കോടതി ഃ താങ്കൾ പ്രശസ്‌തനാണോ? ഉണ്ടെങ്കിൽ അതിന് തെളിവ് വല്ലതും
പപ്പൻ ഃ തീർച്ചയായും യുവറോണർ. സാഹിത്യത്തിലെ പെരുന്തച്ഛൻ, കഥയെഴുത്തിന്റെ കുലപതി, വ്യവഹാരങ്ങളിലെ ദളപതി, നോവലെഴുത്തുകാരുടെ രിപുപതി, വിമർശകരുടെ ഭീതിപതി എന്നിങ്ങനെ പ്രശസ്‌തി നമുക്ക് പലവിധമുലകിൽ സുലഭം. എഴുത്തച്ഛനെഴുതിപ്പോയതുകൊണ്ട് അദ്ധ്യാത്മരാമായണം എഴുതുവാൻ പറ്റാതെ പോയതുകൊണ്ടുളള ഒരു പ്രശസ്തിക്കുറവേ ഇന്നുളളൂ.
കോടതി ഃ ആഡർ ആഡർ. എഴുത്തച്ഛനെ ഉദ്ധരിക്കുവാൻ കോടതിയുടെ അനുമതിയുണ്ട്. കുഞ്ചൻ നമ്പ്യാരെ തൊട്ടുകളിക്കരുത്. മൂപ്പരുടെ സൃഷ്‌ടികൾ മൗലീകങ്ങളാണെന്നറിയില്ലേ. കേസെടുക്കുക വധശ്രമത്തിനാണ്.
പപ്പൻ ഃ മാപ്പാക്കണം. ഒരബദ്ധം. അബദ്ധങ്ങൾ മാത്രം പറ്റുന്ന നാവായതുകൊണ്ട് പറ്റിപ്പോയതാണ്.
കോടതി ഃ ഈ പൊതുജന താത്‌പര്യഹർജി നല്‌കിയ നിത്യൻ താങ്കളെ ഈദി അമീനിനോളം പ്രശസ്‌തനാണെന്ന് പുകഴ്‌ത്തിയതിൽ വല്ല അപാകതയുമുണ്ടോ? യഥാർത്ഥത്തിൽ താങ്കൾ അത്രത്തോളം പ്രശസ്‌തനാണോ?
പപ്പൻ ഃ തീർച്ചയായും, ഉഗാണ്ടയിലെ ഈദി അമീനും ഒരു അവാർഡ് പ്രഖ്യാപിച്ചു. ധീരതയ്‌ക്കുളള വിക്‌ടോറിയാക്രോസ് അവാർഡ്. ഈദി അമീൻ പ്രഖ്യാപിച്ചു. ഈദി അമീൻ അവാർഡ്‌ദാനം നടത്തി. ഈദി അമീൻ അവാർഡ് സ്വീകരിച്ചു. യുവറോണർ ഉഗാണ്ടയിൽ ഏകാധിപത്യമായിരുന്നല്ലോ. ഇവിടെ ജനാധിപത്യമായതുകൊണ്ട് ഈദി അമീൻമാർക്ക് മാത്രം യാതൊരു ക്ഷാമവുമില്ല. അതുകൊണ്ട് അമീൻമാർ തട്ടിക്കൂട്ടുന്നു. പ്രഖ്യാപിക്കുന്നു. ഏതെങ്കിലും ഒരീദി അമീൻ അതേറ്റുവാങ്ങുന്നു. തികഞ്ഞ ജനാധിപത്യമര്യാദപ്രകാരം. അതുകൊണ്ട് യൂവറോണർ അതിൽ തെറ്റുപറയാനൊക്കില്ല.
കോടതി ഃ ഈ കേസിന്റെ വിചാരണ പൂർത്തിയായിരിക്കുന്നു. അപൂർവ്വങ്ങളിൽ അത്യപൂർവ്വം ഒരു സംഗതിയായതുകൊണ്ടും സാമൂഹ്യപ്രതിബദ്ധത പ്രതിയുടെ അരിയപെരിയ പോകാത്തതിനാലും പ്രതിയുടെ നിലനില്പ് പരിഷ്‌കൃതസമൂഹത്തിന് അപകടകരമാണെന്നതിനാലും പ്രതിയെ ഇന്നേവരെ കിട്ടിയ ബഹുമതികൾ സഹിതം മരണംവരെ തൂക്കിലിടാൻ ഈ കോടതി കല്പിച്ചുകൊളളുന്നു. ഇത്തരമൊരു വിധി പ്രഖ്യാപിക്കുവാൻ ഈ കോടതിയെ പ്രേരിപ്പിച്ച സംഗതിയെന്തെന്ന് കൂടി സമൂഹമറിയേണ്ടതുണ്ട്. ഈ പൊതുതാത്‌പര്യ ഹർജിയിൽ നിത്യൻ പ്രതിനിധീകരിക്കുന്ന പൊതുജനം (ഹർജിക്കാരന്റെ ഭാഷയിൽ ജനം) ഒരു കുറ്റമേ ചെയ്‌തിട്ടുളളു. അത് ജനിച്ചുപോയി എന്നുളളതാണ്. ഒരു സേവനത്തിന് രണ്ട് വേതനം പാടില്ലെന്നുളളതുപോലെ ഒരു കുറ്റത്തിന് രണ്ട് ശിക്ഷയും പാടുളളതല്ല. ഒന്നാമത്തെ ശിക്ഷ കാശുചിലവിട്ട് അവർ പപ്പൻമാർ എഴുതിയത് വായിക്കേണ്ടിവരുന്നു. ഫലം ധനനഷ്‌ടം. രണ്ടാമത്തെ ശിക്ഷ അവർ നികുതിയായി നല്‌കുന്നത് സർക്കാർ വീണ്ടുമെടുത്ത് പപ്പൻമാർക്കുകൊടുക്കുന്നു. അവാർഡായി. ഫലം ജനത്തിന് മാനഹാനി. സേവനമാണോ ദ്രോഹമാണോ എന്നുതന്നെ ഒരു കോടതിയും ഇന്നുവരെ കണ്ടെത്താത്ത ഒരു കുറ്റമാകുന്നു എഴുത്ത്. അതിനാൽ രണ്ട് പ്രതിഫലം ഇത് ജനത്തെ കൊളളയടിക്കലാണ് എന്ന നിത്യന്റെ വാദം കോടതി ശരിവെക്കുന്നു. അവാർഡ് കൊടുക്കണമെന്ന് വായനക്കാർക്ക് തോന്നുന്നുവെങ്കിൽ അവർ മുഖാമുഖം കാണുമ്പോൾ കൊടുത്തുകൊളളും. സാഹിത്യകാരൻമാർ ഒന്നേ ചെയ്യേണ്ടതുളളു. ജനത്തിന് ചിലപ്പോൾ കണ്ടപാടെ ഓർമ്മ കിട്ടിയെന്നുവരില്ല. താങ്കൾ ഇത്ര രൂപയ്‌ക്ക് വാങ്ങിയ കിത്താബെഴുതിയത് ഞാനാണെന്നോർമ്മിപ്പിച്ചാൽ സംഗതി ധാരാളം. ലെഫ്‌റ്റ് റൈറ്റ് കൈയയച്ച് അവാർഡുകളുടെ പെരുമഴയായിരിക്കും. ജനം കൈയയഞ്ഞ് കൊടുക്കാൻ തയ്യാറായി നിൽക്കുമ്പോൾ സർക്കാർ ഈവകക്കാര്യങ്ങളിൽ വേവലാതിപ്പെടേണ്ടതില്ല.
കാളിദാസനെക്കാളും വലിയ നാടകകൃത്താണ് ഷേക്‌സ്‌പിയറെന്ന് കൃഷ്‌ണൻനായർ, മോപ്പസാങ്ങിനെക്കാളും വലിയ കാഥികനാണ് പപ്പൻ, പാബ്ലോ നെരൂദ തൃണം പി.എൻ.വി മഹാകവി അഥവാ രാജവെമ്പാലയെക്കാൾ യോഗ്യൻ മണ്ണിര ഇത്യാദി പ്രസ്‌താവങ്ങളും കോടതി ഗൗരവമായെടുത്തിട്ടുണ്ട്. ഇവരിൽ എതിർകക്ഷികളാർക്കും തന്നെ കേസ് നടത്തുവാൻ താത്‌പര്യമില്ലെന്നു ചിത്രഗുപ്‌തൻ വഴി കൊടുത്തയച്ച അവരുടെ ലിഖിതത്തിൽ പറഞ്ഞിട്ടുണ്ട്. ഉരഗങ്ങളാണെങ്കിലും ചീങ്കണ്ണി വേറെ മച്ചിലെ പല്ലി വേറെ-ചീങ്കണ്ണിയുടെ മെയ്‌ക്കരുത്തിന് സർട്ടിഫിക്കറ്റ് വേണ്ട എന്നുമെഴുതി അവർ സംയുക്തമായി ഒപ്പിട്ട മറുപടിയുടെ വെളിച്ചത്തിൽ ഈ കേസിലകപ്പെട്ട പ്രതികളെ നിരുപാധികം വിട്ടയച്ചിരിക്കുന്നു.
പി.എസ്.ലോകത്ത് തന്നെ പുകഴ്‌ത്താത്തവരെ ഏറ്റവും വൃത്തിയായി ചീത്തവിളിക്കുന്ന ആദരണീയ വ്യക്തിത്വങ്ങൾക്ക് വർഷം തോറും ഒരവാർഡ് നിത്യൻ ഈ വേളയിൽ പ്രഖ്യാപിക്കുന്നു. ആരുടെയും റക്കമെന്റേഷൻ സ്വീകാര്യമല്ല. പത്രത്താളുകളിൽ ഈ കർക്കിടകം മുതൽ അടുത്ത കർക്കിടകം വരെ പ്രത്യക്ഷപ്പെടുന്ന തന്തയ്‌ക്ക് വിളി, തറവാടെണ്ണൽ, പിതാമഹപൂജ, ഇതിന്റെ പേരിൽ വന്ന കോടതി സമൻസുകൾ, കേട്ട ചീത്ത എന്നിവയുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ രംഗത്തെ മഹാരഥൻമാരെ തിരഞ്ഞെടുക്കുക.
Generated from archived content: humour_aug19.html Author: nithyan
Click this button or press Ctrl+G to toggle between Malayalam and English