് അങ്ങ് യൂറോപ്പിൽ വന്ന പളളിയുടേത് പളളിക്കും സീസറുടേത് സീസറിനും എന്ന മുദ്രാവാക്യം ഇങ്ങോട്ട് കൊണ്ടുവന്നു. എൺപതുശതമാനത്തിനും പുത്തകവും പളളിയും പ്രവാചകനുമില്ലാത്തിടത്തേക്ക് ആ മുദ്രാവാക്യത്തെ ആനയിച്ചുകൊണ്ടുവന്നു. ചുരുക്കിപ്പറഞ്ഞാൽ പ്രസവവാർഡിന് ബ്രാക്കറ്റിൽ സ്‌ത്രീകളുടേത് എന്നെഴുതിച്ചേർത്തുകൊടുത്തു. ഡാർവിന്റെ സിദ്ധാന്തത്തിനെക്കാൾ തെളിവുകൾ ഇതിനെല്ലാമുണ്ട്.
മമ്മീ എന്ന് സായിപ്പ് വിളിച്ചതുപോലെയല്ലാതെ മാത എന്ന വിളിക്കകത്ത് ഹൈന്ദവഫാസിസ്‌റ്റ് ശക്തി ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് കാണുന്നവരെ ചുരണ്ടിനോക്കിയാൽ കുരങ്ങൻ മാത്രമല്ല, ബ്രഹ്‌മാവ് ഇനിയും ആലോചിക്കാത്ത ജീവികൾവരെ കണ്ടുകിട്ടിയെന്നുവരും.
സംഘപരിവാരത്തിന്റെ കുഞ്ഞിക്കാലുകാണുന്നതിനും മുമ്പ് വെടിയുണ്ടകളും തൂക്കുമരങ്ങളും ഏറ്റുവാങ്ങുമ്പോൾ നമ്മുടെ ധീരദേശാഭിമാനികൾ അലറിവിളിച്ച വന്ദേമാതരത്തിന് പകരം നില്‌ക്കാൻ ജനഗണമനക്കാവില്ലെന്ന അഭിപ്രായക്കാരനായിരുന്നു നെഹ്‌റു. ഇന്ത്യ കണ്ട ഏക മതേതര പ്രധാനമന്ത്രിയും മൂപ്പരായിരുന്നു. ഒരു നാസ്‌തികനല്ലാതെ നൂറുശതമാനം മതേതരനാവാൻ മറ്റു മനുഷ്യനെക്കൊണ്ടു പറ്റുകയില്ലെന്നതിനുളള ജീവിക്കുന്ന തെളിവാണ് മരിച്ച നെഹ്‌റു.
എത്ര മികച്ച പാലമായാലും ഒരു നൂറ്റാണ്ടാണ് ശരാശരി ആയുസ്സ്. ഭാരതീയനും ദേശാഭിമാനത്തിനും ഇടയ്‌ക്കുളള പാലമാണ് വന്ദേമാതരമെങ്കിൽ ആ പാലത്തിന് 130 വയസ്സായി. ഗ്യാരണ്ടി പിരീഡ് കഴിഞ്ഞ സ്ഥിതിക്ക് നമ്മുടെ ഉജാലാകവികളെ ആരെയെങ്കിലും വിളിച്ച് ഒരു ‘ഇന്ത്യൻ മമ്മീ കീ ജയ്’ എഴുതിച്ച് പ്രശ്‌നം പരിഹരിക്കാവുന്നതേയുളളൂ. അവർക്ക് ഒരവാർഡ് തരമാവുകയും ചെയ്യും. വടിയായാൽ സർക്കാർ വക വെടി ഫ്രീ. ആ വെടിയുണ്ട ആകാശമാർഗം സഞ്ചരിച്ച് ഭൂമിയിലിറങ്ങുമ്പോഴേക്കും ജനഹൃദയത്തിൽ നിന്നും കവികൾ ഉരുണ്ടുതാഴെ വീണുകാണും. അപ്പോഴും ജനങ്ങൾ ബങ്കിം ചന്ദ്രനെയും അരവിന്ദനെയും ടാഗോറിനെയുമൊക്കെ ഓർത്തുകളയുന്നതാണ് കഷ്‌ടം.
