പണ്ട് കെ.പി.എ.സിയും കെ.പി.എസ്.സിയും തമ്മിലുണ്ടായിരുന്നത് കർമ്മമേഖലയിലുളള വ്യത്യാസമായിരുന്നു. ഒരു കൂട്ടർ പ്രൊഫഷണൽ നാടകക്കാർ. മറ്റേത് സർക്കാർ ഗുമസ്‌തനിർമ്മാണ ഫാക്‌ടറി. കാലം മാറി. കോലവും. ആദ്യത്തെ കൂട്ടരുടെ കമ്പനിക്ക് ഏതാണ്ട് വിപ്ലവകാരികളെല്ലാം കൂടി അവസാനത്തെ ആണി ഭദ്രമായി അടിച്ചു. അതോടെ ആ ധർമ്മം കൂടി കെ.പി.എസ്.സി ഏറ്റെടുത്തതായാണ് തോന്നുന്നത്. ടിക്കറ്റെടുക്കേണ്ടെന്നൊരു മെച്ചമുണ്ട്. നാടകം ഫ്രീയായി ആർക്കും കാണാവുന്നതാണ്.
ഒന്നുരണ്ടുമാസം മുമ്പായിരുന്നു ആദ്യത്തെ നാടകം അരങ്ങേറിയത്. ഷേക്‌സ്‌പീരിയൻ ട്രാജികോമഡിയെ വെല്ലുന്ന ഒന്നാംതരം നാടകം-നഷ്‌ടപ്പെടുവാനുളളത് ചോദ്യപേപ്പർ കിട്ടാനുളളത് പുതിയൊരു ലോകം. സിനിമ-സീരിയലുകളുടെ അതിപ്രസരമൊന്നും നാടകത്തെ തെല്ലും ബാധിച്ചില്ല. വിഷയം ഭരണഘടനാപരമായ അവകാശങ്ങളുളള ഒരു സ്ഥാപനത്തിൽ ആവശ്യത്തിലധികം സുരക്ഷയോടെ അച്ചടിക്കുന്ന ചോദ്യപേപ്പർ ചേർത്തപ്പെട്ടതിന്റെ പശ്ചാത്തലവും ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളും. ഉളളി തോലുപൊളിച്ചതുപോലുളള അത്യുഗ്രൻ അന്വേഷണത്തിനാണ് ചരിത്രം സാക്ഷ്യം വഹിച്ചത്. അവസാനം ആ ഞെട്ടിക്കുന്ന സത്യം കണ്ടെത്തി-ചോദ്യപേപ്പർ ചോർന്നിട്ടില്ല. അങ്ങിനെ കുറ്റക്കാരാരുമില്ലാത്ത ഒരു കുറ്റമാണ് ചുരുളഴിഞ്ഞത്. നാടകം ഒടുക്കം കോമഡിയായി പര്യവസാനിച്ചു. മികച്ച ഹാസ്യതാരത്തിനുളള അവാർഡ് ഗംഗാധരക്കുറുപ്പ് ഏറ്റുവാങ്ങി.
കാലാകാലം ഭരിക്കുന്നവർ കുത്തിക്കയറ്റുന്ന നിർഗുണപരബ്രഹ്‌മങ്ങളായിരിക്കണം അംഗങ്ങൾ എന്ന് ഭരണഘടനയിൽ പ്രത്യേകം എഴുതിവച്ചതുകൊണ്ട് വേറെ വഴിയില്ല. തിരുമ്മൽവിദഗ്‌ദ്ധരെ തിരുകിക്കയറ്റുകയാണ് ഒരേയൊരു പോംവഴി. നാടകട്രൂപ്പെന്നു പറഞ്ഞാൽ ഇങ്ങിനെ വേണം. തികഞ്ഞ ഐക്യമുളള മാതൃക മേമ്പ്രൻമാർ. സ്വന്തം പോക്കറ്റിനോടുളള ഒരിക്കലുമണയാത്ത പ്രതിബന്ധത. ചോർത്തുന്നതിലും ചോർച്ചയടക്കുന്നതിലും അസാമാന്യ വൈദഗ്‌ദ്ധ്യം. ഭൂരിഭാഗത്തിന്റെയും കൂറ് മഹാത്മജിയോടും മാർക്‌സിനോടുമാണ്.
