ഝാർഖണ്ടിൽ മാഡത്തിന്റെ ജനാധിപത്യ പരീക്ഷണങ്ങൾ

നിയമിക്കുന്നത്‌ കേന്ദ്രം-കടപ്പാട്‌ സംസ്ഥാന സർക്കാരുകളോട്‌-മന്ത്രിസഭ പറയുന്നതിന്‌ തലയാട്ടി തുല്യം ചാർത്തുക ഉദ്യോഗം. ജൻമം കൊണ്ട്‌ രാജാവ്‌, കാലയാപനം രാജ്‌ഭവനിൽ, കൈകാൽ വിരലെണ്ണം പ്യൂണൻമാർ, ചെടിയെണ്ണം തോട്ടക്കാർ, കെ.എസ്‌.ആർ.ടി.സിയിലുളളത്ര ഡ്രൈവർമാർ, എ.ഡി.സി., ഡഫേദാർ, പെന്റഗണിന്റെ ഇടനാഴി പോലുളള ഡൈനിങ്ങ്‌ ടാബ്‌ൾ, സൂയസ്‌ കനാലിന്റെ വിസ്‌തീർണമുളള നീന്തൽക്കുളം. കർമ്മം മാത്രം കാര്യസ്ഥന്റേത്‌. രാഷ്‌ട്രീയപ്പാർട്ടികളുടെ ഐസോലേഷൻ വാർഡിന്റെ പേരാണ്‌ രാജ്‌ഭവൻ.

ജവഹർലാൽ നെഹ്‌റുവിന്റെ കാലം തൊട്ടേ കാര്യസ്ഥൻമാരുടെ നെറ്റ്‌വർക്കിലൂടെയാണ്‌ ഭരണപരിപാടികൾ പൊടിപൊടിച്ചിരുന്നത്‌. സർക്കാർ ശമ്പളം കൊടുക്കുന്ന കാര്യസ്ഥൻമാർ ഗവർണർമാർ അല്ലാത്തവർ പ്രദേശ്‌ കോൺഗ്രസ്‌ പ്രസിഡണ്ടുമാർ എന്നാണറിയപ്പെടുക. നഹ്‌റുകുടുംബത്തിന്‌ ജീവിക്കുവാൻ ഒഴിച്ചുകൂടാൻ പറ്റാത്ത സംഗതിയാണ്‌ ജനാധിപത്യം അഥവാ കുടുംബാധിപത്യം. പ്രാണവായു നാലുദിവസത്തേക്ക്‌ കിട്ടിയില്ലെങ്കിലും വലിയ കുഴപ്പമൊന്നുമുണ്ടാവാൻ വഴിയില്ല.

നാലഞ്ചുതലമുറ ഉപജീവനത്തിനായി കുടുംബാധിപത്യം തിരഞ്ഞെടുത്ത ആവേശകരമായ കഥയാണ്‌ ആനന്ദഭവനത്തിന്‌ പറയാനുളളത്‌. ഇന്ത്യൻ കുടുംബാധിപത്യത്തിന്റെ അനന്തസാധ്യതകൾ മനസ്സിലാക്കിയശേഷമാണ്‌ സോണിയാമൈനോ ഇന്ത്യൻ പൗരത്വം സ്വീകരിച്ചത്‌. പൗരത്വമുണ്ടായിരുന്നത്‌ മഹാഭാഗ്യം. അല്ലെങ്കിൽ രാജ്യം അനാഥമായിപ്പോവുന്ന അവസ്ഥയല്ലായിരുന്നോ ഇന്ദ്രപ്രസ്ഥത്തിൽ.

ഭൂരിപക്ഷം വോട്ടുചെയ്‌ത്‌ ന്യൂനപക്ഷം അധികാരമേറുന്ന അപൂർവം ഭരണസംവിധാനമാണ്‌ ജനാധിപത്യം. ഇന്ത്യയിലെ ഇന്നുവരെയുളള തിരഞ്ഞെടുപ്പിൽ ഭരിച്ച പാർട്ടിക്ക്‌ 50 ശതമാനം വോട്ട്‌ കിട്ടിയ ചരിത്രമില്ല. 10 ശതമാനത്തിന്‌ മീതെ വോട്ട്‌ കിട്ടിയാൽ മഹാഭാഗ്യമെന്നാണ്‌.

