ലോകത്തിലെ സകല തിൻമകളും കുഴിച്ചുമൂടിയേ ഞാനടങ്ങൂ എന്നൊരു പ്രഖ്യാപനം നടത്താൻ ഒരു സാദാ മനുഷ്യബുദ്ധിക്ക് സാദ്ധ്യമല്ല. പത്തുമുപ്പത്തിയഞ്ചു കൊല്ലത്തിനിടക്ക് ഇങ്ങിനെയൊരു പ്രഖ്യാപനം നിത്യൻ ശ്രവിക്കാനിടയായത് രണ്ടേരണ്ടുപേരിൽനിന്നാണ്. ഒരാൾ വൈറ്റ്‌ഹൗസിൽ. സ്വന്തമായി വൈറ്റ്‌ഹൗസില്ലാത്തതുകൊണ്ട് മറ്റേയാൾക്ക് വീണിടം വിഷ്‌ണുലോകം. സ്വന്തമായി ഒരു ബസ്‌സ്‌റ്റാൻഡ്, ഒരു റെയിൽവെ സ്‌റ്റേഷൻ, തോളിലൊരു ഭാണ്ഡക്കെട്ടും. സുകൃതം ചെയ്‌തവനാണ്. തലയ്‌ക്കുമുകളിൽ വിമാനം ഇരമ്പുമ്പോൾ ഉടുതുണി പട്ടാളക്കാർ പിന്നാലെയെത്തിക്കേണ്ട ഗതികേടൊന്നുമില്ല.
അങ്ങിനെ എല്ലാ തിൻമകളും ഭൂലോകത്തുനിന്ന് തുടച്ചുനീക്കുവാൻ 2000 വർഷങ്ങൾക്ക് ശേഷം ജീസസ് ഉയിർത്തെഴുന്നേറ്റതാണ് ജോർജ് ബുഷ്. ജോർജ് വാഷിങ്ങ്‌ടന്റെ പിൻഗാമിയായി സാക്ഷാൽ ജോർജ് ബുഷ്. മാനവസമൂഹത്തിന് മാതൃകയായി അമേരിക്കയെ വാർത്തെടുക്കലായിരുന്നു ആദ്യ ജോർജിന്റെ ലക്ഷ്യമെങ്കിൽ അതു തച്ചുടക്കലാണ് അന്ത്യജോർജിന്റെ അവതാരോദ്ദേശ്യം.
ഏതെല്ലാം രാജ്യങ്ങളാണ് നല്ല സമരിയാക്കാർ ഏതെല്ലാമാണ് തെമ്മാടി രാഷ്‌ട്രങ്ങൾ എന്നെല്ലാം കണ്ടുപിടിച്ച് രേഖപ്പെടുത്തി നടപടിയെടുക്കാൻ ഈ വാനരനെ തിരഞ്ഞെടുത്തത് ഐക്യരാഷ്‌ട്രസഭയുടെ ഏത് പ്രമേയം വഴിയാണ്? അത്യാവശ്യം ചില രാഷ്‌ട്രങ്ങൾക്ക് ഏമാൻ നല്ല സ്വഭാവ സർട്ടിഫിക്കറ്റ് എഴുതിക്കൊടുത്തിട്ടുണ്ട്. പണ്ട് മദ്ധ്യേഷ്യയിലെ പേപ്പട്ടിയെന്ന് റീഗൺ പ്രശംസിച്ച ഗദ്ദാഫി ഇന്ന് മൂപ്പരുടെ മദ്ധ്യേഷ്യയിലെ ഉയിർതോഴനാണ്. ഒരു ജോലി കിട്ടാൻ ജയിൽവാർഡന്റെ റക്കമെന്റേഷനും കൊണ്ട് പോയൊരുത്തനെയാണ് ബുഷിന്റെ അസ്സൽ സർട്ടിഫിക്കറ്റുകാർ അനുസ്‌മരിപ്പിക്കുന്നത്.
മർക്കടസ്യ സുരാപാനം മദ്ധ്യേ വൃശ്ചികദംശം. അവസ്ഥ അതാണ്. ജൻമനാ കുരങ്ങൻ. പോരാത്തതിന് കളളും സേവിച്ചു. കളളു തലക്കുപിടിച്ചപ്പോഴാണ് തേളിന് കുത്താൻ കണ്ടത്. അക്കുരങ്ങന്റെ പരാക്രമമാണ് അങ്ങ് ഇറാഖിൽ നടക്കുന്നത്. ഇറാഖിൽ കയറി എണ്ണ കുടിച്ച് ഭ്രാന്തിളകി. ആകെ പുലിവാൽ പിടിച്ച അവസ്ഥ. അപ്പോഴെത്തി തിരഞ്ഞെടുപ്പ് വിജയം. ആദിമമാനവ സംസ്‌കാരത്തിന്റെ കളിത്തൊട്ടിലായ ഒരു രാജ്യം ആന കയറിയ കരിമ്പിൻ തോട്ടം പോലെയാക്കിയ സായിപ്പിന് ഭൂലോകത്ത് യാതൊരെതിർപ്പും നേരിടേണ്ടിവന്നില്ല.