ഗുമസ്‌തപ്പണിക്കും പ്യൂണപ്പണിക്കും ഒരു ഇന്റർവ്യൂവിന്റെ ആവശ്യമില്ല. പരീക്ഷയെഴുതാൻ പറ്റുന്നവന് അത് ചെയ്യാൻ കഴിയും എന്നുളെളാരു ധാരണയുടെ പുറത്തായിരുന്നു പണ്ട് അതങ്ങോട്ട് ഒഴിവാക്കിയത്. പാദസേവകരെയും പോക്കറ്റ് കനപ്പിക്കുന്നവരെയും കയറ്റാൻ അല്ലറചില്ലറ ചോർത്തലുകൾ തന്നെ ധാരാളം. ദൈവം സഹായിച്ച് മനുഷ്യന് മതിലുകളില്ലാത്ത ആഗ്രഹമാണ്. ഇക്കാര്യത്തിൽ ദൈവത്തിന് കമ്മ്യൂണിസ്‌റ്റുകാരോടും വിവേചനമില്ല. പഴയ കരിങ്കാലി കരുണനെ വിപ്ലവമാമോദീസമുക്കി വിപ്ലവപ്രതിഭയാക്കി പ്രഖ്യാപിച്ച ശുഭമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കേണ്ടിവന്നവരാണ് നമ്മൾ ഹതഭാഗ്യർ.
മറ്റവിടെയെങ്കിലും കാള പെറ്റെന്നുകേട്ടാൽ കയറെടുക്കുന്ന ഡി.വൈ.എഫ്.ഐ വിപ്ലവനക്ഷത്രങ്ങൾക്കും എ.ഐ.വൈ.എഫ് പ്രതിഭകൾക്കും പി.എസ്.സിക്കാര്യം വരുമ്പോൾ അണ്ണാക്കിന് ചോർച്ചയാണ്. പോണ്ടിച്ചേരിയുടെ കീഴിൽ വരുന്ന മാഹിയിലെ നിയമനം നേരെയാക്കാൻ സഖാക്കൾ പെടുന്ന പാട് ചില്ലറയല്ല. അപ്പോൾ ഇവിടെ നമ്മുടെ വാല് കാലിടയിൽ തിരുകി മുന്നേറുന്നത് ശരിയല്ല. ചുരുങ്ങിയത് കെ.എസ്.ആർ.ടി.സിയുടെ നാലുചില്ലെങ്കിലും പണിയാക്കിയില്ലെങ്കിൽ പിന്നെന്ത് വിപ്ലവം എന്ന ചിലരുടെ അഭിപ്രായത്തിന് മുകളീന്ന് താമസിയാതെ വന്നു ഒരു വിശദീകരണം.
സഖാക്കളെ, ഇനി നടക്കാൻ പോകുന്നതിന് മാർക്‌സിനുപോലും വിഭാവനം ചെയ്യാൻ പറ്റാത്ത സംഗതി. നാളെ നിയമനവിപ്ലവം എന്നാണത് ചരിത്രത്തിൽ അറിയപ്പെടുക. വിവരംകെട്ട കോൺഗ്രസുകാരന്റെ ചിലവിൽ നമ്മൾ നടത്തുന്ന ഉഗ്രൻ വിപ്ലവം. കത്തുന്ന പുരയിൽ നിന്നും കഴുക്കോൽ ലാഭം എന്ന് അടിയുറച്ചു വിശ്വസിക്കുന്ന കോൺഗ്രസുകാരനുളള കാലത്തോളം ഇത്തരം വിപ്ലവങ്ങളായിരിക്കണം നമ്മൾ നടത്തേണ്ടത്. ദുഷ്‌പേര് കോൺഗ്രസുകാരന്. അടുത്ത ഭരണം ഉറപ്പായതുകൊണ്ട് നേട്ടം നമ്മൾക്കും. അതുകൊണ്ട് ഇപ്പോൾ നാം മിണ്ടാതിരിക്കുക. യുവമോർച്ചക്കാർക്ക് നാലുകിട്ടുവാനുളള ഒരു മാർഗം കൂടിയായ സ്ഥിതിക്ക് ഒരാഹ്ലാദപ്രകടനം നടത്തിയാലും വലിയ തെറ്റില്ല.
കാര്യങ്ങൾ ഇത്രയൊക്കെ ആയ സ്ഥിതിക്ക് പി.എസ്.സി. ചെയർമാന്റെ പ്രതികരണം കൂടി നോക്കാം.
നിത്യൻഃ പത്താംക്ലാസ് യോഗ്യതയുളള താണഗുമസ്‌തൻ പരീക്ഷക്ക് പി.എച്ച്.ഡിക്കാർ അപേക്ഷിക്കുന്ന ചെകുത്താന്റെ സ്വന്തം നാട്ടിൽ ഇവരെ ഇന്റർവ്യൂ ചെയ്യുന്നവരുടെ യോഗ്യത എന്തായിരിക്കും സാർ?
ചെയർഃ അത് പോസ്‌റ്റിനനുസരിച്ച് അപ്പപ്പോൾ പി.എസ്.സി. തീരുമാനിക്കും. നട്ടെല്ല് റബ്ബർ നിർമ്മിതമായിരിക്കണം എന്നൊരു പൊതുനിബന്ധന എല്ലാ മെമ്പർമാർക്കും ബാധകമായിരിക്കും. തീരെയില്ലാത്തത് അധികയോഗ്യതയായി പരിഗണിക്കുന്നതായിരിക്കും. കൊടിനിറഭേദമന്യേയുളള കാലുതിരുമ്മലും അധികയോഗ്യതയായി കണക്കാക്കപ്പെടുന്നതാണ്.