ഝാർഖണ്ടിൽ തിരഞ്ഞെടുപ്പ്‌ നടന്നു. ജനാധിപത്യത്തിന്റെ കാവൽഭടൻമാർ ഭൂരിപക്ഷം അവകാശപ്പെട്ട ഏറ്റവും വലിയ കക്ഷിയായ എൻ.ഡി.എയെ ക്ഷണിക്കാതെ മൊത്തം സീറ്റിന്റെ നാലിലൊന്നുളള ഷിബുസോറനെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ രണ്ടോ മൂന്നോ ദിവസം കൊടുക്കുന്നതിന്‌ പകരം കൊടുത്തത്‌ 21 ദിവസം.

പതിവുപരിപാടികളായ കുതികാൽവെട്ട്‌, കാലുമാറൽ, കൂറുമാറൽ, തട്ടിക്കൊണ്ടുപോകൽ, കോഴ വിതരണം, മോഹനവാഗ്‌ദാനങ്ങൾ എന്നിവക്കെല്ലാമുളള സമയവിവരപ്പട്ടിക കൂടി ഗവർണർ നിർമ്മിച്ചുനൽകിയിരിക്കാനാണ്‌ സാധ്യത. ഇനി മറ്റൊരു വഴികൂടി ഗവർണറദ്ദേഹത്തിന്റെ മുന്നിലുണ്ടായിരുന്നു. പിന്തുണ തെളിയിക്കുവാൻ ഒരഞ്ചുവർഷം തന്നെയങ്ങു കൊടുക്കുക. ഇതിൽപരമെന്ത്‌ സംഭവിക്കുവാൻ. മറ്റൊരു പരീക്ഷണം അത്രതന്നെ.

ഇന്ദിരാഗാന്ധി വിചാരിച്ചിട്ട്‌ ചാകാത്ത സാധനമാണ്‌. അതുകൊണ്ട്‌ ജനാധിപത്യം ഇതുകൊണ്ട്‌ ചത്തുപോകുമെന്ന ഭയമൊന്നും വേണ്ട അയോഗ്യൻമാരിൽ നിന്നും അഴിമതിക്കാരെ തിരഞ്ഞെടുത്ത്‌ ഭരണമേല്‌പിക്കുന്ന പ്രക്രിയയാണ്‌ ജനാധിപത്യമെന്ന്‌ ബർണാഡ്‌ ഷാ പറഞ്ഞത്‌ എത്ര ശരി.

ബ്യൂറോക്രസിയിൽ ഒരു ചുകപ്പുനാടക്ക്‌ നിർവ്വഹിക്കുവാനുളള മഹത്തായ കർമ്മമാണ്‌ ഫെഡറലിസത്തിൽ ഭൂരിഭാഗം ഗവർണർമാരും നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്‌. രാഷ്‌ട്രീയവും ഗവർണറുമായുളള ബന്ധം വെളളവും മീനും പോലെയാകാമെങ്കിലും ആനപ്പനയും ആനയും പോലെയാകരുതെന്നുമാണ്‌ ആചാര്യമതം. രണ്ടും ജനം തിരഞ്ഞെടുക്കുന്ന സർക്കാർ പിന്നെ ജനാധിപത്യത്തിൽ രണ്ടിനെയും കൂട്ടി യോജിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെടാത്ത ഒരു പ്രതിനിധിയുടെ ആവശ്യമെന്താണാവോ?

ഇവരെ ഒഴിവാക്കിയാൽ നാട്‌ നന്നാവും ചിലവ്‌ ചുരുങ്ങും എന്നൊന്നും പറയുന്നതിൽ ഏതായാലും അർത്ഥമില്ല. ഇന്ത്യാമഹാരാജ്യം തന്നെ തിരഞ്ഞെടുക്കപ്പെട്ടവർക്കുളളതാകുന്നു. അക്കൂട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർ തിരഞ്ഞെടുക്കുന്ന കുറച്ച്‌ തിരഞ്ഞെടുക്കപ്പെടാത്തവർ കൂടി ഉണ്ണട്ടെ.

Generated from archived content: humour1_mar11.html Author: nithyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English