സായിപ്പിന്റെ തോക്കിനും തൂക്കുമരത്തിനും കീഴ്‌പ്പെടുത്താനാവാതിരുന്നവരെ കീഴ്‌പ്പെടുത്തി എന്ന് നമുക്ക് അഭിമാനിക്കുകയുമാവാം. അല്ലെങ്കിലും വന്ദേമാതരത്തിന്റെ ഭീകര ഫാസിസ്‌റ്റ് ശബ്‌ദത്തെക്കാളും ചേലുളളത് അങ്ങ് മുംബൈയിലിടക്കും ഇങ്ങിവിടെ കോഴിക്കോട്ടുമൊക്കെ ദേശസ്‌നേഹികൾ ഇടയ്‌ക്കിടെ പൊട്ടിക്കുന്ന മതേതരലാദൻ ബോംബുകളുടെ സുന്ദരനാദം തന്നെയാണ്.
മതേതരപ്രതിഭ മണിശങ്കർ അയ്യരോടു പറഞ്ഞാൽ ജനത്തിന്റെ ഓർമ്മയ്‌ക്കുമൊരു പ്രതിവിധി കണ്ടെത്തിത്തരാതിരിക്കില്ല. അന്തമാൻ ജയിൽ-കാലാപാനി ചുമരിൽ നിന്നും അവിടെ പത്തുവർഷം സായിപ്പ് ചങ്ങലക്കിട്ട സവർക്കറുടെ സൂക്തം പറിച്ചെറിഞ്ഞപോലൊരു വിദ്യ അയ്യർ പ്രയോഗിക്കാതിരിക്കില്ല. ഒരു നമ്പൂതിരി ഫലിതമുണ്ട്. മനുഷ്യന് ദ്രോഹം ചെയ്യാത്ത പട്ടൻമാർ മൂന്നെണ്ണമേയുളളൂ എന്നാണ്. ഒന്ന് മരിച്ച പട്ടർ രണ്ട് ജനിക്കാത്ത പട്ടർ മൂന്ന് ചിത്രത്തിലുളള പട്ടർ.
കാലം കഴിയുമ്പോൾ അർത്ഥം മാറിപ്പോകുന്നു എന്നുമുണ്ടൊരു പരാതി. അതായത് സംഘപരിവാരങ്ങൾ പാടാൻ തുടങ്ങിയപ്പോഴാണ് അർത്ഥം മാറിപ്പോവുന്നത്. പരിവാരങ്ങൾ പണ്ട് കാവിയുടുത്തുനടന്നിരുന്നു. അതുകൊണ്ട് നാട്ടിലിനിയാരും കാവിയുടുക്കരുത് എന്നൊരു ഫത്‌വ എന്തേ ആരുമിറക്കിയില്ല. ശാസ്‌ത്രസാഹിത്യ പരിഷത്തുകാർ ഉടുത്തപ്പോൾ കാവി ഊർന്നുവീണ് പ്രതിഷേധിച്ചതായും കേട്ടിട്ടില്ല. നാണം മറക്കാനായി പരിഷത്തുകാർ വെളളത്തിലൂളിയിട്ടു എന്ന് ചരിത്രകാരൻമാർക്കും കവികൾക്കും എഴുതേണ്ടിയും വന്നില്ല.
ഈ ന്യായം വച്ചിട്ടാണെങ്കിൽ കുഞ്ചൻ നമ്പ്യാരെയും സെൻസർ ചെയ്യേണ്ടിവരും.
അംഭോജാകരബന്ധു ദിനേശനും
അംഭോജാകര വൈരി ശശാങ്കനും എന്നെഴുതിയത് നമ്പ്യാരാണ്.
തലയുടെ കിടപ്പുവച്ച് ഇവിടുത്തെ മതേതരപ്രതിഭകളെല്ലാം കൂടി നാളെ പ്രഖ്യാപിച്ചുകൂടെന്നില്ല. നമ്പ്യാർ ഇതെഴുതിയത് ന്യൂനപക്ഷത്തെ അപമാനിക്കുവാനാണ്. അംഭോജാകര വൈരി ശശാങ്കൻ എന്നാൽ താമരയുടെ ശത്രു ചന്ദ്രൻ എന്നെഴുതിയതിലൂടെ ചന്ദ്രക്കല അടയാളമുളള ലീഗിനെ പരിഹസിക്കുകയല്ലേ നമ്പ്യാർ.
Generated from archived content: humour_aug30_06.html Author: nithyan