നിത്യൻഃ ഉദ്യോഗാർത്ഥികളെ നേരിട്ടു കാണാതെ നിയമിച്ചതുകൊണ്ട് പല മേഖലകളിലും അത്യാപത്തുകളുണ്ടായെന്നു കേട്ടു. അപ്പോൾ പോലീസ്, എസ്.ഐ. സിലക്ഷനിലൊന്നും ഉദ്യോഗാർത്ഥിയെ നേരിട്ടു കാണാത്ത പ്രശ്‌നം ഇല്ലാത്തതുകൊണ്ട് വല്ല ഗുണവുമുണ്ടോ?
ചെയർ ഃ നേരിട്ടുകണ്ട് നിയമിച്ചതിന് അതിന്റെ ഗുണമുണ്ട്. ഷഡ്‌ഢിയുടെ ഇലാസ്‌റ്റിക്കിൽ ജനലിൽ തൂങ്ങിമരിക്കാൻ പോലും വൈദഗ്‌ദ്ധ്യവും പ്രതിഭയുമുളള മലയാളികളെപ്പറ്റി ലോകമറിഞ്ഞത് അവർ കാരണമല്ലേ? അനഘ ബലാൽസംഗം ചെയ്യപ്പെട്ടെന്ന പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് വായിച്ച് ആരും ചോദിക്കാതെ തന്നെ ഏതോ ശ്രീമാനോ ശ്രീമതിക്കോവേണ്ടി ബലാൽസംഗം നടന്നില്ലെന്ന് വിളിച്ചുപറയാനുളള ബുദ്ധിയും തന്റേടവും ഉണ്ടായില്ലേ. ധാരാളം പി.എച്ച്.ഡിക്കാർ ഇപ്പോൾ പോലീസിലുണ്ട്. ഷഡ്‌ഢിനാടയിൽ തൂങ്ങിമരിക്കലിന്റെ അപാരസാധ്യതകളെക്കുറിച്ചും ഒരു ബലാൽസംഗത്തിന്റെ പ്രമോഷൻ സാധ്യതകളെക്കുറിച്ചും അവർക്ക് യഥേഷ്‌ടം റിസർച്ച് നടത്തുകയുമാവാം. ഇങ്ങിനെയെല്ലാമുളള ഒരു സമഗ്രപുരോഗതിയാണ് എല്ലാമേഖലകളിലും നമ്മളാഗ്രഹിക്കുന്നത്. അത്തരം പ്രതിഭകളെ കണ്ടെത്താൻ പത്തു പരീക്ഷകൊണ്ട് കഴിഞ്ഞെന്നുവരില്ല. എന്നാൽ ഒരൊറ്റ ഇന്റർവ്യൂ മതി.
നിത്യൻഃ അവസാനമായി ഒരു ചോദ്യം. മറ്റു ചോർച്ചകളിൽ സംഭവിക്കുന്നതുപോലൊരു പ്രത്യാഘാതം പി.എസ്.സി പേപ്പർ ചോർച്ചകളിൽ സംഭവിച്ചതായി കാണുന്നില്ല. അതെന്തുകൊണ്ടാണ്?
ചെയർഃ അത് താനുദ്ദേശിക്കുന്നപോലെ ഇടതുംവലതും ബോർഡിലുളളതുകൊണ്ടല്ല. ഭോപ്പാൽ വാതകച്ചോർച്ച -അവിടെ ചോർന്ന സംഗതി കിട്ടിയവർ ചത്തുപോകുകയാണുണ്ടായത്. എന്നാലിവിടെ ചോർന്ന സംഗതി കിട്ടുന്നവർ രക്ഷപ്പെടുകയാണുണ്ടായത്. ചോർത്തിയവരും ചോർത്തിക്കൊടുത്തവരും ചോർത്തിക്കിട്ടിയവരും രക്ഷപ്പെടുന്ന അത്യപൂർവ്വം കേസാണിത്. എല്ലാവരും രക്ഷപ്പെടുമ്പോൾ സമഗ്രവികസനമാണുണ്ടാവുക പ്രത്യാഘാതമല്ല. ഫയലുചോർത്തുക, ചോദ്യപേപ്പർ ചോർത്തുക, അഭ്യന്തരരഹസ്യം ചോർത്തുക, ഖജനാവ് ചോർത്തുക ഇങ്ങിനെ വിവിധയിനം ചോർത്തലുകളുടെ ആകെത്തുകയാണ് ഭരണം എന്നറിയപ്പെടുന്നത്.
Generated from archived content: humour1_june18_05.html Author: nithyan