ഇറാഖികളെയും അഫ്‌ഗാനികളെയുമൊക്കെ ഭരിച്ചിരുന്നത് 1ഃ1ഃ1 അനുപാതം വിഡ്‌ഢിയും ഭ്രാന്തനും തെമ്മാടിയും ഒരാളിൽ സമ്മേളിച്ച സദ്ദാമും മുല്ലാ ഒമറുമായിരുന്നു എന്നത് വേറെകാര്യം. ഒരുകാലത്ത് ലാദനടക്കം ഇക്കൂട്ടരെല്ലാം ബുഷിന്റെ തന്ത സീനിയറിന്റെ നല്ല സമരിയാക്കാരായിരുന്നു. തന്തയുടെ കമ്പനിയായ കാർലൈൽ ഗ്രൂപ്പിന്റെ ബഹുമാനപ്പെട്ട ഷെയർഹോൾഡറായിരുന്നു ലാദൻ. തെറ്റിയപ്പോൾ പുറത്താക്കിയെന്നേയുളളൂ. പയ്യൻ രാജ്യങ്ങളാക്രമിച്ചു നിലം പരിശാക്കുക. തന്തയുടെ കമ്പനി പുനർനിർമ്മാണം നടത്തുക. രാജ്യത്തിന്റെ ചിലവിൽ സ്വന്തം കമ്പനി മാനം മുട്ടെ വളരുക. ഇതെല്ലാമറിഞ്ഞിട്ടും ലോകത്തിന് സായിപ്പിനെ ഇറാഖിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും തടയാനായില്ല. അതായത് സായിപ്പിന് കിട്ടിയത് ഭൂതലം കാൽച്ചുവട്ടിൽ എന്ന സർട്ടിഫിക്കറ്റ്.
സ്ഥിതിഗതികൾ ഇങ്ങനെ ശുഭപര്യവസായിയായ സ്ഥിതിക്ക് വാട്ട് നെക്‌സ്‌റ്റ് മിസ്.കോണ്ടി? ബുഷ് ആസ്‌ക്‌ഡ്.
കോണ്ടലീസ റൈസ് ഃ ബഹിരാകാശം മിസ്‌റ്റർ പ്രസിഡന്റ്.
ബുഷ് ഃ ഓർഡർ ഇഷ്യൂഡ്. പ്രൊസീഡ് റ്റു സ്‌പേസ് ആന്റ് കൺവേർട്ട് ഇറ്റ് ആസ് അവർ ആർമറി. ദേർ വീ ആർ സേഫ്. നോ നീഡ് റ്റു ബി അഫ്രൈഡ് ഓഫ് ലാദൻ. യെറ്റ് അനദർ ഡൗട്ട് മിസ്. കോണ്ടി.
റൈസ് ഃ ടെൽ മീ പ്ലീസ്
ബുഷ് ഃ ഈഫ് ഓവർവെയിറ്റഡ് വിൽ ദിസ് ബഹിരാകാശം കം ഡൗൺ ഓൺ വൈറ്റ്‌ഹൗസ് ലൈക് ലാദൻസ് എയർക്രാഫ്‌റ്റ്?
റൈസ് ഃ ഓകെ മി. പ്രസിഡന്റ്. ദാറ്റ് വി വിൽ ഡിസ്‌കസ് വിത്ത് മി. ചന്ദ്രസ്വാമി.
ബുഷ് ഃ ഹൂ ഈസ് ചാ…ഡ്ര…ശാ…മി മിസ്. റൈസ്?
റൈസ് ഃ ഹിസ് പ്രഡിക്ഷൻ ദാറ്റ് മി.കാർട്ടർ വുഡ് ബികം പ്രസിഡന്റ് കെയിം ട്രൂ.
നിത്യന്റെ ഇപ്പോഴത്തെ സംശയം ബഹിരാകാശത്തിനും സായിപ്പ് പേറ്റന്റെടുത്തോ എന്നതാണ്. അല്ലാതെ അമ്പും വില്ലും അവിടെക്കയറ്റിവെക്കാൻ ആരാ സായിപ്പിന് അധികാരം കൊടുത്തത്. അഥവാ ഇനി തന്തയിൽ നിന്നും പതിച്ചു കിട്ടിയതാണോയെന്നും നിശ്ചയമില്ല. അമേരിക്കൻ പ്രസിഡന്റാവാൻ മൂപ്പർക്കുണ്ടായിരുന്ന ഒരേയൊരു യോഗ്യത തന്നെ തന്തയുടെ ആസനത്തിലെ തഴമ്പായിരുന്നല്ലോ. നാളെ സൂര്യചന്ദ്രാദിഗ്രഹങ്ങളെല്ലാം അമേരിക്കയ്‌ക്ക് അവകാശപ്പെട്ടതാണെന്ന് വന്നുകൂടെന്നില്ല. വെയിലു കായുന്നതിനും നിലാവിൽ നടക്കുന്നതിനും ചൊവ്വയെന്ന പേരുച്ചരിക്കുന്നതിനുമെല്ലാം ഡോളറിൽ കാശടക്കേണ്ടുന്ന ശുഭദിനങ്ങൾ താമസിയാതെ വരുമെന്ന് തോന്നുന്നു.
രക്തചംക്രമണം വില്യം ഹാർവി കണ്ടുപിടിക്കുന്നതിന് നൂറ്റാണ്ടുകൾക്കുമുൻപ് തന്നെ ആയുർവേദത്തിൽ ശിരോവസ്‌തി നിലവിലുണ്ടായിരുന്നു. സായിപ്പിന്റെ തലതിരിഞ്ഞ ബുദ്ധി നമ്മുടെ വൈദ്യൻമാർക്കില്ലാത്തതുകൊണ്ട് മണ്ണുംചാരി നിന്നവൻ പെണ്ണുംകൊണ്ടുപോയി. പേറ്റന്റ് സായിപ്പിന്. രക്തചംക്രമണം നടക്കുന്നില്ലെങ്കിൽ ശിരോവസ്‌തികൊണ്ടെന്തു കാര്യം എന്നുചോദിക്കാനുളള ചങ്കൂറ്റം സായിപ്പിനെക്കാണുമ്പോൾ കവാത്ത് മറയക്കുന്നവർക്കുണ്ടായില്ല. ഉണ്ടാകാനിടയുമില്ല. നൂറ്റാണ്ടുകളായി നമ്മളുപയോഗിക്കുന്ന മഞ്ഞളിന്റെയും വേപ്പിന്റെയും പേറ്റന്റ് സായിപ്പിന്. അക്കേഷ്യയും യൂക്കാലിപ്‌റ്റസും യഥേഷ്‌ടം വച്ചുപിടിപ്പിച്ച് ജനത്തിനെ കുടിവെളളം കൂടി മുട്ടിച്ചുകൊല്ലുന്ന വനവൽക്കരണത്തിന്റെ പേറ്റന്റ് ഏതായാലും മറ്റാർക്കും കിട്ടുകയില്ല. അതിന് സായിപ്പ് നമുക്കവസരം തന്നിട്ടുളളതുകൊണ്ട് നാം നന്ദിയുളളവരായിരിക്കുക.
സായിപ്പിന്റെ കോളക്കമ്പനി ഒരു നയാപൈസയുടെ ചിലവില്ലാതെ നമ്മുടെ ഭൂഗർഭജലം മുഴുവനുമൂറ്റി കുപ്പിയിലാക്കി പാലിന്റെ വിലയെക്കാളധികം ഈടാക്കി നാട്ടുകാർക്കുതന്നെ വിറ്റ് അന്തസ്സായി വിലസുന്നു. മഹാവിപ്ലവകാരികൾ ചുകപ്പു പരവതാനി വിരിച്ച് കൂട്ടിക്കൊണ്ടുവന്ന് മാതൃഭൂമിയെ കൂട്ടിക്കൊടുത്തു. ലോകത്ത് ഒരിടത്തും കേട്ടുകേൾവിയില്ലാത്ത സംഗതി. ഫ്രീ ഭൂഗർഭജലം. കോരിയെടുക്കുക. വിറ്റുകാശാക്കുക. ഒരു ജനത മുഴുവൻ കുടിവെളളത്തിന് ഗതിയില്ലാതെ ചുറ്റുമ്പോൾ പാർട്ടികോൺഗ്രസിൽ ഷുഗർ വിപ്ലവകാരികൾക്ക് സാദാകോള ഉശിരൻ വിപ്ലവകാരികൾക്ക് കറുത്ത കോള. ഇന്ത്യൻ വിപ്ലവത്തിന് ഒരു ബഹുരാഷ്‌ട്രഭീകരന്റെ സംഭാവനയായോ ഷെയറായോ വിപ്ലവകാരികൾ അത് വരവുവെച്ചു. ആസനത്തിൽ ആല് വളർന്നാൽ അതുമൊരന്തസ്സ് എന്ന നിലയിലെത്തി കാര്യങ്ങൾ. എന്തൊരു സാക്ഷര സുന്ദരവിപ്ലവകേരളം. സായിപ്പേ ബഹിരാകാശം മാത്രമല്ല, സൂര്യചന്ദ്രൻമാർ, കോടാനുകോടി നക്ഷത്രങ്ങൾ, ഉല്‌ക്കകൾ, ധൂമകേതുക്കൾ എല്ലാം അവിടുത്തേക്കുളളതാകുന്നു. എടുത്തുകൊളളുക. വെളുത്ത സായിപ്പിനുളള കറുത്ത സായിപ്പൻമാരുടെ നിവേദ്യമായി കരുതി സ്വീകരിച്ചാലും.
Generated from archived content: humour1_may21.html Author: nithyan